UPDATES

ചാലങ്കോട് രാജന്‍ അയ്യപ്പ ദാസന്‍ എന്ന ശബരിമല പോരാളിയായത് ഇങ്ങനെയാണ്

നാമജപത്തിന്റെ കാലമെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനി സര്‍ക്കാര്‍ ആരെയെങ്കിലും മലയില്‍ കയറ്റിയിരുന്നെങ്കില്‍ കയറുന്നവര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ തന്നെ സംഭവിക്കുമായിരുന്നു. അതില്‍ ഒരു സംശയവും വേണ്ട-അയ്യപ്പദാസ്

തൊടുപുഴയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ഉള്ളിലേക്ക് യാത്രചെയ്യുമ്പോഴാണ് ഇനിയും ബസ് റൂട്ട് ആവാത്ത ചാലങ്കോട് ഗ്രാമം. അവിടെ നിറയെ മരങ്ങളാല്‍ ചുറ്റപ്പെട്ട, പലവിധ കൃഷികളുള്ള ഒരു വലിയ തൊടിയുടെ നടുവിലാണ് അയ്യപ്പനിലയം എന്ന കൊച്ചുവീട്. ആ വീട്ടില്‍ ഇന്ന് ഒരാള്‍ മാത്രമേ താമസമുള്ളൂ. അയാള്‍ ഒരുപക്ഷേ കേരളത്തിലെ പൊതുസമൂഹത്തിന് അത്ര പരിചിതനല്ല. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കപ്പെട്ടതിന് പിന്നാലെ ഒറ്റയ്ക്കും തറ്റയ്ക്കും ഉയര്‍ന്നു കേള്‍ക്കുന്ന പേരിനുടമയാണ് ഈ വീട്ടുകാരന്‍. അത് സ്വാമി അയ്യപ്പദാസ് ആണ്. അയ്യപ്പ സേവാ സമാജം എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനും അമരക്കാരനും. ശബരിമല യുവതീപ്രവേശനത്തില്‍ അനുകൂല നിലപാടെടുത്ത പരിവാര്‍ സംഘടനകള്‍-അവരെ പിന്നീട് മാറ്റി ചിന്തിപ്പിച്ചതെന്താണ്? പിന്നീട് നടന്ന സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും പ്രേരകശക്തിയായി നിന്നതാരാണ്? അതിനുള്ള ഉത്തരം തേടിയുള്ള യാത്ര അവസാനിച്ചത് ചാലങ്കോട്ടെ അയ്യപ്പനിലയത്തിലാണ്. ആരാണ് സ്വാമി അയ്യപ്പദാസ്? കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ശബരിമലവിഷയത്തെ ആളിക്കത്തിച്ച് അതൊരു പ്രക്ഷോഭമാക്കുന്നതില്‍ അയ്യപ്പദാസിന്റെ പങ്കെന്താണ്?

ആരാണ് സ്വാമി അയ്യപ്പദാസ്?

