UPDATES

വായന/സംസ്കാരം

ദൈവമുണ്ട്; അയാള്‍ മറവിയുടെ വായനശാലയിലെ പുതിയ പുസ്തകങ്ങള്‍ വായിക്കുന്നു

Avatar

പ്രിയന്‍ അലക്സ്

പുസ്തകങ്ങള്‍ക്കും വയസാവും. ബ്ലാക്ക് ആന്റ് വൈറ്റിലാണ് പുസ്തകങ്ങള്‍. സ്വപ്നം പോലെ, കണ്ണടച്ചാലിരുട്ടാണ്. കണ്ണുതുറന്നാല്‍ വെളിച്ചവും. ഈ ദ്വന്ദങ്ങള്‍ക്കിടയിലാണ് എല്ലാം സംഭവിക്കുന്നത്. വായിക്കുമ്പോള്‍ വെറുതെ വായിക്കുകയല്ല. ഒരു പുസ്തകം കൊണ്ട് മറ്റൊരു പുസ്തകത്തെ വായിക്കലാണ്. കാരണമുണ്ട്. അക്ഷരമാലയെക്കുറിച്ച് കേവലമൊരു ഓര്‍മ്മ പോലുമുണ്ടാവില്ല ഏതുപുസ്തകം വായിച്ചാലും. പക്ഷെ ആദ്യം വായിച്ചത് അക്ഷരമാലയാവും. ചില ഓര്‍മ്മകളെ ഓര്‍ക്കാതിരുന്നാലും ഓര്‍മ്മയില്‍ത്തന്നെയുണ്ടാവും. ആ ഓര്‍മ്മകളില്ലാതെ മുന്നോട്ടൊരിഞ്ച് വായിക്കാനോ മരിക്കാനോ ആവില്ല. ജീവിതത്തെക്കുറിച്ച് പറയുന്നില്ല. വായിക്കുക, കുഞ്ഞുണ്ണിമാഷോ പ്രൊഫ എസ് ശിവദാസോ എങ്ങനെ വായിക്കണമെന്ന് കുട്ടികള്‍ക്കായി പുസ്തകമെഴുതി പ്രബോധിപ്പിച്ചുണ്ടാവാമെങ്കിലും വായന ഒരു പുസ്തകം മറ്റൊരു പുസ്തകത്തോട് ചെയ്യുന്ന ഇടപാടാണ്. മനസില്‍ ഒരു പുസ്തകമില്ലാതെ നിങ്ങള്‍ക്കൊരു പുസ്തകവും വായിക്കാനാവില്ല. അല്ലെങ്കില്‍ നിങ്ങള്‍ വായിക്കുന്നത് അക്ഷരമാലയാവും. അതിനാലാണ് അക്ഷരമാലാപ്പുസ്തകത്തെ നാം വായിക്കാന്‍ തുടങ്ങിയാല്‍പ്പിന്നെ എന്നെന്നേക്കുമായി മറന്നുകളയുന്നത്. ആ മറവിയിലാണ് നമ്മുടെ ഓര്‍മ്മകളൊക്കെയും വേരുപടര്‍ത്തുന്നത്.

 

ഒന്നോര്‍ത്താല്‍ എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ആരാനും വെറുതെ പറയുന്നതല്ല. പുസ്തകം തുറക്കാതെ ഒന്നും വായിക്കുക സാധ്യമല്ല. ആ വൈറ്റില്‍നിന്നും നിങ്ങള്‍ ബ്ലാക്കിലേക്ക് പ്രവേശിക്കണം. വെളുപ്പില്‍ നിന്ന് കറുത്ത അക്ഷരങ്ങളിലേക്ക്. വെളുപ്പില്‍നിന്ന് ഇരുട്ടിന്റെ വെളിപാടിലേക്ക്. അത് ഓര്‍ത്താല്‍ ഒട്ടും സുന്ദരമല്ലാത്ത കാര്യമാണ്. പല്ലുന്തിയപോലത്തെ അക്ഷരങ്ങള്‍ ഇവ വായിച്ചിട്ടാണ്, പ്രണയവും രോഷവും നിന്ദയും, ഹര്‍ഷവും, വിപ്ലവവും വേദനയും ഏകാന്തതയും തോന്നിയത്. ഇവ വായിച്ചിട്ടാണ്, അഷ്ടമുടിക്കായലിലേക്ക് നന്നേ ചാഞ്ഞുകിടക്കുന്ന പൂവരശിന്‍ കൊമ്പില്‍നിന്നും ആകാശത്തേക്ക് കാലിട്ട് (അതേ കാലുകള്‍ക്കടിയിലും ആകാശമുണ്ട് ഒരു മരപ്പൊക്കത്തിലിരുന്നാല്‍) വായിച്ചുറങ്ങി അങ്ങേക്കരയോളം കാണാനായത്. അല്ലെങ്കിലങ്ങനെയേ വരൂ. ഖസാക്കിലെ രവിയുടെ പെട്ടിയില്‍ മുട്ടത്തുവര്‍ക്കിയുടെ പുസ്തകവുമുണ്ടായിരുന്നു. ഫിലോസഫിയോടൊപ്പം അല്പം കിനാവും വേണം. വിപ്ലവത്തോടൊപ്പം പ്രണയവും വേണം. അതുകൊണ്ടാണ് വേണുനാഗവള്ളിയും ജലജയും നമ്മളെ അസ്ഥിയില്‍നിന്നും കരളിനെപ്പറിച്ചെടുത്തപോലെ നോവിച്ചത്.

