UPDATES

ട്രെന്‍ഡിങ്ങ്

‘ഉപദേശകരല്ല, പിണറായി ജനം പറയുന്നത് കേള്‍ക്കണം; അല്ലെങ്കില്‍ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും സ്ഥാനം’

വൈപ്പിന്‍കാര്‍ക്ക് ഒറ്റത്തീരുമാനമേയുള്ളൂ. ഇനി കോടതിവിധിയും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടും എന്ത് തന്നെയായാലും വൈപ്പിനില്‍ പ്ലാന്റ് പണിയാന്‍ വന്നാല്‍ ഞങ്ങളത് തടുക്കും

ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ ദ്വീപുകളിലൊന്നായ എറണാകുളം പുതുവൈപ്പില്‍ ജനവാസ കേന്ദ്രത്തോട് ചേര്‍ന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ 15,450 ടണ്‍ ശേഷിയുള്ള എല്‍.പി.ജി. സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരേ എട്ട് വര്‍ഷത്തിലേറെയായി സമരം നടക്കുകയാണ്. പ്രദേശവാസികളുടെ ഉപരോധസമരവും, സമാധാനപരമായി സമരം നയിച്ചവര്‍ക്ക് നേരെയുള്ള പോലീസ് നരനായാട്ടുമുള്‍പ്പെടെ കഴിഞ്ഞ ഒരു മാസത്തിനിടെ സംഘര്‍ഷബാധിത പ്രദേശമായി മാറിയ പുതുവൈപ്പിനില്‍ ജനങ്ങള്‍ ഇപ്പോഴും സമരം തുടരുകയാണ്.

പന്തല്‍ നാട്ടി സമരം ശക്തമാക്കിയിട്ട് 138 നാളുകള്‍ പിന്നിട്ടു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ഐ.ഒ.സി. പ്ലാന്റിന്റെ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവച്ചതോടെ സമരസമിതി ഉപരോധ സമരം അവസാനിപ്പിച്ചു. എന്നാല്‍ പ്ലാന്റ് നിര്‍മ്മാണ പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് പുതുവൈപ്പുകാര്‍.

ഇതിനിടെ സമരം ടാങ്കര്‍ ലോറി മാഫിയയെ സഹായിക്കാനാണെന്നും, സമരത്തിന് പിന്നില്‍ തീവ്രവാദികളാണെന്നും, പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്നുമുള്ള ആരോപണങ്ങളും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ എന്താണ് വൈപ്പിന്‍കരക്കാരുടെ ജീവിതം, എന്തിന് സമരം എന്നീ കാര്യങ്ങള്‍ വിശദമാക്കുകയും ആരോപണങ്ങള്‍ക്കുള്ള മറുപടി നല്‍കുകയുമാണ് സമരസമിതി കണ്‍വീനറായ കെ.എസ് മുരളി.

കടലെടുത്തുകൊണ്ടിരിക്കുന്ന സാധാരണക്കാരുടെ വൈപ്പിന്‍കര
ഒരിടത്ത് കടല്‍ കരയെടുക്കുമ്പോള്‍ മറ്റൊരിടത്ത് കര വയ്ക്കും. തെക്ക് കടലെടുത്ത് കൊണ്ടുവന്ന് വച്ച കരയാണ് പുതുവൈപ്പ്. പുതുതായി വച്ച കര, അതാണ് പുതുവൈപ്പ്. 80 ശതമാനവും സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. മധ്യവര്‍ഗം എന്ന് വിളിക്കാന്‍ പറ്റുന്നവര്‍ ഇരുപത് ശതമാനം പോലും വരില്ല. പുതുവൈപ്പിലെ എന്റെ ഗ്രാമം ഇളങ്കുന്നപ്പുഴ പഞ്ചായത്താണ്. പതിനൊന്നര ചതുരശ്ര കിലോമീറ്ററെ ആകെ വിസ്തൃതിയുള്ളൂ. അതില്‍ തന്നെ പകുതി ഭാഗം വെള്ളമാണ്. ബാക്കിയുള്ളിടത്താണ് അറുപത്തയ്യായിരത്തിലധികം കുടുംബങ്ങള്‍ താമസിക്കുന്നത്. തീരപ്രദേശഗ്രാമങ്ങളായ ഇളങ്കുന്നപ്പുഴയിലെയും വൈപ്പിനിലേയും ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളോ അതിനനുബന്ധ തൊഴില്‍ ചെയ്യുന്നവരോ ആണ്. ചിലര്‍ മാത്രം എറണാകുളം നഗരത്തില്‍ കെട്ടിടപ്പണിക്ക് പോവും. പുതുവൈപ്പ് ഇപ്പോള്‍ മാറി. വയ്പിന് പകരം ഇപ്പോള്‍ കരയെടുക്കലാണ് കുറേ വര്‍ഷങ്ങളായി കണ്ടുവരുന്നത്. ഏത് സമയവും കടലെടുക്കാന്‍ സാധ്യതയുള്ള ഇവിടുത്തെ ജനവാസമേഖലയും കടലും തമ്മിലുള്ള അകലം 250 മീറ്ററില്‍ താഴെയേ വരൂ.