സ്വാമി അയ്യപ്പദാസ് ആരാണെന്നറിയണമെങ്കില്‍ ആദ്യം ചാലങ്കാട് രാജന്‍ ആരെന്നറിയണം. 1950-ലാണ് ചാലങ്കോട് രാജന്റെ ജനനം. സ്‌കൂള്‍ വിദ്യാഭ്യാസം ആരംഭിക്കുന്നത് നാലാം തരത്തില്‍. അതിന് അദ്ദേഹം പറയുന്ന കാരണമുണ്ട്: “ഒന്നും രണ്ടും ക്ലാസ്സുകളിലെ പാഠങ്ങളെല്ലാം എനിക്ക് മന:പാഠമായിരുന്നു. മൂന്നാം ക്ലാസ്സിലെ പരീക്ഷയെഴുതി നാലാം ക്ലാസ്സില്‍ നേരിട്ട് പഠനം ആരംഭിക്കുകയായിരുന്നു”. വളരെ ചെറുപ്പത്തിലേ, പത്ത് വയസ്സ് മുതല്‍, ആര്‍എസ്എസില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു. ഭാരതീയ ജനസംഘം പ്രവര്‍ത്തകനായി. ജനസംഘത്തില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് 1975 ജൂണ്‍ 26ന് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അന്ന് ആര്‍എസ്എസ് ശാരീരിക് ശിക്ഷക് പ്രമുഖ് ആയിരുന്ന ചാലങ്കോട് രാജന് അത് സഹിക്കാനായില്ല. പ്രക്ഷോഭപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ദിനം തന്നെ അറസ്റ്റ് ചെയ്യപ്പെട്ടു. “ഇപ്പോള്‍ നടന്നതൊന്നുമല്ല അന്നത്തെ അറസ്റ്റ്. പരമാവധി പീഡനമാണ് അനുഭവിക്കേണ്ടി വന്നിരുന്നത്. എന്നാല്‍ എന്തുകൊണ്ടോ എന്നെ ഒരു പോലീസുകാരും തൊട്ടില്ല. തൊടുപുഴ പോലീസ് സ്‌റ്റേഷനില്‍ കാര്‍ത്തികേയന്‍ എന്ന പോലീസുകാരന്‍ എന്നെ മേശപ്പുറത്ത് ചോറുണ്ണാന്‍ സമ്മതിച്ചു എന്ന കാരണത്തിന് സ്ഥലം മാറ്റപ്പെട്ടു. എനിക്ക് പോലീസുകാരുമായി നല്ല ബന്ധമായിരുന്നു. എന്നാല്‍ ചാലങ്കാട് രാജന്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടയാളാണെന്ന് പോലീസുകാര്‍ തീരുമാനിക്കുന്നത് 1976 ഫെബ്രുവരി ഒന്നിനാണ്. ഒന്നിന് തൊടുപുഴ ടൗണില്‍ നിന്ന് മൂന്ന് പോലീസുകാര്‍ സ്‌റ്റേഷനിലേക്ക് നിര്‍ബന്ധപൂര്‍വ്വം വിളിച്ചുകൊണ്ടു പോയി. അവിടെ നിന്ന് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും. അന്ന് അകത്തായ ഞാന്‍ പിന്നീട് പുറത്തിറങ്ങുന്നത് 1977 ജനുവരി 31നാണ്. എന്ന് പുറത്തിറങ്ങാന്‍ കഴിയുമെന്ന ധാരണ പോലുമില്ലാതെ ജയിലില്‍ ചീട്ടും ബാഡ്മിന്റണും കളിച്ചും ചര്‍ച്ചകളുമായും മുന്നോട്ട് പോയി. ഒ. രാജഗോപാല്‍, ഗാന്ധിയന്‍ എം.പി മന്‍മഥന്‍, സംഘചാലക് ആയിരുന്ന പ്രമുഖ വ്യവസായി ഭീമ ഭട്ടര്‍- ഇവരെല്ലാമായിരുന്നു ജയിലിലെ ബന്ധുക്കള്‍.”

