UPDATES

‘കാട്ടുതറ അച്ചനെ കൊന്നതു തന്നെ’; പിന്നില്‍ ഫ്രാങ്കോ മുളയ്ക്കലെന്ന് ആരോപിച്ച് കുടുംബം

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളെ ഫോണ്‍ വിളിച്ച് സംസാരിച്ചപ്പോഴും തനിക്കെതിരെയുള്ള ഭീഷണികളെക്കുറിച്ച് കുര്യാക്കോസ് കാട്ടുതറ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിലെ പ്രതി ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതമാണെന്ന ആരോപണത്തില്‍ ഉറച്ച് വൈദികന്റെ കുടുംബം. ഫ്രാങ്കോ മുളയ്ക്കലാണ് ഈ കൊലപാതകത്തിന്റെ പിന്നിലെന്ന് തങ്ങള്‍ സംശയിക്കുന്നതായും ബന്ധുക്കള്‍ അഴിമുഖത്തോട് പറഞ്ഞു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോയ്‌ക്കെതിരേ പരസ്യമായി ആദ്യം രംഗത്തു വന്ന ആളെന്ന നിലയില്‍ കുര്യാക്കോസ് കാട്ടുതറയ്‌ക്കെതിരേ വധഭീഷണികള്‍ തുടക്കം മുതല്‍ ഉണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഈ പരാതികള്‍ ഉന്നയിച്ച് ആലപ്പുഴ എസ് പി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

ജലന്ധറിലെ ഭോഗ്പൂര്‍ പള്ളിയില്‍ സേവനം അനുഷ്ഠിച്ചു പോന്നിരുന്ന ഫാദര്‍ കുര്യാക്കോസിനെ സ്വന്തം മുറിയില്‍ തിങ്കളാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ആരോഗ്യപ്രശ്‌നങ്ങളാണ് വൈദികന്റെ മരണകാരണമായി രൂപത പ്രതിനിധികള്‍ പറയുന്നതെങ്കിലും അദ്ദേഹത്തിന്റെ സഹോദരന്‍ ജോസ് കാട്ടുതറയടക്കമുള്ള ബന്ധുക്കള്‍ ഇത് നിഷേധിക്കുകയാണ്.

ഫാദറിന്റേത് ആസൂത്രിത കൊലപാതകം തന്നെയാണെന്നാണ് ഞങ്ങള്‍ കരുതുന്നത്. അതിനുള്ള സാഹചര്യം അദ്ദേഹം തന്നെ ഞങ്ങളോട് മുന്‍പേ വ്യക്തമാക്കിയിരുന്നതാണ്. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പിനെതിരേ പരാതി നല്‍കുകയും കന്യാസ്ത്രീകള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തതിന്റെ പേരില്‍ അദ്ദേഹത്തിന് ബിഷപ്പില്‍ നിന്നും അദ്ദേഹത്തെ അനുകൂലിക്കുന്ന വൈദികരായവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും വധ ഭീഷണികള്‍ ഉണ്ടായിരുന്നതാണ്. ഇപ്പോള്‍ അദ്ദേഹത്തിന്റെ പൊടുന്നനെയുള്ള മരണം വ്യക്തമാക്കുന്നതും വൈിദകന്റെ മരണത്തില്‍ ഭീഷണി മുഴക്കിയവര്‍ക്ക് പങ്കുണ്ടെന്നാണ്; ജോസ് കാട്ടുതറ പറയുന്നു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തങ്ങളെ ഫോണ്‍ വിളിച്ച് സംസാരിച്ചപ്പോഴും തനിക്കെതിരെയുള്ള ഭീഷണികളെക്കുറിച്ച് കുര്യാക്കോസ് കാട്ടുതറ പറഞ്ഞിരുന്നതായും ബന്ധുക്കള്‍ വെളിപ്പെടുത്തുന്നു. ആലപ്പുഴ എസ് പിക്ക് പരാതി നല്‍കുകയാണെന്നും തങ്ങള്‍ ജലലന്ധറില്‍ എത്തിയശേഷം മാത്രമെ വൈദികന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാവൂ എന്നതാണ് ഇപ്പോള്‍ തങ്ങള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യമെന്നും ബന്ധുക്കള്‍ അഴിമുഖത്തോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെ പത്തരയ്ക്കും പതിനൊന്നും ഇടയ്ക്ക് ജലന്ധറില്‍ നിന്നും ഒരു വൈദികന്‍ എന്നെ വിളിക്കുകയായിരുന്നു. ഫാദര്‍ കുര്യാക്കോസ് മരിച്ചു എന്നും ബാക്കി വിവരങ്ങളൊക്കെ പിന്നീട് പറയാമെന്നുമാണ് പറഞ്ഞത്; ഫാദര്‍ കുര്യാക്കോസിന്റെ മരണവിവരം തങ്ങള്‍ എങ്ങനെയാണ് അറിഞ്ഞെന്നതിനെ കുറിച്ച് സഹോദരന്‍ ജോസ് പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളാണ് ഫാദറിന്റെ മരണത്തിന് കാരണമെന്ന് ഞങ്ങള്‍ വിശ്വാസിക്കാതിരിക്കാന്‍ അദ്ദേഹത്തിനുണ്ടായിരുന്ന ഭീഷണികള്‍ തന്നെയാണ് കാരണം. ഫ്രാങ്കോ ജാമ്യത്തില്‍ ഇറങ്ങിയാല്‍ താന്‍ പിന്നെ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നതാണ്; ജോസ് വ്യക്തമാക്കുന്നു.

