UPDATES

കാസര്‍ഗോഡ് കന്നഡ നാടാണ്; മലയാളം വേണ്ടേ വേണ്ട; മാതൃഭാഷയ്ക്കായി കന്നഡിഗര്‍ സമരം ചെയ്യുമ്പോള്‍

പുതിയ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ മലയാളം നിര്‍ബന്ധിത പാഠ്യ വിഷയമാക്കിക്കൊണ്ടുള്ള പിണറായി സര്‍ക്കാരിന്റെ പ്രഖ്യാപനം കാസര്‍ഗോഡിനെ പിടിച്ചുലച്ചിരിക്കുകയാണ്

ചന്ദ്രഗിരിക്കിപ്പുറം കര്‍ണാടകമാണെന്ന് തന്നെ വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് കാസര്‍ഗോഡിന്റെ ഉത്തരഭാഗത്തെ മണ്ഡലങ്ങളായ കാസറഗോഡിന് വടക്കും, മഞ്ചേശ്വരം മണ്ഡലം മുഴുവനായും കണ്ടുവരുന്നത്. തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിലും, അഡ്രസ് കോളം പൂരിപ്പിക്കുമ്പോഴും മാത്രമാണ് ഇവിടുത്തെ നല്ലൊരു ശതമാനം ജനങ്ങളും കേരളീയരാണ് എന്ന് ഓര്‍ക്കുന്നത് പോലും. കേരളത്തിന്റെ ദേശീയോത്സവം ഇവിടെയൊരു ആഘോഷമേ അല്ലാത്തതും, മലയാളവുമായി വലിയ സാമ്യമൊന്നും കാണാത്ത ഭാഷകളും, സംസ്‌ക്കാരവും ഇവിടെ വ്യാപിച്ച് കാണുന്നതും അതുകൊണ്ടൊക്കെ തന്നെയാണ്. ഈ തുളുനാടിന് കൂടുതല്‍ അടുപ്പം കര്‍ണാടകത്തിനോടാണെന്ന് പറയാതെ വയ്യ. ഈ നാട്ടിലെ ഭക്ഷണരീതിയില്‍ പോലും അത് തെളിഞ്ഞുകാണാം. മലയാളം മീഡിയം സ്‌കൂളുകള്‍ ഉണ്ടായിരുന്നിട്ട് പോലും മക്കളെ കന്നഡ പഠിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന അച്ഛനമ്മമാരാണ് ഇവിടെ കൂടുതല്‍. കേരളത്തില്‍ ജോലി വേണമെങ്കില്‍ മലയാളം പഠിക്കണമെന്ന് വന്നതോടെ നല്ലൊരു ശതമാനവും മലയാളത്തിന് മുന്നില്‍ കീഴടങ്ങി തുടങ്ങിയിട്ടുണ്ടെന്ന് കന്നഡ സംരക്ഷകര്‍ നിരീക്ഷിക്കുന്നു. ഈ വസ്തുത തന്നെയാണ് സര്‍ക്കാരിന്റെ പുതിയ പരിഷ്‌കാരത്തെ ഇത്രയും ശക്തമായി പ്രതിരോധിക്കാന്‍ അവരെ പ്രേരിപ്പിച്ചതും.

കുട്ടിക്കാലം മുതല്‍ പറഞ്ഞു ശീലിച്ച ഭാഷയ്ക്ക് മേല്‍ മറ്റൊരു ഭാഷയെ അടിച്ചേല്‍പ്പിച്ചു കൊണ്ടുള്ള ഭരണകൂടത്തിന്റെ പീഡനം അവര്‍ക്ക് സഹിക്കവയ്യ. എന്തു വിലകൊടുത്തും മാതൃഭാഷയെ സംരക്ഷിക്കും. ഈ വികാരത്തിന്റെ ഐക്യപ്പെടല്‍ തന്നെയാണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡിനെ ഞെട്ടിച്ച കന്നഡ സംരക്ഷകരുടെ കളക്ടറേറ്റ് വളഞ്ഞുകൊണ്ട് ആരംഭിച്ച സമരം. ജനസാഗരം ഒഴുകിയെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് അകത്ത് പ്രവേശിക്കാനായില്ല. രാഷ്ട്രീയ നേതാക്കളും വിവിധ ഭാഷാ സംരക്ഷക സംഘടനകളും സംയുക്തമായി രൂപം നല്‍കിയ സമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കിയത്.


