മാനേജിംഗ് ഡയറക്ടര്‍ പി.വി. മിനിയോടും, ചെയര്‍മാന്‍ പി.വി. ചന്ദ്രനോടും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ ഇക്കാര്യം പല തവണ സംസാരിച്ചിട്ടുണ്ടെങ്കിലും, എല്ലാം ശരിയാക്കാമെന്ന് വാക്കുതരികയല്ലാതെ മറ്റു നടപടികളൊന്നും നാളിതുവരെ ഉണ്ടായില്ല
കയര്‍ വരിഞ്ഞുകെട്ടി അടച്ചു പൂട്ടിയിരിക്കുന്ന ഒപി വിഭാഗത്തിലേക്കുള്ള പ്രധാന വാതില്‍. ഭാഗികമായി പ്രവര്‍ത്തനം നിര്‍ത്തുകയും പൂട്ടുകയും ചെയ്തിട്ടുള്ള ഫ്ളോറുകള്‍. വിവിധ വിഭാഗങ്ങള്‍ക്കും ഐ.സി.യുവിനുമടക്കം താഴിട്ടിരിക്കുന്നു. അത്യാവശ്യങ്ങളുമായെത്തുന്ന രോഗികളെ അള്‍ട്രാ സൗണ്ട് മുറിയിലും കാഷ്വാലിറ്റിയിലും വച്ച് പരിശോധിക്കുന്ന ഡോക്ടര്‍മാര്‍. എറണാകുളത്തെ പേരുകേട്ട ആശുപത്രികളിലൊന്നായ പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയുടെ ഇപ്പോഴത്തെ അവസ്ഥയുടെ ഏകദേശ രൂപമാണിത്. ഏതാനും വര്‍ഷങ്ങള്‍ മുന്‍പുവരെ കേരളത്തിലെ തന്നെ പ്രധാന ആശുപത്രികളിലൊന്നായിരുന്ന കലൂരിലെ പി.വി.എസ് തന്ത്രപരമായി അടച്ചുപൂട്ടാനുള്ള നീക്കത്തിലാണ് മാനേജ്മെന്റ്. ജീവനക്കാരോട് ആശുപത്രിയിലെത്തേണ്ടെന്നും രോഗികളുടെ അപ്പോയിന്‍മെന്റുകള്‍ എടുക്കേണ്ടെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ആശുപത്രിക്കെട്ടിടത്തിലെ പല നിലകളും പ്രധാന മുറികളും അടച്ചുപൂട്ടിക്കഴിഞ്ഞിട്ടുണ്ട്. എങ്കിലും, ധാരാളമായി എത്തിക്കൊണ്ടിരിക്കുന്ന രോഗികളെ ലഭ്യമായ സൗകര്യത്തില്‍ പരിശോധിക്കുകയാണ് പിവിഎസ് ആശുപത്രിയിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും.
പി.വി.എസിന്റെ അടച്ചുപൂട്ടല്‍ തീരുമാനത്തിനു പിന്നിലും, ഇത്തരം നടപടികള്‍ക്കു ശേഷവും ആശുപത്രി വിട്ടു പോകാന്‍ സാധിക്കാത്ത ജീവനക്കാരുടെ നിസ്സഹായാവസ്ഥയ്ക്കു പിന്നിലുമുള്ള കാരണങ്ങളാണ് ചര്‍ച്ചയ്ക്കെടുക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യരംഗത്തെങ്ങും ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ തൊഴില്‍ ചൂഷണമാണ് പി.വി.എസ് കൊച്ചിയില്‍ കഴിഞ്ഞ് ഒമ്പതു വര്‍ഷക്കാലത്തോളമായി നടന്നുകൊണ്ടിരിക്കുന്നത്. വര്‍ഷങ്ങളായി കൃത്യമായി ശമ്പളം ലഭിക്കാതെ പ്രതിസന്ധിയിലാണ് പിവിഎസിലെ ഗ്രേഡ് 4 സ്റ്റാഫ് മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ജീവനക്കാര്‍. 2018 മേയ് മാസം മുതല്‍ ഇന്നുവരെ, പിവിഎസിലെ ഡോക്ടര്‍മാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല. ഒരു വര്‍ഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും, എട്ടുമാസത്തോളമായി പ്രതിഫലം ലഭിക്കാത്ത മറ്റു സ്റ്റാഫുകളും പിവിഎസില്‍ നിന്നും നേരിടുന്ന ക്രൂരതകളില്‍ ഏറ്റവുമൊടുവിലത്തേതാണ് അടച്ചുപൂട്ടല്‍ ഭീഷണി. