UPDATES

നാളികേര വികസന ബോര്‍ഡിന്റെ ബംഗളൂരൂ ഓഫീസിലെ കോടികളുടെ അഴിമതി കണ്ടെത്തി; രാജു നാരായണ സ്വാമിയെ തെറിപ്പിക്കാനുള്ള നീക്കത്തിനു പിന്നില്‍ കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയും?

ഈ കേസില്‍ കേന്ദ്ര ട്രൈബ്യൂണില്‍ സ്വാമി കൊടുത്തിരിക്കുന്ന കേസില്‍ വിധി അടുത്ത ദിവസം വരാനിരിക്കെയാണ് ഇപ്പോള്‍ സ്വാമിക്കെതിരേ നടപടി ഉണ്ടായിരിക്കുന്നത്

രാജു നാരായണ സ്വാമി ഐഎഎസിനെ പിരിച്ചു വിടാനുള്ള നീക്കത്തിനു പിന്നില്‍ കേന്ദ്ര നാളികേര വികസന ബോര്‍ഡിലെ അഴിമതികള്‍ കണ്ടെത്തിയതാണെന്ന് സൂചന. രാജു നാരായണ സ്വാമി തന്നെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ഉള്‍പ്പെടെ തനിക്കെതിരേയുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ ഉണ്ടെന്നാണ് സ്വാമിയുടെ ആരോപണം. മഹാരാഷ്ട്ര ഭൂമി ഇടപാട് കേസില്‍ ആരോപണവിധേയനായ കേരള ചീഫ് സെക്രട്ടറി ടോം ജോസഫ് ഇവരുടെ കൂടെ നില്‍ക്കുന്നയാളെന്നാണ് സ്വാമി ചൂണ്ടിക്കാണിക്കുന്നത്.

താന്‍ നാളികേര വികസന ബോര്‍ഡില്‍ തുടര്‍ന്നാല്‍ ഇനിയും പല അഴിമതികളും പുറത്തു കൊണ്ടുവരുമെന്നും അതുകൊണ്ടാണ് തന്നെ പുറത്താക്കുന്നതെന്നും രാജു നാരായണ സ്വാമി പറയുന്നുണ്ട്. കേവലം മൂന്നു കേസുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നതെന്നും ഇതുപോലുള്ള നിരവധി കേസുകള്‍ പുറത്തു വരാന്‍ ഉണ്ടെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ ചെയര്‍മായിരിക്കെ ബോര്‍ഡിന്റെ ബംഗളൂരു ഓഫീസില്‍ നടന്ന അഴിമതി കണ്ടെത്തിയതാണ് പ്രധാനമായും രാജു നാരാണയ സ്വാമിക്കെതിരേ ഒരു ഗ്രൂപ്പ് ഉരുത്തിരിയാന്‍ കാരണമായിരിക്കുന്നത്. ഈ കേസില്‍ കേന്ദ്ര ട്രൈബ്യൂണില്‍ സ്വാമി കൊടുത്തിരിക്കുന്ന കേസില്‍ വിധി അടുത്ത ദിവസം വരാനിരിക്കെയാണ് ഇപ്പോള്‍ സ്വാമിക്കെതിരേ നടപടി ഉണ്ടായിരിക്കുന്നത്.

