UPDATES

നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റം കൈയോടെ പിടിച്ച് അധികൃതര്‍; വെല്ലുവിളിച്ചവര്‍ ഇനിയെന്ത് പറയും?

ആകെ ഏഴ് സെന്റിനു മുകളില്‍ പുറമ്പോക്ക് ഭൂമി നിരാമയ റിസോര്‍ട്ട് കൈയേറിയിട്ടുണ്ടെന്നു തന്നെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്

കയ്യേറ്റമില്ലെന്നാവര്‍ത്തിക്കുകയും തെറ്റായ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടിയ്ക്ക് തയ്യാറാകുമെന്നും പറഞ്ഞ കുമരകം നിരാമയ റിട്രീറ്റ്‌സ്‌ റിസോര്‍ട്ട് ആദ്യം മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുക റവന്യു വകുപ്പിനെതിരേയോ? ജില്ല കളക്ടറുടെ നിര്‍ദേശപ്രകാരം കോട്ടയം അഡീഷണല്‍ തഹസില്‍ദാര്‍ (ഭൂരേഖ തഹസില്‍ദാര്‍) പി എസ് ഗീതയുടെ നേതൃത്വത്തില്‍ താലൂക്ക് സര്‍വേയര്‍ പഞ്ചായത്ത്, വില്ലേജ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ നിരാമയ റിസോര്‍ട്ടിന്റെ ഭൂമിയില്‍, തോട് പുറമ്പോക്കും കായല്‍ പുറമ്പോക്കും അളന്ന് തിട്ടപ്പെടുത്തി കയ്യേറ്റം ബോധ്യപ്പെടുത്തി പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു ചോദ്യം. തങ്ങള്‍ കയ്യേറ്റം നടത്തിയിട്ടില്ലെന്ന വാദമാണ് ഇപ്പോഴും റിസോര്‍ട്ടുകാര്‍ ഉയര്‍ത്തുന്നതെങ്കിലും റവന്യൂ വിഭാഗം ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് വ്യക്തമായ കയ്യേറ്റം തന്നെയാണ്. ഇതനുസരിച്ച് പഞ്ചായത്ത് നിരാമയയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബിജെപി രാജ്യസഭ എംപിയുമായ രാജീവ് ചന്ദ്രശേഖരിന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിസോര്‍ട്ടിന്റെ ഭാഗത്ത് നിന്നും കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കില്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ചങ്കൂറ്റമുണ്ടെങ്കില്‍ നാളെ തന്നെ കയ്യേറ്റമൊഴുപ്പിക്കണമെന്നും വ്യാഴാഴ്ച രാത്രിയിലെ ന്യൂസ് അവറില്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലില്‍ വെല്ലുവിളി ഉയര്‍ന്നിരുന്നു. ഇതിന്റെ പിറ്റേദിവസം വെള്ളിയാഴ്ച തന്നെ റവന്യൂ ഉദ്യോഗസ്ഥര്‍ റിസോര്‍ട്ടിലെ കയ്യേറ്റഭൂമിയളന്ന് പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കുകയും പഞ്ചായത്ത് റിസോര്‍ട്ട് അധികൃതര്‍ക്ക് നടപടികള്‍ ചൂണ്ടിക്കാട്ടി നോട്ടീസ് നല്‍കുകയും ചെയ്തത് വെല്ലുവിളി നടത്തിയവര്‍ക്കുള്ള തിരിച്ചടിയായി.

