UPDATES

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം: നടപടി ഉടനെന്ന് റവന്യു വകുപ്പ്; വാക്കാലുള്ള നടപടി പോരെന്ന് പഞ്ചായത്ത്

ഭൂമി കയ്യേറ്റവും കായല്‍ കയ്യേറ്റവും ഉള്‍പ്പെടെ കണ്ടെത്തിയിട്ടും ഒമ്പതുമാസത്തോളം നടപടികള്‍ വൈകിയതിനു കാരണമെന്തെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല

ബിജെപി രാജ്യസഭ എംപിയും ഏഷ്യാനെറ്റ് ന്യൂസ് ഉടമയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതിയില്‍ കോട്ടയം കുമരകം പള്ളിച്ചിറയില്‍ നിര്‍മാണം പൂര്‍ത്തിയായി വരുന്ന നിരാമയ റിട്രീറ്റ് റിസോര്‍ട്ട് അനധികൃത കയ്യേറ്റം നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് റവന്യു വകുപ്പ്. കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം അസിസ്റ്റന്റ് സര്‍വേയറെ നിയോഗിച്ച് കയ്യേറ്റസ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുള്ളതായും കോട്ടയം അഡീഷണല്‍ തഹസില്‍ദാര്‍ ഗീത അഴിമുഖത്തോട് പറഞ്ഞു. നിയമലംഘനത്തിന് റിസോര്‍ട്ടിനെതിരെ നടപടി സ്വീകരിക്കുമെന്നും അഡീഷണല്‍ തഹസില്‍ദാര്‍ ഉറപ്പ് പറയുന്നു.

നിരാമയ റിട്രീറ്റ് കായല്‍ കയ്യേറുകയും തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കുകയും ചെയ്തതായി വ്യക്തമായിട്ടും റവന്യു വിഭാഗം നടപടിയെടുക്കാത്തത് വന്‍വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. കുമരകം പഞ്ചായത്ത് തന്നെ ഇക്കാര്യത്തില്‍ പരാതിയുമായി രംഗത്തു വന്നിരുന്നു. മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും ജില്ല കളക്ടര്‍ക്കും പഞ്ചായത്ത് പ്രസിഡന്റ് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. നിരാമയ റിസോര്‍ട്ടിന്റെ നിയമലംഘനത്തില്‍ നടപടിയെടുക്കാന്‍ വൈകുന്നതില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധത്തിനൊരുങ്ങുകയുമാണ്. ഇതിനു മുന്നോടിയായി ജില്ല കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ കയ്യേറ്റത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ ബി എസ് തിരുമേനി അറിയിച്ചിരുന്നു.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

അതേസമയം കളക്ടറുടെ ഭാഗത്തു നിന്നും ഇതുമായി സംബന്ധിച്ച നിര്‍ദേശങ്ങള്‍ കിട്ടിയിട്ടില്ലെന്നും എന്നാല്‍ റിസോര്‍ട്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറിയിട്ടുണ്ടെന്നുമാണ് അഡീഷണല്‍ തഹസില്‍ദാര്‍ പറയുന്നത്. ഭൂമി കയ്യേറ്റവും കായല്‍ കയ്യേറ്റവും ഉള്‍പ്പെടെ കണ്ടെത്തിയിട്ടും ഒമ്പതുമാസത്തോളം നടപടികള്‍ വൈകിയതിനു കാരണമെന്തെന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ റവന്യു ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടാണ് ഈ കാലതാമസം റവന്യു വിഭാഗത്തില്‍ നിന്നും ഉണ്ടായത്. പഞ്ചായത്ത് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തു വരികയും മാധ്യമങ്ങള്‍ വിഷയം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് റവന്യു വിഭാഗം ഇപ്പോള്‍ പതിയെ ഉണരാന്‍ തുടങ്ങുന്നത്. ഇക്കാര്യം റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നുമുണ്ട്.

