UPDATES

കേരളം

കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന് സ്വകാര്യ ബസ് ഉടമകള്‍; കണ്‍സെഷന്‍ ഇല്ലാതെ ഒരു ബസും ഓടില്ലെന്ന് വിദ്യാര്‍ഥി സംഘടനകള്‍

വിദ്യാര്‍ത്ഥികള്‍ക്കെതിരായ ബസുടമകളുടെ വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കണ്‍സെഷന്‍ നല്‍കാത്ത ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെ എസ് യുവും അറിയിച്ചു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

ജൂണ്‍ ഒന്ന് മുതല്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ബസ് കണ്‍സഷന്‍ നിര്‍ത്തലാക്കുമെന്ന തീരുമാനത്തിലുറച്ച് ഒരു വിഭാഗം ബസുടമകള്‍ രംഗത്ത്. നിരന്തരമായ ഇന്ധനവില വര്‍ധനയിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നികുതി ഇനത്തില്‍ സഹായങ്ങളോ സബ്‌സിഡികളോ അനുവദിച്ചുതരാത്തതിനാല്‍ ബസ് സര്‍വീസുകള്‍ നഷ്ട വ്യവസായമായി മാറിയ സാഹചര്യത്തിലുമാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിര്‍ത്തലാക്കുന്ന തരത്തിലൊരു കടുത്ത നിലപാട് സ്വീകരിക്കേണ്ടി വന്നതെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. എന്നാല്‍, ഇത്തരമൊരു നിലപാട് ഒരു വിഭാഗം കൂട്ടായ്മയില്‍ നിന്നു മാത്രമുണ്ടായതാണെന്നും, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കൊപ്പം സഞ്ചരിച്ച് വിദ്യാര്‍ത്ഥികളെ ബുദ്ധിമുട്ടിക്കാത്ത തരത്തില്‍ സര്‍വ്വീസുകള്‍ നടത്താനാണ് ആഗ്രഹിക്കുന്നതെന്നും മറ്റൊരു സംഘടനയായ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്കെതിരായ ബസുടമകളുടെ വെല്ലുവിളികളെ ശക്തമായി നേരിടുമെന്നും കണ്‍സെഷന്‍ നല്‍കാത്ത ബസുകള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും കെ എസ് യുവും അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2018 മാര്‍ച്ച് ഒന്നിനാണ് അവസാനമായി ബസ് ചാര്‍ജ് വര്‍ധനയുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡീസലിന് മാത്രം പത്തു രൂപയിലധികം വര്‍ധനയുണ്ടായ സാഹചര്യത്തിലും ഇന്ധനത്തിന്റെ വില നിലവാരമനുസരിച്ച് ബസ് ടാക്‌സോ, സെയില്‍സ് ടാക്‌സോ കുറയ്ക്കുവാനോ സബ്സിഡി അനുവദിച്ചു നല്‍കാനോ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കമായിരുന്നില്ല. ഖജനാവില്‍ നിന്നും കോടികള്‍ മുടക്കി കെഎസ്ആര്‍ടിസി എന്ന നഷ്ട സംരംഭത്തെ പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ വളരെയധികം പ്രയത്‌നിക്കുമ്പോഴും, സ്വകാര്യ ബസ് സര്‍വീസുകളുടെ കാര്യത്തില്‍ കണ്ണടയ്ക്കുകയാണെന്ന് വിദ്യാര്‍ത്ഥി കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ച സംഘടന പരാതിപ്പെടുന്നു.