സമരത്തിന് വളക്കൂറുള്ള മണ്ണ്
വൈപ്പിന്റെ ഒരു പ്രത്യേകത ഇത് സമരങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണാണ് എന്നതാണ്. ചെറുതും വലുതുമായ പ്രക്ഷോഭങ്ങളും ഉപരോധ സമരങ്ങളും നയിച്ച പാരമ്പര്യം വൈപ്പിന്‍കരക്കാര്‍ക്കുണ്ട്. ഇവിടെ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭം ഉണ്ടായത് 95 കാലഘട്ടത്തിലെ കുടിവെള്ള സമരമാണ്. അയ്യായിരത്തിലധികം ആളുകള്‍ എറണാകുളം നഗരം കയ്യടക്കിക്കൊണ്ടുള്ള സമരമായിരുന്നു. രണ്ട് തവണ അത് സംഭവിച്ചു. ആദ്യം സി.പി.ഐ (എം.എല്‍) ന്റെ നേതൃത്വത്തില്‍ ജനകീയ പ്രക്ഷോഭം സംഘടിപ്പിച്ചു. അതിന് ജനപിന്തുണ ലഭിച്ചപ്പോള്‍ ഇടത്-വലത് പാര്‍ട്ടിക്കാര്‍, അവരുടെ അടിത്തറയിളകിപ്പോവുമെന്ന് കണ്ട് രണ്ട് കൂട്ടരും ചേര്‍ന്ന് വീണ്ടും സമരം നടത്തി. എന്തായാലും അതോടെ വൈപ്പിനിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി. ഈ പ്രക്ഷോഭത്തിന് ശേഷമാണ് ഹഡ്‌കോ പദ്ധതി വഴി കുടിവെള്ളം ലഭിക്കുന്നത്. പിന്നെ ചരിത്രപരമായ ഒരു സമരം, വൈപ്പിന്‍- എറണാകുളം പാലത്തിന്റെ സമരമായിരുന്നു. അത് വര്‍ഷങ്ങളോളം നീണ്ടു നിന്നു. സഹോദരന്‍ അയ്യപ്പന്‍ വിഭാവനം ചെയ്ത പദ്ധതിയായിരുന്നു. ആ സമരവും വിജയം കണ്ടു. പിന്നീട് നിരവധി കര്‍ഷകതൊഴിലാളി, ചെത്തുതൊഴിലാളി സമരങ്ങള്‍, വേതനവര്‍ധനവിനായുള്ള സമരങ്ങള്‍, ഫെറിചാര്‍ജ് വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരായി നടന്ന സമരം, അങ്ങനെ നിരവധി ചെറുതും വലുതുമായ സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് വൈപ്പിന്‍. ബസ്‌ കൂലി വര്‍ധിപ്പിച്ചാല്‍, മറ്റൊരിടത്തും സമരമില്ലെങ്കിലും വൈപ്പിന്‍കാര്‍ അതിനെതിരെ പ്രതിഷേധിക്കാറുണ്ട്. നീണ്ട ഒരിടവേളയ്ക്ക് ശേഷം ഐ.ഒ.സി. പ്ലാന്റിനെതിരെയുള്ള ഇപ്പോഴത്തെ സമരമാണ് ശക്തമായ ജനകീയ സമരം എന്ന നിലയിലേക്ക് ഉയര്‍ന്നത്. കാര്യങ്ങള്‍ ബോധ്യപ്പെട്ടാല്‍, എന്ത് വന്നാലും ഒന്നിച്ച് നില്‍ക്കുന്നവരാണ് വൈപ്പിന്‍കാര്‍.