ജയില്‍ മോചിതനായ ചാലങ്കോട് രാജന്‍ വീണ്ടും സംഘത്തിലും പാര്‍ട്ടിയിലും സജീവമായി പ്രവര്‍ത്തിച്ചു. ജനസംഘം ജനതാ പാര്‍ട്ടിയായി. ഇതിനിടെ ശബരിമലയുമായി ബന്ധപ്പെട്ട അയ്യപ്പ സേവാ സംഘം എന്ന പ്രസ്ഥാനത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്തു. 1978ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്തേക്ക് നടന്ന രഥയാത്ര നയിക്കുക എന്ന ചുമതല രാജനില്‍ വന്നുചേര്‍ന്നു. “മീനാക്ഷിപുരത്ത് അഞ്ച് കിലോ അരിക്കും അരക്കിലോ മാംസത്തിനുമായി ഹൈന്ദവ കുടുംബങ്ങള്‍ ശരീരഭാഗം പോലും മുറിച്ച് കളഞ്ഞ് മതംമാറ്റം നടത്തി. ആ പ്രദേശത്തെ 137 കുടുംബങ്ങളില്‍ മൂന്ന് കുടുംബങ്ങളൊഴികെ മറ്റെല്ലാവരും മതം മാറി. മീനാക്ഷിപുരത്തെ മതംമാറ്റം തടയാന്‍, അവരെ തിരികെ കൊണ്ടുവരാനുള്ള ചുമതല ശബരിമല അയ്യപ്പന്‍ ഏറ്റെടുക്കണമെന്ന് കാഞ്ചികാമകോടിപീഠം ജയേന്ദ്രസരസ്വതി പറഞ്ഞു. ഇതനുസരിച്ച് ശബരിമലയില്‍ നിന്ന് രഥയാത്ര നടത്താനും തീരുമാനിച്ചു. ഞാന്‍ കാഞ്ചിമഠത്തെ പ്രതിനിധീകരിച്ചും എ ഡി മറ്റത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയെ പ്രതിനിധീകരിച്ചും യാത്ര നയിക്കാന്‍ തീരുമാനം വന്നു. ഇന്നത്തെ ശബരിമല തന്ത്രി രാജീവരരുടെ അച്ഛന്‍ കൃഷ്ണരര് അയ്യപ്പ സന്നിധിയില്‍ നിന്ന് പീഠത്തില്‍ വച്ച് കാവിയും അംഗവസ്ത്രവും ജയേന്ദ്രസരസ്വതി സ്വാമിക്ക് നല്‍കി. അത് കൈമാറിക്കൊണ്ട് അദ്ദേഹം പറഞ്ഞു, ഇനി ചാലങ്കോട് രാജന്‍ ഇല്ല, നീ ഇനിമുതല്‍ അയ്യപ്പദാസ് ആണ്. അങ്ങനെ ചാലങ്കോട് രാജന്‍ സ്വാമി അയ്യപ്പദാസ് ആയി.”