"</p

ഒരര്‍ത്ഥത്തില്‍ ചാനല്‍ ചര്‍ച്ചയും അതിനു നിദാനമായി വ്യാഴാഴ്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിസോര്‍ട്ട് തല്ലിത്തകര്‍ത്ത സംഭവുമാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കാലതാമസം വന്നുകിടന്ന റവന്യൂ നടപടികള്‍ വേഗത്തിലാകാന്‍ കാരണമായത്. ജനസമ്പര്‍ക്ക സമിതി കുമരകം എന്ന സംഘടന നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നും നിര്‍ദേശം ഉണ്ടായിട്ടും നാളിതുവരെയും നടപടികള്‍ വൈകുകയായിരുന്നു. കയ്യേറ്റഭൂമി ഒഴിപ്പിച്ചെടുത്ത് പഞ്ചായത്തിന് കൈമാറണമെന്നായിരുന്നു തഹസില്‍ദാര്‍ക്ക് നിര്‍ദേശം. ഇതിന്‍പ്രകാരം കയ്യേറ്റഭൂമി ഏറ്റെടുക്കാന്‍ അഡീഷണല്‍ തഹസില്‍ദാര്‍ പഞ്ചായത്തിന് കത്തു നല്‍കി. 2016 നവംബര്‍ അഞ്ചിന് തഹസില്‍ദാരില്‍ നിന്നും ലഭിച്ച കത്ത് പഞ്ചായത്ത് കമ്മിറ്റിയില്‍ വയ്ക്കുകയും കത്തിനൊപ്പം ഹൈക്കോടതി വിധി പകര്‍പ്പോ മറ്റു രേഖകളോ ലഭിക്കാതിരുന്ന സാഹചര്യത്തിലും റിസോര്‍ട്ടിലെ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാലും നിരാമയ റിസോര്‍ട്ടിന് സ്‌റ്റോപ്പ് മെമ്മോ കൊടുക്കുന്നതില്‍ നിയമോപദേശം തേടുകയും അതിന്‍പ്രകാരം ഒഴിപ്പിക്കണമെന്നു പറയുന്ന സ്ഥലത്ത് ഏതെങ്കിലും നിര്‍മാണപ്രവര്‍ത്തനം നടത്തിയിട്ടുണ്ട് എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കുവാന്‍ താലൂക്ക് സര്‍വേയറില്‍ നിന്നും അളന്ന് രേഖപ്പെടുത്തിയ റിപ്പോര്‍ട്ട് തേടാനും പഞ്ചായത്തിന് നിര്‍ദേശം കിട്ടുകയായിരുന്നു.

കുമരകത്ത് കായല്‍ കയ്യേറി രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ട്; ഹൈക്കോടതി ഉത്തരവിട്ടിട്ടും ഒളിച്ചു കളിച്ച് റവന്യൂ വകുപ്പ്‌; പരാതിയുമായി പ്രസിഡന്റ്

തുടര്‍ന്ന് 2017 ജനുവരി 13-ന് റിസോര്‍ട്ട് അനധികൃതമായി കയ്യേറിയ സ്ഥലം അളന്ന് തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് താലൂക്ക് സര്‍വേയര്‍ക്ക് കുമരകം പഞ്ചായത്ത് കത്ത് നല്‍കി. എന്നാല്‍ ഇതിനു മറുപടിയായി 2017 ഫെബ്രുവരി മൂന്നിന് അഡീഷണല്‍ തഹസില്‍ദാര്‍ നല്‍കിയ കത്തില്‍ പറഞ്ഞത് വസ്തു അളന്ന് തരുന്നതിനു പകരം പഞ്ചായത്ത് തന്നെ ഒഴിപ്പിച്ചെടുക്കണം എന്നായിരുന്നു. വസ്തു അളന്ന് തിരിക്കേണ്ടത് പഞ്ചായത്തിന്റെ ജോലിയല്ല, റവന്യുവാണ് അത് ചെയ്യേണ്ടതെന്നും കാണിച്ച് താലൂക്ക് സര്‍വേയര്‍ക്ക് 2017 ഏപ്രില്‍ ഏഴിന് പഞ്ചായത്ത് വീണ്ടും കത്തുനല്‍കി. പ്രതികരണം ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് 2017 ജൂണ്‍ രണ്ടിന് താലൂക്ക് സര്‍വേയര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി റിമൈന്‍ഡര്‍ നല്‍കി. 2017 ജൂലൈ 17 ന് ഇതിനുള്ള മറുപടിയായി 2017 ജൂലൈ 24 ന് വസ്തു അളവ് നടത്താന്‍ എത്തുമെന്നു കാണിച്ച് തഹസില്‍ദാരുടെ കത്ത് ലഭിച്ചു. എന്നാല്‍ കത്തില്‍ പറഞ്ഞ ദിവസം റവന്യൂ ഉദ്യോഗസ്ഥര്‍ എത്തിയില്ല. ജൂലൈയില്‍ വരുമെന്നു പറഞ്ഞ റവന്യു ഉദ്യോഗസ്ഥര്‍ എത്തുന്നത് 2017 ഒക്ടോബര്‍ 30-ന് ആയിരുന്നു. താലൂക്ക് സര്‍വേയര്‍ അന്ന് റിസോര്‍ട്ട് ഭൂമിയിലെ കയ്യേറ്റം നോട്ട് ചെയ്ത് കൂടെ വന്ന പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് സ്‌കെച്ച് നല്‍കി. എന്നാല്‍ ഇത്തരമൊരു സ്‌കെച്ച് മാത്രംവച്ച് ഭൂമി കണ്ടെത്തുക തങ്ങള്‍ക്ക് പ്രയാസമാണെന്നും ആയതിനാല്‍ കൃത്യമായി കയ്യേറ്റ ഭൂമി അളന്ന് രേഖപ്പെടുത്തി തരണമെന്നും കാണിച്ച് പഞ്ചായത്ത് വീണ്ടും അഡീഷണല്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കി. ഇതിനു മറുപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പലതവണ റിമൈന്‍ഡ് ലെറ്റര്‍ അയച്ചു. കഴിഞ്ഞ ബുധനാഴ്ചയും റിമൈന്‍ഡ് ലെറ്റര്‍ അയച്ചിരുന്നു.

