UPDATES

ട്രെന്‍ഡിങ്ങ്

പൂഞ്ഞാര്‍ പൂച്ചയുടെ പുലികളികള്‍ക്ക് പിന്നില്‍

പൂഞ്ഞാര്‍ പുലിക്ക് എന്റെ നിഖണ്ടുവില്‍ ഒരൊറ്റ പേരെ ഉള്ളു. അത് പിസി ജോര്‍ജ് എന്നല്ല പകരം പേടി ചാടി ജോര്‍ജ് എന്നാണ്; 2002ല്‍ എംഎല്‍എ ഹോസ്റ്റലില്‍ വച്ചുള്ള ആദ്യ കൂടിക്കാഴചയില്‍ തന്നെ മനസ്സിലായ ഒരു സത്യം.

കെ എ ആന്റണി

കെ എ ആന്റണി

ചില ‘പുലികള്‍’ ഇങ്ങനെയാണ്. സാഹചര്യങ്ങള്‍ക്കൊപ്പിച്ച് ഓന്ത് നിറം മാറുന്നതുപോലെ പലയിനം പുലിയായി വേഷപ്പകര്‍ച്ച നടത്തി ആളെ പിടിക്കുകയോ കൊന്നു തിന്നുകയോ ഒക്കെ ചെയ്യും. വേഷപ്പകര്‍ച്ചയില്‍ താഴേക്കിറങ്ങിയാല്‍ കാട്ടുപൂച്ച മാത്രമല്ല, വീടുകളിലെ ബെഡ്‌റൂമില്‍ പോലും അരുമയാര്‍ന്ന വളര്‍ത്തു പൂച്ചക്കുട്ടിയായി മാറാനും പുലിക്കുണ്ടൊരു വൈഭവം. ഒരു തരം ഒടിവിദ്യയാണിത്. വംശാവലി വച്ച് നോക്കിയാല്‍ പൂച്ചയും പുലിയുമൊക്കെ കുടുംബക്കാരാണെങ്കിലും ഓരോന്നിനും അതിന്റേതായ പ്രത്യേകതകളുമുണ്ട് എന്നതിനാല്‍ അവറ്റകള്‍ ഒടിവിദ്യക്കാരല്ല. എങ്കിലും തുടക്കത്തില്‍ സൂചിപ്പിച്ചതുപോലെ ചില ‘പുലികള്‍’ (അവറ്റകള്‍ വ്യാജ പുലികള്‍ ആയതിനാല്‍) എന്ത് വേഷംകെട്ടും നടത്തിക്കളയും. പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് എന്ന പി.സി ജോര്‍ജ് എന്ന പൂഞ്ഞാര്‍ പുലിയുടെ സ്ഥിതിയും ഇത് തന്നെയാണ്.

വളര്‍ത്തുപൂച്ചക്കും ചില ഗുണദോഷങ്ങളുണ്ട്. ചില നേരങ്ങളില്‍ വാലാട്ടി, കാലുരുമ്മി, അവസരം ചോദിച്ചുവാങ്ങി മടിയില്‍ കയറി അരുമയാകുന്ന പൂച്ച. തക്കം കിട്ടിയാല്‍ മീനും പാലും ഒക്കെ മോഷ്ടിക്കുന്ന കള്ളിപ്പൂച്ച. രണ്ടായാലും പൂച്ച പൂച്ച തന്നെ. പുലി ചമയുന്ന നമ്മുടെ അരുവിത്തുറക്കാരന്‍ പിസി ഇതില്‍ ഏത് ഗണത്തില്‍ പെടും എന്ന് സമീപകാല കേരള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാന്‍ വിഷമം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ ആരെങ്കിലുമുണ്ടെകില്‍ അത് പൂഞ്ഞാറിലെ വോട്ടര്‍മാരായിരിക്കില്ല; അവര്‍ക്കിടയില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ മറ്റു ചില രാഷ്ട്രീയ കൊയ്ത്തുകാരോ ധൃതരാഷ്ട്രര്‍മാരോ ഒക്കെയാവാം.

