UPDATES

അമ്പരപ്പിക്കുന്ന ഈ കാഴ്ചകള്‍ തൃശൂരിലാണ്; അകം പൊള്ളയായ ഭൂമി, വയലില്‍ ടണ്‍ കണക്കിന് മണ്ണ്, ഭൂമിക്കടിയില്‍ മുഴക്കം

ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച മണ്ണിടിച്ചിലുകളാണ് പ്രളയത്തിനൊപ്പം തൃശൂര്‍ ജില്ലയിലുണ്ടായത്.

തൃശൂര്‍ ജില്ലയ്ക്ക് അത്രകണ്ട് പരിചയമില്ലാത്ത ഒന്നായിരുന്നു മണ്ണിടിച്ചില്‍. ഒട്ടാകെ നാശം വിതച്ച് ഓഗസ്ത് മാസം പെയ്ത അതിതീവ്ര മഴ രണ്ട് തരത്തിലാണ് തൃശൂരിനെ ബാധിച്ചത്. പ്രളയമായും മണ്ണിടിച്ചിലായും. ഉരുള്‍പൊട്ടലിന്റെ തീവ്രതയോടെ സംഭവിച്ച മണ്ണിടിച്ചിലുകള്‍ ജില്ലയില്‍ ഉണ്ടാക്കിയ നഷ്ടങ്ങള്‍ ചെറുതല്ല.

12 പേരുടെ ജീവന്‍ നഷ്ടപ്പെടുത്തിയാണ് മലകള്‍ പൊട്ടിയിറങ്ങിയത്. 13 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 26 വീടുകള്‍ക്ക് ഭാഗികമായി ഇല്ലാതായി. ചെറുതും വലുതുമായി ഇരുപതോളമിടത്ത് മണ്ണിടിച്ചില്‍ ഉണ്ടായതായാണ് വിവരം. മനുഷ്യവാസ മേഖലകളില്‍ മാത്രമാണ് മണ്ണിടിച്ചിലുകള്‍ പലതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ വനമേഖലകളില്‍ അതിലുമേറെ വ്യാപകമായി മണ്ണിടിച്ചില്‍ സംഭവിച്ചിട്ടുണ്ടെന്ന വിവരമാണ് അധികൃതര്‍ കൈമാറുന്നത്.

ഓരോ പ്രദേശത്തിന്റേയും ഭൂമിശാസ്ത്രം തന്നെ മാറ്റിമറിച്ച മണ്ണിടിച്ചിലുകളാണ് തൃശൂര്‍ ജില്ലയിലുണ്ടായത്. നെടുനീളന്‍ വിള്ളലുകള്‍, വലിയ ഗര്‍ത്തങ്ങള്‍, മാറിയൊഴുകുന്ന നീര്‍ച്ചാല്‍, അടിത്തട്ട് പൊള്ളയാവുന്ന സോയില്‍ പൈപ്പിങ് എന്ന പ്രതിഭാസം എന്നിങ്ങനെ നിരവധി വ്യതിയാനങ്ങള്‍ ഈ മേഖലയില്‍ സംഭവിച്ചതായി വിദഗ്ദ്ധര്‍ നടത്തിയ പഠനങ്ങളും വെളിവാക്കുന്നു. മരോട്ടിച്ചാല്‍, തളിക്കുടം ഭാഗങ്ങളില്‍ ഉണ്ടായ മലയിടിച്ചിലുകള്‍ ഭൂമിയുടെ ഘടനയ്ക്ക് വലിയതോതിലുള്ള വ്യത്യാസങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്.

