UPDATES

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ പുനരന്വേഷണം; പക്ഷേ, വീഴ്ച പൊലീസിന് മാത്രല്ല

ശിശുക്ഷേമ സമിതിക്കാര്‍ക്കും ബാലാവകാശ കമ്മിഷനുമൊക്കെ അതില്‍ പങ്കുണ്ടെങ്കില്‍ അവര്‍ക്കെതിരേയും അന്വേഷണം നടക്കുകയും പോക്സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുകയും വേണ്ട സാഹചര്യമുണ്ട്

പൊലീസ് വീഴ്ച വരുത്തിയ മൂന്നു പീഡനക്കേസുകളില്‍ (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിപ്പിക്കപ്പെട്ട കേസുകള്‍) പുനരന്വേഷണം തുടങ്ങിയിരിക്കുന്നു. മങ്കടയില്‍ മാതാവിന്റെ സഹായത്തോടെ ഏഴും പത്തും വയസുള്ള സഹോദരിമാരെ പീഡിപ്പിച്ച കേസ്, അരീക്കോട്ട് പെണ്‍കുട്ടിയെ ബന്ധുവും അയല്‍വാസിയും ചേര്‍ന്ന് പീഡിപ്പിച്ച കേസ്, മഞ്ചേരിയില്‍ റവന്യൂ ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് എന്നിവയിലാണ് പുനരന്വേഷണം. ഈ മൂന്നു കേസുകളിലും പൊലീസ് അനാസ്ഥ കാണിക്കുകയും കേസ് ഇല്ലാതാക്കാന്‍ (അവസാനിപ്പിക്കാന്‍) ശ്രമം നടത്തുകയുമായിരുന്നു. ഐജിയുടെ നിര്‍ദശപ്രകാരമാണ് പുതിയ അന്വേഷണങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

ഈ മൂന്നു കേസുകളിലും പൊലീസിന്റെ ഭാഗത്ത് നിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. മങ്കടയില്‍ സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട കേസില്‍ പരാതി രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷത്തിനടുത്തായിട്ടും അതൊരു വ്യാജ പരാതിയാക്കി കേസ് ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിച്ചതെങ്കില്‍ മഞ്ചേരിയില്‍ റവന്യു ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ല. അരീക്കോടെ കേസും സമാന രീതിയിലാണ് പൊലീസ് കൈകാര്യം ചെയ്തത്. പരാതിക്ക് ആസ്പദമായ സംഭവം നടന്നിട്ടില്ലെന്ന നിലപാടില്‍ കേസ് അവസാനിപ്പിക്കാനായിരുന്നു ശ്രമം.

ആ കുട്ടിയെ തേടി കോടതി വരെയെത്തി കൊലവിളി; ഇനിയെങ്കിലും എന്തെങ്കിലും ചെയ്യുമോ മന്ത്രീ?

പൊലീസിന്റെ കൃത്യവിലോപത്തില്‍ അതില്‍ പങ്കാളികളായ ഉദ്യോഗസ്ഥര്‍ തീര്‍ച്ചയായും ഉത്തരവാദികളാണ്. അതേസമയം തന്നെ, ഈ കേസുകളില്‍ നാളിതുവരെ ന്യായം നടപ്പാക്കപ്പെടാതെ വന്നെങ്കില്‍ അതില്‍ പൊലീസ് മാത്രം അല്ല തെറ്റുകാര്‍. പോക്‌സോ കേസുകളില്‍ പൊലീസ് അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കാനുള്ള അധികാരം ശിശുക്ഷേമ സമിതിക്കുണ്ട്. പൊലീസിനെ വിളിച്ച് വരുത്തി അവര്‍ക്ക് കേസിന്റെ വിശദാംശങ്ങള്‍ ചോദിക്കാം. അന്വേഷണത്തില്‍ അലംഭാവം നടക്കുന്നുണ്ടെങ്കില്‍ മേല്‍ നടപടിക്കായി ശിപാര്‍ശ ചെയ്യാം. എന്നാല്‍ ഇവിടെയെല്ലാം തന്ത്രപരമായ മൗനമാണ് ഉത്തരവാദിത്വത്തപ്പെട്ടവരില്‍ നിന്നും ഉണ്ടായത് എന്നാരോപണമുണ്ട്.