പിസി ജോര്‍ജ് എന്നാല്‍ നേരിനുവേണ്ടി നെറികേടിനെതിരെ പൊരുതുന്ന ഒരാള്‍ എന്നൊക്കെ ഒരു ചിന്ത കേരളത്തില്‍ അങ്ങോളം ഇങ്ങോളം വ്യാപരിച്ചിരുന്നു, ഈ അടുത്ത കാലം വരെ. വിദേശ മലയാളികള്‍ക്കിടയില്‍ റേറ്റിംഗ് അല്‍പ്പം കൂടുതല്‍ ആകയാല്‍ അന്യദേശങ്ങളിലും ഈ ‘പുലി’ പുപ്പുലിയായി തന്നെ ഇപ്പോഴും തുടരുന്നുണ്ടെന്നത് മറ്റൊരു കാര്യം. സത്യത്തില്‍ ആരാണ് ഈ പുലിയും പുപ്പുലിയും എന്ന് ഇനിയെങ്കിലും തിരിച്ചറിയപ്പെടേണ്ടതുണ്ടെന്ന് തോന്നുന്നു. എന്തും വെട്ടിത്തുറന്ന് പറയുന്ന ഒരാള്‍ എന്ന അര്‍ഥത്തില്‍ ‘ഔട്ട് സ്പോക്കണ്‍’ എന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ പുപ്പുലിയുടെ യഥാര്‍ത്ഥ മുഖവും മനസും വായിക്കാന്‍ ഈ അടുത്ത കാലത്ത് ടിയാന്‍ നടത്തിയ ചില പ്രസ്താവനകള്‍ മാത്രം ഒന്ന് മനസിരുത്തി വായിച്ചാല്‍ മതിയാകും.

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ടിയാന്‍ പറഞ്ഞ കാര്യങ്ങളോടൊപ്പം ജോസ് തെറ്റയില്‍ വിഷയത്തില്‍ ഇടനിലക്കാരന്‍ ചമഞ്ഞ കാര്യങ്ങള്‍ വരെ മാത്രം ഒന്ന് കൂട്ടി വായിച്ചാല്‍ ആള് ഏത് ജനുസില്‍ പെട്ടതാണ് എന്ന് എളുപ്പത്തില്‍ മനസിലാവുന്നതേയുള്ളു. ദിലീപിനെ അറസ്റ്റ് ചെയ്ത ദിവസം തുടങ്ങിയ പിസി കലിപ്പ് ഇനിയും അടങ്ങിയ മട്ടില്ല. ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പൊലീസ് പറഞ്ഞു, തങ്ങളുടെ കയ്യില്‍ തെളിവുണ്ടെന്ന്. ഇല്ലെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടായിരുന്നത് ദിലീപിനും ആശ്രിതര്‍ക്കും (ഫാന്‍സ് അസോസിയേഷനും ഇതില്‍ പെടും) പ്രതിഭാഗം വക്കീലിനും പിന്നെ പൂഞ്ഞാര്‍ ‘പുലി’ക്കും മാത്രം. ആശ്രിതര്‍ക്കും പ്രതിഭാഗം അഭിഭാഷകനും അവരുടെ ജോലി ചെയ്യുന്നു എന്നേ കൂട്ടേണ്ടതുള്ളൂ. പക്ഷെ ഈ ‘പുലി’യുടെ കാര്യത്തില്‍ ഇയാളുടെ റോള് എന്തെന്ന് ഇവിടെ ആരും ചോദിച്ചു കണ്ടില്ല. പൊലീസ് പറഞ്ഞത് ജാമ്യം നിഷേധിച്ചുകൊണ്ട് മജിസ്ട്രേറ്റ് കോടതിയും ഇന്നലെ ഹൈക്കോടതിയും പറഞ്ഞുകഴിഞ്ഞിട്ടും പുപ്പുലി വേഷംകെട്ട് തുടരുകയാണ്.

