UPDATES

പുഴമ്പള്ളം ഗ്രാമം സമരം ചെയ്യുകയാണ്; രാസമാലിന്യമൊഴുക്കി കുടിവെള്ളം മുട്ടിച്ചവര്‍ക്കെതിരേ

വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നതിന്റെ പ്രശ്‌നം ഇവിടത്തുകാര്‍ മാത്രമല്ല കനാല്‍ വെള്ളമെത്തിച്ചേരുന്ന സ്ഥലങ്ങളിലെ ജനങ്ങളും അനുഭവിക്കുന്നുണ്ട്

തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പുഴമ്പള്ളം ഗ്രാമം സമരത്തിലാണ്. രാസമാലിന്യമൊഴുക്കി കുടിനീരു മുട്ടിച്ച കമ്പനികള്‍ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ ഒന്നിച്ചിറങ്ങിയിരിക്കുകയാണ്. മൂന്നു കൊല്ലം മുന്‍പ് വരെ ആര്‍ക്കും ഒരു ആശങ്കയുമില്ലാതെ കോരിക്കുടിക്കാവുന്ന തെളിനീരല്ല ഇപ്പോഴിവിടത്തെ കനാലില്‍. ആസിഡ് മയമാണ് വെള്ളം. രൂക്ഷ ഗന്ധം, കറുത്ത നിറം, രാസ മാലിന്യങ്ങള്‍ നുരഞ്ഞു പൊന്തുന്ന പത… കനാലിലേതു മാത്രമല്ല, പരിസരത്തെ ഭൂരിഭാഗം കിണറുകളിലെ വെള്ളവും ഇതുപോലെ ഉപയോഗശൂന്യമാണ്. സമീപപ്രദേശമായ ഇളംതുരുത്തിയിലെ അലുമിനിയം ഇലക്ട്രോ പ്ലേറ്റിങ്ങ് കമ്പനികള്‍ നിര്‍ബാധം ഒഴുക്കിവിട്ട മാലിന്യമാണ് ഇതിന്റെ പ്രധാന കാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഈ പ്രദേശത്തെ ഫാമുകളില്‍ നിന്നുള്ള മാലിന്യങ്ങളും വെള്ളം മലിനമാക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്പനികളോട് ചേര്‍ന്ന് ശേഖരിച്ച വെള്ളത്തിന്റെ പരിശോധനയില്‍ അപകടകരമാം വിധം ആസിഡ് കലര്‍ന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് രണ്ട് കമ്പനികള്‍ക്ക് പുത്തൂര്‍ പഞ്ചായത്ത് സ്‌റ്റോപ് മെമ്മോ നല്‍കി. ഇവയുടെ പ്രവര്‍ത്തനം പൂര്‍ണമായി നിര്‍ത്തി അടച്ചു പൂട്ടുന്നതു വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് നാട്ടുകാര്‍. വെള്ളം ശുദ്ധീകരിക്കാനുള്ള നടപടികളെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. വെള്ളം പഴയപോലാകാന്‍ എത്ര കാലമെടുക്കുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. പുഴമ്പള്ളം ജനകീയ സംരക്ഷണസമിതി രക്ഷാധികാരിയും പ്രദേശത്തെ മെമ്പറുമായ സന്തോഷ്‌കുമാര്‍ നിലവിലെ പ്രശ്‌നങ്ങള്‍ വിശദീകരിച്ചു.

‘മൂന്ന് കൊല്ലം മുന്‍പ് വരെ നല്ല വെള്ളമായിരുന്നു ഇവിടത്തെ ജലാശയങ്ങളില്‍. ഒരുപാട് മത്സ്യങ്ങളുമുണ്ടായിരുന്നു. ഇന്ന് ഒരു വാല്‍മാക്രി പോലും അവശേഷിക്കുന്നില്ല. എല്ലാം ചത്തു പൊന്തി. ഞാന്‍ 17ാം വാര്‍ഡ് മെമ്പറാണ്. ഈ വാര്‍ഡടക്കം പരിസരത്തുള്ള 5 വാര്‍ഡുകളിലും വെള്ളത്തിന് പ്രശ്‌നങ്ങളുണ്ട്. 8 കിലോമീറ്റര്‍ വ്യാപ്തിയിലൊഴുകുന്നത് ഈ കറുത്ത വെള്ളമാണ്. കിണറുകളൊക്കെ മലിനമാണ്. കനാലിന് ഇരുവശത്തുമുള്ള വീടുകളിലെ കിണറുകളില്‍ മഴക്കാലമായാല്‍ കയ്യെത്തിച്ച് വെള്ളമെടുക്കാം. പക്ഷേ കുടിക്കാന്‍ പറ്റില്ലാന്ന് മാത്രം. ഈ കമ്പനി വന്നതിന് ശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഒരു പ്രത്യേക സ്ഥലം തൊട്ട് കനാലിലെ വെള്ളം നിറം മാറുകയാണ്. ഇപ്പോള്‍ അതിന്റെ ഉറവിടം ഏതെന്ന് വ്യക്തമായി. ഈ പ്രദേശത്തുള്ളവര്‍ക്ക് ചര്‍മ്മ രോഗങ്ങള്‍ വ്യാപകമാകുകയാണ്. ക്യാന്‍സര്‍ രോഗികളുടെ എണ്ണവും കൂടുതലാണ്. കഴിഞ്ഞ കൊല്ലം കനാല്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലുറപ്പിന് വന്ന ചേച്ചിയുടെ കാലിലെ തൊലിമുഴുവന്‍ പോയി. കാലു കുഴിഞ്ഞ പോലെയായി. 4 പ്ലാസ്റ്റിക് സര്‍ജറി ചെയ്യേണ്ടി വന്നു. നിര്‍ധന കുടുംബാംഗമായ അവരുടെ ചികിത്സ പഞ്ചായത്തിന്റെയും നാട്ടുകാരുടേയും സഹായത്തിലാണ് ഇതുവരെ നടന്നത്. പണിക്ക് പോലും പോകാന്‍ പറ്റാതെ വീട്ടിലിരിക്കുകയാണ് അവരിപ്പോള്‍. വെള്ളത്തിന്റെ പ്രശ്‌നം അതീവ ഗുരുതരമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെടുന്നത് അപ്പോഴാണ്. പ്രശ്‌നത്തിന്റെ ഉറവിടം എവിടെയാണെന്ന് അപ്പോഴും ധാരണയുണ്ടായിരുന്നില്ല. വിഷയത്തിന്റെ ഗൗരവം എല്ലാവര്‍ക്കും ബോധ്യമാകാന്‍ സമയമെടുത്തു. ഇപ്പോള്‍ ഈ നാട് ഒന്നിച്ച് ഇറങ്ങിയിരിക്കുകായാണ്. അതില്‍ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല. കമ്പനി അടച്ചു പൂട്ടണം. അതു തന്നെയാണ് ഞങ്ങളുടെ ആവശ്യം.

