UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലെ കുട്ടികള്‍ സുരക്ഷിതരാണെന്നു പറഞ്ഞ മുഖ്യമന്ത്രിയോട്; പാലക്കാട് പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടിയെ കാണാതായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു

നിര്‍ഭയയില്‍ നിന്നും വീട്ടുകാര്‍ക്കൊപ്പം വിട്ട പെണ്‍കുട്ടിയെയാണു കാണാതായിരിക്കുന്നത്

രാജ്യം സുരക്ഷിതമാകണമെങ്കില്‍ കുട്ടികളും സുരക്ഷിതരായിരിക്കണം – കുട്ടികള്‍ക്ക് വേണ്ടിയുള്ള  പ്രയത്നങ്ങള്‍ക്ക് നൊബേല്‍ സമ്മാനം നേടിയ കൈലാഷ് സത്യാര്‍ത്ഥിയുടെ വാക്കുകളാണിത്. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരെ നടത്തിയ ഭാരത യാത്ര ചൊവാഴ്ച തിരുവനന്തപുരത്ത് എത്തിയപ്പോളാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതേ ചടങ്ങില്‍ വച്ച് കേരളത്തിലെ കുട്ടികള്‍ താരതമ്യേന സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അവകാശപ്പെട്ടിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിവരം സമര്‍പ്പിക്കുന്നു. ലൈംഗികാതിക്രമത്തിന് ഇരയായി പാലക്കാട് നിര്‍ഭയയില്‍ പാര്‍പ്പിച്ചിരുന്ന പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ കാണാതായിരിക്കുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ കുട്ടി എവിടെയുണ്ടെന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ല.

ലൈംഗികാതിക്രമത്തിന് ഇരയായി പാലക്കാട് നിര്‍ഭയ ഹോമില്‍ പാര്‍പ്പിച്ചിരുന്ന പതിനെട്ട് വയസ് തികയാത്ത പെണ്‍കുട്ടിയെ ഈ മാസം അവരുടെ മാതാപിതാക്കളോടൊപ്പം പറഞ്ഞുവിടുകയും തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് കുട്ടിയെ കാണാതാവുകയുമായിരുന്നു. ഈ പെണ്‍കുട്ടിയുടെ കേസ് ഇപ്പോഴും നിലനില്‍ക്കുന്നതാണ്. ഒരു പ്രതിയെ മാത്രമേ കുട്ടി തിരിച്ചറിഞ്ഞിരുന്നുള്ളു. അത്തരമൊരു സാഹചര്യത്തില്‍ എന്തടിസ്ഥാനത്തിലാണ് ആ കുട്ടിയെ പറഞ്ഞു വിട്ടതെന്നതാണ് ഗൗരവകരമായ വിഷയം. ‘കുട്ടിക്ക് പോകാന്‍ സമ്മതമാണ്. വീട്ടുകാര്‍ക്ക് കൊണ്ടുപോകാന്‍ സമ്മതമാണ്. കേസിന്റേതായ നടപടിക്രമങ്ങള്‍ ഒന്നും തന്നെ ബാക്കിയില്ല. അപ്പോള്‍ കുട്ടിയെ നമ്മള്‍ നിര്‍ത്തിയിട്ട് കാര്യമില്ലലോ – ഇതാണ് സിഡബ്ലിയുസി ചെയര്‍മാന്‍ ഫാദര്‍ ജോസ് പോള്‍ നല്‍കിയ മറുപടി.

സ്വന്തം വീട്ടിലേക്ക് തിരികെ പോകാന്‍ തന്നെയാണ് ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത്. എന്നാല്‍ അവളവിടെ സുരക്ഷിതയാണോ എന്ന് ഉറപ്പ് വരുത്തേണ്ടിയിരുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ്. കുട്ടികള്‍ തന്റെ മാതാപിതാക്കളുടെ അടുക്കല്‍ അല്ലാതെ മറ്റെവിടെയാണ് സുരക്ഷിതരെന്നാണ് ഫാദര്‍ ചോദിക്കുന്നത്.

