വെറുമൊരു ജീവനക്കാരിയായിരുന്നുവെങ്കില്‍ എന്തിനാണ് കുമാര്‍ പറഞ്ഞ അതേ കള്ളത്തരം ശാലിനിയും ആവര്‍ത്തിച്ചത്? ഇടപാടുകാരെ പറഞ്ഞു പറ്റിക്കാന്‍ നോക്കിയത്?
രാജ് കുമാര്‍ കസ്റ്റഡി കൊലപാതകത്തിനു പിന്നിലെ നെടുങ്കണ്ടം ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ടാം പ്രതി ശാലിനി മാധ്യമങ്ങളോട് സംസാരിച്ച കാര്യങ്ങളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടോ? വായ്പ കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് കുമാറിനെ (രാജ് കുമാര്‍) പരിചയപ്പെടുന്നതെന്നും അതിനുശേഷമാണ് തന്നെ സ്ഥാപനത്തിലെ ജീവനക്കാരിയാക്കുന്നതെന്നുമാണ് ശാലിനി പറയുന്നത്. ഹരിത ഫിനാന്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ പോസ്റ്റിലായിരുന്നു ശാലിനി ഉണ്ടായിരുന്നത്. ശാലിനി പറയുന്നതനുസരിച്ച് സംഘത്തിലേക്ക് (ഹരിത ഫിനാന്‍സ്) കൂടുതല്‍ ആളുകളെ ചേര്‍ത്തതിന്റെ പുറത്താണ് തനിക്ക് എംഡി പോസ്റ്റ് നല്‍കിയെന്നാണ്. ആളുകളുടെ കൈയില്‍ നിന്നും വാങ്ങിയ പണം കുമാറിനെ ഏല്‍പ്പിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കിട്ടുന്ന പണം മലപ്പുറത്തേക്ക് കൊണ്ടുപോകുമെന്ന് കുമാര്‍ പറഞ്ഞുള്ള അറിവ് മാത്രമാണ് തനിക്കുള്ളതെന്നും ശാലിനി മാധ്യമങ്ങളോട് വെളിപ്പെടുത്തുന്നുണ്ട്. ഹരിത ഫിനാന്‍സുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന നാസര്‍, രാജു എന്നിവരെ തനിക്ക് നേരിട്ട് അറിയില്ലെന്നും പണം മുടക്കുന്നത് നാസറാണെന്ന് കുമാറാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നും ശാലിനി പറയുന്നു. 15 ലക്ഷം രൂപ മാത്രമാണ് ഇടപാടുകാരില്‍ നിന്നും പിരിച്ചെടുത്തിട്ടുള്ളതെന്നും കോടികള്‍ കിട്ടിയിട്ടുണ്ടെന്ന വാര്‍ത്ത ശരിയല്ലെന്നും താനറിയാതെ പണം കുമാര്‍ പിരിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം തനിക്കറിയില്ലെന്നു കൂടി ശാലിനി പറഞ്ഞുവയ്ക്കുന്നു.
ഈ വിഷയത്തില്‍ അഴിമുഖം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായ കാര്യങ്ങള്‍ ഇവിടെ വായിക്കാം:
ഹരിത ഫിനാന്‍സ് എന്നാല്‍ കുമാറോ ശാലിനിയോ?
വായ്പ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ശാലിനി കുമാറിനെ ആദ്യമായി പരിചയപ്പെടുന്നതെന്ന വാദത്തിലാണ് ആദ്യത്തെ പൊരുത്തക്കേട്. ഹരിത ഫിനാന്‍സില്‍ നിന്നും ചെറിയ പലിശയ്ക്ക് ലക്ഷങ്ങള്‍ വായ്പ കിട്ടുമെന്ന് മറ്റുള്ളവരോട് ആദ്യം പറയുന്നൊരാള്‍ ശാലിനിയാണ്. ആലപ്പുഴയില്‍ നിന്നും നെടുങ്കണ്ടം തൂക്കുപാലത്ത് വന്ന് വാടകയ്ക്ക് താമസിക്കുന്ന വ്യക്തിയാണ് ശാലിനി. അവിടുത്തെ സ്ഥിരതാമസക്കാരായിട്ടുള്ളവരെക്കാള്‍ മുന്നേ ഇങ്ങനെയൊരു സാമ്പത്തിക