ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവം; മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തു
ആലുവ കരുമാലൂര്‍ സെറ്റില്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ രണ്ടു രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളെ വെയിലത്ത് നിര്‍ത്തിയ സംഭവത്തില്‍ മനുഷ്യാവകശ കമ്മിഷന്‍ കേസ് എടുത്തു. ആലങ്ങാട് പൊലീസും സ്‌കൂള്‍ മാനേജ്‌മെന്റിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കരുമാലൂര്‍ മറിയപ്പടി സൗത്തില്‍ പ്രവീണിന്റെ മകന്‍, മറിയപ്പടി സൗത്ത് മദ്രസപ്പടിയില്‍ ഹസീനയുടെ മകന്‍ എന്നിവരെയാണ് ഫീസ് അടച്ചില്ലെന്നു പറഞ്ഞു മണിക്കൂറുകളോളം പുറത്തു നിര്‍ത്തിയത്. കുട്ടികളെ വെയിലത്ത് നിര്‍ത്തി ശിക്ഷിച്ചതായും പരാതിയുണ്ട്. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ടേ മുക്കാല്‍ വരെ കുട്ടികളെ ഇങ്ങനെ നിര്‍ത്തി. പരീക്ഷയെഴുതിക്കില്ലെന്നതോ പുറത്തു നിര്‍ത്തുന്നതോ മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു സ്‌കൂള്‍ അധികൃതരുടെ ശിക്ഷാ നടപടി. കുട്ടികള്‍ വീട്ടിലെത്തി വിവരം പറയുമ്പോഴായിരുന്നു മാതാപിതാക്കള്‍ അറിയുന്നത്. രണ്ടു കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടു. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെയും വാര്‍ഡ് മെംബര്‍മാരുടെയും നേതൃത്വത്തില്‍ നാട്ടുകാര്‍ സ്‌കൂള്‍ ഉപരോധിച്ചിരുന്നു. ആലുവ എഇഒ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. പിന്നീട് കുട്ടികളുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിഷയം അറിഞ്ഞ് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധ കേസ് എടുക്കുകയായിരുന്നു. കുട്ടികളുമായി മാതാപിതാക്കള്‍ കമ്മീഷനു മുന്നില്‍ ചെന്ന് മൊഴി നല്‍കുകയും ചെയ്തു.
സംഭവം വിവാദമായോടെ, എന്തിനാണ് പരാതിയുമായി പോയതെന്ന ചോദ്യമാണ് സ്‌കൂള്‍ അധികൃതര്‍ തങ്ങളോട് ഇപ്പോള്‍ ചോദിക്കുന്നതെന്നാണ് കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്നത്. അധ്യാപകര്‍ സംഭവിച്ചുപോയ തെറ്റ് അംഗീകരിക്കുന്നുണ്ടെങ്കിലും മാനേജ്‌മെന്റ് ഇപ്പോഴും വീഴ്ച്ച അംഗീകരിക്കാന്‍ മടിക്കുകയാണെന്നും രക്ഷിതാക്കള്‍ പറയുന്നു.
“എന്റെ കൊച്ചിനോട് ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും കരുതിയതല്ല. എന്റെ കൊച്ചിനോട് മാത്രമല്ല, ഒരു കുഞ്ഞുങ്ങളോടും. ചൂട് കൊണ്ട് ആളുകള്‍ മരിച്ച് വീഴണ സമയമാണിത്. അപ്പോഴാണ് എട്ടു വയസുള്ള ഒരു കുഞ്ഞിനെ വെറും 950 രൂപയുടെ പേരില്‍ അവര്‍ വെയിലത്ത് ഇറക്കി നിര്‍ത്തിയത്. ഫീസ് അടയ്ക്കാന്‍ വൈകിയെന്ന പേരില്‍ ഇങ്ങനെയാണോ കുഞ്ഞുങ്ങളെ ശിക്ഷിക്കുന്നത്? മാതാപിതാക്കളെയല്ലേ ഫീസ് അടച്ചില്ലെങ്കില്‍ വിളിക്കേണ്ടതും വിവരം അറിയിക്കേണ്ടതും. അതവര്‍ ചെയ്തില്ല. പകരം എന്റെ കൊച്ചിനെ… ഇത്രയും ചെയ്തിട്ടും ഒരു കുറ്റബോധവുമില്ലാതെ ഞങ്ങളോട് തട്ടിക്കയറുന്നു. സാധാരണക്കാരായതുകൊണ്ട് എല്ലാം കേട്ട് മിണ്ടാതെ പോവുമെന്നു കരുതിക്കാണും. ഞാന്‍ കേസിനു പോയതും അതുകൊണ്ടാണ്. സാധാരണക്കാരനും എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുമെന്നു കാണിക്കാന്‍. നാളെ മറ്റൊരു കുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാതിരിക്കാന്‍”; പ്രവീണ്‍ ഇന്നലെ അഴിമുഖത്തോട് പറഞ്ഞ വാക്കുകളാണ്.
