UPDATES

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

മോഹവില പറയുമ്പോള്‍ പലരും റിസോര്‍ട്ടുകാരുടെ മുന്നില്‍ വീണുപോവുകയാണ്. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യറാകാത്തവരുടെ ജീവിതം അതൊടൊപ്പം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു

പുറമ്പോക്ക് ഭൂമി കയ്യേറ്റവും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചു കായല്‍ കയ്യേറ്റവും നടത്തിയെന്ന പരാതി നേരിടുന്ന കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ടിനെതിരേ പ്രദേശവാസികള്‍ക്കും പരാതികളേറെ. തങ്ങളുടെ ജീവിതത്തിന് വിലങ്ങു തടിയാവുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളാണ് ബിജെപി എം പിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നാണ് നാട്ടുകാര്‍ അഴിമുഖത്തോട് പറഞ്ഞത്. കയ്യേറ്റത്തിന്റെ പേരില്‍ നടപടികള്‍ വൈകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെ തന്നെയാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തദ്ദേശീയരായ തൊഴിലാളികള്‍ക്ക് അംഗീകരിക്കപ്പെട്ട കൂലി നല്‍കാതെ നിരാമയ അധികൃതര്‍ കബളിപ്പിക്കുന്നുവെന്ന ആക്ഷേപവും. തിങ്കളാഴ്ച ഇതിനെതിരേ തൊഴിലാളികള്‍ സൂചന പണിമുടക്ക് നടത്തിയിരുന്നു. തൊഴിലാളി വഞ്ചന നടത്തുന്നുവെന്ന ആക്ഷേപത്തിനൊപ്പം തന്നെ റിസോര്‍ട്ടിന്റെ മറ്റു ചില നടപടികള്‍ക്കെതിരേയും തൊഴിലാളികള്‍ ഉള്‍പ്പെടുന്ന നാട്ടുകാര്‍ തങ്ങളുടെ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയാണ്.

വേമ്പനാട് കായലോരത്തായി ഏകദേശം 90 സെന്റ് ഭൂമിയിലാണ് നിരാമയ റിസോര്‍ട്ട് പ്രവര്‍ത്തനസജ്ജമായി വരുന്നത്. രണ്ട് കോട്ടേജുകള്‍ സജ്ജമായിട്ടുണ്ടെങ്കിലും ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. കായലിന് അഭിമുഖമായ കോട്ടേജുകള്‍ക്കു മുന്നിലുള്ള ഭാഗത്ത് പായലുകള്‍ കെട്ടി നില്‍ക്കാതിരിക്കാന്‍ മുളങ്കമ്പുകള്‍ നാട്ടി തിരിക്കാനുള്ള റിസോര്‍ട്ട് അധികൃതരുടെ ശ്രമം തടയപ്പെട്ടിരുന്നു. കരിങ്കല്‍കെട്ടുകള്‍ നിര്‍മിച്ചത് ഇപ്പോഴുമുണ്ട്. ഇതടക്കം തങ്ങളുടെ സൗകര്യത്തിനനുസൃതമായി റിസോര്‍ട്ടുകാര്‍ ചെയ്യുന്ന ഓരോ പ്രവര്‍ത്തികള്‍ക്കുമെതിരേയാണ് നാട്ടുകാര്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.