1980ല്‍ ജനതാ പാര്‍ട്ടി ഭാരതീയ ജനതാ പാര്‍ട്ടിയായി. ആ സമയമെല്ലാം പാര്‍ട്ടിയുടെ മുന്‍നിര പ്രവര്‍ത്തകനായി തന്നെ സ്വാമി അയ്യപ്പദാസ് നിന്നു. കേരളത്തില്‍ ഭാരതീയ ജനതാപാര്‍ട്ടി രൂപീകരിക്കുന്നതിനായി ഗുരുവായൂരിലെ രമേശ് കോട്ടേജില്‍ ചേര്‍ന്ന യോഗത്തില്‍ കെ ജി മാരാര്‍, ഒ രാജഗോപാല്‍, ടി എന്‍ രാമചന്ദ്രന്‍, കെ രാമന്‍ പിള്ള എന്നിവര്‍ക്കൊപ്പം പങ്കെടുത്തു. ഭാരതീയ ജനതാ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗവും ഇടുക്കി ജില്ലയിലെ പ്രഥമ ജനറല്‍ സെക്രട്ടറിയുമായി സ്വാമി അയ്യപ്പദാസ്. എന്നാല്‍ പിന്നീട്,  “രാഷ്ട്രീയം എനിക്ക് പറ്റിയ പരിപാടിയല്ല എന്ന് മനസ്സിലാക്കി. പിന്നീട് അയ്യപ്പ സേവാ സംഘവുമായി മാത്രം ചേര്‍ന്ന് പ്രവര്‍ത്തിച്ചു. അയ്യപ്പ സേവാ സംഘം ദേശീയ എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ 13 പേരില്‍ ഒരാളായിരുന്നു ഞാന്‍. ഏതാണ്ട് 30 വര്‍ഷത്തോളം അതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു. എന്നാല്‍ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനായിരുന്നില്ല. പല പോരായ്മകളും ഉള്ളതിനാല്‍ ഇനി അതിനൊപ്പം നില്‍ക്കണ്ട എന്ന് തീരുമാനിച്ചു. വേറൊന്ന് 27 വര്‍ഷം തിരുവാഭരണം ശരംകുത്തിയില്‍ നിന്ന് സ്വീകരിച്ച് കൊണ്ടുവരുന്ന ചുമതല എനിക്കായിരുന്നു. 2005ല്‍ വേറൊരു പ്രസ്ഥാനം ആരംഭിച്ചു. അയ്യപ്പ സേവാ സമാജം. 2008ലാണ് രജിസ്റ്റര്‍ ചെയ്യുന്നതെങ്കിലും അതിന് മുമ്പേ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. 2006ഓടെ അയ്യപ്പ സേവാ സംഘത്തില്‍ നിന്ന് പൂര്‍ണമായും വിട്ടു. ഞാന്‍, വി കെ വിശ്വനാഥ്, വി പി മന്മഥന്‍ നായര്‍- ഞങ്ങള്‍ മൂവരായിരുന്നു സമാജം രൂപീകരിക്കുന്നത്. സുകുമാരന്‍ നമ്പ്യാരും കുമ്മനം രാജശേഖരനുമെല്ലാം മാര്‍ഗനിര്‍ദ്ദേശം തന്നു. ആദ്യ ദേശീയ പ്രസിഡന്റും സെക്രട്ടറിയും മന്മഥന്‍ നായരും കുമ്മനവും ആയിരുന്നു.”

