UPDATES

ആർഎസ്എസ് രാജ്യത്തെ തകർക്കാൻ ശ്രമിച്ചതു പോലെ ഇടതുപക്ഷം ചെയ്തിട്ടില്ല: ആലപ്പുഴയിൽ രാഹുൽ

ആർഎസ്എസ്സിനെയും ഇടതുപക്ഷത്തെയും താനെങ്ങനെ വിവേചിച്ചു കാണുന്നു എന്ന് രാഹുൽ വിവരിച്ചു തുടങ്ങി.

രാജ്യത്ത് ഇന്ന് നടക്കുന്ന ഏറ്റവും വലിയ യുദ്ധം ഭരണഘടനാ സ്ഥാപനങ്ങളെ തകർത്തു കൊണ്ടിരിക്കുന്ന ആർഎസ്എസ്സിനോടും ബിജെപിയോടും അവരുടെ നേതാവായ മോദിയോടുമാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ആലപ്പുഴയിൽ രാഹുൽ നടത്തിയ പ്രഭാഷണത്തിലാണ് ഇടതുപക്ഷത്തോടല്ല കോൺഗ്രസ്സിന്റെ യഥാർത്ഥ പോരാട്ടമെന്ന് രാഹുൽ പ്രസ്താവിച്ചത്. ആലപ്പുഴ ഡിസിസി പ്രസിഡണ്ട് എം ലിജുവാണ് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയിരുന്നത്.

തനിക്ക് തന്റെ ഇടതുപക്ഷ സുഹൃത്തുക്കളോട് ചിലത് പറയാനുണ്ടെന്ന് പറഞ്ഞാണ് രാഹുൽ ഇക്കാര്യം പറഞ്ഞു തുടങ്ങിയത്. അതുവരെ ചിരിച്ചു കൊണ്ട് പരിഭാഷ നടത്തിവന്ന എം ലിജു ഗൗരവത്തിലായി. തുടർന്ന് ആർഎസ്എസ്സിനെയും ഇടതുപക്ഷത്തെയും താനെങ്ങനെ വിവേചിച്ചു കാണുന്നു എന്ന് രാഹുൽ വിവരിച്ചു തുടങ്ങി. കേരളത്തിൽ കോൺഗ്രസ്സിന് പോരാട്ടം ഇടതുപക്ഷവുമായിട്ടാണെങ്കിലും അത് ആർഎസ്എസ്സിനോടുള്ള ശത്രുതയുമായി സാമ്യപ്പെടുത്താവുന്ന ഒന്നല്ലെന്ന് രാഹുൽ വിശദീകരിച്ചു. ഇടതുപക്ഷം ഒരിക്കലും ആർഎസ്എസ് ചെയ്തതു പോലെയുള്ള കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

രാജ്യത്തിന്റെ ഭരണഘടനയെയും ഭരണഘടനാ സ്ഥാപനങ്ങളെയും തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്സിനെയാണ് കോൺഗ്രസ്സ് പ്രാഥമികമായി എതിര്‍ക്കുന്നത്. ഇടതുപക്ഷം ഒരിക്കൽപ്പോലും ഭരണഘടനയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് മണ്ഡലത്തിൽ നിന്നും രാഹുൽ ഗാന്ധി ജനവിധി തേടുന്നതിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. രാഹുലിന്റെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് രാജ്യത്തിന് നൽകുക എന്ന ചോദ്യമാണ് പിണറായി ഉന്നയിച്ചത്.

ബിജെപി മുഖ്യശത്രുവായിരിക്കെ ഇടതുപക്ഷ സ്ഥാനാർത്ഥി എതിരാളിയായി വരുന്ന മണ്ഡലത്തിൽ മത്സരിക്കുന്നതിന് മറ്റു തുറകളിൽ നിന്നും വിമർശനങ്ങൾ വരികയുണ്ടായി. ബിജെപി നേതാക്കൾ പരിഹാസവുമായി രംഗത്തെത്തി. ഇതിനെല്ലാം മറുപടിയെന്നോണമാണ് ആലപ്പുഴയിൽ രാഹുൽ ഈ വാക്കുകൾ പറഞ്ഞത്.

ആലപ്പുഴയില്‍ രാഹുൽ നടത്തിയ പ്രസംഗത്തിന്റെ അവസാനഭാഗം

“ഞാൻ എന്റെ ‘മൻ കി ബാത്ത്’ നിങ്ങളോട് പറയാനല്ല കേരളത്തിലേക്ക് വന്നിരിക്കുന്നത്. ഞാൻ നിങ്ങളുടെ ‘മൻ കി ബാത്ത്’ കേള്‍ക്കാനാണ് വന്നിരിക്കുന്നത്. നിങ്ങൾ ഏത് പാർട്ടിക്കാരാണെന്നത് എന്റെ പ്രശ്നമല്ല. പക്ഷെ നമ്മുടെ രാജ്യത്ത് തകർക്കപ്പെടുന്ന മഹത്തായ സ്ഥാപനങ്ങളുണ്ട്. ആ തകർച്ചകൾക്കു പിന്നിലെല്ലാം ആർഎസ്എസ്സും ബിജെപിയുമാണെന്ന് ഞാൻ നിങ്ങളോട് പറയട്ടെ. ഈ രാജ്യം ഇന്ന് പോരാടുന്നത് ആ ആർഎസ്എസ്സിനും ബിജെപിക്കും എതിരെയാണ്. എന്റെ ഇടതുപക്ഷ സുഹൃത്തുക്കളോടും ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. ബിജെപിയെ ചെറുക്കാൻ കഴിയുന്ന ഒരേയൊരു രാഷ്ട്രീയ പാർട്ടിയേ ഇന്ത്യയിലുള്ളൂ. അത് കോൺഗ്രസ്സാണ്. ഞാൻ ഇടതുപക്ഷത്തെയും ആർഎസ്എസ്സിനെയും ഇടതുപക്ഷത്തെയും വിവേചിച്ചു കാണുന്നു. തീർച്ചയായും, കേരളത്തിൽ നമ്മൾ ഏറ്റുമുട്ടുന്നത് ഇടതുപക്ഷത്തോടാണ്. എന്നാൽ ഇടതുപക്ഷം ഒരിക്കൽപ്പോലും ആർഎസ്എസ് ചെയ്തുകൊണ്ടിരിക്കുന്ന വേല ചെയ്തിട്ടില്ല. ഇടതുപക്ഷം ഒരിക്കലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്തിട്ടില്ല. ഇടതുപക്ഷം ഒരിക്കലും ഭരണഘടനയെ ചോദ്യം ചെയ്തിട്ടില്ല. രാജ്യത്തിന്റെ സ്ഥാപനങ്ങളെ തകർക്കാൻ ഇടതുപക്ഷം ശ്രമിച്ചിട്ടില്ല. ഇന്നത്തെ യുദ്ധം ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാൻ ശ്രമിക്കുന്ന ആർഎസ്എസ്സിനും നരേന്ദ്രമോദിക്കും എതിരായുള്ളതാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