പുതിയ അധ്യയന വര്‍ഷം മുതല്‍ മാതൃഭാഷ മലയാളം നിര്‍ബന്ധിത പാഠ്യ വിഷയമാക്കിക്കൊണ്ടുള്ള പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം കാസര്‍ഗോഡിനെ പിടിച്ചുലച്ചിരിക്കുകയാണ്. ഏഴിലധികം ഭാഷകള്‍ സംസാരിക്കുന്ന വ്യത്യസ്ത സംസ്‌ക്കാരങ്ങളുടെ ഭാഗഭാക്കുകളായി ജീവിക്കുന്ന ജനവിഭാഗമാണ് ഇതിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. തുളു, കന്നഡ, കൊങ്ങിണി, ബ്യാരി, മറാത്തി, ഉര്‍ദു, മലയാളം, ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളുടെ സംഗമഭൂമിയെങ്കിലും, ഇവരെല്ലാം അക്ഷരം എഴുതിയതും വിദ്യ അഭ്യസിച്ചതും കന്നഡ മീഡിയത്തില്‍ കന്നഡ ഭാഷയിലാണ്. ഈ ‘കരിനിയമം’ നടപ്പിലാക്കി ഇതര ഭാഷകളെ കൊന്നുകളയരുതെന്ന ആവശ്യവുമായി കന്നഡയ്ക്കും മറ്റ് പ്രധാനഭാഷകള്‍ക്കും വേണ്ടി ജനങ്ങള്‍ കളക്ടറേറ്റ് വളയുകയും മറ്റ് പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു.

കന്നഡ മീഡിയങ്ങളെ മലയാളവത്ക്കരിച്ച് തങ്ങളുടെ മാതൃഭാഷയെയും സംസ്‌ക്കാരത്തേയും തന്നെ ഇല്ലാതാക്കുന്ന പ്രവര്‍ത്തിയാണ് ഇടത് സര്‍ക്കാര്‍ നടത്തിവരുന്നതെന്നും, സര്‍ക്കാരിന്റെ പ്രഖ്യാപനത്തില്‍ നിന്നും കാസര്‍ഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളെ ഒഴിച്ചു നിര്‍ത്തണമെന്നും കന്നഡ ഭാഷാ സംരക്ഷകര്‍ പറയുന്നു. ഇതേ പ്രഖ്യാപനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ ഓര്‍മ്മപ്പെടുത്തി. ഉത്തര കര്‍ണാടകയില്‍ നിന്നും ഭീമാ ശങ്കര്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ അന്‍പത് പേരടങ്ങുന്ന സംഘം കാസറഗോഡ് സമരം ചെയ്യുന്ന കന്നഡ ഭാഷാ സംരക്ഷകര്‍ക്ക് ഐക്യദാര്‍ഡ്യം അര്‍പ്പിച്ചുകൊണ്ട് കളക്ടറേറ്റ് പരിസരത്തെത്തി. കന്നഡ ഭാഷയ്ക്കായി ഒത്തുകൂടിയത് പതിനായിരങ്ങളായിരുന്നു.

