UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പട്ടികവര്‍ഗ്ഗത്തിനുള്ള ഒറ്റ തസ്തിക, ജാതിസര്‍ട്ടിഫിക്കറ്റില്ലാത്തയാള്‍ക്ക് നിയമനം; പി.എസ്.സി ഞെട്ടിപ്പിക്കുന്നു

Avatar

പി കെ ശ്യം

വേലിതന്നെ വിളവു തിന്നുക എന്നുകേട്ടിട്ടില്ലേ, നേരിട്ടുകാണണമെങ്കില്‍ കേരളാ പബ്ലിക് സര്‍വീസ് കമ്മിഷന്റെ (പി.എസ്.സി) തിരുവനന്തപുരം പട്ടത്തെ ആസ്ഥാനത്തേക്ക് ഒന്നു വന്നാല്‍മതി. 1995ല്‍ ഒഴിവുവന്ന ഒറ്റ തസ്തികയില്‍ അതും പട്ടികവര്‍ഗ്ഗ സംവരണത്തില്‍ ജാതിസര്‍ട്ടിഫിക്കറ്റില്ലാതെ അപേക്ഷിച്ചയാളെ നിയമിക്കുകയും വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ ഉദ്യോഗസ്ഥനെ സെക്രട്ടറിയാക്കാന്‍ ഒരുങ്ങുകയും ചെയ്ത് വിശ്വാസ്യത കളഞ്ഞ് നാണംകെട്ടു നില്‍ക്കുകയാണ് കേരളാ പി.എസ്.സി. പട്ടികവര്‍ഗ്ഗ സര്‍ട്ടിഫിക്കറ്റുമായി അപേക്ഷിച്ച 1363 പേരെ തഴഞ്ഞ് കൃത്യമായ ജാതിസര്‍ട്ടിഫിക്കറ്റു പോലും നല്‍കാത്ത സാജു ജോര്‍ജ് എന്നയാളെ സെക്ഷന്‍ ഓഫീസറായി നിയമിച്ചതിന് പി.എസ്.സി ഇന്ന് നല്‍കേണ്ടി വരുന്നത് വന്‍വിലയാണ്. തൊഴിലില്ലാതെ 39.78ലക്ഷം യുവാക്കളുടെ ആശ്രയമായ കേരളാ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ (പി.എസ്.സി) നിയുക്ത സെക്രട്ടറിയടക്കം 1600 പേര്‍ നിയമവിരുദ്ധമായി ജോലിനേടിയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകളുടെ പിന്നാമ്പുറം തേടുകയാണ് ഇവിടെ…..

