UPDATES

നാടിന്റെ ആദരാജ്ഞലി ഏറ്റുവാങ്ങി ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് ലക്കിടി സ്വദേശി ഹവില്‍ദാര്‍ വി വി വസന്തകുമാറിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. കുറുമ കോളിനിയിലെ കുന്നത്തിടവക വാഴക്കണ്ടി വീട്ടിലേക്കും ഒട്ടേറപ്പേര്‍ എത്തിയിരുന്നു. തൃക്കൈപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തിലായിരുന്നു സംസ്‌കാരം.

വീട്ടിനുള്ളിലേക്ക് കൊണ്ടു പോയ മൃതദേഹം വസന്തകുമാറിന്റെ ബന്ധുക്കളേയും കുടുംബസുഹൃത്തുകള്‍ക്കും മാത്രമാണ് കാണാന്‍ അവസരം നല്‍കിയത്. തുടര്‍ന്ന് മുറ്റത്തേക്ക് കൊണ്ടു വന്ന മൃതദേഹത്തില്‍ നാട്ടുകാര്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ശേഷം പൊതുദര്‍ശനത്തിനായി വസന്തകുമാര്‍ പഠിച്ച സ്‌കൂളിലേക്ക് കൊണ്ടുപോയി. സംസ്‌കാരം അനന്തമായി വൈകുന്ന സാഹചര്യം ഒഴിവാക്കാന്‍ അധികനേരം പൊതുദര്‍ശനം നീട്ടിയില്ല.

ഇന്ന് ഉച്ചയോടെയാണ് വസന്തകുമാറിന്റെ ഭൗതിക ശരീരം കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെത്തിച്ചത്. എയര്‍പോര്‍ട്ടില്‍വച്ച് കേന്ദ്ര, സംസ്ഥാന മന്ത്രിമാരും, യാത്രാമധ്യേ തൊണ്ടയാടും രാമനാട്ടുകാര വച്ചും ജനങ്ങള്‍ ആദരാഞ്ജലി അര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രിമാരായ ടി പി രാമകൃഷ്ണനും കടന്നപ്പള്ളി രാമചന്ദ്രനുമാകും ചടങ്ങുകളില്‍ പങ്കെടുക്കുന്നുണ്ട്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് വസന്തകുമാര്‍ സിആര്‍പിഎഫില്‍ ചേരുന്നത്. കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനം ചെയ്തു വരുന്ന വസന്ത കുമാര്‍ രണ്ടുവര്‍ഷം കഴിഞ്ഞ് വിരമിക്കാന്‍ ഇരിക്കുകയായിരുന്നു. പഞ്ചാബിലായിരുന്ന വസന്തകുമാര്‍ സ്ഥാനം കയറ്റി കിട്ടിയാണ് ശ്രീനഗറില്‍ എത്തുന്നത്. ശ്രീനഗറിലേക്ക് മാറുന്നതിനു മുന്നേ കിട്ടിയ പത്തു ദിവസത്തെ അവധിയില്‍ നാട്ടില്‍ എത്തിയിരുന്ന വസന്തകുമാര്‍ ഈ മാസം ഒമ്പതിനാണ് ജമ്മു കശ്മീരിലേക്ക് പോയത്.

ആദിവാസി വിഭാഗത്തില്‍പ്പെട്ട വസന്തകുമാറിന്റെ കുടുംബത്തിന് സ്വന്തമായി അഞ്ചേക്കര്‍ ഭൂമി ഉണ്ടെങ്കിലും കൃഷിയോഗ്യമല്ല. അതിനാല്‍ തന്നെ വസന്തകുമാര്‍ സൈന്യത്തില്‍ ചേര്‍ന്നതിനു പിന്നാലെയാണ് കുടുംബം കരകയറുന്നത്. അടച്ചുറപ്പുള്ള ഒരു വീട് നിര്‍മിച്ചെങ്കിലും അത് പൂര്‍ണമാക്കാന്‍ വസന്തകുമാറിന് കഴിഞ്ഞില്ല. ഷീനയാണ് വസന്തകുമാറിന്റെ ഭാര്യ. പൂക്കോട് വെറ്റിനറി കോളേജിലെ താത്കാലിക ജീവനക്കാരിയായ ഷീനയ്ക്ക് ഇപ്പോഴും ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത ഉള്‍ക്കൊള്ളാനായിട്ടില്ല. മൂന്നാംക്ലാസുകാരിയായ അനാമികയും യുകെജി വിദ്യാര്‍ത്ഥിയായ അമര്‍ദീപുമാണ് വസന്തകുമാറിന്റെ മക്കള്‍.

വ്യാഴാഴ്ച്ച ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ ആക്രമണത്തിലാണ് വയനാട് സ്വദേശിയായ വസന്ത കുമാറിനും ജീവന്‍ നഷ്ടമായത്. വസന്ത കുമാറിനൊപ്പം 40 സിആര്‍പിഎഫ് ജവാന്‍ന്മാരും കൊല്ലപ്പെട്ടു. വസന്തകുമാര്‍ ഉള്‍പ്പെടെയുള്ള സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലേക്കായിരുന്നു ചാവേര്‍ ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച് കാര്‍ ഇടിച്ചു കയറ്റിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