പുത്തന്‍കാട്ടെ സോയില്‍ പൈപ്പിങ് എന്ന ഭൗമപ്രതിഭാസം

പുത്തൂര്‍ പുത്തന്‍കാട് എട്ടാംകല്ലിലേക്കുള്ള റോഡിന്റെ തുടക്കത്തില്‍ തന്നെ ‘ഈ റോഡ് വഴിയുള്ള വാഹനഗതാഗതം നിരോധിച്ചിരിക്കുന്നു’ എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. പിന്നീട് നടന്നു നീങ്ങുന്ന ഓരോ അടിയിലും ഏത് സമയവും ഒരു ദുരന്തം സംഭവിച്ചേക്കാമെന്ന അവസ്ഥയിലാണ്. റോഡ് മുഴുവന്‍ നെടുനീളത്തില്‍ വിണ്ടുകീറി എപ്പോള്‍ വേണമെങ്കിലും തകര്‍ന്നിടിഞ്ഞ് വീഴാന്‍ പാകത്തിലാണ്. നാലിടങ്ങളിലായി ചെറുതും വലുതുമായ മണ്ണിടിച്ചിലുകളാണ് ഈ പ്രദേശത്തുണ്ടായിരിക്കുന്നത്. ആളപായമുണ്ടായില്ലെങ്കിലും രണ്ട് വീടുകള്‍ പൂര്‍ണമായും മണ്ണിനടിയിലായി. മൂന്ന് വീടുകളുടെ അടിത്തറയുടെ പകുതി ഭാഗവും ഒലിച്ചുപോയി. എട്ടാംകല്ല് സ്വദേശിയായ ചന്ദ്രിക പറയുന്നത്, “രാത്രി ഒരു പതിനൊന്നര കഴിഞ്ഞുകാണും. റോഡില്‍ നിന്ന ആളുകളാണ് മലയിടിയുന്നത് ആദ്യം കണ്ടത്. അവര്‍ ഇവിടേക്കെത്തുന്നതിന് മുന്നെ തങ്കമ്മയുടെ വീട് മണ്ണിനടിയിലായി. ഭാഗ്യത്തിന് അവര്‍ അന്ന് സഹോദരിയുടെ വീട്ടിലായിരുന്നു താമസം. പിന്നീട് ആളുകള്‍ ബഹളം വച്ച് ഞങ്ങളുടെ തൊട്ടുള്ള ഉഷയുടെ വീട്ടിലേക്ക് കയറി അവരെ ഒഴിപ്പിച്ച് റോഡിലേക്കിറങ്ങിയില്ല, അപ്പോഴേക്കും മല പൊട്ടി വീടിനെ വന്ന് മൂടി. ഞങ്ങളുടെ വീട്ടില്‍ ഒരു വയസ്സുള്ള കുഞ്ഞുമുണ്ടായിരുന്നു. വേഗം അതിനേം വാരിയെടുത്ത് പുറത്തേക്ക് ഓടി. ഞങ്ങടെ വീട്ടിലേക്ക് മണ്ണ് വന്ന് വീണെങ്കിലും വീട് തകര്‍ന്നില്ല. ഞങ്ങളെല്ലാം കൂടി റോഡിലൂടെ വേഗം നടന്നുപോവുന്നതിനിടയിലാണ് വലിയ ഒരു മുഴക്കം കേള്‍ക്കുന്നത്. ഇതേവരെ അങ്ങനെയൊരു ശബ്ദം ഞങ്ങള്‍ കേട്ടിട്ടില്ല. കുന്നിന് മുകളിലുള്ള കനാലും നടപ്പാതയും അടക്കം പൊട്ടിയിങ്ങ് പോന്നു. എല്ലാവരും ഓടി. കനാലും റോഡും എല്ലാം പൊട്ടി ഇപ്പോള്‍ രണ്ട് ഭൂഖണ്ഡം പോലെയാണ് ഇവിടെ മല നില്‍ക്കുന്നത്. പെയിന്റടി മാത്രം ബാക്കിയുള്ള പുതുതായി പണിത വീടിന്റെയടക്കം മൂന്ന് വീടുകളുടെ അടിത്തറയും ഇളക്കിക്കൊണ്ടാണ് മണ്ണും വെള്ളവും ഒലിച്ചുപോയത്. ഇപ്പോഴും രാത്രി കിടക്കുമ്പോള്‍ അന്ന് കേട്ട, കാടും നാടും മുഴക്കുന്ന ആ ശബ്ദം ആണ് ചെവിയില്‍. ഇനി ഞങ്ങളെ ഇവിടെ താമസിപ്പിക്കാന്‍ പറ്റില്ലെന്നാണ് പറയുന്നത്.”

