UPDATES

ട്രെന്‍ഡിങ്ങ്

എന്നാല്‍ കേരളത്തിലെ ജയിലുകള്‍ നഴ്‌സുമാരെക്കൊണ്ട് നിറയ്ക്കട്ടെ

ജീവിക്കാനുള്ള ശമ്പളം തരാതെ അടിമകളെപ്പോലെ പണിയെടുക്കണമെന്നാണോ രാജ്യത്തെ നീതിപീഠങ്ങളും ഞങ്ങളോട് ആവശ്യപ്പെടുന്നത്?

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ക്കെതിരെ എസ്മ പ്രയോഗിക്കാനുള്ള ഹൈക്കോടതി ഉത്തരവോടെ വരുംദിവസങ്ങളില്‍ കേരളത്തിലെ ജയിലുകള്‍ നഴ്‌സുമാരെക്കൊണ്ട് നിറയുമെന്ന് യുഎന്‍എ സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ്. ഇന്നത്തെ കോടതി വിധിയെക്കുറിച്ച് വക്കീല്‍ അറിയിച്ച വിവരമാണ് ഉള്ളത്. ആശുപത്രി മാനേജ്‌മെന്റുകള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി കേസില്‍ യുഎന്‍എ അഭിഭാഷകനെ കക്ഷി ചേര്‍ത്തിട്ടില്ല. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് എസ്മ പ്രയോഗിക്കാനുള്ള തീരുമാനം എടുത്തത്. ഇതിന്റെ നിയമവശങ്ങള്‍ പഠിച്ച് യുഎന്‍എ അടിയന്തര തീരുമാനം എടുക്കും.

പതിനേഴാം തിയതി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കില്‍ നിന്നും സംഘടന പിന്നോട്ടില്ലെന്നും സിബി വ്യക്തമാക്കി. നാളെ അടിയന്തരമായി തൃശൂരില്‍ വച്ച് സംസ്ഥാന കൗണ്‍സില്‍ ചേരാനിരിക്കുകയാണ്. ആ സംസ്ഥാന കൗണ്‍സിലിന് ശേഷമായിരിക്കും മറ്റ് കാര്യങ്ങള്‍ തീരുമാനിക്കുക. ഏതായാലും സമരം ശക്തമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ ജയിലുകള്‍ നഴ്‌സുമാരെക്കൊണ്ട് നിറയ്ക്കട്ടെ. അല്ലാതെ ഞങ്ങള്‍ക്ക് ജീവിക്കാനുള്ള ശമ്പളം തരാതെ അടിമകളെപ്പോലെ പണിയെടുക്കണമെന്ന് രാജ്യത്തെ കോടതികള്‍ പോലും പറഞ്ഞ് തുടങ്ങിയാല്‍ പിന്നെന്തിന് ഞങ്ങള്‍ പണിയെടുക്കണം.

നഴ്‌സിംഗ് എന്നത് ആതുരസേവനമാണെങ്കിലും തങ്ങള്‍ തങ്ങളുടെ കുടുംബം പോറ്റാനാണ് ഈ തൊഴിലിനിറങ്ങിയത്. രോഗികളെ നോക്കുമ്പോഴും തങ്ങള്‍ക്ക് തങ്ങളുടെ കാര്യവും നോക്കണ്ടെയെന്നും സിബി ചോദിക്കുന്നു. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന കോടതി വിധി നടപ്പാകാതിരിക്കുമ്പോഴാണ് നഴ്‌സുമാരുടെ സമരത്തിനെതിരെ ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്.

ആശുപത്രികള്‍ അടച്ചിടുമെന്ന് പറയുന്ന ആശുപത്രി മാനേജ്‌മെന്റുകള്‍ക്കെതിരെ എസ്മയില്ല. എന്നാല്‍ സമരം ചെയ്യുമെന്ന് പറയുന്ന ഞങ്ങള്‍ക്ക് നേരെ എസ്മ പ്രയോഗിക്കുന്നു. ഇത് ഏതുതരം നിലപാടാണ്, ഇത് ഏതുതരം നീതിയാണ്. പകര്‍ച്ചപ്പനിയുടെ സാഹചര്യമാണ് സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം തങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ കൃത്യമായ ഫോര്‍മുല വച്ചതാണ്. സര്‍ക്കാര്‍ ഈ ആശുപത്രികള്‍ പിടിച്ചെടുത്താല്‍ സൗജന്യ സേവനത്തിന് തങ്ങള്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നെന്നും സിബി ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ എസ്മയുമായി മുന്നോട്ട് പോകട്ടെ, തങ്ങള്‍ സമരവുമായി തന്നെ മുന്നോട്ട് പോകുകയാണെന്നും സിബി വ്യക്തമാക്കി.


