UPDATES

വിസിക്കും പിവിസിക്കും അകമ്പടിക്ക്‌ ആര്‍എസ്എസുകാര്‍; അഖിലിനെ തിരിച്ചെടുക്കാതെ പറ്റില്ലെന്ന് വിദ്യാര്‍ഥികള്‍; കാസര്‍ഗോഡ്‌ സര്‍വകലാശാലയില്‍ നടക്കുന്നത്

മറ്റൊരു രോഹിത് വെമുലയെ സൃഷ്ടിക്കുന്നതില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട കേരളത്തിലെ ഓരേയൊരു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്

മറ്റൊരു രോഹിത് വെമുലയെ സൃഷ്ടിക്കുന്നതില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട കേരളത്തിലെ ഓരേയൊരു കേന്ദ്ര സര്‍വകലാശാല വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അനിശ്ചിതമായി അടച്ചിട്ടിരിക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ ക്യാമ്പസില്‍ നിന്ന് പുറത്താക്കപ്പെട്ട ഇന്റർനാഷണൽ റിലേഷൻസ് സ്കൂളിലെ വിദ്യാർത്ഥി അഖില്‍ താഴത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെ വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രക്ഷോഭത്തിനൊരുങ്ങുകയായിരുന്നു. എന്നാല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോലും തയാറാകാതെ ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടുകൊണ്ട് വിദ്യാര്‍ഥികളെ വെല്ലുവിളിച്ചിരിക്കുകയാണ് സര്‍വകലാശാല.

പ്രശ്ന പരിഹാരത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നടന്ന യോഗത്തില്‍ അഖില്‍ മാപ്പ് അപേക്ഷ നല്‍കണമെന്ന ആവശ്യമാണ് സര്‍വകലാശാല അധികൃതര്‍ മുന്നോട്ടുവെച്ചത്. തന്റെ കൈയില്‍ നിന്ന് പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ മാപ്പ് പറയുന്നു എന്ന രീതിയില്‍ അഖില്‍ കത്ത് എഴുതി നല്‍കണമെന്നാണ് യോഗത്തില്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. അത് ഇന്ന് അഞ്ചു മണിക്ക് മുമ്പ് വേണമെന്നും വൈസ് ചാന്‍സിലര്‍ സ്ഥലത്ത് ഇല്ലാത്തതിനാല്‍ അദ്ദേഹം തിരിച്ചെത്തിയ ശേഷം നടക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഖിലിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കും എന്നുമാണ് അധികൃതരുടെ നിലപാട്. എന്നാല്‍ അത് സാധ്യമല്ലെന്നും അഖിലിനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാവണം എന്നും അല്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്നുമാണ് വിദ്യാര്‍ഥികള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതിനിടെ 48 മണിക്കൂറിനുള്ളില്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന നിര്‍ദേശവും സര്‍വകലാശാല അധികൃതര്‍ നല്‍കിയിട്ടുണ്ട്.

”അഖിലിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി നടന്ന സമരത്തില്‍ സംഭവിച്ചത്
തികച്ചും ഞെട്ടലുളവാക്കുന്ന കാര്യങ്ങളാണ്, പ്രൊ വൈസ് ചാന്‍സലര്‍ വിദ്യാര്‍ത്ഥികളോട് ഉത്തരം പറയാതെ പോകില്ലെന്ന് വ്യക്തമാക്കി സമരത്തില്‍ ഉറച്ച് നിന്ന വിദ്യാര്‍ത്ഥികളെ പോലീസ് പുറത്താക്കി. അതേസമയം തന്നെ പുറത്ത് ബിജെപി- ആര്‍എസ്എസുകാര്‍ സര്‍വ്വകലാശാലയ്ക്ക് പുറത്ത് സംഘടിച്ചെത്തി. ഞങ്ങളെ പുറത്താക്കിയ പോലീസ് ബിജെപി-ആര്‍എസ്എസുകാരെ ആ സമയത്ത് അകത്ത് കയറ്റി. തുടര്‍ന്ന് അവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ബഹളം വെച്ചു. പുറത്തുനിന്നുള്ള എസ്എഫ്‌ഐ ക്കാരും ഓടിക്കയറി. കുറച്ച് കഴിഞ്ഞപ്പോള്‍ ആര്‍എസ്എസ് മൂര്‍ദാബാദും വിളിച്ച് അവര്‍ പോയി, ഞങ്ങളെ പുറത്താക്കി വാതില്‍ വീണ്ടും  അടച്ചു. എന്തിനാണ് ആര്‍എസ്എസുകാരെ അകത്ത് കയറ്റിയെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങളവരെ കണ്ടില്ലെ’ന്നാണ് പോലീസ് പറഞ്ഞത്. പ്രൊ വിസി പോലീസിന്റെയും ആര്‍എസ്എസിന്റെയും അകമ്പടിയോടെ വീട്ടിലേക്ക് പോയി, വീണ്ടും വീണ്ടും കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. എന്താണ് പോലീസ് ചെയ്യുന്നത്?  ബിജെപി- ആര്‍എസ്എസ് ചെയ്യുന്നത്? പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് ഹോസ്പിറ്റലിലാണ്.  ഈ അവസ്ഥയിലും അധികൃതരുടെ പ്രതികരണമിതായിരുന്നു”,  സര്‍വകലാശാലയിലെ പിജി വിദ്യാര്‍ഥിയായ അഭിനന്ദ് കിഷോര്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി ക്യാമ്പസില്‍ നടക്കുന്ന അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇപ്പോള്‍ അഖിലിന്റെ ഈ അവസ്ഥയില്‍ ചെന്നെത്തി നില്‍ക്കുന്നതെന്ന് എസ്എഫ്‌ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ ആരോപിക്കുന്നു. സര്‍വകലാശാല അധികൃതര്‍ക്കെതിരെ ഉയരുന്ന എല്ലാ ശബ്ദങ്ങളെയും ഒന്നുകില്‍ മാവോയിസ്റ്റ് മുദ്രകുത്തുകയോ, മയക്കുമരുന്ന്, കഞ്ചാവ് മാഫിയയാക്കി ചിത്രീകരിക്കുകയാണ് അധികൃതരുടെ പതിവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