മലപൊട്ടി വന്ന വെള്ളവും മണ്ണും ഒലിച്ചെത്തിയത് താഴെയുള്ള ഏക്കറ് കണക്കിന് പാടശേഖരത്തിലേക്കാണ്. പാടശേഖരം ഇപ്പോള്‍ നികത്തിയെടുത്ത നിലം പോലെയായിരിക്കുന്നു. പാടശേഖരത്തിനും പൊതുറോഡിനും ഇടയിലൂടെ ഒഴുകിയിരുന്ന നീര്‍ച്ചാല്‍ ഗതിമാറി പാടശേഖരത്തിന് നടുവിലൂടെ ഒഴുകി കെട്ടിക്കിടക്കുകയാണ്. ഭൂമിയിലും വീടുകള്‍ക്കുമുള്‍പ്പെടെ വലിയ, നീളത്തിലുള്ള വിള്ളലുകള്‍ സംഭവിച്ചതാണ് ഇന്ന് മരോട്ടിച്ചാലുകാരെ ഭീതിയിലാഴ്ത്തുന്നത്. പൊതുറോഡില്‍ നിന്ന് അഞ്ഞൂറ് മീറ്റര്‍ ഉയരത്തിലുള്ള മലയാണ് വിവിധയിടങ്ങളിലായി ഇടിഞ്ഞുവീണത്. മലയ്ക്ക് മുകളില്‍ വനഭൂമിയുടെ താഴെയായുള്ള ഇറിഗേഷന്‍ കനാല്‍ തന്നെ പൊട്ടിച്ച്, രണ്ടായി പകുത്തുകൊണ്ടാണ് മല ആഴത്തില്‍ പൊട്ടിയൊലിച്ചത്. ഇതിനോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം മലമുകളില്‍ നിന്ന് തന്നെ പലയിടങ്ങളിലായി പാറകളിലും മണ്ണിലും വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. മലയുടെ മുകളില്‍ നിന്ന് താഴേക്ക് റോഡ് വരെ നീളത്തിലുള്ള വിള്ളലുകളുമുണ്ട്.

റോഡിന് താഴെ വയലിന് സമീപത്തായി ഇറിഗേന്‍ വകുപ്പ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച കരിങ്കല്‍ മതിലില്‍ രണ്ടടിയോളം വ്യാസമുള്ള തുരങ്കം രൂപപ്പെട്ടിരിക്കുന്നു. “ഇതുവഴി ലോഡ് കണക്കിന് മണ്ണ് വയലിലേക്ക് ഒഴുകിയെത്തി” എന്നാണ് പ്രദേശവാസിയായ മോഹനന്‍ പറയുന്നത്. ഈ പ്രദേശം ജിയോളജിസ്റ്റുകള്‍ വന്ന് പരിശോധിച്ചിരുന്നു; ‘സോയില്‍ പൈപ്പിങ്’ എന്ന ഭൗമപ്രതിഭാസമാണ് എട്ടാംകല്ലില്‍ സംഭവിച്ചിരിക്കുന്നതെന്നുമാണ് ജിയോളജിസ്റ്റുകളുടെ വിലയിരുത്തല്‍. ഭൂമിക്കടിയില്‍ മണ്ണിന് ദൃഢതകുറഞ്ഞ ഭാഗത്ത് പശിമയുള്ള കളിമണ്ണ് പോലുള്ള വസ്തു ഒഴുകി പുറത്തേക്ക് വരുന്നതിനെയാണ് സോയില്‍ പൈപ്പിങ് എന്ന് വിളിക്കുന്നത്. ഇവ ഭൂമിക്കടിയില്‍ തുരങ്കം പോലെ രൂപപ്പെട്ട ഭാഗത്തുകൂടിയാണ് പുറത്തേക്കൊഴുകുന്നത്. അതിശക്തമായ മഴയും ഭൂഗര്‍ഭജലത്തിന്റെ ശക്തമായ ഒഴുക്കും മണ്ണിന്റെ ഘടനയുമാണ് സോയില്‍ പൈപ്പിങ്ങിന് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്.

എട്ടാംകല്ല് പ്രദേശത്ത് ഭൂമിയിലും റോഡിലും വീടുകളിലും വിള്ളലിന് കാരണമായതും സോയില്‍ പൈപ്പിങ് ആണെന്ന് ജിയോളജിസ്റ്റായ ശ്രീകുമാര്‍ പറയുന്നു. “തുരങ്കം കണ്ടയിടത്ത് നടത്തിയ പ്രാഥമിക പരിശോധനയില്‍ അകത്തേക്ക് ആറ് മീറ്റര്‍ വരെ നീളത്തില്‍ ഗുഹ രൂപപ്പെട്ടിരിക്കുന്നതായാണ് കാണുന്നത്. എന്നാല്‍ ഇതിന് എത്രത്തോളം വ്യാപ്തിയുണ്ടെന്നും മണ്ണ് എവിടെ നിന്നെല്ലാം ഒലിച്ചുവന്നിട്ടുണ്ടെന്നും അറിയണമെങ്കില്‍ ഭൗമാന്തര്‍ഭാഗത്തെ ഗര്‍ത്തങ്ങള്‍ കണ്ടെത്താനായി നടത്തുന്ന റസിസ്റ്റിവിറ്റി ഇമേജിങ് എന്ന പരിശോധന നടത്തണം. പക്ഷെ സോയില്‍ പൈപ്പിങ്ങാണ് പ്രദേശത്തുണ്ടായ വിള്ളലുകള്‍ക്കെല്ലാം കാരണമായിരിക്കുന്നത്. ഉള്‍ഭാഗം പൊള്ളയാണെങ്കില്‍ ഉപരിതലം ഇടിഞ്ഞ് വീഴാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കൂടുതല്‍ കരുതലെടുക്കേണ്ടതുണ്ട്. പ്രദേശം തത്ക്കാലം വാസയോഗ്യമോ കൃഷിയോഗ്യമോ അല്ല എന്നാണ് മനസ്സിലാവുന്നത്.”

എച്ചിപ്പാറയും പുലിക്കണ്ണിയും വട്ടപ്പാറയും

ചിമ്മിനി ഡാം റോഡില്‍ എച്ചിപ്പാറയില്‍ ഉണ്ടായത് സാമാന്യം വലിയ ഉരുള്‍പൊട്ടലാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ചീനിക്കു സമീപം ചെറിയവര മലയില്‍ രണ്ട് കിലോമീറ്ററോളം നീളത്തിലും അറുപത് മീറ്റര്‍ വീതിയിലുമാണ് ഉരുള്‍പൊട്ടിയത്. എന്നാല്‍ ജനവാസ മേഖലയല്ലാത്തതിനാല്‍ നാശനഷ്ടങ്ങള്‍ കാര്യമായി ഉണ്ടായില്ല. വരന്തരപ്പള്ളി പുലിക്കണ്ണി കെഎഫ് ആര്‍ഐ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നില്‍ കുന്നുകള്‍ വിണ്ടുകീറി. വിള്ളല്‍ വളരുന്നില്ലെങ്കിലും ഇനിയുള്ള മഴക്കാലങ്ങള്‍ അതീവജാഗ്രത പുലര്‍ത്തേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍. ഈ പ്രദേശത്ത് അഞ്ച് വീടുകള്‍ക്കുള്ളിലും വലിയതോതില്‍ വിള്ളലുകള്‍ ഉണ്ടാവുകയും രണ്ട് വീടുകള്‍ പൂര്‍ണമായും ഉപയോഗശൂന്യമാവുകയും ചെയ്തു. കിണറുകള്‍ താഴ്ന്നതുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ക്കും ഈ പ്രദേശത്തെ മണ്ണിടിച്ചില്‍ കാരണമായി.