സ്ഥാപനത്തെക്കുറിച്ച് ശാലിനിക്ക് അറിവ് കിട്ടിയതെങ്ങനെയെന്നൊരു ചോദ്യമുണ്ട്. ഹരിത ഫിനാന്‍സിലെ തന്നെ ജീവനക്കാരായിയിരുന്ന ലാലി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക; തങ്ങളുടെ കുടുംബശ്രീ സ്വായശ്ര സംഘത്തിലെ അംഗമായിരുന്നു ശാലിനി. പണത്തിന്റെ ആവശ്യത്തെക്കുറിച്ച് സംഘത്തിലുള്ളവര്‍ പരസ്പരം സംസാരിച്ചപ്പോഴാണ്, ‘നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും പണം വേണമെങ്കില്‍ എന്നോട് പറയണം’ എന്നു ശാലിനി പറയുന്നത്. എത്ര രൂപയാണോ വായ്പയായി വേണ്ടത് അതിനു മുമ്പായി ആദ്യം ഒരു തുക അടയ്ക്കണം. ആവശ്യപ്പെടുന്ന രേഖകളും നല്‍കണം. അതിനുശേഷം വായ്പ പണം ലഭിക്കും. കുമാറിനെ കുറിച്ചു പറയുന്നതും ശാലിനിയാണ്. താനും കുമാറും ഇടയ്ക്ക് നില്‍ക്കുന്നവരാണെന്നും മലപ്പുറത്തുള്ള നാസര്‍, രാജു എന്നിവരാണ് പണം നല്‍കുന്നതെന്നും ശാലിനി പറഞ്ഞിരുന്നു. നിക്ഷേപകരുടെ കൈയില്‍ നിന്നും വാങ്ങുന്ന പണം ഇവര്‍ക്കാണ് കൊടുത്തിരുന്നത്. ഇവര്‍ രേഖകളും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തിയതിനുശേഷം ഒന്നുകില്‍ നേരിട്ടോ അല്ലെങ്കില്‍ താനോ കുമാറോ മുഖേനയോ പണം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തൂക്കുപാലത്തെ ഓഫിസും ലൈസന്‍സുമെല്ലാം ശാലിനിയുടെ പേരിലായിരുന്നു. ശാലിനി പറഞ്ഞതനുസരിച്ച് അഞ്ചുലക്ഷം രൂപ വായ്പ്പയ്ക്കായി അയ്യായിരം രൂപ അടച്ച ലാലിയെ പിന്നീട് അവിടുത്തെ സ്റ്റാഫ് ആക്കുകയായിരുന്നു. ലാലിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് മെംബര്‍മാരെ ഉള്‍ പ്പെടെ നൂറോളം പേരെ ഹരിത ഫിനാന്‍സില്‍ വായ്പയ്ക്കായി ചേര്‍ക്കുകയും ചെയ്തു. ഒരു മാസവും പത്തുദിവസവും ഹരിത ഫിനാന്‍സില്‍ ജോലി ചെയ്ത ലാലിക്ക് പന്ത്രാണ്ടായിരം രൂപ ശമ്പളവും നല്‍കിയിരുന്നു. മഞ്ജുവിനെ ഹരിത ഫിനാന്‍സിലെ മാനേജര്‍ ആക്കുന്നതും ശാലിനിയാണ്.
ലാലിയെപോലെ ജീവനക്കാരായിരുന്നവരും പണം നിക്ഷേപിച്ചിരുന്നവരുമെല്ലാം പറയുന്ന ഒരു കാര്യം ശാലനിയായിരുന്നു ആ സ്ഥാപനത്തിലെ പ്രധാനിയെന്നാണ്. ഡയറക്ടര്‍ ആയി കുമാറിനെ മുന്നില്‍ നിര്‍ത്തിയിരുന്നുവെങ്കിലും ഇടപാടുകളെല്ലാം നടന്നിരുന്നത് ശാലിനിയും മഞ്ജുവും വഴിയായിരുന്നു. ഇവരുടെ ഫോണ്‍ നമ്പറുകളായിരുന്നു എല്ലായിടത്തും കൊടുത്തിരുന്നത്. വിളിക്കുന്നവരോടെല്ലാം തന്റെ വീട്ടിലേക്ക് വരാനായിരുന്നു ശാലിനി പറഞ്ഞിരുന്നതും. കുമാറിനെ അധികം കണ്ടിട്ടും സംസാരിച്ചിട്ടുമില്ലെന്നാണ് ഇടപാടുകാരില്‍ ഭൂരിപക്ഷവും പറയുന്നത്. അതായത് ശാലിനിയോ മഞ്ജുവോ അറിയാതെ കുമാര്‍ സ്വന്തം നിലയ്ക്ക് ആരുടെയെങ്കിലും പക്കല്‍ നിന്നും പണം വാങ്ങാന്‍ സാധ്യത കുറവാണ്.
