അമ്മയുടെ ഒത്താശയോടെ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട കേസിലാണ് സംഭവം
നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമിനെതിരായി പരാതി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ അംഗം നിര്‍ബന്ധിച്ചതായി പോക്‌സോ കേസിലെ പരാതിക്കാരിയുടെ മൊഴി. 2015 മുതല്‍ ഷെല്‍ട്ടര്‍ ഹോമിന്റെ സംരക്ഷണയില്‍ കഴിയുന്ന പതിനേഴു വയസ്സുകാരിയാണ് കേരള മഹിളാ സമാഖ്യ സൊസൈറ്റിക്കു മുമ്പാകെ മൊഴി നല്‍കിയിരിക്കുന്നത്. കമ്മീഷന്‍ അംഗം അടിമാലിയിലെ സ്ഥാപനത്തിലേക്ക് വിളിപ്പിച്ചാണ് ഷെല്‍ട്ടര്‍ ഹോമിലെ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി എഴുതി നല്‍കാന്‍ നിര്‍ദ്ദേശിച്ചതെന്നാണ് മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അമ്മയുടെ കാമുകന്റെ പീഡനത്തില്‍ നിന്നും രക്ഷപ്പെട്ട് ഷെല്‍ട്ടര്‍ ഹോമിലെത്തിയ കുമളി സ്വദേശികളായ രണ്ടു പെണ്‍കുട്ടികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഇളയ കുട്ടിയാണ് മൊഴി നല്‍കിയിട്ടുള്ളത്. ഇരുവരെയും അമ്മ ഒന്നാം പ്രതിയായ വ്യക്തിയുടെ വീട്ടില്‍ എത്തിച്ചിരുന്നതായും, സഹോദരിമാര്‍ രണ്ടു പേരെയും ഇയാള്‍ ലൈംഗികമായി ഉപദ്രവിച്ചിരുന്നതായുമാണ് കേസ്. ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പള്ളിയില്‍ വച്ചു നടത്തിയ ബോധവത്ക്കരണ ക്ലാസ്സില്‍ പോക്‌സോ വകുപ്പിനെക്കുറിച്ചു പരാമര്‍ശിക്കുകയും, ഇതു കേട്ടു മനസ്സിലാക്കിയ കുട്ടികളുടെ സഹോദരന്‍ തന്റെ സഹോദരിമാരുടെ അവസ്ഥ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയുമായിരുന്നു.
തുടര്‍ന്നു നടത്തിയ കൗണ്‍സലിംഗില്‍ രണ്ടു പേരെയും അമ്മയുടെ അറിവോടെ ഒന്നാം പ്രതി പീഡനത്തിനിരയാക്കിയിരുന്നതായി പെണ്‍കുട്ടികള്‍ തുറന്നു സമ്മതിച്ചു; എന്നാല്‍ പീഡിപ്പിക്കപ്പെടുന്ന കാര്യം ഇവര്‍ക്ക് അന്യോന്യം അറിയുകയില്ലായിരുന്നു. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് കുട്ടികളെ ഷെല്‍ട്ടര്‍ ഹോമില്‍ എത്തിക്കുകയും ചെയ്തു. മുതിര്‍ന്ന കുട്ടിക്ക് പ്രായപൂര്‍ത്തിയായതിനാല്‍ പിന്നീട് വിട്ടയച്ചു. കേസില്‍ കുട്ടികളുടെ അമ്മ രണ്ടാം പ്രതിയാണ്. ഷെല്‍ട്ടര്‍ ഹോമിന്റെ സംരക്ഷണത്തിലുണ്ടായിരുന്ന കുട്ടിയെ പല തവണ പിതാവ് അപേക്ഷ നല്‍കി കൂട്ടിക്കൊണ്ടു പോയിരുന്നതായും, അപ്പോഴെല്ലാം ഉപദ്രവങ്ങള്‍ നേരിടേണ്ടി വന്നതായും ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ പറയുന്നു. ഇതിനിടെ നിര്‍ബന്ധത്തിനു വഴങ്ങി കുട്ടി മൊഴിമാറ്റുകയും ചെയ്തിരുന്നു.
ഷെല്‍ട്ടര്‍ ഹോമുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നതിങ്ങനെ: “രണ്ടു കുട്ടികളും 2015 ഡിസംബറിലാണ് ഹോമില്‍ വരുന്നത്. ഓണാവധിക്ക് വീട്ടില്‍ പോയപ്പോള്‍ത്തന്നെ കുട്ടികളെ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചിരുന്നു. രണ്ടാം പ്രതിയായ അമ്മ ഫോണില്‍ വിളിച്ച് ആവശ്യപ്പെടുകയും ചെയ്തു. അന്ന് രണ്ടു പേര്‍ക്കും പതിനെട്ടുവയസ്സില്‍ താഴെയായിരുന്നു പ്രായം. അന്നു കുട്ടികള്‍ ഞങ്ങളെ വിളിക്കുകയും ഞങ്ങള്‍ കൂട്ടിക്കൊണ്ടു വരികയുമായിരുന്നു. ഈ സംഭവം അപ്പോള്‍ത്തന്നെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. അവരതിന് വേണ്ടത്ര ശ്രദ്ധ കൊടുത്തെന്നു തോന്നുന്നില്ല.
