നടക്കാന്‍ പോകുന്നത് കൃഷിയാണെന്നും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിക്കുന്ന യൂണിറ്റാണെന്നും ഫാം ഹൗസാണെന്നുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു ഡെല്‍റ്റയുടെ കടന്നുവരവെന്ന് ജനം പറയുന്നു
കേരളത്തിലെ പരിസ്ഥിതിവാദികളും പ്രകൃതിസ്‌നേഹികളുമെല്ലാം ശാന്തിവനവും കെഎസ്ഇബിയുമായുള്ള തര്‍ക്കത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതിനിടെ, കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തില്‍ ഒരു ജനകീയ സമരം ഇന്ന് നാലാം ദിവസത്തിലേക്ക് കടക്കുകയാണ്. ഒന്നരവര്‍ഷത്തോളമായി കോട്ടൂരുകാര്‍ പ്രതിരോധിച്ചതുകൊണ്ടുമാത്രം ക്വാറിയും ക്രഷറുകളും തുറക്കാന്‍ കഴിയാത്ത, ചെങ്ങോട്ടുമല എന്ന പരിസ്ഥിതിലോല പ്രദേശത്തെയാകെ താറുമാറാക്കാന്‍ പോന്ന ഉത്തരവിന് എതിരെയാണ് ഈ സമരം. ചെങ്ങോട്ടുമലയുടെ താഴ്‌വരയിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ കുടുംബസമേതം കോട്ടൂര്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണയിരിക്കുകയാണ്. പഞ്ചായത്ത് കോംപ്ലക്‌സിലുള്ള ഓഫീസുകളൊന്നും പ്രവര്‍ത്തിക്കാതായിട്ടും ദിവസങ്ങളായി. വര്‍ഷങ്ങളായി തങ്ങള്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും എതിര്‍പ്പറിയിച്ചിട്ടും ക്വാറിക്ക് അനുമതി നല്‍കാന്‍ തന്നെയാണ് നീക്കമെങ്കില്‍, അതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന ദൃഢനിശ്ചയത്തില്‍ത്തന്നെയാണ് കോട്ടൂരുകാര്‍.
2017-ല്‍ ചെങ്ങോട്ടുമലയിലെത്തിയ ഡെല്‍റ്റ ഗ്രൂപ്പിനെതിരായി അന്നു മുതല്‍ക്കു തന്നെ കോട്ടൂരില്‍ പ്രതിഷേധസ്വരങ്ങളുയരുന്നുണ്ട്. ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കിയതിനെതിരായി പ്രക്ഷോഭങ്ങളും നിയമപോരാട്ടവും നടക്കുന്നതിനിടെ, ലൈസന്‍സ് പാസ്സാക്കി നല്‍കാന്‍ ചീഫ് സെക്രട്ടറി ടോം ജോസ് നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് പുതിയ സമരവും ധര്‍ണയുമെന്ന് സമരക്കാര്‍ പറയുന്നു. മറ്റു സമരങ്ങള്‍ക്കില്ലാത്ത കൂട്ടായ്മയുടെ പല സവിശേഷതകളും ചെങ്ങോട്ടുമല ക്വാറിയ്‌ക്കെതിരായ സമരത്തിനുണ്ട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമരത്തിന് പിന്തുണയായി എത്തിയിട്ടുണ്ട്. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിനെ സിപിഎം ഭരിക്കുന്ന കോട്ടൂരിലെ പഞ്ചായത്തംഗങ്ങളും പിന്തുണയ്ക്കുന്നുണ്ട്. അധികാരികളുടെ ശ്രദ്ധ കോട്ടൂരിലേക്ക് തിരിയേണ്ടതുണ്ടെന്നും, ചീഫ് സെക്രട്ടറിക്ക് ഡെല്‍റ്റ ഗ്രൂപ്പിന്റെ ക്വാറിയിലുള്ള പ്രത്യേക താത്പര്യമെന്തെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് ഓഫീസ് ഉപരോധിക്കുന്ന ജനകീയ സമരത്തിനൊപ്പം നില്‍ക്കുകയാണ്. “സമരം ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകും. ഒരു പ്രദേശത്തെ ജനങ്ങളുടെ മുഴുവന്‍ ആശങ്കയാണിത്. അതിനൊപ്പം നില്‍ക്കാനേ പഞ്ചായത്തംഗങ്ങള്‍ക്ക് സാധിക്കൂ”, വാര്‍ഡ് മെംബറായ സിപിഎം അംഗം സുജിത് പറയുന്നു.