പരാതിയില്‍ നിന്നും പിന്മാറില്ലെന്നും ഇനിയൊരു കുട്ടിക്കും ഇത്തരത്തില്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് തങ്ങളീ നിയമപോരാട്ടം നടത്തുന്നതെന്നും മറ്റൊരു കുട്ടിയുടെ അമ്മയായ ഹസീന പറയുന്നു.
“എന്‍റെ മോന്റെ അച്ഛന്‍ ഗള്‍ഫിലാണ്. ഗള്‍ഫുകാരന്റെ മോനായിട്ടാണോ ഫീസ് അടയ്ക്കാതിരുന്നതെന്നാണ് പലരും പരിഹാസത്തോടെ ചോദിക്കുന്നത്. ഗള്‍ഫില്‍ പോയവരെല്ലാം കോടീശ്വരന്മാരല്ലല്ലോ. തുച്ഛമായ പൈസയാണ് എന്റെ ഭര്‍ത്താവിന് കിട്ടുന്നത്. അതുകൊണ്ട് ഒരു കുടുംബത്തിന്റെ എല്ലാ ചെലവുകളും നടന്നുപോകില്ല. ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീടുപോലുമില്ല. വാടക വീട്ടിലാണ് താമസം. പ്രളയം വന്നപ്പോള്‍ എല്ലാം നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. സ്വരുക്കൂട്ടിയതൊക്കെ പോയി. അവിടെ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വരുന്നതേയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട് നല്ലോണമുണ്ട്. അതുകൊണ്ടാണ് കുഞ്ഞിന്റെ ഫീസ് അടയ്ക്കാന്‍ വൈകിയത്. പരീക്ഷയെഴുതിച്ചില്ലെങ്കില്‍ വേണ്ട, എന്തിനാണ് എന്റെ കുഞ്ഞിനെ ഇങ്ങനെ ശിക്ഷിച്ചത്?” ഹസീന അഴിമുഖത്തോട് പറഞ്ഞു. ഉച്ചയ്ക്ക് വീട്ടിലെത്തിയ കുട്ടി ഏറെ അവശനായിരുന്നുവെന്നും മുഖം വെയിലുകൊണ്ട് കരിവാളിച്ച അവസ്ഥയിലായിരുന്നുവെന്നും ഹസീന പറയുന്നു. പരീക്ഷയെഴുതാന്‍ കഴിയാതെ പോയതിലും മറ്റു കുട്ടികള്‍ക്കു മുന്നില്‍ നാണംകെട്ടതിലും കുട്ടി മാനസികമായി ഏറെ തകര്‍ന്നിരിക്കുകയാണെന്നും ഹസീന പറയുന്നു.