"</p

റിസോര്‍ട്ട് വരുന്നതിനു മുമ്പ് ഈ ഭൂമിയില്‍ മറ്റു താമസക്കാര്‍ ഉണ്ടായിരുന്നു. മോഹവില കേട്ടപ്പോള്‍ ഇവര്‍ റിസോര്‍ട്ടുകാര്‍ക്ക് ഭൂമി വിട്ടുകൊടുക്കുകയായിരുന്നു. മുമ്പ് ഇവിടൊക്കെ കായലായിരുന്നു. അതു പലരായി നികത്തി കരയാക്കി. ആ ഭൂമിയാണ് ഇപ്പോള്‍ റിസോര്‍ട്ടുകാര്‍ വാങ്ങിയത്. അവര്‍ അവരുടേതായും കയ്യേറിയെന്നാണ് പരാതി കേള്‍ക്കുന്നത്. ഭൂമിയും കായലും കയ്യേറിയതു മാത്രമല്ല, ഞങ്ങളുടെ ജീവിതം പോലും തകര്‍ക്കുന്ന തരത്തിലാണ് ഓരോന്നും ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. റിസോര്‍ട്ട് വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം പണി കിട്ടുമെന്ന് പറഞ്ഞു. ഇപ്പോള്‍ ചെയ്യിച്ചുകൊണ്ടിരിക്കുന്ന പണിക്കുപോലും ശരിക്കുള്ള കൂലി തരണില്ല. ഇനി റിസോര്‍ട്ട് പണി പൂര്‍ത്തിയായി കഴിയുമ്പോള്‍ ഞങ്ങളിലാര്‍ക്കെങ്കിലും അതിനകത്ത് കയറാന്‍ തന്നെ പറ്റുമോന്നറിയില്ല; നാട്ടുകാരാനായ പ്രസാദ് അഴിമുഖത്തോട് പറയുന്നു.

"</p

റിസോര്‍ട്ടിനെതിരേ ജനങ്ങള്‍ ഉയര്‍ത്തുന്ന പരാതികളില്‍ പ്രധാനപ്പെട്ടത് മാലിന്യപ്രശ്‌നമാണ്. ഇപ്പോള്‍ റിസോര്‍ട്ട് നില്‍ക്കുന്ന ഭൂമിയുടെ അരികില്‍ കൂടി പോകുന്ന പഞ്ചായത്ത് റോഡിന്റെ മറുവശത്തുള്ള കുറച്ചു സ്ഥലം കൂടി അവര്‍ വാങ്ങി. സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ് വയ്ക്കാനാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ക്വാര്‍ട്ടേഴ്‌സെന്ന പേരില്‍ നിര്‍മാണം തുടങ്ങിയടത്ത് വലിയ ടാങ്കുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയതോടെയാണ് പ്രദേശവാസികള്‍ അപകടം മണത്തതും അവര്‍ പ്രതിഷേധം ഉയര്‍ത്തിയതും. കക്കൂസ് വേസ്റ്റിനു വേണ്ടിയുള്ള ടാങ്കുകളായിരുന്നു അവര്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. പരാതി പഞ്ചായത്തിനു മുന്നില്‍ എത്തുകയും പഞ്ചായത്ത് ഇക്കാര്യത്തില്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ മാലിന്യ പ്ലാന്റ് അവിടെ നിന്നും മാറ്റാന്‍ റിസോര്‍ട്ടുകാര്‍ തയ്യാറാവുകയായിരുന്നു. നേരേമഠം തോടിനോട് ചേര്‍ന്നുള്ള ഈ ഭൂമിയില്‍ ഇപ്പോള്‍ ലോണ്‍ട്രിയോ മറ്റോ പ്രവര്‍ത്തിക്കുന്നുണ്ട്. പണിക്കാര്‍ക്കുള്ള മെസും ഇവിടെയാണെന്നു പറയുന്നു. പക്ഷേ ഈ കെട്ടിടത്തില്‍ തന്നെ കക്കൂസും സ്ഥിതി ചെയ്യുന്നുണ്ട്. ഈ കെട്ടിടത്തില്‍ നിന്നും ഒരു ഹോസ് തോട്ടിലേക്ക് ഇട്ടിരിക്കുകയാണ്. ഇതിലൂടെ തോട്ടിലേക്ക് ഒഴുക്കുന്ന വെള്ളം എന്താണെന്നു പോലും അറിയില്ല. ജനങ്ങള്‍ ഇറങ്ങുന്ന തോടാണ്. കക്കൂസ് വെള്ളമാണോ മറ്റെന്തെങ്കിലും മാലിനജലമാണോ എന്ന് അറിയില്ല; ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവും സിപിഎം നേതാവുമായ പ്രസന്നകുമാരി സ്വാമിനാഥന്‍ പറയുന്നു.

