UPDATES

സ്ഥാനാര്‍ത്ഥിയെ അറിയാം

ആറ്റിങ്ങലിന്റെ സമ്പത്ത്

എതിര്‍ സ്ഥാനാര്‍ത്ഥി ആരായിരുന്നാലും അത് സമ്പത്തിന് വിഷയമല്ല

ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം തവണ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായാണ് ഡോ. എ സമ്പത്ത് വീണ്ടും ആറ്റിങ്ങലില്‍ ജനവിധി തേടുന്നത്. നാലാം തവണ ലോക്‌സഭയിലേക്ക് ജനവിധി തേടുന്ന സമ്പത്ത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ആറ്റിങ്ങലില്‍ തന്നെ മത്സരിക്കുന്നത്. ചിറയിന്‍കീഴ് മണ്ഡലം പുനര്‍രൂപീകരണത്തിലൂടെ ആറ്റിങ്ങലായതിന് ശേഷം നടന്ന രണ്ട് പൊതുതെരഞ്ഞെടുപ്പിലും ജനങ്ങള്‍ സമ്പത്തിനൊപ്പമാണ് നിന്നത്. ഈ രണ്ട് തെരഞ്ഞെടുപ്പിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെ വര്‍ധിക്കുകയായിരുന്നുവെന്ന് കണക്കാക്കുമ്പോള്‍ സമ്പത്തിന് ആറ്റിങ്ങലുള്ള ജനസ്വാധീനം വര്‍ധിക്കുകയായിരുന്നുവെന്ന് മനസിലാക്കാം. എതിര്‍ സ്ഥാനാര്‍ത്ഥി ആരായിരുന്നാലും അത് സമ്പത്തിന് വിഷയമാകാത്തതും അതിനാലാണ്. ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിലും ഉറപ്പാക്കിക്കിയിരിക്കുന്ന ഒരു മണ്ഡലവും ഇതുതന്നെയാണ്.

2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 18,341 വോട്ടുകളുടെ ഭൂരിപക്ഷമാണ് സമ്പത്ത് നേടിയത്. 2014 ആയപ്പോള്‍ അത് 69,378 ആയി വര്‍ധിച്ചു. 2009ല്‍ കോണ്‍ഗ്രസിന്റെ പ്രൊഫ. ജി ബാലചന്ദ്രനും 2014ല്‍ ബിന്ദു കൃഷ്ണയുമാണ് സമ്പത്തിന്റെ ജനകീയ പിന്തുണയുടെ ചൂടറിഞ്ഞത്. 1996ല്‍ മണ്ഡലം തന്റെ 33-ാം വയസ്സിലാണ് സമ്പത്ത് ചിറയിന്‍കീഴ് മണ്ഡലത്തില്‍ മത്സരിച്ച് ആദ്യമായി പാര്‍ലമെന്റിലെത്തിയത്. സ്വാതന്ത്ര സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കെ അനിരുദ്ധന്റെ മകന്‍ എന്ന നിലയിലാണ് സമ്പത്ത് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായത്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ‘ജയാന്റ് കില്ലര്‍’ എന്നാണ് കെ അനിരുദ്ധന്‍ അറിയപ്പെട്ടിരുന്നത്. 1965ല്‍ ആറ്റിങ്ങലില്‍ മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറിനെ പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തിയത്. ജയിലില്‍ വാസമനുഷ്ഠിച്ച് കൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയ അനിരുദ്ധന് വേണ്ടി അന്ന് കഷ്ടിച്ച് മൂന്ന് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സമ്പത്തിനെ തോളിലേറ്റിയാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് തേടിയത്. 1967ലെ തെരഞ്ഞെടുപ്പില്‍ അനിരുദ്ധന്‍ ശങ്കറിനെതിരെ ചിറയിന്‍കീഴില്‍ മത്സരിച്ചപ്പോഴും പ്രചരണ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു സമ്പത്ത്. മൂന്ന് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്‌സഭയിലേക്കും അനിരുദ്ധന്‍ തെരഞ്ഞെടുക്കപ്പെട്ടു.

