ഇരയായ പെണ്‍കുട്ടി സാക്ഷിയായ മൂന്നു കേസുകള്‍ നിലനില്‍ക്കെയാണ്, പെണ്‍കുട്ടിക്കെതിരേയുള്ള അതിക്രമത്തിന്റെയും ചൂഷണത്തിന്റെയും കേസുകളില്‍ പ്രതികളായ അമ്മയുടെയും അച്ഛന്റെയും ഒന്നാം പ്രതിയുടെയും സാന്നിധ്യമുള്ളിടത്തേക്ക് തന്നെ പറഞ്ഞു വിട്ടിരിക്കുന്നത്
ലൈംഗിക ചൂഷണത്തിന്റെ ഇരയായ പെണ്‍കുട്ടിയെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും റിലീസ് ചെയ്ത സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിന്റെ ഇടപെടലെന്ന് ആക്ഷേപം. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതിയായ എസ്റ്റേറ്റ് ഉടമയ്ക്ക് ഇടുക്കിയില്‍ നിന്നുള്ള ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേഴ്‌സണല്‍ സ്റ്റാഫുമായിട്ട് അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ഭരണതലത്തില്‍ സ്ഥാനമുള്ള നേതാവിന്റെ ഈ പേഴ്‌സണല്‍ സ്റ്റാഫ് ആണ് പ്രതിയെ സംരക്ഷിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുള്ളതാണ്. പെണ്‍കുട്ടിയുടെ മൊഴി തിരുത്തി കേസ് അസാധുവാക്കാനുള്ള പല നീക്കങ്ങളും മുന്‍പേ നടന്നിട്ടുള്ളതുമാണ്. ബാലാവകാശ കമ്മീഷനിലെ ഒരംഗത്തിന്റെ സഹായവും ഇതിലുണ്ട്. ഇപ്പോള്‍ പ്രതികള്‍ക്കിടയിലേക്ക് തന്നെ പെണ്‍കുട്ടിയെ പറഞ്ഞു വിടാനുള്ള തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ തീരുമാനത്തിനു പിന്നിലും ഈ അവിശുദ്ധ കുട്ടുകെട്ടിന്റെ സമ്മര്‍ദ്ദമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇരയായ പെണ്‍കുട്ടി സാക്ഷിയായ മൂന്നു കേസുകള്‍ നിലനില്‍ക്കെയാണ്, പെണ്‍കുട്ടിക്കെതിരേയുള്ള അതിക്രമത്തിന്റെയും ചൂഷണത്തിന്റെയും കേസുകളില്‍ പ്രതികളായ അമ്മയുടെയും അച്ഛന്റെയും ഒന്നാം പ്രതിയുടെയും സാന്നിധ്യമുള്ളിടത്തേക്ക് തന്നെ പറഞ്ഞു വിട്ടിരിക്കുന്നത്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഈ നടപടികള്‍ കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന അവിശുദ്ധ നീക്കങ്ങളുടെ വിജയമായും കാണാം.
കുമളി സ്വദേശിയായ പെണ്‍കുട്ടിയെ പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ അമ്മയുടെ കാമുകന്‍ കൂടിയായ എസ്റ്റേറ്റ് ഉടമ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ഈ കുട്ടിയുടെ മൂത്ത സഹോദരിയേയും ഇയാള്‍ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നു. തന്റെ പെണ്‍മക്കള്‍ക്കെതിരേ എസ്റ്റേറ്റ് ഉടമ നടത്തുന്ന ലൈംഗിക അതിക്രമങ്ങള്‍ അമ്മയുടെ അറിവോടെയുമായിരുന്നു. പെണ്‍കുട്ടികളുടെ സഹോദരന്‍ വഴിയാണ് ലൈംഗിക ചൂഷണത്തിന്റെ വിവരം പുറത്ത് അറിയുന്നത്. തുടര്‍ന്ന് എസ്റ്റേറ്റ് ഉടമയേയും പെണ്‍കുട്ടിയുടെ അമ്മയേയും ഒന്നും രണ്ടും പ്രതികളാക്കി കുമളി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇരയായ പെണ്‍കുട്ടിയെ ഇടുക്കി ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും മഹിള സമാക്യയുടെ നേതൃത്വത്തിലുള്ള നിര്‍ഭയ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു.