"</p

എന്നാല്‍ തോട്ടിലേക്കിട്ടിരിക്കുന്ന ഹോസില്‍ നിന്നും യതൊരു വിധത്തിലുമുള്ള മലിനജലവും ഒഴുക്കുന്നില്ലെന്നും ബോര്‍വെല്ലിലെ വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നതെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. നാട്ടുകാരുടെ സംശയവും ഭീതിയും അകറ്റാന്‍ ശ്രമിക്കാത്തതെന്തെന്ന ചോദ്യത്തിന് പക്ഷേ ഉത്തരമില്ല. ഇതേ കെട്ടിടത്തില്‍ നിന്നും റോഡിലേക്ക് വച്ചിരിക്കുന്ന കൂറ്റന്‍ എക്‌സ്‌ഹോസ്റ്റ് ഫാനിനേതിരേയും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഇതുവഴി പുറത്തേക്കു വരുന്ന വായു റോഡിലൂടെ സഞ്ചരിക്കുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണെന്നും ഇതു മാറ്റണമെന്നുള്ള ആവശ്യം റിസോര്‍ട്ടുകാര്‍ അംഗീകരിച്ചിട്ടില്ലെന്നുമാണ് പരാതി. ഇവരുടെ മെസ്സില്‍ വറക്കുകയും പൊടിക്കുകയുമെല്ലാം ചെയ്യുന്നതിന്റെ മാലിന്യം ഈ വലിയ എക്‌സ്‌ഹോസ്റ്റ് ഫാന്‍ വഴി പുറത്തേക്ക് തള്ളുമ്പോള്‍ അതു ശ്വസിക്കേണ്ടി വരുന്നത് ഇവിടുത്തെ കുട്ടികള്‍ ഉള്‍പ്പെടെയാണ്. ഇതിനെതിരേ എത്രവട്ടം പരാതി കൊടുത്തു. ഹൈക്കോടതിയില്‍ നാട്ടുകാരെല്ലാം ചേര്‍ന്നാണ് ഹര്‍ജി കൊടുത്തത്. പഞ്ചായത്തിന് ഇവരുടെ അനധികൃതപ്രവര്‍ത്തികള്‍ മനസിലായതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കി. പക്ഷേ അവര്‍ കോടതിയില്‍ നിന്നും താത്കാലിക സ്‌റ്റേ വാങ്ങിയിരിക്കുകയാണ്; കുമരകം ഗ്രാമപഞ്ചായത്ത് അംഗം ശാന്തകുമാര്‍ പറയുന്നു.

"</p "</p

നേരെമഠം തോട് നാട്ടുകാര്‍ കുളിക്കാന്‍ ഉപയോഗിക്കുന്നതുമാണ്. റിസോര്‍ട്ടുകാര്‍ മതില്‍ കെട്ടിയടച്ചതോടെ റോഡിനു അരികില്‍ കരിങ്കല്‍കെട്ട് കഴിഞ്ഞ് ഇട്ടിരുന്ന പൊതുവഴി പോലും ഇല്ലാതായതായാണ് പരാതി. തോടിനു ചേര്‍ന്നുള്ള റിസോര്‍ട്ട് മതില്‍ കായലിനോട് അടുത്തു വരുമ്പോള്‍ വീതി കൂട്ടി പണിതിരിക്കുന്നത് വ്യക്തമാണെന്നു നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ തോടനരികില്‍ കൂടി നടക്കാന്‍ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. പഞ്ചായത്ത് കുളിക്കടവ് ഉള്ള സ്ഥലമാണ് പക്ഷേ കുട്ടികള്‍ക്കൊന്നും ഇപ്പോള്‍ ഇങ്ങോട്ട് ഇറങ്ങാന്‍ തന്നെ പേടിയാണ്. കായലില്‍ നിന്നും വള്ളങ്ങള്‍ക്കൊന്നും ഇപ്പോള്‍ ഇങ്ങോട്ട് കയറാന്‍ പോലും കഴിയുന്നില്ല. പോരാതത്തിനു തോട്ടില്‍ പോളകളും വന്നടിഞ്ഞു കൂടുകയാണ്. അവര്‍ ഇങ്ങനെ കെട്ടികൂട്ടിവയ്ക്കുമ്പോള്‍ ഞങ്ങള്‍ ആശ്രയിച്ചിരുന്ന തോടു പോലും ഇല്ലാതായിക്കൊണ്ടിരിക്കുന്നു; പ്രസാദ് പറയുന്നു.