‘കന്നഡ നാടു കാസറഗോഡു
കടത്ത ദല്ലാഗിതെ കണ്‍തെരതു നോടു
കന്നഡ വെമ്മദു അന്നതഭാഷെ
ഹൊഡെദരു ഹോഗത അമ്മന ഭാഷെ
ബതുക്കണു ആരിസി ബാളലു ബന്ത
പരദേശീയരുനാവെല്ലാ…’  (കാസര്‍ഗോഡ് കന്നഡ നാടാണ്. പക്ഷേ ഇപ്പോള്‍ കന്നഡ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ പോലെയായി. നമുക്കെല്ലാം അന്നം നല്‍കുന്ന ഭാഷയാണ് കന്നഡ. അടിച്ചോടിച്ചാലും ഈ നാട്ടിലെ തനതു മാതൃഭാഷ ഇല്ലാതാകില്ല. നമ്മളെല്ലാം കാസര്‍ഗോഡിന്റെ മക്കളാണ്. അല്ലാതെ ജോലിതേടി ഇവിടെയെത്തിയ പരദേശികളൊന്നുമല്ല…) കക്ഷി രാഷ്ട്രീയ ഭേദമന്യേ കന്നഡയ്ക്കായി അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കളക്ടറേറ്റ് പരിസരം, ജില്ലാ പഞ്ചായത്ത് ഓഫീസ് തുടങ്ങി എഴുപതോളം ഓഫീസുകളാണ് പ്രതിഷേധത്തില്‍ സ്തംഭിച്ചത്.

ഭാഷാ ന്യൂനപക്ഷങ്ങളെ പരിഗണിക്കാത്ത തരത്തിലുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടതെന്നും ഇതിലൂടെ കന്നഡിഗരുടെ അവകാശം തന്നെയാണ് ഇല്ലാതാകുന്നതന്നും പ്രതിപക്ഷ എം.എല്‍.എ കൂടിയായ മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദു റസാഖ് പറഞ്ഞു. കന്നഡ ന്യൂനപക്ഷങ്ങളുടെ മാതൃഭാഷ കന്നഡയാണെന്നതില്‍ തര്‍ക്കമില്ലെന്നും, വിവിധ ഭാഷകള്‍ പഠിക്കുന്നതിനൊപ്പം മലയാളം കൂടി പഠിക്കുന്നതിനെന്താ ഇത്ര വലിയ കാര്യമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചു. ഭാഷാ ന്യൂനപക്ഷങ്ങളുടെ ആശങ്ക വെറുതേയാണെന്നും ന്യൂനപക്ഷങ്ങളെക്കൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും അദ്ദേഹം കാസര്‍ഗോഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു.


പ്രതിഷേധത്തിന് മുന്‍പും പിന്‍പും കേരള സംസ്ഥാനത്തിലെ പ്രധാന ജനപ്രതിനിധികളോ, ജില്ലാ കളക്ടറോ പ്രശ്‌നത്തില്‍ ഇടപെട്ടിട്ടില്ലെന്നും, ന്യായമായ തങ്ങളുടെ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. ജില്ലയുടെ കന്നഡ ന്യൂനപക്ഷ മേഖലയാകെ ഇളക്കിമറിച്ചിരിക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പുതിയ പരിഷ്‌ക്കാരം. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് മെയ് 31-ന് ജില്ലയില്‍ ഹര്‍ത്താല്‍ നടത്താന്‍ കന്നഡ പോരാട്ട സമിതി തീരുമാനിച്ചിരിക്കുകയാണ്.

‘കാസറഗോഡു കന്നഡ നാടു
കന്നഡ കലികള തവറൂറു
കന്നഡ വന്നേ ബളസുവേവൂ
കന്നഡക്കാകിയേ ബദുക്കുവേവൂ’

കാസറഗോഡ് കന്നഡ നാടാണ്. കന്നടത്തിന്റെ വീര പുരുഷന്‍മാരുടെ മണ്ണാണിത്. ഈ ഭാഷതന്നെ നമ്മള്‍ ഇനിയും ഉപയോഗിക്കും. കന്നഡയ്ക്ക് വേണ്ടിയേ ഇനി ജിവിക്കുകയുള്ളൂ… പലകോണുകളില്‍ നിന്നും പ്രതിഷേധവും, പോരാട്ടവുമായി മുദ്രാവാക്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ദില്‍ന വികസ്വര

ദില്‍ന വികസ്വര

മാധ്യമ പ്രവര്‍ത്തക. കണ്ണൂര്‍ സ്വദേശി

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