മങ്കട കേസില്‍, പെണ്‍കുട്ടികളുടെ മാതാപിതാക്കളും കുറ്റാരോപിതരാണ്. അവര്‍ക്കെതിരേ മൊഴി നല്‍കിയത് കുട്ടികള്‍ തന്നെയാണ്. എന്നാല്‍ കുട്ടികളുടേത് ശരിയായ മൊഴിയല്ലെന്ന് വരുത്തി തീര്‍ക്കാന്‍ അവരെ ഒന്നിലേറെ കൗണ്‍സിലര്‍മാരെയാണ് കാണിച്ചത്. അതും കേസില്‍ കുറ്റാരോപിതയായ അമ്മയ്‌ക്കൊപ്പം. 2017 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ കുട്ടികളുടെ 164 എടുക്കാന്‍ പോലും പൊലീസ് തയ്യാറായിട്ടില്ല എന്ന് അറിഞ്ഞപ്പോഴും ഇടപെടാതിരിക്കുകയും പ്രതികളെ പിടിക്കേണ്ടത് തങ്ങളല്ല, പൊലീസ് ആണെന്നു പറയുകയുമായിരുന്നു ചെയ്തത്. ഇതിനെക്കാള്‍ ഗുരുതരമായ നടപടിയായിരുന്നു, കുട്ടികളെ മുത്തച്ഛന്റെ കൂടെ പറഞ്ഞയയ്ക്കാന്‍ മലപ്പുറം ശിശുക്ഷേമ സമിതി തീരുമാനം എടുത്തത്. പ്രതികളുമായി നേരിട്ട് ബന്ധമുള്ളയാളാണ് മുത്തച്ഛന്‍. ഇയാള്‍ കുട്ടികളെ കൂട്ടിക്കൊണ്ടു പോകുന്നിടത്ത് പ്രതികള്‍ക്ക് അവരെ സ്വാധീനിക്കാന്‍ എളുപ്പം കഴിയും. എന്നാല്‍ ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ ഹൈക്കോടതി ഓഡറിന്റെ ന്യായം പറഞ്ഞ് കുട്ടികളെ വിട്ടുകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് ഈ ഓഡര്‍ കളക്ടര്‍ ചലഞ്ച് ചെയ്യുകയും കുട്ടികളെ വിട്ടു കൊടുക്കരുതെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.

ഇപ്പോള്‍ പുനരന്വേഷണം നടക്കുന്ന മൂന്നു കേസുകളിലും ഇത്തരത്തില്‍ ശിശുക്ഷേമ സമിതിയുടെ അന്യായ ഇടപെടലുകള്‍ കാണാം. സിഎന്‍പിസി (child in need of care and protection -CNCP) ആയ കുട്ടികളെ പോലും സ്വാഭാവിക നീതിയുടെ പേരു പറഞ്ഞ് ബന്ധുക്കള്‍ക്കൊപ്പം വിട്ടുകൊടുക്കാന്‍ ശിശുക്ഷേമ സമിതിക്കാരും ബാലാവകാശ കമ്മീഷനുമൊക്കെ തിടുക്കം കാണിക്കുന്നതിന് പിന്നില്‍ അത്ര നിഷ്‌കളങ്കമല്ലാത്ത മറ്റ് ഉദ്ദേശ്യങ്ങളുമുണ്ടെന്നത് വ്യക്തമാണ്. ഹൈക്കോടതി ഉത്തരവാണ് പലപ്പോഴും ഇവര്‍ ആയുധമാക്കുന്നത്. ഹൈക്കോടതിയില്‍ പീഡന കേസുകളിലെ ഇരകളായ കുട്ടികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബന്ധുക്കളോ മാതാപിതാക്കളോ ഹര്‍ജി നല്‍കുമ്പോള്‍ അതിനെ എതിര്‍ക്കാനോ കോടതിയെ സാഹചര്യങ്ങളും വസ്തുതകളും ബോധ്യപ്പെടുത്താനോ ശിശുക്ഷേമ സമിതിയെ പ്രതിനിധീകരിച്ച് അഭിഭാഷകര്‍ ഉണ്ടാകില്ല. പതിനാല് ജില്ലകളിലും (മൂന്ന് പോക്‌സോ കോടതികളിലും ഡെസിഗ്‌നേററഡ് കോടതികളിലും ഉള്‍പ്പെടെ) പ്രതിനിധികള്‍ ഉള്ളപ്പോഴും ഹൈക്കോടതിയില്‍ ഇത്തരം കേസുകളില്‍ ഒരു സ്ഥിരം പ്രതിനിധിയില്ല. ഇവിടെയാണ് കോടതി കുട്ടിയുടെ അവകാശം സംരക്ഷിക്കാന്‍ ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് നിര്‍ദേശം നല്‍കുന്നത്.