ബംഗളൂരൂ ഓഫിസിലെ കോടികളുടെ അഴിമതി കണ്ടെത്തിയതിന്റെ പേരില്‍ രാജു നാരായണ സ്വാമി ഐഎഎസ്സിനെതിരേ വധഭീഷണിയും സ്ഥാനമാറ്റ ഭീഷണിയും ഉണ്ടായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി നീക്കിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപ അര്‍ഹരായവര്‍ക്ക് നല്‍കാതെ വകമാറ്റി ചെലവാക്കിയതിനെതിരെ സിബിഐയ്ക്ക് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ ഈ പരാതി കാര്‍ഷിക മന്ത്രാലയത്തിനു നല്‍കുകയും മന്ത്രാലയം ബോര്‍ഡ് ചെയര്‍മാനായ രാജു നാരായണ സ്വാമിയോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചെയര്‍മാന്‍ നിയോഗിച്ച അന്വേഷണ സംഘം പരാതി വാസ്തവാണെന്നും കോടിക്കണിക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് ബെംഗളൂരൂ റിജീയണല്‍ ഓഫിസ് ഡയറക്ടര്‍ ഹേമചന്ദ്രയെ പ്രതിയാക്കി ചെയര്‍മാനായ രാജു നാരായണ സ്വാമി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു. ബോര്‍ഡില്‍ ഇത്തരത്തില്‍ നടക്കുന്ന അഴിമതികളുടെ പിന്നിലെ സത്യം പുറത്തു കൊണ്ടുവരാന്‍ സമഗ്രമായ സിബിഐ അന്വേഷണത്തിനും രാജു നാരായണ സ്വാമി ശുപാര്‍ശ നല്‍കിയിരുന്നു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ അനര്‍ഹര്‍ക്ക് നല്‍കിയത് പിടിച്ചെടുത്ത് അര്‍ഹരായവര്‍ക്ക് നല്‍കാനും ചെയര്‍മാന്‍ ഉത്തരവ് ഇട്ടിരുന്നു. ഇതെല്ലാമാണ് ബോര്‍ഡും മുന്‍ കേന്ദ്ര കൃഷിമന്ത്രാലയവും കേന്ദ്രീകരിച്ചും രാജു നാരായണ സ്വാമിക്കെതിരേയുള്ള നീക്കങ്ങള്‍ ഉണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ പിരിച്ചു വിടല്‍ എന്നാണ് മനസിലാകുന്നത്.

മുന്‍ കേന്ദ്ര കൃഷി മന്ത്രി രാധ മോഹന്‍ സിംഗിന്റെ ഓഫിസില്‍ ഉള്ളവരും ഒരു പാര്‍ലമെന്റ് എംപിയുടെ മരുമകന്‍ കൂടിയായ ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനും രാജു നാരായണ സ്വാമിക്കെതിരേയുള്ള നീക്കത്തിന് പിന്തുണ കൊടുക്കുന്നുണ്ടെന്ന് അന്ന് വിവരം പുറത്തു വന്നിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലില്‍ രാജു നാരായണ സ്വാമി പരാതി നല്‍കിയത്.

സമഗ്രമായ സിബിഐ അന്വേഷണത്തിനായി സ്വാമി നല്‍കിയ ശുപാര്‍ശ തള്ളുന്ന നിലപാടായിരുന്നു ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്തെ കാര്‍ഷിക മന്ത്രാലയത്തില്‍ നിന്നും ഉണ്ടായത്. നാളികേര കര്‍ഷകന്റെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നും അന്ന് മന്ത്രാലയം കേന്ദ്രീകരിച്ച് തീരുമാനം വന്നിരുന്നു. കോടികളുടെ അഴിമതി പുറത്തു വരാതിരിക്കാനും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടാതിരിക്കാനും വേണ്ടിയുള്ള നീക്കങ്ങളാണ് ഇതിനു പിന്നില്‍ നടക്കുന്നതെന്നായിരുന്നു ആക്ഷേപം.

ബെംഗളൂരു ഓഫിസിലെ അഴിമതി
മൈസൂരു ജില്ലയില്‍പ്പെട്ട ഹുസ്നൂര്‍ സ്വദേശിയായ ഹൊന്നപ്പ സിബിഐയ്ക്ക് നല്‍കിയ പരാതിയിലാണ് ബെംഗലൂരു റീജിയണല്‍ ഓഫിസ് ഡയറക്ടര്‍ ഹേമചന്ദ്ര 2016-17 കാലത്ത് നടത്തിയ അഴിമതിയെക്കുറിച്ച് പറയുന്നത്. ഈ പരാതിപ്രകാരമുള്ള അന്വേഷണത്തിന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് (സിഡിബി)) ഹെഡ് ക്വാര്‍ട്ടേഴ്സിലെ ഓഡിറ്റ് ഓഫിസര്‍ രാധ പി ജെയുടെയും സിഡിബി ചെന്നൈ റിജീയണല്‍ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എ ജയപാണ്ഡിയുടേയും നേതൃത്വത്തില്‍ ഒരു ടീമിനെ ചെയര്‍മാനായ രാജു നാരായണ സ്വാമി നിയോഗിക്കുകയായിരുന്നു. ഈ സംഘം 2018 നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി ബെംഗളൂരു റിജീയണല്‍ ഓഫിസില്‍ പരിശോധന നടത്തുകയും കര്‍ഷകരെ നേരില്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ പറയുന്ന കാര്യങ്ങളില്‍ വാസ്തവം ഉണ്ടെന്നു കണ്ടെത്തുകയും ചെയ്തു.

