UPDATES

ഫാദര്‍ ടോം റോമില്‍; ഉടന്‍ ഇന്ത്യയിലേക്കില്ല

2016 മാര്‍ച്ച് നാലിനാണ് തെക്കന്‍ യെമനിലെ ഏഡനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമിക്കുന്നത്

557 ദിവസങ്ങള്‍ ഭീകരരുടെ തടവില്‍ കഴിഞ്ഞശേഷം ഇന്നലെ ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം മോചതിനായ സലേഷ്യന്‍ സഭാംഗം ഫാദര്‍ ടോം ഉഴുന്നാലില്‍ വത്തിക്കാനില്‍. ഇന്ത്യയിലേക്ക് അദ്ദേഹം വരുമെങ്കിലും വിശ്രമവും ചികിത്സയുമെല്ലാം കഴിഞ്ഞിട്ടായിരിക്കും. ഒമാന്‍ സമയം ഇന്നലെ രാവിലെ 8.50-ന് യെമനില്‍ നിന്നും ഒമാന്‍ സൈനിക വിമാനത്തില്‍ മസ്‌കറ്റില്‍ എത്തിച്ച ടോമിനെ അവിടെ നിന്നാണ് റോമിലേക്ക് കൊണ്ടുപോയത്. വത്തിക്കാനില്‍ അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. നടക്കാനും സംസാരിക്കാനും സാധിക്കുന്നുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നം ഫാദര്‍ ടോമിന് ഉണ്ടെന്നാണ് വിവരം. ആരോഗ്യം വീണ്ടെടുക്കാന്‍ ഫാദര്‍ ടോമിന് ചികിത്സ വേണമെന്ന് സലേഷ്യന്‍ സഭ വൃത്തങ്ങള്‍ പറയുന്നുണ്ട്. ഒരുപക്ഷേ ആവശ്യമായ ചികിത്സ റോമില്‍ തന്നെ അദ്ദേഹത്തിന് ഏര്‍പ്പെടുത്തും. അതിനുശേഷമായിരിക്കും ഇന്ത്യയിലേക്ക് മടങ്ങുക.

താന്‍ മോചിതനായെന്നു മനസിലാക്കിയപ്പോഴും അതിനു പിന്നില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ഫാദര്‍ ടോം ഉഴുന്നാല്‍ അറിയുന്നത് ഇന്നലെ റോമില്‍ സലേഷ്യല്‍ സഭ ആസ്ഥാനത്ത് എത്തിയശേഷമാണ്. പിന്നീട് തടവിലാക്കപ്പെട്ട കാലത്തെ അനുഭവങ്ങളെക്കുറിച്ച് ഫാദര്‍ ടോം പറഞ്ഞത്, ‘എനിക്ക് പ്രാര്‍ത്ഥിക്കാന്‍ ധാരാളം സമയം കിട്ടി, ഞാന്‍ എല്ലാവര്‍ക്കും വേണ്ടിയും പ്രാര്‍ത്ഥിച്ചു’ എന്നായിരുന്നു. അബുദാബിയില്‍ നിന്ന് ദക്ഷിണ അറേബ്യന്‍ വികാരിയത്തിന്റെ ബിഷപ്പ് പോള്‍ ഹിന്‍ഡറുടെ സെക്രട്ടറി മലയാളിയായ ഫാദര്‍ തോമസ് സെബാസ്റ്റ്യനുമായി ഫോണില്‍ സംസാരിച്ചപ്പോഴായിരുന്നു ടോം ഇക്കാര്യങ്ങള്‍ പങ്കുവച്ചത്. നേരത്തെ മോചിതനായി മസ്‌കറ്റിലെത്തിയപ്പോള്‍ ഫാദര്‍ ടോം ആദ്യം പ്രതികരിച്ചത് ദൈവത്തിനും ഒമാന്‍ സുല്‍ത്താനും നന്ദി പറയുകയായിരുന്നു. ഒമാന്‍ സുല്‍ത്താന് ആയുരാരോഗ്യങ്ങള്‍ നേര്‍ന്ന ഫാദര്‍ തന്റെ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുരക്ഷിതമായ മോചനത്തിനായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞിരുന്നു.

2016 മാര്‍ച്ച് നാലിനാണ് തെക്കന്‍ യെമനിലെ ഏഡനില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആക്രമിക്കുന്നത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും ഭീകരര്‍ വധിച്ചു. ആക്രമണത്തില്‍ നിന്നും മലയാളി കന്യാസ്ത്രി തൊടുപുഴ ഇളംദേശം സ്വദേശി സിസ്റ്റര്‍ സാലി അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഇവര്‍ പിന്നീട് നാട്ടില്‍ തിരിച്ചെത്തിയിരുന്നു. വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തിനു പിന്നാലെയാണ് ഫാദര്‍ ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടുപോകുന്നത്.