വെള്ളത്തില്‍ രാസമാലിന്യം കലര്‍ന്നതിന്റെ പ്രശ്‌നം ഇവിടത്തുകാര്‍ മാത്രമല്ല കനാല്‍ വെള്ളമെത്തിച്ചേരുന്ന സ്ഥലങ്ങളിലെ ജനങ്ങളും അനുഭവിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ ആ പ്രദേശങ്ങളിലുള്ളവരെക്കൂടി ബോധ്യപ്പെടുത്തി വലിയ ജനകീയ മുന്നേറ്റം സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് തങ്ങളെന്ന് ജനകീയസംരക്ഷണ സമിതി ചെയര്‍മാന്‍ സദാനന്ദനും കണ്‍വീനര്‍ സലീഷും വ്യക്തമാക്കി.

ഈ വെള്ളം തന്നെയാണ് മരത്താക്കര, കുഞ്ഞനംപാറ, നെല്ലിച്ചോട്, മൂലപ്പായ് ഭാഗങ്ങളിലേക്ക് ലിഫ്റ്റ് ഇറിഗേഷന്‍ വഴി എത്തുന്നത്. മണലിപ്പുഴയിലേക്കും ഇതേ വെള്ളം എത്തിച്ചേരുന്നുണ്ട്. ഞങ്ങളുടെ നാട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ പ്രശ്‌നം. ശക്തമായ ബോധവല്‍ക്കരണ പരിപാടികളുമായി ഞങ്ങള്‍ മുന്നോട്ട് പോകും. മാലിന്യസംസ്‌കരണത്തിന് വേണ്ടത്ര സംവിധാനങ്ങള്‍ ഈ കമ്പനികള്‍ക്കൊന്നുമില്ല. കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത് ആള്‍ത്താമസം അധികമില്ലാത്ത പ്രദേശത്താണ്. അതുകൊണ്ട് തന്നെ നാട്ടുകാരുടെ ശ്രദ്ധ പെട്ടെന്ന് എത്തുകയുമില്ല. മാലിന്യമൊഴുക്കാന്‍ ഇതവര്‍ക്ക് സൗകര്യമായി. ഇതിനോടകം ഇവിടത്തെ ജലാശയങ്ങളിലെത്തിയ മാലിന്യം എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിന്റെ ഭാഗമായുണ്ടായ രോഗങ്ങളും ദുരിതങ്ങളും എത്രനാള്‍ തുടരുമെന്നും അറിയില്ല. ഇതിന് ഉത്തരവാദികളായവരില്‍ നിന്നു തന്നെ നഷ്ടപരിഹാരം ലഭിക്കണം. ബിസിനസ് നടത്തുന്നതിന് ഞങ്ങള്‍ എതിരല്ല. പക്ഷേ അത് നാട്ടുകാരുടെ ജീവിതം നശിപ്പിച്ചു കൊണ്ടാകരുത്

ഉന്നതങ്ങളില്‍ പണവും സ്വാധീനവും ഉപയോഗിച്ച് വീണ്ടും തുറക്കാനാണ് കമ്പനികളുടെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങള്‍ ആസിഡ് ഒഴുക്കുന്നില്ലെന്നുമാണ് കമ്പനികളുടെ വാദം. എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന രാസപരിശോധനാ ഫലം. ഈ സാഹചര്യത്തില്‍ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് പുഴംമ്പള്ളം ജനകീയസംരക്ഷണ സമിതി. കുടിനീരിന് പകരമാകാന്‍ നോട്ടുകെട്ടുകള്‍ക്ക് കഴിയില്ലെന്ന ഉറച്ച ബോധ്യത്തില്‍ തന്നെയാണ് തങ്ങളുടെ ചെറുത്ത് നില്‍പ്പെന്ന് പുഴമ്പള്ളത്തുകാര്‍ വ്യക്തമാക്കുന്നു.

വിഷ്ണുദത്ത്

വിഷ്ണുദത്ത്

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