2016 ല്‍ ഓണവധിക്ക് കുട്ടിയെ നിര്‍ഭയയില്‍ നിന്നും അച്ഛന്റെ കൂടെ വീട്ടിലേക്ക് അയച്ചിരുന്നു. എന്നാല്‍ വീട്ടിലെത്തിയ കുട്ടിയുടെ അടുത്ത് ഒന്നാം പ്രതിയായ എസ്റ്റേറ്റ് ഉടമയും രണ്ടാം പ്രതിയായ കുട്ടിയുടെ അമ്മയും കൂടി വരികയും കേസില്‍ മൊഴി മാറ്റി പറയണമെന്നു നിര്‍ബന്ധിക്കുകയും ചെയ്തു. ഈ വിവരം കുട്ടി നിര്‍ഭയയിലെ ജീവനക്കാരെ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് നിര്‍ഭയക്കാര്‍ എത്തി കുട്ടിയെ തിരികെ കൊണ്ടു പോരുകയായിരുന്നു. ഇതു കഴിഞ്ഞ് കുട്ടിയെ വിട്ടു കിട്ടുന്നതിനായി പിതാവ് അപേക്ഷ വയ്ക്കുകയുണ്ടായി. അമ്മയുടെ സാന്നിധ്യമില്ലാത്ത കോട്ടയം ജില്ലയില്‍ കൊണ്ടു പോയി കുട്ടിക്ക് വിദ്യാഭ്യാസം നടത്താനുള്ള സൗകര്യം ഒരുക്കാമെന്നും പിതാവ് അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മുന്‍പ് ഉണ്ടായ സംഭവത്തെ തുടര്‍ന്ന് പിതാവ് കുട്ടിയെ സംരക്ഷിക്കുന്നതില്‍ അണ്‍ ഫിറ്റ് ആണെന്നു റിപ്പോര്‍ട്ട് ഉള്ളതിനാല്‍ സഹോദരനെ കൊണ്ട് അപേക്ഷവയ്ക്കാന്‍ ശിശുക്ഷേമ സമിതി ആവശ്യപ്പെടുകയും സഹോദരന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നു പറഞ്ഞ് കുട്ടിയെ അയാള്‍ക്കൊപ്പം വിട്ടുകൊണ്ട് ഉത്തരവ് ഇടുകയും ചെയ്തു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കുന്നതിനു മുമ്പ് മഹിള സമാക്യ നടത്തുന്ന ഭവന സന്ദര്‍ശന റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടതുണ്ടായിരുന്നു. ആ റിപ്പോര്‍ട്ടില്‍ പറഞ്ഞത്, കുട്ടി സുരക്ഷിതയായിരിക്കില്ലെന്നും അതിനാല്‍ വിട്ടുകൊടുക്കരുതെന്നുമായിരുന്നു. പ്രസ്തുത റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ സഹോദരനൊപ്പം പറഞ്ഞയച്ചത്.