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ തങ്ങളെ പുറന്തള്ളാനുള്ള മാനേജ്മെന്റിന്റെ തന്ത്രമാണോ അടച്ചുപൂട്ടലെന്നും ഇവര്‍ക്ക് സ്വാഭാവികമായും സംശയമുണ്ട്. പ്രധാന മുറികളും ഫ്ളോറുകളും അടച്ചു പൂട്ടിക്കഴിഞ്ഞതിനാല്‍ ഇന്‍ പേഷ്യന്റ്സിനെ എടുക്കാനാകില്ലെങ്കിലും, ചികിത്സ തേടിയെത്തുന്ന രോഗികളെ മാനേജ്മെന്റിന്റെ നിര്‍ദ്ദേശം പാടേ അവഗണിച്ചുകൊണ്ട് ചികിത്സിക്കുകയാണിവര്‍.
അന്ന് കേരളത്തിലെ തന്നെ മികച്ച ആശുപത്രി, ഇന്ന് ക്രൂരമായ തൊഴില്‍ ചൂഷണം
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉടലെടുക്കുന്നതിനു മുന്‍പുവരെ മികച്ച ട്രാക്ക് റെക്കോര്‍ഡുമായി മുന്നേറിക്കൊണ്ടിരുന്ന സ്ഥാപനമായിരുന്നു പി.വി.എസ് മെമ്മോറിയല്‍ ആശുപത്രിയെന്ന് ഇവിടെ ജോലിനോക്കുന്ന ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. 1991ല്‍ മുതല്‍ പ്രവര്‍ത്തിക്കുന്ന, കേരളത്തിലെ അതിപ്രശസ്തമായ ആശുപത്രികളിലൊന്നു തന്നെയായിരുന്നു പി.വി.എസ്. ഉദരസംബന്ധമായ രോഗചികിത്സകള്‍ക്ക് കേരളത്തില്‍ മാത്രമല്ല, ദക്ഷിണേന്ത്യയില്‍ത്തന്നെ പേരുകേട്ട ആശുപത്രികളിലൊന്ന്. ഗ്യാസ്ട്രോ എന്‍ഡ്രോളജി വിഭാഗത്തിലെ അതിനൂതനമായ പല ചികിത്സകളും ഉപകരണങ്ങളും കേരളത്തില്‍ ആദ്യമെത്തിച്ചത് പി.വി.എസ് ആണെന്ന് നിലവില്‍ ഇവിടെ ജോലി ചെയ്യുന് ഡോ. പ്രകാശ് സക്കറിയ പറയുന്നു.‘ഇവിടെ വന്ന് ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ പരിശീലനമെടുത്തവര്‍ രാജ്യത്തിലെല്ലായിടത്തും ജോലി നോക്കുന്നുണ്ട്. നാഷണല്‍ ബോര്‍ഡിന്റെ ട്രെയിനിംഗുള്ള ചുരുക്കം ചില ആശുപത്രികളില്‍ പി.വി.എസും പെടും. സങ്കീര്‍ണമായ എത്രയോ ട്രാന്‍സ്പ്ലാന്റേഷനുകള്‍ ഇവിടെ നടത്തിപ്പോന്നിരിക്കുന്നു. ഇത്രയും മികവ് അവകാശപ്പെടാനുള്ള ആശുപത്രിയില്‍ അതുപോലെത്തന്നെ രോഗികളുടെ തിരക്കും വളരെയധികമാണ്. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെയുള്ളയിടങ്ങളില്‍ നിന്നും ഗ്യാസ്ട്രോ എന്‍ഡ്രോളജിയില്‍ കൈകാര്യം ചെയ്യാനാകാത്ത കേസുകള്‍ വന്നുപെട്ടാല്‍ ലോക്കല്‍ സര്‍ജന്മാര്‍ ആദ്യം ചിന്തിക്കുന്ന പേരും പി.വി.എസിന്റേതായിരുന്നു. ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ മുന്‍പു വരെ രോഗികളുടെ തിരക്കു കാരണം ട്രോളിയില്‍ വരെ കിടത്തി ചികിത്സിക്കേണ്ടിവന്നിട്ടുണ്ട്. ആംബുലന്‍സില്‍ കൊണ്ടുവരുന്ന രോഗിയെ തിരക്കു കാരണം പുറത്തിറക്കാന്‍ സാധിക്കാത്ത സാഹചര്യം പോലുമുണ്ടായിട്ടുണ്ട്.’