2016-17 സമയത്തേക്കായി കര്‍ണാടകയിലെ ദളിത്/പിന്നാക്ക വിഭാഗത്തിലെ കേര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കോടിക്കണക്കിനു ഫണ്ടില്‍ തിരിമറി നടന്നതായി അന്വേഷണം സംഘം കണ്ടെത്തി. ഫണ്ട് വിതരണത്തിന്റെ ചുമതലയുണ്ടായിരുന്ന ബെംഗളൂരു റിജീയണല്‍ ഓഫിസ് ഡയറക്ടര്‍ ഹേമചന്ദ്രയ്ക്ക് അഴിമതിയില്‍ നേരിട്ട് പങ്കുണ്ടെന്നും തെളിഞ്ഞു. ഹേമചന്ദ്ര ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും നല്‍കേണ്ട പണം വകമാറ്റി അനര്‍ഹരായവര്‍ക്ക് നല്‍കുകയും എസ് സി/ എസി ടി വിഭാഗത്തിന് നല്‍കേണ്ട ഉപകരണങ്ങള്‍ മറിച്ച് വില്‍പ്പന നടത്തുകയും ചെയ്തതായി തെളിവുകള്‍ സഹിതം മനസിലാക്കാനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞു. കര്‍ഷകരെ തഴഞ്ഞ് സ്വകാര്യ നാളികേര ഉത്പാദക കമ്പനികള്‍ക്ക് അന്യായമായി ലാഭം ഉണ്ടാക്കി കൊടുക്കുകയായിരുന്നു അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ ചെയ്തിരുന്നതെന്നും അന്വേഷണം സംഘം കണ്ടെത്തുകയുണ്ടായി. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കര്‍ഷകരെ സംരക്ഷിക്കേണ്ടിടത്താണ് സ്വകാര്യസ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വേണ്ടി ഈ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങുക എന്ന നിര്‍ദേശത്തോടെ കര്‍ഷകര്‍ക്കാവാശ്യമുള്ള ട്രാക്ടേഴ്സ്, ട്രയിലേഴ്സ്, വാട്ടര്‍ ടാങ്കുകള്‍, കള്‍ട്ടിവേറ്റേഴ്സ്, റോട്ടോവേറ്റേഴ്സ് എന്നിവയ്ക്കായി 97,64,749 രൂപ അനുവദിച്ചപ്പോള്‍ ഈ തുക മുഴുവന്‍ ഉപയോഗിച്ച് കാര്‍ഷികോപകരണങ്ങള്‍ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ വാങ്ങിയത് സ്വകാര്യ കമ്പനിയില്‍ നിന്നായിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ അഴിമതികള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബെംഗളൂരു റിജീയണല്‍ ഓഫീസ് ഡയറക്ടര്‍ ഹേമചന്ദ്രയെ പ്രതിയാക്കി അന്വേഷണ സംഘം ചെയര്‍മാന് റിപ്പോര്‍ട്ട് നല്‍കിയത്.

IF-LODP 2016 (SCSP&TSP) ഫണ്ട് അതിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ഒരുതരത്തിലും സഹായമായില്ലെന്നും ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണുണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ നാളികേര ഉത്പാദക കമ്പനികള്‍ക്ക് അന്യായ ലാഭം നേടിക്കൊടുത്തെന്നും പറയുന്ന റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ നടത്തിയ അന്വേഷണം മൊത്തത്തില്‍ നടന്ന അഴിമതിയെ പുറത്തുകൊണ്ടുവരാന്‍ അപര്യാപ്തമാണെന്നും സമഗ്രമായൊരു അന്വേഷണത്തിന് സര്‍ക്കാര്‍ അന്വേഷണ ഏജന്‍സിയെ ശുപാര്‍ശ ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹേമചന്ദ്രയെ സസ്പെന്‍ഡ് ചെയ്യുകയും സമഗ്രമായൊരു സിബിഐ അന്വേഷണം കേന്ദ്ര നാളികേര വികസന ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടത്തണമെന്നു കാണിച്ച് ചെയര്‍മാന്‍ ശുപാര്‍ശ നല്‍കുകയും ചെയ്യുകയായിരുന്നു. ഇതോടയൊണ് രാജു നാരായണ സ്വാമിക്കെതിരേ നീക്കങ്ങള്‍ ആരംഭിക്കുന്നത്.

