UPDATES

ട്രെന്‍ഡിങ്ങ്

കമല സുരയ്യ, വികെഎൻ, അഴീക്കോട്‌, എം ലീലാവതി, കലാഭവൻ മണി, ബഹദൂർ പേരെടുത്ത് പറഞ്ഞ് മോദി; കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തെ തകര്‍ക്കുന്നുവെന്നും വിമര്‍ശനം

കേരളത്തിന്റെ സാസ്കാരിക പൈതൃകം ആക്രമണത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെയാണ്- മോദി

കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമേന്നറിയപ്പെടുന്ന തൃശൂരില്‍ നടന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത് ബാലാമണിയമ്മ, കമല സുരയ്യ, വികെഎൻ, എൻവി കൃഷ്ണവാരിയർ, സുകുമാര്‍ അഴീക്കോട്‌, എം ലീലാവതി, കലാഭവൻ മണി, ബഹദൂർ എന്നിവരെ സ്മരിച്ചു കൊണ്ട്.

കേരളത്തിലെ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളെ രൂക്ഷമായി വിമര്‍ശിച്ച മോദി തന്റെ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ നടപ്പാക്കിയ വികസനപദ്ധതികളും അക്കമിട്ടു പറഞ്ഞു. താന്‍ അഴിമതിക്ക് എതിരാണെന്ന് പറഞ്ഞ മോദി, “ഞാൻ രാജ്യത്തിന്റെ കാവൽക്കാരനാണ്. ഞാനുള്ളിടത്തോളം കാലം ഒരു തരത്തിലുള്ള അഴിമതിയും നടക്കില്ല” എന്നും പ്രസ്താവിച്ചു. പതിവ് ഹിന്ദി പ്രസംഗത്തിന് പകരം ടെലിപ്രോംപ്റ്ററിന്റെ സഹായത്തോടെ ഇംഗ്ലീഷിലായിരുന്നു ഇത്തവണ മോദി സംസാരിച്ചത്. രാജ്യസഭ എംപി വി. മുരളീധരന്‍ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി.

നമ്പി നാരായണന്‍ വിഷയവും മോദിയുടെ പ്രസംഗത്തില്‍ കടന്നു വന്നു. കഴിഞ്ഞ ദിവസമാണ് നമ്പി നാരായണന് കേന്ദ്ര സര്‍ക്കാര്‍ പത്മഭൂഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. നമ്പി നാരായണൻ എന്ന മഹാനായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താൽപര്യം മുൻനിർത്തി അപമാനിക്കുകയായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും. അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ബിജെപി സർക്കാരാണ്. അദ്ദേഹത്തിന് പത്മ അവാർഡ് നൽകി ഞങ്ങൾ ആദരിച്ചു. കോൺഗ്രസ്സിലെ നേതാക്കളുടെ പരസ്പരമുള്ള രാഷ്ട്രീയ വിദ്വേഷത്തിന്റെ ഇരയാണ് നമ്പി നാരായണൻ എന്നും മോദി പറഞ്ഞു.

എല്ലാ ഭരണഘടനാ സ്ഥാപനത്തോടും പുച്ഛമാണ് കമ്മ്യൂണിസ്റ്റുകാർക്കും കോൺഗ്രസ്സുകാർ‌ക്കുമെന്ന് പറഞ്ഞ അദ്ദേഹം, വിദേശ രാജ്യത്തു പോയി ഇലക്ഷൻ കമ്മീഷനെക്കുറിച്ച് മോശമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് കോൺഗ്രസ്സുകാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മോദിയുടെ പ്രസംഗം ഇങ്ങനെ: “ബിജെപി പ്രവർത്തകര്‍ നാട്ടിൽ കൊല്ലപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നിട്ടും കമ്മ്യൂണിസ്റ്റുകാർ ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞു കൊണ്ടിരിക്കുന്നു. നിരവധി എൽഡിഎഫ് മന്ത്രിമാർക്ക് അഴിമതിയിൽ കുടുങ്ങി രാജി വെക്കേണ്ടി വന്നു. സോളാർ അഴിമതിയെക്കുറിച്ചും എല്ലാവർക്കും അറിയാം. കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും വൻതോതിൽ അഴിമതിയിൽ മുങ്ങിയിരിക്കുന്നു.

മോദിയെ അപമാനിക്കൽ മാത്രമാണ് പ്രതിപക്ഷത്തിന്റെ ജോലി. കമ്മ്യൂണിസ്റ്റുകാരും മോദിയെക്കുറിച്ചുള്ള വെറുപ്പ് പ്രചരിപ്പിക്കുന്നു. എന്നെ ആക്ഷേപിച്ചോളൂ. എന്നാൽ രാജ്യത്തെ കർഷകരെ നശിപ്പിക്കരുത്. എന്നെ ആക്ഷേപിച്ചോളൂ, യുവാക്കൾക്ക് ലഭിക്കാനിടയുള്ള അവസരങ്ങൾ ഇല്ലാതാക്കരുത്. എന്നെ ആക്ഷേപിച്ചോളൂ, പാവങ്ങളെ ഉപദ്രവിക്കരുത്.