ആദിവാസി വിഭാഗങ്ങളുടെ കൈയില്‍ നിന്നും പഞ്ചായത്തിന്റെ പക്കല്‍ നിന്നും കൈവശപ്പെടുത്തിയ സ്ഥലമടക്കം ഏകദേശം 98 ഏക്കറോളം ഇപ്പോള്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്. ഈ ഭൂമിയില്‍ 11.8 ഏക്കറിലാണ് കമ്പനി ഖനനാനുമതി തേടിയിട്ടുള്ളത്. 12 ഏക്കര്‍ സ്ഥലമുണ്ടെങ്കില്‍ വന്‍കിട ക്വാറിയായി കണക്കാക്കുമെന്നതിനാല്‍ ചെറുകിട ക്വാറി ഗണത്തില്‍പ്പെടുത്തി ഒന്നിലധികം ക്വാറികള്‍ക്ക് ഘട്ടം ഘട്ടമായി അനുമതി നേടാനാണ് ഡെല്‍റ്റ ഗ്രൂപ്പിന്റെ പദ്ധതിയെന്ന് പ്രദേശവാസികള്‍ പറയുന്നു. ജൈവവൈവിധ്യങ്ങളുടെ കലവറയായ ചെങ്ങോട്ടുമലയില്‍ ക്വാറിയ്ക്കായി അനുമതി തേടിയിട്ടുള്ള 11.8 ഏക്കറില്‍ മാത്രം പതിനായിരത്തോളം മരങ്ങളാണുള്ളത്. അവയില്‍ ആയിരത്തോളം അനുമതിയില്ലാതെ തന്നെ ഇതിനോടകം മുറിച്ചുമാറ്റിക്കഴിഞ്ഞിട്ടുണ്ട്. എട്ടു മീറ്ററോളം മണ്ണുമാറ്റിയാല്‍ മാത്രമേ പാറ കണ്ടെത്താനാകൂ. തിട്ടപ്പെടുത്താനാകാത്തത്ര വലിയ പാരിസ്ഥിതികാഘാതമാണ് ചെങ്ങോട്ടുമലയില്‍ ക്വാറിയാരംഭിച്ചാല്‍ പ്രദേശവാസികളെ കാത്തിരിക്കുന്നത്. അതീവ പരിസ്ഥിതിലോല പ്രദേശമായി കണക്കാക്കപ്പെടേണ്ട ചെങ്ങോട്ടുമലയുടെ ഉള്‍ഭാഗം പൊള്ളയാണെന്നും നാട്ടുകാര്‍ക്കിടയില്‍ സംസാരമുണ്ട്. “കിണറൊക്കെ കുഴിച്ചാല്‍ താഴ്ന്നിടിഞ്ഞു പോകാറുണ്ട്. അതുകൊണ്ടു തന്നെ കുടിവെള്ളത്തിന് ക്ഷാമവുമുണ്ടായിരുന്നു. ഈയവസ്ഥയില്‍ പാറ പൊട്ടിക്കാന്‍ തുടങ്ങിയാല്‍ എന്താകുമെന്ന് ഊഹിക്കാവുന്നതല്ലേയുള്ളൂ”, സമരപ്പന്തലിലിരിക്കുമ്പോഴും ചെങ്ങോട്ടുമലയുടെ പരിസരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ആശങ്കയൊഴിയുന്നില്ല.