"</p

കെ.എസ്.മുരളി

എന്തുകൊണ്ട് ഇപ്പോഴത്തെ സമരം
ഞങ്ങള്‍ക്ക് വേറെ വഴിയില്ല. അതുകൊണ്ട് സമരം ചെയ്യുന്നു. അതിജീവനത്തിനായുള്ള പോരാട്ടമാണ്. കടലോരത്ത് രണ്ടും മൂന്നും സെന്റില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടേയും സാധാരണക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കുന്നതിനുമായാണ് സമരം. ഇന്ന് സമരം 139 ദിവസം പിന്നിടുകയാണ്. യഥാര്‍ഥത്തില്‍ സമരം തുടങ്ങിയിട്ട് എട്ടുവര്‍ഷത്തിലേറെയായി. അന്ന് ആറ് പേര്‍ മാത്രമാണ് സമരം ചെയ്യാനുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഒരു പ്രദേശത്തെ ജനത മുഴുവന്‍ സമരസമിതിക്ക് കീഴില്‍ അണിനിരന്നിരിക്കുന്നു.

2009 മെയ് 18-നാണ് ഐ.ഒ.സി. സംഭരണ കേന്ദ്രത്തിനെതിരെയുള്ള സമരം ആരംഭിക്കുന്നത്. ജനവാസകേന്ദ്രമായ വൈപ്പിനില്‍ സംഭരണ കേന്ദ്രം സ്ഥാപിക്കാന്‍ പദ്ധതിയുമായി വന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഭാഗത്തുനിന്ന് തുടക്കം മുതല്‍ വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. ജനങ്ങളെ ബാധിക്കാന്‍ സാധ്യതയുള്ള ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ നടപടിക്രമമനുസരിച്ച്, പ്രദേശവാസികളെ വിളിച്ചുകൂട്ടി കാര്യങ്ങളെല്ലാം വിശദീകരിച്ച്, അതിലുള്ള പൊതുജനാഭിപ്രായം തേടിയിയേ നിര്‍മ്മാണം തുടങ്ങാവൂ. കമ്പനി ആദ്യം അത് ചെയ്തില്ല. പിന്നീട് പ്രദേശവാസികളുടെ നിരന്തര സമ്മര്‍ദ്ദം സഹിക്കാനാവാതെ അവര്‍ പൊതുജനാഭിപ്രായം തേടി. പക്ഷെ അപ്പോഴേക്കും ഇതിന്റെ ചുറ്റുമതില്‍ നിര്‍മ്മാണം കഴിഞ്ഞിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങാതെയാണ് ഈ നിര്‍മ്മാണം നടത്തിയത്.

പിന്നീട് വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ 2010 ജൂലായ് അഞ്ചിന് വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കമ്പനിയുടെ 85ശതമാനം സ്ഥലവും നില്‍ക്കുന്നത് ഈ ഇരുന്നൂറ് മീറ്ററിനുള്ളിലാണ്. നിയമപ്രകാരം അവിടെ പ്ലാന്റ് തുടങ്ങാനാവില്ല. ഇക്കാര്യം കാണിച്ചുള്ള ഞങ്ങളുടെ പ്രതിഷേധം ഒരുതരത്തില്‍ ഗുണം ചെയ്തു. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു. 2015 ജൂലായ് മാസത്തില്‍ വനം പരിസ്ഥിതി മന്ത്രാലയ അനുമതിയുടെ കാലാവധി തീര്‍ന്നു. എന്നാല്‍ അത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന ഐ.ഒ.സിയുടെ ആവശ്യം അംഗീകരിക്കപ്പെട്ടു. 2015 ഡിസംബര്‍ രണ്ടിന് കുറേ ഇരുമ്പ് പ്ലേറ്റുകളുമായി വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടമായി ആരംഭിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായി. രാത്രിയും പകലുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന പൊടി ജനജീവിതം ദുരിതത്തിലാക്കി. പോലീസ് സംരക്ഷണത്തോടെ അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