ആ പെണ്‍കുട്ടിക്ക് അതുതന്നെ സംഭവിച്ചു; ചൂഷണത്തിനിരയായി നിര്‍ഭയയില്‍ കഴിഞ്ഞിരുന്ന 16-കാരിയെ വീട്ടിലേക്കയച്ചവര്‍ അറിഞ്ഞില്ലേ അവള്‍ക്കുണ്ടായ ദുരനുഭവം?

കുട്ടികളെ സംരക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ താത്പര്യം അവരെ വീണ്ടും വേട്ടക്കാരുടെ പക്കലേക്ക് തന്നെ പറഞ്ഞയയ്ക്കാന്‍ ഉത്സാഹം കാട്ടുന്നവരും ശിശുക്ഷേമ സമിതികളുണ്ടെന്നും ആരോപണമുണ്ട്. ഹൈക്കോടതിയിലേക്ക് പറഞ്ഞയയ്ക്കുന്നതില്‍ വരെ ആവശ്യമായ നിയമോപദേശം പ്രതികള്‍ക്കോ ബന്ധുക്കള്‍ക്കോ കിട്ടുന്നതും മറ്റെവിടെയും നിന്നല്ല.

ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇടുക്കിയില്‍ പീഡനത്തിന് ഇരയായ പതിനേഴുകാരിയുടെ കാര്യത്തില്‍ സംഭവിച്ചത്. മാതാവിന്റെ ഒത്താശയോടെ നിരന്തര പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികളുടെ സമീപത്തേക്ക് തന്നെ പറഞ്ഞു വിടാന്‍ തിടുക്കം കൂട്ടിയത് തിരുവനന്തപുരം ശിശുക്ഷേമ സമിതിയും കുട്ടികളുടെ അവകാശത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു സംവിധാനത്തിലെ അംഗവുമായിരുന്നു. ഒരിക്കല്‍ ഈ പെണ്‍കുട്ടിയെ വീട്ടിലേക്ക് പറഞ്ഞു വിട്ടതിന്റെ ഫലം എന്തായിരുന്നുവെന്ന് അറിയാമായിരുന്നിട്ടും, വീണ്ടും അതേ സ്ഥലത്തേക്കു തന്നെ കുട്ടിയെ പറഞ്ഞു വിട്ടവര്‍ക്ക് ആരുടെ താത്പര്യമാണ് സംരക്ഷിക്കേണ്ടിയരുന്നത്? ആ കുട്ടി വീണ്ടും ആക്രമിക്കപ്പെടുകയാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട കേസില്‍ 164 എടുക്കാന്‍ കോടതിയില്‍ കൊണ്ടു വന്നപ്പോള്‍ അവിടെ വച്ചും പെണ്‍കുട്ടിയെ സ്വന്തം പിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. രഹസ്യമൊഴി നല്‍കാന്‍ രഹസ്യമായി കുട്ടിയെ കോടതിയില്‍ എത്തിച്ചിട്ടും ആ വിവരം പിതാവ് എങ്ങനെ അറിഞ്ഞു എന്നതൊക്കെ ആര് അന്വേഷിച്ച് കണ്ടു പിടിക്കും?

ഇത്തരം ‘ശിശുക്ഷേമ’ക്കാരോട് കടക്ക് പുറത്തെന്നു പറയാന്‍ ശൈലജ ടീച്ചര്‍ ആര്‍ജ്ജവം കാണിക്കുമോ?

