UPDATES

കേരളത്തിന്റെ സ്ത്രീ മുന്നേറ്റ ചരിത്രത്തില്‍ മുകളിലെഴുതി വയ്ക്കേണ്ട പേരുകളാണ് ഈ കന്യാസ്ത്രീകളുടേത്

സ്വാഭാവിക നീതി ലഭിക്കാതിരിക്കുമ്പോള്‍ സ്ത്രീകള്‍ തന്നെ ഇറങ്ങി അവരുടെ ഇടങ്ങള്‍ തേടുന്ന മുന്നേറ്റങ്ങളുടെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് കന്യാസ്ത്രീ സമരം.

‘ഞങ്ങള്‍ക്ക് നീതി വേണം’ എന്ന നിശബ്ദമായി ആക്രോശിച്ചുകൊണ്ടാണ് അവര്‍ തെരുവിലിറങ്ങിയത്. അത് ചരിത്രമായിരുന്നു. രാജ്യത്തിന്റെ തന്നെ ചരിത്രത്തിലാദ്യമായി കന്യാസ്ത്രീകള്‍ സഭാനേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ സമരത്തിനിറങ്ങിയപ്പോള്‍ ‘നീതിയില്ലെങ്കില്‍ നീ തീയാവുക’ എന്ന മുദ്രാവാക്യവുമായി പൊതുസമൂഹം അവരോടൊപ്പം നിന്നു. ഒടുവില്‍ തീയൊടുങ്ങാത്ത സമരം ബിഷപ്പിനെ, ബിഷപ്പിന്റെ ആണ്‍ഹുങ്കിനെ കീഴ്‌പ്പെടുത്തുന്നതിലേക്ക് എത്തിയിരിക്കുകയാണ്. ഒരുപക്ഷേ കീഴടങ്ങല്‍ താത്കാലികമായിരിക്കാം. എന്നാല്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് അത് ആദ്യഘട്ട വിജയമാണ്.

മതവും അതിന്റെ ഭാഗമായി നില്‍ക്കുന്ന ആണധികാരങ്ങളും കാലങ്ങളായി അവര്‍ക്ക് മുന്നില്‍ അടച്ചിട്ടിരുന്ന വാതിലുകളെല്ലാം വലിച്ചുതുറന്നുകൊണ്ടാണ് കന്യാസ്ത്രീകള്‍ തുറന്നുപറച്ചിലുകളുമായി പൊതുസമൂഹത്തിലേക്ക് എത്തിയത്. തിരുവസ്ത്രത്തില്‍ തെരുവിലിറങ്ങി അവര്‍ ആവശ്യപ്പെട്ടത് തങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി മാത്രമാണ്. ആ നീതി നിഷേധിക്കുന്ന സഭയെ, ഭരണകൂടത്തെ, പോലീസിനെ അവര്‍ ചോദ്യം ചെയ്തു. ആത്മബോധ്യത്തില്‍ നിന്ന്, ആത്മവീര്യത്തില്‍ നിന്നുണ്ടായ ആ ചോദ്യങ്ങളെ നേരിടാനാവാതെ ഭരണസംവിധാനവും സഭയും കുഴങ്ങി. ലൈംഗികാതിക്രമം പ്രശ്‌നമായി ഉന്നയിച്ചപ്പോള്‍ പത്ത് ഏക്കര്‍ ഭൂമിയും അഞ്ച് കോടി രൂപയും വാഗ്ദാനം ചെയ്തത് നിഷേധിച്ച് തങ്ങള്‍ക്ക് നീതിയാണ് വേണ്ടതെന്ന് ഉറപ്പിച്ച് പറഞ്ഞവരോട് മറുപടി പറയാന്‍ അവര്‍ക്ക് ആവുമായിരുന്നില്ല.

നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്തവരായിരുന്നില്ല അവര്‍. സഭയും മഠവും അതുവരെ നല്‍കിയിരുന്ന ‘സുരക്ഷിതത്വ’ങ്ങള്‍ പലതും ഇല്ലാതാവും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ സമരത്തിന് തയ്യാറായതും. കേരളത്തില്‍ മാത്രം അറുപത്തയ്യായിരത്തോളം കന്യാസ്ത്രീകള്‍ ഉണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഇന്നേവരെയുണ്ടായ സ്ത്രീമുന്നേറ്റ സമരങ്ങളില്‍ ഒന്നും തന്നെ ഭാഗമാവുകയോ അഭിപ്രായം ഉന്നയിക്കുകയോ ചെയ്തവരല്ല കന്യാസ്ത്രീകള്‍. പരമാവധി അത്തരം പൊതുഅഭിപ്രായം രേഖപ്പെടുത്തേണ്ട ഇടങ്ങളില്‍ നിന്ന് വിട്ടുനിന്നവരാണ്, സമൂഹത്തില്‍ പൊതുവെയും സഭയ്ക്കകത്തുമുള്ള ആണധികാര ഘടനയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. ബലാത്സംഗം ചെയ്യപ്പെട്ട കന്യാസ്ത്രീക്ക് നീതി ലഭ്യമാക്കണമെന്ന അവരുടെ ആവശ്യത്തെ സഭയും സഭാ നേതൃത്വവും കണക്കിലെടുത്തില്ല എന്ന് മാത്രമല്ല കന്യാസ്ത്രീയേയും അവര്‍ക്കൊപ്പം നില്‍ക്കുന്നവരെയും മാനസികമായി ഉപദ്രവിക്കുകയും ഭീഷണിയുടെ സ്വരം ഉപയോഗിച്ച് അടക്കി നിര്‍ത്താന്‍ ശ്രമിക്കുകയുമായിരുന്നു. വിശ്വാസവും പ്രതീക്ഷയും പൂര്‍ണമായും അസ്തമിച്ച സന്ദര്‍ഭത്തിലാണ് നിയമവഴി സ്വീകരിക്കാനും കടന്നുപോന്ന വഴികള്‍ പൊതുസമൂഹത്തോട് വിളിച്ചുപറയാനും അവര്‍ ധൈര്യം കാണിക്കുന്നത്.

അഴിമുഖവുമായി സംസാരിച്ച സിസ്റ്റര്‍ അനുപമയുടെ വാക്കുകളില്‍ അത് വ്യക്തമാണ്:  “പരാതിക്കാരിയായ കന്യാസ്ത്രീയോടൊപ്പം 2015 മുതല്‍ 2017 വരെയുണ്ടായിരുന്ന ആളാണ് ഞാന്‍. 2017 അവസാനത്തോടെ സിസ്റ്ററെ മാനസികമായി ബുദ്ധിമുട്ടിക്കുകയും പീഢകളുണ്ടാവുകയും ചെയ്തു. ഞങ്ങള്‍ക്കത് മനസ്സിലാവുകയും ചെയ്തു. പിതാവിന്റെ കൂടെ കിടക്കാത്തതുകൊണ്ടാണ് അങ്ങനെയൊക്കെ എന്ന് സിസ്റ്റര്‍ ഞങ്ങളെ അറിയിച്ചു. 2017ല്‍ തന്നെ മഠം ഉപേക്ഷിച്ച് പോവുകയാണെന്ന് സിസ്റ്റര്‍ ഞങ്ങളോട് പറഞ്ഞു. പക്ഷെ ഞങ്ങള്‍ അതിന് അനുവദിച്ചില്ല. സിസ്റ്റര്‍ പോയാല്‍ ഞങ്ങളും കൂടെ പോവും എന്ന് പറഞ്ഞതോടെ അവിടെ തന്നെ നില്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു.

