UPDATES

ഗൗരി നേഘ; കേക്ക് മുറിച്ചും ലഡു കൊടുത്തും ആഘോഷിക്കപ്പെടുന്ന അനീതി

ഗൗരി നേഘയുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരെ തിരിച്ചെടുത്ത് കേക്ക് മുറിച്ച് ആഘോഷിച്ച സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം

ഗൗരി നേഘയുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട അധ്യാപകരെ തിരിച്ചെടുത്ത സ്‌കൂള്‍ അധികൃതരുടെ നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പ്. വിദ്യാര്‍ഥി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ആരോപണവിധേയരായ അധ്യാപകരെ തിരിച്ചെടുത്ത നടപടി സമൂഹമന:സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായി സസ്പന്‍ഡ് ചെയ്യപ്പെട്ട അധ്യാപകരെ തിരിച്ചെടുത്ത നടപടിയില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി. കുറ്റാരോപിതരല്ലെന്ന് തെളിയുന്നത് വരെ ഇവരെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം മറികടന്നായിരുന്നു മാനേജ്‌മെന്റ് നടപടി.

കഴിഞ്ഞ ഒക്ടോബറിലാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി ഗൗരി നേഘ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് ദിവസത്തെ ചികിത്സ ഫലം കാണാതെ ഗൗരി മരിച്ചു. ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെ ക്ലാസില്‍ നിന്ന് അധ്യാപകര്‍ വിളിച്ചു കൊണ്ടുപോവുകയായിരുന്നു. പിന്നെ അറിയുന്നത് ഗൗരി സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി എന്ന വാര്‍ത്തയാണ്.

മൂന്നാഴ്ച മുമ്പാണ് ഗൗരി നേഘയുടെ മരണത്തില്‍ ആരോപണവിധേയരായ സിന്ധുപോള്‍, ക്രസന്റ് നേവിസ് എന്നിവരെ സ്‌കൂളില്‍ തിരിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് സസ്പന്‍ഷനിലായിരുന്ന ഇവര്‍ക്ക് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരുന്നത്. തിരികെ സ്‌കൂളിലെത്തിയ അധ്യാപകരെ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ പൂച്ചെണ്ട് നല്‍കിയും കേക്ക് മുറിച്ചുമാണ് സ്വീകരിച്ചത്. കേക്ക് മുറിച്ചുള്ള ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സ്‌കൂളിലെ തന്നെ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. എന്നാല്‍ തന്റെ മകളുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്ക് സഹജീവനക്കാര്‍ ആഘോഷവരവേല്‍പ്പ് നല്‍കിയതില്‍ പ്രതിഷേധിച്ച് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ ജില്ലാ കളക്ടര്‍ക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നു.

ആരോപണ വിധേയരായ അധ്യാപകരെ തിരിച്ചെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് വിശദീകരണം തേടി. എന്നാല്‍ പ്രിന്‍സിപ്പല്‍ നല്‍കിയ വിശദീകരണക്കുറിപ്പില്‍ അധ്യാപികമാരുടെ സസ്പന്‍ഷന്‍ കാലയളവ് ലീവായി പരിഗണിച്ച് ഇവരെ തിരിച്ചെടുക്കുകയായിരുന്നുവെന്നാണ് വ്യക്തമാക്കിയത്. കുറ്റക്കാരാണെന്ന് വ്യക്തമാകാത്ത സാഹചര്യത്തിലാണ് ഇവരെ തിരിച്ചെടുത്തതെന്നും കുറ്റം തെളിയിക്കപ്പെട്ടാല്‍ അപ്പോള്‍ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു. എന്നാല്‍ സസ്പന്‍ഷന്‍ കാലയളവില്‍ അധ്യാപികമാര്‍ക്ക് ആനുകൂല്യങ്ങള്‍ അനുവദിച്ചതായി വ്യക്തമായതോടെ കാര്യങ്ങള്‍ വിശദമാക്കാന്‍ ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് വീണ്ടും നോട്ടീസ് നല്‍കി. വിദ്യാര്‍ഥി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ആരോപണവിധേയരായ അധ്യാപകരെ തിരിച്ചെടുത്ത നടപടി സമൂഹമന:സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നോട്ടീസില്‍ പറയുന്നു.