ക്യാമ്പസിലെ സംഘപരിവാര്‍വത്ക്കരണത്തിനെതിരെ ശക്തമായ സമരത്തിലാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിലാണ്. നിലവില്‍ ക്യാമ്പസ് പൂര്‍ണമായും പോലീസ് നിരീക്ഷണത്തിലാണ്. എന്നിരുന്നാലും ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളിലും ശക്തമായി സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു.

സര്‍വകലാശാലയിലെ ക്രമസമാധാനനില കാസര്‍ഗോഡിനെ പൂര്‍ണമായി ബാധിക്കുന്ന ഒന്നാണെന്ന് കാസര്‍ഗോഡ്‌ എസ്.പി ശ്രീനിവാസ് പ്രതികരിച്ചു. പ്രശ്നങ്ങള്‍ അടിയന്തിരമായി പരിഹരിക്കാന്‍ ശ്രമിക്കും. അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് വേണ്ട കൂടിയാലോചനക്കായി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചതായും എസ്പി പറയുന്നു.

“അഖിലിന്റെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ സര്‍വകലാശാല വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. എന്നാല്‍ വൈകിട്ട് ഏഴ് മണി വരെ വിദ്യാര്‍ഥികളെ അഡ്രസ്സ് ചെയ്യാനോ അവരോട് സംസാരിക്കാനോ അധികൃതര്‍ തയ്യാറായില്ല. പല വിദ്യാര്‍ഥികളും കരയുന്ന അവസ്ഥയില്‍ വരെയെത്തി കാര്യങ്ങള്‍. ഇത് മുമ്പും പല തവണ സംഭവിച്ചിട്ടുണ്ട്. ആരോടും ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണിവിടെ. വിദ്യാര്‍ഥികളെ മുഖവിലക്കെടുക്കാന്‍ ഒരിക്കല്‍ പോലും ഇവര്‍ തയ്യാറാവുന്നില്ല’‘ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഗവേഷക വിദ്യാര്‍ഥി തുഫൈല്‍ അഴിമുഖത്തോട് പറഞ്ഞു.

കഴിഞ്ഞ കുറെ നാളുകളായി സര്‍വകലാശാല അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥി വിരുദ്ധമായ മനോഭാവങ്ങളും നടപടികളും തികച്ചും വിചിത്രമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നിരവധി പേരുടെ വിദ്യാഭ്യാസമാണ് സര്‍വകലാശാല താറുമാറാക്കിയത്. അതില്‍ ഒടുവിലത്തെ പേരാണ് അഖിലിന്റെത്.

രാജ്യത്തെ പതിനഞ്ച് കേന്ദ്ര സര്‍വകലാശാലകളിലൊന്നായ സെന്റട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള 2009-ലാണ് സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ അന്ന് മുതല്‍ ഇന്നോളം അന്‍പതോളം കേസുകളാണ് സര്‍വകലാശാലയ്‌ക്കെതിരായുള്ളത്. നിലവില്‍ 1500-ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനമാണ് ഒറ്റ ദിവസം കൊണ്ട് അടച്ചിടാനായാതെന്നും അധികാര കേന്ദ്രങ്ങളിലുള്ള ഇവിടത്തെ അഡ്മിനിസ്‌ട്രേഷന്റെ പിടിപാടിലേക്ക് തന്നെയാണ് വിരല്‍ചൂണ്ടുന്നത്.

ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് അഖിലിനെ ക്യാമ്പസില്‍ നിന്ന് പുറത്താക്കുന്നത്. ദലിത് ഗവേഷക വിദ്യാര്‍ഥിയായ നാഗരാജുവിനെ ഗ്ലാസ് പൊട്ടിച്ചെന്ന പേരില്‍ സസ്‌പെന്റ് ചെയ്യുകയും പിന്നീട് കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളെ വിമര്‍ശിച്ചായിരുന്നു അഖിലിന്റെ ഫേസ്ബുക്ക് കുറിപ്പ്. സര്‍ട്ടിഫിക്കറ്റ് ആവശ്യങ്ങള്‍ക്കായി ക്യാമ്പസില്‍ പ്രവേശിക്കാന്‍ പോലും അധികൃതര്‍ അഖിലിനെ അനുവദിച്ചിരുന്നില്ല. ക്യാമ്പസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സെക്യൂരിറ്റിക്കാര്‍ ഗേറ്റില്‍ വെച്ച് തന്നെ തടയുകയാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് സര്‍വകലാശാലയുടെ രാഷ്ട്രീയ പകപോക്കലിനെതിരെ അഖില്‍ ശക്തമായി തന്നെ രംഗത്ത് വന്നിരുന്നു. അധികൃതര്‍ മാപ്പെഴുതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പെഴുതി നല്‍കാന്‍ സാധ്യമല്ലെന്നും എന്നാല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതില്‍ ഖേദമുണ്ടെന്നും അഖില്‍ അറിയിച്ചതാണ്. തുടര്‍ന്നാണ് അഖിലിനെ ക്യാമ്പസില്‍ നിന്നും പുറത്താക്കിയത്. ഇതേ വിഷയത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ ഇംഗ്ലീഷ് ആന്‍ഡ് കംപാരിറ്റീവ് ലിറ്ററേച്ചര്‍ വിഭാഗം മേധാവിയായിരുന്ന ഡോ. പ്രസാദ് പന്ന്യനെതിരെയും സര്‍വകലാശാല നടപടിയെടുത്തിരുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും, വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു.

നാഗരാജിന്റെ അറസ്റ്റിനെ തുടര്‍ന്ന് സര്‍വകലാശാല വിദ്യാര്‍ഥികള്‍ ജോയിന്റ് ആക്ഷന്‍ കൌണ്‍സില്‍, എസ്എഫ്ഐ എന്നിവരുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചിരുന്നു. ഈ കഴിഞ്ഞ വര്‍ഷം തന്നെയാണ് ലിംഗ്വിസ്റ്റിക്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയായ അന്നപൂര്‍ണിയെ രാത്രി ക്യാമ്പസ്സില്‍ ഇരുന്നു എന്ന കാരണം പറഞ്ഞ് പുറത്താക്കുകയും തുടര്‍ന്ന് യൂണിവേഴ്‌സിറ്റി സെക്യൂരിറ്റി സ്റ്റാഫില്‍ നിന്നും ശാരീരിക ആക്രമണം നേരിടേണ്ടി വരികയും ചെയ്തത്. ഇത്രയും രൂക്ഷമായ പ്രശ്‌നത്തില്‍ യൂണിവേഴ്‌സിറ്റി ഇടപെടുകയോ, വിദ്യാര്‍ത്ഥിയെ ആക്രമിച്ച സ്റ്റാഫിനെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അതേ അധികൃതര്‍ അന്നപൂര്‍ണിയെ പിന്നീട് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിസ്മിസ് ചെയ്യുകയാണുണ്ടായത്.