ശാലിനിക്ക് കുമാര്‍ ചേട്ടായി
ഒരു ജീവനക്കാരിയും മേലധികാരിയും തമ്മിലുള്ള ബന്ധമായിരുന്നില്ല ശാലനിക്കും കുമാറിനും ഇടയില്‍ ഉണ്ടായിരുന്നതെന്ന് പറയുന്നവരില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ മെംബര്‍മാര്‍ ഉള്‍പ്പെടെയുണ്ട്. കുമാറിന്റ ഭാര്യയാണ് ശാലിനിയെന്നാണ് തങ്ങളെല്ലാം കരുതിയിരുന്നതെന്നും ഇവര്‍ പറയുന്നു. സാര്‍, എന്നല്ല ചേട്ടായി എന്നായിരുന്നു ശാലാനി കുമാറിനെ വിളിച്ചിരുന്നതെന്നും പണം നിക്ഷേപിച്ചവര്‍ പറയുന്നുണ്ട്. ശാലിനി പരിചയമുണ്ടായിരുന്നവര്‍ക്കുപോലും അവരുടെ കുടുംബ പശ്ചാലത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. ഭര്‍ത്താവ് മാനസികരോഗിയായിരുന്നുവെന്നും ഉപേക്ഷിച്ചു പോയതാണെന്നും ശാലിനി പറഞ്ഞിട്ടുള്ളതായി ചിലര്‍ പറയുന്നു. പണം നിക്ഷേപിച്ചവര്‍ ഡയറക്ടറായി കുമാറിനോട് അധികം സംസാരിക്കാതെ ശാലിനി നോക്കിയിരുന്നുവെന്നും പഞ്ചായത്ത് മെംബര്‍മാര്‍ പറയുന്നുണ്ട്. കുമാറിന് കാന്‍സര്‍ ആണെന്നും സംസാരിക്കാന്‍ ബുദ്ധിമുണ്ടെന്നും ഫോണ്‍ പോലും ഉപയോഗിക്കാത്തത് അതുകൊണ്ടാണെന്നും ശാലിനി തങ്ങളോട് പറഞ്ഞിട്ടുണ്ടെന്ന് ഹരിത ഫിനാന്‍സില്‍ വായ്പയ്ക്കായി പണം നിക്ഷേപിച്ചിരുന്ന പഞ്ചായത്ത് മെംബര്‍മാര്‍ അഴിമുഖത്തോട് പറഞ്ഞിരുന്നു. കുമളിയിലും ഏറ്റുമാനൂരിലുമൊക്കെ ജോലി നോക്കിയിട്ടുള്ള ഒരു റിട്ടയേര്‍ഡ് പോസ്റ്റ്മാന്‍ ആണ് കുമാര്‍ എന്നും വിവാഹമോചിതനും രണ്ട് പെണ്‍കുട്ടികളുടെ അച്ഛനുമൊക്കെയാണ് അയാളെന്നുമൊക്കെ തങ്ങളോട് പറഞ്ഞതും ശാലിനി തന്നെയാണെന്നു വെളിപ്പെടുത്തുന്നത് ഹരിത ഫിനാന്‍സിലെ ജീവനക്കാരിയായിരുന്ന ലാലിയാണ്. എല്ലാവര്‍ക്കും വായ്പയെല്ലാം ശരിയാക്കിയിട്ടു വേണം കുമാറിനെ ചികിത്സയ്ക്കു കൊണ്ടുപോകാനെന്നും ശാലിനി പണം നിക്ഷേപിക്കാന്‍ വന്നവരോട് പറഞ്ഞിട്ടുണ്ട്.
കുമാര്‍ പറഞ്ഞ കള്ളങ്ങള്‍ ശാലിനി വിശ്വസിക്കുകയായിരുന്നോ?
എസ്റ്റേറ്റിലെ ജോലിക്കിടയില്‍ അബദ്ധത്തില്‍ കാലിലെ ഞരമ്പില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് നടക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെന്നതൊഴിച്ചാല്‍ കുമാറിന് മറ്റൊരസുഖവും തങ്ങളുടെ അറിവില്‍ അന്നുവരെ (കോലാഹലമേട്ടിലെ വീട്ടില്‍ നിന്നും നാലു മാസങ്ങള്‍ക്കു മുമ്പ് പോകുന്നതുവരെ) ഉണ്ടായിരുന്നില്ലെന്നാണ് ഭാര്യ വിജയയും അമ്മ കസ്തൂരിയും ബന്ധുക്കളുമെല്ലാം പറയുന്നത്. അങ്ങനെയെങ്കില്‍ ശാലിനി ഇടപാടുകാരോടെല്ലാം കുമാറിന് കാന്‍സര്‍ ആണെന്ന് എന്തിനു പറയണം? ഒന്നുകില്‍ കുമാര്‍ ശാലിനിയെ പറഞ്ഞു വിശ്വസിപ്പിച്ച കാര്യങ്ങളാകാം. എന്നാല്‍ ഏഴാം ക്ലാസ് വിദ്യഭ്യാസം മാത്രമുള്ള, മലയാളം എഴുതാനും വായിക്കാനും നന്നായി പറയാനും പോലും അറിയാത്ത, ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാക്കാന്‍ അറിയാത്ത (ഹരിത ഫിനാന്‍സിന്റെ ഡയറക്ടറായിരുന്ന കാലത്ത് കുമാറിന് സ്മാര്‍ട്ട് ഫോണ്‍ ഉണ്ടായിരുന്നു. പക്ഷേ അത് കുമാറിനു വേണ്ടി ഉപയോഗിച്ചിരുന്നത് മൂന്നാം പ്രതി മഞ്ജുവിന്റെ ഭര്‍ത്താവ് അജിയായിരുന്നു. വരുന്ന കോളുകള്‍ക്ക് മറുപടി കൊടുക്കുന്നതും അങ്ങോട്ടു വിളിക്കുന്നതുമൊക്കെ അജിയായിരുന്നു. കുമാര്‍ എടുത്ത ഇന്നോവ ക്രിസ്റ്റയുടെ ഡ്രൈവര്‍ ആയിരുന്നു അജി. കുമാറിനൊപ്പം എല്ലായിടത്തും പോയിരുന്നതും അജിയായിരുന്നുവത്രേ. ഈ വാഹനം കുമാര്‍ ഒന്നരലക്ഷം രൂപ കൊടുത്ത് തവണ വ്യവസ്ഥയില്‍ എടുത്തതാണെന്നു പറയുന്നു. ഇടപാടുകാര്‍ ബഹളവുമായി കുമാറിന്റെ വാടക വീട് വളഞ്ഞ ദിവസം രാത്രി ആരോ വിളിച്ചറിയിച്ചതനുരിച്ച് വാഹനം നല്‍കിയയാള്‍ എത്തി അതു കൊണ്ടുപോവുകയായിരുന്നു. മുഴുവന്‍ പണം നല്‍കിയാല്‍ വാഹനം തിരിച്ചു തരാം, അതല്ലെങ്കില്‍ കുമാര്‍ നല്‍കിയ പണം തിരിച്ചു തരാം എന്നു പറഞ്ഞാണ് വാഹനവുമായി പോയതെന്നും അന്നവിടെ ഉണ്ടായിരുന്നവര്‍ പറയുന്നുണ്ട്). പ്ലസ്ടു വരെ പഠിച്ചിട്ടുള്ള ശാലിനിയെ കുമാര്‍ നുണകള്‍ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് കരുതാന്‍ പ്രയാസമാണ്.