കഴിഞ്ഞ ഒരു വര്‍ഷക്കാലമായാണ് പ്രവര്‍ത്തനത്തില്‍ ഇത്രയധികം അധഃപതനം ആരംഭിച്ചതെങ്കിലും, ആശുപത്രിയില്‍ സാമ്പത്തിക പ്രശ്നങ്ങളാരംഭിച്ചിട്ട് വര്‍ഷങ്ങളായെന്ന് ജീവനക്കാര്‍ പറയുന്നു. എട്ടോ ഒമ്പതോ വര്‍ഷത്തിലധികമായി പി.വി.എസില്‍ സാമ്പത്തിക അച്ചടക്കമില്ലായ്മ വളരെ പ്രകടമായി തലപൊക്കിത്തുടങ്ങിയിട്ട്. ഇതുകാരണം ആശുപത്രിയുടെ നടത്തിപ്പില്‍ പല പ്രശ്നങ്ങളുമുണ്ടായിട്ടുള്ളതായി തങ്ങള്‍ക്ക് അറിയാമായിരുന്നെന്നും, ഉടന്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍ അതു പെടുത്തിയിരുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മാനേജിംഗ് ഡയറക്ടര്‍ പി.വി. മിനിയോടും, ചെയര്‍മാന്‍ പി.വി. ചന്ദ്രനോടും ഡോക്ടര്‍മാരടക്കമുള്ള ജീവനക്കാര്‍ ഇക്കാര്യം പല തവണ സംസാരിച്ചിട്ടുണ്ടെങ്കിലും, എല്ലാം ശരിയാക്കാമെന്ന് വാക്കുതരികയല്ലാതെ മറ്റു നടപടികളൊന്നും നാളിതുവരെ ഉണ്ടായില്ല. ‘എട്ടും ഒമ്പതും വര്‍ഷങ്ങളായി, മാസങ്ങളോളം ശമ്പളം കിട്ടാതെ കുടിശ്ശികയാവുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. ആറുമാസം കൂടുമ്പോഴൊക്കെയാണ് ഈ കുടിശ്ശിക തീര്‍ക്കുക. അതു കഴിഞ്ഞ് അഞ്ചാറുമാസത്തേക്ക് വീണ്ടും ശമ്പളമില്ല. എല്ലായ്പ്പോഴും ഞങ്ങളുടെ കുറച്ചു കാശ് ഇവരുടെ കൈയില്‍ ഉണ്ടായിരിക്കുന്ന അവസ്ഥ. ആദ്യ ഘട്ടത്തില്‍ അല്പം വൈകിയാലും, മാസാവസാനമായാലും, ശമ്പളം കിട്ടും എന്ന അവസ്ഥയുണ്ടായിരുന്നു. പക്ഷേ, പോകെപ്പോകെ അതും മാറി. വിശദീകരണമാവശ്യപ്പെടുമ്പോള്‍ തൃപ്തികരമായ മറുപടിയൊന്നും ലഭിച്ചിരുന്നില്ല.’