2016 ജൂലൈയില്‍, പരിസ്ഥിതി മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ പാലിക്കാതെയുള്ള അനധികൃത നിര്‍മ്മാണം നടക്കുന്നത് കാണിച്ച് സമരസമിതിക്കാര്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് കൊടുത്തു. ആദ്യ സിറ്റിങ്ങില്‍ ഞങ്ങള്‍ക്ക് സ്റ്റാറ്റസ്‌കോ ഓര്‍ഡര്‍ കിട്ടി. പക്ഷെ രണ്ടാമത്തെ സിറ്റിങ്ങില്‍ സ്റ്റാറ്റസ്‌കോ നിലനില്‍ക്കുന്നത് കൊണ്ട് അനുവദനീയമായ സ്ഥലത്ത് പോലും നിര്‍മ്മാണം നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഐ.ഒ.സി പരാതി നല്‍കി. തുടര്‍ന്ന് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി പത്രത്തില്‍ പറയുന്ന എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് നിര്‍മ്മാണം നടത്താന്‍ ഉത്തരവ് ലഭിച്ചു. പക്ഷെ ആ ഉത്തരവ് നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിച്ചുകൊണ്ടുള്ളതാണെന്ന് വ്യാജ പ്രചരണം നടത്തി കോര്‍പ്പറേഷന്‍ പോലീസ് സംരക്ഷണത്തോടെ നിര്‍മ്മാണം വീണ്ടും തുടങ്ങി. അപ്പോഴേക്കും പ്രദേശവാസികള്‍ക്കെല്ലാം ഈ പദ്ധതി ഇവിടെ വരുന്നത് കൊണ്ടുള്ള അപകടത്തെക്കുറിച്ച് ബോധ്യമുണ്ടായി. അങ്ങനെയാണ് പന്തല്‍ നാട്ടി ഫെബ്രുവരി 16 മുതല്‍ ഞങ്ങള്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.

ഇതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചു. പ്രദേശത്തെ അഞ്ഞൂറ് കുടുംബങ്ങളാണ് സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നത്. അമ്പത് കുടുംബങ്ങളടങ്ങുടെ ഓരോ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ഓരോ ദിവസത്തെ സമരം നയിക്കുന്നു. ഇപ്പോള്‍ ആളുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ഞങ്ങളുടെ വീടുകളും ഐ.ഒ.സി. കേന്ദ്രത്തിന്റെ ചുറ്റുമതിലുമായി വെറും 30 മീറ്റര്‍ അകലം മാത്രമാണുള്ളത്. അതീവ സ്‌ഫോടന ശേഷിയുള്ള കേന്ദ്രം വീട്ടുമുറ്റത്ത് നിര്‍മ്മിക്കാന്‍ ആരാണ് സമ്മതിക്കുക? ഞങ്ങള്‍ ഒരൊത്തുതീര്‍പ്പിനും ഒരുക്കമല്ല. ഈ പദ്ധതി ഇവിടെ നിന്ന് മാറ്റുക എന്നത് മാത്രമാണ് ഞങ്ങളുടെ സമരത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം നേടാതെ സമരം അവസാനിപ്പിക്കുകയുമില്ല. പോരാടി ശീലിച്ച വൈപ്പിന്‍ ജനതയ്ക്ക് ഈ പോരാട്ടം പുത്തരിയല്ല. കുട്ടികള്‍ പോലും ഭയപ്പാടില്ലാതെയാണ് സമരത്തിനിറങ്ങുന്നത്. ഇവിടുത്തെ കൊച്ചുകുഞ്ഞിന് പോലും തങ്ങള്‍ക്ക് വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്.