അവള്‍ തിരിച്ചറിഞ്ഞ ഒരു പ്രതി അവളുടെ അയല്‍വാസിയായ ഒരു വ്യക്തിയാണ്. ‘കുട്ടികള്‍ മാതാപിതാക്കളോടൊപ്പം പോകാനേ ആഗ്രഹിക്കുകയുള്ളു. പക്ഷെ നമ്മള്‍ കുട്ടിയുടെ വികാരത്തേക്കാളും അപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് കേസിനാണ്. പലപ്പോഴും ഇത്തരം കേസുകളില്‍ പ്രതിക്ക് ജാമ്യം കിട്ടി പുറത്തിറങ്ങും. ആ സമയത്താകും കുട്ടിയും തിരികെയെത്തുന്നത്. ഇത്തരം കേസുകളില്‍ ഭൂരിപക്ഷം പ്രതികളും വീട്ടിലുള്ളവരോ ബന്ധുക്കളോ അയല്‍വാസികളോ ആകാനാണ് സാദ്ധ്യത. സ്വാഭാവികമായും ഇവര്‍ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിക്കും. കാരണം പോക്സോ ചുമത്തിക്കഴിഞ്ഞാല്‍ ഏഴ് വര്‍ഷം തടവാണ്. പോക്സോ നിയമ പ്രകാരം പ്രതിയായാല്‍ പിന്നെ അയാളെ ഒരിടത്തും അംഗീകരിക്കില്ല. ഇതില്‍ നിന്നൊക്കെ രക്ഷപ്പെടാന്‍ പ്രതി തീര്‍ച്ചയായും ശ്രമിക്കും. പിന്നെ കുട്ടിയെ മാറ്റാന്‍ ശ്രമിക്കുക, കുട്ടിയെ പ്രതിയോടൊപ്പം പറഞ്ഞയക്കുക ഇങ്ങനെ പല പ്രവൃത്തികളും നടക്കും. ഇതൊക്കെ തിരിച്ചറിയാന്‍ പറ്റുന്നൊരാളല്ല ആ പെണ്‍കുട്ടി. ആയതിനാല്‍ തന്നെ അത് തിരിച്ചറിഞ്ഞ് അവള്‍ക്ക് സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം മുതിര്‍ന്നവര്‍ക്കും അത്തരം സംഘടനകള്‍ക്കുമാണ്”. ലൈംഗികാതിക്രമത്തിന് ഇരയായ കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

പതിനെട്ട് വയസ് എന്നത് എങ്ങനെയാണ് ഒരു കുട്ടിയുടെ യുക്തിബോധത്തെ പെട്ടെന്ന് മാറ്റുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയാണ്. കുറ്റം ചെയ്തൊരാള്‍ ഇപ്പോഴും സ്വതന്ത്രനായി സമൂഹത്തിലുള്ളപ്പോള്‍ അവള്‍ ഒരിക്കലും അവിടെ സുരക്ഷിതയല്ല. പതിനെട്ട് വയസുള്ള കുട്ടികളെ പുറത്തേക്കു വിടാമെന്ന് എഴുതപെട്ട നിയമം ഒന്നും നിര്‍ഭയ ഹോമുകളില്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആ കുട്ടിയെ പതിനെട്ട് പോലും തികയും മുമ്പെ മടക്കി അയക്കുകയാണ് ചെയ്തത്. വീടുകളിലും സമൂഹത്തിലും സുരക്ഷിതത്വം ലഭിക്കാത്ത കുട്ടികളാണ് ഇവര്‍.

നിര്‍ഭയ ഹോമില്‍ കുട്ടിയെ നിര്‍ത്തുന്നത് അവര്‍ പുറത്ത് സുരക്ഷിതരല്ലാത്തപ്പോഴാണ്. ഇതിപ്പോള്‍ ഞങ്ങള്‍ ആ കുട്ടിയുടെ വീടും സാഹചര്യങ്ങളും പഠിക്കുകയും കുട്ടി വീട്ടില്‍ തികച്ചും സുരക്ഷിതയായിരിക്കുമെന്ന ഡിസിപിയുവിന്‍റെ റിപ്പോര്‍ട്ടോട് കൂടിയാണ് കുട്ടിയെ വിട്ടത്’ – ഫാദര്‍ ജോസ് പോള്‍ പറയുന്നു.

എന്നാല്‍ അത്രയും ഉറപ്പുള്ള അന്തരീക്ഷത്തില്‍ നിന്നുമാണ് ആ പെണ്‍കുട്ടിയെ കാണാതായിരിക്കുന്നതെന്നു ചോദിക്കുമ്പോള്‍ പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിഷന്‍ ചെയര്‍മാന്റെ മറുപടി ഇങ്ങനെയാണ്; ‘അതിപ്പോള്‍ എത്ര കുട്ടികള്‍ വീട്ടില്‍ നിന്ന് ഓടിപോകുന്നു. എല്ലാര്‍ക്കും ഓരോ കാരണങ്ങള്‍ കാണും’

എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ കൊണ്ട് ഓടിപോകുന്നവരെ പോലെയല്ല ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി സുരക്ഷിതമെന്ന് കണ്ടെത്തിയ സാഹചര്യങ്ങളില്‍ നിന്ന് ഓടിപോകുന്നതെന്നാണ് ബാലാവകാശത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്‌.