ശമ്പളമില്ലാതെ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നിഷ്യന്‍മാര്‍
ശമ്പളക്കുടിശ്ശിക വലിയ സംഖ്യകളായി വളരുകയും, കൃത്യമായി ശമ്പളം നല്‍കിത്തുടങ്ങാമെന്ന വാഗ്ദാനം പാലിക്കപ്പെടാതാകുകയും ചെയ്തതോടെ, ഓരോരുത്തരായി ആശുപത്രി വിട്ടു തുടങ്ങി. ആശുപത്രിയില്‍ ഉണ്ടായിരുന്ന പ്രമുഖരായ ഡോക്ടര്‍മാരില്‍ ചിലര്‍ 2015ല്‍ ജോലി വിട്ടതോടെ മറ്റു ജീവനക്കാരും സമ്മര്‍ദ്ദത്തിലായി. പലര്‍ക്കും കുടിശ്ശികയിനത്തില്‍ വന്‍തുകകള്‍ ഇനിയും ലഭിക്കാനുണ്ടായിരുന്നതിനാല്‍ മാനേജ്മെന്റിന്റെ വാക്കു വിശ്വസിക്കേണ്ടിയും വന്നു. 2017 ആഗസ്ത് മുതല്‍ തങ്ങള്‍ക്ക് ശമ്പളം കിട്ടിയിരുന്നത് ഒരു മാസം ഇടവിട്ടാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടുമാസം ജോലി ചെയ്താല്‍ ഒരു മാസത്തെ ശമ്പളം കിട്ടുന്ന അവസ്ഥയായിട്ടും, പലരും പതിവുപോലെ എട്ടു മുതല്‍ പത്തു വരെ നീളുന്ന ജോലി ചെയ്തുകൊണ്ടിരുന്നു. രണ്ടു മാസത്തിലൊരിക്കല്‍ ശമ്പളം എന്ന കണക്ക് മൂന്നു മാസത്തിലൊരിക്കല്‍ എന്ന അവസ്ഥയിലേക്ക് മാറിയതോടെയാണ് വീണ്ടും ജീവനക്കാര്‍ അധികൃതരെ സമീപിക്കുന്നത്. ‘2017 ഡിസംബറില്‍ എല്ലാ ഡോക്ടര്‍മാരും ചേര്‍ന്ന് വലിയൊരു നിവേദനം എഴുതിത്തയ്യാറാക്കി പി.വി. ഗംഗാധരന്‍, പി.വി. ചന്ദ്രന്‍, പി.വി. മിനി, പി.വി നിധീഷ്, പി.വി അഭിഷേക് എന്നിവര്‍ക്കെല്ലാവര്‍ക്കും അയച്ചു. മറുപടി കിട്ടിയില്ല എന്നു മാത്രമല്ല, നിവേദനം കിട്ടിയതായി കാണിച്ച് ഒന്നു സംസാരിക്കാന്‍ പോലും തയ്യാറായില്ല. ഏറ്റവുമവസാനം ഞങ്ങള്‍ക്ക് കിട്ടിയത് 2018 ഏപ്രിലിലെ ശമ്പളമാണ്. അതും കൈയില്‍ കിട്ടിയത് 2018 ഡിസംബറില്‍. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ശമ്പളം കിട്ടിയിട്ടുമില്ല, അതിനു മുന്‍പുള്ള പലരുടെയും ശമ്പളക്കുടിശ്ശിക തീര്‍ത്തു കൊടുക്കാന്‍ ബാക്കിയുണ്ടുതാനും.’
കാര്യങ്ങള്‍ വഷളായിത്തുടങ്ങിയതോടെ, വിഷയത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഇടപെട്ടിരുന്നു. ഐ.എം.എയുടെ കൊച്ചി പ്രസിഡന്റ് ഡോ.ജുനൈദ് റഹ്മാന്‍ അടക്കമുള്ളവര്‍ ഇടപെട്ട് മാനേജ്മെന്റിനെ സമീപിച്ചെങ്കിലും, ചര്‍ച്ചയ്ക്ക് തയ്യാറായില്ല. അതിനു ശേഷം ജില്ലാ കലക്ടറെ ഇടപെടുത്തി അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തി നടന്ന ചര്‍ച്ച ചില പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ലേബര്‍ ഓഫീസറടക്കം പങ്കെടുത്ത ആ ചര്‍ച്ചയില്‍ വച്ച്, അമ്പതു ശതമാനം കുടിശ്ശിക ഫെബ്രുവരി 28നു മുന്‍പായും ബാക്കി തുക മാര്‍ച്ച് 31നു മുന്‍പായും തന്ന് തീര്‍പ്പാക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ സമ്മതിച്ചിരുന്നു. ‘ഫെബ്രുവരി 28ഉം മാര്‍ച്ച് 31ഉം കടന്നുപോയിട്ടും കാര്യങ്ങള്‍ക്ക് തീരുമാനമായില്ല. ഇന്‍വെസ്റ്റര്‍മാര്‍ വരുന്നുണ്ട്, ഫണ്ടിംഗ് ശരിയാകുന്നുണ്ട്, ലോണ്‍ വരും എന്നെല്ലാമാണ് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന സ്ഥിരം ഉത്തരങ്ങള്‍. എന്നാല്‍ ഒന്നും സംഭവിക്കുന്നില്ലതാനും. കോഴിക്കോട്ടുള്ള ഒരു ആശുപത്രി ഏറ്റെടുക്കാന്‍ പോകുന്നു എന്നും കേട്ടിരുന്നെങ്കിലും അതും നടന്നില്ല. അതിനു ശേഷം ഇപ്പോള്‍ കുറേക്കാലമായി ഞങ്ങളോട് ഒന്നും പറയുകയും അറിയിക്കുകയും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.’