എന്നാല്‍ ശിശുക്ഷേമ സമിതി അംഗീകരിച്ച അപേക്ഷയില്‍ കുട്ടിയെ വിദ്യാഭ്യാസം ചെയ്യിപ്പിക്കാമെന്നു പറഞ്ഞിരുന്ന സ്‌കൂളില്‍ മഹിള സമാക്യ പ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു കുട്ടിയുടെ പ്രവേശനം അവിടെ നടന്നിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ വിവരം ശിശുക്ഷേമ സമിതിയെ അറിയിച്ചു. തുടര്‍ന്ന് ഇക്കാര്യം മുട്ടം കോടതിയുടെ മുന്നിലും അവതരിപ്പിച്ചു. കുട്ടിയെ മൊഴി മാറ്റിപ്പറയാന്‍ പ്രതികള്‍ നിര്‍ബന്ധിച്ച വിവരവും മഹിള സമാക്യയ്ക്ക് അറിയാന്‍ കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളും കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കുട്ടിയെ ചേര്‍ക്കുമെന്ന പറഞ്ഞ സ്‌കൂളില്‍ അല്ലാതെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തിരുന്നു. ഇവിടുത്തെ അധ്യാപികയുമായി ബന്ധപ്പെട്ടപ്പോള്‍ മഹിള സമാക്യയ്ക്ക് അറിയാന്‍ കഴിഞ്ഞത് തുടര്‍ച്ചയായി കുട്ടി സ്‌കൂളില്‍ വരാറില്ലെന്ന വിവരമായിരുന്നു. മാത്രമല്ല കുട്ടി ആത്മഹത്യ ശ്രമം നടത്തിയെന്ന വിവരവും ഇതിനൊപ്പം മനസിലാക്കാന്‍ കഴിഞ്ഞു. ഇതേ തുടര്‍ന്ന് ഈ വിവരങ്ങള്‍ ഇടുക്കി ശിശുക്ഷേമ സമിതിയെ അറിയിച്ചെങ്കിലും അവര്‍ വേണ്ട നടപടികളൊന്നും സ്വീകരിക്കാതിരുന്നപ്പോള്‍ ജില്ല കളക്ടറുടെ മുന്നില്‍ വിവരം എത്തി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കൂടിയായ കളക്ടര്‍ ശിശുക്ഷേമ സമിതിയുടെ തീരുമാനത്തെ ചലഞ്ച് ചെയ്ത് കുട്ടിയെ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ കീഴിലേക്ക് മാറ്റി.
കുട്ടിയെ സംരക്ഷിക്കാനെന്നു പറഞ്ഞു കൂട്ടിക്കൊണ്ടുപോയിട്ട് മൊഴി മാറ്റി പറയിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. മാത്രമല്ല, ഈ സമയത്ത് ഒന്നാം പ്രതി കുട്ടിയെ ലൈംഗികമായും ശാരിരികമായും ഉപദ്രവിക്കുകയും ചെയ്തു. ഒന്നാം പ്രതിയുടെ അഭിഭാഷകന്റെ ഓഫീസില്‍ ഇടുക്കിയില്‍ നിന്നുള്ള ഉന്നത രാഷ്ട്രീയ നേതാവിന്റെ സഹായി, കുട്ടിയുടെ പിതാവ്, അഭിഭാഷകന്‍, പ്രധാന പ്രതി എന്നിവര്‍ ചേര്‍ന്നാണ് കുട്ടിയെ കേസില്‍ മൊഴി മാറ്റിപ്പറയിപ്പിക്കാനായി സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും ഏതൊക്കെയോ പേപ്പറില്‍ കുട്ടിയെക്കൊണ്ട് ഒപ്പിട്ട് വാങ്ങിക്കുകയും ചെയ്‌തെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കോട്ടയം എസ് പി ക്ക് പരാതി പോയി. ഈ പരാതിയിന്മേല്‍ കേസ് എടുക്കുകയും ഒന്നാം പ്രതിയേയും രണ്ടാം പ്രതിയായ അമ്മയേയും വീണ്ടും റിമാന്‍ഡിലാക്കുകയും ചെയ്തു.
പ്രതികള്‍ക്കൊപ്പം നില്‍ക്കാനുള്ള തീരുമാനം ശിശുക്ഷേമ സമിതിയുടെ ഭാഗത്തു നിന്നും മുമ്പും ഉണ്ടായിട്ടുണ്ടെന്നതിന് വേറെയും തെളിവുകളുണ്ട്. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതി അനുകൂലമായ തീരുമാനം എടുത്ത രീതിയാണ് അതിലൊന്ന്. ഫെയ്ല്‍ഡ് പേരന്റ്(കുട്ടിയെ സംരക്ഷിക്കുന്നതില്‍ വീഴ്്ച വരുത്തിയതുകൊണ്ട്) എന്ന് റിപ്പോര്‍ട്ട് ഉള്ള പിതാവിന്റെയും കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടാം പ്രതിയായ അമ്മയുടെയും കൂടെയാണ് കുട്ടിയെ വിടണമെന്ന് അപേക്ഷിച്ചിരുന്നത്. ഏഴു ദിവസത്തേക്ക് വിട്ടു കൊടുക്കണമെന്നായിരുന്നു അപേക്ഷയില്‍. കുട്ടിയെ വിട്ടു നല്‍കരുതെന്നായിരുന്നു മഹിള സമാക്യയുടെ അഭ്യര്‍ത്ഥന. ഏഴു ദിവസം അനുവദിക്കരുതെന്നും വിവാഹം നടക്കുന്ന ദിവസം നിര്‍ഭയ ഹോമിലെ പ്രതിനിധിയോടൊപ്പം കുട്ടിയെ അയച്ചാല്‍ മതിയാകുമെന്നും മഹിള സമാക്യ പ്രവര്‍ത്തകര്‍ പറഞ്ഞിട്ടും അതിനെയെല്ലാം അവഗണിച്ച് പ്രതികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കുകയായിരുന്നു തിരുവനന്തപുരം ശിശുക്ഷേമ സമിതി. ബലാവകാശ കമ്മിഷനിലെ ഒരംഗം നേരിട്ടെത്തി കുട്ടിയെ വിട്ടുകൊടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഉണ്ടായി. 2018 മേയ് 16 ന് കുട്ടിയെ വിട്ടുകൊടുക്കണമെന്നായിരുന്നു അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്. പ്രതികളെല്ലാവരുടെയും സാന്നിധ്യം ഉണ്ടാകുമെന്നതിനാല്‍ സഹോദരിയുടെ വിവാഹ ചടങ്ങില്‍ മാത്രം പങ്കെടുപ്പിച്ച് കുട്ടിയെ തിരികെ കൊണ്ടുവരാമെന്നു പറഞ്ഞിട്ടും അങ്ങനെയയൊരു തീരുമാനത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാനെന്നോണം 16 ആം തീയതി തന്നെ കുട്ടിയെ മാതിപിതാക്കള്‍ക്കൊപ്പം പറഞ്ഞയക്കുകയാണ് ഉണ്ടായത്. അതും കുട്ടിയുടെ സമ്മതം പോലും ചോദിക്കാതെ.
പേടിച്ചത് എന്തോ അതു തന്നെയാണ് സംഭവിച്ചതും. വീട്ടിലെത്തിയ കുട്ടി വീണ്ടും ആക്രമിക്കപ്പെട്ടു. ഈ വിവരങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയുടെ പേരില്‍ മുണ്ടക്കയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും കേസ് ചാര്‍ജ് ചെയ്യുകയും ചെയ്്തിരുന്നു. 2018 ജൂണ്‍ ആറിന് രജിസ്റ്റര്‍ ചെയ്ത ഈ കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുക്കാന്‍ കാഞ്ഞിരപ്പിള്ളി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കോടതിയില്‍ എത്തി സ്വന്തം പിതാവ് മൊഴി നല്‍കരുതെന്നാവശ്യപ്പെട്ട് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടി കോടതി പരിസരത്ത് വച്ച് പ്രതികളാലോ, അവരുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലുമാലോ സ്വാധീനിക്കപ്പെടാനോ ഭീഷണി നേരിടാനോ സാഹചര്യം ഉണ്ടാകാതിരിക്കാന്‍, രഹസ്യമായും അതേസമയം തന്നെ ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും സംരക്ഷണം തേടിയുമാണ് നിര്‍ഭയ പ്രതിനിധികള്‍ കുട്ടിയേയും കൊണ്ട് കാഞ്ഞിരപ്പിള്ളി കോടതിയില്‍ എത്തുന്നത്. എന്നാല്‍ കോടതിയില്‍ എത്തി കുട്ടിയുടെ പിതാവ് ഇരയെ പിടിച്ചുവലിക്കുകയും ‘നീ മൊഴി മാറ്റിപ്പറയണം, നിര്‍ഭയക്കാര്‍ ഉണ്ടാക്കിയ കള്ളക്കേസ് ആണിതെന്നു കോടതിയില്‍ പറയണം, നമ്മുടെ കുടുംബം നശിപ്പിക്കരുത്’ എന്നൊക്കെ ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ് ഉണ്ടായത്. മൊഴി മാറ്റിയില്ലെങ്കില്‍ നിന്നെയും നിന്റെ ചേട്ടനേയും കൊന്നു കളയുമെന്നും ഭീഷണിയും പിതാവ് മുഴക്കി. കുട്ടിയെ രഹസ്യ മൊഴി എടുക്കാന്‍ കാഞ്ഞിരിപ്പള്ളി കോടതിയില്‍ കൊണ്ടു പോവുന്ന വിവരം നിര്‍ഭയക്കാര്‍ക്കും പൊലീസിനും മാത്രം അറിയാവുന്ന കാര്യമാണെന്നിരിക്കെയാണ് കോടതിയില്‍ കുട്ടിയുടെ അച്ഛന്‍ വരുന്നതും ഭീഷണിപ്പെടുത്തുന്നതും. പൊന്‍കുന്നം പൊലീസ് ഈ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഈ കേസില്‍ ഇയാള്‍ ഇപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങിയിരിക്കുകയാണ്.