2016 മാര്‍ച്ച് 26 നാണ് ഇന്ത്യ സര്‍ക്കാര്‍ ഫാദര്‍ ടോം ഉഴുന്നാലിനെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയതായി ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. അതിനു മുമ്പ് തന്നെ ഈ വാര്‍ത്ത പുറത്തുവരികയും സംസ്ഥാനതലത്തില്‍ തൊട്ട് ഉഴുന്നാലിന്റെ മോചനത്തിനായുള്ള പ്രവര്‍ത്തനങ്ങളിലേക്ക് സലേഷ്യന്‍ സഭ അധികൃതര്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളെ ബന്ധപ്പെട്ടിരുന്നു. 2016 മാര്‍ച്ച് 30 ന് ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഭീകരര്‍ മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ കേന്ദ്രസര്‍ക്കാരിനു ലഭിച്ചു. വിദശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഫാദര്‍ ഉഴുന്നാലിന്റെ മോചനത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചെങ്കിലും യെമനില്‍ സ്ഥിരതയാര്‍ന്ന സര്‍ക്കാര്‍ ഇല്ലാത്തതും അവിടെ ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുന്നില്ലെന്നതും മോചനശ്രമത്തിനു തടസ്സം സൃഷ്ടിച്ചു.

ഇതിനിടയില്‍ 2016 ഡിസംബറില്‍ ഫാദര്‍ ടോമിന്റെ ഒരു പുതിയ വീഡിയോ പുറത്തുവന്നു. അഞ്ചു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ഈ വീഡിയോയില്‍ തന്റെ മോചനത്തിനായി ശ്രമിക്കണമെന്ന് ഫാദര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീഡിയോ ആര്? എവിടെ നിന്ന് അപ് ലോഡ് ചെയ്തു എന്നു കണ്ടെത്താനായിരുന്നില്ല. ഈ വര്‍ഷം ജൂലൈയില്‍ യെമന്‍ പ്രധാനമന്ത്രി അബ്ദുള്‍ മാലിക് അബ്ദുള്‍ ജലീല്‍ അല്‍-മെഖ്‌ലാഫി ഫാദര്‍ ടോം ഉഴുന്നാല്‍ ജീവനോടെയുണ്ടന്നും അദ്ദേഹത്തിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്നും വിദേശകാര്യമന്ത്രി സുഷ്മ സ്വരാജിനെ അറിയിച്ചതോടെ ടോമിന്റെ മോചനം സാധ്യമാകുമെന്ന പ്രതീക്ഷ ഉയര്‍ന്നിരുന്നു.

ഇതിനിടയിലാണ് വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നത്. നേരത്തെ ഇന്ത്യന്‍ സര്‍ക്കാരും ഇക്കാര്യത്തില്‍ ഒമാന്റെ സഹായം തേടിയിരുന്നു. പലകാര്യങ്ങളിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അയല്‍ രജ്യങ്ങളായ ഒമാനും യെമനും തമ്മില്‍ സൗഹൃദം സൂക്ഷിക്കുന്നുണ്ട്. യെമനിലെ ഹൂതികള്‍ക്കെതിരേ ആക്രമണം നടത്തുന്ന സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ ഒമാന്‍ ഇല്ല. മാത്രമല്ല ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ നിന്നും പലായനം ചെയ്യുന്നവര്‍ക്ക് ഒമാന്റെ അതിര്‍ത്തി പ്രദേശമായ സലാലയിലൂടെയാണ് ഇതു സാധ്യമാകുന്നത്. കൂടാതെ ഇരുരാജ്യത്തിലെയും ജനങ്ങള്‍ ഗോത്രപരമായി ബന്ധമുള്ളവരുമാണ്. ഈ സൗഹൃദബന്ധമാണ് ഫാദര്‍ ടോമിനും തുണയായത്. ഒമാന്‍ വിദേശകാര്യമന്ത്രാലയം വൈദികന്റെ മോചനത്തിനായി നേരിട്ട് ഇടപെടുകയായിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സഈദ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തതോടെയാണ് ഫാദര്‍ ടോം ഉഴുന്നാല്‍ 2017 സെപ്തംബര്‍ 12 നു മോചിതനാകുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