"</p

തോടിന്റെ കാര്യം പറഞ്ഞതുപോലെ റിസോര്‍ട്ടിനു മുന്നിലൂടെയുള്ള പഞ്ചായത്ത് റോഡും റിസോര്‍ട്ടുകാര്‍ കുത്തിപ്പൊളിച്ചതായാണ് പരാതി. പഞ്ചായത്തില്‍ നിന്ന് അനുമതി വാങ്ങാതെയാണ് റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്ത് അനുമതി ഉണ്ടെന്നു തെറ്റിദ്ധരിപ്പിച്ചായിരുന്നു പൈപ്പ് ഇട്ടത്. പിന്നീട് പരിശോധിച്ചപ്പോഴാണ് അവര്‍ നല്‍കിയ സ്‌കെച്ചിലും പ്ലാനിലും റോഡിന് അടിയിലൂടെ പൈപ്പ് സ്ഥാപിക്കുന്ന കാര്യം രേഖപ്പെടുത്തിയിരുന്നില്ലെന്നു ബോധ്യപ്പെട്ടതെന്നു പഞ്ചായത്ത് അംഗം തന്നെ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്ത് റോഡ് കുത്തിപ്പൊളിച്ച് അവരുടെ ഇഷ്ടം പോലെ ചെയ്തു. അതോടെ ഞങ്ങള്‍ക്ക് നടക്കാനും വാഹനം കൊണ്ടുപോകാനുമൊന്നും കഴിയാതെയായി. ഇത്രയൊക്കെ ചെയ്യാന്‍ ഇവര്‍ക്ക് എന്ത് അധികാരമാണ്? പണം ഉണ്ടെന്നു പറഞ്ഞ് എന്തും ചെയ്യാമെന്നാണോ? ജനങ്ങളുടെ പരാതിമൂലം പഞ്ചായത്ത് ടൂറിസം ഫണ്ട് ഉപയോഗപ്പെടുത്തി റോഡ് പുനര്‍നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ്. റിസോര്‍ട്ട് നിര്‍മാണം നടക്കുമ്പോള്‍ തന്നെ ഇങ്ങനെയെല്ലാം ചെയ്യുന്നു. ഇനിയിത് തുറന്ന് കഴിയുമ്പോള്‍ ഈ റോഡ് തന്നെ അവരുടേതാണെന്നും പറഞ്ഞ് ഞങ്ങളെയാരെയും വഴി നടക്കാന്‍ പോലും സമ്മതിക്കില്ല; പ്രദേശവാസിയായ പ്രസന്നന്‍ പറയുന്നു.