പിന്നീടാണ് കുട്ടികളെ താന്‍ സംരക്ഷിച്ചുകൊള്ളാമെന്നു പറഞ്ഞ് അച്ഛന്‍ കൂട്ടിക്കൊണ്ടു പോകുന്നത്. പെണ്‍കുട്ടികളെ പഠിപ്പിക്കാനായി ചേര്‍ത്ത സ്‌കൂളിന്റെ അഡ്രസ് കമ്മിറ്റിയുടെ രേഖകളിലുണ്ടായിരുന്നു. എന്നാല്‍ പിന്നീടറിഞ്ഞത് കേസ് ഒത്തുതീര്‍പ്പാക്കിയെന്നാണ്. ക്രിമിനല്‍ കേസ് അങ്ങനെ ഒത്തുതീര്‍പ്പാക്കാന്‍ സാധിക്കില്ലല്ലോ. അതിനു ശേഷം നടത്തിയ അന്വേഷണത്തിലാണ് സമിതിയില്‍ കൊടുത്ത അഡ്രസ്സില്‍ കുട്ടികള്‍ പഠിക്കുന്നില്ല എന്നു മനസ്സിലായത്. ഇക്കാര്യം കോടതിയുടെയും സമിതിയുടെയും ശ്രദ്ധയില്‍പ്പെടുത്തി. മറ്റൊരു സ്‌കൂളില്‍ കുട്ടി പഠനം തുടരുന്നുണ്ടെന്നറിഞ്ഞ് അവിടെ അന്വേഷിച്ചപ്പോഴാണ് ഇളയ കുട്ടി രണ്ടു തവണ ആത്മഹത്യയ്ക്കു ശ്രമിച്ച കാര്യമറിയുന്നത്. കൈയില്‍ ഞരമ്പു മുറിച്ചതിന്റെ സ്റ്റിച്ചുകള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ അമ്മ സ്‌കൂളില്‍ വരാറുണ്ടെന്നുമറിഞ്ഞു.
കുട്ടി അപകടാവസ്ഥയിലാണെന്ന് മനസ്സിലായി. ജില്ലാ മജിസ്‌ട്രേറ്റായ ഇടുക്കി കളക്ടര്‍ക്ക് പരാതി നല്‍കി. കുട്ടിയേയും കൊണ്ട് ഓഫീസിലെത്താന്‍ അച്ഛനോടു കലക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും കുട്ടിയെ കൊണ്ടുവരാതെ അച്ഛന്‍ മാത്രം വരികയായിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലായ കളക്ടര്‍ കുട്ടിയെ റെസ്‌ക്യു ചെയ്യാന്‍ ഉത്തരവിടുകയും അന്നു തന്നെ കുട്ടിയേയും കൂട്ടി മുണ്ടക്കയത്തെത്തുകയുമായിരുന്നു. അവിടെത്തന്നെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തിരുന്നു.”
വേനലവധിക്കാലത്ത് ക്യാമ്പിലായിരുന്ന കുട്ടിയെ ചേച്ചിയുടെ കല്യാണത്തിനായി കൂട്ടിക്കൊണ്ടുപോകാന്‍ അനുവാദം തേടി അച്ഛന്‍ വീണ്ടുമെത്തിയിരുന്നു. വീട്ടില്‍ നിന്നും കുട്ടിക്ക് നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് വെല്‍ഫെയര്‍ കമ്മിറ്റിയേയും ബാലാവകാശ കമ്മീഷനെയും ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ വ്യക്തമായി അറിയിച്ചിരുന്നെങ്കിലും കുട്ടിയെ വിട്ടു നല്‍കണമെന്ന് കമ്മീഷനിലെ ചില പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിക്കുകയായിരുന്നെന്നും ഇവര്‍ പറയുന്നു. നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് അംഗമായ സിസ്റ്റര്‍ ബിജി ജോസ് കുട്ടിയെ ക്യാമ്പില്‍ ചെന്നു കാണുകയും ‘വീട്ടില്‍ പോകാത്തതെന്താണ്’ എന്നെല്ലാം ചോദിക്കുകയും ചെയ്തു എന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
അനുമതി സമ്പാദിച്ച് പെണ്‍കുട്ടിയെ പിതാവ് വീട്ടില്‍ കൊണ്ടു പോകുകയും, അന്നു രാത്രി ഉറങ്ങിക്കിടന്ന തന്നെ അമ്മയുടെ അറിവോടെ പ്രതി വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി കുട്ടി മഹിളാ സമാഖ്യ സൊസൈറ്റിക്കു നല്‍കിയ മൊഴിയില്‍ പറയുന്നു. മടങ്ങി വന്ന കുട്ടി കാര്യങ്ങള്‍ ഷെല്‍ട്ടര്‍ ഹോം അധികൃതരോട് വിശദീകരിക്കുകയും ഉടന്‍ തന്നെ കേസ് കൊടുക്കുകയുമായിരുന്നു: ഇക്കാര്യം അഴിമുഖം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു: ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം?