ഡോക്ടര്‍മാര്‍ക്കൊപ്പം നഴ്സിംഗ് സ്റ്റാഫുകളും പാരാമെഡിക്കല്‍ സ്റ്റാഫുകളും ഇതേ പ്രതിസന്ധി നേരിടുന്നുണ്ട്. നഴ്സിംഗ് സ്റ്റാഫിന് ശമ്പളം കൃത്യമായി കിട്ടാതായതോടെ, ദൈനംദിന ജീവിതത്തെത്തന്നെ ബാധിക്കുമെന്ന അവസ്ഥയായി. നഴ്സുമാര്‍ക്ക് പല മാസങ്ങളിലും ശമ്പളം ഒരുമിച്ച് ലഭിച്ചിരുന്നില്ല. ആദ്യത്തെ ആഴ്ച അയ്യായിരം, അതിനടുത്തയാഴ്ച പതിനായിരം എന്നിങ്ങനെ പല ഗഡുക്കളായാണ് മാസശമ്പളം കിട്ടിയിരുന്നത്. എന്നാല്‍, നഴ്സിംഗ് സംഘടനയായ യു.എന്‍.എ വിഷയത്തില്‍ ഇടപെട്ടതോടെ ശമ്പളം ഒരുമിച്ചു കിട്ടുമെന്ന സാഹചര്യം വന്നു. പക്ഷേ അപ്പോഴും മാസങ്ങള്‍ ഇടവിട്ടാണ് പ്രതിഫലം നല്‍കിയിരുന്നത്. ജനുവരി വരെ ഈ രീതിയില്‍ തുടര്‍ന്നുപോയെങ്കിലും, അതിനു ശേഷം നാലു മാസക്കാലമായി തങ്ങള്‍ക്കും ശമ്പളയിനത്തില്‍ ഒരു രൂപ പോലും കിട്ടിയിട്ടില്ലെന്ന് പിവിഎസ് ആശുപത്രിയിലെ നഴ്സുമാര്‍ പറയുന്നു. എട്ടുമാസത്തോളമായി പാരാമെഡിക്കല്‍ സ്റ്റാഫിനും ശമ്പളമില്ല. ഒരു വര്‍ഷത്തോളമായി യു.എന്‍.എ വിഷയത്തില്‍ സജീവമായി ഇടപെടുന്നുണ്ടെന്നും, ലേബര്‍ ഓഫീസറടക്കമുളളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും യു.എന്‍.എ എറണാകുളം ജില്ലാ പ്രസിഡന്റ് ഹാരിസ് പറയുന്നു. കര്‍ശനമായി നിയമനടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനത്തിലാണ് യു.എന്‍.എ.
പിവിഎസ് മെമ്മോറിയല്‍ ആശുപത്രി അടച്ചുപൂട്ടാനുള്ള ശ്രമമെന്തിന്?