നടക്കാന്‍ പോകുന്നത് കൃഷിയാണെന്നും വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ നിര്‍മിക്കുന്ന യൂണിറ്റാണെന്നും ഫാം ഹൗസാണെന്നുമെല്ലാം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടായിരുന്നു ഡെല്‍റ്റയുടെ കടന്നുവരവെന്നും ഇവിടത്തുകാര്‍ പറയുന്നു. ഇവിടെ ആരംഭിക്കുന്ന സംരംഭത്തില്‍ പൊതുജനങ്ങള്‍ക്ക് ജോലി ലഭിക്കുമെന്നും, നഗരത്തിലേതിനു സമാനമായ ജീവിതസാഹചര്യങ്ങള്‍ കോട്ടൂരില്‍ കൊണ്ടുവരുമെന്നും വാഗ്ദാനങ്ങളുണ്ടായി. പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരില്‍ ചിലര്‍ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തി രേഖകള്‍ സമ്പാദിച്ചതോടെയാണ് ഡെല്‍റ്റയുടെ കള്ളി വെളിച്ചത്തായത്. കോട്ടൂരുകാര്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള വര്‍ഷങ്ങളുടെ ശ്രമഫലമായി ഉണ്ടായിവന്ന പദ്ധതിയുടെ സ്ഥലം പോലും ഇപ്പോള്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ കൈയിലാണ്. സ്വകാര്യ വ്യക്തി കുടിവെള്ള ടാങ്ക് പണിയാനായി പഞ്ചായത്തിന് കൈമാറിയ ഭൂമിയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഈ സ്ഥലവും തങ്ങളുടെ ഉടമസ്ഥതയിലാണെന്ന അവകാശവാദവുമായി ഡെല്‍റ്റ ഗ്രൂപ്പ് കടന്നുവരുന്നത്. കോട്ടുരുകാരുടെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ കെട്ടിയുയര്‍ത്തിയ ടാങ്ക് ഇരിക്കുന്നയിടം ഇപ്പോള്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ ഷെഡാണ്. വര്‍ഷങ്ങളായി കാത്തിരുന്നു കിട്ടിയ പദ്ധതി അട്ടിമറിയ്ക്കപ്പെട്ടതിന്റെ കേസും കോടതിയില്‍ നടക്കുന്നുണ്ട്. ഈ കേസടക്കം നാലു കേസുകള്‍ ക്വാറിയുമായി ബന്ധപ്പെട്ട് നിലവില്‍ കോടതിയിലുള്ളപ്പോഴാണ്, അടുത്ത പതിനേഴാം തീയതി നടക്കാനിരിക്കുന്ന ഹിയറിംഗിനു മുന്നോടിയായി ക്വാറിക്ക് അനുമതി നല്‍കാനുള്ള ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം.
ചെങ്ങോട്ടുമലയിലും പരിസരത്തുമായി താമസിച്ചുപോന്നിരുന്ന ആദിവാസി കുടുംബങ്ങള്‍ കൂടിയാണ് അനിശ്ചിതത്വത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. കരിമ്പാലന്‍ സമുദായത്തില്‍പ്പെട്ട ആദിവാസികളില്‍ നിന്നും കാലങ്ങളായി പലരും തട്ടിയെടുത്തിട്ടുള്ള ഭൂമിയും ഡെല്‍റ്റ ഗ്രൂപ്പിന്റെ കൈവശമെത്തിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നുണ്ട്. ചെങ്ങോട്ടുമലയില്‍ നിന്നും ആദിവാസികള്‍ കുടിയിറക്കപ്പെട്ടിട്ട് വര്‍ഷങ്ങള്‍ ധാരാളമായെങ്കിലും, കരിമ്പാല വിഭാഗത്തിന്റെ ആരാധനാലയങ്ങളും കാവുകളും ഡെല്‍റ്റ കൈവശപ്പെടുത്തിയ 98 ഏക്കറില്‍പ്പെട്ടിട്ടുണ്ട്. സാംസ്‌കാരികമായും പാരിസ്ഥിതികമായും ഏറെ ശ്രദ്ധിക്കപ്പെടേണ്ട ചെങ്ങോട്ടുമലയില്‍ ക്വാറിയാരംഭിക്കുന്നതോടെ പരിസരപ്രദേശങ്ങളാകെ ഇല്ലാതെയാകുമെന്ന് ഇവര്‍ ഭയപ്പെടാന്‍ വേറെയും കാരണങ്ങളുണ്ട്. കഴിഞ്ഞ പ്രളയകാലത്തെ ഉരുള്‍പൊട്ടലിന്റെ ഭീതിയില്‍ നിന്നും കോഴിക്കോട്ടെ മലയോര മേഖലകള്‍ ഇപ്പോഴും മുക്തരായിട്ടില്ല. ഇനിയും ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ചെങ്ങോട്ടുമല. 1984-ല്‍ ചെങ്ങോട്ടുമലയില്‍ ഉരുള്‍ പൊട്ടിയതും, കനത്ത നാശനഷ്ടങ്ങളുണ്ടായതും ഇവിടത്തുകാര്‍ ഇനിയും മറന്നിട്ടില്ല. വീണ്ടുമൊരു ദുരന്തത്തിന് വഴിയൊരുക്കാന്‍ അനുവദിക്കില്ലെന്ന വാശിയില്‍ ഒരു ജനതയാകെ സമരമിരിക്കുന്നതിനു കാരണവും ഇതുതന്നെ.