പ്രതിയുമായി ബന്ധമുള്ളവരാണ് കമ്മീഷനിലെ ചില അംഗങ്ങളെന്നും, പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഷെല്‍ട്ടര്‍ ഹോം അധികൃതര്‍ പറയുന്നു. പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിന്മേലാണ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണങ്ങള്‍ മുന്നോട്ടു പോകുന്നതെന്നും ഓണക്കാലത്ത് വീട്ടില്‍പ്പോയ കുട്ടി നേരിട്ട ഉപദ്രവങ്ങള്‍ക്കെതിരെ തങ്ങള്‍ 2016-ല്‍ നല്‍കിയ പരാതിയിന്മേല്‍ ഇന്നേ വരെ നടപടികളൊന്നും ഉണ്ടായില്ലെന്നും ഷെല്‍ട്ടര്‍ ഹോം നടത്തിപ്പുകാര്‍ ആരോപിക്കുന്നുണ്ട്: ലൈംഗികപീഡനത്തിനിരയായ കുട്ടിയെ പ്രതികള്‍ക്ക് വിട്ടുകൊടുക്കാന്‍ ശ്രമം; ബാലാവകാശ കമ്മീഷന്‍ ആര്‍ക്കൊപ്പമാണ്?
പിതാവിന്റെയൊപ്പം കുട്ടികളെ വിട്ടാല്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വ്യക്തമായിത്തന്നെ പരാതികള്‍ നല്‍കിയിരുന്നു. അതും മുഖവിലയ്‌ക്കെടുത്തില്ല. പ്രതികളുമായുള്ള നിരന്തര സമ്പര്‍ക്കം കുട്ടികള്‍ക്ക് ഗുരുതരമായ മാനസികപിരിമുറുക്കമുണ്ടാക്കുന്നുണ്ട് എന്നു റിപ്പോര്‍ട്ടു നല്‍കിയ നിര്‍ഭയ ഹോമിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ അവിടുന്നു പറഞ്ഞുവിടണമെന്ന് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ആവശ്യപ്പെട്ടതായും ആരോപണങ്ങളുണ്ട്.
Also Read: ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?
സഹോദരിയുടെ മനസ്സമ്മതത്തിനു പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെയും പിതാവിനെയും കമ്മീഷന്‍ അംഗം വിളിച്ചുവരുത്തി നിര്‍ഭയ ഹോമിനെതിരെ പരാതി നല്‍കാന്‍ നിര്‍ബന്ധിച്ചതായും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറയുന്നുണ്ട്. “അടിമാലിയിലെ ബാലാവകാശ കമ്മീഷന്‍ മെംബര്‍ സിസ്റ്റര്‍ ബിജി നടത്തുന്ന സ്ഥാപനത്തില്‍ എത്തിച്ചേരണമെന്ന് വിളിച്ചറിയിച്ചു. ചേച്ചിയുടെ വിവാഹത്തിനു വിടാതിരിക്കണമെന്ന് നിര്‍ഭയക്കാരുടെ പിടിവാശിയാണെന്നും അവിടുത്തെ പ്രവര്‍ത്തകര്‍ക്കെതിരെ പരാതി എഴുതിക്കൊടുക്കണമെന്ന് നിര്‍ബന്ധിച്ചു. നിര്‍ഭയയുടെ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്നും എഴുതിക്കൊടുക്കാന്‍ പറഞ്ഞു” എന്ന് പെണ്‍കുട്ടിയുടെ മൊഴിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, പിതാവിനൊപ്പം പോകുന്ന വിഷയത്തില്‍ കുട്ടിയുടെ അഭിപ്രായമറിയാനായി മാത്രമാണ് താന്‍ കുട്ടിയോടു സംസാരിച്ചിട്ടുള്ളതെന്നും, ഒരു തരത്തിലുള്ള നിര്‍ബന്ധങ്ങളും മുന്നോട്ടു വച്ചിട്ടില്ലെന്നുമാണ് സിസ്റ്റര്‍ ബിജി പറയുന്നത്. “ചേച്ചിയുടെ കല്യാണത്തിനു പോകാനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നല്‍കിയ അനുമതി റദ്ദായെന്ന പരാതിയുമായി കുട്ടിയുടെ പിതാവ് വന്നപ്പോള്‍, കുട്ടിയുടെ അഭിപ്രായമെന്തെന്നറിയാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഞാന്‍ പോയിക്കാണുന്നത്. കുട്ടിയുടെ അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ല. കുട്ടിക്കു പോകണോ വേണ്ടയോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. പൊലീസ് ട്രെയിനിംഗ് കോളജില്‍ നടന്ന ക്യാംപില്‍ വച്ചാണ് കുട്ടിയെ കണ്ടത്. വീട്ടില്‍ പോകണമെന്ന് കുട്ടി പറയുകയും ആ റിപ്പോര്‍ട്ട് ഞാന്‍ കമ്മീഷനില്‍ നല്‍കുകയും ചെയ്തു. ബാക്കി കാര്യങ്ങള്‍ നോക്കിയത് ചെയര്‍മാനാണ്” എന്ന് സിസ്റ്റര്‍ ബിജി അഴിമുഖത്തോട് പ്രതികരിച്ചു.