എസ്.ഐ പരീക്ഷയില്‍ മൊബൈല്‍ ഫോണിലൂടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞുനല്‍കിയ വിവാദത്തിനു ശേഷം പി.എസ്.സിയെ പിടിച്ചുലച്ച മറ്റൊരു വിവാദമാണ് നിയുക്ത സെക്രട്ടറിയുടെ നിയമനം. നിയുക്ത സെക്രട്ടറി സാജു ജോര്‍ജ് പി.എസ്.സിയില്‍ നിയമനം നേടിയ സെക്ഷന്‍ ഓഫീസറുടെ സംവരണവിഭാഗത്തിലെ ഒരേയൊരു തസ്തികയിലേക്ക് 1995 നവംബര്‍ ഏഴിനാണ് വിജ്ഞാപനമിറക്കിയത്. ഡിസംബര്‍ 20നുള്ളില്‍ ലഭിച്ച 1363 അപേക്ഷകള്‍ പരിഗണിച്ച് 1998 ജനുവരി ആറിന് പി.എസ്.സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇടുക്കി തൊടുപുഴ സ്വദേശിയായ സാജു ജോര്‍ജ് പട്ടികവര്‍ഗ്ഗ വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ സെക്ഷന്‍ ഓഫീസറായി പി.എസ്.സിയില്‍ ജോലിനേടുകയും ചെയ്തു. പടിപടിയായി സ്ഥാനക്കയറ്റം നേടി അഡിഷണല്‍ സെക്രട്ടറി, പരീക്ഷാ കണ്‍ട്രോളര്‍, ഇന്റേണല്‍ വിജിലന്‍സ് ഓഫീസര്‍ എന്നീ പദവികളിലേക്കെത്തി. സെക്രട്ടറിയായിരുന്ന പി.സി. ബിനോയ് വിരമിക്കുന്ന ഒഴിവിലേക്ക് സാജു ജോര്‍ജിനെ വകുപ്പുതല സമിതിയും കമ്മിഷനും തിരഞ്ഞെടുത്തശേഷമാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. സെക്രട്ടറിയായി നിയമിക്കുന്നതിന് മുന്നോടിയായി പരിശോധിച്ചപ്പോള്‍ സാജു ജോര്‍ജിന്റെ നിയമനം സംബന്ധിച്ച ഒറ്റ ഫയല്‍പോലും പി.എസ്.സിയിലില്ല. രേഖകള്‍ ഹാജരാക്കാന്‍ ഡിസംബര്‍ 2ന് ചെയര്‍മാന്‍ ഉത്തരവിട്ടപ്പോള്‍ സാജു കുറേ രേഖകള്‍ എത്തിച്ചു. അപ്പോഴാണ് പി.എസ്.സിയുടെ വിശ്വാസ്യത മുഴുവന്‍ ചോര്‍ത്തിക്കളഞ്ഞ കള്ളക്കളിയുടെ യഥാര്‍ത്ഥചിത്രം വ്യക്തമായത്. മലയരയന്‍ സമുദായത്തില്‍ നിന്ന് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം നടത്തിയവര്‍ ജാതിസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിച്ചിരിക്കണമെന്നാണ് പി.എസ്.സി ചട്ടം. നിയമനത്തിനുള്ള വിജ്ഞാപനത്തില്‍ ഇത് കര്‍ശന വ്യവസ്ഥയായി ഉള്‍പ്പെടുത്തിയിരുന്നു. പക്ഷേ സാജു ജോര്‍ജിന്റെ അപേക്ഷയ്‌ക്കൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. ജാതി തിരുത്തിയ സാക്ഷ്യപത്രം ഗസറ്റില്‍ വിജ്ഞാപനം ചെയ്തത് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച ദിവസമായിരുന്നുവെന്ന് പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. എസ്.എസ്.എല്‍.സി ബുക്കിലേയും പിന്നീട് ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലേയും ജാതി വ്യത്യസ്തമായിരുന്നു. സാജു ജോര്‍ജ് മലഅരയന്‍ ക്രിസ്ത്യന്‍ കുടുംബത്തില്‍പ്പെട്ടയാളാണെന്ന് തിരുവനന്തപുരം തഹസില്‍ദാര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് 1996 സെപ്തംബര്‍ 17നാണ് പി.എസ്.സിക്ക് ലഭിച്ചത്. ഇത് സെക്ഷന്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതിക്ക് ശേഷമായിരുന്നുവെന്നും പി.എസ്.സി കണ്ടെത്തിയപ്പോഴാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്.