ഇനിയിപ്പോള്‍ പറയുന്നത്, ജഗതി പറഞ്ഞു, ദിലീപ് നല്ലവന്‍ എന്ന് മനസിലാക്കിയതിനാല്‍ പറഞ്ഞു, ഇതിന്റെ പേരില്‍ തന്നെ കുടുക്കാന്‍ നോക്കേണ്ട എന്നൊക്കെയാണ്. തെളിവ് താന്‍ നേരിട്ട് നല്‍കുമെന്നല്ല, മറിച്ച് തന്റെ അഭിപ്രായങ്ങള്‍ അന്വേഷണ സംഘവുമായി ഷെയര്‍ ചെയ്യാം എന്നും ടിയാന്‍ പറഞ്ഞു കേട്ടു. ഇങ്ങനെ ഒരു ഷെയറിങ്ങിന് പോയ ദിലീപ് അകത്താണെന്ന വിവരം വലിയ വായില്‍ ബുദ്ധി ചമയുന്ന ഈ പൂഞ്ഞാര്‍ നസ്രാണിക്കുണ്ടോ എന്നറിയില്ല. എങ്കിലും ഒരു കാര്യം അറിയാം, രാഷ്ട്രീയ വഴിയില്‍ ഒറ്റപ്പെട്ടു നില്‍ക്കുന്ന ഒരു കൊലകൊമ്പന്റെ ഭീതിപൂണ്ട നെഞ്ചിടിപ്പ്.

ഒറ്റയാന്മാര്‍ക്ക് പലപേരുകളുണ്ട്. ഒറ്റക്കൊമ്പന്‍, ചുള്ളിക്കൊമ്പന്‍ എന്നിങ്ങനെ പലതും. പൂഞ്ഞാര്‍ പുലിക്ക് എന്റെ നിഘണ്ടുവില്‍ ഒരൊറ്റ പേരെ ഉള്ളു. അത് പ്ലാത്തോട്ടത്തില്‍ ചാക്കോ ജോര്‍ജ് എന്നല്ല, പകരം പേടി ചാടി ജോര്‍ജ് എന്നാണ്. 2002ല്‍ എംഎല്‍എ ഹോസ്റ്റലില്‍ വച്ചുള്ള ആദ്യ കൂടിക്കാഴചയില്‍ തന്നെ മനസ്സിലായ ഒരു സത്യം. മുന്‍കൂട്ടി അനുവാദം ചോദിച്ചെത്തിയ ഒരു പത്രപ്രവര്‍ത്തകനെ റിവോള്‍വറുമായി സ്വീകരിക്കുന്ന ആ എംഎല്‍യോട് സത്യത്തില്‍ അന്ന് യോജിപ്പാണ് തോന്നിയത്. നേരില്‍ പരിചയമില്ലാത്ത ഒരു പത്രപ്രവര്‍ത്തകനെ കാത്തിരിക്കുന്ന തനിക്കുമുന്നിലേക്ക് വരുന്നത് ശത്രു പാളയത്തില്‍ നിന്നുള്ള ഒരു കൊലയാളിയാണെങ്കിലോ? കാലം അതായിരുന്നു. മാണി പാര്‍ട്ടിയില്‍ നിന്നും വിട്ട് സ്വന്തം പാര്‍ട്ടിയും കച്ചവടവുമൊക്കെയായി നടക്കുന്ന പിസിക്ക് എതിരാളികള്‍ ഏറെയുണ്ടാകാം. എന്ന് കരുതി തോക്കെടുത്ത കൈ ഇത്ര കണ്ടു വിറക്കേണ്ടിയിരുന്നോ എന്ന് പിനീട് പലവട്ടം ആലോചിച്ച് ചിരിച്ചു പോയിട്ടുണ്ട്.