കമ്മീഷന്റെ ചെയര്‍മാന്‍ സി.ജെ ആന്റണിയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്ന് സിസ്റ്റര്‍ ബിജിയും, എന്നാല്‍ താനല്ല, സിസ്റ്റര്‍ ബിജിയാണ് ഈ വിഷയം നോക്കിയിരുന്നതെന്ന് സി.ജെ ആന്റണിയും പറയുന്നുണ്ട്. എന്നാല്‍, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഒരു തരത്തിലുള്ള തെറ്റായ ഇടപെടലും വിഷയത്തിലുണ്ടായിട്ടില്ലെന്നും കോടതി നിര്‍ദ്ദേശിക്കുന്നതനുസരിച്ച് മാത്രമാണ് കുട്ടിയെ വിട്ടു നല്‍കിയിരിക്കുന്നതെന്നുമാണ് ഇടുക്കിയിലെ കമ്മിറ്റി ചെയര്‍മാന്‍ പി.ജി ഗോപാലകൃഷ്ണന്റെ പക്ഷം.
“തന്നെ നിര്‍ഭയയിലേക്ക് അയയ്ക്കരുതെന്നും അച്ഛനോടോ ചേട്ടനോടോ ഒപ്പം വിടണമെന്നും കുട്ടി ബഹുമാനപ്പെട്ട പോക്‌സോ കോടതി മുമ്പാകെ അറിയിച്ചിരുന്നു. അതനുതരിച്ചാണ് കോടതി വിധി പ്രസ്താവിക്കുന്നത്. കോടതിയുടെ നിര്‍ദ്ദേശമാണ് ഞങ്ങള്‍ നടപ്പിലാക്കുന്നത്. നിര്‍ഭയയുടെ പരാതിയനുസരിച്ചാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവ് റദ്ദു ചെയ്ത് ഇടുക്കി കലക്ടര്‍ കുട്ടിയെ തിരിച്ചെടുത്ത് ഷെല്‍ട്ടര്‍ ഹോമില്‍ എത്തിക്കുന്നത്. ഉത്തരവനുസരിച്ച് മാത്രമേ കമ്മിറ്റിക്ക് വിട്ടയയ്ക്കാനാകൂ. അതു തന്നെയാണ് ചെയ്തിട്ടുള്ളത്. ഉത്തരവ് വായിച്ചാല്‍ മനസ്സിലാകുന്നതേയുള്ളൂ” ഗോപാലകൃഷ്ണന്‍ അഴിമുഖത്തോട് പറഞ്ഞു.
സംസ്ഥാനത്തെ 11 നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകളില്‍ എട്ടും നടത്തുന്നത് മഹിളാ സമാഖ്യയാണ്. ഷെല്‍ട്ടര്‍ ഹോം പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികള്‍ പരിഗണിക്കാതെ കുട്ടിയുടെ പിതാവിന്റെ പരാതികളില്‍ മാത്രം അന്വേഷണം നടത്തുന്ന കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഷെല്‍ട്ടര്‍ ഹോമിനെതിരെ പരാതി നല്‍കാനാവശ്യപ്പെട്ടുവെന്ന മൊഴിയും പുറത്തുവന്നിട്ടുള്ളത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ ചില അംഗങ്ങളും അഭിഭാഷകരും ചേര്‍ന്ന് വിഷയത്തില്‍ പ്രതികളുടെ പക്ഷം പിടിക്കുകയാണെന്നും, ബാലാവകാശ കമ്മീഷനും ഇതിന്റെ ഭാഗമാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. നിലവില്‍ തിരുവന്തപുരത്തെ ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന കുട്ടിയെ വിട്ടുനല്‍കണമെന്ന പരാതി പിതാവ് വീണ്ടും നല്‍കിയിട്ടുണ്ട്.
ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?
ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?