ഇതിനിടെയാണ് എന്നെ പഞ്ചാബിലേക്ക് സ്ഥലം മാറ്റുന്നത്. അവിടെ കടുത്ത മാനസിക പീഡനമായിരുന്നു. ജീവന്‍ പോലും അപകടത്തിലായ അവസ്ഥ. നില്‍ക്കക്കള്ളിയില്ലാതായി. എനിക്ക് ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ ചികിത്സിക്കേണ്ടതുണ്ടായിരുന്നു. അതിനായി നാട്ടിലേക്ക് പോയി ട്രീറ്റ്‌മെന്റ് കഴിഞ്ഞിട്ട് വന്നാല്‍ മതിയെന്ന് ജണ്ട്രാളമ്മയായ റജീന തന്നെയാണ് എന്നോട് പറയുന്നത്. രക്ഷപെട്ട് നാട്ടിലേക്ക് എത്തിയ അവസ്ഥയായിരുന്നു എനിക്ക്. തിരിച്ചുപോവാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. അതുകൊണ്ട് പോയില്ല. പിന്നീട് സിസ്റ്റര്‍ക്ക് നീതി കിട്ടാനായി ഞങ്ങള്‍ പല വാതിലുകളും മുട്ടി. കുറുവിലങ്ങാട് പള്ളിയിലെ വികാരിയച്ചന്‍ മുതല്‍ പാലാ പിതാവ്, ജോര്‍ജ് ആലഞ്ചേരി ബിഷപ്പ്, പോപ്പ് ഉള്‍പ്പെടെ റോമില്‍ നാലിടത്ത്… അങ്ങനെ പലരേയും ഈ കാര്യം പറഞ്ഞ് സമീപിച്ചു. റോമിലേക്ക് ഇമെയിലുകള്‍ അയച്ചു. റോം സ്‌റ്റേറ്റ് സെക്രട്ടറിയെ വിവരം അറിയിച്ചു. പക്ഷെ ഒരു വാതിലും തുറന്നുകിട്ടിയില്ല. ഒരു ഭംഗിവാക്ക് പോലും കിട്ടിയില്ല.

ജണ്ട്രാളമ്മയായ സിസ്റ്റര്‍ റജീനയെ അറിയിച്ചെങ്കിലും അവര്‍ തിരിഞ്ഞുപോലും നോക്കിയില്ല. എന്നിട്ടും സഭയും പള്ളിയും നീതി തരുമെന്ന് പ്രതീക്ഷിച്ച് ഞങ്ങള്‍ കാത്തിരുന്നു. പക്ഷെ ആ പ്രതീക്ഷ ഇല്ലാതായപ്പോഴാണ് പോലീസില്‍ പരാതി നല്‍കുന്നത്. എന്റെയും പരാതിക്കാരിയായ സിസ്റ്ററുടേയും പേരില്‍ കേസ് കൊടുക്കുന്നത് അതിന് മുമ്പാണ്. ഞങ്ങള്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നതായി കാണിച്ചായിരുന്നു പരാതി. പഞ്ചാബിലാണ് ആ കേസ് കൊടുത്തത്. സിസ്റ്ററുടെ സഹോദരനെതിരെ പഞ്ചാബിലും പിന്നീട് കേരളത്തിലും കേസ് കൊടുത്തു. ഇപ്പോള്‍ സമരം ചെയ്യുന്ന ഞങ്ങള്‍ അഞ്ച് പേരുടേയും വീട്ടുകാര്‍ക്കെതിരെ കേസുകള്‍ കൊടുത്തു. ബിഷപ്പിനെതിരെ വധഭീഷണി ഉയര്‍ത്തി എന്ന് പറഞ്ഞാണ് കേസ് കൊടുത്തത്. അപ്പോള്‍ ഇതിനെ നിയമപരമായി തന്നെ നേരിടേണ്ടി വരുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായി.

