UPDATES

ട്രെന്‍ഡിങ്ങ്

ശശി തരൂരില്‍ നിന്നും ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്; സ്വകാര്യ ബില്ലുകൾ അത്ര ചെറിയ കാര്യമല്ല

ഏറ്റവുമൊടുവിൽ പാസ്സായ സ്വകാര്യ ബിൽ തിരുച്ചി ശിവ കൊണ്ടുവന്ന ദി റൈറ്റ്സ് ഓഫ് ട്രാൻസ്ജെൻഡർ പേഴ്സൺസ് ബിൽ ആണ്.

ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇന്നുവരെ ആകെ 14 സ്വകാര്യ ബില്ലുകൾ മാത്രമാണ് പാസ്സാക്കപ്പെട്ടിട്ടുള്ളത്. ഏറ്റവുമൊടുവിൽ പാസ്സായ സ്വകാര്യ ബിൽ തിരുച്ചി ശിവ കൊണ്ടുവന്ന ദി റൈറ്റ്സ് ഓഫ് ട്രാൻസ്ജെൻഡർ പേഴ്സൺസ് ബിൽ ആണ്. 2014ലായിരുന്നു ഈ ബില്ലിന്റെ അവതരണം. രാജ്യസഭയിൽ ഈ ബിൽ പാസ്സാക്കപ്പെട്ടു. 1968നു ശേഷം ഇതാദ്യമായാണ് ഒരു സ്വകാര്യ ബിൽ പാസ്സാകുന്നതെന്ന പ്രത്യേകതയും ഈ ബില്ലിനുണ്ടായിരുന്നു. നമ്മുടെ പാർലമെന്റിന്റെ ശൈശവകാലത്ത് ഓരോ മെമ്പർമാരുടെയും ബില്ലുകൾ മൂലമുള്ള ഇടപെടലുകൾക്ക് വലിയ പ്രാധാന്യം കിട്ടിയിരുന്നു. പോകെപ്പോകെ ഈ മനോഭാവം കുറഞ്ഞു വന്നു. മന്ത്രിമാരവതരിപ്പിക്കുന്ന ബില്ലുകളാണ് ബില്ലുകൾ എന്ന മനോഭാവം വളർന്നു. എങ്കിലും പാർലമെന്റിന്റെ പ്രവർത്തനത്തെക്കുറിച്ച് കാൽപ്പനികമായ ധാരണകൾ പുലര്‍ത്തുന്നവരും, ഇതൊരു ഇടപെടൽ മാർഗമാണെന്ന കരുതലുള്ളവരും സ്വകാര്യ ബില്ലുകളെ ഇപ്പോഴും കാര്യമായി ആശ്രയിക്കുന്നു. ‌

ഉദാഹരണത്തിന് ശശി തരൂരിനെ എടുക്കുക. നെഹ്റുവിയൻ മൂല്യങ്ങളാണ് അദ്ദേഹത്തെ നയിക്കുന്നത്. ഒരു ബില്ലും നിയമമായി മാറില്ലെന്ന തരത്തിൽ പാർലമെന്റിൽ ഒരു പിന്തിരിപ്പൻ മനോഭാവം വളർന്നു കഴിഞ്ഞിട്ടുണ്ടെന്ന് മനസ്സിലായിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. 16 സ്വകാര്യ ബില്ലുകളാണ് തരൂർ അവതരിപ്പിച്ചത്. കോൺഗ്രസ്സുകാർ പൊതുവിൽ തങ്ങളുടെ പാർലമെന്ററി പ്രവർത്തനത്തിന്റെ ഒരു പ്രധാന ഭാഗമായി സ്വകാര്യ ബില്ലുകളെ കാണുന്നുണ്ടെന്നതിന് കണക്കുകൾ സാക്ഷ്യം പറയുന്നു.