“പ്രതികരിച്ചു, അതിന് എന്റെ കുഞ്ഞിന്റെ ശവശരീരം എന്റെ കയ്യില്‍ തന്നു”; ഗൗരി നേഘയുടെ കുടുംബം സംസാരിക്കുന്നു

എന്നാല്‍ സ്‌കൂളില്‍ സംഘര്‍ഷവും സമരവും ഉണ്ടാക്കിയും സ്വത്ത് നശിപ്പിച്ചും മറ്റ് പ്രകോപനങ്ങള്‍ സൃഷ്ടിച്ചുമാണ് യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ അധ്യാപകരെ സസ്പന്‍ഡ് ചെയ്യാന്‍ ഇടയാക്കിയതെന്ന് പ്രിന്‍സിപ്പല്‍ നല്‍കിയ മറുപടിയില്‍ പറയുന്നു. “പോലീസ് കേസെടുത്തതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സസ്പന്‍ഡ് ചെയ്തത്. തുടര്‍ന്ന് രണ്ട് അധ്യാപകരുടെ പേരില്‍ കേസെടുത്തതായും അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതായും കാണിച്ചുകൊണ്ടുള്ള ജഡ്ജ്മെന്റിന്റെ കോപ്പി രണ്ട് പേരും ഹാജരാക്കി. നിയമോപദേശത്തിനും നടപടിക്കുമായി മാനേജ്‌മെന്റിന് വിഷയം കൈമാറി. നിയമപരമായി ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണ നടപടികള്‍ നടത്തി. ഗൗരി നേഘയുടെ പിതാവോ അദ്ദേഹവുമായി ബന്ധപ്പെട്ട ആരും തന്നെയോ സ്‌കൂള്‍ പ്രിന്‍സിപ്പലിനോ മാനേജ്‌മെന്റിനോ യാതൊരു വിധ പരാതിയും നല്‍കിയിട്ടില്ല. കേസ്സുള്ള അധ്യാപകര്‍ക്കെതിരെ സ്കൂള്‍ തല നടപടികള്‍ അവസാനിപ്പിച്ചിട്ടില്ല. സ്‌കൂളിന്റെ പ്രവര്‍ത്തനസമയത്ത് യാതൊരുവിധ ആഘോഷങ്ങളും നടത്തിയിട്ടില്ല. സ്‌കൂളിലെ അധ്യാപകരുടെ മനോവീര്യം നഷ്ടപ്പെടുത്തി, സ്‌കൂളിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ശിഥിലപ്പെടാതിരിക്കാന്‍ ഉച്ചഭക്ഷണ സമയത്ത് മറ്റധ്യാപകര്‍ ആവശ്യപ്പെട്ടതനുസരിച്ച് അവരെ കാണാന്‍ ഞാന്‍ ചെന്നതാണ്. അപ്രതീക്ഷിതമായ അവരുടെ നിര്‍ബന്ധം കൊണ്ട് സംഭവിച്ചതാണ് മറ്റുകാര്യങ്ങള്‍. ഗൗരി നേഘയുടെ മരണത്തിന് ശേഷം സ്‌കൂളില്‍ യാതൊരുവിധ ആഘോഷങ്ങളും നടത്തിയിട്ടില്ല” എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ വിശദീകരണം.

മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് താന്‍ സമരത്തിനിറങ്ങുകയാണെന്ന പ്രസന്നകുമാറിന്റെ അറിയിപ്പ് ഫലം കണ്ടു. സിറ്റി പോലീസ് കമ്മീഷ്ണര്‍ ഡോ. എ. ശ്രീനിവാസ് മാനേജ്‌മെന്റ് പ്രതിനിധികളെ വിളിച്ചുവരുത്തി ചര്‍ച്ച ചെയ്തു. തുടര്‍ന്ന് തിരിച്ചെടുത്ത അധ്യാപികമാര്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നിര്‍ബന്ധിത അവധി നല്‍കിയിരിക്കുകയാണ്.