”ഇത് ഒരു കേന്ദ്രസര്‍വകലാശാലയാണെന്നും തങ്ങള്‍ക്ക് ഒരു വിധത്തിലും ഇവിടുത്തെ സംസ്ഥാന സര്‍ക്കാരുമായി സംവദിക്കേണ്ടതില്ലെന്നും നിങ്ങളുടെ വാക്കുകള്‍ വിലപ്പോവില്ലെന്നുമൊക്കെ അധികൃതര്‍ പലപ്പോഴായി ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നെയടക്കം പലരെയും പല സമയങ്ങളിലായി നിസ്സാര കാരണങ്ങള്‍ക്കാണ് ഹോസ്‌ററലില്‍ നിന്ന് പുറത്താക്കിയിരിക്കുന്നത്. അഭിനന്ദ്, ശില്‍പ, അലീന, നാഗരാജ് തുടങ്ങിയവരെ ഒരു യുക്തിക്കും നിരക്കാത്ത കാരണങ്ങള്‍ പറഞ്ഞാണ് ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയത്. ഇന്നലെ സമരം നടക്കുമ്പോള്‍ പോലും തികച്ചും നിരുത്തരവാദിത്തപരമായ പെരുമാറ്റമാണ് അഡ്മിനിസ്‌ട്രേഷന്‍ സ്വികരിച്ചത്. മണിക്കൂറുകള്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ പരിഗണിക്കുക പോലും ചെയ്യാതെയാണ് പ്രൊ വിസി ബിജെപി പ്രവര്‍ത്തകരുടെയും പോലീസിന്റെയും അകമ്പടിയോടെ ഇറങ്ങിപ്പോയത്”, ആന്ധ്രയില്‍ നിന്നുള്ള പിജി വിദ്യാര്‍ഥിയായ റാം പറയുന്നു. തന്നോട് തന്നെ പല തവണ മുഖത്ത് നോക്കി താന്‍ മാവോയിസ്റ്റല്ലേയെന്നും നിനക്ക് ഒരു വര്‍ഷത്തെ ആയുധ പരിശീലനം ലഭിച്ചിട്ടില്ലേ എന്നുമൊക്കെ ഇവിടെ വന്ന് ഒരു മാസത്തിനിടയില്‍ തന്നെ ചോദിച്ചിട്ടുണ്ട്, കൂടാതെ പ്രൊഫസര്‍ ഗില്‍ബര്‍ട്ട് അല്ലേ നിങ്ങളുടെ നേതാവെന്ന രീതിയിലും രജിസ്ട്രാര്‍ അടക്കം പല തവണ പറഞ്ഞിട്ടുണ്ടെന്നും റാം കൂട്ടിച്ചേര്‍ത്തു.

പ്രൊ വൈസ് ചാന്‍സലര്‍ ജയപ്രസാദ്, രജിസ്ട്രാര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വിദ്യാര്‍ഥികളെ പല രീതിയില്‍ ഭിഷണിപ്പെടുത്താറുണ്ടെന്നും, പ്രൊ വിസി ക്ലാസില്‍ തന്നെ താന്‍
ആര്‍എസ്എസുകാരനാണ്, ഇന്ത്യ ഭരിക്കുന്നത് ആര്‍എസ്എസ് ആണെന്നും, പാര്‍ലമെന്റിനോട്  മാത്രമാണ് തങ്ങള്‍ ഉത്തരം പറയേണ്ടതെന്നെല്ലാം ആവര്‍ത്തിച്ച് പറയാറുള്ളതായും പല വിദ്യാര്‍ഥികളും അഴിമുഖത്തോട് പറഞ്ഞു.

പ്രൊഫ. എസ്‌.വി ശേഷഗിരി റാവു എന്ന ചാന്‍സലറില്‍ നിന്നു തന്നെ തുടങ്ങുന്നു സര്‍വ്വകലാശാലയുടെ ഉറച്ച സംഘപരിവാര്‍ ബന്ധം. തെലങ്കാനയിലെ ബിജെപിയുടെ ഉന്നത നേതാവു കൂടിയാണിദ്ദേഹം. ബിജെപിയുടെ ദേശീയ എക്‌സിക്യുട്ടീവ് മെമ്പറായ ശേഷഗിരി റാവു പാര്‍ട്ടിയുടെ സൈദ്ധാന്തികമായ മേഖലകളിലും വ്യാപരിക്കുന്നയാളാണ്. ഇദ്ദേഹം ചാന്‍സിലറായി അധികാരമേറ്റെടുത്തത് കഴിഞ്ഞ വര്‍ഷം മാത്രമാണ്. ഇതിനു മുമ്പു തന്നെ ശക്തിപ്പെട്ടിരുന്ന സംഘപരിവാര്‍ ലോബി ഇദ്ദേഹത്തിന്റെ വരവോടെ കൂടുതല്‍ സജീവമായി.