അന്വേഷണം തുടങ്ങിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനമുള്ളയാളാണ് ബിഷപ്പ്. സഭയ്ക്കുള്ളില്‍ തന്നെ വലിയ കളികള്‍ നടക്കുന്നത് ഞങ്ങള്‍ക്ക് മനസ്സിലായി. കേസ് നല്‍കിയയുടന്‍ സിസ്റ്റര്‍ക്ക് പത്ത് ഏക്കര്‍ ഭൂമിയും സഹോദരന് അഞ്ച് കോടിയും വാഗ്ദാനം വന്നിരുന്നു. അത് ഏല്‍ക്കാതിരുന്നപ്പോള്‍ പിന്നെ ഉപദ്രവമായി. ഞങ്ങളുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക, ബ്രേക്ക് അഴിച്ചിടുക തുടങ്ങി ഞങ്ങളെ കൊല്ലാന്‍ ശ്രമങ്ങള്‍ വരെയുണ്ടായി.

മഠത്തിനുള്ളില്‍ ഞങ്ങള്‍ ആറ് പേരും പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ദൈനംദിന കാര്യങ്ങളില്‍ പോലും ഇടപെടാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല. നിലനില്‍പ്പ് തന്നെ ഭീഷണിയാണ്. പക്ഷെ എന്താണ് വരുന്നത് എന്നുവച്ചാല്‍ അതിനെ വഴിയില്‍ തന്നെ നേരിടാം എന്നാണ് കരുതുന്നത്. പേടിച്ച് എങ്ങോട്ടും ഓടിപ്പോവില്ല. എന്തായാലും ധൈര്യത്തോടെ നേരിടും.

സിസ്റ്റര്‍ ആനിറോസ് ആണ് ഒരിക്കല്‍ എന്നെ ബിഷപ്പിനടുത്തേക്ക് നിര്‍ബന്ധിച്ച് വിളിച്ചുകൊണ്ട് പോവുന്നത്. എന്റെ എന്തോ കാര്യം പറയാനാണെന്ന് പറഞ്ഞുകൊണ്ടാണ് കൂട്ടിക്കൊണ്ടുപോയത്. എന്നിട്ട് അവിടെ ചെന്നപ്പോള്‍ പരാതിക്കാരിയായ സിസ്റ്ററെ കുറിച്ച് മോശം കാര്യങ്ങള്‍ മാത്രം എന്നോട് പറഞ്ഞുകൊണ്ടേയിരുന്നു. എന്നിട്ട് നിര്‍ബന്ധപൂര്‍വം ഒരു കത്ത് എന്നെക്കൊണ്ട് എഴുതിച്ചു. ബിഷപ്പ് പറഞ്ഞുതന്ന കാര്യങ്ങള്‍ കേട്ടെഴുതുക മാത്രമാണ് ചെയ്തത്. മാപ്പപേക്ഷയായിരുന്നു. രാത്രി എട്ട് മണി മുതല്‍ 11 മണിവരെയുള്ള സമയത്താണ് ഇത് നടക്കുന്നത്. ഓടി രക്ഷപെടാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. അതോടെ എനിക്കത് എഴുതുകയല്ലാതെ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. പക്ഷെ പിന്നീട് എന്താണ് സംഭവിച്ചതെന്നും, അത് എന്റെ കത്ത് അല്ല എന്നും, ബിഷപ്പ് നിര്‍ബന്ധപൂര്‍വം എഴുതിച്ചതാണെന്നും ഞാന്‍ അറിയിക്കേണ്ടവരെയെല്ലാം അറിയിക്കുകയും ചെയ്തു.

സിസ്റ്ററിന് ഇപ്പോള്‍ വിഷമമുണ്ട്. പ്രത്യേകിച്ചും ഞങ്ങള്‍ അഞ്ച് പേര്‍ തെരുവിലിറങ്ങേണ്ടി വന്നത് സിസ്റ്റര്‍ക്ക് വേണ്ടിയാണല്ലോ എന്ന് കരുതിയിട്ടാണ്. പക്ഷെ അതിനേക്കാളുപരി സന്തോഷവുമുണ്ട് അവര്‍ക്ക്. മനസ്സില്‍ പോലും ഓര്‍മ്മിക്കാത്തതാണ് ഇത്രയും ജനപിന്തുണ. അത് കാണുമ്പോള്‍ സിസ്റ്റര്‍ക്ക് ആശ്വാസമാണ്.

കോടതിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്. നീതിക്ക് വേണ്ടി ഞങ്ങള്‍ കാത്തിരിക്കും”. 

സഭകളുമായി ബന്ധപ്പെട്ട ദുഷ്‌ചെയ്തികള്‍ പലതരത്തില്‍ പുറത്തുവന്നപ്പോഴും മൗനം പാലിച്ചവരാണ് കന്യാസ്ത്രീകള്‍. എന്നാല്‍ അതെല്ലാം നിവൃത്തികേടിനാല്‍ പാലിച്ച മൗനമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു സമരത്തില്‍ പങ്കാളിയായിരുന്ന സിസ്റ്റര്‍ നീനയുടെ വാക്കുകള്‍. പരാതിക്കാരിയായ കന്യാസ്ത്രീയുടെ വിഷയം അഭിസംബോധന ചെയ്ത് സംസാരിച്ച നാള്‍ മുതല്‍ ഇപ്പോള്‍ സമരം ചെയ്യുമ്പോള്‍ വരെ അനുഭവിക്കേണ്ടി വന്ന, ജീവന്‍ വരെ അപകടത്തിലായിരിക്കുന്ന സാഹചര്യങ്ങളാണ് സിസ്റ്റര്‍ പങ്കുവച്ചത്: അമ്മ ഞങ്ങളോടൊന്നും പറഞ്ഞിരുന്നില്ല. ഒരിക്കല്‍ പിതാവ് മഠത്തിലേക്ക് വരുമെന്ന് പറഞ്ഞപ്പോള്‍, ‘വേണ്ട, പിതാവ് ഇങ്ങോട്ട് വരണ്ട, വന്നാല്‍ ഞാന്‍ എന്റെ വീട്ടില്‍ പോവും’ എന്ന് അമ്മ പ്രതികരിച്ചു. അപ്പോള്‍ ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. എന്ത് ചോദിച്ചിട്ടും ‘പിതാവ് വരണ്ട’ എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. പിതാവ് ഇവിടെ വന്നാല്‍ എന്താണ് കുഴപ്പമെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരുന്നു. അവസാനം ‘ പിതാവിന്റെ കൂടെക്കിടക്കാന്‍ കഴിയാത്തതുകൊണ്ടാണ്’ എന്നാണ് അമ്മ പറഞ്ഞത്. അപ്പോള്‍ ഞങ്ങള്‍ക്ക് കാര്യം വ്യക്തമായി. പിതാവ് വന്നപ്പോള്‍ അമ്മയോട് വീട്ടില്‍ പൊയ്‌ക്കൊള്ളാനും ഞങ്ങള്‍ പറഞ്ഞു.

ഇതിന് മുമ്പ് ഇരുപത് പേരാണ് പല സമയത്തായി സഭയില്‍ നിന്ന് പുറത്തുപോയത്. എല്ലാം ഇക്കാരണം കൊണ്ടുതന്നെയാണ്. അമ്മയ്ക്ക് നേരിട്ട അനുഭവം കേട്ട് ആ വിഷയത്തില്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഞങ്ങളോടെല്ലാമുള്ള സമീപനം മാറി. ആദ്യമൊക്കെ അച്ചന്‍മാര്‍ ചിലര്‍ സപ്പോര്‍ട്ട് ആയിരുന്നു. പിന്നീട് അതും ഇല്ലാതെയായി. ആലഞ്ചേരി പിതാവിന്റെ ഓഡിയോ പുറത്തായതോടെ മഠത്തില്‍ കുര്‍ബാനയും നടത്താറില്ല. (ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നല്‍കിയ പരാതിയെക്കുറിച്ച് മാര്‍ ആലഞ്ചരിയുമായുള്ള ഫോണ്‍ സംഭാഷണം മാതൃഭൂമി ന്യൂസ് ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു)