അതേസമയം റവന്യു വിഭാഗത്തിന്റെ പുതിയ നീക്കങ്ങളില്‍ തങ്ങള്‍ അത്രകണ്ട് തൃപ്തരല്ലെന്നാണ് പഞ്ചായത്ത് പറയുന്നത്. “മാധ്യമവാര്‍ത്തകളും ഡിവൈഎഫ്‌ഐ, സിപിഎം പ്രതിഷേധങ്ങളും ഉയര്‍ന്നതോടെയാണ് അവര്‍ എന്തെങ്കിലുമൊന്നു പ്രതികരിക്കാന്‍ തയ്യാറായത് തന്നെ. കൈയേറ്റമുണ്ടെന്ന് സമ്മതിക്കുകയും എന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് നീതികേടാണ്. ജനങ്ങളുടെ ചോദ്യത്തിന് പഞ്ചായത്താണ് സമാധാനം പറയേണ്ടി വരുന്നത്. കൈയേറ്റ ഭൂമിയളന്ന് തിട്ടപ്പെടുത്തി പഞ്ചായത്തിനെ ഏല്‍പ്പിക്കാന്‍ തഹസില്‍ദാരോടാണ് ഹൈക്കോടതി ആവശ്യപ്പെട്ടത്. പത്തുമാസത്തോളം കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. ഇപ്പോള്‍ നടപടിയുണ്ടാകുമെന്നു പറയുന്നു, പക്ഷേ വാക്കാലുള്ള നടപടിയല്ല, പ്രവര്‍ത്തിയാണ് വേണ്ടത്. അതിന് റവന്യു വിഭാഗം എത്രയും വേഗം തയ്യാറകണം”; കുമരകം പഞ്ചായത്ത് പ്രസിഡന്റ് എ പി സാലിമോന്‍ പറയുന്നു.

ഏഷ്യാനെറ്റ് മേധാവി രാജീവ് ചന്ദ്രശേഖരനെതിരെ സിപിഎം വീശുന്ന മൂന്നു തലയുള്ള വാള്‍

കുമരകം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 10 ല്‍ സര്‍വേ നമ്പര്‍ 302/1 ല്‍പ്പെട്ടതും ബ്ലോക്ക് നമ്പര്‍ 11 ലെ മറ്റു രണ്ടു സര്‍വേ നമ്പരുകളിലുമായാണ് നിരാമയ റിട്രീറ്റിന്റെ കൈയേറ്റം ബോധ്യപ്പെട്ടിട്ടുള്ളത്. റിസോര്‍ട്ടിന്റെ അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരേ പ്രദേശവസികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി (Wp(c) 19103/2016) നല്‍കി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കയ്യേറ്റങ്ങള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കോട്ടയം തഹസില്‍ദാര്‍ക്ക് കയ്യേറ്റ ഭൂമി ഒഴിപ്പിച്ചു ഗ്രാമപഞ്ചായത്തിനെ ഏല്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. അഡീഷണല്‍ തഹസല്‍ദാര്‍ ഈ വിവരം പഞ്ചായത്തിനെ അറിയിക്കുകയും പുറമ്പോക്ക് ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്തിനോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി അളന്ന് മാര്‍ക്ക് ചെയ്ത് പഞ്ചായത്തിനു നല്‍കണമെന്ന് റവന്യു അധികൃതരോട് തങ്ങള്‍ ആവശ്യപ്പെട്ടിട്ടും നാളിതുവരെയായിട്ടും നടപടികള്‍ പൂര്‍ത്തികരിച്ച് വസ്തു കൈമാറ്റത്തിന് റവന്യു അധികാരികള്‍ തയ്യാറായിട്ടില്ലെന്നാണ് പഞ്ചായത്തിന്റെ പരാതി. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് കുമരകം പഞ്ചായത്ത് പ്രസിഡന്റ് കത്ത് നല്‍കിയിട്ടുണ്ട്.

ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലുകള്‍ മൂലമാണ് റവന്യു അധികാരികള്‍ നടപടികള്‍ വൈകിപ്പിക്കുന്നതെന്നാണ് പഞ്ചായത്തിന്റെ ആക്ഷേപം. കായല്‍ കയ്യേറ്റവും റവന്യു ഭൂമി കൈവശപ്പെടുത്തലും വ്യക്തമായി ബോധ്യപ്പെട്ടിട്ടും നടപടികള്‍ സ്വീകരിക്കാതെ വന്‍കിടക്കാരന് ഒത്താശ ചെയ്യുന്ന റവന്യു അധികൃതരുടെ വഴിവിട്ട പ്രവര്‍ത്തനം അന്വേഷണവിധേയമാക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍ ആവശ്യപ്പെടുന്നു.

പഞ്ചായത്ത് പല തവണ ആവശ്യപ്പെട്ടതു പ്രകാരം റിസോര്‍ട്ടിന്റെ കയ്യേറ്റഭൂമി അളന്ന് തിരിക്കാന്‍ അസിസ്റ്റന്റ് സര്‍വേയറെ നിയോഗിച്ചിരുന്നു. സര്‍വേയര്‍ക്ക് വേണ്ട സഹായങ്ങള്‍ക്കായി പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി. സെക്ഷന്‍ ഓഫിസര്‍, പ്യൂണ്‍ എന്നിവരെ കൂടെ അയക്കുകയും ചെയ്തു. രണ്ടര മാസം കഴിഞ്ഞിട്ടും അസിസ്റ്റന്റ് സര്‍വേയര്‍ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പഞ്ചായത്തിന് നല്‍കിയിട്ടില്ല. കണ്ടു ബോധ്യപ്പെട്ട കയ്യേറ്റങ്ങള്‍ക്കെതിരേയും നടപടിയില്ലെങ്കില്‍ അതിനെ എങ്ങനെ വേണം കാണാനെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ചോദിക്കുന്നത്. രണ്ടരമാസത്തോളം ഒരു റിപ്പോര്‍ട്ട് തരാതെ വൈകിപ്പിക്കുന്ന നടപടിയേയും അഴിമതിയെന്നല്ലേ വിളിക്കേണ്ടത്. കയ്യേറ്റക്കാരനായ വമ്പന്‍മാര്‍ക്ക് കൂട്ടുനില്‍ക്കലല്ലേ റവന്യു ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയാണ് ആവശ്യം.

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

അതേസമയം അഡീഷണല്‍ തഹസില്‍ദാര്‍ ഇന്ന് അഴിമുഖത്തോട് പറഞ്ഞത്, അസിസ്റ്റന്റ് സര്‍വേയറുടെ നേതൃത്വത്തില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടെന്നാണ്. തങ്ങള്‍ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല എന്നതുള്‍പെടെയുള്ള പഞ്ചായത്തിന്റെ പരാതി ചൂണ്ടിക്കാണിക്കുമ്പോള്‍ മറുപടിയില്ല.

ഏകദേശം ഒരു വര്‍ഷത്തിനു മുമ്പേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വന്ന നിയമലംഘനങ്ങളുടെ പേരില്‍ ഇത്രയും കാലതാമസം വരുത്തി കയ്യേറ്റത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന പ്രവര്‍ത്തി നടത്തിയ റവന്യു വിഭാഗം ഉദ്യോഗസ്ഥര്‍ നിലവിലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് പുതിയ പ്രസ്താവനകള്‍ നടത്തുകയല്ല, പ്രവര്‍ത്തിച്ചു കാണിക്കുകയാണ് വേണ്ടതെന്ന് പഞ്ചായത്ത് പറയുന്നു. എങ്കിലും കളക്ടറുടെ ഉറപ്പില്‍ റവന്യു ഉദ്യോഗസ്ഥര്‍ സത്വരനടപടികള്‍ നിരാമയ റിസോര്‍ട്ടിന്റെ കൈയേറ്റത്തില്‍ എടുക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു. റിസോര്‍ട്ടിന്റെ നിയമലംഘനപ്രവര്‍ത്തികള്‍ക്കെതിരേ പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ മാധ്യമ സ്വാതന്ത്ര്യ താത്പര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