മുഖ്യമന്ത്രിയുടെ തീരുമാനം നിയമസംവിധാനത്തെ അട്ടിമറിക്കല്‍
മുഖ്യമന്ത്രിയുമായി അവസാനം നടത്തിയ ചര്‍ച്ചയില്‍, സമരക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ പഠിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കും എന്നാണ് പറഞ്ഞത്. കമ്പനി പറയുന്നു അനുമതിയോടെയാണ് നിര്‍മ്മാണമെന്ന്, സമരക്കാര്‍ പറയുന്നു നിയമലംഘനം ഉണ്ടെന്ന്, അപ്പോള്‍ ഈ വിഷയം സമിതി പഠിക്കട്ടെ; പഠന റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കാം എന്നാണ് അന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ഇതേ കാര്യമാണ് ഗ്രീന്‍ ട്രൈബ്യൂണല്‍ പരിശോധിച്ചുകൊണ്ടിരിക്കുന്നത്. 200 മീറ്റര്‍ ചുറ്റളവിനുള്ളിലുള്ള നിര്‍മ്മാണം തടയണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്രൈബ്യൂണലിന്റെ പരിധിയില്‍ ഈ കേസ് നിലനില്‍ക്കുമ്പോള്‍ വീണ്ടും ഇക്കാര്യം തന്നെ പഠിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചത് നിയമസംവിധാനത്തെ അട്ടിമറിച്ചുകൊണ്ടാണ്. സമിതി നിയോഗിക്കാന്‍ തീരുമാനിച്ച് അദ്ദേഹം തന്നെ ഐ.ഒ.സിയോട് പദ്ധതിയോട് മുന്നോട്ട് പൊയ്‌ക്കെള്ളാനും പറഞ്ഞിരിക്കുന്നു. യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തില്‍ പദ്ധതി അവസാനിപ്പിക്കില്ല എന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇതെല്ലാം എന്തിന്റെ സൂചനയാണ്. കോര്‍പ്പറേറ്റുകളുടെ നോമിനികളായ ഒരു പറ്റം ഉപദേശകരാണ് അദ്ദേഹത്തിനുള്ളത്. അവര്‍ പറയുന്നതാണ് അദ്ദേഹത്തിന് വേദവാക്യം. അദ്ദേഹം ജനങ്ങളുടെ വാക്ക് കേള്‍ക്കണം. ജനപക്ഷ നിലപാടെടുത്താല്‍ ഞങ്ങള്‍ പിണറായി വിജയനെ തോളിലേറ്റി നടക്കും. ഇ.എം.എസിനേയും നായനാരേയും വി.എസിനേയും തോളിലേറ്റിയവരാണ് ഇവിടുത്തെ ജനത. അതേ പരിഗണന അദ്ദേഹത്തിനും ലഭിക്കും. പക്ഷെ മറിച്ചാണെങ്കില്‍, ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കും അദ്ദേഹത്തിന്റെ സ്ഥാനം.

"</p

അന്ന് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വായിച്ചത് ഐ.ഒ.സിക്കാര്‍ കഴിഞ്ഞ ദിവസം നല്‍കിയ പത്രപ്പരസ്യത്തില്‍ പറഞ്ഞിരുന്ന അതേ കാര്യങ്ങളാണ്. മൂന്ന് ദിവസങ്ങളിലായി നാല് തവണ നടത്തിയ ലാത്തിച്ചാര്‍ജുകൊണ്ട് സമൂഹത്തിന്റെ മുന്നില്‍ മുഖ്യമന്ത്രി ഒറ്റപ്പെട്ടു. ചര്‍ച്ചയെന്ന് പറയുന്നത് യഥാര്‍ഥത്തില്‍ ആ ഒറ്റപ്പെടലിനെ മറികടക്കാനായി, താത്കാലിക ശമനത്തിനായി മുഖ്യമന്ത്രി നടത്തിയ ഒന്നാണ്.

പോലീസ് നരനായാട്ടില്‍ ഒതുങ്ങുന്നതല്ല സമരവീര്യം
കഴിഞ്ഞ ജൂണ്‍14ന് പോലീസ് സന്നാഹത്തോടെ നിയമവിരുദ്ധമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഐ.ഒ.സി. അധികൃതര്‍ എത്തിയപ്പോള്‍ ജനങ്ങള്‍ അത് തടഞ്ഞു. ക്രൂരമായ ബലപ്രയോഗത്തിലൂടെ സ്ത്രീകളേയും കുട്ടികളേയും വയോധികരേയുമുള്‍പ്പെടെ മര്‍ദ്ദിച്ച് തെരുവിലൂടെ വലിച്ചിഴക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പിന്നീട് 16-ാം തീയതി പുതുവൈപ്പില്‍ നടത്തിയ പോലീസ് അതിക്രമത്തില്‍ ആറ് കുട്ടികള്‍ക്കും അവരുടെ അമ്മമാര്‍ക്കും പരിക്കേറ്റതിനെ തുടര്‍ന്ന് സ്വാഭാവിക പ്രതികരണമെന്ന നിലയില്‍ എറണാകുളം നഗരത്തില്‍ പരാതിയുമായെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ ഫുട്പാത്തില്‍ കാലുകുത്താന്‍ പോലുമനുവദിക്കാതെ സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പോലീസ് നരനായാട്ട് നടത്തി. വഴിയാത്രക്കാരെപ്പോലും തല്ലിച്ചതച്ച് യതീഷ് ചന്ദ് നടത്തിയ അതിക്രമങ്ങള്‍ സമാനതകളില്ലാത്തവയാണ്. അതിനടുത്ത ദിവസം പുതുവൈപ്പില്‍ ഉപരോധ സമരത്തിനിടെ പോലീസ് വീണ്ടും ഞങ്ങളെ ആക്രമിച്ചു. പക്ഷെ പോലീസ് ഒന്ന് മനസ്സിലാക്കണം. ഞങ്ങള്‍ ഈ സമരം തുടങ്ങിയിട്ട് നാളുകളായി. അക്രത്തിന്റെ പാതയിലല്ല ഞങ്ങള്‍ സമരം ചെയ്യുന്നത്. സമാധാനപരമായി തുടരുന്ന സമരം പോലീസാണ് അക്രമാസക്തമാക്കുന്നത്. പോലീസ് ഒരിക്കലും ഞങ്ങളുടെ ശത്രുക്കളോ എതിരാളികളോ അല്ല. ഭരണകൂടമാണ് ഞങ്ങളുടെ എതിരാളികള്‍. അവര്‍ക്കെതിരെയാണ്, കോര്‍പ്പറേറ്റുകള്‍ക്കെതിരെയാണ് ഞങ്ങള്‍ സമരം ചെയ്യുന്നത്.