ഇരയായ പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ ശാരീരക-മാനസിക സംരക്ഷണവും അവരുടെ അവകാശങ്ങള്‍ (വിദ്യാഭ്യാസ അവകാശം ഉള്‍പ്പെടെ) ഹനിക്കപ്പെടാതെ നോക്കാനും നിര്‍ഭയ ഷെല്‍ട്ടര്‍ ഹോമുകള്‍ പോലെയുള്ള സംവിധാനങ്ങള്‍ ഉള്ളപ്പോഴും അവിടെ കിടന്നാല്‍ കുട്ടികളുടെ സ്വാഭാവിക നീതി നിഷേധിക്കപ്പെടുമെന്ന കാരണത്താല്‍ വീടുകളിലേക്കും മാതാപിതാക്കള്‍/ബന്ധുക്കളുടെ അരികിലേക്ക് പറഞ്ഞു വിടുമ്പോള്‍, അതാ കുട്ടികളുടെ ജീവനു തന്നെ ഭീഷണിയാകുമെന്ന കാര്യം ശിശുക്ഷേമ സമിതിക്കാരും ബാലാവകാശക്കാരുമൊക്കെ മറന്നു പോവുകയാണോ?

ഇടുക്കിയിലെ പെണ്‍കുട്ടിയും അവളുടെ മൂത്ത സഹോദരിയും നിരന്തരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. അമ്മ തന്നെയാണ് വേണ്ട ഒത്താശ്ശകള്‍ ചെയ്തത്. സണ്‍ഡേ സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ക്ലാസ് എടുക്കാന്‍ വന്ന സമയത്ത് സഹോദരനാണ് തന്റെ സഹോദരിമാര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് വിവരം നല്‍കുന്നത്. ഇതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കുമളി പൊലീസ് കേസ് എടുക്കുന്നത്. ഏലക്കൃഷിക്കാരനായ ഒരു സമ്പന്നന്‍ അടക്കം കേസില്‍ പെണ്‍കുട്ടികളുടെ അമ്മയും മറ്റു ചിലരും പ്രതികളായിരുന്നു. വീട്ടില്‍ എത്തിയും മറ്റിടങ്ങളില്‍ കൊണ്ടുപോയും കുട്ടികളെ പീഡിപ്പിച്ചിരുന്നു. പ്രതികളെല്ലാം ഇപ്പോള്‍ ജാമ്യത്തില്‍ പുറത്താണ്. ഇതില്‍ പ്രധാന പ്രതിയാണ് പെണ്‍കുട്ടിയെ മേയ് മാസത്തില്‍ വീട്ടിലേക്ക് കൊണ്ടു പോയപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചത്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. പെണ്‍കുട്ടിയുടെ സഹോദരനും മാതാപിതാക്കളാല്‍ ശാരീരിക-മാനസിക പീഢനങ്ങള്‍ അനുഭവിച്ചു വരികയാണെന്നാണ് വിവരം. ഈ സാഹചര്യങ്ങളൊക്കെ അന്വേഷിച്ചറിയാന്‍ സംവിധാനം ഇല്ലാത്തതല്ല ശിശുക്ഷേമ സമതിക്ക്. പെണ്‍കുട്ടിക്ക് വീട്ടിലേക്ക് പോകാന്‍ താത്പര്യമില്ലാതിരുന്നിട്ടുപോലും നിര്‍ബന്ധപൂര്‍വം കുട്ടിയെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ഇതിന് ചുക്കാന്‍ പിടിച്ചതാകട്ടെ കുട്ടികളെ അവകാശത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മറ്റൊരു സര്‍ക്കാര്‍ സംവിധാനത്തിലെ അംഗവും.