സിഡബ്ല്യുസി നിലനില്‍ക്കുന്നത് ഒരു കുട്ടിയുടെ താല്‍പര്യങ്ങളെ നിലനിര്‍ത്താനും അവര്‍ നേരിട്ട അനുഭവത്തിന്റൈ ആഘാതം കഴിവതും അവരില്‍ നിന്നും നീക്കം ചെയ്ത്, അവരെ ഉത്തരവാദിത്തവും ആത്മവിശ്വാസവും ഉള്ളവരാക്കി തീര്‍ക്കാനും വേണ്ടിയാണ്. ഒരു കുട്ടിയെ അവളുടെ വീട്ടിലേക്ക് ഇത്രയും ആത്മവിശ്വാസത്തോടെ അയച്ചപ്പോള്‍ അവള്‍  എങ്ങനെ നിര്‍ഭയ ഹോമില്‍ എത്തിപ്പെട്ടു എന്നും ചിന്തിക്കണം. കുട്ടികളെല്ലാം ഇത്തരം വീടുകളില്‍ കഴിയണം എന്നല്ല. അവര്‍ മാതാപിതാക്കളോടൊപ്പം തന്നെ കഴിയേണ്ടവരാണ്. എന്നാല്‍ മാതാപിതാക്കള്‍ കുട്ടിയെ സംരക്ഷിക്കുക എന്ന കര്‍ത്തവ്യത്തില്‍ തോല്‍ക്കുമ്പോഴാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. അത്തരം കുട്ടികള്‍ക്കാണ് സ്റ്റേറ്റ് സംരക്ഷണം നല്‍കേണ്ടത്. കേസില്‍ വിധിയുണ്ടാകാത്തിടത്തോളം അവള്‍ ഇര എന്നതിനേക്കാള്‍ വലുതായി സാക്ഷി കൂടെയാണ്. അവളുടെ മൊഴിയാണ് സ്വര്യമായി നടക്കുന്ന മറ്റൊരു പ്രതിയെ കുടുക്കാനുള്ള പഴുത്. സ്വാഭാവികമായും അവള്‍ സമൂഹത്തില്‍ സുരക്ഷിതയല്ല. നിര്‍ഭയ ഹോമുകളില്‍ നിന്നും പതിനെട്ട് വയസ് പൂര്‍ത്തിയായി എന്ന കാരണത്താല്‍ പുറത്തേക്ക് പോകുന്ന ഭൂരിഭാഗം കുട്ടികളും പഠിപ്പ് നിര്‍ത്തുകയും പ്രതികളോടൊപ്പം പോകുകയുമാണ് പതിവ്. സിഡബ്ലിയുസിയില്‍ നിന്ന് പറഞ്ഞയച്ച കുട്ടിയുടെ ചലനങ്ങള്‍ നിരീക്ഷിക്കേണ്ടത് സിഡബ്ലിയുസിയുടെയും ഡിസിപിയുവിന്റെയും കടമയാണ്. അതിവിടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്;വനിത-ശിശുക്ഷേമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