ശമ്പളം ലഭിക്കാത്തതിനു പുറമേ, ആശുപത്രി അധികൃതര്‍ പിന്തുടര്‍ന്നു പോരുന്ന മറ്റു കാടന്‍ നയങ്ങളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചും ഡോ. പ്രകാശ് സക്കറിയ പറയുന്നതിങ്ങനെയാണ്. ‘ശമ്പളം മാത്രമല്ല യഥാര്‍ത്ഥത്തില്‍ ഇവിടത്തെ പ്രശ്നം. ശമ്പളത്തില്‍ നിന്നുമെടുത്ത് അടയ്ക്കേണ്ട ടി.ഡി.എസ് ടാക്സും ഇവര്‍ കാലങ്ങളായി അടച്ചിട്ടില്ല. ഞങ്ങളുടെ ശമ്പളത്തില്‍ നിന്നും ഈ തുക പിടിയ്ക്കുന്നുണ്ട്, പക്ഷേ, സര്‍ക്കാരിലേക്ക് അടയ്ക്കുന്നില്ല. ക്രിമിനല്‍ കുറ്റമാണത്. 2017-18ലെ ടാക്സ് അടയ്ക്കുന്നത് കഴിഞ്ഞ മാര്‍ച്ചിലാണ്. സ്റ്റാഫുകള്‍ക്ക് പ്രൊവിഡന്റ് ഫണ്ടോ ഇ.എസ്.ഐയോ കൊടുക്കുന്നില്ല. ടി.ഡി.എസ് അടച്ചിട്ടില്ല. ഇതൊക്കെ ഇന്‍കംടാക്സുകാര്‍ക്കും പ്രൊവിഡന്റ് ഫണ്ടുകാര്‍ക്കുമെല്ലാം വ്യക്തമായി അറിയാം. എല്ലാവര്‍ക്കും ഞങ്ങള്‍ പരാതി കൊടുത്തിട്ടുണ്ട്. സ്റ്റാഫുകള്‍ ചേര്‍ന്ന് ലേബര്‍ ഓഫീസര്‍ക്കും പരാതി കൊടുത്തിട്ടുണ്ട്. ആരും ഇന്നേവരെ ഒരു നടപടിയ്ക്കും മുതിര്‍ന്നിട്ടില്ല. ദേശീയ ലേബര്‍ ട്രിബ്യൂണലില്‍ കേസ് കൊടുത്തിട്ടുണ്ട്. ഞങ്ങള്‍ക്ക് പലപ്പോഴും ഇവര്‍ തന്ന ചെക്കുകള്‍ ബൗണ്‍സ് ചെയ്തിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ഥാപനമല്ലേ എന്നു കരുതി അന്നൊന്നും നടപടിയ്ക്ക് മുതിര്‍ന്നിട്ടില്ല. അന്നു ഞങ്ങള്‍ കാണിച്ച നന്മ അവര്‍ ചൂഷണം ചെയ്യുകയായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഞങ്ങളെ ഇറക്കിവിടാന്‍ ശ്രമിക്കുമ്പോള്‍ പ്രത്യേകിച്ചും.’
കഴിഞ്ഞ ഏതാനും ആഴ്ചകളായി മാനേജ്മെന്റിന്റെ നീക്കങ്ങള്‍ മറ്റു പല രീതികളിലുമാണെന്നും ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ശമ്പളമില്ലാഞ്ഞിട്ടും ഇപ്പോഴും ദിവസേന ആശുപത്രിയിലെത്തി രോഗികളെ കാണുകയാണ് തങ്ങളെന്നും, ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് കാരണം ഇന്‍ പേഷ്യന്റ് വിഭാഗം പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ഒപി ഇപ്പോഴും സജീവമാണെന്നും ഇവര്‍ പറയുന്നു. ‘കഴിഞ്ഞ ദിവസം മാനേജ്മെന്റുകാര്‍ റിസപ്ഷനില്‍ വിളിച്ച് എല്ലാ അപ്പോയിന്‍മെന്റുകളും ക്യാന്‍സല്‍ ചെയ്യാനും, ഇനി രോഗികളെ എടുക്കേണ്ടതില്ലെന്നും അറിയിച്ചിട്ടുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗത്തിലേക്കുള്ള കതക് കയറിട്ടു വരിഞ്ഞുകെട്ടി പൂട്ടിയിട്ടുണ്ട്. ഒപി വിഭാഗത്തിലെ റൂമുകളെല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. എന്‍ഡോസ്‌കോപ്പി വിഭാഗം, ഐ.