എന്നെ എം.എ അവസാന സെമസ്റ്റര്‍ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല. അമ്മയുടെ പ്രശ്‌നത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതുകൊണ്ടാണ്. ഹോള്‍ ടിക്കറ്റ് വരെ വന്നു. പക്ഷെ പരീക്ഷയുടെ തലേദിവസം പരീക്ഷയ്ക്ക് പോവാന്‍ പറ്റില്ലെന്ന് ജണ്ട്രാളമ്മ വിളിച്ചു പറഞ്ഞു. ഒരിക്കല്‍ സിസ്റ്റര്‍ അനുപമയെ സിസ്റ്റര്‍ ആനി റോസ് വിളിച്ചുകൊണ്ടുപോയി. അതിക്രമിക്കപ്പെട്ട കന്യാസ്ത്രീ മോശക്കാരിയാണെന്ന് സിസ്റ്റര്‍ അനുപമയെക്കൊണ്ട് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചു. എന്നിട്ട് ആ കത്ത് ജണ്ട്രാളമ്മയ്ക്ക് കൊടുക്കണമെന്നാവശ്യപ്പെട്ടു. പക്ഷെ സിസ്റ്റര്‍ അനുപമ കടുത്ത നിലപാടെടുത്തു. അമ്മയെയും ഞങ്ങളെയും മാനസികമായി പീഡിപ്പിച്ചുകൊണ്ടേയിരുന്നു. അമ്മയുടെ മദര്‍ ചാര്‍ജും കേരള ഇന്‍ചാര്‍ജും എടുത്തുകളഞ്ഞു. വര്‍ഷങ്ങളോളം മദര്‍ ആയിരുന്ന അതേ കമ്മ്യൂണിറ്റിയില്‍ വേറൊരു മദറിന്റെ കീഴില്‍ വെറുമൊരു കമ്മ്യൂണിറ്റി മെമ്പര്‍ മാത്രമാക്കി. പക്ഷെ ഞങ്ങള്‍ ആരും ഇതിലൊന്നും തകരില്ല.

തിരുവസ്ത്രം ഊരിക്കും എന്ന ഭീഷണികളായിരുന്നു പിന്നെ. ആദ്യം അതിക്രമിക്കപ്പെട്ട കന്യാസ്ത്രീയുടെ, പിന്നെ സിസ്റ്റര്‍ അനുപമയുടെ, പിന്നെ എന്റെ… അതായിരുന്നു അവരുടെ ഭീഷണി. സഭയില്‍ നിന്ന് പുറത്താക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഈ പ്രശ്‌നം ഉന്നയിക്കാന്‍ തുടങ്ങിയതോടെ അസുഖം വന്നാല്‍ ചികിത്സിക്കാന്‍ പോലും പണം തരാതെയായി. പിതാവിനെ വധിക്കാന്‍ ഗൂഡാലോചന നടത്തുന്നു എന്ന് ആരോപണങ്ങള്‍ ഞങ്ങള്‍ക്കെതിരെ വരാന്‍ തുടങ്ങി. ഞങ്ങള്‍ പോവുന്ന വാഹനത്തിന്റെ നമ്പര്‍, എപ്പോള്‍ പോവുന്നു, എങ്ങോട്ട് പോവുന്നു അങ്ങനെയെല്ലാം പുറകെ നടന്ന് നോക്കാന്‍ അവര്‍ പലരെയും വച്ചു. ഞങ്ങളുടെ വാഹനത്തിന്റെ ബ്രേക്ക് അഴിച്ചിടുന്നത് വരെയുള്ള പ്രവൃത്തികളും ചെയ്തു; അപായപ്പെടുത്താനായാണ്.