എന്നാല്‍ താളിക്കുണ്ട് വട്ടപ്പാറയില്‍ ഭൂമിയില്‍ കാര്യമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഭൂമിയില്‍ ഇടവിട്ടിടവിട്ട പ്രദേശങ്ങളില്‍ വലിയ തോതില്‍ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിള്ളലുകള്‍ വലുതാവുന്നതാണ് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തുന്നത്. വിള്ളലുകള്‍ മൂന്നടിയോളം താഴ്ചയില്‍ ഗര്‍ത്തം പോലെയും രൂപപ്പെട്ടിട്ടുണ്ട്. വട്ടപ്പാറയില്‍ കുന്നിന്റെ ഒരു വശത്തുകൂടി ഒന്നരകിലോമീറ്റര്‍ നീളത്തിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രണ്ട് കുന്നുകള്‍ക്കിടയിലുള്ള പ്രദേശമാണിതെന്നതിനാല്‍ കുന്നുകളിലും ഭൂമിക്കുമുണ്ടായിട്ടുള്ള വിള്ളലുകള്‍ ഗൗരവമായി കണക്കിലെടുക്കേണ്ടതാണെന്ന് ജിയോളജിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. ഒന്നരകിലോമീറ്റര്‍ ചുറ്റളവില്‍ ആറിടത്താണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ഈ പ്രദേശത്ത് എഴുപത് ശതമാനം സ്ഥലത്തും വിള്ളലുകളുള്ളതായാണ് പരിശോധനകളില്‍ വ്യക്തമായത്. ഇരുപത് ഏക്കര്‍ സ്ഥലത്ത് വിള്ളലുകള്‍ കണ്ടെത്തി. മണ്ണിടിച്ചിലില്‍ ഒരുവീട് പൂര്‍ണമായും തകരുകയും ഏഴ് വീടുകളില്‍ വിള്ളലുകള്‍ രൂപപ്പെടുകയും ചെയ്തു. വിള്ളുണ്ടായ കുന്ന് താഴുകയും ചെയ്തു. ചേലക്കരയില്‍ മലയിടിഞ്ഞ് ഏക്കറുകണക്കിന് പാടശേഖരം നികന്നു. ഇനി ഈ പാടശേഖരത്തെ പൂര്‍വ്വസ്ഥിതിയിലാക്കുക ദുഷ്‌കരമാവുമെന്ന് പ്രദേശവാസികള്‍ പറയുന്നു. പൂര്‍ണമായും കൃഷിയെ ആശ്രയിച്ചും കൃഷിപ്പണി ചെയ്തും ജീവിക്കുന്ന പ്രദേശത്തുള്ളവര്‍ ഇനി എന്ത് ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്.

മനുഷ്യനിര്‍മ്മിതം എന്ന് വിദഗ്ദ്ധര്‍

“തൃശൂരില്‍ കാട്ടില്‍ പോലും ഉരുള്‍പൊട്ടലോ മണ്ണിടിച്ചിലോ ഉണ്ടായതായി ഇന്നേവരെ കേട്ടിട്ടില്ല. പക്ഷെ ഇതെല്ലാം മാറി. കഴിഞ്ഞ മാസം മഴ ശക്തമായ കാലയളവില്‍ തന്നെ പലയിടങ്ങളിലായി അനവധി തവണ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. എന്നാല്‍ ഇതെല്ലാം മനുഷ്യരുടെ അശാസ്ത്രീയമായ ഭൂഉപയോഗത്തിന്റെ ഫലമാണെന്നാണ് പരിശോധിക്കുമ്പോള്‍ മനസിലാവുക”, പരിസ്ഥിതി വിദഗ്ദ്ധനായ ഗഫൂര്‍ പറഞ്ഞു.

മണ്ണിടിച്ചിലുണ്ടായിട്ടുള്ള കുന്നുകളിലും മലകളിലും കാലങ്ങളായി വരുത്തിയ മാറ്റങ്ങള്‍ ഇതിന് ഉദാഹരണമായി വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വനമേഖലയിലെ അശാസ്‌സ്ത്രീയമായ പ്ലാന്റേഷനുകളും കുന്നുകള്‍ വെട്ടിയുള്ള വീടുനിര്‍മ്മാണവും ക്വാറിയുടേയും പാറമടകളുടേയും സാന്നിധ്യവുമാണ് തുടര്‍ച്ചയായി ഉണ്ടായ മണ്ണിടിച്ചിന് കാരണമായി പഠനത്തില്‍ വ്യക്തമായത്. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വലിയ ക്വാറികളും ഇതിന് ആക്കം കൂട്ടിയിട്ടുണെന്നും വിലയിരുത്തപ്പെടുന്നു.