നൂറുശതമാനവും ഞങ്ങള്‍ വിശ്വസിക്കുന്നത് ഫാദറിന്റെ മരണത്തിനു പിന്നില്‍ ഫ്രാങ്കോ ആണെന്നു തന്നെയാണ്. കന്യാസ്ത്രീയെ പീഢിപ്പിച്ച സംഭവം ആദ്യമായി ചാനലുകളില്‍ വന്ന് പരസ്യമായി പറയുന്നത് ഫാദര്‍ കുര്യാക്കോസ് ആയിരുന്നു. അതോടെയാണ് അദ്ദേഹത്തിനെതിരേ ഇവര്‍ തിരിഞ്ഞത്. ഫ്രാങ്കോ പലതവണ കുര്യാക്കോസ് അച്ചന്‍ പ്രവര്‍ത്തിച്ചിരുന്ന പള്ളിയില്‍ ചെന്ന് അവിടുത്തെ ഇടവക വിശ്വാസികളെ അദ്ദേഹത്തിനെതിരേ ഇളക്കി വിട്ടിരുന്നു. കന്യാസ്ത്രീകള്‍ എല്ലാവരും പരാതി പറഞ്ഞിരുന്നതും കുര്യാക്കോസ് അച്ചനോടായിരുന്നു.. അദ്ദേഹം തുടക്കം മുതല്‍ അവരുടെ കൂടെ നിന്നു. അവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും ശബ്ദം ഉയര്‍ത്തുകയും ചെയ്തു. ഇത് അദ്ദേഹത്തോടുള്ള ശത്രുത കൂട്ടി. ഫ്രാങ്കോയ്‌ക്കെതിരേ പറഞ്ഞതിന് ചില അച്ചന്‍മാര്‍ തന്നെ കുര്യാക്കോസ് അച്ചനെ വിളിച്ച് തട്ടിക്കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ കാര്‍ തല്ലിപ്പൊളിക്കുകയും താമസസ്ഥലത്തിനു നേരെ കല്ലേറ് നടത്തുകയുമൊക്കെ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസവും തനിക്കെതിരേയുള്ള വധി ഭീഷണികളെക്കുറിച്ച് അച്ചന്‍ ഞങ്ങളോട് പറഞ്ഞതാണ്. ഫ്രാങ്കോ ജാമ്യത്തില്‍ ഇറങ്ങിയാല്‍ താന്‍ പിന്നെ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞിരുന്നു. ഇത്രയൊക്കെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ മരണത്തില്‍ തീര്‍ച്ചയായും ഫ്രാങ്കോ അടക്കമുള്ളവവരുടെ കൈകള്‍ ഉണ്ടായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അദ്ദേഹത്തെ കൊന്നതു തന്നെയാണ്, ഞങ്ങള്‍ക്കത് നൂറു ശതമാനവും ഉറപ്പാണ്; ജോസും മറ്റ് കുടുംബാംഗങ്ങളും പറയുന്നു.

ജലന്ധര്‍ രൂപതയുടെ കീഴില്‍ കന്യാസ്ത്രികള്‍ക്കായി മിഷറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഫാദര്‍ കുര്യക്കോസ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഈ സമയത്തൊക്കെ പല കന്യാസ്ത്രീകളും ഫ്രാങ്കോയൊക്കെതിരേ തന്നോട് പരാതികള്‍ പറഞ്ഞിട്ടുണ്ട് എന്ന് ഫാദര്‍ കുര്യാക്കോസ് വെളിപ്പെടുത്തിയിരുന്നു.

ഫാദര്‍ കുര്യാക്കോസ് കാട്ടുതറയ്ക്ക് നിലവില്‍ രൂപത ചുമതലകള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം.. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് 60 കാരനായ കുര്യാക്കോസ് കാട്ടുതറയെ രൂപത ചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