സാജു ജോര്‍ജിന്റെ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ്‌

രക്ഷകനായി ഉമ്മന്‍ചാണ്ടി
സംവരണവിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ച സാജു ജോര്‍ജ് പട്ടികവിഭാഗത്തിലേക്ക് മാറിയത് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കപ്പെട്ട ദിവസമാണെന്ന് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതായി പി.എസ്.സി ജനുവരി 21ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. പി.എസ്.സി സെക്രട്ടറി ബിനോയി അതീവരഹസ്യസ്വഭാവത്തോടെ പൊതുഭരണ സെക്രട്ടറിക്ക് പ്രത്യേക റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. കമ്മിഷന്റെ ശക്തമായ വിയോജിപ്പുണ്ടായിട്ടും മന്ത്രിസഭായോഗത്തില്‍ ഫയല്‍ എത്തിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിര്‍ദ്ദേശിച്ചത്. മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് തയ്യാറാക്കിയ പൊതുഭരണ സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജോയിന്റ് സെക്രട്ടറി ഫിന്നി സഖറിയ എന്നിവര്‍ മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ചാണ് ഫയല്‍ സമര്‍പ്പിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്ക് ഹാജരാക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ നടപടികള്‍ വിശദീകരിക്കുന്ന 16041979ലെ 63/79 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, അതിന് വിരുദ്ധമായി 05-06-1996ലെ 5/1996 എന്ന നമ്പറില്‍ പി.എസ്.സി തെറ്റായ സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും സര്‍ക്കാരിനെ പി.എസ്.സി രേഖാമൂലം അറിയിച്ചതും മന്ത്രിസഭായോഗത്തിനുള്ള കുറിപ്പില്‍ പൊതുഭരണവകുപ്പ് ഉള്‍പ്പെടുത്തിയിരുന്നു. 1979ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാത്തതിന് പി.എസ്.സിക്കെതിരേ നടപടിയെടുക്കാമോ എന്നതടക്കം പരിശോധിക്കാനാണ് മന്ത്രിസഭായോഗത്തിന് പൊതുഭരണവകുപ്പ് ഫയല്‍ സമര്‍പ്പിച്ചത്. എന്നാല്‍ നടപടിക്രമങ്ങളൊന്നും പരിശോധിക്കാതെ സാജു ജോര്‍ജിനെ സെക്രട്ടറിയായി നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. കാര്യമായ ചര്‍ച്ചയൊന്നും കൂടാതെയെടുത്ത തീരുമാനം അംഗീകരിച്ച് നിയമനം നടത്താന്‍ രാജ്ഭവനിലേക്ക് ഫയല്‍ അയച്ചുകൊടുക്കാനും തീരുമാനിച്ചു. പിന്നീടാണ് കളിമാറിമറിഞ്ഞത്.

സര്‍ക്കാരിനെ പാഠം പഠിപ്പിച്ച് ഗവര്‍ണര്‍ 
മന്ത്രിസഭയുടെ തെറ്റായ ശുപാര്‍ശ തൊണ്ടതൊടാതെ അതേപടി വിഴുങ്ങാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ പി.സദാശിവം തയ്യാറായില്ല. കുറിക്കുകൊള്ളുന്ന നാല് ചോദ്യങ്ങളുമായി മന്ത്രിസഭായോഗത്തിന്റെ ശുപാര്‍ശയടങ്ങിയ ഫയല്‍ സര്‍ക്കാരിലേക്ക് മടക്കിയയച്ചു. 