2008ല്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ കേരളത്തില്‍ മാത്രമുണ്ടായിരുന്ന അയ്യപ്പ സേവാ സമാജം പിന്നീട് വളര്‍ന്നു. ഇപ്പോള്‍ 16 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ച് കിടക്കുന്ന വടവൃക്ഷമാണത്. സ്വാമി അയ്യപ്പദാസ് ആണ് നിലവില്‍ ദേശീയ അധ്യക്ഷന്‍. ഇതിനിടയില്‍ സര്‍ക്കാര്‍ സര്‍വീസില്‍, അതും പോലീസില്‍ ഇരുപത് വര്‍ഷം സേവനമനുഷ്ടിച്ചയാളാണ് ഇദ്ദേഹം. പോലീസ് വകുപ്പിലായിട്ടുകൂടി കാവി വസ്ത്രങ്ങള്‍ ഊരിയില്ല. പൈനാവില്‍ എസ് പി ഓഫീസിലായിരുന്നു ആദ്യ പോസ്റ്റിങ്. പോസ്റ്റിങ് കിട്ടയയുടന്‍ കാവിയിട്ട് ഓഫീസില്‍ വരാനാവില്ലെന്ന് ശഠിച്ച ഓഫീസര്‍മാര്‍ക്ക് മുന്നില്‍ താന്‍ വഴങ്ങിയില്ലെന്ന് അയ്യപ്പദാസ് പറയുന്നു. “85-ലാണ് എനിക്ക് ജോലി കിട്ടുന്നത്. ടെസ്റ്റ് എഴുതി പാസ്സായി സര്‍ക്കാര്‍ ഉദ്യോഗം കിട്ടിയപ്പോള്‍ എന്നെ എവിടെ, ഏത് പോസ്റ്റിലേക്ക് വിടണമെന്ന് മന്ത്രിസഭ കൂടിയാണ് തീരുമാനിച്ചത്. അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകനായ സ്വാമി അയ്യപ്പദാസിനെ എസ് പി ഓഫീസിലേക്ക് അയച്ച് അച്ചടക്കം പഠിപ്പിക്കാനായിരുന്നു അവരുടെ തീരുമാനം. ഓഫീസില്‍ ചെന്നപ്പോള്‍ കാവിയിട്ട് ഓഫീസില്‍ വരാന്‍ പറ്റില്ലെന്നും ആര്‍എസ്എസ് പ്രവര്‍ത്തനം നടക്കില്ലെന്നും എസ് പി ശഠിച്ചു. എന്നാല്‍ ഞാന്‍ അത് കൂട്ടാക്കിയില്ല. കന്യാസ്ത്രീകളും അച്ചന്‍മാരും അവരുടെ വേഷത്തില്‍ ജോലിക്ക് പോവുന്നത് പോലെ സന്യാസിമാര്‍ക്ക് കാവിയും ഇട്ട് ജോലി ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. പിന്നെ അതിന് മുകളില്‍ തര്‍ക്കം ഉണ്ടായിട്ടേയില്ല. 2005ല്‍ വിരമിക്കുന്നത് വരെ കാവിയണിഞ്ഞ് തന്നെ ഓഫീസില്‍ പോയി. ഭാഗ്യത്തിന് ഒരു സര്‍ക്കാരും എനിക്ക് സ്ഥലംമാറ്റങ്ങള്‍ തന്നില്ല. സ്ഥാനക്കയറ്റത്തിനുള്ള ടെസ്റ്റ് ഞാന്‍ എഴുതിയതുമില്ല. സംഘപ്രവര്‍ത്തനവും ഇക്കാലയളവിലെല്ലാം തുടര്‍ന്നു. സര്‍വീസില്‍ ഉണ്ടായിരിക്കുമ്പോള്‍ ഡ്യൂട്ടിക്ക് പോയിട്ടുണ്ട്. പോലീസുകാരനായിട്ടല്ല. ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല ഒഴിച്ച് മറ്റെല്ലാം ചെയ്യും.”

