UPDATES

ട്രെന്‍ഡിങ്ങ്

ഉമ്മന്‍ ചാണ്ടി രാഹുലിന് പ്രിയപ്പെട്ടവനാകുന്നതിനു പിന്നില്‍

ഒരുകാലത്ത് രാഹുല്‍ ഗാന്ധിക്ക് അനഭിമതനായിരുന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് പ്രവേശിക്കുകയാണ്.

2017 ജനുവരി 17-ന് ഡല്‍ഹിയിലെ കോണ്‍ഗ്രസ് വാര്‍ത്തകള്‍ നോക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് എഐസിസി ആസ്ഥാനത്ത് നിന്ന് ഒരു മെസേജ് എത്തി.  കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരിക്കും അന്ന് പത്രസമ്മേളനം നടത്തുക എന്നായിരുന്നു അതില്‍ ഉണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അകംപുറം അറിയാവുന്ന മാധ്യമപ്രവര്‍ത്തകര്‍  ആദ്യം ഒന്നമ്പരന്നു. എന്തുകൊണ്ടാണ് ഡല്‍ഹിയിലെ പതിവ് നേതാക്കള്‍ക്ക് പകരം നിലവില്‍ മുഖ്യമന്ത്രി പോലുമല്ലാത്ത, പാര്‍ട്ടി പ്രവര്‍ത്തക സമിതി അംഗം പോലുമല്ലാത്ത, ഹൈക്കമാന്‍ഡുമായി അല്‍പ്പം നീരസത്തില്‍ നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി പത്രസമ്മേളനം നടത്തുന്നത് എന്നതായിരുന്നു അവരെ അമ്പരപ്പിച്ചത്. ഉമ്മന്‍ ചാണ്ടി കേന്ദ്ര നേതൃത്വത്തിലേക്കോ എന്നു ചിലര്‍ അടക്കം പറയുകയും ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് നടപ്പാക്കിയ നോട്ട് നിരോധനമായിരുന്നു പത്രസമ്മേളനത്തിലെ വിഷയം. പി.സി ചാക്കോയെ കൂടെയിരുത്തി വലിയ തട്ടുകേടു കൂടാതെ തന്നെ അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുകയും ചെയ്തു.  പിന്നെ കുറേക്കാലം സ്വയം പ്രഖ്യാപിത മാറി നില്‍ക്കലിനു ശേഷം അദ്ദേഹം കോണ്‍ഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് ഉയരുമ്പോള്‍ ഒരു വര്‍ഷം മുമ്പ് ഇക്കാര്യം സംശയിച്ചവര്‍ക്ക് തെറ്റിയിട്ടില്ല എന്നു വേണം പറയാന്‍.

ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടത് കേരളത്തിലെ കോണ്‍ഗ്രസുകാരെ സംബന്ധിച്ചിടത്തോളം സന്തോഷ വാര്‍ത്ത തന്നെയാണ്. കേരള രാഷ്ട്രീയത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുകയല്ല, പകരം ദേശീയ രാഷ്ട്രീയത്തിലേക്ക് കൂടി ആ കരുത്ത് നീളുകയാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. എകെ ആന്റണിക്കും വയലാര്‍ രവിക്കും കെ.സി വേണുഗോപാലിനും പി.സി ചാക്കോയ്ക്കും പിന്നാലെ കേരളത്തില്‍ നിന്നും മറ്റൊരു നേതാവ് കൂടി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കോണ്‍ഗ്രസ് ഒരു വലിയ മുഖംമിനുക്കലിനു തന്നെ തയാറെടുക്കുന്നു എന്നാണ് സൂചനകള്‍.

യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെ ചോദ്യം ചെയ്യുകയും തീരുമാനം തന്റെ വഴിക്ക് അനുകൂലമാക്കുകയും ചെയ്ത ഒരു സംസ്ഥാന നേതാവ് എന്ന രീതിയിലാണ് ഉമ്മന്‍ ചാണ്ടിയെ ദേശീയ മാധ്യമങ്ങള്‍ ആദ്യം ശ്രദ്ധിച്ചത്. എന്തായാലും ഒരുകാലത്ത് രാഹുല്‍ ഗാന്ധിക്ക് അനഭിമതനായിരുന്ന ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് പ്രവേശിക്കുകയാണ്. ഏതാനും മാസം മുമ്പ് അദ്ദേഹം സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ തന്നെ മഞ്ഞുരുകലുകള്‍ നടക്കുന്നു എന്ന സൂചനകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി ഉയര്‍ത്തപ്പെടുന്നതോടെ പ്രതിരോധത്തിലാകുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്. എ, ഐ ഗ്രൂപ്പുകളികള്‍ക്കിടയില്‍ അടുത്തകാലത്തായി ചെന്നിത്തലയ്ക്കായിരുന്നു വിജയം. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടതോടെ ഉമ്മന്‍ ചാണ്ടി കൂടുതല്‍ കരുത്തനായിരിക്കുകയാണ്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിന് ശേഷവും മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയ്ക്ക് സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി മോഹം ഒരു പാഴ്കിനാവായി മാറും. കാരണം ഇപ്പോള്‍ തന്നെ അറുപത് വയസ്സ് കഴിഞ്ഞ അദ്ദേഹത്തിന് പിന്നീടൊരു അവസരത്തിനുള്ള സാധ്യതകള്‍ വളരെ കുറവാണ്. ഐ ഗ്രൂപ്പിലാണെങ്കില്‍ കെ.സി വേണുഗോപാലിന്റെ സ്വാധീനവും ഏറിവരുന്നു.  കര്‍ണാടകത്തില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും തെരഞ്ഞെടുപ്പ് പ്രചരണത്തിലും പിന്നീടും കര്‍ണാടകത്തിന്റെ ചുമതലയുള്ള കെസി വേണുഗോപാലിന്റെ ഇടപെടല്‍ അധികാരം പിടിക്കുന്നതില്‍ സഹായകമായതായാണ് വിലയിരുത്തപ്പെടുന്നത്. ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസിന്റെ ചടുല നീക്കത്തിന് പിന്നില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല.

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച് അധികാരം പിടിച്ചെടുക്കാന്‍ സാധിച്ചതോടെ രാഹുല്‍ ഗാന്ധിക്കുണ്ടായ തിരിച്ചറിവാണ് ഉമ്മന്‍ ചാണ്ടിയുടെ ദേശീയ രാഷ്ട്രീയ പ്രവേശനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന നേതാക്കളുടെ കരുത്ത് അദ്ദേഹം തിരിച്ചറിഞ്ഞിരുക്കുന്നുവെന്ന് വേണം ഈ നിയമനത്തിലൂടെ മനസിലാക്കാന്‍. കൂടാതെ കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ സഖ്യകക്ഷികളായ മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനും ഏറെ താല്‍പര്യമുള്ള നേതാവായ ഉമ്മന്‍ ചാണ്ടിയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയര്‍ത്തി ആ പാര്‍ട്ടികളുടെ കയ്യടി വാങ്ങാനും ഇതിലൂടെ സാധിക്കും.

അതേസമയം ആര്‍എസ്എസ് വിരുദ്ധ നിലപാടുകളുള്ള നേതാക്കളെ മുന്‍നിരയിലേക്ക് കൊണ്ടുവരാനുള്ള കോണ്‍ഗ്രസ് നീക്കമായും ഇതിനെ കണക്കാക്കാക്കാമെന്ന് വാദങ്ങളുണ്ട്. ഖദര്‍ ഇടുമ്പോഴും രമേശ് ചെന്നിത്തലയ്ക്ക് സംഘപരിവാര്‍ മനസാണുള്ളതെന്ന ആരോപണം ശക്തമായിരിക്കുന്ന കാലത്ത് തന്നെയാണ് പാര്‍ട്ടിക്കുള്ളില്‍ അദ്ദേഹത്തിന് ഏറ്റവും വലിയ വെല്ലുവിളിയായ ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വലിയ ഉത്തരവാദിത്തം തന്നെയാണ് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കാരണം, ഒരു കാലത്ത് ആന്ധ്ര എല്ലാ വിധത്തിലും അടക്കി വാണ കോണ്‍ഗ്രസ് ഇന്നവിടെ നിലംപരിശായിരിക്കുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ആന്ധ്രയില്‍ കനത്ത പരാജയങ്ങളാണ് നേരിട്ടത്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയും ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസുമാണ് അവിടുത്തെ വലിയ ശക്തികള്‍. ടിഡിപി എന്‍.ഡി.എ സഖ്യം വിട്ടതോടെ ആന്ധ്രയില്‍ കരുത്തു കൂട്ടാനുള്ള തന്ത്രങ്ങള്‍ ബിജെപിയും ശക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അവിടെ കോണ്‍ഗ്രസിനെ വീണ്ടും പുതുക്കിപ്പണിയുക എന്ന ചുമതല ഉമ്മന്‍ ചാണ്ടിയില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.  2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പമാണ് ഇവിടുത്തെ നിയമസഭ തെരഞ്ഞെടുപ്പും നടക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ ഉമ്മന്‍ ചാണ്ടിയെ മുന്‍നിര്‍ത്തി ആന്ധ്രയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കും എന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കരുതുന്നത് എന്നു വേണം അദ്ദേഹത്തിന്റെ നിയമനതിലൂടെ മനസിലാക്കാന്‍.