സമരം ചെയ്യാനുറച്ച ജനതയെ ലാത്തികാട്ടി പേടിപ്പിച്ചിട്ട് കാര്യമില്ല. പോലീസ് വേട്ടയില്‍ ചുരുങ്ങിപ്പോവുന്നതല്ല വൈപ്പിന്‍ ജനതയുടെ ചങ്കൂറ്റം. അത് പോലീസും ഭരണകൂടവും മനസ്സിലാക്കണം. പോലീസ് ആക്രമണം കൊണ്ട് ഞങ്ങള്‍ക്ക് ലാഭമേ ഉണ്ടായിട്ടുള്ളൂ. കൂടുതല്‍ ജനപിന്തുണ സമരത്തിന് കിട്ടി. പക്ഷെ പോലീസിന്റെ മറവില്‍ ഓയില്‍ കോര്‍പ്പറേഷന്‍ ചെയ്യുന്ന തട്ടിപ്പുണ്ട്. ഇതിന് പോലീസും കൂട്ടു നില്‍ക്കുകയാണ്. ഇളംകുന്നപ്പുഴ പഞ്ചായത്തിലെ 736-ാം സര്‍വേ നമ്പറിലുള്ള ഭൂമിയിലാണ് പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവുണ്ടായിട്ടുള്ളത്. അത് ട്രക്ക് പാര്‍ക്കിങ് സ്ഥലമാണ്. പകരം ഇപ്പോള്‍ പോലീസ് സംരക്ഷണം നല്‍കുന്നത് വൈപ്പിന്‍ പഞ്ചായത്തിലുള്ള 347-ാം സര്‍വേ നമ്പറിലുള്ള ഭൂമിയിലാണ്. അവിടെയാണ് നിര്‍മ്മാണം നടക്കുന്നത്. ഇത് പോലീസും കമ്പനിയും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് സമരക്കാര്‍ കാണുന്നത്.