തന്നെ മൊഴി മാറ്റാന്‍ നിര്‍ബന്ധിച്ചവരുടെ കൂട്ടത്തില്‍ ബാലാവകാശ കമ്മിഷന്‍ അംഗമായ ഒരു കന്യാസ്ത്രീയും ഉണ്ടെന്നു പെണ്‍കുട്ടി മുണ്ടക്കയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. ഈ പരാതി പ്രകാരം ബാലാവകാശ കമ്മിഷന്‍ അംഗമായ ഈ കന്യാസ്ത്രീക്കെതിരേ കേസുമുണ്ട്. ഈ അംഗം ഇടുക്കിയിലെ രാഷ്ട്രീയ നേതാവിന്റെ നോമിനിയായാണ് ബാലാവകാശ കമ്മിഷനില്‍ എത്തുന്നതെന്നാണ് വിവരം. ഇവരുടെ പ്രേരണയാല്‍ മഹിള സമാഖ്യയിലെ ഉദ്യോഗസ്ഥര്‍ക്കെതിരേ പെണ്‍കുട്ടിയെ കൊണ്ട് നിര്‍ബന്ധിച്ച് പരാതി കൊടുപ്പിച്ചിട്ടുണ്ടെന്ന ആരോപണവുമുണ്ട്. തന്നെ ബലമായി നിര്‍ഭയയില്‍ തടഞ്ഞു വയ്ക്കുകയാണെന്നായിരുന്നു മഹിളാ സമാഖ്യാക്കാര്‍ക്കെതിരേയുള്ള പരാതിയിലെ ആരോപണം. പിന്നീട് പെണ്‍കുട്ടി തന്നെ ഇക്കാര്യത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതേ കന്യാസ്ത്രീയുടെ കോണ്‍വെന്റില്‍ വച്ചും കുട്ടിയെ കൊണ്ട് മൊഴി മാറ്റിക്കാന്‍ ശ്രമം നടന്നെന്നും പരാതിയുണ്ട്. ഇതേ കന്യാസ്ത്രീ അംഗമായ ബാലാവകാശ കമ്മിഷന്‍ കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനും തുനിഞ്ഞിരുന്നു. പെണ്‍കുട്ടി നിര്‍ഭയയില്‍ ഉണ്ടെന്നു കൃത്യമായി അറിയാമായിരുന്നിട്ടും, കോടതി വളപ്പില്‍ വച്ച് പ്രതികള്‍ക്ക് അനുകൂലമായി മൊഴി മാറ്റി പറയണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തയാളാണ് പരാതിക്കാരനായ പിതാവ് എന്നറിഞ്ഞിരുന്നിട്ടുമാണ് ബാലാവകാശ കമ്മിഷന്‍ ഇത്തരമൊരു അന്വേഷണത്തിന് തയ്യാറായതെന്നതില്‍ തന്നെ പല സംശയങ്ങളുമുണ്ട്. ബാലാവകാശ കമ്മിഷനും ശിശുക്ഷേമ സമിതിയും ഈ പെണ്‍കുട്ടിയെ പ്രതികളുടെ കൈകകളില്‍ എത്തിക്കാന്‍ പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെന്നതിന്റെ തെളിവുകളാണിവ. പ്രതികള്‍ക്കൊപ്പം മുന്‍പ് ഈ പെണ്‍കുട്ടിയെ പറഞ്ഞയപ്പോള്‍, അതിലെ അസ്വഭാവിക ചൂണ്ടിക്കാട്ടിയപ്പോള്‍ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ മുന്‍ ചെയര്‍മാന്‍ പറഞ്ഞത്, എല്ലാ കുട്ടികളേയും സംരക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ. കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസ് നോക്കിക്കൊള്ളും. സുകുമാരക്കുറിപ്പിനെ ഒഴികെ ബാക്കിയെല്ലാവരേയും കേരള പൊലീസ് പിടികൂടിയിട്ടുണ്ടല്ലോ!’ എന്നായിരുന്നു. കുട്ടിയെ ഇപ്പോള്‍ വിട്ടുകൊടുത്തതിനെ കുറിച്ച് ചോദിക്കാന്‍ നിലവിലെ ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണെ വിളിച്ചപ്പോള്‍, ഓരോ ദിവസവും ഒത്തിരി കുട്ടികളെ ഇങ്ങനെ വിടുന്നതിനാല്‍, ഏതു കുട്ടിയുടെ കാര്യമാണ് ചോദിക്കുന്നതെന്നു മനസിലാകുന്നില്ലെന്നായിരുന്നു മറുപടി. ഇടുക്കിയിലെ രാഷ്ട്രീയ നേതാവിന്റെ അതേ പാര്‍ട്ടിക്കാരി തന്നെയാണ് ഈ ചെയര്‍പേഴ്‌സണും.