“എട്ടാംകല്ലില്‍ മലയ്ക്ക് അമിതമായ സമ്മര്‍ദ്ദം കൊടുത്തിട്ടുണ്ട്. ഇറിഗേഷന്റെ ഒരു കനാല്‍ വനഭൂമിക്ക് നടുവിലൂടെ മലയ്ക്ക് മുകളിലായാണ് സ്ഥിതി ചെയ്തിരുന്നത്. ഈ കനാല്‍ ഉള്‍പ്പെടെ പൊട്ടിയൊലിച്ചു. മുകളിലെ വനഭൂമിയില്‍ നട്ടുപിടിപ്പിച്ചിരിക്കുന്നത് തേക്കും മാഞ്ചിയവുമാണ്. അവ ഇടയ്ക്ക് വെട്ടുന്നതായും പുതിയ മരങ്ങള്‍ നടുന്നതായും ആണ് ലഭിച്ച വിവരം. 62 ഡിഗ്രി വരെ ചരിവുള്ള ഇത്തരം സ്ഥലങ്ങളില്‍ ഷോര്‍ട് ടേം പ്ലാന്റേഷന്‍ അപകടമേ ചെയ്യൂ. മരങ്ങള്‍ മുറിക്കുമ്പോള്‍ മണ്ണിന് ഇളക്കം തട്ടുകയും പിന്നീടുണ്ടാവുന്ന മഴ മണ്ണിനും മലയ്ക്കും താങ്ങിനിര്‍ത്താന്‍ കഴിയാതെ വരികയും ചെയ്യുന്നു. അത്തരത്തില്‍ ഇളക്കം വന്ന മണ്ണിന് ഈ വര്‍ഷമുണ്ടായ അതിവര്‍ഷത്തെ പിടിച്ച് നിര്‍ത്താനായില്ല. കനാലിലേക്കും ക്രമീതീതമായി വെള്ളം ഒഴുകിയെത്തി. ഈ മര്‍ദ്ദങ്ങളെല്ലാം ചേര്‍ന്ന് മല പൊട്ടിയതാവാനാണ് സാധ്യത.

വനഭൂമിയാണെങ്കിലും നാട്ടുകാര്‍ മലമുകളില്‍ വന്‍തോതില്‍ പാവല്‍കൃഷിയും നടത്തുന്നുണ്ട്. ഇതിനായി മണ്ണിളക്കുന്നതും ജലസേചനവുമുള്‍പ്പെടെ മലയില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. കുറാഞ്ചേരിയിലും വനഭൂമിയിലെ മലയാണ് പൊട്ടിയത്. അവിടെയും തേക്കും മാഞ്ചിയവുമുള്‍പ്പെടെയുള്ള മരങ്ങളാണ് നട്ടിരിക്കുന്നത്. ഇടക്കിടെ മരങ്ങള്‍ മുറിക്കുകയും പുതിയ മരങ്ങള്‍ നടുകയും ചെയ്യുന്നുണ്ട്. പ്രദേശങ്ങളിലെ ക്വാറികളുടെ സാന്നിധ്യവും മലപൊട്ടാന്‍ കാരണമായിട്ടുണ്ടാവും. എച്ചിപ്പാറയില്‍ കുന്നിന്റെ ചരിവില്‍ കയ്യാലവരെ മനുഷ്യര്‍ പണിതു. ആ കയ്യാല ഉള്‍പ്പെടെയാണ് പൊട്ടിപ്പോന്നത്. പുലിക്കണ്ണിയില്‍ മണ്ണിടിച്ചിലുണ്ടായ 62 ഡിഗ്രി ചരിവുള്ള കുന്നിന്റെ മറുവശം മുഴുവന്‍ വിണ്ടുകീറി നില്‍ക്കുകയാണ്. അവിടെ റബ്ബര്‍ ആണ് നട്ടുപിടിപ്പിച്ചിരിക്കുന്നത്. റബ്ബറിന് വെള്ളത്തെ താങ്ങിനിര്‍ത്താന്‍ കഴിയില്ല. കുന്നിന്റെ ചരിവില്‍ തന്നെയാണ് മണ്ണിളക്കി വീടുകള്‍ നിര്‍മ്മിച്ചിട്ടുള്ളതും. 2006ല്‍ കാട്ടുതീ ഉണ്ടായ പ്രദേശവുമാണിത്. കാട്ടുതീയില്‍ ഏക്കറ് കണക്കിന് സ്ഥലത്തെ മരങ്ങള്‍ കത്തിപ്പോയിരുന്നു. ഇതും ഈ പ്രദേശത്തെ മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ട്. മരങ്ങള്‍ എല്ലാം കത്തിപ്പോവുന്നതോടെ വെള്ളം പിടിച്ച് നിര്‍ത്താന്‍ കഴിയാതെ വരും. വേരുകള്‍ പറിഞ്ഞ് മണ്ണിന് കാര്യമായ ഇളക്കവും തട്ടിയിട്ടുണ്ടാവും”,  ഫോറസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് ഡീന്‍ വിദ്യാസാഗര്‍ പറയുന്നു.