സി.യു എല്ലാത്തിന്റേയും കതകുകള്‍ പൂട്ടിയിട്ടിരിക്കുന്നു. എങ്ങനെയെങ്കിലും എല്ലാവരെയും ഒഴിവാക്കാനുള്ള നീക്കമാണെന്നാണ് മനസ്സിലാക്കേണ്ടത്. ഞങ്ങള്‍ക്കാണെങ്കില്‍ അറിയിപ്പോ നോട്ടീസോ വിശദീകരണമോ ഒന്നും ലഭിച്ചിട്ടുമില്ല. ആശുപത്രി പൂട്ടാന്‍ പോകുകയാണവര്‍. ഇത് അനുവദിക്കരുത് എന്ന വാശിയില്‍, ആശുപത്രിയില്‍ വന്നിട്ടുള്ള രോഗികളെ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയാണ് ഞങ്ങളെല്ലാം. ഡോക്ടര്‍മാരെ മാത്രമല്ല രോഗികളെയും കഷ്ടപ്പെടുത്തുകയാണ്. ഫാര്‍മസി അടച്ചുപൂട്ടി, ലാബിലേക്കുള്ള എസി വിച്ഛേദിച്ചു. ഇങ്ങനെയൊരു സംഭവം കേരളത്തിലെ ആരോഗ്യരംഗത്ത് നടന്നിട്ടില്ല എന്നു തന്നെ പറയാം. ഇത്രയൊക്കെയാണെങ്കിലും മാധ്യമശ്രദ്ധയോ പിന്തുണയോ ലഭിക്കുന്നില്ല എന്നതാണ്. കഴിഞ്ഞ ദിവസം ഫൈനാന്‍സ് മാനേജരെ കണ്ട് സംസാരിച്ചപ്പോള്‍ രണ്ടു വര്‍ഷം മുന്നെ വരെ നല്ല ലാഭത്തിലായിരുന്നു എന്നാണ് മനസ്സിലായത്. അപ്പോഴും ഞങ്ങള്‍ക്ക് ശമ്പളം കൃത്യമായി കിട്ടിയിരുന്നില്ല. 2018 നവംബര്‍ വരെ പ്രതിമാസം അഞ്ചു മുതല്‍ ആറു കോടി വരെയായിരുന്നു അവരുടെ വരുമാനം. എന്നിട്ടും എന്തിനാണ് ഞങ്ങളുടെ ശമ്പളം തടഞ്ഞുവച്ചിരുന്നത് എന്നാണ് മനസ്സിലാകാത്തത്. ചര്‍ച്ചകള്‍ക്കും തയ്യാറാകുന്നില്ല.’
യു.എന്‍.എയ്ക്കൊപ്പം നിയമനടപടികള്‍ക്കൊരുങ്ങുന്ന സംഘടനകളുടെ കൂട്ടത്തില്‍ ഐ.എം.എയുമുണ്ട്. ഇത്തരമൊരു സാഹചര്യം മറ്റെവിടെയും ഉണ്ടായതായി അറിവില്ലെന്നും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ലാബ് അസിസ്റ്റന്റുമാര്‍ മുതല്‍ ഡോക്ടര്‍മാര്‍വരെയുള്ള വലിയൊരു കൂട്ടം ജീവനക്കാര്‍ എന്നും ഐ.എം.എ കൊച്ചി ചാപ്റ്ററിന്റെ പ്രസിഡന്റ് ഡോ. ജുനൈദ് റഹ്മാന്‍ പറയുന്നു. ‘കഴിഞ്ഞ കുറേക്കാലമായി ഇവര്‍ക്ക് ശമ്പളം കിട്ടുന്നില്ല എന്നത് ഒരു കാര്യം. ഇപ്പോഴത്തെ സാഹചര്യം അതല്ല. ആശുപത്രി അടച്ചുപൂട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആശുപത്രിയുടെ ഓരോ ഭാഗങ്ങളായി അധികൃതര്‍ പൂട്ടിക്കൊണ്ടിരിക്കുകയാണ്. ശമ്പള കുടിശ്ശിക തരാം തരാമെന്ന് കഴിഞ്ഞ മാസം വരെ പറഞ്ഞുകൊണ്ടിരുന്നവര്‍ ഇപ്പോള്‍ പെട്ടന്ന് ആശുപത്രി പൂട്ടാനുള്ള നടപടികളിലേക്ക് നീങ്ങിയിരിക്കുന്നു. ജീവനക്കാരുടെ കാര്യം