എല്ലാവർ‌ക്കും വികസനം എന്ന മുദ്രാവാക്യമാണ് ഞങ്ങളുടേത്. കേരളത്തിന്റെ സാസ്കാരിക പൈതൃകം ആക്രമണത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. ഇതിന് നേതൃത്വം നൽകുന്നത് സംസ്ഥാനം ഭരിക്കുന്ന പാർട്ടി തന്നെയാണ്. ശബരിമല ക്ഷേത്രത്തിലെ പ്രശ്നം രാജ്യത്തിന്റെ മൊത്തം ശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാർ കേരളത്തിന്റെ സംസ്കാരത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. യുഡിഎഫ് കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് വ്യത്യസ്തരല്ല. ഡൽഹിയിൽ ഒന്നും കേരളത്തിൽ മറ്റൊന്നുമാണ് അവർ പറയുന്നത്. കോൺഗ്രസ്സിനോ കമ്മ്യൂണിസ്റ്റുകാർ‌ക്കോ സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ല. മുത്തലാഖ് നിരോധിക്കാനുള്ള ശ്രമം കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകാരും എതിർക്കുകയാണുണ്ടായത്. ഒരു സ്ത്രീ മുഖ്യമന്ത്രി പോലും കമ്മ്യൂണിസ്റ്റ് കാലയളവിൽ ഉണ്ടായിട്ടില്ല.

18,000 ഗ്രാമങ്ങളിൽ വൈദ്യുതി ഉണ്ടായിരുന്നില്ല. ഇന്ന് ആ ഗ്രാമങ്ങളിലെല്ലാം വൈദ്യുതി എത്തിയിരിക്കുന്നു. റെക്കോർഡ് വേഗത്തിലാണ് വളർച്ചയാണ് നടന്നിരിക്കുന്നത്. 2014ൽ രാജ്യത്തിന്റെ 38 ശതമാനം മേഖലയിൽ മാത്രമാണ് കക്കൂസുകളുണ്ടായിരുന്നത്. ഇന്ന് 98 ശതമാനം പ്രദേശത്തും വീടുകളിൽ കക്കൂസുകളെത്തിയിരിക്കുന്നു. ഇതൊരു വലിയ വളർച്ച തന്നെയാണ്.

വെറും രണ്ട് മൊബൈൽ നിർമാണ യൂണിറ്റുകളാണ് നാലു വർഷം മുമ്പ് ഇന്ത്യയിലുണ്ടായിരുന്നത്. ഇന്നത് 102 എണ്ണമായി വളർന്നിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പൗര സുരക്ഷാപദ്ധതി ഇന്ന് ഇന്ത്യയുടേതാണ്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. 5 വർഷം മുമ്പ് ലോകം നമ്മളെ ഉപേക്ഷിച്ചിരുന്നു. ഇന്ന് ലോകം നമ്മളെ തേടി വരികയാണ്. കാഴ്ചപ്പാടിൽ വന്ന മാറ്റം രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയാണ്.

കൊച്ചിക്ക് രാജ്യത്തെ ഏറ്റവും വലിയ എണ്ണ റിഫൈനറിയാണ് ലഭിച്ചിരിക്കുന്നത്. ജൈവ ഇന്ധനത്തിന്റെ വൻതോതിലുള്ള വികസനത്തിനായി കേന്ദ്ര സർക്കാർ പദ്ധതികൾ തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയുടെ ക്രൂഡ് ഓയിലിനു വേണ്ടിയുള്ള വിദേശ ആശ്രിതത്വം കുറയ്ക്കുകയാണ് തന്റെ ലക്ഷ്യം. രാജ്യത്തെ എല്ലാ വീടുകൾക്കും പാചകവാതക കണക്ഷൻ ലഭ്യമാക്കുകയാണ് ലക്ഷ്യം. അടുപ്പിൽ തീപൂട്ടി പ്രയാസപ്പെടുന്ന അമ്മമാരെയും സഹോദരിമാരെയും മനസ്സിൽ കണ്ടാണ് ഈ പദ്ധതികൾ. കൊച്ചി, കുട്ടനാട്, മാംഗ്ലൂർ, ബാംഗ്ലൂർ പൈപ്പ് ലൈൻ 55000 കോടി രൂപ ചെലവിട്ട് നിർമിച്ചു കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ സൗകര്യങ്ങൾ വർധിപ്പിക്കാനാണ് താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് പ്രധാനമന്ത്രി.

ഹെലികോപ്റ്ററില്‍ കുട്ടനെല്ലൂരിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം തേക്കിൻകാട് മൈതാനിയിലെത്തുകയായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള നീക്കമാണ് ബിജെപി കേന്ദ്രനേതൃത്വം തുടങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്നാട്ടിലെ സന്ദർശനത്തിനു ശേഷമാണ് മോദി കൊച്ചിയിലെത്തിയത്. തമിഴ്നാട്ടിൽ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് മോദി നേരിട്ടത്. ഗജ ചുഴലിക്കാറ്റ് വീശിയതിന്റെ കെടുതികളിൽ തമിഴ്നാട്ട് കുടുങ്ങിക്കിടക്കവെ മോദി യാതൊരു വിധ സഹായവും ചെയ്യുകയുണ്ടായില്ല എന്നതാണ് തമിഴ്നാടിനെ പ്രകോപിപ്പിച്ചത്. ട്വിറ്ററിൽ #GoBackModi എന്ന ഹാഷ്ടാഗ് ട്രെൻഡ് ചെയ്യുകയുണ്ടായി. എന്നാൽ കേരളത്തിൽ ഇത്തരം പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ദിവസങ്ങൾക്കു മുമ്പ് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തിയപ്പോൾ സംസ്ഥാനത്തെ മാധ്യമങ്ങൾ നല്‍കിയ അത്രത്തോളം ശ്രദ്ധയും ഇത്തവണ കിട്ടുകയുണ്ടായില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