UPDATES

ട്രെന്‍ഡിങ്ങ്

‘പഞ്ച് മോദി ചലഞ്ച്’ രാജ്യദ്രോഹം; എ ഐഎസ് എഫ് നേതാവിനെ ജിഹാദിയാക്കി കൊലവിളിയുമായി സംഘപരിവാര്‍

പഞ്ച് മോദി ചലഞ്ച് പിന്‍വലിക്കണം, ഫെയ്‌സ്ബുക്കില്‍ നിന്നും അതിന്റെ വീഡിയോ നീക്കം ചെയ്യണം, പ്രധാനമന്ത്രിയോട് മാപ്പ് പറയണം എന്നൊക്കെ ആവശ്യപ്പെട്ടാണ് അസ്‌ലഫിനെ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍വിളിച്ചും ഭീഷണിപ്പെടുത്തുന്നത്

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ ജനകീയ വിചാരണയെന്ന നിലയില്‍ ‘പഞ്ച് മോദി ചലഞ്ച്’ സംഘടിപ്പിച്ചതിന്റെ പേരില്‍ എ ഐ എസ് എഫ് എറണാകുളം ജില്ല സെക്രട്ടറിയും എറണാകുളം ജില്ല പഞ്ചായത്ത് അംഗവുമായ അസ്‌ലഫ് പാറേക്കാടനെ ടാര്‍ഗറ്റ് ചെയ്ത് സംഘപരിവാര്‍. കഴിഞ്ഞ ഞായറാഴ്ച എ ഐ എസ് എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ല കമ്മിറ്റി/സെക്രട്ടേറിയേറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തു പൊതുജനങ്ങളെ കൂടി പങ്കാളികളാക്കി മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിച്ച ‘പഞ്ച് മോദി ചലഞ്ചി’നെതിരേയുള്ള പ്രതിഷേധത്തില്‍ അസ്‌ലഫിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണ് സംഘപരിവാര്‍. ‘പഞ്ച് മോദി ചലഞ്ച്’ തന്റെ ഫെയ്‌സ്ബുക്ക് അകൗണ്ടില്‍ ലൈവ് ഇട്ടതോടെയാണ് അസ്‌ലഫിനെതിരേ സംഘപരിവാര്‍-ബിജെപി പ്രവര്‍ത്തകരും അനുഭാവികളും തെറിവിളികളും വധഭീഷണികളുമായി രംഗത്തു വന്നത്. സോഷ്യല്‍ മീഡിയ വഴിയും ഫോണില്‍ വിളിച്ചുമെല്ലാം തന്നെ അധിക്ഷേപിക്കുകയും കൊലവിളി ഉയര്‍ത്തുകയുമാണ് സംഘപരിവാറുകാരെന്ന് അസ്‌ലഫ് പറയുന്നു. വിദേശത്ത് നിന്നും ഫോണിലൂടെയുള്ള ഭീഷണികള്‍ വരുന്നുണ്ടെന്നും എ ഐ എസ് എഫ് നേതാവ് പറയുന്നു. പഞ്ചായത്ത് അംഗം കൂടിയായ താന്‍ ആ പദവിയില്‍ ഇരുന്നുകൊണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആക്ഷേപിച്ചു എന്നുചൂണ്ടിക്കാട്ടി ജനപ്രതിനിധി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ആരോപിച്ച് തന്റെ അംഗത്വം റദ്ദ് ചെയ്യാന്‍ ഹൈക്കോടതിയില്‍ സംഘപരിവാറുകാര്‍ ഹര്‍ജി നല്‍കിയതായി പറഞ്ഞുകേള്‍ക്കുന്നുണ്ടെന്നും പൊലിസ് കമ്മിഷണര്‍ക്കും തനിക്കെതിരേ പരാതി നല്‍കിയിട്ടുണ്ടെന്ന് കേള്‍ക്കുന്നതായും അസ്‌ലഫ് പറയുന്നു. എന്നാല്‍ തന്റെ പേരില്‍ കേസ് എടുത്തിട്ടുണ്ടോ എന്നു അറിയില്ലെന്നും ഇക്കാര്യത്തില്‍ തനിക്കിതുവരെ അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. അതേസമയം സോഷ്യല്‍ മീഡിയ വഴിയും ഫോണിലൂടെയും നടക്കുന്ന വ്യക്തഹത്യ ഇപ്പോഴും തുടരുകയാണെന്നും കഴിഞ്ഞ ദിവസം തന്റെ വീട്ടിലേക്ക് ബിജെപി-സംഘപരിവാറുകാര്‍ മാര്‍ച്ച് നടത്തുകയും തന്റെ കോലം കത്തിക്കുകയും ചെയ്തതായും അസ്‌ലഫ് വ്യക്തമാക്കുന്നു.