കുമാറിനൊപ്പം നിന്ന് ശാലിനിയും എന്തിനു കള്ളം പറഞ്ഞു?
വാങ്ങിച്ച പണം തിരിച്ചു കൊടുക്കാനാണെങ്കില്‍ തനിക്ക് 24 മണിക്കൂര്‍ സമയം തരണം, വായ്പ കൊടുക്കാനാണെങ്കില്‍ രണ്ടു ദിവസവും തരണമെന്നു കുമാര്‍ പോലീസുകാരോട് അപേക്ഷിച്ചിരുന്നതായും ശാലിനി ഇപ്പോള്‍ പറയുന്നുണ്ട്. എന്നാല്‍ നെടുങ്കണ്ടം പഞ്ചായത്തംഗം ആലീസ് തോമസ് പറയുന്നതനുസരിച്ച്, കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനു ദിവസങ്ങള്‍ക്കു മുമ്പ് ഹരിത ഫിനാന്‍സിനെതിരേ പോലീസില്‍ പരാതി ചെന്നിരുന്നു. ഈ പരാതിയുടെ പുറത്ത് നെടുങ്കണ്ടം എസ് ഐ കുമാറിനോട് പറഞ്ഞിരുന്നത്, ജൂണ്‍ 10 തിങ്കളാഴ്ച്ച നാലു മണിക്ക് ആള്‍ക്കാര്‍ക്ക് വായ്പ കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മേടിച്ച പണം തിരിച്ചു കൊടുക്കണം എന്നായിരുന്നു. അതിനു കഴിഞ്ഞിട്ടില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പും ഉണ്ടായിരുന്നു. എന്നാല്‍ ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയും ഹരിത ഫിനാന്‍സിന്റെ ഓഫിസില്‍ ചെന്ന് ബഹളം വച്ച ഇടപാടുകാരോട് അവരുടെ കാശ് തരാമെന്നു പറഞ്ഞത് ശാലിനിയും കൂടിയായിരുന്നു. വന്നവര്‍ മുഴുവന്‍ തങ്ങളുടെ പണം തിരിച്ചു തരണം എന്നു പറഞ്ഞ് പ്രതിഷേധിക്കുന്നതും ശാലിനിയോടും മഞ്ജുവിനോടും ആയിരുന്നു. അതുകഴിഞ്ഞ് തൂക്കുപാലത്തെ കുമാറിന്റെ വീട് ഇടപാടുകാര്‍ വളഞ്ഞ സമയത്താണ് കുട്ടിക്കാനം ബാങ്കില്‍ സ്ഥലം വിറ്റ വകയില്‍ നാലു കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അതെടുത്തു തരാമെന്നും കുമാര്‍ പറയുന്നത്. ശാലിനിയും അതു തന്നെയാണ് പറഞ്ഞത്.’ അന്ന് ആലീസ് തോമസും കൂടെ പോയിരുന്നു. ബാങ്കിനുള്ളിലേക്ക് കുമാറിനൊപ്പം ശാലിനിയും പോയിരുന്നു. പണം ശാലിനിയുടെ പേരിലേക്ക് മാറ്റാമെന്നും എല്ലാവര്‍ക്കും ശാലിനി പണം തരുമെന്നുമായിരുന്നു കുമാര്‍ പറഞ്ഞത്. അപ്പോഴാണ് മഞ്ജു ബഹളം ഉണ്ടാക്കിയത്. ശാലിനിയുടെ പേരിലേക്ക് മാത്രം പണം കൈമാറുന്നതെന്തിനെന്നു ചോദിച്ചായിരുന്നു മഞ്ജുവിന്റെ പ്രതിഷേധം. തുടര്‍ന്ന് ശാലിനി മഞ്ജുവിനോട് പറഞ്ഞത് അമ്പതുലക്ഷം രൂപ മഞ്ജുവിന്റെ അക്കൗണ്ടിലേക്ക് മാറ്റാം എന്നായിരുന്നു. ബാങ്ക് സെക്രട്ടറിയുടെ മുന്നിലിരുന്ന് ശാലിനി മഞ്ജുവിന് ചെക്ക് എഴുതി നല്‍കിയെന്നും മെംബര്‍ ആലീസ് തോമസ് പറയുന്നുണ്ട്. അന്നു വൈകുന്നേരമോ നാളെയോ ആയിട്ട് എല്ലാവര്‍ക്കും പണം കിട്ടുമെന്നായിരുന്നു ശാലിനിയും കുമാറും പറഞ്ഞിരുന്നത്. ശാലിനി നല്‍കിയ ചെക്കുമായി മഞ്ജുവും ഭര്‍ത്താവ് അജിയും മറ്റു ചിലരും സംസാരിച്ചശേഷം മഞ്ജു ബാങ്കിലേക്ക് കയറിപ്പോവുകയും അവിടെ നിന്നും ഇറങ്ങി വന്നത് ശാലിനിയും കുമാറും എല്ലാവരേയും പറ്റിക്കുകയാണെന്നും തനിക്ക് ചെക്ക് നല്‍കിയ അക്കൗണ്ടില്‍ ആകെ ആയിരം രൂപ മാത്രമെ ഉള്ളൂവെന്നും പറഞ്ഞായിരുന്നു. തുടര്‍ന്നാണ് കുമാറിനെയും ശാലിനിയേയും മഞ്ജുവിനെയും പോലീസിനെ ഏല്‍പ്പിക്കുന്നതെന്നും ആലീസ് തോമസ് പറയുന്നു. കുമാറിന്റെ അക്കൗണ്ടില്‍ പണം ഇല്ലായിരുന്നുവെന്ന കാര്യം ശാലിനിക്കും അറിയാമായിരുന്നുവെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. വെറുമൊരു ജീവനക്കാരിയായിരുന്നുവെങ്കില്‍ എന്തിനാണ് കുമാര്‍ പറഞ്ഞ അതേ കള്ളത്തരം ശാലിനിയും ആവര്‍ത്തിച്ചത്? ഇടപാടുകാരെ പറഞ്ഞു പറ്റിക്കാന്‍ നോക്കിയത്?
