UPDATES

ട്രെന്‍ഡിങ്ങ്

കൊടിയേരിയെ വിറപ്പിച്ച നേതാവ്; കോണ്‍ഗ്രസ്സിന്റെ പ്രതീക്ഷ ആ രാജ്മോഹന്‍ ഉണ്ണിത്താനിലാണ്

കാസർകോട് സീറ്റ് ഏതാണ്ട് ഉറപ്പിച്ച സുബ്ബയ്യ റൈയെ മാറ്റിയാണ് കോൺഗ്രസ് നേതൃത്വം ഉണ്ണിത്താനെ പരീക്ഷിക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

വെറും വാക് ചാതുര്യം മാത്രമല്ല എതിരാളിയെ വരിഞ്ഞുമുറുക്കാനുള്ള പ്രത്യേക വൈഭവം കൊണ്ട് കൂടിയാണ് രാജ് മോഹൻ ഉണ്ണിത്താൻ തിരെഞ്ഞെടുപ്പ് ഗോദയിൽ ശ്രദ്ധേയനാവുന്നത്. 2006ൽ തലശ്ശേരിയിൽ കോടിയേരി ബാലകൃഷ്ണനെതിരെ മത്സരിച്ചപ്പോൾ തലശ്ശേരിക്കാർ അന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള കാടിളക്കി പ്രചാരണമാണ് ഉണ്ണിത്താൻ നടത്തിയത്. അതിലൂടെ ആ തിരെഞ്ഞെടുപ്പ് വേളയിൽ കോടിയേരിയെ മറ്റെങ്ങും പോകാൻ അനുവദിക്കാതെ തലശ്ശേരി മണ്ഡലത്തിൽ തന്നെ തളച്ചിടാനും ഉണ്ണിത്താന് കഴിഞ്ഞു. തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോൾ ഉണ്ണിത്താൻ തോറ്റെങ്കിലും ആ തിരഞ്ഞെടുപ്പിലെ പ്രകടനം മികച്ചു തന്നെ നിന്നു. ആ രാജ് മോഹൻ ഉണ്ണിത്താനെയാണ് സി പി എമ്മിന്റെ വടക്കൻ കോട്ടയായ കാസർകോട് പിടിക്കാൻ കോൺഗ്രസ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.

രാഷ്ട്രീയക്കാരൻ എന്നതിലുപരി ഒരു സിനിമാ താരം എന്ന പരിവേഷം കൂടിയുണ്ട് കെ പി സി സി ജനറൽ സെക്രട്ടറിയും കെ പി സി സി മാധ്യമ വക്താവും കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപറേഷൻ ചെയർമാനും ഒക്കെയായിരുന്ന ഉണ്ണിത്താന്. 2005ൽ പുറത്തിറങ്ങിയ ഷാജി കൈലാസ് ചിത്രമായ ‘ടൈഗറി’ലൂടെ ആയിരുന്നു തുടക്കം. സിനിമയിലെ മുഖ്യമന്ത്രി വേഷം വിജയിപ്പിച്ചതിന്റെ ആത്‌മവിശ്വാസത്തിലായിരുന്നു തലശ്ശേരിയിൽ കൊടിയേരിക്കെതിരെ മത്സരിക്കാൻ ഇറങ്ങിയതും. വെള്ളിത്തിരയിലെ അതേ പ്രകടനം തന്നെ പുറത്തെടുത്തെങ്കിലും പക്ഷെ 10,055 വോട്ടിനു തോൽക്കാനായിരുന്നു വിധി.

ഉണ്ണിത്താന്റെ നാവ് എതിരാളികൾക്കെതിരെ മാത്രമല്ല ഗർജിക്കുക എന്നതിന്റെ തെളിവായിരുന്നു ഇക്കഴിഞ്ഞ അസംബ്ലി തിരെഞ്ഞെടുപ്പിൽ തനിക്കു വിജയ സാധ്യത ഉണ്ടെന്ന് കരുതിയ കൊല്ലം സീറ്റ് നൽകാതെ സി പി എം ശക്തി ദുർഗമായ കുണ്ടറയിൽ കൊണ്ടുപോയി ഒതുക്കിയപ്പോൾ ഉണ്ണിത്താൻ നടത്തിയ പേയ്‌മെന്റ് സീറ്റ് പരാമർശം. ആ തിരെഞ്ഞെടുപ്പിൽ കുണ്ടറയിൽ സി പി എമ്മിലെ ജെ മേഴ്‌സികുട്ടിയമ്മയോട് ഉണ്ണിത്താൻ തോറ്റത് 30,000 ലേറെ വോട്ടിനായിരുന്നു.

ആരെയും കൂസാത്ത ഈ പ്രകൃതം ഉണ്ണിത്താന് നേരത്തെയും വിന വരുത്തിവെച്ചിട്ടുണ്ട്. ലീഡർ കെ കരുണാകരന്റെ കൊല്ലത്തെ ആൾ എന്നറിയപ്പെട്ടിരുന്ന ഉണ്ണിത്താൻ തുടക്കത്തിൽ കരുണാകര പുത്രൻ കെ മുരളീധരന്റെയും അടുപ്പക്കാരനായിരുന്നു.