തീവ്രവാദബന്ധവും ലോറിമാഫിയ ബന്ധവും വിദേശഫണ്ടും
സമരക്കാര്‍ക്ക് വിദേശഫണ്ട് വരുന്നുണ്ട്, ടാങ്കര്‍ ലോറി മാഫിയയാണ് സമരത്തിന് പിന്നില്‍ തുടങ്ങിയ പ്രചരണങ്ങള്‍ കമ്പനി തന്നെയാണ് നടത്തുന്നത്. അവര്‍ നോക്കുമ്പോള്‍ ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് നടത്തുന്നതിന് കാശ് ചെലവുണ്ട്. അപ്പോള്‍ തീവ്രവാദ ബന്ധവും ലോറി മാഫിയ ബന്ധവുമൊക്കെ ആരോപിച്ച് സമരത്തെ ഇല്ലായ്മ ചെയ്ത് കളയാമെന്നാണ് അവര്‍ കരുതുന്നത്. മംഗലാപുരത്തു നിന്ന് കേരളത്തിലേക്ക് 120 ടാങ്കര്‍ ലോറികളിലാണ് കേരളത്തിന്റെ മൂന്ന് ഭാഗങ്ങളിലേക്ക് എല്‍.പി.ജി. എത്തിക്കുന്നത്. ഈ പ്ലാന്റില്‍ നിന്ന് പൈപ്പ് വഴി ഗ്യാസ് വിതരണം ചെയ്താല്‍ ട്രക്ക് ഉടമകള്‍ക്ക് നഷ്ടമാവും, അതുകൊണ്ട് അവരാണ് സമരത്തിന് പിന്നിലെന്നാണ് ആരോപണം. അത് ശുദ്ധ അസംബന്ധമാണ്. കോര്‍പ്പറേഷന്‍ സര്‍ക്കാരിന് നല്‍കിയ പ്രോജക്ട് റിപ്പോര്‍ട്ടില്‍ ഈ കേന്ദ്രത്തില്‍ നിന്ന് 500 ലോറി എല്‍.പി.ജി. പോവുമെന്നാണ്. അങ്ങനെയാണെങ്കില്‍ ലോറി മാഫിയ ഞങ്ങളുടെ സമരത്തെ പൊളിക്കാനല്ലേ നോക്കേണ്ടത്. ഈ പദ്ധതി തുടങ്ങിയപ്പോള്‍ മുതല്‍ പൊതുതാത്പര്യ ഹര്‍ജിയുള്‍പ്പെടെ നിരവധി കേസുകള്‍ ഞാന്‍ കൊടുത്തിട്ടുണ്ട്. അതെല്ലാം എന്റെ സ്വന്തം കയ്യില്‍ നിന്ന് പണം മുടക്കിയിട്ടാണ്.

ഗ്രീന്‍ ട്രൈബ്യൂണലില്‍ കേസ് കൊടുത്തപ്പോള്‍ മാത്രമാണ് പ്രദേശവാസികളില്‍ നിന്ന് പോലും പണം പിരിച്ചെടുത്തത്. പിന്നെ, പ്രദേശത്തെ 200 പേരെ ഞങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഒരു ദിവസം പണിക്ക് പോയാല്‍ 800ഉും 1000ഉും കൂലി കിട്ടുന്നവരെ. അവര്‍ എല്ലാ മാസവും 500 രൂപ സമര നടത്തിപ്പിനായി നല്‍കുന്നുണ്ട്. അങ്ങനെയാണ് ഞങ്ങള്‍ ഫണ്ട് സ്വരൂപിക്കുന്നത്. ഇപ്പോള്‍ പോലീസിന്റെ നടപടിക്ക് ശേഷം സമരപ്പന്തലിലെത്തിയ ചില സന്നദ്ധ സംഘടനകള്‍ 1000ഉും 2000ഉും രൂപ തന്ന് ഞങ്ങളെ സഹായിച്ചിട്ടുണ്ട്. അതൊന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല. തീവ്രവാദ ബന്ധം, അത് ഇവിടെ ഇതേവരെ നടന്നിട്ടുള്ള എല്ലാ ജനകീയ സമരങ്ങളിലും ആരോപിക്കപ്പെട്ടിരുന്നു. കൊക്ക കോളയ്‌ക്കെതിരെയുള്ള സമരം, വിളപ്പില്‍ശാല, പെമ്പിളൈ ഒരുമൈ, എന്തിനധികം സ്വന്തം മകന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹിജ നടത്തിയ പ്രതിഷേധത്തില്‍ പോലും തീവ്രവാദബന്ധം ആരോപിച്ചവരാണ് ഭരണകര്‍ത്താക്കള്‍.