‘1966ലെ ഹൈക്കോടതി വിധി പ്രകാരം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ സ്വകാര്യ ബസുടമകളുടെ ബാധ്യതയല്ല. ഇത്രയും കാലം ആ വിധി നടപ്പാക്കിത്തരാന്‍ സംഘടന സമരം ചെയ്യാതിരുന്നത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ സ്വാധീനവും കണക്കിലെടുത്താണ്. ഇപ്പോഴത്തെ ഉയര്‍ന്ന ഇന്ധന വിലയില്‍ ബസ് സര്‍വീസ് എന്ന വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞ ശേഷം വിധി നടപ്പാക്കിത്തരാന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍, സ്വകാര്യ ബസുടമകളോട് സര്‍ക്കാര്‍ മൗനം പാലിക്കുകയാണ് ചെയ്യുന്നത്. നിലവില്‍ കേരളത്തിലെ ബസുകളിലെ 60% യാത്രക്കാരും വിദ്യാര്‍ത്ഥികളാണ്. ആയതിനാല്‍, ജൂണ്‍ ഒന്ന് മുതല്‍ കണ്‍സെഷന്‍ നിര്‍ത്തലാക്കുമെന്നത് സംഘടനയുടെ ശക്തമായ തീരുമാനമാണ്. അതിലൊരു മാറ്റം വരണമെങ്കില്‍ സര്‍ക്കാര്‍ സ്വകാര്യ ബസുടമകളുമായി സഹകരിക്കേണ്ടതുണ്ട്.

കണ്‍സെഷന്‍ അനുവദിച്ചു നല്‍കാത്ത പക്ഷം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിഷേധവും അക്രമവുമുണ്ടാകുമെന്ന് സംഘടന മനസിലാക്കുന്നു. അത്തരം സാഹചര്യത്തില്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ച് ബസ് ഷെഡില്‍ കയറ്റിയിടാനും ഞങ്ങള്‍ തയ്യാറാണ്. നഷ്ടത്തില്‍ സര്‍വ്വീസ് നടത്തുന്നതിലും ഭേദം സര്‍വീസ് നടത്തിരിക്കുക എന്നതാണ് – ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ഗോപിനാഥന്‍ പറഞ്ഞു.

എന്നാല്‍, വിദ്യാര്‍ത്ഥികള്‍ക്കെതിരായ ഈ നിലപാട് ഓള്‍ കേരളാ ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്റേത് മാത്രമാണെന്നും, തങ്ങള്‍ ഉള്‍പ്പെടുന്ന മറ്റു ബസ് സര്‍വ്വീസ് അസ്സോസിയേഷനുകള്‍ക്ക് അത്തരമൊരു തീരുമാനത്തോട് യോജിക്കാന്‍ താല്‍പര്യമില്ലെന്നും കേരളാ ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (കെബിടിഎ) അറിയിച്ചു.സര്‍ക്കാര്‍ നിലപാടുകള്‍ക്കനുസരിച്ച് സര്‍വ്വീസ് നടത്തുമെന്നും, കണ്‍സെഷനെ സംബന്ധിച്ച് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുമെന്നും കെബിടിഎ എറണാകുളം ജില്ലാ സെക്രട്ടറി കെ.എം നവാസ് വ്യക്തമാക്കി.

കേരളത്തിലെ ബസുടമകള്‍ക്കിടയിലെ അഭിപ്രായ ഭിന്നതയും, ചില വിഭാഗങ്ങള്‍ക്ക് സര്‍ക്കാരിന്റെ നിലപാടുകളോടുള്ള വിയോജിപ്പും ദോഷകരമായി ബാധിക്കുന്നത് യാത്രക്കായി ബസിനെ ആശ്രയിക്കുന്ന വിദ്യാര്‍ത്ഥികളെയാണ്. ബസുടമകളുടെ വെല്ലുവിളികളെ അംഗീകരിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കണ്‍സെഷന്‍ അനുവദിക്കുന്ന ബസുകള്‍ മാത്രമേ നിരത്തിലിറങ്ങാന്‍ അനുവദിക്കുകയുള്ളൂ എന്നും കെ എസ് യു വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ ബസുടമകളുടെ പരാതികള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് സര്‍ക്കാരാണ്. വിഷയത്തെ നിയമപരമായും സംഘടനാ തലത്തിലും നേരിടാന്‍ തയ്യാറാണെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെഎം അഭിജിത്ത് അറിയിച്ചു. ബസുടമകളുടെ പ്രഖ്യാപനം കണ്‍സെഷന്‍ വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തരത്തിലായതിനാല്‍, അതിനെതിരെ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക്.സി.തോമസ് മുന്നറിയിപ്പ് നല്‍കി.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