എന്നാൽ എം എൽ എ അല്ലാതിരുന്നിട്ടും കെ പി സി സി പ്രസിഡന്റ് ആയിരുന്ന മുരളിയെ 2004ലെ എ കെ ആന്റണി സർക്കാരിൽ വൈദുതി മന്ത്രിയാക്കിയതിനെ വിമർശിച്ചതിന്റെ പേരിൽ കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുക മാത്രമല്ല ഇതിലുള്ള പ്രതിക്ഷേധം അറിയിക്കാനായി കെ പി സി സി ആസ്ഥാനത്ത്‌ തനിക്കൊപ്പം പുറത്താക്കപ്പെട്ട ശരത്ചന്ദ്ര പ്രസാദിനൊപ്പം എത്തിയ ഉണ്ണിത്താന് മുരളിയുടെ അനുയായി വൃന്ദത്തിന്റെ മർദ്ദനം ഏൽക്കുകയും ഉണ്ടായി. വി എം സുധീരൻ കെ പി സി സി പ്രസിഡന്റ് ആയിരിക്കെ അദ്ദഹത്തിനെതിരെ ഒളിയമ്പെയ്ത മുരളീധരനെ വിമർശിച്ചതിന്റെ പേരിൽ ഉണ്ണിത്താന് കെ പി സി സി വക്താവ് സ്ഥാനം നഷ്ട്ടപെട്ട സംഭവവും ഉണ്ടായി. എന്നാൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ പി സി സി അധ്യക്ഷൻ ആയതോടെ ഉണ്ണിത്താൻ വീണ്ടും തിരിച്ചെത്തി.

കാസർകോട് സീറ്റ് ഏതാണ്ട് ഉറപ്പിച്ച സുബ്ബയ്യ റൈയെ മാറ്റിയാണ് കോൺഗ്രസ് നേതൃത്വം ഉണ്ണിത്താനെ പരീക്ഷിക്കുന്നത്. പഴയ കാല കോൺഗ്രസ് നേതാവ് ഐ രാമ റൈയുടെ മകനും കെ പി സി സി മെമ്പറും കാസർകോട് മണ്ഡലത്തിലെ ഭാഷ ന്യൂനപക്ഷത്തിന്റെ പ്രതിനിധിയുമൊക്കെ ആയ സുബ്ബയ്യ റൈയെ തഴഞ്ഞതിൽ ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ്സുകാർക്കിടയിൽ അതൃപ്തിയുണ്ടെങ്കിലും അതെല്ലാം വഴിയേ കെട്ടടങ്ങുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പാർട്ടി നേതൃത്വം. മണ്ഡലത്തിലെത്തുന്നതോടെ അണികളെ കയ്യിലെടുക്കാൻ ഉണ്ണിത്താനുള്ള കഴിവിനെക്കുറിച്ചും അവർക്ക് സംശയം ലവലേശമില്ല.

കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുടെ വർഗീയ ഫാസിസ്റ്റ് മുഖവും കേരളം ഭരിക്കുന്ന സി പി എമ്മിന്റെ അക്രമ രാഷ്ട്രീയവും മുഖ്യ തിരെഞ്ഞെടുപ്പ് പ്രചാരണ വിഷയമാകുന്ന കോൺഗ്രസിനും യു ഡി എഫിനും പെരിയയിലെ രണ്ടു യൂത്ത് കോൺഗ്രസ്സുകാരുടെ കൊലപാതകം വീണുകിട്ടിയ ഒരു അവസരമാണ്. അത് കൃത്യമായി മുതലെടുക്കാൻ ഉണ്ണിത്താന്റെ വാക് ചാതുര്യത്തിനു കഴിയുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കാസർകോട് മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളതും. മണ്ഡലത്തിൽ നിന്നുള്ള ആളല്ലാതിരുന്നിട്ടും കഴിഞ്ഞ ലോക്സഭ തിരെഞ്ഞെടുപ്പിൽ സി പി എമ്മിന്റെ സിറ്റിംഗ് എം പി, പി കരുണാകരന്റെ ഭൂരിപക്ഷം 6000ലേക്ക് ചുരുക്കാൻ ടി സിദ്ദിഖിനു കഴിഞ്ഞുവെന്നതും യു ഡി എഫ് ക്യാമ്പിൽ പ്രതീക്ഷ വളർത്തുന്നുണ്ട്.

എന്നാൽ കഴിഞ്ഞ കുറേക്കാലമായി കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ എന്നീ മൂന്നു മണ്ഡലങ്ങളിൽ നിന്ന് മാത്രം സി പി എം സ്ഥാനാർത്ഥികൾക്കു ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷത്തെ മറികടക്കാൻ നാടകത്തിലും സിനിമയിലുമൊക്കെ പയറ്റിയിട്ടുള്ള ഈ കൊല്ലംകാരന് കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യം തന്നെ. പോരെങ്കിൽ ഇത്തവണ കാസർകോട്ടെ സി പി എം സ്ഥാനാർഥി തൃക്കരിപ്പൂരിൽ നിന്നുമുള്ള പഴയ എം എൽ എ യും സി പി എം മുൻ ജില്ലാ സെക്രെട്ടറിയയുമൊക്കെയായ സതീഷ് ചന്ദ്രനാകുമ്പോൾ.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