പെണ്‍കുട്ടിയെ ഇപ്പോള്‍ സഹോദരനൊപ്പമാണ് അയച്ചിരിക്കുന്നത്. ഇതേ സഹോദരന്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതില്‍ അണ്‍ ഫിറ്റ് ആണെന്നു റിപ്പോര്‍ട്ട് ഉണ്ട്. അതു പരിഗണിച്ചില്ല. കുട്ടിയെ തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ കീഴിലേക്ക് മാറ്റുന്നത് കളക്ടര്‍ ഉത്തരവിട്ടാണ്. കളക്ടറോടും ഇതേ കുറിച്ച് കൂടിയാലോചിട്ടില്ല. പതിനെട്ട് വയസ് പൂര്‍ത്തിയായ പെണ്‍കുട്ടിയുടെ ഭാവിയെക്കുറിച്ച് കോടതിയുടെ അഭിപ്രായം ചോദിക്കാനും ശിശുക്ഷേമ സമിതിക്ക് ഉത്തരവാദിത്വം ഉണ്ടായിരുന്നു, അതിനും തയ്യാറായില്ല. ഒരു കുട്ടിയെ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നും റിലീസ് ചെയ്യുന്നതിനു മുമ്പായി കുട്ടിയെ എങ്ങോട്ടാണോ കൊണ്ടുപോകുന്നത് അവിടെ നിന്നുള്ള ഫീല്‍ഡ് റിപ്പോര്‍ട്ട്, ഭവന സന്ദര്‍ശ റിപ്പോര്‍ട്ട്, കൗണ്‍സിലിംഗ് റിപ്പോര്‍ട്ട് എന്നിവ തയ്യാറാക്കി പരിശോധിച്ച് കുട്ടി സുരക്ഷിതയായിരിക്കുമോ എന്നു മനസിലാക്കി മാത്രമെ റിലീസ് ചെയ്യാവൂ എന്നു നിയമം ഉളപ്പോഴാണ് ഇതിനൊന്നും തയ്യാറാകെത കുട്ടിയെ വിട്ടു കൊടുത്തിരിക്കുന്നത്. ഇതില്‍ നിന്നു തന്നെ ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തി നിയമവിരുദ്ധമാണെന്നു വ്യക്തമാണ്. മൂന്നു കേസുകളില്‍ സാക്ഷി കൂടിയാണ് പെണ്‍കുട്ടി. ഈ കേസുകളിലെ പ്രതികളായിട്ടുള്ളവരെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തുണ്ട്. കൂടാതെ പെണ്‍കുട്ടിയുടെ സഹോദരനും സഹോദരിയും മുഖ്യപ്രതിയുടെ സ്വാധീനത്തില്‍ കഴിയുന്നവരുമാണ്. ഇവര്‍ക്കെല്ലാമിടയിേേലക്കാണ് ഇപ്പോള്‍ കുട്ടി എത്തപ്പെട്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ ജീവിതത്തേയും ഭാവിയെക്കുറിച്ചും ആശങ്ക പലരും പങ്കുവയ്ക്കുന്നുണ്ട്.