തന്നോട് ഫോണില്‍ സംസാരിക്കവെയാണ് ബോര്‍ഡ് ചെയര്‍മാന്‍ രാജു നാരായണ സ്വാമിക്കെതിരേ ഡയറക്ടര്‍ ഹേമചന്ദ്ര വധ ഭീഷണി ഉയര്‍ത്തിയതെന്ന് കേന്ദ്ര നാളകേര വികസന ബോര്‍ഡ് ചെന്നൈ റിജീയണല്‍ ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിംഗ്) എ ജയപാണ്ഡി ചെയര്‍മാന് നല്‍കിയ ഔദ്യോഗിക കത്തില്‍ പറയുന്നുണ്ട്. 2018 നവംബര്‍ 17ന് വൈകിട്ട് മൂന്നരയ്ക്ക് ഹേമചന്ദ്ര തന്നെ ഫോണില്‍ വിളിക്കുകയും ചെയര്‍മാനെ വധിക്കാന്‍ താന്‍ ഗുണ്ടകളെ നിയോഗിക്കുമെന്നു ഭീഷണി മുഴക്കിയെന്നുമാണ് ജയപാണ്ഡിയുടെ കാത്തില്‍ പറയുന്നത്. തന്നെ സസ്പെന്‍ഡ് ചെയ്താല്‍ പ്രശ്നമില്ലെന്നും ബോര്‍ഡില്‍ നിന്നുകിട്ടുന്ന ശമ്പളം ആശ്രയിച്ചല്ല താന്‍ ജീവിക്കുന്നതെന്നും ഹേമചന്ദ്ര പറഞ്ഞതായി ജയപാണ്ഡി പരാതിപ്പെടുന്നുണ്ട്. അസഭ്യവാക്കുകള്‍ ഉപയോഗിച്ചാണ് ചെയര്‍മാനെക്കുറിച്ച് ഹേമചന്ദ്ര സംസാരിച്ചതെന്നും ഡെപ്യൂട്ടി ഡയറക്ടറുടെ ആരോപണമുണ്ട്.

സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥനെ സംരിക്ഷിക്കാനും ബോര്‍ഡിലെ അഴിമതികള്‍ മൂടിവയ്ക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇതിന്റെ ഭാഗമായാണ് കൃഷി മന്ത്രാലയത്തില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ വരുന്നത്. രാജുനാരായണ സ്വാമിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നു മാറ്റാന്‍ അന്നു തന്നെ നീക്കം നടക്കുന്നതായി സൂചനകള്‍ വന്നതാണ്.

സംസ്ഥാന കൃഷി വകുപ്പില്‍ പ്രവര്‍ത്തിച്ചു വരവെ അപ്രതീക്ഷിതമായ സ്ഥാന ചലനം ഉണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം സ്ഥാനങ്ങളൊന്നും കിട്ടാതെ പ്രതികാര നടപടിയുടെ ഇരയായി നില്‍ക്കേണ്ടി വന്നതിനുശേഷമായിരുന്നു 2018 മേയില്‍ സ്വാമി കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാനായി നിയമിതനാകുന്നത്. ഇവിടെ സ്ഥാനമേറ്റ് ഒരു വര്‍ഷം തികയും മുന്നേയാണ് ബോര്‍ഡിലെ അഴിമതികള്‍ ചൂണ്ടിക്കാണിച്ചതോടെ സ്വാമിക്കെതിരേ കരുക്കള്‍ നീങ്ങി തുടങ്ങിയത്. 1993-ല്‍ ആലപ്പുഴ സബ് കളക്ടര്‍ ആയി സര്‍വീസ് ആരംഭിച്ച് നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ വരെ എത്തിയ സര്‍വീസ് കാലയളവില്‍ ഇത്തരത്തില്‍ നിരവധി പകപോക്കലുകള്‍ രാജു നാരായണ സ്വാമിക്കെതിരെ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഒടുവിലത്തെ നീക്കമായിട്ടാണ് പിരിച്ചു വിടല്‍ തീരുമാനത്തെ കാണാനാകുന്നത്.

Read More: വേട്ടയാടൽ തുടങ്ങിയത് മൂന്നാർ മുതൽ, പിരിച്ച് വിടാനുള്ള നീക്കത്തിന് പിന്നിൽ ചീഫ് സെക്രട്ടറിയുടെ പ്രതികാരം; ആഞ്ഞടിച്ച് രാജു നാരായണ സ്വാമി

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