ഏകജാലക സംവിധാനം വഴി ക്വാറിക്ക് അനുമതി തേടിയ ഡെല്‍റ്റ ഗ്രൂപ്പിന്റെ അപേക്ഷ തള്ളിപ്പോകുകയും, അതേത്തുടര്‍ന്ന് ജില്ലാ വ്യവസായ കേന്ദ്രത്തിനെതിരെ അവര്‍ നല്‍കിയ കേസടക്കം ചര്‍ച്ചയായ പശ്ചാത്തലത്തിലാണ് ഉടനടി അനുമതി നല്‍കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം വന്നിരിക്കുന്നത്. ധാരാളം പ്രശ്‌നങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്ന് പ്രദേശവാസിയും ജനകീയ സമരസമിതി അംഗവുമായ ഷാജു പറയുന്നു. “മേയ് പതിനേഴിന് ഹിയറിംഗ് വയ്ക്കുന്നുണ്ടെന്നും, അന്ന് ക്വാറിക്ക് ലൈസന്‍സ് കൊടുക്കാന്‍ വേണ്ട നടപടികള്‍ എടുക്കണമെന്നും ചീഫ് സെക്രട്ടറി ജില്ലാ കലക്ടറോടും പഞ്ചായത്ത് സെക്രട്ടറിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ക്വാറിക്ക് ലഭിച്ച പാരിസ്ഥിതികാനുമതി റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു കേസ് ഇപ്പോള്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ആ കേസില്‍ വിധിയാവുന്നതിനു മുന്നെ ലൈസന്‍സിനായുള്ള ക്വാറിയുടമയുടെ അപേക്ഷ പരിഗണിക്കരുത് എന്നാവശ്യപ്പെട്ടുകൊണ്ടാണ് ഇപ്പോള്‍ സമരം നടക്കുന്നത്. വേണ്ടത്ര വിദഗ്ധരില്ലാത്ത സമിതിയാണ് പാരിസ്ഥിതികാനുമതിയ്ക്കുവേണ്ടിയുള്ള പഠനം നടത്തിയത്. വിഷയം പരിഗണിക്കാമെന്ന് ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. ഇത്രയും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനിടെ വഴിവിട്ട നടപടിയാണ് ചീഫ് സെക്രട്ടറിയുടെ ഭാഗത്തു നിന്നുമുണ്ടായത്. ആറു ഗ്രാമസഭകള്‍ ചേര്‍ന്നാണ് ക്വാറിക്കെതിരെ നിലപാടെടുത്തത്. അതുകൊണ്ടുതന്നെ, ലൈസന്‍സിന് അനുമതി കൊടുക്കേണ്ടതില്ല എന്ന നിലപാട് പഞ്ചായത്തുമെടുത്തു.