"</p

ഇന്ധന വില വര്‍ദ്ധനവ്, ജാതിയുടെയും മതത്തിന്റെയും പേരില്‍ നടക്കുന്ന ആക്രമണം, ആള്‍ക്കൂട്ടകൊല, നോട്ട് നിരോധനം, ജിഎസ്ടി എന്നിവ നടപ്പിലാക്കിയതോടെ രാജ്യത്തിന്റെ സാമ്പത്തികവാസ്ഥ തകര്‍ച്ച നേരിട്ടത്, പ്രളയം നേരിട്ട കേരളത്തോട് കേന്ദ്രം കാണിച്ച അവഗണന തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും തുടര്‍ന്നുകൊണ്ടിരിക്കുന്ന അരാജക ഭരണത്തിനെതിരേ കേവലം രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിഷേധത്തിനപ്പുറം ഇക്കാര്യങ്ങളിലെല്ലാം ബോധവത്കരണം നടത്തിക്കൊണ്ട് പ്രതിഷേധങ്ങളില്‍ ജനങ്ങളെക്കൂടി പങ്കാളികളാക്കി കൊണ്ട് മോദിക്കും സര്‍ക്കാരിനുമെതിരേ തെരുവുകള്‍ ഉണരാന്‍ വേണ്ടിയാണ് എ ഐ എസ് എഫ് പഞ്ച് മോദി ചലഞ്ച് സംഘടിപ്പിച്ചത്. ഈ ചലഞ്ച് നടത്തുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ രണ്ട് അവസരങ്ങളാണ് ഞങ്ങള്‍ നല്‍കിയത്. മോദിയെ ഇഷ്ടപെടുന്നവര്‍ക്ക് അദ്ദേഹത്തിന്റെ രൂപം ഉണ്ടാക്കി വച്ചതില്‍ സ്‌നേഹം പ്രകടിപ്പിക്കാം, കെട്ടിപിടിക്കാം, ഉമ്മ വയ്ക്കാം, സെല്‍ഫി എടുക്കാം. മോദിയെ എതിര്‍ക്കുന്നവര്‍ക്ക് പഞ്ച് ചെയ്യാം. എന്ത് ചെയ്താലും അതിന്റെ കാരണം കൂടി പ്രഖ്യാപിക്കണം. ഈ രീതിയിലായിരുന്നു ക്യമ്പയിന്‍. അവിടെ കൂടിയവര്‍ക്കെല്ലാം മോദിയെ എതിര്‍ക്കാനായിരുന്നു കാരണങ്ങള്‍. ഇന്ധന വിലവര്‍ദ്ധനവ് തൊട്ട് കേരളത്തോട് ചെയ്തുകൊണ്ടിരിക്കുന്ന അവഗണന വരെ പല കാരണങ്ങളും അവര്‍ക്ക് മോദിയെ എതിര്‍ക്കാനായി ഉണ്ടായിരുന്നു. ആ എതിര്‍പ്പ് പഞ്ച് ചെയ്ത് പ്രകടിപ്പിക്കുകയായിരുന്നു. എ ഐ എസ് എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ ക്യാമ്പയിനില്‍ സെക്രട്ടേറിയേറ്റ്/ ജില്ല കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു ഞാനും. ഈ കാമ്പയിന്റെ ലൈവ് വീഡിയോ ഞാന്‍ ഫെയ്‌സ്ബുക്കില്‍ ഇട്ടു. ആ വീഡിയോ നിരവധി പേര്‍ ഷെയര്‍ ചെയ്യുകയും പിന്തുണച്ചുകൊണ്ട് ലൈക്കും കമന്റും ചെയ്യുകയുമൊക്കെ ഉണ്ടായി. അതോടെയാണ് സംഘപരിവാര്‍/ബിജെപി പ്രവര്‍ത്തകര്‍ എനിക്കെതിരേ തിരിഞ്ഞത്; അസ്‌ലഫ് പറയുന്നു.