"</p

എല്‍.എന്‍.ജി. ടെര്‍മിനല്‍ പണിയാന്‍ അനുവദിച്ചത് തെറ്റ്
എല്‍.എന്‍.ജി ടെര്‍മിനല്‍ പണിയാന്‍ അനുവദിച്ച വൈപ്പിന്‍കാര്‍ ഐ.ഒ.സി.യോട് മാത്രം മുഖം തിരിക്കുകയാണെന്ന ആക്ഷേപമുണ്ട്. വൈപ്പിന്‍കരക്കാര്‍ ഒരു പദ്ധതിയെയും സ്വാഗതം ചെയ്തിട്ടില്ല. എല്‍.എന്‍.ജി. ജനവാസ കേന്ദ്രത്തില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണുള്ളത്. യഥാര്‍ഥത്തില്‍ അത്രയും ദൂരപരിധി പോര. അത് ഞങ്ങള്‍ക്കറിയാം. എല്‍.എന്‍.ജി വന്നപ്പോഴും ഇവിടെ സമരമുണ്ടായിരുന്നു. പക്ഷെ അന്ന് ഇടത്, വലത് പാര്‍ട്ടികളിലുള്ളവരും ട്രേഡ് യൂണിയന്‍ ഗുണ്ടകളും ചേര്‍ന്ന് സമരക്കാരുടെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി. കുടുംബമായി ജീവിക്കുന്ന അവര്‍ സ്വാഭാവികമായും ഭയന്നു. 90 ശതമാനവും നിര്‍മ്മാണം കഴിഞ്ഞ ശേഷമാണ് അവര്‍ പൊതുജനാഭിപ്രായം തേടിയത് പോലും. പക്ഷെ അന്ന് ഞങ്ങള്‍ക്ക് കൂട്ടമായി നില്‍ക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് ആ സ്ഥാപനം വന്നു. അങ്ങനെയൊരു തെറ്റ് സംഭവിച്ചുപോയി. പക്ഷെ ആ തെറ്റ് സംഭവിച്ചതിന്റെ പേരില്‍ പിന്നീട് വരുന്ന നിയമവിരുദ്ധ നിര്‍മ്മാണങ്ങള്‍ ഞങ്ങള്‍ വകവച്ച് കൊടുക്കണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.

എല്‍.എന്‍.ജി 2013ല്‍ കമ്മീഷന്‍ ചെയ്തപ്പോള്‍ ജനങ്ങള്‍ക്ക് അവബോധമുണ്ടാക്കാന്‍ അവര്‍ ഒരു പുസ്തകമിറക്കി. അതിലവര്‍ പറയുന്നത്, എല്‍.എന്‍.ജി ലീക്ക് ചെയ്ത് കോമ്പൗണ്ടിന് വെളിയില്‍ വന്നാല്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള സൈറണ്‍ മുഴങ്ങും; മണ്ണ് വാരിയിട്ടോ, തൂവാല പിടിച്ചുനോക്കിയിട്ടോ കാറ്റിന്റെ ഗതിയനുസരിച്ച് ഓടണം, കന്നുകാലികളെ അഴിച്ചുവിടുക- അവ സ്വയരക്ഷ തേടിപ്പോവും, വീട്ടിലുള്ള വിലപിടുപ്പുള്ള സാധനങ്ങള്‍ എടുത്ത് സമയം കളയാതെ അവനവന്റെ ജീവനാണ് ഏറ്റവും വിലപിടിപ്പുള്ളതെന്ന് വിചാരിച്ച് ഓടിരക്ഷപെടണം, രാത്രി കാലങ്ങളില്‍ സൈറണ്‍ കേട്ടാല്‍ ശബ്ദമുണ്ടാക്കി അയല്‍ക്കാരെ വിവരമറിയിക്കുക തുടങ്ങിയ കാര്യങ്ങളാണ്. എന്നിട്ട് ഒടുവില്‍ പറയുന്നത് നിങ്ങളുടെ കുടുംബത്തിന്റെ സുരക്ഷ നിങ്ങളുടെ കൈകളില്‍ മാത്രമാണെന്നാണ്. ഇതാണ് യഥാര്‍ഥത്തില്‍ ഞങ്ങള്‍ക്ക് ഭീതിയുണ്ടാക്കിയത്. ഞങ്ങളുടെയും കുടുംബത്തിന്റെയും സുരക്ഷ ഞങ്ങള്‍ ഉറപ്പിക്കണമെങ്കില്‍ ഐ.ഒ.സി. പ്ലാന്റ് അവിടെ സ്ഥാപിക്കാതിരിക്കണം.

സമരത്തിന്റെ ഭാവി
വൈപ്പിന്‍കാര്‍ക്ക് ഒറ്റത്തീരുമാനമേയുള്ളൂ. ഇനി കോടതിവിധിയും വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടും എന്ത് തന്നെയായാലും വൈപ്പിനില്‍ പ്ലാന്റ് പണിയാന്‍ വന്നാല്‍ ഞങ്ങളത് തടുക്കും. ഇവിടെ അത് സ്ഥാപിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ പ്ലാന്റ് അവിടെ സ്ഥാപിക്കരുത്. എന്ത് സുരക്ഷ പറഞ്ഞാലും; ഈ സുരക്ഷ പറയുന്നിടത്ത് പലയിടത്തും അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് ഈ പദ്ധതി ഇവിടെ നടപ്പാവില്ല.

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