ആകെ പതിനഞ്ചുലക്ഷമേ പിരിച്ചിട്ടുള്ളോ?
ശാലിനി പറയുന്ന മറ്റൊരു കാര്യം തന്റെ അറിവില്‍ പതിനഞ്ചു ലക്ഷം രൂപയെ പിരിച്ചെടുത്തിട്ടുള്ളൂവെന്നാണ്. തന്റെ ബാഗില്‍ ഉണ്ടായിരുന്ന രണ്ടര ലക്ഷത്തോളം രൂപ പോലീസുകാര്‍ തട്ടിയെടുത്തെന്ന ആരോപണവും ശാലിനി ഉന്നയിക്കുന്നുണ്ട്. ശാലിനി പറഞ്ഞ പ്രകാരം ആകെ പതിനഞ്ചു ലക്ഷം രൂപയെ പിരിച്ചെടുത്തിട്ടുള്ളൂവെങ്കില്‍ കുമാര്‍ എന്തിനാണ് നാല്‍പ്പത് ലക്ഷം രൂപ തന്റെ വീട്ടില്‍ വച്ചിട്ടുണ്ടെന്നു പറഞ്ഞത്? കുമാറിന്റെ ബന്ധു രാജേന്ദ്രന്‍ പറയുന്നത്, കോലാഹലമേട്ടിലെ ലയത്തില്‍ 12-ആം തീയതി രാത്രി കുമാറിനെയും കൊണ്ടു വന്ന പോലീസ് ഈ പണം തിരക്കിയാണ് വന്നതെന്നാണ്. രാജേന്ദ്രന്‍ അന്നു നടന്ന സംഭവങ്ങളുടെ ദൃക്‌സാക്ഷിയാണ്. ഒരേ ലയത്തിലാണ് രാജേന്ദ്രനും കുമാറും താമസിക്കുന്നത്. അടുത്തടുത്ത മുറികളാണ് ഇവരുടേത്. പോലീസ് ആദ്യം വന്നു മുട്ടിവിളിക്കുന്നതും രാജേന്ദ്രന്റെ വാതിലിലാണ്. വീട്ടില്‍ വച്ചിട്ടുണ്ടെന്നു നീ പറഞ്ഞ നാപ്പത് ലക്ഷം രൂപ എവിടെയാടാ എന്നു കുമാറിനോട് പോലീസുകാര്‍ ചോദിക്കുന്നത് താന്‍ കേട്ടതാണെന്ന് രാജേന്ദ്രന്‍ പറയുന്നുണ്ട്. ഈ പണം കണ്ടെത്താന്‍ വേണ്ടി കുമാറിന്റെ വീടിനകത്ത് മുഴുവന്‍ പോലീസ് പരിശോധനയും നടത്തിയിരുന്നു. നാല്‍പ്പത് ലക്ഷത്തിന്റെ കണക്ക് കുമാര്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ശാലിനി പറഞ്ഞതുപോലെ, അവരാരും അറിയാതെ കുമാര്‍ സ്വന്തം നിലയ്ക്ക് പണം പിരിച്ചിട്ടുണ്ട്. എന്നാല്‍ കുമാറിന്റെ കൈയില്‍ പണം കൊണ്ടുപോയി കൊടുത്തിട്ടുള്ളവരുണ്ടെങ്കിലും അവരെല്ലാം തന്നെ കുമാറിനെ പണം നല്‍കുന്ന ആ സമയത്ത് മാത്രമാണ് കണ്ടിട്ടുള്ളത്. ശാലിനിയേയും മഞ്ജുവിനെയുമായിരുന്നു എല്ലാവര്‍ക്കും അറിയാമായിരുന്നത്. ലാലിയെപോലുള്ള കോര്‍ഡിനേറ്റര്‍മാരും (അങ്ങനെയായിരുന്നു ജീവനക്കാരെ പറഞ്ഞിരുന്നത്) ആളുകളെ ചേര്‍ത്തിരുന്നു. കുമാര്‍ നേരിട്ട് ഇറങ്ങി നിക്ഷേപം സ്വീകരിച്ചിരുന്നില്ലെന്നാണ് ഇവരെല്ലാം തന്നെ പറയുന്നത്. നൂറു കണക്കിന് വ്യക്തികളെ കൂടാതെ നൂറ്റിനാപ്പതോളം ജെഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്)കളും വായ്പയ്ക്കായി പണം നിക്ഷേപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട് (ഇത് കൃത്യമായി കണക്കാണെന്ന് ഉറപ്പില്ല). ഒരു ജെഎല്‍ജിയില്‍ കുറഞ്ഞത് അഞ്ചുപേര്‍ വേണം. ഇതില്‍ ഒരാള്‍ ഏറ്റവും കുറഞ്ഞത് രണ്ടായിരം രൂപയാണ് നിക്ഷേപിക്കുന്നത്. ഈ കണക്കു പ്രകാരമാണെങ്കില്‍ ശാലിനി ഇപ്പോള്‍ പറയുന്നതിലും കൂടുതല്‍ പണം ഹരിത ഫിനാന്‍സ് പിരിച്ചെടുത്തിട്ടുണ്ട്.