പഞ്ച് മോദി ചലഞ്ച് പിന്‍വലിക്കണം, ഫെയ്‌സ്ബുക്കില്‍ നിന്നും അതിന്റെ വീഡിയോ നീക്കം ചെയ്യണം, പ്രധാനമന്ത്രിയോട് മാപ്പ് പറയണം എന്നൊക്കെ ആവശ്യപ്പെട്ടാണ് അസ്‌ലഫിനെ സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍വിളിച്ചും ഭീഷണിപ്പെടുത്തുന്നത്. അസ്‌ലഫിന്റെ ഫോണ്‍ നമ്പര്‍ പങ്കുവച്ച് അദ്ദേഹത്തിനെതിരേ ശക്തമായി പ്രതിഷേധിക്കാനും സംഘപരിവാര്‍ സോഷ്യല്‍ മീഡിയയില്‍ ആഹ്്വാനം ചെയ്തിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കെതിരേയുള്ള അക്ഷേപങ്ങള്‍, അസ്‌ലഫ് ജിഹാദിയും പാക്കിസ്താന്‍ ചാരനും ദേശവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുന്നവനാണെന്നുമുള്ള ആരോപണങ്ങള്‍; ഇവയാണ് ഓരോ ഫോണ്‍ വിളിയിലും സോഷ്യല്‍ മീഡിയ കമന്റുകളിലും നിറയുന്നത്. ഇതുകൂടാതെയാണ് കഴിഞ്ഞ ദിവസം അസ്‌ലഫിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി കോലം കത്തിച്ചതും. അസ്‌ലഫിന്റെ കോലം ഉണ്ടാക്കി പലയിടങ്ങളിലും ചെരുപ്പുമാല അണിയിച്ചും സംഘപരിവാര്‍ പ്രതിഷേധം നടത്തുന്നുണ്ട്. വധ ഭീഷണിയും ഈ എ ഐ എസ് എഫ് നേതാവിനെതിരേ ഉയരുന്നുണ്ട്.

"</p "</p

 

"</p "</p "</p "</p "</p "</p

മോദിയാണ് രാജ്യം എന്ന് വിശ്വസിക്കുന്നവര്‍, അങ്ങനെ വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍, മോദിയെയും ബിജെപിയെയും എതിര്‍ക്കുന്നവരെ എല്ലാം അയാളുടെ പേരും ജാതിയും നോക്കി ഓരോരോ പേരിലാണ് വിചാരണ നടത്തുന്നത്. കനയ്യ കുമാറിനെ അവര്‍ ദേശവിരുദ്ധനാക്കി, ഉമര്‍ ഖാലിദിനെ തീവ്രവാദിയാക്കി, എഴുതുകയും ചിന്തിക്കുകയും ചെയ്യുന്നവരെ അര്‍ബന്‍ നക്‌സലൈറ്റുകളാക്കി, എന്നെയിതാ ജിഹാദിയാക്കുന്നു. ഇത്തരത്തില്‍ അവരെ എതിര്‍ക്കുന്ന ഓരോരുത്തരേയും ഓരോ പേരിട്ട് കുറ്റവാളികളാക്കുകയാണ്. ഇപ്പോള്‍ മാഹാത്മ ഗാന്ധിയുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തെയും ഇവര്‍ അര്‍ബന്‍ നക്‌സലോ തീവ്രവാദിയോ ആക്കിയേനേ… പക്ഷേ, ഇവര്‍ എത്രയൊക്കെ ഭീഷണിപ്പെടുത്താന്‍ നോക്കിയാലും ഏത് പേരിട്ട് വിളിച്ച് ആക്ഷേപിക്കാന്‍ നോക്കിയാലും അവര്‍ക്ക് മുന്നില്‍ തോല്‍ക്കില്ല, ഓരാളോടും മാപ്പ് പറയാനും പോണില്ല; അസ്‌ലഫ് തന്റെ നിലപാട് വ്യക്തമാക്കുന്നു.