"</p

റിസോര്‍ട്ടിനു മുന്‍വശത്തായി വാങ്ങിയിട്ടുള്ള ഭൂമിയില്‍ സ്ഥാപിക്കുന്ന മാലിന്യനിര്‍മാര്‍ജ്ജന പ്ലാന്റിനെതിരേയും ജനങ്ങള്‍ സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്രവലിയൊരു റിസോര്‍ട്ടിന് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ് മതിയോ എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഈ പ്ലാന്റിലേക്കും പഞ്ചായത്ത് റോഡ് കുത്തിപ്പൊളിച്ചാണ് പൈപ്പുകള്‍ ഇട്ടിരിക്കുന്നതെന്നും പരാതി. റിസോര്‍ട്ടിനുള്ളിലെ കോട്ടേജുകള്‍ക്കൊന്നും പ്രത്യേകമായ സ്‌പെറ്റിക് ടാങ്കുകള്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ലെന്നു നിര്‍മാണ തൊഴിലാളികള്‍ തന്നെ പറയുന്നു. എല്ലാ കോട്ടേജുകളില്‍ നിന്നുമുള്ള കക്കൂസ് മാലിന്യം ഇപ്പോഴുള്ള പ്ലാന്റില്‍ സംസ്‌കരിക്കുമെന്ന് പറയുന്നത്. എത്രകണ്ട് പ്രായോഗികമാകുമെന്ന് അറിയില്ലെന്നു പഞ്ചായത്ത് പ്രതിനിധികള്‍ തന്നെ ചൂണ്ടിക്കാണിക്കുന്നു. ഇതിനൊപ്പം നാട്ടുകാര്‍ പറയുന്ന കാര്യം, കക്കൂസ് മാലിന്യം കായലിലേക്ക് ഒഴുക്കി കളയാനുള്ള മാര്‍ഗമാണ് റിസോര്‍ട്ടുകാര്‍ സ്വീകരിക്കുന്നതെന്നാണ്. കുമരകത്ത് ഇത്തരത്തില്‍ കായലിലേക്ക് റിസോര്‍ട്ടുകളില്‍ നിന്നുള്ള കക്കൂസ് മാലിന്യം ഒഴുക്കി വിടുന്ന സംഭവങ്ങള്‍ മുന്‍പ് കണ്ടുപിടിച്ചിട്ടുള്ളതാണ്. നിരാമയക്കാരും ഇതേ മാര്‍ഗമാണ് ഉപയോഗിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

"</p

റിസോര്‍ട്ടിനു ചുറ്റുമുള്ള പ്രദേശങ്ങളൊരോന്നായി വാങ്ങുകയണ്. മോഹവില പറയുമ്പോള്‍ പലരും റിസോര്‍ട്ടുകാരുടെ മുന്നില്‍ വീണുപോവുകയാണ്. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ തയ്യറാകാത്തവരുടെ ജീവിതം അതൊടൊപ്പം ബുദ്ധിമുട്ടിലാവുകയും ചെയ്യുന്നു. ഞങ്ങളെയും എങ്ങനെയെങ്കിലും ഇവിടെ നിന്ന് ഓടിക്കാനാണ് അവര്‍ നോക്കുന്നത്. എന്റെ വീടിനോട് ചേര്‍ന്നുള്ള ഭൂമി അവരുടേതാണ്. അവിടെ നിന്നും വെള്ളം ഒഴുകി ഇപ്പോള്‍ ഞങ്ങളുടെ പറമ്പിലേക്കാണ് വരുന്നത്. മതില് അടിഭാഗം വിണ്ടു തുടങ്ങി. പരാതിപ്പെട്ടപ്പോള്‍ അവര്‍ പരിഹസത്തോടെ പറയുന്നത്, താഴ്ന്ന സ്ഥലത്തേക്കല്ലേ വെള്ളം ഒഴുകിപ്പോകൂ എന്നാണ്. റിസോര്‍ട്ടുകാര്‍ വന്ന് ഒരോ പ്രദേശമായി കെട്ടിയടയ്ക്കാന്‍ തുടങ്ങിയതോടെ ഞങ്ങളുടെ പറമ്പുകളിലെല്ലാം വെള്ളം കെട്ടിനില്‍ക്കാന്‍ തുടങ്ങി; പ്രസാദ് പറയുന്നു. എന്റെ വീട്ടീന്ന് വെള്ളമൊഴുകി പോകാന്‍ നേരത്തെ ഒരോവ് ഉണ്ടായിരുന്നു. ആ ഓവ് പോയിരുന്ന ഭൂമി റിസോര്‍ട്ടുകാരു വാങ്ങി. അവരിപ്പോള്‍ ഓവ് കെട്ടിയടച്ചു. അതോടെ വെള്ളം ഒഴുകി പോകാന്‍ കഴിയാതെയായി. ആരോടാണ് പരാതി പറയേണ്ടതെന്നറിയില്ല; സാവിത്രി പറയുന്നു.

