UPDATES

ശ്രീലങ്കൻ സ്ഫോടനം: മൂന്ന് മലയാളികളെ ചോദ്യം ചെയ്തു; സാകിർ നായിക്കിന്റെ പ്രഭാഷണ വീഡിയോകൾ അടക്കമുള്ളവ പിടിച്ചെടുത്തു

സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുടെ ഡിവിഡികളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.

ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുമായി ബന്ധപ്പെട്ട് കാസറഗോഡ്, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ചോദ്യം ചെയ്തു. ഇവര്‍ക്കെതിരെ നിർണായകമായ ചില തെളിവുകൾ ലഭിച്ചതായി എൻഐഎ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇവർ മൂന്നു പേരുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്.

ഐസിസിൽ ചേരാനായി കേരളത്തിൽ നിന്നും വിദേശത്തേക്കു പോയ ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ടായിരുന്നു അറസ്റ്റിലായവർ എന്നാണ് വിവരം. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയതിൽ ഇവർക്ക് പങ്കുണ്ടെന്നാണ് എൻഐഎ സംശയിക്കുന്നത്. ശ്രീലങ്കയിൽ സ്ഫോടനം നടത്തിയ ഐസിസ് നേതാവ് സഹ്രാൻ ആഷിമിന്റെ ഭീകരവാദ ആശയങ്ങളിൽ ഇവർ ആകൃഷ്ടരായിരുന്നെന്നാണ് അന്വേഷകർ കരുതുന്നത്. നേരത്തെ തമിഴ്നാട്ടിലെ ചില മുസ്ലിം സംഘടനകളിൽ പ്രവർത്തിക്കുന്നവര്‍ക്കെതിരെയും എൻഐഎ അന്വേഷണം നടത്തിയിരുന്നു. സഹ്രാനുമായി ഇവർ നിരന്തരം ആശയവിനിമയം നടത്തിയിരുന്നെന്നാണ് എൻഐഎ പറയുന്നത്.

ശ്രീലങ്കയിലെ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഐസിസ് ബന്ധമുള്ള സംഘടനയായ നാഷണൽ തൗഹീദ് ജമാഅത്തിന്റെ തലവനാണ് സഹ്രാൻ ആഷിം. ഇയാൾ കേരളത്തിലും തമിഴ്നാട്ടിലും നിരവധി സ്ഥലങ്ങളിൽ മുമ്പ് സന്ദർശിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. 2017ലായിരുന്നു ഇത്. ഇയാളെക്കൂടാതെ ശ്രീലങ്കൻ ആക്രമണത്തിൽ ചാവേറായ മുഹമ്മദ് മുബാറക്ക് അസാനും ഇന്ത്യ സന്ദർശിച്ചിരുന്നു.

സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുടെ ഡിവിഡികൾ

ഇവരുടെ വീടുകളിൽ നിന്ന് മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മെമ്മറി ചിപ്പുകൾ, പെൻ ഡ്രൈവുകൾ, അറബിയിലും മലയാളത്തിലും എഴുതിയ നോട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. സ്കൂളിൽ തീവ്രവാദപരമായ സില്ലബസ് ഉൾപ്പെടുത്തിയതിനെ തുടർന്ന് വിവാദകേന്ദ്രമായി മാറിയ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളുടെ ഡിവിഡികളും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.

കാസറഗോഡ് സ്വദേശികളായ അബൂബക്കർ സിദ്ദിഖ്, അഹമ്മദ് അറാഫത്ത് എന്നിവരുടെ വീടുകളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇവരോട് കൊച്ചിയിൽ കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. പാലക്കാട്ട് നടന്ന റെയ്ഡിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

നേരത്തെ സിറിയയിലേക്കും ഇറാഖിലേക്കും ഐസിസിൽ ചേരാനായി നിരവധി പേർ കേരളത്തിൽ നിന്നും പോയിരുന്നതായി ആരോപണമുയർന്നിരുന്നു. ഇവരിലൂടെയും ഇവരുടെ അനുയായികളിലൂടെയും ശക്തമായ ഒരു ശൃംഖല കേരളത്തിൽ ഇപ്പോഴും ഐസിസിന് നിലനിൽക്കുന്നുണ്ട് എന്നാണ് എൻഐഎ സംശയിക്കുന്നത്.

ഈസ്റ്റർ ദിനത്തിലായിരുന്നു ശ്രീലങ്കയിലെ ആക്രമണം. ന്യൂസീലാന്‍ഡിൽ മുസ്ലിം പള്ളിക്കു നേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികൾക്കു നേരെയുണ്ടായ ആക്രമണമെന്ന് പിന്നീട് സർക്കാർ തന്നെ വെളിപ്പെടുത്തുകയുണ്ടായി. 250 പേരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Read More: ലൈഫ് മിഷന്‍ ഫ്ലാറ്റുകള്‍; വായുവും വെളിച്ചവുമില്ലാത്ത പുതിയ ജാതി കോളനികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