പതിനെട്ട് വയസ് വരെ മാത്രം അവരെ സംരക്ഷിച്ച് തുടര്‍ന്ന് അവരുടെ കേസിന്റെ വിധി വന്നാലും ഇല്ലെങ്കിലും അവരെ പറഞ്ഞുവിടുകയല്ല ചെയ്യേണ്ടത്. ലൈംഗികാതിക്രമം പോലൊരു കേസിലെ ഇരയാകുമ്പോള്‍ ആ കേസ് തീരുന്നതുവരെ ആ കുട്ടിയെ സംരക്ഷിക്കുക എന്നതാണ് സിഡബ്ലിയുസി പോലൊരു സ്ഥാപനത്തിന്റെ ധര്‍മ്മം. സമൂഹത്തില്‍ മിക്കപ്പോഴും സ്വന്തം വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അയല്‍വാസികളില്‍ നിന്നുമാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നത്. അത്തരമൊരു സന്ദര്‍ഭത്തില്‍ ഈ കുട്ടികളെ അവിടേക്ക് തന്നെ തിരിച്ചയക്കുന്നത് അവര്‍ പിന്നെയും ഇത്തരം പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടാന്‍ കാരണമാകുന്നു. 2015ല്‍ പത്തനംതിട്ട ജില്ലയില്‍ നിന്നും ഇത്തരമൊരു പരാതി തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ വന്നിരുന്നു. ഗര്‍ഭിണിയായിരുന്ന ആ കുട്ടിയെ പ്രസവം വരെ സിഡബ്ല്യുസി നോക്കുകയും അതുകഴിഞ്ഞ് പീഡനത്തിനിരയായി എന്ന് വിശ്വസിക്കുന്ന വീട്ടിലേക്ക് അവളെ അമ്മയോടൊപ്പം പറഞ്ഞുവിടുകയാണ് ഉണ്ടായത്. തുടര്‍ന്ന് അവള്‍ എത്തിച്ചേര്‍ന്നത് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലാണ്. ഇതുപോലെ പല ഉദ്ദാഹരണങ്ങള്‍ നമ്മുടെ മുന്നിലുള്ളപ്പോഴാണ് കേരളത്തില്‍ കുട്ടികള്‍ താരതമ്യേന സുരക്ഷിതരായി വളരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

വാളയാറും കൊട്ടിയൂരും നടന്നിട്ട് അധികം നാളുകള്‍ കഴിഞ്ഞിട്ടില്ല. വലിയ ദുരന്തങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്നത് പോലെ പറഞ്ഞ് നിര്‍ത്തേണ്ടവയല്ല ഈ കുട്ടികളുടെ ജീവിതം. എല്ലാ തവണയും സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യാം എന്ന് പറയാതെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നിലകൊള്ളുന്ന ഇത്തരം സ്ഥാപനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നൂകുടെ സര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. നിരന്തരം തെറ്റുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി എടുക്കണം. പോക്സോ പോലൊരു നിയമം ഉണ്ടായിട്ട് പോലും പലപ്പോഴും അത് ശരിയായ രീതിയില്‍ നടപ്പാക്കപ്പെടുന്നില്ല.

‘കുട്ടികളുമായി ബന്ധപ്പെട്ട ഇത്തരം കേസുകള്‍ എത്രയും വേഗം വാദം കേട്ട് നടപടി എടുക്കുക്ക എന്നത് വളരെ പ്രധാനമാണ്. ഇതിപ്പോ ചില കേസുകള്‍ വര്‍ഷങ്ങളോളം നീളുന്നുണ്ട്. അത്രയും നാള്‍ ഈ കുട്ടികള്‍ നിര്‍ഭയ ഹോമുകള്‍ക്ക് ഉള്ളിലും തെറ്റ് ചെയ്തവര്‍ സമൂഹത്തിലും സുഖമായും ജീവിക്കുന്നു. അത് തന്നെ ഒരു തെറ്റല്ലേ. കുട്ടികളുടെ കേസിന് പ്രത്യേക കോടതി ഉണ്ടാകണം. ഒരു മുതിര്‍ന്ന വ്യക്തിയോട് ഉണ്ടാകുന്നതുപോലെയല്ല. ഇവര്‍ വളര്‍ന്നുവരുന്നവരാണ്. ഓരോ അനുഭവങ്ങളും അവരുടെ മാനസികാവസ്ഥയെ ബാധിക്കും.’ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. പതിനെട്ട് എന്ന അക്കം താണ്ടിയാല്‍ വിസ്മൃതിയിലേക്ക് തള്ളേണ്ടതല്ല ഈ കുട്ടികളുടെ ജീവിതം. അതിജീവിച്ചവരല്ല തെറ്റ് ചെയ്തവരാണ് ശിക്ഷ അനുഭവിക്കേണ്ടത്. മാറ്റി നിര്‍ത്തപ്പെടേണ്ടതും ഒളിച്ചോടേണ്ടതും തെറ്റ് ചെയ്തവരാണ്. കൈലാഷ് സത്യാര്‍ഥി പറഞ്ഞ ഇരുപതിനായിരം കുട്ടികളിലേക്ക് ഇനിയും ഒരു കുട്ടി എത്താതെ നോക്കാനുള്ള കടമ സമൂഹത്തിനും സര്‍ക്കാരിനും ഒരുപോലെയുണ്ട്.

ശില്‍പ മുരളി

ശില്‍പ മുരളി

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