ദീർഘകാലം മികച്ച പാർലമെന്റേറിയനായി ഖ്യാതി നേടിയിട്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രൻ 15 ബില്ലുകളാണ് അവതരിപ്പിച്ചത്. കെപിസിസി പ്രസിഡണ്ടിന്റെ തിരക്കുകളിലേക്ക് തിരിഞ്ഞില്ലായിരുന്നെങ്കിൽ ഇതിവിടെയും നില്‍ക്കുമായിരുന്നില്ലെന്ന് കരുതാം. കോഴിക്കോട് നിന്നുള്ള പാർലമെന്റംഗം എംകെ രാഘവൻ 15 സ്വകാര്യ ബില്ലുകൾ അവതരിപ്പിക്കുകയുണ്ടായി. മാവേലിക്കരയെ പ്രതിനിധീകരിക്കുന്ന കൊടിക്കുന്നിൽ സുരേഷ് ആറ് സ്വകാര്യ ബില്ലുകളും പത്തനംതിട്ടയിൽ നിന്നുള്ള ആന്റോ ആന്റണി ഒരു ബില്ലും അവതരിപ്പിച്ചു.

കൂടുതൽ ബില്ലുകളവതരിപ്പിച്ചവർ സഭയിൽ മറ്റു ഇടപെടലുകളിലും മുൻപന്തിയിലാണെന്നു കാണാം. എങ്കിലും ബില്ലവതരണം പാർലമെന്റിലെ മികവിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിക്കാനാകില്ല. ഉദാഹരണത്തിന് പാർലമെന്റിൽ 563 ചോദ്യങ്ങളുന്നയിക്കുകയും 315 സംവാദങ്ങളിൽ പങ്കെടുക്കുകയും ഏറ്റവുമുയർന്ന ഹാജർനില (88%) പുലർത്തുകയും ചെയ്തിട്ടുള്ള പികെ ബിജു ഒറ്റ സ്വകാര്യ ബിൽ പോലും അവതരിപ്പിച്ചിട്ടില്ല.

പൊതുവിൽ ഇടതുപക്ഷ എംപിമാരുടെ സ്ഥിതി ഇതാണ്. ഇടതുപക്ഷത്തു നിന്ന് ഏറ്റവും കൂടുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുള്ളത് കാസറഗോഡ് എംപി പി കരുണാകരനാണ്. 13 ബില്ലുകൾ. പികെ ശ്രീമതി, എംബി രാജേഷ്, ഇന്നസെന്റ് എന്നീ എംപിമാരുടെ പാർലമെന്റിലെ പ്രകടനം മികച്ചതായിരുന്നുവെന്നതില്‍ സന്ദേഹമൊന്നുമില്ല. എന്നാൽ ഇവരാരും ബില്ലുകളവതരിപ്പിക്കുകയുണ്ടായില്ല. ഇത്തരം വിഷയങ്ങളിൽ കുറെക്കൂടി കേന്ദ്രീകൃതമായ പ്രവർത്തനം നടക്കുന്ന പാർട്ടിയുടെ മെമ്പർമാരാണിവരെന്നതും പരിഗണിക്കേണ്ടതുണ്ട്.

അതെസമയം സിപിഐയുടെ സിഎൻ ജയദേവന്റെ കാര്യം പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. സിപിഐക്ക് രാജ്യത്ത് ആകെയുള്ള ഒരു എംപിയാണ് ജയദേവൻ. 81% ഹാജർനില കാണിക്കുന്നുണ്ടെങ്കിലും ഉന്നയിച്ച ചോദ്യങ്ങളും പങ്കെടുത്ത സംവാദങ്ങളും താരതമ്യേന കുറവാണെന്നു കാണാം. ബില്ലുകൾ ഒന്നും അവതരിപ്പിക്കുകയുണ്ടായില്ല. ഈ കണക്കുകൾ മാത്രം മാനദണ്ഡമാക്കരുതെന്ന് വാദിക്കാമെങ്കിലും തെരഞ്ഞെടുപ്പിലേക്ക് വരുമ്പോൾ എല്ലാ കണക്കുകളും പരിഗണിക്കാതിരിക്കാൻ സാധിക്കില്ലല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