അപേക്ഷ സ്വീകരിച്ച അവസാനദിവസത്തിന് മുന്‍പ് ‘മല അരയ’ വിഭാഗത്തില്‍പ്പെട്ടതാണോയെന്ന സര്‍ട്ടിഫിക്കറ്റ് സാജു ജോര്‍ജ് ഹാജരാക്കിയിട്ടുണ്ടോ എന്നതാണ് ആദ്യ ചോദ്യം. സര്‍ക്കാര്‍ ജോലിക്ക് ഹാജരാക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റിന്റെ നടപടികള്‍ വിശദീകരിക്കുന്ന 16-04-1979ലെ 63/79 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കെ, അതിന് വിരുദ്ധമായി 05-06-1996ലെ 5/1996 എന്ന നമ്പറില്‍ പി.എസ്.സി തെറ്റായ സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും സര്‍ക്കാരിനെ പി.എസ്.സി രേഖാമൂലം അറിയിച്ചിരുന്നു. ഈ സര്‍ക്കുലര്‍ നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ എന്തെങ്കിലും തീരുമാനമെടുത്തിട്ടുണ്ടോയെന്നാണ് രണ്ടാമത്തെ ചോദ്യം. സാജു ജോര്‍ജ് നിയമനം നേടിയ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലെ പട്ടികവര്‍ഗ്ഗ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച മുഴുവന്‍ ഫയലുകളും തനിക്ക് കാണണമെന്ന് മൂന്നാമത്തെ ആവശ്യം. പി.എസ്.സി ചെയര്‍മാനില്‍ നിന്ന് സാജു ജോര്‍ജിന്റെ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങി ഹാജരാക്കാനും സര്‍ക്കാരിന് ഗവര്‍ണര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പരമോന്നത നീതിപീഠത്തിലിരുന്ന ഉന്നത ന്യായാധിപനെ വളഞ്ഞവഴിയിലൂടെ വശത്താക്കാമെന്ന സര്‍ക്കാരിന്റെ തന്ത്രങ്ങള്‍ ഇതോടെ പൊളിഞ്ഞു. നാലേ നാല് ചോദ്യങ്ങള്‍ കൊണ്ട് സര്‍ക്കാരിന്റെ തെറ്റായ തീരുമാനത്തെ പൊളിച്ചടുക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. വിശദീകരണം തേടിയുള്ള തന്റെ ഫയല്‍ സെക്രട്ടേറിയറ്റില്‍ പൂഴ്ത്തുമെന്ന് മുന്‍കൂട്ടിക്കണ്ട ഗവര്‍ണര്‍ രണ്ടുദിവസത്തിനകം മറുപടി കിട്ടിയിരിക്കണമെന്ന സുഗ്രീവാജ്ഞയും സര്‍ക്കാരിന് നല്‍കി. ഇതോടെ മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണവകുപ്പ് കടുത്ത ആശങ്കയിലായി.

ആന്റി ക്ലൈമാക്‌സ് ചെയര്‍മാന്‍ വക
രേഖാമൂലം മുന്നറിയിപ്പ് നല്‍കിയിട്ടും അധികാരത്തിന്റെ ഹുങ്കില്‍ എന്തും മറികടക്കാമെന്ന് ധരിച്ചിരുന്ന സര്‍ക്കാരിന് പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണനും ഗവര്‍ണര്‍ കനത്ത അടിയാണ് കൊടുത്തത്. സാജു ജോര്‍ജ് പി.എസ്.സിയില്‍ സെക്ഷന്‍ ഓഫീസറായി ജോലി നേടിയത് നിയമപ്രകാരമല്ലെന്ന് ഗവര്‍ണര്‍ പി.സദാശിവത്തെ പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്‍ നേരിട്ട് അറിയിച്ചു. സാജു ജോര്‍ജ് ജാതിമാറിയുള്ള ഗസറ്റ് വിജ്ഞാപനമിറങ്ങിയത് പി.എസ്.സി റാങ്ക്പട്ടിക പ്രസിദ്ധീകരിച്ച ദിവസമായിരുന്നു. അതിനാല്‍ സെക്ഷന്‍ ഓഫീസറായുള്ള സാജു ജോര്‍ജിന്റെ നിയമനം സാധുവാണെന്ന് പ്രഥമദൃഷ്ട്യാ കരുതാനാവില്ലെന്നും നിയമന ഫയലുകളെല്ലാം കാണാതായെന്നും ചെയര്‍മാന്‍ വിശദീകരിക്കുന്നു. സാജു ജോര്‍ജിന്റെ തിരഞ്ഞെടുപ്പും നിയമനവും നിയമപ്രകാരം നിലനില്‍ക്കുന്നതല്ലെന്ന് പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതിനാല്‍ ഇന്റഗ്രിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാനുമാവില്ല. നിയമപ്രകാരമല്ലാതെ ഇറക്കിയ സര്‍ക്കുലറിന്റെ ഗുണഭോക്താവാണ് സാജു ജോര്‍ജെന്നതിനാല്‍ നിയമസാധുതയുള്ള തീരുമാനമെടുക്കാനാവില്ല. സാജുജോര്‍ജ് നിയമനം നേടിയ സെക്ഷന്‍ ഓഫീസര്‍ തസ്തികയിലെ പട്ടികവര്‍ഗ്ഗ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച മുഴുവന്‍ ഫയലുകളും ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും കാണാതായ ഫയലുകള്‍ കണ്ടെടുക്കാന്‍ വിജിലന്‍സ് എസ്.പി അന്വേഷണം നടത്തുകയാണെന്നും പി.എസ്.സി ചെയര്‍മാന്‍ ഗവര്‍ണറെ അറിയിച്ചതോടെ സര്‍ക്കാര്‍ പത്തിമടക്കി.