നേരത്തേ ഓണ്‍ലൈനായി ക്വാറിക്ക് ഇവര്‍ അപേക്ഷ നല്‍കിയപ്പോള്‍ അതിലെന്തോ പോരായ്മകള്‍ കാരണം തിരിച്ചയയ്ക്കപ്പെട്ടിരുന്നു. അതോടെ, ഡെല്‍റ്റ ജില്ലാ വ്യവസായ കേന്ദ്രത്തിനെതിരെ കേസിനു പോയി. ആ കേസില്‍ കോട്ടൂര്‍ പഞ്ചായത്ത് കക്ഷിചേരുകയും, രേഖകളെല്ലാം സമര്‍പ്പിക്കുകയും ചെയ്തു. അതോടെ ഡെല്‍റ്റ ഗ്രൂപ്പിന്റെ തോമസ് ഫിലിപ്പ് തന്നെ കേസ് പിന്‍വലിക്കുകയായിരുന്നു. പുതിയ അപേക്ഷ നല്‍കും എന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പിന്‍മാറ്റം. ഇത്രയേറെ നടന്ന ഒരു വിഷയത്തിലാണ് ചീഫ് സെക്രട്ടറി അന്യായമായി ഇടപെട്ടിരിക്കുന്നത്. നിയമവിരുദ്ധവും കോടതിക്ക് എതിരായ നീക്കവുമാണത്. എന്താണ് ചീഫ് സെക്രട്ടറിക്ക് ഇതിലുള്ള താത്പര്യം എന്നറിയില്ല. എംഎല്‍എ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. നാട്ടുകാരെല്ലാം പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ദിവസങ്ങളായി ധര്‍ണയിരിക്കുകയാണ്. പഞ്ചായത്ത് ഓഫീസ് കോംപ്ലക്‌സിലുള്ള എല്ലാ സ്ഥാപനങ്ങളും അടഞ്ഞു കിടക്കുകയാണ്.”
മേയ് പതിനേഴിന് നടക്കുന്ന ഹിയറിംഗില്‍ ഡെല്‍റ്റ ഗ്രൂപ്പിന്റെ ഡി ആന്‍ഡ് ഓ ലൈസന്‍സ് അപേക്ഷ പരിഗണിക്കണമെന്ന് നിര്‍ദ്ദേശം ലഭിച്ചത് ഏകജാലക ബോര്‍ഡിന്റെ ജില്ലാ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ക്കാണെന്ന് പഞ്ചായത്ത് സെക്രട്ടറി വിശദീകരിക്കുന്നുണ്ട്. എന്നാല്‍, ചീഫ് സെക്രട്ടറി നേരിട്ട് നിര്‍ദ്ദേശം നല്‍കിയോ എന്ന വിഷയത്തില്‍ ഈ ഘട്ടത്തില്‍ പ്രതികരിക്കാനില്ലെന്നാണ് ജില്ലാ കലക്ടര്‍ ശ്രീറാം സാംബശിവ റാവു അഴിമുഖത്തോട് പ്രതികരിച്ചത്. “നിയമനടപടികള്‍ക്ക് അനുസരിച്ചാണ് ഇവിടെ എല്ലാ കാര്യങ്ങളും മുന്നോട്ടു പോകുന്നത്. അതില്‍ പ്രശ്‌നങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അതു പരിഹരിക്കാനും സംവിധാനങ്ങളുണ്ട്. സമരക്കാരോട് ചര്‍ച്ച നടത്തിയിട്ടില്ലെങ്കിലും പഞ്ചായത്ത് അധികൃതരോട് സംസാരിച്ചിട്ടുണ്ട്. നിലവില്‍ അവിടെ ക്വാറി നിര്‍മാണമൊന്നുമായിട്ടില്ലല്ലോ. പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഈ വിഷയത്തില്‍ ഇതില്‍കൂടുതല്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ല“, അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ നേരിട്ടുള്ള ഇടപെടലോ നിര്‍ദ്ദേശമോ ഉണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ ജില്ലാ കലക്ടര്‍ തയ്യാറായിട്ടില്ലെങ്കിലും, ക്വാറിക്ക് ലൈസന്‍സ് നല്‍കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നു തന്നെയാണ് സമരക്കാരുടെ വാദം.
