UPDATES

ട്രെന്‍ഡിങ്ങ്

നമ്പി നാരായണന്‍: ടി.പി സെൻകുമാറിനെ തള്ളി നരേന്ദ്ര മോദി

ഗോവിന്ദച്ചാമി, അമീറുൾ ഇസ്ലാം എന്നീ ക്രിമിനലുകളുമായിപ്പോലും നമ്പി നാരായണനെ താരതമ്യം ചെയ്തിരുന്നു സെൻകുമാര്‍.

കേരളത്തിലെ ബിജെപിയിലെ ‘പുതിയ താരോദയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ടിപി സെൻകുമാറിനെ പൂർണമായും തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി. തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രസ്താവന. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം നമ്പി നാരായണനെ കുറ്റവാളികളായ ഗോവിന്ദച്ചാമിയോടും അമീറുല്‍ ഇസ്ലാമിനോടും ഉപമിച്ചു സംസാരിക്കുകയും പത്മഭൂഷന്‍ പുരസ്കാരത്തിന് അര്‍ഹതയില്ലെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്ന് മോദിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: “നമ്പി നാരായണൻ എന്ന മഹാനായ ശാസ്ത്രജ്ഞനെ രാഷ്ട്രീയ താൽപര്യം മുൻനിർത്തി അപമാനിക്കുകയായിരുന്നു കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരും കോൺഗ്രസ്സുകാരും. അദ്ദേഹത്തെ തിരിച്ചറിഞ്ഞത് ബിജെപി സർക്കാരാണ്. അദ്ദേഹത്തിന് പത്മ അവാർഡ് നൽകി ഞങ്ങൾ ആദരിച്ചു. കോൺഗ്രസ്സിലെ നേതാക്കളുടെ പരസ്പരമുള്ള രാഷ്ട്രീയ വിദ്വേഷത്തിന്റെ ഇരയാണ് നമ്പി നാരായണൻ”.

നമ്പി നാരായണന് പത്മഭൂഷൺ നൽകിയതിനെതിരെ കടുത്ത എതിർപ്പാണ് സെൻകുമാർ ഉന്നയിച്ചത്. ഇന്ത്യൻ ബഹിരാകാശ രംഗത്തിനോ ഐഎസ്ആർഓയ്ക്കോ നമ്പി യാതൊരു സംഭാവനയും ചെയ്തിട്ടില്ലെന്നും ‍മുന്‍ ഡിജിപി കൂടിയായ സെന്‍കുമാർ പറയുകയുണ്ടായി. ശരാശരിയിൽ താഴെ നിലവാരമുള്ള സയന്റിസ്റ്റാണ് നമ്പിയെന്നു പറഞ്ഞ സെൻകുമാർ കുറച്ചധികം കടന്ന് അദ്ദേഹത്തിന് അവാര്‍ഡ് നൽകിയവർ തനിക്ക് വിശദീകരണം തരണമെന്നു കൂടി ആവശ്യപ്പെട്ടു.

നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്ക് ലഭിച്ച പത്മ അവാർഡുകളെല്ലാം രാഷ്ട്രീയമായ രീതിയിലും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഭാരതരത്ന നൽകിയതിന്റെ മാനദണ്ഡം നിശ്ചയിച്ചത് നാഗ്പൂരിൽ നിന്നാണെന്ന് വ്യാപകമായ വിമർ‌ശനമാണ് ഉയരുന്നത്. ഇതിനിടയിലും നമ്പി നാരായണന് പത്മഭൂഷൺ ലഭിച്ചതിന്മേൽ ആരും വ്യാഖ്യാനങ്ങൾക്കൊന്നും നിന്നിരുന്നില്ല. ആകെ പുറത്തു വന്ന ഇടപെടൽ സെൻകുമാറിന്റേതു മാത്രമാണ്.

സെൻകുമാർ നമ്പിയെ വിമർശിക്കുന്നതിനിടെ അദ്ദേഹത്തെ ‘മഹാൻ’ എന്ന് പരിഹാസരൂപേണ വിശേഷിപ്പിക്കുകയുണ്ടായി. ഇതേ വാക്ക് തന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്തു വെച്ച് നടത്തിയ പ്രസംഗത്തിലും ഉപയോഗിച്ചതെന്നത് ശ്രദ്ധേയമാണ്. പക്ഷെ അദ്ദേഹത്തിന്റെ പ്രയോഗത്തിൽ പരിഹാസമല്ല, മറിച്ച് ബഹുമാനമാണ് ഉണ്ടായിരുന്നത്. നമ്പിക്ക് കിട്ടിയ പത്മ അവാർഡിനു പിന്നിൽ രാഷ്ട്രീയലാക്കുണ്ടെന്ന് കരുതാൻ ആർക്കും ഇഷ്ടമില്ലാത്ത സാഹചര്യത്തിൽപ്പോലും അങ്ങനെ കരുതണമെന്ന സന്ദേശമാണ് മോദിയുടെ വാക്കുകളിലുണ്ടായിരുന്നത്. ചുരുക്കത്തില്‍ സെൻകുമാറിന്റെ നിലപാടുകളുടെ നേരെ എതിർവശത്തായിരുന്നു ഇന്ന് മോദി.

‘മഹാനായ ശാസ്ത്രജ്ഞൻ’ എന്നു നമ്പി നാരായണനെ വിശേഷിപ്പിച്ച മോദി, ‘കഠിനാധ്വാനി’, ‘രാജ്യസ്നേഹി’, എന്നീ വാക്കുകളും നമ്പിയെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചു. സെൻകുമാറിന്റെ അഭിപ്രായങ്ങൾ ഇതിനെല്ലാം കടകവിരുദ്ധമാണ്. ഐഎസ്ആർഓയിൽ നാലായിരം പേരുള്ളതിൽ എല്ലാവർക്കും നമ്പി നാരായണനെക്കുറിച്ച് തന്റെ അഭിപ്രായമാണുണ്ടാവുക എന്നും സെൻകുമാർ പറഞ്ഞിരുന്നു.

Also Read: കമല സുരയ്യ, വികെഎൻ, അഴീക്കോട്‌, എം ലീലാവതി, കലാഭവൻ മണി, ബഹദൂർ പേരെടുത്ത് പറഞ്ഞ് മോദി; കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും കേരളത്തെ തകര്‍ക്കുന്നുവെന്നും വിമര്‍ശനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