സര്‍വ്വകലാശാലയുടെ പ്രോ വൈസ് ചാന്‍സിലറായ ജയപ്രസാദ് ആണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടക്കുന്ന എല്ലാ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് എന്നും ആരോപണമുണ്ട്. ഭാരതീയ വിചാരകേന്ദ്രം വൈസ് പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം. തിരുവനന്തപുരം കൈമനം സ്വദേശിയാണ് ഇയാള്‍. പ്രൊ വിസിയായി ജയപ്രസാദിനെ നിയമിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  നിലനില്‍ക്കെ എക്‌സിക്യുട്ടീവ് കൗണ്‍സില്‍ യോഗം കൂടി തീരുമാനമെടുക്കുകയായിരുന്നു. ഇതേ സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് കള്‍ചറല്‍ സ്റ്റഡീസിന്റെ ഡീന്‍ ആയിരിക്കവെ ജയപ്രസാദ് നടത്തിയ വിദ്യാര്‍ത്ഥി വിരുദ്ധ നടപടികളുടെ ഇരകളും അനവധിയാണ്.

താന്‍ പുറത്താക്കപ്പെട്ടപ്പോഴും അഖില്‍ ആവര്‍ത്തിച്ച് പറഞ്ഞത് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന സംഘപരിവാര്‍വത്കരണത്തെ കുറിച്ച് തന്നെയാണ്. തന്നെ പുറത്താക്കിയതില്‍ വലിയ വിഷമമില്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളും ജീവനക്കാരും ഉള്‍പ്പെടെ മറ്റുള്ളവരോട് സര്‍വകലാശാല അധികൃതര്‍ കാണിച്ച അനീതിയാണ് പ്രശ്‌നമെന്നും അഖില്‍ മുമ്പ് പല തവണ പറഞ്ഞിട്ടുണ്ട്. യുജിസി ചട്ടങ്ങള്‍ അട്ടിമറിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരേയും അനുഭാവികളേയും ജീവനക്കാരായി കുത്തിനിറയ്ക്കുകയാണ് ഇവിടെ എന്നതാണ് മറ്റൊരു ആരോപണം. ക്രിമിനല്‍ കേസുള്ള ബിജെപി പ്രവര്‍ത്തകരെ സെക്യൂരിറ്റി സ്റ്റാഫ് ആയി നിയമിച്ചിരിക്കുന്നു. ഒരു ക്രിമിനല്‍ കൂട്ടത്തെയാണ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്നത്
എന്നും അഖില്‍ വ്യക്തമാക്കിയിരുന്നു.

യുജിസി ചട്ടങ്ങള്‍ നിരാകരിച്ച് കൊണ്ടുള്ള പിന്‍വാതില്‍ നിയമനങ്ങളെ വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തത് മുതലാണ് സര്‍വകലാശാല ഇത്തരത്തിലുള്ള നടപടികളുമായി മുന്നോട്ട് പോകാനാരംഭിച്ചതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.

അഖിലിനെ തിരിച്ചെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് നിലവില്‍ എസ്എഫ് ഐ അടക്കം മുഴുവന്‍ വിദ്യാര്‍ഥി സംഘനകളുടെയും തീരുമാനം. കാര്യങ്ങള്‍ക്ക് തീരുമാനമാകുന്ന വരെ വിദ്യാര്‍ഥികള്‍ സമരത്തില്‍ തന്നെയായിരിക്കുമെന്ന് സര്‍വകലാശാലയിലെ എഎസ്എ നേതാവും പിജി വിദ്യാര്‍ഥിയുമായ ആല്‍ഫ്രഡ് ചാര്‍ലി അഴിമുഖത്തോട് പറഞ്ഞു.

സംഘപരിവാര്‍ തീട്ടൂരങ്ങൾ കാസറഗോഡ് കേരള കേന്ദ്ര സർവ്വകലാശാല നടപ്പാക്കുന്ന വിധം; വിദ്യാർത്ഥികളും അദ്ധ്യാപകരും വേട്ടയാടപ്പെടുന്നു

കേന്ദ്ര സര്‍വകലാശാലയില്‍ നടക്കുന്നത് ബിജെപി – ആര്‍എസ്എസ് റിക്രൂട്ട്മെന്‍റ്: പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥി അഖില്‍ പറയുന്നു

‘ഇത്രമാത്രം നെറികേട് നടക്കുമ്പോഴും ചുറ്റുമെല്ലാം സ്വാഭാവികമായി തോന്നിച്ചു’; കാസറഗോഡ് കേന്ദ്ര സര്‍വ്വകലാശാലയിൽ നിന്നും പുറത്താക്കപ്പെട്ട അഖില്‍ താഴത്ത് എഴുതുന്നു

ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കാസറഗോഡ്‌ സര്‍വകലാശാല പുറത്താക്കിയ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു; വിദ്യാര്‍ഥി പ്രക്ഷോഭം പടരുന്നു

ജാസ്മിന്‍ പി കെ

ജാസ്മിന്‍ പി കെ

മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