ഞങ്ങളുടെ ആവശ്യം നേടിയെടുത്ത്, അമ്മയ്ക്ക് നീതി ലഭിച്ചുകഴിഞ്ഞാല്‍ തിരിച്ച് മഠത്തിലേക്കും സഭയിലേക്കും തന്നെ പോവും. അക്കാര്യത്തില്‍ ധൈര്യക്കുറവൊന്നുമില്ല. എന്തുവന്നാലും നേരിടും. പക്ഷെ ഞങ്ങള്‍ ജീവനോടെ എത്രനാള്‍ ഉണ്ടാവുമോ എന്നറിയില്ല. കൂടെ താമസിക്കുന്നവര്‍ പോലും ഞങ്ങളെ കൊന്നേക്കാം.”

ആരോപണവിധേയനായ ബിഷപ്പ് തത്ക്കാലത്തേക്കെങ്കിലും താഴെയിറങ്ങിയിരിക്കുന്നു. ചോദ്യം ചെയ്യലുകള്‍ നേരിടാനായി ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കേരളത്തിലേക്കെത്തും. പക്ഷെ യാതൊരു സുരക്ഷിതത്വവുമില്ലാതെ സമരത്തിനിറങ്ങിയ കന്യാസ്ത്രീകളുടെ ജീവിതത്തില്‍ പരിഹരിക്കപ്പെടാത്തതായി ഇനിയുമേറെ കാര്യങ്ങളുണ്ട്. സമരത്തിന്റെ ഭാഗമായ ഒരു കന്യാസ്ത്രീയെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടതിന് ശേഷം ഒരിക്കല്‍ അവര്‍ തിരിച്ചുവിളിച്ച് പറഞ്ഞ വാക്കുകള്‍ അവരുടെ യഥാര്‍ത്ഥ അവസ്ഥ ബോധ്യപ്പെടുത്തുന്ന ഒന്നായിരുന്നു: “ഒന്ന് ഇങ്ങോട്ട് വിളിക്കണേ. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ പോലും പൈസയില്ല” എന്നായിരുന്നു ആ വാക്കുകള്‍.

ബിഷപ്പിനെയും സഭയെയും ചോദ്യം ചെയ്തതിന്റെ പേരില്‍ മരുന്ന് വാങ്ങാന്‍ പോലും പണം നല്‍കാതെ, മഠത്തിലും സഭയിലും പൂര്‍ണമായും ഒറ്റപ്പെടുത്തിയിരിക്കുന്ന കന്യാസ്ത്രീകള്‍, അവര്‍ അനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയേയും മുന്നോട്ട് വക്കുന്ന ശക്തമായ രാഷ്ട്രീയത്തേയും കൂടിയാണ് കേരള സമൂഹം അഭിസംബോധന ചെയ്യേണ്ടത്. സ്വാഭാവിക നീതി ലഭിക്കാതിരിക്കുമ്പോള്‍ സ്ത്രീകള്‍ തന്നെ ഇറങ്ങി അവരുടെ ഇടങ്ങള്‍ തേടുന്ന മുന്നേറ്റങ്ങളുടെ ഏറ്റവും ഒടുവിലുത്തെ ഉദാഹരണമാണ് കന്യാസ്ത്രീ സമരം.

ചുമതലകള്‍ കൈമാറി, ബലാത്സംഗ കേസില്‍ ചോദ്യം ചെയ്യലിന് ഫ്രാങ്കോ മുളയ്ക്കല്‍ കേരളത്തിലേയ്ക്ക്

മഠത്തിനുള്ളിലും ഞങ്ങള്‍ ഒറ്റപ്പെട്ടു; പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടത് ക്രിമിനല്‍ കുറ്റം; പോരാട്ടം നീതി കിട്ടും വരെ

കൂടെയുള്ളവര്‍ ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് ഞങ്ങളെ കൊല്ലുമോയെന്നാണ് ഭയം; മഠത്തിലെ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് കന്യാസ്ത്രീ

‘ഞങ്ങളുടെ അമ്മയോട് അത്രയും ക്രൂരതയാണ് ചെയ്തിരിക്കുന്നത്. പരമാവധി അമ്മ ക്ഷമിച്ചു, സഹിച്ചു, ഇനി നീതി വേണം’-സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