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ കായല്‍ കയ്യേറ്റം: നടപടി ഉടനെന്ന് റവന്യു വകുപ്പ്; വാക്കാലുള്ള നടപടി പോരെന്ന് പഞ്ചായത്ത്

എന്നാല്‍ വ്യാഴാഴച റിസോര്‍ട്ടിനു നേരെ അക്രമം നടത്തുകയും വാര്‍ത്തകള്‍ ശക്തമാവുകയും ചെയ്ത സാഹചര്യത്തില്‍ വ്യാഴാഴ്ച രാത്രിയില്‍ തന്നെ ജില്ല കളക്ടര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക് വെള്ളിയാഴ്ച തന്നെ ഭൂമിയളന്ന് രേഖപ്പെടുത്തി പഞ്ചായത്തിന് കൈമാറണമെന്ന് നിര്‍ദേശം നല്‍കി. റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ കാലതാമസമാണ് പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോനെ മുഖ്യമന്ത്രിക്കും റവന്യു മന്ത്രിക്കും കയ്യേറ്റമൊഴിപ്പിക്കണമെന്ന് കാണിച്ച് കത്ത് നല്‍കാന്‍ പ്രേരിപ്പിച്ചത്. കയ്യേറ്റഭൂമി പഞ്ചായത്തിന് ഏറ്റെടുക്കാമെങ്കിലും ഭൂമി അളന്ന് രേഖപ്പെടുത്തി തരേണ്ട ചൂമതല റവന്യുവിനായതുകൊണ്ടാണ് പഞ്ചായത്ത് നടപടി വൈകുന്നതെന്ന സലിമോന്റെ വാക്കുകളെ വ്യാഴാഴ്ച നടന്ന ഏഷ്യാനെറ്റ് ന്യൂസിലെ ചര്‍ച്ചയില്‍ ഏറെ പരിഹസിച്ചിരുന്നു. എന്നാല്‍ കാലതാമസം വന്നെങ്കിലും കുമരകം പഞ്ചായത്ത് മാസങ്ങളായി നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റത്തിനെതിരേ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

"</p

തോട് പുറമ്പോക്ക് കയ്യേറ്റ ഭൂമിയില്‍ വന്നിരിക്കുന്ന കോട്ടേജിന്റെ ഭാഗം ചൂണ്ടിക്കാണിക്കുന്ന പഞ്ചായത്ത് പ്രസിഡന്റ് എ പി സലിമോന്‍. സമീപം പഞ്ചായത്ത് സെക്രട്ടറി ഇ. വിഷ്ണു നമ്പൂതിരി

താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച നടന്ന അളവില്‍ കണ്ടെത്തിയത് നിരാമയ റിട്രീറ്റ്‌സ് റിസോര്‍ട്ടില്‍ വേമ്പനാട് കായലിന് അഭിമുഖമായി പടിഞ്ഞാറ് വശത്തായി കെട്ടിയിരിക്കുന്ന കോട്ടേജിന്റെ, വടക്ക് – പടിഞ്ഞാറ് മൂലയിലായി കായലിലേക്ക് വന്നു ചേരുന്ന തോട് പുറമ്പോക്കില്‍ നടത്തിയിരിക്കുന്ന കയ്യേറ്റഭൂമിയിലാണ് പ്രസ്തുത കോട്ടേജിന്റെ ഒരു ഭാഗം വരുന്നതെന്നാണ്. ഭൂമി കയ്യേറി അതില്‍ നിര്‍മാണം നടത്തിയിരിക്കുന്നതായാണ് റവന്യു വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇവിടെയുള്ള തോട് അതിന്റെ സ്വാഭാവിക വീതി നഷ്ടപ്പെട്ട അവസ്ഥയിലാണ്. തോട് മണ്ണിട്ട് നികത്തിയ ഭൂമിയിലാണ് നിരാമയയുടെ നിര്‍മാണ പ്രവര്‍ത്തനം. പ്രസ്തുത സ്ഥലം ഉള്ള ബ്ലോക്ക് നമ്പര്‍ 10-ല്‍ റീസര്‍വേ 302/1 ല്‍ പെട്ട തോട് പുറമ്പോക്കില്‍ 2.17 ആര്‍ വസ്തു (അഞ്ചര സെന്റിനു മുകളില്‍) കയ്യേറ്റം ആണെന്നാണ് അഡീഷണല്‍ തഹസില്‍ദാര്‍ റിസോര്‍ട്ട് ഉടമകളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്. ഇവിടെ നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ നിന്നും 83.2 മീറ്റര്‍ നീളത്തിലും ഏകദേശം ആറു മീറ്റര്‍ വീതിയിലുമാണ് കയ്യേറ്റം. കോട്ടേജിന്റെ വരാന്തയുടെ പകുതിയില്‍ വച്ച് കയ്യേറ്റസ്ഥലത്താണ് കെട്ടിടം നില്‍ക്കുന്നത്.

"</p

ഈ കോട്ടേജിന്റെ ഒരു ഭാഗമാണ് തോട് പുറമ്പോക്കില്‍ കയറ്റി നിര്‍മിച്ചിരിക്കുന്നത്. ഇതു പൊളിച്ചു മാറ്റണമെന്നാണ് പഞ്ചായത്ത് ആവശ്യപ്പെട്ടിരിക്കുന്നത്‌

എന്നാല്‍ ഈ ഭൂമി ഒരിക്കലും കയ്യേറ്റമല്ലെന്നാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. “ഇത് ഞങ്ങളുടെ അധീനതയിലും ഉടമസ്ഥതയിലും ഉള്ള ഭൂമിയാണ്. ആവശ്യമായ രേഖകളുണ്ട്. ഭൂമിയുടെ പോക്ക് വരവ് രേഖകളും ഉണ്ട്. ടോറസ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ അത് വ്യക്തമാകും. ഞങ്ങള്‍ക്ക് നോട്ടീസ് കിട്ടുന്ന മുറയ്ക്ക് ഈ രേഖകള്‍ കളക്ട്രേറ്റിലും പഞ്ചായത്തിലും സമര്‍പ്പിക്കും. ഇപ്പോള്‍ നടക്കുന്നത് ഞങ്ങള്‍ക്കെതിരായ പ്രതികാര നടപടികളാണ്. ഇക്കാര്യത്തില്‍ കളക്ടര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്”; നിരാമയ അധികൃതരുടെ മറുപടി.

"</p

തോട് പുറമ്പോക്ക് കയ്യേറിയതായി വ്യക്തമാക്കി താലൂക്ക് സര്‍വേയര്‍ നല്‍കിയ സ്‌കെച്ച്. പെന്‍സില്‍ കൊണ്ട് ഷെയ്ഡ് ചെയ്തിരിക്കുന്ന ഭാഗമാണ് കയ്യേറ്റഭൂമി

എന്നാല്‍ റവന്യു നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ വെള്ളിയാഴ്ച തന്നെ പഞ്ചായത്ത് നിരാമയ്ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റി 15 ദിവസത്തിനകം തോട് പുറമ്പോക്ക് അനധികൃതമായി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചു നീക്കാനാണ് ആവശ്യം. കയ്യേറ്റം നീക്കം ചെയ്യലും അനധികൃതമായി ഭൂമി കൈവശം വച്ചതിന് പഞ്ചായത്തിരാജ് ആക്ട് പ്രകാരം പിഴ ഇടാക്കാനും പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. നോട്ടീസില്‍ ആക്ഷേപം ബോധ്യപ്പെടുത്താന്‍ 15 ദിവസത്തെ സമയം റിസോര്‍ട്ട് അധികൃതര്‍ക്ക് നല്‍കിയിട്ടുണ്ട്.