പാവം പട്ടികവര്‍ഗ്ഗക്കാര്‍ 
പട്ടികവര്‍ഗ്ഗക്കാരുടെ പേരില്‍ തട്ടിപ്പുനടത്തി ആയിരത്തിലേറെ പേരാണ് പി.എസ്.സി വഴി ജോലി നേടിയതെന്ന് കമ്മിഷന്‍ അംഗം രമണി പറയുന്നു. സര്‍ക്കാരിലേയും പൊലീസിലേയും ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ വരെയുള്ളവര്‍ ജാതിതട്ടിപ്പിലൂടെ നിയമനം നേടിയിട്ടുണ്ട്. ഇവരില്‍ മിക്കവരുടേയും നിയമന ഫയലുകളോ രേഖകളോ പി.എസ്.സിയില്‍ നിന്ന് നഷ്ടമാവുകയും ചെയ്തു. വിശദമായ അന്വേഷണത്തിലൂടെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരണമെന്നും അവര്‍ പറഞ്ഞു.

കണ്ണില്‍ച്ചോരയില്ലാത്ത തട്ടിപ്പ് 
സാമൂഹ്യമായും സാമ്പത്തികമായുമുള്ള പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഭരണഘടനയില്‍ പട്ടികവിഭാഗങ്ങള്‍ക്ക് 16, 335, 338, 340, 341, 342 വകുപ്പുകള്‍ പ്രകാരം ജോലിസംവരണം, സംരക്ഷണം, സുരക്ഷിതത്വം എന്നിവ ഉറപ്പുനല്‍കുന്നുണ്ട്. ആദിവാസി വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ജോലികള്‍ വ്യാജജാതി സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തില്‍ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവര്‍ തട്ടിയെടുക്കുന്നതിനെതിരേ കര്‍ശന നടപടി വേണമെന്ന സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 1979 ഏപ്രില്‍ 16ന് 63/79/ഡി.ഡി എന്ന ഉത്തരവ് സംസ്ഥാനസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. തഹസില്‍ദാര്‍മാരുടെ തട്ടിപ്പ് തടയാന്‍ എസ്.എസ്.എല്‍.സി ബുക്കില്‍ ജാതിവ്യത്യാസം വരുത്തുന്നത് കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമായിരിക്കണമെന്ന് ഹരിജന്‍ വെല്‍ഫെയര്‍ സെക്രട്ടറിയായിരുന്ന കെ.എസ്.ഭദ്രന്‍ ഇറക്കിയ ഉത്തരവിലുണ്ട്. ജാതിമാറാനുള്ള അപേക്ഷ തഹസില്‍ദാര്‍ ഹരിജന്‍ക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കും ട്രൈബല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ക്കും അയയ്ക്കണം. ഈ ഉദ്യോഗസ്ഥര്‍ അപേക്ഷകന്റെ മാതാപിതാക്കളുടേയും പൂര്‍വികരുടേയും ജാതി പരിശോധിച്ച് അപേക്ഷ കിര്‍ത്താഡ്‌സിന് കൈമാറുകയും അവിടെനിന്ന് റിപ്പോര്‍ട്ട് തേടുകയും വേണം. തഹസില്‍ദാരുടെയും കിര്‍ത്താഡ്‌സിന്റേയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് സമാനമാണെന്ന് ഉറപ്പാക്കിയശേഷം മാത്രമേ ജാതിവ്യതാസപ്പെടുത്താന്‍ അനുമതിനല്‍കാവൂ എന്നാണ് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നത്.