ആ കുഞ്ഞുങ്ങള്‍ക്ക് നാളെ എന്തെങ്കിലും സംഭവിച്ചാലോ? മലപ്പുറം ശിശുക്ഷേമ സമിതിയുടെ നടപടി എന്തുകൊണ്ട് ചോദ്യം ചെയ്യപ്പെടണം

ഇപ്പോള്‍ അറിയുന്ന മറ്റൊരു വിവരം കുട്ടിയെ എന്നെന്നേക്കുമായി തങ്ങളുടെ കൂടെ വിട്ടുനല്‍കാന്‍ പിതാവ് ബാലാവകാശ കമ്മീഷനിലൂടെ ശ്രമിക്കുകയാണെന്നാണ്. പീഡന കേസ് കെട്ടിച്ചമച്ചതാണെന്നും കുട്ടിയെ കൊണ്ട് നിര്‍ഭയക്കാര്‍ മന:പൂര്‍വം മൊഴി കൊടുപ്പിക്കുകയാണെന്നുമാണ് പിതാവിന്റെ ആക്ഷേപം. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുപ്പിക്കാന്‍ വേണ്ടി കുട്ടിയെ വിട്ടുകിട്ടാന്‍ അപേക്ഷ നല്‍കിയപ്പോള്‍ കുട്ടിക്ക് താത്പര്യമില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതിയുടെ ഉത്തരവ് (കുട്ടിയെ മാതാപിതാക്കള്‍ക്ക് കൂട്ടിക്കൊണ്ടു പോകാനുള്ള ഓഡര്‍) ക്യാന്‍സല്‍ ആയിപ്പോയപ്പോള്‍, ബാലാവകാശ കമ്മിഷന്റെ ഇടപെടലായിരുന്നു കുട്ടിയെ വിട്ടുകിട്ടാന്‍ ഇവര്‍ക്ക് സഹായകമായാത്. അതുകൊണ്ട് കുട്ടിയെ പൂര്‍ണമായി തന്റെ സംരക്ഷണത്തില്‍ നിര്‍ത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്നു കാണിച്ച് പിതാവ് ബാലാവകാശ കമ്മിഷനില്‍ അപേക്ഷ നല്‍കിയിരിക്കുന്നതെന്നാണ് അറിയുന്നത്. സ്വന്തം വീട്ടിലേക്ക് പോകാന്‍ താത്പര്യമില്ലാതിരുന്നിട്ടുപോലും അതിനായി കുട്ടിയ നിര്‍ബന്ധിച്ച രീതിയില്‍ ഇടപെടല്‍ ബാലാവകാശ കമ്മിഷനോ അതിലെ അംഗങ്ങളോ നടത്തിയിട്ടുണ്ടെങ്കില്‍ അതെന്തിനു വേണ്ടിയായിരുന്നു? ആര്‍ക്ക് വേണ്ടിയായിരുന്നു? അത്തരത്തില്‍ നിര്‍ബന്ധിച്ച് കുട്ടിയെ വീട്ടില്‍ പറഞ്ഞു വിട്ടതിനുശേഷം അവള്‍ വീണ്ടും ആക്രമിക്കപ്പെട്ടപ്പോള്‍ അതിന്റെ ഉത്തരവാദിത്വം ബാലാവകാശ കമ്മിഷനോ അതിലെ അംഗമോ ഏറ്റെടുക്കുമോ?

കുട്ടികള്‍ക്കു വേണ്ടിയുള്ള സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എതു തരത്തില്‍ ആണെന്നതിന് ഉദാഹരണങ്ങളാണ് ഈ സംഭവങ്ങള്‍. അതുകൊണ്ട് തന്നെ കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസുകളില്‍ അന്വേഷണം ഉഴപ്പുകയും പ്രതികള്‍ രക്ഷപ്പെട്ടു നില്‍ക്കുകയും ചെയ്യുമ്പോള്‍ അത് പൊലീസിന്റെ മാത്രം വീഴ്ച്ചയായി ഒതുക്കരുത്. ശിശുക്ഷേമ സമിതിക്കാര്‍ക്കും ബാലാവകാശ കമ്മിഷനുമൊക്കെ അതില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയും ഉണ്ടെങ്കില്‍ അവര്‍ക്കെതിരേയും പോക്‌സോ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തുകയും വേണം.

മൊയ്തീന്‍കുട്ടിമാരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പഞ്ചായത്ത് പ്രസിഡന്റുമാരും പോലീസും; റാന്നി പീഡനത്തിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