പിന്നീട് ഒരു നാള്‍ ലോകം കാണുന്നത് മാണിയോട് ഇണങ്ങിയ പിസിയെ ആണ്. അപ്പോഴേക്കും പുലി പൂച്ചയായി മാറിയിരുന്നു. മാണിയെ വെറും പാലാ മെമ്പര്‍ എന്ന് അത്ര കാലം നിയമസഭയില്‍ പോലും അഭിസംബോധന ചെയ്തിരുന്ന പുലി അരുമയാര്‍ന്ന പൂച്ചക്കുട്ടിയായി കരിങ്കോഴക്കല്‍ മാണി മാണി എന്ന കെഎം മാണിയുടെ കാലുരുമ്മി നടക്കുന്ന കാഴ്ച. പിന്നെ നടന്നതത്രയും ശകുനിയേയും വെല്ലുന്ന കൗശല കാഴ്ചകള്‍. ഔസേപ്പച്ചന്‍ (പിജെ ജോസഫ്) സംഘത്തെ വറുതിക്കാക്കി, പിള്ളയെ തള്ളി, ജേക്കബിനെ ഒതുക്കി പൂച്ച വീണ്ടും പുലിയായി. അവിടം കൊണ്ടും നിര്‍ത്തിയില്ല പൂച്ച – പുലി വിളയാട്ടം അഥവാ കൗശലം. കഷ്ടിച്ച് ഭരിക്കാന്‍ മാത്രം വക കിട്ടിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ രക്ഷിക്കാനും മറന്നില്ല. സിപിഎം പ്രതിനിധി സെല്‍വരാജിന്റെ രാജി, യുഡിഎഫ് പ്രവേശം എല്ലാത്തിനും പിന്നില്‍ ഈ പൂച്ച – പുലി ടച്ച് ഉണ്ടായിരുന്നു. മന്ത്രി സ്ഥാനം മോഹിച്ചിട്ട് കാര്യമില്ലെന്ന് അറിയുന്നതിനാല്‍ സ്പീക്കര്‍ സ്ഥാനം ചോദിച്ചിട്ട് അതും കിട്ടാതെ വെറും വിപ്പായതിന്റെ പേരിലുള്ള വിഴുപ്പലക്ക് എങ്ങനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ തുളച്ചുകളഞ്ഞു എന്നതും ജനം കണ്ടതാണ്. പിള്ളയുടെ കുടുംബത്തില്‍ കലഹം ഉണ്ടാക്കുന്നതിനിടയില്‍ തന്നെ നല്ലപിള്ള ചമഞ്ഞ് ഗണേഷിനെ വരിഞ്ഞു മുറുക്കി മന്ത്രി സ്ഥാനം രാജിവെപ്പിച്ചു. മാണിയെയും അടൂര്‍ പ്രകാശിനെയും ബാബുവിനെയും കുഴപ്പത്തിലാക്കി ഹീറോ ചമഞ്ഞു. അതിനിടയില്‍ കരുണ എസ്റ്റേറ്റ് മുതല്‍ പലവിധ എസ്റ്റേറ്റ് വിഷയങ്ങളിലും മുതലാളി അനുകൂല നിലപാടെടുത്തു.

ഇപ്പോള്‍ ദിലീപിന് വേണ്ടിയാണ് പുതിയ അങ്കപ്പുറപ്പാട്. കരുതിയിരുന്നാല്‍ ദിലീപിനും നന്ന് എന്ന് പറയാന്‍ വരട്ടെ. അതിനും മുന്‍പ് കള്ളന്മാര്‍ക്ക് കഞ്ഞിവെക്കുന്ന ഈ പുപ്പുലിയുടെ വരുമാന സ്രോതസ് എന്താണ്, എവിടെ നിന്നാണ് എന്നൊക്കെ ഒരു അന്വേഷണം നടക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. എസ്റ്റേറ്റ് ഉടമകള്‍ മുതല്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളിലേക്ക് വരെ നീളേണ്ടുന്ന ഒരു അന്വേഷണം അനിവാര്യമാണെന്ന് തോന്നുന്നു. അങ്ങനെ ഒരു അന്വേഷണം നടത്തിയാല്‍ മാത്രമേ ഇത് പുലിയോ പൂച്ചയോ അതോ കങ്കാണിയോ എന്ന് തീരുമാനിക്കാന്‍ കഴിയൂ. അപ്പോള്‍ അറിയാം ദിലീപ് സംരക്ഷണ വേഷത്തിന് പിന്നിലെ യാഥാര്‍ഥ്യവും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