കര്‍ശനവ്യവസ്ഥകളോടെയുള്ള ഈ സര്‍ക്കാര്‍ ഉത്തരവ് മറികടക്കാന്‍ 1996 ജൂണ്‍ അഞ്ചിന് പി.എസ്.സി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കുകയായിരുന്നു. ക്രിസ്ത്യന്‍ മതം സ്വീകരിച്ച പട്ടികവര്‍ഗ്ഗത്തിലുള്ളവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ലെന്നാണ് സര്‍ക്കുലര്‍. സിറിയന്‍ ക്രിസ്ത്യന്‍ ചര്‍ച്ച്, എല്‍.സി. ചര്‍ച്ച്, ചര്‍ച്ച് ഒഫ് സൗത്ത്ഇന്ത്യ (സി.എസ്.ഐ) എന്നിവയിലും മറ്റ് പ്രൊട്ടസ്റ്റന്റ് ചര്‍ച്ചുകളിലുമുള്ള അപേക്ഷകര്‍ക്കാണ് ഇളവുകള്‍ നല്‍കുന്നതെന്നാണ് സര്‍ക്കുലറിലുള്ളത്. ഈ സര്‍ക്കുലര്‍ പുറത്തിറക്കാനായ സാഹചര്യവും ഇപ്പോഴിത് നിയമപ്രകാരം നിലനില്‍ക്കുമോയെന്നും ഗവര്‍ണര്‍ പി.എസ്.സിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണിപ്പോള്‍.

കോണ്‍സ്റ്റബിള്‍ മുതല്‍ വകുപ്പ് സെക്രട്ടറിവരെ
പട്ടികവിഭാഗങ്ങളുടെ വ്യാജജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിനേടിയ 375 പേരെ കിര്‍ത്താഡ്‌സ് കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് കോണ്‍സ്റ്റബിള്‍ മുതല്‍ സൂപ്രണ്ടുവരെ, എസ്.ബി.ടി മാനേജര്‍, കെ.എസ്.ഇ.ബി എന്‍ജിനീയര്‍, ധനവകുപ്പിലെ ഉന്നതന്‍, ദേശസാല്‍കൃതബാങ്ക് ജീവനക്കാര്‍, മെഡിക്കല്‍കോളേജ് സര്‍ജറി ലക്ചറര്‍, ഫിഷര്‍മാന്‍ സഹകരണസൊസൈറ്റി സെക്രട്ടറി, ഹാന്‍ഡ്‌ലൂം ഡയറക്ടര്‍, പിന്നാക്കവിഭാഗ വികസന കോര്‍പറേഷനിലെ ഉന്നതന്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍, എഫ്.സി.ഐ അസി.മാനേജര്‍, ഹെഡ്മാസ്റ്റര്‍മാര്‍ തുടങ്ങിയ ഉന്നതരാണ് ക്രമക്കേട് നടത്തിയത്. ജനസംഖ്യയില്‍ തീരെകുറവുള്ള ‘മലമ്പണ്ടാരങ്ങള്‍’ എന്നപേരിലാണ് ഭൂരിഭാഗം ക്രമക്കേടുകളും. തട്ടിപ്പുനടത്തിയവര്‍ കേന്ദ്രസംസ്ഥാന സ്ഥാപനങ്ങളിലെ ജീവനക്കാരായതിനാല്‍ തന്റെ വിവേചനാധികാരമുപയോഗിച്ച് സി.ബി.ഐയുടേയോ ക്രൈം ബ്രാഞ്ചിന്റെയോ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാനാണ് പി.എസ്.സി ചെയര്‍മാന്‍ കെ.എസ്.രാധാകൃഷ്ണന്റെ തീരുമാനം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