UPDATES

താമര കൊണ്ട് തുലാഭാരത്തിനും രാഷ്ട്രീയ പൊതുയോഗത്തിനുമായി മോദി ഗുരുവായൂരിലേയ്ക്ക്; രാഹുലിന്റെ വയനാട്‌ പര്യടനം തുടരുന്നു

ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഗുരുവായൂരില്‍ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ എത്തും. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ തയ്യാറാക്കിയ ഹെലിപാഡില്‍ 9.45ഓടെ മോദി ഇറങ്ങും. ശ്രീവത്സം ഗസ്റ്റ് ഹൗസിലെ വിശ്രമത്തിന് ശേഷം ക്ഷേത്രദര്‍ശനം നടത്തും. താമര കൊണ്ടുള്ള തുലാഭാരം അടക്കം വിവിധ വഴിപാടുകളാണ് പ്രധാനമന്ത്രി നടത്തുന്നത്. ദേവസ്വം ഭാരവാഹികള്‍ പ്രധാനമന്ത്രിയെ സ്വീകരിക്കും. ഭാരവാഹികളുമായി കൂടിക്കാഴ്ചയ്ക്കും സമയം നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷാസന്നാഹമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലിക്യാമിനും ഡ്രോണിനും നിരോധനം ഏര്‍പ്പെടുത്തിയതായി ജില്ല കളക്ടര്‍ അറിയിച്ചു. ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ദര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ക്ഷേത്രദര്‍ശനത്തിന് ശേഷം ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടില്‍ ബിജെപി പരിപാടിയായ അഭിനന്ദന്‍ സഭയില്‍ മോദി പങ്കെടുക്കും. നാല് മണ്ഡലങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്താണ് പരിപാടിയില്‍ മോദി സംസാരിക്കുക. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി ഗുരുവായൂരില്‍ രാഷ്ട്രീയ പൊതുയോഗത്തില്‍ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു എന്നിവര്‍ പ്രധാനമന്ത്രിയായിരിക്കെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയിട്ടുണ്ട് എങ്കിലും ഗുരുവായൂരില്‍ രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല.
ഗുരുവായൂരിലെ പരിപാടിക്ക് ശേഷം കൊച്ചിയിലേയ്ക്ക് തിരിക്കുന്ന പ്രധാനമന്ത്രി വിമാനത്താവളത്തിലെ വിശ്രമത്തിന് ശേഷം ഉച്ചയ്ക്ക് ഡല്‍ഹിയിലേയ്ക്ക് തിരിച്ചുപോകും.

ALSO READ: നിപ ഐസൊലേഷന്‍ വാര്‍ഡ്‌ ജീവനക്കാരുടെ അനിശ്ചിതകാല സമരം പതിമൂന്നാം ദിവസത്തിലേക്ക്; തിരിഞ്ഞു നോക്കാതെ അധികൃതര്‍

കേരളത്തിൽ ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ലെങ്കിലും ആദ്യ സന്ദർശനങ്ങളിലൊന്നിനായി മോദി കേരളത്തെ തിരഞ്ഞെടുക്കുമ്പോൾ, കേരളത്തിൽ മാത്രം കോണ്‍ഗ്രസ്സിന് ലഭിച്ച വലിയ വിജയത്തിന് നന്ദി പറയാന്‍ കൂടിയാണ് രാഹുൽ സംസ്ഥാനത്ത് എത്തുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്നലെ മണ്ഡലപര്യടനം തുടങ്ങിയ രാഹുലിന് വന്‍ സ്വീകരണമാണ് മലപ്പുറം ജില്ലയിലെ വണ്ടൂരിലും എടവണ്ണയിലും മറ്റും ലഭിച്ചത്. രാഹുലിന്റെ റോഡ് ഷോയ്ക്ക് വലിയ ജനപങ്കാളിത്തമുണ്ടായിരുന്നു. നേരായ വഴിയിലൂടെയല്ല മോദി ഇത്തവണ അധികാരത്തിലെത്തിയത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം ഇത്തരത്തിലുള്ള വിമര്‍ശനം രാഹുല്‍ ഗാന്ധി നടത്തിയത്. പകയും വിദ്വേഷവും വളര്‍ത്തിയാണ് മോദി തിരഞ്ഞെടുപ്പ് വിജയം നേടിയത് എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

താന്‍ വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെ മുഴുവന്‍ പ്രതിനിധിയാണ് എന്നും രാഹുല്‍ ഗാന്ധി അവകാശപ്പെട്ടു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിയെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാഹുല്‍ ഗാന്ധിക്ക് ആശ്വാസം നല്‍കുന്ന വലിയ സ്വീകരണമാണ് വയനാട് ലഭിച്ചത്. ഏറനാട്ടിലെ തന്നെ അരീക്കോടും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി മുക്കം ഈങ്ങാപ്പുഴ എന്നിവിടങ്ങളിലും പരിപാടികളിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.

ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകീകരണം ശക്തമായി നടന്ന ഒരേയൊരു സംസ്ഥാനം എന്ന നിലയില്‍ കേരളത്തെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും കാണുന്നത്. നരേന്ദ്ര മോദിയാകട്ടെ എന്‍ഡിഎ എംപിമാരുടെ യോഗത്തില്‍ സംസാരിച്ചത് ബിജെപിയെ പിന്തുണക്കാത്ത വിഭാഗങ്ങളുടെ കൂടി വിശ്വാസ്യത നേടേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ്. ഇതിനുള്ള ശ്രമങ്ങളായിരിക്കും ബിജെപി ദേശീയ നേതൃത്വം തുടര്‍ന്ന് കേരളത്തില്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