സംസാരിക്കാന്‍ തയ്യാറാകുന്നില്ല എന്നതു മാത്രമല്ല, അവര്‍ ഇങ്ങോട്ടു വരേണ്ടതില്ല എന്ന നിലപാടാണ് അധികൃതര്‍ എടുത്തിരിക്കുന്നത്. മാനേജ്മെന്റിനോട് സംസാരിക്കാന്‍ ശ്രമിക്കാമെന്നു വച്ചാല്‍, കഴിഞ്ഞ ഒരാഴ്ചയായി അവരെ ആരേയും കാണാന്‍ പോലും കിട്ടിയിട്ടില്ല. എന്തു ചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കുകയാണ് ഇവിടത്തെ ഡോക്ടര്‍മാര്‍. മറ്റെവിടെയും ഇതുപോലൊരു അവസ്ഥ ആര്‍ക്കുമുണ്ടായതായി കേട്ടിട്ടുപോലുമില്ല. ഐ.എം.എ നിയമനടപടികളുമായി മുന്നോട്ടു പോകാന്‍ തന്നെയാണ് തീരുമാനം.’
ഇത്രയേറെ ഗുരുതര പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിട്ടും, തങ്ങളോട് സംസാരിക്കാനോ, ആശുപത്രിയുടെ ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങള്‍ അറിയിക്കാനോ അധികൃതര്‍ തയ്യാറാകാത്തതില്‍ വലിയ പ്രതിഷേധമാണ് ജീവനക്കാര്‍ക്കുള്ളത്. ശമ്പളം നല്‍കാതെ ബുദ്ധിമുട്ടിച്ചും ആശുപത്രിയുടെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവയ്പ്പിച്ചും തങ്ങളെ പുറത്താക്കാനുള്ള നയമാണോ നടപ്പില്‍ വരുത്തുന്നത് എന്ന സംശയം പിവിഎസിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുണ്ട്. ആശുപത്രി ഏറ്റെടുക്കാന്‍ മറ്റു വന്‍കിട കമ്പനികള്‍ എത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ കൃത്യമായ വിവരം തങ്ങളുമായി പങ്കുവയ്ക്കാത്തതെന്താണെന്നും ഇവര്‍ ചോദിക്കുന്നു. ഏറെ ലാഭകരമായി നടന്നുപോന്നിരുന്നപ്പോള്‍ പോലും ശമ്പളം പിടിച്ചുവച്ചതിനു പിന്നിലെ ഉദ്ദേശ്യത്തെയും ഡോക്ടര്‍മാര്‍ ചോദ്യം ചെയ്യുന്നുണ്ട്. മറ്റെങ്ങും കേട്ടിട്ടില്ലാത്ത, എല്ലാ ജീവനക്കാരും ഒരേ പോലെ തൊഴില്‍ ചൂഷണമനുഭവിക്കുന്ന സാഹചര്യം പിവിഎസില്‍ നിലനില്‍ക്കുമ്പോഴാണ്, സാമൂഹ്യരംഗത്തെ സംഭാവനകള്‍ക്കുള്ള എം.കെ രാഘവന്‍ പുരസ്‌കാരം കഴിഞ്ഞ ദിവസം എറണാകുളത്തു വച്ചു തന്നെ പിവിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ പിവി ചന്ദ്രന്‍ സ്വീകരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള പുരസ്‌കാരം സ്വീകരിക്കുന്നതിനു മുന്‍പ്, സ്വന്തം സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന, ജോലിയില്‍ നിന്നും ഇറക്കിവിടല്‍ ഭീഷണി നേരിടുന്ന, തങ്ങളെ നേരില്‍ക്കണ്ട് സംസാരിക്കാനെങ്കിലും പിവി ചന്ദ്രന്‍ തയ്യാറാകണമായിരുന്നു എന്നാണ് ജീവനക്കാരുടെ പക്ഷം.