വട്ടപ്പാറയില്‍ കുന്നിടിഞ്ഞ് സ്ഥലത്ത് റബ്ബര്‍ ആണ് കൃഷി. റബ്ബര്‍ തോട്ടത്തിലാണ് ഏക്കറ് കണക്കിന് സ്ഥലത്ത് വലിയ വിള്ളലുകള്‍ രൂപപ്പെട്ടതും. ഈ കുന്നിന്റെ മുകളിലായി റോഡ് പോവുന്നുണ്ട്. ഇതുവഴിയുള്ള മര്‍ദ്ദം കുന്നിലുണ്ടായിട്ടുണ്ടാവാം എന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍. വിള്ളലുണ്ടായ പ്രദേശത്തിന് മുകളിലായി ഒന്നര കിലോമീറ്റര്‍ വൃത്തപരിധിയില്‍ മൂന്ന് പാറമടകള്‍ അഞ്ച് വര്‍ഷത്തിലധികം പ്രവര്‍ത്തിച്ചിരുന്നു. അനുവദനീയമായതിനേക്കാല്‍ വലിയ അളവില്‍ സ്‌ഫോടനങ്ങള്‍ നടത്തിയാണ് ഇവിടെ പാറപൊട്ടിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ആ സമയം തന്നെ കുന്നില്‍ പലയിടത്തും വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു എന്നും അവര്‍ പറയുന്നു. ഇതിന് പുറമെ കുന്ന് വെട്ടി ഏക്കറ് കണക്കിന് ഭൂമിയില്‍ കോഴിഫാം നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് താഴെയുള്ള പ്രദേശങ്ങളിലാണ് ആഴത്തിലുള്ള വിള്ളലുകള്‍ ഉണ്ടായിരിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

വാസയോഗ്യമല്ല

മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളൊന്നും താല്‍ക്കാലികമായെങ്കിലും വാസയോഗ്യമല്ല എന്നാണ് ജിയോളജിസ്റ്റുകളുടെ വിലയിരുത്തല്‍. തുലാവര്‍ഷം കനത്താല്‍ വിള്ളലുകള്‍ ഉണ്ടായി നില്‍ക്കുന്ന കുന്നുകള്‍ ഇടിയാനുള്ള സാധ്യത ഇവര്‍ മുന്നോട്ട് വയ്ക്കുന്നു. കുന്നുകള്‍ കൃഷിഭൂമിയാക്കുന്നതില്‍ നിന്നും ആളുകള്‍ വിട്ടുനില്‍ക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

PHOTO ESSAY: ‘ഉണ്ണീ ഓടിക്കോടാ’ എന്ന അപ്പാപ്പന്റെ നിലവിളിയാണ് മെറില്‍ ഒടുവില്‍ കേട്ടത്; ഉരുള്‍പൊട്ടല്‍ ഇല്ലാതാക്കിയ ഒരു നാട്

മണ്ണിരകള്‍ ചത്തൊടുങ്ങുന്നു, കടുത്ത ചൂടും സൂര്യാഘാതവും; എന്താണ് വയനാട്ടില്‍ സംഭവിക്കുന്നത്?

കുടിയേറ്റ ഇടുക്കിയില്‍ നിന്ന് കയ്യേറ്റ ഇടുക്കിയിലേക്ക്; പ്രളയ ദുരന്തത്തിലേക്ക് ഒരു നാടിനെ എത്തിച്ച മനുഷ്യര്‍

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