എന്നാല്‍ ഈ നടപടിയൊന്നും തങ്ങള്‍ക്ക് ലഭിക്കേണ്ട നീതിയല്ലെന്നും കോടതി വിധി വരുന്നത് വരെ ഈ അധ്യാപകരെ പുറത്തു നിര്‍ത്തണമെന്നും ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാര്‍ പറയുന്നു. “സിബിഐ അന്വേഷണം വേണമെന്നതാണ് ഞങ്ങളുടെ ആവശ്യം. അത് മുഖ്യമന്ത്രിയെ കണ്ട് പറയുകയും ചെയ്തു. എത്രയും വേഗം അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. പരാതി നല്‍കിയിട്ടില്ല എന്നൊക്കെ പറയുന്നത് അഴകൊഴമ്പന്‍ ന്യായങ്ങളാണ്. പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. അത് ആ സ്‌കൂളില്‍ എന്റെ കുഞ്ഞിന് സംഭവിച്ചതുമായി ബന്ധപ്പെട്ടാണ്. അത് മതിയാവില്ല എന്നൊക്കെ പറയുന്നത് വഴി എന്താണ് ഇവരുടെ ഉദ്ദേശമെന്ന് ഞങ്ങള്‍ക്കറിയാം”, അദ്ദേഹം പറഞ്ഞു.

ഗൗരി കെട്ടിടത്തില്‍ നിന്ന് ചാടിയ അന്നാണ് അധ്യാപിക മറ്റൊരു കുട്ടിയുടെ കരണത്തടിച്ചത്; ആ അമ്മയ്ക്കും ചിലത് പറയാനുണ്ട്

ഗൗരിയുടെ മരണത്തിന് ശേഷം ഇതേവരെ ഗൗരിയുടെ അമ്മ സാലി ഫോണ്‍ ഓണ്‍ ചെയ്തിട്ടില്ല. മകളുടെ അപ്രതീക്ഷിത മരണം ഉണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ഒന്നെഴുന്നേറ്റ് സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരണമെന്നുറച്ച് രണ്ടാഴ്ച മുമ്പ് ഒരു ദിവസം സാലി തന്റെ ഫോണ്‍ ഓണ്‍ ചെയ്തതാണ്. പക്ഷെ ഫോണ്‍ ഓണ്‍ ആക്കി മിനിറ്റുകള്‍ക്കകം ഒരു കോള്‍ വന്നു. മകളുടെ മരണത്തിന് കാരണക്കാരായവരെന്ന് അവര്‍ വിശ്വസിക്കുന്ന രണ്ട് അധ്യാപകര്‍ തിരിച്ച് സ്‌കൂളിലെത്തിയ കാര്യം നേരിട്ട് വിളിച്ച് പറയാന്‍ ആരോ വിളിച്ചതായിരുന്നു. വീട്ടുകാര്‍ അക്കാര്യം നേരത്തെ അറിഞ്ഞിരുന്നെങ്കിലും സാലിയേയോ ഇളയമകളേയോ അത് അറിയിച്ചിരുന്നില്ല. പക്ഷെ ആ വാര്‍ത്ത അവരെ വീണ്ടും തളര്‍ത്തി. ഇനി തന്റെ മകള്‍ ഗൗരിക്ക് നീതി കിട്ടാതെ ഫോണ്‍ ഓണ്‍ ചെയ്യില്ലെന്നുറച്ച് അവര്‍ അത് മാറ്റി വച്ചു. കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഗൗരി നേഘയുടെ ആത്മഹത്യക്ക് കാരണക്കാരായി ആരോപിക്കപ്പെടുന്ന അധ്യാപകരെ സ്‌കൂളില്‍ തിരിച്ചെടുത്ത് ആ വരവ് കേക്ക് മുറിച്ച് ആഘോഷിച്ച സ്‌കൂള്‍ അധികൃതരുടെ നടപടി സാലിയെ മാത്രമല്ല മകള്‍ക്ക് മരണാനന്തര നീതിയെങ്കിലും ലഭിക്കാനായി പോരാടുന്ന ഒരു കുടുംബത്തെ മുഴുവനാണ് തകര്‍ത്ത് കളഞ്ഞത്.

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.

പ്രതികളെ പിടിക്കാതെ സ്‌കൂള്‍ തുറക്കാന്‍ അനുവദിക്കില്ല: പിടിഎ മീറ്റിംഗിലും ഗൗരി നേഘയുടെ അച്ഛന്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