“എന്റെ രണ്ടു കുട്ടികളും ആ സ്‌കൂളിലാണ് പഠിക്കുന്നത്. മൂത്തയാള്‍ ഹൈസ്‌കൂളിലാണ്. പ്രളയം ഞങ്ങളെ ശരിക്കും ബാധിച്ചിരുന്നു. വാടകവീട്ടിലായിരുന്നു അപ്പോഴും താമസം. ഇതുവരെ ഞങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവ് ഗള്‍ഫില്‍ ആണെങ്കിലും വലിയ വരുമാനം ഇല്ല. അദ്ദേഹം അയച്ചു തരുന്ന പണം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസ ചെലവും വീട്ടുകാര്യങ്ങളുമൊക്കെ നടക്കുന്നത്. ചില ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണ് ഞാനും. പ്രളയത്തില്‍ ഞങ്ങളുടെ എല്ലാം നഷ്ടപ്പെട്ടിരുന്നു. ആകെ ഇരുപതിനായിരം രൂപയാണ് നഷ്ടപരിഹാരമായി കിട്ടിയത്. വലിയ സാമ്പത്തിക പ്രായസമാണ് നേരിട്ടത്. ഇതോടെയാണ് കുട്ടികളുടെ ഫീസ് അടയ്ക്കുന്നതില്‍ താമസം വന്നത്. കുടിശ്ശിക വന്നതോടെ മൂത്ത കുട്ടി സ്‌കൂള്‍ ബസില്‍ പോകുന്നത് നിര്‍ത്തി. ഇളയ ആളെ മാത്രമായിരുന്നു സ്‌കൂള്‍ ബസില്‍ വിട്ടിരുന്നത്. ഫീസ് അടയ്ക്കാന്‍ കുറച്ച് സാവകാശം തരണമെന്ന് ഞാന്‍ സ്‌കൂളില്‍ ചെന്നു പറഞ്ഞിരുന്നു. ഇളയ ആളുടെ ബസ് ഫീസ് ഒഴികെ കൊടുക്കാനുണ്ടായിരുന്ന ബാക്കി പണം മുഴുവന്‍ കൊടുത്തു തീര്‍ക്കുകയും ചെയ്തിരുന്നു. ഭര്‍ത്താവിന്റെ പണം വരാന്‍ വൈകിയതുകൊണ്ടാണ് മുഴുവന്‍ തീര്‍ത്ത് അടയ്ക്കാന്‍ പറ്റാതെ പോയത്. മാര്‍ച്ച് 31-നു മുമ്പായി ബാക്കിയുള്ള പണവും കൊടുത്തു തീര്‍ക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അന്നും ഞാന്‍ കൊച്ചിന്റെ കൈയില്‍ 500 രൂപ കൊടുത്തു വിട്ടതാണ്. അപ്പോള്‍ പോലും അവര്‍ എന്നെ വിളിച്ചു മുഴുവന്‍ പണവും അടച്ചില്ലെങ്കില്‍ പരീക്ഷയെഴുതിക്കില്ലെന്നു പറഞ്ഞില്ല. പറഞ്ഞിരുന്നെങ്കില്‍ ആരോടെങ്കിലും കടം വാങ്ങിയാണെങ്കിലും ഞാനത് അടച്ചേനെ. പക്ഷേ അവര്‍ ചെയ്തതോ? രണ്ടാം ക്ലാസില്‍ പഠിക്കുന്നൊരു കൊച്ചിനെയാണ് വെയിലത്ത് നിര്‍ത്തുന്നത്. ഈ ചൂടത്ത് മുതിര്‍ന്നവര്‍ പോലും പുറത്തിറങ്ങുമ്പോള്‍ തളര്‍ന്നു പോവുകയാണ്. അപ്പോഴാണ് ഒരു കുഞ്ഞിനോട് ഇങ്ങനെ…
സ്‌കൂളില്‍ ചെന്നപ്പോള്‍ ടീച്ചര്‍മാര്‍ ചോദിക്കുന്നത് എന്തിനാണ് പരാതിയൊക്കെ കൊടുക്കാന്‍ പോയതെന്ന്? അവരല്ലേ കുടുങ്ങുന്നതെന്ന്. ഞങ്ങള്‍ക്ക് ആരോടും പ്രതികാരം ചെയ്യാനല്ല. ഇനിയൊരു കൊച്ചിനും ഇങ്ങനത്തെ ഗതി വരരുത്. പ്രിന്‍സിപ്പാളിനെ ഇതുവരെ ഞങ്ങള്‍ക്ക് കാണാന്‍ പോലും പറ്റിയിട്ടില്ല. ഫോണും എടുക്കുന്നില്ല. മാനേജ്‌മെന്റ് പറയുന്നത് ഇതൊക്കെയാണ് ഞങ്ങളുടെ രീതിയെന്ന്. കുട്ടികളെ ഇങ്ങനെയാണോ ശിക്ഷിക്കുന്നത്? ഇത്തരം ധാര്‍ഷ്ഠ്യം ഇല്ലാതാക്കാന്‍ കൂടിയാണ് ഞങ്ങള്‍ മുന്നോട്ടു പോകുന്നത്; ഹസീന പറയുന്നു.