മകന്‍ സമ്പത്തും ഈ ചരിത്രം ആവര്‍ത്തിച്ചു. സുശീല ഗോപാലന് പകരക്കാരനായി ചിറയിന്‍കീഴില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സമ്പത്ത് കോണ്‍ഗ്രസിന്റെ തലേക്കുന്നില്‍ ബഷീറിനെ 48,083 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. പിന്നീട് 1998ലും 99ലും 2004ലും സിപിഎമ്മിന്റെ വര്‍ക്കല രാധാകൃഷ്ണനാണ് ഈ മണ്ഡലത്തില്‍ വിജയിച്ചത്. പ്രായാധിക്യം മൂലം വര്‍ക്കല രാധാകൃഷ്ണന്‍ മാറിനിന്നതോടെയാണ് സമ്പത്ത് വീണ്ടും അപ്പോഴേക്കും ആറ്റിങ്ങലായി മാറിയ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. പക്ഷെ 1991ല്‍ കോണ്‍ഗ്രസില്‍ നിന്നും സുശീല ഗോപാലനിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലത്തില്‍ പിന്നീടൊരിക്കലും കാറ്റ് മാറി വീശിയിട്ടില്ല. സമ്പത്ത് ആ വിജയം ആവര്‍ത്തിക്കുകയാണ്.

മണ്ഡലത്തിലെ ഏത് ഭാഗങ്ങളില്‍ ചെന്നാലുമുള്ള ജനകീയ വികാരം പരിശോധിച്ചാലും ഈ തെരഞ്ഞെടുപ്പിലും സമ്പത്ത് തന്നെയെന്ന് ഉറപ്പിക്കാം. കാരണം ‘ആറ്റിങ്ങലിന്റെ സമ്പത്ത്’ എന്നാണ് അദ്ദേഹത്തെ വോട്ടര്‍മാര്‍ വിളിക്കുന്നത് തന്നെ. ആറ്റിങ്ങല്‍, നെടുമങ്ങാട്, ചിറയിന്‍കീഴ്, വര്‍ക്കല, അരുവിക്കര, വാമനപുരം, കാട്ടാക്കട എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലം. ഇതില്‍ അരുവിക്കര ഒഴികെ ആറ് നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനാണെന്നത് കൂടി പരിഗണിക്കുമ്പോള്‍ സമ്പത്തിന് തന്നെയാണ് ഇത്തവണയും സാധ്യതകള്‍ നിലനില്‍ക്കുന്നത്. നേട്ടങ്ങളുടെ വലിയ പട്ടികയുമായാണ് ഡോ. എ സമ്പത്ത് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. മികച്ച ആരോഗ്യവും വിദ്യാഭ്യാസവും ജനങ്ങള്‍ക്ക് ഉറപ്പുവരുത്തിയെന്നതാണ് സമ്പത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കര്‍ഷകരും കര്‍ഷക തൊഴിലാളികളും പരമ്പരാഗത തൊഴിലാളികളുമാണ് ആറ്റിങ്ങലിലെ വോട്ടര്‍മാര്‍. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സമ്പത്ത് പ്രത്യേക മിടുക്ക് കാട്ടിയിരുന്നു. സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ എംപി നടത്തിയ വികസന പ്രവര്‍ത്തനം വിപ്ലവകരമാണ്. പഠന-ഗവേഷണത്തിലും പ്രചാരണത്തിലും സമ്പത്തിന്റെ വിഷയവും ആരോഗ്യം തന്നെ.