ഒന്നരവര്‍ഷമായി പല തരത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന സമരം ശക്തിപ്പെട്ടു കഴിഞ്ഞതോടെ, ജനങ്ങളെല്ലാം പഞ്ചായത്തോഫീസിനു മുന്നിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ഇതിനിടെ, പോലീസ് സ്ഥലത്തെത്തിയപ്പോള്‍ കൂട്ട ആത്മഹത്യാ ഭീഷണി മുഴക്കി സമരസമിതിയില്‍ ചിലര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനു മുകളില്‍ കയറിയതും വാര്‍ത്തായിരുന്നു. ജില്ലാ കലക്ടര്‍ സ്ഥലത്തെത്തണം എന്നാവശ്യപ്പെട്ടാണ് സമരസമിതിക്കാര്‍ മണ്ണെണ്ണ ക്യാനുമായി കെട്ടിടത്തിനു മുകളില്‍ കയറി ഭീഷണി മുഴക്കിയത്. ഇവരെ പിന്നീട് താഴെയിറക്കിയെങ്കിലും, ക്വാറി നിലവില്‍ വന്നാല്‍ തങ്ങളെയെല്ലാം ആത്മഹത്യയിലേക്ക് തള്ളിയിടുന്നതിനു തുല്യം തന്നെയാണെന്നാണ് സമരക്കാരുടെ പക്ഷം. ക്വാറിക്ക് നല്‍കപ്പെട്ട പാരിസ്ഥിതികാനുമതിയില്‍ പാളിച്ചകളുണ്ടോയെന്ന് വിദഗ്ധ സംഘമെത്തി പരിശോധിക്കണമെന്നാണ് ജനകീയ സമരസമിതിയുടെ പ്രധാന ആവശ്യം. നിലവില്‍ പഞ്ചായത്തിനു വേണ്ടി സി.ഡബ്ല്യു.ആര്‍.ഡി.എം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് മാത്രമാണ് ഈ വിഷയത്തില്‍ ലഭ്യമായിട്ടുള്ളത്. വിദഗ്ധര്‍ പരിശോധിച്ച ശേഷം മാത്രം നടപടികള്‍ കൈക്കൊള്ളണമെന്നാണ് സി.ഡബ്ല്യു.ആര്‍.ഡി.എം റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നും, ഇക്കാര്യം പോലും അന്നത്തെ ജില്ലാ കലക്ടര്‍ പരിഗണിച്ചിട്ടില്ലെന്നുമാണ് ആരോപണം.
ചീഫ് സെക്രട്ടറിയുടെ തീരുമാനത്തിനെതിരെ നടക്കുന്ന ചെങ്ങോട്ടുമല സമരം ശ്രദ്ധേയമാകുന്നത് അതിന്റെ ജനപങ്കാളിത്തം കൊണ്ടുതന്നെയാണ്. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചുകൊണ്ടുള്ള സമരത്തിന് പഞ്ചായത്തംഗങ്ങള്‍ തന്നെ പിന്തുണ കൊടുക്കുന്നുവെന്ന അപൂര്‍വതയാണ് ക്വാറി സമരത്തില്‍ ചര്‍ച്ചയാകുന്നത്. പ്രളയത്തിനു ശേഷവും പരിസ്ഥിതി നയത്തില്‍ മാറ്റങ്ങളുണ്ടായിട്ടില്ലെന്നതും, ഇനിയൊരു ദുരന്തം ഉണ്ടാകാതെ ശ്രദ്ധിക്കാന്‍ അധികാരികളില്‍ നിന്നും യാതൊരു നീക്കവുമുണ്ടാകുന്നില്ല എന്നതും കോട്ടൂരുകാരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. നാട്ടുകാര്‍ ഒന്നടങ്കം മുന്നോട്ടുവയ്ക്കുന്ന ആവശ്യത്തിന് പിന്തുണ പ്രഖ്യാപിക്കുക എന്നതാണ് ജനപ്രതിനിധികള്‍ എന്ന നിലയില്‍ തങ്ങളുടെ കര്‍ത്തവ്യമെന്നും കോട്ടൂരിലെ പഞ്ചായത്തംഗങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. ഇതിനിടെ, ചീഫ് സെക്രട്ടറിയുടെ നിലപാട് പുനഃപരിശോധിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഎം പഞ്ചായത്തംഗങ്ങള്‍ കൂട്ടരാജിക്ക് ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ കഴമ്പില്ലെന്നും, സമരത്തിലൂടെയും സമ്മര്‍ദ്ദത്തിലൂടെയും ചെങ്ങോട്ടുമലയെ സംരക്ഷിക്കാമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ആവര്‍ത്തിക്കുകയാണ് കോട്ടൂരിലെ പഞ്ചായത്തംഗങ്ങള്‍.
(വിഷയത്തില്‍ ഡെല്‍റ്റ ഗ്രൂപ്പ് പ്രതിനിധികളുടെ പ്രതികരണം ആരായാന്‍ ശ്രമിച്ചെങ്കിലും ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല, ഇത് ലഭ്യമാകുന്ന മുറയ്ക്ക് ചേര്‍ക്കുന്നതാണ്)