സുപ്രിംകോടതി വിധി നടപ്പാക്കിയെടുക്കാന്‍ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഹൈക്കോടതി വിധിയെന്ന് യുഎന്‍എ അംഗം മഹേഷ് പ്രതികരിച്ചു. വളരെയധികം വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന വലിയൊരു വിഭാഗം ജനതയെ കണ്ടില്ലെന്ന് നടിക്കുന്നതാണ് ഇത്. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളെ പരോക്ഷമായി സഹായിക്കുകയാണ് സര്‍ക്കാര്‍. എസ്മ പ്രയോഗിച്ചാലും നഴ്‌സുമാര്‍ സമരരംഗത്തുനിന്നും മാറില്ലെന്നും മഹേഷ് അറിയിച്ചു. അതിന്റെ പേരില്‍ ജയിലില്‍ കിടക്കാനും എല്ലാ നഴ്‌സുമാരും മാനസികമായി തയ്യാറെടുത്ത് കഴിഞ്ഞു. എസ്മ സ്വകാര്യ മേഖലയില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റുന്ന ഒന്നല്ല, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ മാത്രമാണ് ഇത് പ്രയോഗിക്കാന്‍ നിയമ സാധുതയുള്ളൂ.

സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ മടിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും ഈ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്നത്. വെറുമൊരു ശമ്പള വര്‍ദ്ധനവിനായല്ല തങ്ങള്‍ സമരം ചെയ്യുന്നതെന്നും മെച്ചപ്പെട്ട സേവന വേതന സാഹചര്യത്തിന് വേണ്ടിയാണ് ഈ സമരമെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്തെ പ്രശസ്തമായ പല ആശുപത്രികളിലും തുച്ഛമായ വേതനം നല്‍കി പന്ത്രണ്ട് മണിക്കൂറിലേറെയാണ് നഴ്‌സുമാരെ ജോലി ചെയ്യിക്കുന്നത്. മാസത്തില്‍ ആറ് ദിവസം നൈറ്റ് ഡ്യൂട്ടി ചെയ്യേണ്ട സ്ഥാനത്ത് പന്ത്രണ്ടും പതിമൂന്നും ദിവസങ്ങള്‍ വരെ നൈറ്റ് ഡ്യൂട്ടി ചെയ്യിച്ച് തങ്ങളെ ചൂഷണത്തിനിരയാക്കുകയാണ്. ഇതിനെല്ലാമാണ് തങ്ങളുടെ പ്രതിഷേധമെന്നും മഹേഷ് വിശദീകരിച്ചു.

നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന സുപ്രിംകോടതി വിധി നടപ്പാക്കാതെയാണ് സര്‍ക്കാര്‍ നഴ്‌സുമാര്‍ക്കെതിരായ ഹൈക്കോടതി വിധിക്ക് കൂട്ടുനില്‍ക്കാന്‍ പോകുന്നതെന്ന് മറ്റൊരു യുഎന്‍എ അംഗം പ്രീതി ആരോപിച്ചു. ആറ് മണിക്കൂര്‍ ജോലിയെന്നത് സ്വകാര്യ ആശുപത്രികളില്‍ പന്ത്രണ്ട് മണിക്കൂറിലേറെയാകുകയാണ്. നഴ്‌സുമാര്‍ക്കും കുടുംബവും ജീവിതവുമുണ്ടെന്ന് എല്ലാവരും മനസിലാക്കണം. എസ്മയിലൂടെ കേരളത്തിലെ നാലര, അഞ്ച് ലക്ഷം വരുന്ന നഴ്‌സുമാരെയെല്ലാം ജയിലില്‍ അടയ്ക്കാന്‍ സര്‍ക്കാരിന് സാധിക്കുമോയെന്നും പ്രീതി ചോദിക്കുന്നു. കേരളത്തിലെ നഴ്‌സുമാരെല്ലാം ഒറ്റക്കെട്ടായി തന്നെ എസ്മയെ നേരിടും. ഒരു നഴ്‌സ് പോലും സമരത്തില്‍ നിന്നും പിന്മാറില്ല. തങ്ങള്‍ തങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. നഴ്‌സുമാര്‍ ഒറ്റക്കെട്ടായി ആശുപത്രികളില്‍ നിന്നും പുറത്തേക്കിറങ്ങിയാല്‍ സ്വകാര്യ ആശുപത്രികള്‍ പൂട്ടിയിടേണ്ടി വരുമെന്ന് മാനേജ്‌മെന്റുകള്‍ മനസിലാക്കണം. തങ്ങളെ ചൂഷണം ചെയ്ത് സമ്പാദിക്കുന്ന ലക്ഷങ്ങളില്‍ നിന്നും ഒരു ഭാഗം മാത്രമാണ് തങ്ങള്‍ ചോദിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നഴ്‌സുമാര്‍ക്ക് ശമ്പളം കൂടുതല്‍ നല്‍കില്ലെന്ന പിടിവാശിയിലാണ് മാനേജ്‌മെന്റുകള്‍.

തങ്ങളുടെ നിസാര ആവശ്യം പോലും പരിഗണിക്കാന്‍ സാധിക്കാത്ത മാനേജ്‌മെന്റിനോടും സര്‍ക്കാരിനോടും തങ്ങള്‍ക്കൊന്നും പറയാനില്ലെന്ന് മറ്റൊരു അംഗമായ കിരണ്‍ പറഞ്ഞു. സുപ്രിംകോടതിയുടെ ഉത്തരവ് നടപ്പാക്കാത്ത സര്‍ക്കാരാണ് തങ്ങള്‍ക്കെതിരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ പോകുന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