ഏറ്റവും കൂടുതല്‍ കാലം എഐസിസി പ്രസിഡന്റായിരുന്ന സോണിയ ഗാന്ധിയുടെ കാലത്ത് ഇത്തരത്തിലുള്ള പ്രധാനപ്പെട്ട നീക്കങ്ങള്‍ വളരെ കുറച്ച് മാത്രമാണ് സംഭവിച്ചിട്ടുള്ളത്. പ്രണബ് മുഖര്‍ജിയെ ഇന്ത്യന്‍ പ്രസിഡന്റാക്കിയതിലും അംബിക സോണിയെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കിയതിലും പിന്നീട് അഹമ്മദ് പട്ടേലിനെ കൊണ്ടുവന്നതിലും ആ മാറ്റങ്ങള്‍ ചുരുങ്ങി. എന്നാല്‍ രാഹുല്‍ ഗാന്ധി ചുമതലയേറ്റെടുത്ത് അധികം വൈകാതെ തന്നെ ദേശീയ നേതൃത്വത്തില്‍ വലിയ മാറ്റങ്ങളാണ് കോണ്‍ഗ്രസിലുണ്ടായിരിക്കുന്നത്. ഗുജറാത്തില്‍ പാര്‍ട്ടിക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ച വയ്ക്കാന്‍ തന്ത്രങ്ങളൊരുക്കിയ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക്‌ ഗെഹ്ലോട്ടിനെ പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചതാണ് ഇതില്‍ തുടക്കം. ദിഗ്വിജയ്‌ സിംഗിനെ മാറ്റി കെ.സി വേണുഗോപാലിനെ കര്‍ണാടകം എല്‍പ്പിച്ചതായിരുന്നു അതിനു മുമ്പുള്ള നടപടികളിലൊന്ന്. സര്‍ക്കാര്‍ രൂപീകരണ അവകാശവാദമുയര്‍ത്തി കര്‍ണാടകത്തില്‍ ബിജെപിയെ വെട്ടിലാക്കിയ കാര്യങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് ഗെഹ്ലോട്ടും ഗുലാം നബി ആസാദും ചേര്‍ന്ന പഴയ പടക്കുതിരകളായിരുന്നു. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയും എന്ന രീതിയില്‍ കാര്യങ്ങള്‍ ഉറപ്പിച്ചു വരുന്നു.

2019-ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതൃത്വത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത രാഹുല്‍ തിരിച്ചറിഞ്ഞതാണ് പ്രാദേശിക നേതാക്കള്‍ക്ക് അവസരമൊരുക്കിയിരിക്കുന്നത്. ഒരുകാലത്ത് വൈ.എസ് രാജശേഖര റെഡ്ഡിയെപ്പോലുള്ള വമ്പന്മാരായ പ്രാദേശിക നേതാക്കളുടെ ചുമലില്‍ ചവിട്ടിയായിരുന്നു കോണ്‍ഗ്രസിന്റെ യാത്ര. അദ്ദേഹം മരിച്ചതോടെയാണ് ആന്ധ്ര കോണ്‍ഗ്രസിന് കൈവിട്ടു പോകുന്നതും. ഇപ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രാദേശിക നേതാക്കളുടെ ഉയര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന സമയമാണ്. പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അത്തരത്തില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറിയിരിക്കുന്നു. കര്‍ണാടകത്തില്‍ സിദ്ദരാമയ്യ എന്ന നേതാവുണ്ട്, ഡി.കെ ശിവകുമാര്‍ എന്ന പ്രാപ്തനായ മറ്റൊരു നേതാവുണ്ട്, കേരളത്തിലെ കോണ്‍ഗ്രസിന്റെ ജനപ്രിയ നേതാവായ ഉമ്മന്‍ ചാണ്ടിയെ കൂടി ദേശീയ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതോടെ അടുത്ത തെരഞ്ഞെടുപ്പില്‍ അത് ഗുണം ചെയ്യുമെന്നാണ് രാഹുല്‍ കണക്കു കൂട്ടുന്നത്.

കര്‍ണ്ണാടകയില്‍ തോറ്റ യുദ്ധം കോണ്‍ഗ്രസ്സ് തിരിച്ചുപിടിച്ചതിങ്ങനെ

ഈ സഖ്യം 2019-ലേക്ക് നീണ്ടാല്‍ മോദി പിന്നെ ചരിത്രം മാത്രമാകും

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