റിസോര്‍ട്ട് വരുമ്പോള്‍ ഞങ്ങള്‍ക്കെല്ലാം നല്ലതാണെന്നും കുറേപ്പേര്‍ക്ക് പണി കിട്ടുമെന്നൊക്കെയാണ് പറഞ്ഞത്. റിസോര്‍ട്ടിന്റെ നിര്‍മാണ പണികള്‍ക്ക് ഞങ്ങളെ വിളിച്ചു. അതു ശരിയാണ്. പക്ഷേ എല്ലാടിത്തും കൊടുക്കുന്ന കൂലി തരില്ല. ചോദിച്ചു ചോദിച്ചു മടുത്ത് ഞങ്ങളിപ്പോള്‍ കൂലിക്കുവേണ്ടി സമരം ചെയ്യുകയാണ്. ഈ പണി തന്നെ റിസോര്‍ട്ട് നിര്‍മാണം കഴിയും വരെ. അതു കഴിഞ്ഞാല്‍ ഞങ്ങളെ അവര്‍ ജോലിക്കെടുക്കുമോ. ജോലി മാത്രമല്ല, ഈ റിസോര്‍ട്ട് വന്നതില്‍ പിന്നെ എന്തോരം പ്രശ്‌നങ്ങളാണ് ഞങ്ങള്‍ അനുഭവിക്കുന്നത്. തോട് അടയ്ക്കുന്നു, റോഡ് വെട്ടിപ്പൊളിക്കുന്നു. വലിയ ചാനലിന്റെ ആളാണിതിന്റെ മുതലാളിയെന്നു പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഞങ്ങളീ പരാതികളൊക്കെ പറയുന്നു. ആരു കേള്‍ക്കാന്‍. ഭൂമി കയ്യേറ്റവും കായല് വളച്ചുകെട്ടലും മാത്രമല്ല, ഞങ്ങളെയെല്ലാം ഓരോരോ തരത്തില്‍ ദ്രോഹിക്കുക കൂടിയാണിവര്‍ ചെയ്യുന്നത്; നാട്ടുകര്‍ പറയുന്നു.

"</p

എന്നാല്‍ ഈ പരാതികള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും നിയമങ്ങള്‍ അനുസരിച്ചും പ്രദേശവാസികളെ ഒരു തരത്തിലും ബുദ്ധിമുട്ടിക്കാതെയുമാണ് തങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. തെറ്റിദ്ധാരണകള്‍ മാത്രമാണ് ഇപ്പോഴത്തെ വിമര്‍ശനങ്ങള്‍ക്കു കാരണമെന്നും അവര്‍ പറയുന്നു.

തങ്ങളുടെ പരാതിയില്‍ കഴമ്പില്ലെന്നു തോന്നുന്നവര്‍ക്ക് ആര്‍ക്കും ഈ പ്രദേശം വന്നു കണ്ടാല്‍ കാര്യങ്ങള്‍ മനസിലാകുന്നതാണെന്നും റിസോര്‍ട്ട് വരുന്നതിനും നാടു വികസിക്കുന്നതിനും തങ്ങളാരും എതിരല്ലെന്നും എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ട് ആകരുതെന്നുമാത്രമാണ് അപേക്ഷയെന്നും നാട്ടുകാര്‍. അതുകൊണ്ട് പുറമ്പോക്കും കായല്‍ കയ്യേറ്റവും അന്വേഷിക്കുന്നതിനൊപ്പം റിസോര്‍ട്ടുകാരുടെ മറ്റ് ജനദ്രോഹനടപടികളെക്കുറിച്ചും ബന്ധപ്പെട്ടവര്‍ അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യമുയര്‍ത്തുന്നു.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം: നടപടി ഉടനെന്ന് റവന്യു വകുപ്പ്; വാക്കാലുള്ള നടപടി പോരെന്ന് പഞ്ചായത്ത്

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