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം അയ്യപ്പദാസിലൂടെ

അയ്യപ്പ സേവാ സമാജം പ്രവര്‍ത്തകനായിരിക്കുമ്പോഴും ശാഖകളില്‍ പോവാത്ത ആര്‍എസ്എസ് പ്രവര്‍ത്തകനായി തുടരുന്നയാളാണ് സ്വാമി അയ്യപ്പദാസ്. ദേശീയ നേതൃത്വവുമായി നേരിട്ട് അടുത്ത ബന്ധം പുലര്‍ത്തുന്ന ഇദ്ദേഹം ‘മരിക്കുമ്പോഴും ആര്‍എസ്എസുകാരനായി മരിക്കണം’ എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ്. “സ്വാമി അയ്യപ്പദാസ് എന്ന് പറയുന്ന ഞാന്‍ ആര്‍എസ്എസുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളാണ്. പ്രചാരകരായിരിക്കുന്ന പലരും പ്രസ്ഥാനത്തിലുണ്ട്. അവസാന ശ്വാസം വരെ സംഘത്തില്‍ നിറഞ്ഞ് നില്‍ക്കും. എന്നുപറഞ്ഞാല്‍ മുന്‍പന്തിയില്‍ നിന്ന് കാര്യങ്ങള്‍ ചെയ്യുമെന്നല്ല. പിന്‍പന്തിയില്‍ നിന്നുകൊണ്ട് മുന്‍പന്തിയിലെ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ അറിയാം. പ്യൂണ്‍ ആവാനും കളക്ടര്‍ ആവാനും കെല്‍പ്പുണ്ട് എന്ന് സാരം”. ഇത്തരത്തില്‍ പിന്‍പന്തിയിലിരുന്ന ചെയ്ത മുന്‍പന്തിയിലെ കാര്യമാണ് ഇപ്പോള്‍ കേരളത്തെ കലുഷിതമാക്കിയിരിക്കുന്നത്. ശബരിമല വിഷയത്തില്‍ ആര്‍എസ്എസുകാരെപ്പോലും മാറ്റി ചിന്തിപ്പിച്ചത്, ടേണിങ് പോയന്റായത് അയ്യപ്പദാസിന്റെ ഇടപെടലാണ്. അക്കാര്യം അദ്ദേഹം തന്നെ പറയുന്നു: “ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നതായിരുന്നു വിധിയെ അനുകൂലിച്ചുകൊണ്ട് വന്ന പ്രസ്താവനകള്‍. തത്വദീക്ഷയില്ലാതെ, വിവേകബുദ്ധിയില്ലാതെ വിധിയെ അനുകൂലിക്കാന്‍ മത്സരിക്കുകയായിരുന്നു എല്ലാവരും. അതോടെ ഭക്തജനങ്ങള്‍ ആശങ്കാകുലരായി. അപകടത്തില്‍ നിന്ന് രക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചിരുന്നവര്‍ അവര്‍ക്കൊപ്പം നിന്നില്ല. അതോടെ എവിടെയാണ് അഭയം കിട്ടുക എന്ന് അവര്‍ ആലോചിച്ചു. അത് ചെന്ന് നിന്നത് പന്തളം കൊട്ടാരത്തിലാണ്. ഇനി ടേണിങ് പോയിന്റ് സംഭവിക്കുന്നത് ഡല്‍ഹിയിലാണ്. സമാജത്തിന്റെ ദേശീയ കൗണ്‍സില്‍ 27,28 തീയതികളിലാണ് ഡല്‍ഹിയില്‍ നടന്നത്. കൗണ്‍സിലിനിടെയാണ് വിധി സംബന്ധിച്ച വിവരങ്ങള്‍ വരുന്നത്. ഉടനെ പ്രസ്താവനയെഴുതി. ‘പ്രത്യക്ഷമായ എതിര്‍പ്പുകളിലേക്കും സമരപരിപാടികളിലേക്കും അയ്യപ്പ സേവാ സമാജം പോകും’ എന്നതരത്തിലായിരുന്നു ഞാനത് എഴുതിയത്. കുമ്മനം രാജശേഖരനും അവിടെയെത്തി. മാധ്യമപ്രവര്‍ത്തകരോടെ അഭിപ്രായം പറയാന്‍ എന്നെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് രാജേട്ടന്‍ പറഞ്ഞു. അതായിരുന്നു ആദ്യ പ്രതിഷേധ പത്രസമ്മേളനം.'”

പിന്നീട് അയ്യപ്പ സമാജം നേതാക്കള്‍ ഭയ്യാജി ജോഷിയെ നേരില്‍ കണ്ട് ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശീയ നേതൃത്വത്തിന്റെ നിലപാട് ശബരിമല വിഷയത്തില്‍ മാറേണ്ടതുണ്ടെന്ന് ധരിപ്പിച്ചു. അങ്ങനെ ശബരിമലയുമായി ബന്ധപ്പെട്ട നിലപാട് സംഘടന മാറ്റി. അതിന്റെ ബലത്തില്‍ ഒക്ടോബര്‍ എട്ടിന് എറണാകുളത്ത് ഹിന്ദുസംഘടനകള്‍ യോഗം ചേര്‍ന്നു. “ആ യോഗത്തില്‍ 72 ഹിന്ദുസംഘടനകളും സമുദായ സംഘടനകളും ആചാര്യന്മാരും പങ്കെടുത്തു. അയ്യപ്പ സേവാ സമാജം, കേരള ക്ഷേത്ര സംരക്ഷണ സമിതി, വിശ്വഹിന്ദുപരിഷത്, സംഘം അങ്ങനെ ആറ് പരിവാര്‍ സംഘടനകളില്‍ നിന്നും മൂന്ന് പേരെ വീതം തിരഞ്ഞെടുത്ത് 18 പേരുടെ നേതൃത്വ സംഘമുണ്ടാക്കി. രക്ഷാധികാരിയായി സ്വാമി ചിദാനന്ദപുരിയേയും അഡ്വ. ഗോവിന്ദ ഭരതനേയും എത്തിച്ചു. ഇരുവരേയും ഞാന്‍ തന്നെയാണ് പോയി കണ്ടത്.” പിന്നീട് കേരളമൊട്ടാകെ ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭങ്ങളാണ് കണ്ടത്. ശബരിമലയിലും പരിസര പ്രദേശങ്ങളിലും സംസ്ഥാനം മുഴുവന്‍ തന്നെ സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തപ്പെട്ടു.

പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ സമരം എങ്ങനെയാവണമെന്ന് ചിട്ടപ്പെടുത്തുന്നതിലും അയ്യപ്പദാസിന്റെ ചിന്തയുണ്ടായിരുന്നു. ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന് മാത്രം ഉരുവിട്ടുകൊണ്ട് പ്രതിഷേധിക്കുക എന്നതാണ് ഇവര്‍ മെനഞ്ഞ തന്ത്രം. ശബരിമലയില്‍ കാണിക്കയിടരുതെന്നും പമ്പയ്ക്കപ്പുറത്തേക്ക് രാഷ്ട്രീയം കൊണ്ടുചെല്ലരുതെന്നുമുള്ള നിര്‍ദ്ദേശം, ട്രാന്‍സ്ജന്‍ഡര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന ആദ്യ അഭിപ്രായം അങ്ങനെ പിന്നീടുള്ള പ്രക്ഷോഭദിനങ്ങളിലെല്ലാം കാര്യങ്ങള്‍ നിയന്ത്രിച്ച് സ്വാമി അയ്യപ്പദാസും ഉണ്ടായിരുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഷയത്തില്‍ തന്ത്രിയുടേയും പന്തളം കൊട്ടാരത്തിന്റേയും പ്രതികരണവും സ്വാമി അയ്യപ്പദാസിന്റെ അഭിപ്രായമറിഞ്ഞതിന് ശേഷമായിരുന്നു. “ഉപദ്രവിക്കല്‍ ഞങ്ങളുടെ ഉദ്ദേശമായിരുന്നില്ല. ഹുങ്കാര ശബ്ദം പുറപ്പെടുവിച്ചാല്‍ തന്നെ നീലിമല കയറി വരുന്നവര്‍ തിരികെയോടും. അതാണ് മനിതി കൂട്ടായ്മ വന്നപ്പോള്‍ കണ്ടത്. എന്നാല്‍ ഇത്രകാലം നാമജപവുമായി കഴിഞ്ഞിരുന്ന ഞങ്ങളുടെ അവസ്ഥ അതില്‍ നിന്ന് വിട്ടിരിക്കുന്നു. നാമജപത്തിന്റെ കാലമെല്ലാം കഴിഞ്ഞിരിക്കുന്നു. ഇനി സര്‍ക്കാര്‍ ആരെയെങ്കിലും മലയില്‍ കയറ്റിയിരുന്നെങ്കില്‍ കയറുന്നവര്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ തന്നെ സംഭവിക്കുമായിരുന്നു. അതില്‍ ഒരു സംശയവും വേണ്ട. അത് അറിയാതെയല്ല. അറിഞ്ഞുകൊണ്ട് തന്നെ. നാളെയായാലും അതുണ്ടാവും”. വെല്ലുവിളിയുടെ സ്വരത്തില്‍ 70 വയസുള്ള അയ്യപ്പദാസ് പറഞ്ഞു നിര്‍ത്തുന്നു.

(സ്വാമി അയ്യപ്പദാസുമായുള്ള അഭിമുഖം ഉടന്‍ പ്രസിദ്ധീകരിക്കും)

Also Read: ശബരിമല സമരം ആര്, എപ്പോള്‍, എങ്ങനെ ചിട്ടപ്പെടുത്തി? അന്വേഷണം

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