ഇനിയാണ് ഈ കഥയിലെ നിര്‍ണായകമായൊരു ട്വിസ്റ്റ്
മലപ്പുറത്തുകാരായ രാജു, നാസര്‍ എന്നിവര്‍ക്ക് കോലാഹലമേടുകാരനായ രാജ് കുമാറുമായി എന്താണ് ബന്ധം എന്ന് അന്വേഷിച്ചു പോകുമ്പോള്‍ കിട്ടുന്ന വിവരങ്ങളിലും ശാലിനിയുടെ സാന്നിധ്യമുണ്ട്. ഏലപ്പാറ പഞ്ചായത്തില്‍പ്പെട്ട ബോണാമീ ആണ് രാജ് കുമാറിന്റെ യഥാര്‍ത്ഥ നാട്. ഇവിടെ ഇയാള്‍ക്ക് ഇരുപത് സെന്റോളം (കൃത്യമായ വിവരമല്ല) ഭൂമി ഉണ്ടായിരുന്നു. ഈ ഭൂമി പണയം വച്ച് കുമാര്‍ മലപ്പുറത്തുകാരനായ നാസറിന്റെ കൈയില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാന്‍ കഴിയാതെ വന്നതോടെ നാസര്‍ കുമാറിനെതിരേ കേസ് കൊടുത്തു. മലപ്പുറം കോടതിയിലാണ് കേസ് എത്തിയത്. ഇതേ തുടര്‍ന്നു ഭൂമി വിറ്റ് കടം തീര്‍ക്കാന്‍ കുമാര്‍ തീരുമാനിച്ചു. സൈമണ്‍ എന്നൊരു വസ്തു കച്ചവട ബ്രോക്കറെ അതിനായി ഏല്‍പ്പിക്കുകയും ചെയ്തു. സൈമണ്‍ സ്ഥലം വിറ്റുകൊടുത്തു. അതിന്റെ ബ്രോക്കര്‍ ഫീസായി മുപ്പതിനായിരം രൂപയും വാങ്ങിച്ചു. പക്ഷേ, കിട്ടിയ പണം പോരായിരുന്നു നാസറിന്റെ ഇടപാട് തീര്‍ക്കാന്‍. കേസില്‍ കുമാര്‍ ശിക്ഷിക്കപ്പെടുമെന്ന ഘട്ടത്തില്‍ കുമാറിന്റെ ഭാര്യ വിജയയുടെ അമ്മ അവരുടെ പേരില്‍ ഉണ്ടായിരുന്ന ഭൂമി വിറ്റു കിട്ടിയ പണം കൊടുത്താണ് കേസ് ഒത്തുതീര്‍പ്പാക്കുന്നത്. കുമാറിന്റെ ഭാര്യ വിജയ പറഞ്ഞതാണെന്നു പറഞ്ഞാണ് രാജേന്ദ്രന്‍ ഇക്കാര്യങ്ങള്‍ അഴിമുഖത്തോട് പങ്കുവയ്ക്കുന്നത്.
കുമാര്‍ പണം കടം വാങ്ങിയ നാസര്‍ തന്നെയാണ് ഹരിത ഫിനാന്‍സിന്റെ പിന്നിലും പറയുന്ന നാസര്‍. പക്ഷേ, ഈ സംഭവം കഴിഞ്ഞിട്ട് കാലങ്ങളായെന്നും പറയുന്നു. ബോണാമീയില്‍ നിന്നും വന്നാണ് കുമാറും വിജയയും കോലാഹലമേട്ടില്‍ താമസം ആരംഭിക്കുന്നത്. ആദ്യം കുറെനാള്‍ വാടക വീട്ടില്‍ ആയിരുന്നു. വാടക കൊടുക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ വിജയ ജോലി ചെയ്തിരുന്ന എസ്‌റ്റേറ്റിന്റെ മാനേജരോട് അപേക്ഷിച്ചിട്ടാണ് ഇപ്പോള്‍ താമസിക്കുന്ന ലയം അനുവദിച്ചു കിട്ടുന്നത്. ഒരു വര്‍ഷത്തോളമേ ആകുന്നുള്ളൂ ഇവിടെ താമസിക്കാന്‍ തുടങ്ങിയിട്ട്. ഇക്കാലത്തിനിടയിലെല്ലാം എംഎംജെ എന്ന ടീ എസ്‌റ്റേറ്റിലെ ജോലിക്കാരനായിരുന്നു കുമാര്‍. അയാള്‍ അവിടെ നിന്നും മാറി താമസിക്കുകയോ മറ്റു ജോലികള്‍ക്ക് പോവുകയോ ചെയ്തിട്ടുമില്ല. മുന്‍പത്തെ ഇടപാടില്‍ നാസറുമായി ഉണ്ടായ ബന്ധം കുമാര്‍ തുടര്‍ന്നിരുന്നുവോ എന്നു ഭാര്യക്കോ ബന്ധുക്കള്‍ക്കോ അറിവുമില്ല. എന്നാല്‍ നാലു മാസങ്ങള്‍ക്കു മുമ്പ് പെട്ടെന്നൊരു ദിവസം ജോലിക്കാണെന്നു പറഞ്ഞ് കുമാര്‍ പോകുന്നത് നാസറിന്റെ അടുക്കലേക്കാണെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരങ്ങളെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ മനസിലാകുന്നത്. അതെങ്ങനെ സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല.