ഈഴവ-മുസ്ലിം-ദലിത് വിഭാഗങ്ങള്‍ തെരഞ്ഞെടുപ്പ് ഗതിയെ നിര്‍ണയിക്കാന്‍ തക്കവിധ സ്വാധീനമുളളവരാണെന്നതും ആറ്റിങ്ങലിലെ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച നിര്‍ണ്ണായകമായ കാരണങ്ങളാണ്. അത് കൊണ്ട് തന്നെ ഈഴവ വിഭാഗത്തില്‍പ്പെടുന്നവരെയാണ് സാധാരണയായി മുന്നണികള്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കുന്നതും. കാട്ടാക്കട, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല മണ്ഡലങ്ങളില്‍ സാമുദായിക സമവാക്യങ്ങള്‍ നിര്‍ണായകമാണ്. ഈഴവ സ്വാധീന മേഖലകള്‍ കൂടിയാണിത്. എന്നിരുന്നാലും പത്ത് വര്‍ഷമായി എം പിയായി തുടരുന്ന സമ്പത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാകും മണ്ഡലത്തിലെ പ്രധാന പ്രചാരണ വിഷയം. ആറ്റിങ്ങല്‍ മണ്ഡലത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും ആംബുലന്‍സ് അനുവദിച്ച് അദ്ദേഹം മാതൃകയായി. ആറ്റിങ്ങല്‍ ബൈപ്പാസ്, പ്രേംനസീര്‍ സ്മാരകം, നെടുമങ്ങാട് കേന്ദ്രീയ വിദ്യാലയം, വര്‍ക്കല റെയില്‍വേ സ്‌റ്റേഷന്‍ ആധുനികവല്‍ക്കരണം, ആറ്റിങ്ങല്‍ പാസ്‌പോര്‍ട്ട് ഓഫീസ്, വര്‍ക്കല ക്ലിഫ്.. അദ്ദേഹത്തിന്റെ വികസനപ്രവര്‍ത്തങ്ങളുടെ പട്ടിക നീളുകയാണ്. പാര്‍ലമെന്റിലും രാജ്യം ശ്രദ്ധിക്കുന്ന അംഗങ്ങളിലൊരാളാണ് സമ്പത്ത്. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ മുതല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍വരെ അദ്ദേഹം സഭയില്‍ ഉന്നയിച്ചു. ഹാജര്‍നിലയിലും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിലും റെക്കോര്‍ഡ് സൃഷ്ടിച്ചു. അനുവദിച്ച മുഴുവന്‍ തുകയും വിനിയോഗിച്ച് എംപി ഫണ്ട് വിനിയോഗത്തിലും മുന്നിലാണ് ഇദ്ദേഹം. മികച്ച പാര്‍ലമെന്റേറിയനുളള രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ അവാര്‍ഡ്, പാലിയേറ്റീവ് പ്രവര്‍ത്തനത്തിന് പ്രഥമ പാലിയം പുരസ്‌കാര്‍, മികച്ച പൊതുപ്രവര്‍ത്തകനുള്ള അഡ്വ. പിരപ്പന്‍കോട് ശ്രീധരന്‍നായര്‍ അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ് സമ്പത്ത്. സിഐടിയു സംസ്ഥാന സമിതിയംഗം, ദേശീയ സമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 1990ല്‍ തിരുവനന്തപുരം ലോകോളേജില്‍ നിന്ന് ഒന്നാംറാങ്കില്‍ എല്‍എല്‍എം നേടി. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, എസ്എഫ്‌ഐ മുഖമാസിക സ്റ്റുഡന്റിന്റെ പ്രത്രാധിപസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റ് (കിലെ) ചെയര്‍മാനായിരുന്നു. കേരള സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗമായും രണ്ടുതവണ സെനറ്റ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. മയക്കുമരുന്ന് നിരോധന നിയമത്തില്‍ കേരള സര്‍വകലാശലയില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം ബാറില്‍ 31 വര്‍ഷമായി അഭിഭാഷകനാണ്. ലോ കോളേജ് അധ്യാപകനായും നിയമനം ലഭിച്ചു. എന്നാല്‍ പൊതു പ്രവര്‍ത്തനത്തിനായി ജോലി ഉപേക്ഷിച്ചു. അമ്മ പരേതയായ സുധര്‍മ്മ. ഭാര്യ: ലിസി ഇന്ദിര. മക്കള്‍: അശ്വതി സമ്പത്ത്, സമൃദ്ധി സമ്പത്ത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