പാകിസ്താന്‍ തീവ്രവാദി, ജിഹാദി തുടങ്ങിയ ആക്ഷേപങ്ങള്‍ അസ്‌ലഫിനെതിരേ ഉന്നയിക്കുന്നതു കൂടാതെ ഈ കമ്യൂണിസ്റ്റ് നേതിവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും അശ്ലീല പരാമര്‍ശങ്ങള്‍ നിരന്തരം ഉന്നയിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍. ഫെയ്‌സ്ബുക്കില്‍ അസ്‌ലഫ് ഇട്ടിരിക്കുന്ന ഫോട്ടോകളില്‍ ഒപ്പമുള്ള ചെറിയ കുട്ടികളെയും സ്ത്രീകളേയും വരെ അധിക്ഷേപത്തിന് ഇരയാക്കുകയാണ്. അസ്‌ലഫിനെ പിന്തുണയ്ക്കുന്നവര്‍ക്കെതിരേയും തെറി വിളികളും ഭീഷണികളും ഉയര്‍ത്തുന്നുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രിയോട് അപരാധം ചെയ്‌തെന്നാണ് പഞ്ച് മോദി ചലഞ്ച് രാജ്യദ്രോഹ പ്രവര്‍ത്തിയാക്കി മാറ്റിക്കൊണ്ട് സംഘപരിവാറുകാര്‍ പറയുന്നത്. യുപിഎ ഭരണകാലത്ത് പെട്രോള്‍ വില കൂടിയതിനെതിരേ രാജ്യവ്യാപകമായി ബിജെപി നടത്തിയ പ്രതിഷേധത്തില്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കോലം കത്തിച്ചവരാണ് ഇവര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷ പദവി വഹിച്ചിരുന്ന സമയത്ത് ആര്‍ എസ് എസ്സിനെതിരേ പ്രസ്താവന നടത്തിയെന്ന പേരില്‍ രാഹുല്‍ ഗാന്ധി ഹിജഡയാണെന്ന തരത്തില്‍ കോലം ഉണ്ടാക്കി പരിഹസിച്ചവരാണ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കോലം കത്തിക്കാനും ഒരു മടിയും തോന്നിയിട്ടില്ല സംഘപരിവാറിന്. അതിലൊന്നും കുഴപ്പം കാണാതിരുന്നവര്‍ മോദിക്കെതിരേ പ്രതിഷേധം ഉണ്ടാകുമ്പോള്‍ അതിനെ രാജ്യദ്രോഹമാക്കുകയാണ്. മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാം, പക്ഷേ, അദ്ദേഹം വിമര്‍ശനങ്ങള്‍ക്ക് അധീധനല്ല. ഈ രാജ്യത്തെ ഒരു പൗരന്‍ തന്നെയാണ് മോദി. ജനവിരുദ്ധ നയങ്ങളുമായി ഒരു സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ആ സര്‍ക്കാരിനെയും അതിന് നേതൃത്വം നല്‍കുന്നയാളെയും ജനം എതിര്‍ക്കും, പ്രതിഷേധം ഉയര്‍ത്തും. അതില്‍ അസഹിഷ്ണുത കൊണ്ടിട്ട് യാതൊരു കാര്യവുമില്ല. എ ഐ എസ് എഫ് നടത്തുന്ന ഈ പ്രതിഷേധ ക്യാമ്പയിനില്‍ നിന്നും ഒരടി ഞങ്ങള്‍ പിന്നോട്ട് പോകില്ല. കൂടുതല്‍ സ്ഥലങ്ങളില്‍ പഞ്ച് മോദി ചലഞ്ച് സംഘടിപ്പിക്കുകയാണ്. ഇതിന്റെ പേരില്‍ ഒരാളോടും മാപ്പ് പറയാനും പോകുന്നില്ല; അസ്‌ലഫ് ഉറപ്പിച്ചു പറയുന്നു.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