കയ്യേറ്റവും നിയമ ലംഘനവും മാത്രമല്ല, തൊഴിലാളി വഞ്ചനയും; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖറിന്റെ റിസോര്‍ട്ടില്‍ തൊഴിലാളി സമരം

അതേസമയം ബ്ലോക്ക് നമ്പര്‍ 11-ല്‍പ്പെട്ട കായല്‍ പുറമ്പോക്കിലെ കയ്യേറ്റഭൂമി തങ്ങളുടേതല്ലെന്ന നിലപാടാണ് റിസോര്‍ട്ടുകാര്‍ക്ക്. ഇവിടെ 12.5 മീറ്റര്‍ നീളത്തിലും 8.3 മീറ്റര്‍ വീതിയിലും കായല്‍ പുറമ്പോക്ക് ഉണ്ട്. ഒരു സെന്റില്‍ കുറയാത്ത ഈ ഭൂമി റിസോര്‍ട്ടിന്റെ മതില്‍ വളപ്പിലാണ്. എന്നാല്‍ മതില്‍ നേരത്തെതന്നെയുണ്ടായിരുന്നുവെന്നും തങ്ങളല്ല കെട്ടിയതെന്നുമാണ് റിസോര്‍ട്ട് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഭാവിയില്‍ ഈ ഭൂമിയിലും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കാമെന്നു തന്നെയാണ് പഞ്ചായത്ത് ചൂണ്ടിക്കാണിക്കുന്നത്.

"</p

മതില്‍ കാണുന്ന ഭാഗമാണ് കായല്‍ പുറമ്പോക്ക് കയ്യേറ്റം

ആകെ ഏഴ് സെന്റിനു മുകളില്‍ പുറമ്പോക്ക് ഭൂമി നിരാമയ റിസോര്‍ട്ട് കൈയേറിയിട്ടുണ്ടെന്നു തന്നെയാണ് റവന്യൂ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്. കയ്യേറ്റഭൂമിയില്‍ തന്നെ നിര്‍മാണപ്രവര്‍ത്തനവും നടത്തിയിരിക്കുന്നു. മുന്‍പ് ഇവിടെ നടത്തിയ അളവില്‍ കണ്ടെത്തിയ അതേ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നതും കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് കയ്യേറ്റം ഉണ്ടെന്നു പറയുന്നതെന്നും റവന്യു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുമ്പോഴും തങ്ങളുടെ കയ്യേറ്റം അംഗീകരിക്കാത്ത നിലപാടുമായാണ് നിരാമയ റിസോര്‍ട്ട് അധികൃതര്‍ നില്‍ക്കുന്നത്. റവന്യു രേഖകളില്‍ പറയുന്ന കയ്യേറ്റം ടോറസ് റെക്കോര്‍ഡ് പ്രകാരം ഇല്ലാത്തതാണെന്നു തെളിയിക്കാനുള്ള ശ്രമമാണ് റിസോര്‍ട്ടുകാരുടേത്. ഇതനുസരിച്ച് കളക്ടര്‍ക്ക് പരാതി നല്‍കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി റിസോര്‍ട്ടുകാര്‍ മുന്നോട്ടു പോകും. കോടതിയില്‍ വരെ കാര്യങ്ങള്‍ എത്താം. കയ്യേറ്റഭൂമി ഒഴിപ്പിക്കലും അനധികൃത നിര്‍മാണം പൊളിച്ചു നീക്കുന്നതും ഇനിയും വൈകിയാലും അത് പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ പിടിപ്പുകേടായി പരിഹസിച്ച് ചര്‍ച്ചകള്‍ നടത്തേണ്ടതില്ല. നിയമത്തിന്റെ സ്വാഭാവിക കാലതാമസം മാത്രമായിരിക്കുമത്. എങ്കിലും തോമസ് ചാണ്ടിയുടെ കയ്യേറ്റത്തിന്റെ കാര്യത്തില്‍ റവന്യു രേഖകള്‍ വിശ്വസിക്കാമെങ്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ നിരാമയ റിസോര്‍ട്ടിന്റെ കയ്യേറ്റത്തിന്റെ കാര്യത്തിലും അതാകാം എന്നു തന്നെയാണ് പൊതുജനാഭിപ്രായം.

‘ഈ റിസോര്‍ട്ട് ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നു’; ഏഷ്യാനെറ്റ് ഉടമ രാജീവ് ചന്ദ്രശേഖര്‍ എം പിയുടെ നിരാമയക്കെതിരെ നാട്ടുകാര്‍

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