പക്ഷേ കുമാര്‍ പോയത് വളരെ ആസൂത്രിതമായി തന്നെയായിരുന്നു. പെട്ടെന്നൊരു ദിവസം ഇറങ്ങിപ്പോവുകയായിരുന്നില്ല. എന്തുകൊണ്ടെന്നു ചോദിച്ചാല്‍ രാജേന്ദ്രന്റെ മറുപടിയാണ് ഉത്തരം. പത്തിരുപത്തിയഞ്ച് വര്‍ഷത്തോളം എംഎംജെ എസ്‌റ്റേറ്റിലെ ജോലിക്കാരായിരുന്ന കുമാര്‍ അവിടെ നിന്നും തന്റെ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും എല്ലാം മേടിച്ചിരുന്നു. എന്നാല്‍ ആ വിവരം സ്വന്തം ഭാര്യയുടെ അടുത്ത് നിന്നു പോലും അയാള്‍ മറച്ചു വച്ചു. എസ്‌റ്റേറ്റില്‍ നിന്നും കിട്ടിയ പണം കുമാറിന്റെ കൈയില്‍ തന്നെയായിരുന്നു. അതുമാത്രമല്ല അയാള്‍ ചെയ്തത്, രണ്ടാമത്തെ മകന് കോളേജില്‍ നിന്നും കിട്ടിയ ലംപ് സം ഗ്രാന്റ് തുകയായ നാലായിരം രൂപ കൂടി എടുത്തുകൊണ്ടാണ് പോയത്’. അതായത് കുമാര്‍ നെടുങ്കണ്ടത്തേക്കു (അങ്ങോട്ട് തന്നെയാണ് അയാള്‍ ആദ്യം പോയതെന്നതിനും ഉറപ്പില്ല) പോയത്, ആസൂത്രിതമായി തന്നെയായിരുന്നു. ആരുടെയെങ്കിലും പ്രേരണ അതിനു പിന്നില്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് ശാലിനിയുടെ പേര് വീണ്ടും വരുന്നത്.
ജോലിക്കെന്നു പറഞ്ഞു പോയ കുമാറിനെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വിജയ വാഗമണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് കുമാറിനെ കുറിച്ച് വിജയയോ ബന്ധുക്കളോ കൂടുതല്‍ അന്വേഷിക്കാന്‍ നിന്നില്ല, കാരണം കുമാര്‍ ഒരു സ്ത്രീക്കൊപ്പം പോയതാണെന്ന് വിവരം അവര്‍ക്ക് കിട്ടിയതാണ്. ആ സ്ത്രീ ശാലിനിയാണെന്നാണ് രാജേന്ദ്രന്‍ അടക്കമുള്ളവര്‍ വിശ്വസിക്കുന്നത്. വിജയയ്‌ക്കൊപ്പം എസ്റ്റേറ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ തന്നെയാണ് കുമാറിനെയും കൂടെ ഒരു പെണ്ണിനെയും പലയിടത്തു വച്ചും കണ്ടതായി പറഞ്ഞത്. എസ്റ്റേറ്റില്‍ നിന്നും ശമ്പളം കിട്ടിക്കഴിഞ്ഞാല്‍ കമ്പത്ത് പോയി ഒരു മാസത്തേക്ക് ആവശ്യമായ വീട്ടുസാമനങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങുന്ന തൊഴിലാളി സ്ത്രീകളുണ്ട്. അവരില്‍ ചിലര്‍ അവിടെ വച്ച് കുമാറിനെയും ഒപ്പമുള്ള പെണ്ണിനെയും കണ്ടിട്ടുണ്ട്. കുമളിയിലും പാലായിലും വച്ചും ഇതുപോലെ കുമാറിനെയും ആ സ്ത്രീയേയും ഒരുമിച്ച് കണ്ടവരുണ്ട്. ആരാണ് ആ സ്ത്രീ എന്നു മാത്രം ആര്‍ക്കും അറിയില്ല. എന്നാലത് ശാലിനിയാണെന്നാണ് കോലാഹലമേട്ടിലുള്ളവര്‍ ഇപ്പോള്‍ പറയുന്നത്. രാജേന്ദ്രന്‍ പറയുന്നത്, ശാലിനി പലതവണയായി കോലാഹലമേട്ടില്‍ വന്നുപോയിട്ടുണ്ടെന്നാണ്. അതു മറ്റുള്ളവര്‍ പറഞ്ഞുള്ള വിവരമാണെങ്കിലും താനാക്കാര്യം വിശ്വസിക്കുകയാണെന്നും രാജേന്ദ്രന്‍ പറയുന്നു. കുമാറിന്റെ ചില കൂട്ടുകാര്‍ക്കൊപ്പം (ഈ കൂട്ടുകാര്‍ ആരൊക്കെയാണെന്നു പറയാന്‍ രാജേന്ദ്രന്‍ തയ്യാറാകുന്നില്ല, എന്തായാലും ലയത്തിലെയോ എസ്‌റ്റേറ്റിലെയോ സാധാരണക്കാരായ മനുഷ്യരല്ല ആ കൂട്ടുകാര്‍ എന്ന സൂചന രാജേന്ദ്രന്‍ തരുന്നുണ്ട്) കോലാഹലമേട്ടില്‍ വച്ച് ശാലിനിയെ കണ്ടിട്ടുള്ളവര്‍ ഉണ്ടെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. അതുകൊണ്ട് കുമാറിനെ കോലാഹലമേട്ടില്‍ നിന്നും കൂട്ടിക്കൊണ്ടു പോയിരിക്കുന്നത് ശാലിനി തന്നെയാണെന്നാണ് രാജേന്ദ്രന്‍ പറയുന്നത്. ശാലിനി അല്ലായെങ്കില്‍ വേറെ ഏതു സ്ത്രീയായിരുന്നു കുമാറിന്റെ കൂടെ ഉണ്ടായിരുന്നതെന്ന് അന്വേഷിച്ചു കണ്ടെത്തണമെന്നും രാജേന്ദ്രന്‍ പറയുന്നു. എന്തായാലും കുമാറിനെ കാണാതായതിനെ തുടര്‍ന്നുള്ള അന്വേഷണം തങ്ങള്‍ അവസാനിപ്പിക്കുന്നത് നെടുങ്കണ്ടത്ത് ഒരു സ്ത്രീയോടൊപ്പം താമസിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണെന്നു ഭാര്യ വിജയയും അമ്മ കസ്തൂരിയും മുന്‍പ് തന്നെ പറഞ്ഞിട്ടുള്ള കാര്യവുമാണ്.
ബന്ധുക്കളും നാട്ടുകാരും പറയുന്ന ആ ‘സ്ത്രീ’ ശാലിനി ആണെങ്കില്‍, വായ്പ്പ കിട്ടുന്നതുമായി ബന്ധപ്പെട്ടാണ് താന്‍ രാജ് കുമാറിനെ പരിചയപ്പെടുന്നതെന്ന ശാലിനിയുടെ വാദം തെറ്റാണ്. ശാലിനിയാണ് ശരിയെങ്കില്‍, കുമാറിനൊപ്പം പറയുന്ന ആ അജ്ഞാത സ്ത്രീ ആരാണ്? കാലങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സാമ്പത്തിക ഇടപാടിലെ (അതും കേസും കോടതിയുമൊക്കെയായി മാറിയ ഇടപാടും) ബന്ധം നാസറും കുമാറും തമ്മില്‍ തുടര്‍ന്നിരുന്നോ? അതോ കുമാറിനെ കുറിച്ച് മനസിലാക്കിയ നാസര്‍ ഹരിത ഫിനാന്‍സില്‍ തന്റെ ബിനമിയായി കുമാറിനെ തപ്പിയെടുക്കുകയായിരുന്നോ? അതിനു വേണ്ടിയാണോ ഒരു സ്ത്രീയെ അയച്ചത്? സ്വന്തം ഭാര്യപോലും അറിയാതെ പിഎഫ്, ഗ്രാറ്റുവിറ്റി തുകയും (മകന് കിട്ടിയ ലംപ് സം ഗ്രാന്റ് അടക്കം) കൊണ്ടു വന്ന് (ഈ തുക ഏകദേശം നാലഞ്ച് ലക്ഷം രൂപ കാണുമെന്നാണ് രാജേന്ദ്രന്‍ പറയുന്നത്) നെടുങ്കണ്ടത്ത് സ്വന്തമായി ഒരു സാമ്പത്തിക ഇടപാട് സ്ഥാപനം തുടങ്ങുകയായിരുന്നോ കുമാര്‍? മലപ്പുറത്തുകാരനായ നാസര്‍ ഇടുക്കിയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തി വരുന്നൊരാളായിരുന്നോ? ആരാണ് നാസര്‍? എന്താണ് അയാളുടെ യഥാര്‍ത്ഥ ബിസിനസ്? നാസറിന്റെ ആവശ്യപ്രകാരം ശാലിനി കുമാറിനെ നെടുങ്കണ്ടത്ത് എത്തിക്കുകയും ഹരിത ഫിനാന്‍സ് ആരംഭിക്കുകയുമായിരുന്നോ? അതോ നാസറും കുമാറും നേരിട്ട് നടത്തിയ ഇടപാടായിരുന്നോ ഹരിത ഫിനാന്‍സ്? ഉത്തരം കിട്ടേണ്ട ചോദ്യങ്ങള്‍ വീണ്ടും ബാക്കിയാണ്.’