 

വായനയില്‍ ഒരു വായ ഉണ്ടെന്നതുമറന്നിട്ടല്ല. വായന വായിനോക്കാന്‍വേണ്ടിയുള്ള പോക്കുകൂടിയാണ്. നാട്ടിലെ, ചവറ തെക്കുംഭാഗത്തെ ദേശാഭിമാനി വായനശാലയില്‍നിന്നാണ്, പുസ്തകങ്ങള്‍കൊണ്ടുള്ള മറ്റുപകാരങ്ങള്‍ ബോധ്യപ്പെട്ടത്. ഒരു ചെറിയ മുറിയില്‍ ആറ് അലമാരകളില്‍ നിറച്ചും പുസ്തകങ്ങള്‍, അത്രയേയുള്ളൂ. വായനാക്ഷമതയുടെ മാത്രം മാനദണ്ഡത്താല്‍ തിരിച്ചറിയപ്പെടുന്നവ എല്ലാവര്‍ക്കും അത്രയും ക്ഷമയേ ഉണ്ടായിരുന്നുള്ളൂ എന്നു തോന്നുന്നു. പുറംചട്ട കീറിപ്പോയിട്ടും മാധവിക്കുട്ടിയുടെ ചന്ദനമരങ്ങളും എന്റെ കഥയും നഷ്ടപ്പെട്ട നീലാംബരിയും തിരഞ്ഞ് ആളെത്തിയിരുന്നു. നാട്ടിലെ പി എസ് എസി വിപ്ലവത്തിനൊക്കെ മുമ്പായിരുന്നു. സീനിയേഴ്‌സ് ഏഴുപ്രാവശ്യം വരെ പത്താം ക്ലാസ് പരീക്ഷകളെഴുതിത്തോറ്റിരുന്നു.(പക്ഷെ കാലം പെട്ടെന്നുമാറി) ആനന്ദൊക്കെ പുതുപുത്തനായിരിക്കുന്നു. ആണുങ്ങളില്‍ മുകുന്ദന്‍, ടി പത്മനാഭന്‍, എം ടി ഇവരൊക്കെ ഒപ്പത്തിനൊപ്പം വരും. എങ്കിലും ശകലം വട്ടൊക്കെ എഴുതുന്ന അസ്തിത്വം എന്നൊന്നും പറഞ്ഞാല്‍ എറിക്കൂല്ല, മുകുന്ദനാണ് മുന്നിലെത്തുക. മേതിലിനെ വായിച്ച് അമ്മയുടെയും അമ്മൂമ്മയുടേയും കണ്ണട വെച്ച് നോക്കാനും, ഉറുമ്പുനടക്കുന്ന വഴിയും, ഒച്ചുപേക്ഷിച്ച് പുറന്തോടും കണ്ട് ഡാര്‍വ്വിനിസ്റ്റുകളായവരും വരും. പേരും സൂചിപ്പിക്കുമ്പോലെയല്ല, ദേശാഭിമാനി വായനശാലയില്‍ പാര്‍ട്ടി സാഹിത്യവും, പാര്‍ട്ടിവിരുദ്ധവും ഉണ്ടായിരുന്നു. നായനാര്‍ കയ്യൂര്‍ സമരനായകനല്ല എന്നൊക്കെ വിവരിക്കുന്ന പുസ്തകവുമുണ്ടായിരുന്നു. അന്ന് നായനാര്‍ മുഖ്യമന്ത്രിയാണ്. പ്ലാനിങ്ങ് കമ്മിഷനില്‍നിന്നോ ധനകാര്യകമ്മിഷനില്‍നിന്നോ ആളുവന്നാപ്പോലും തര്‍ക്കുത്തരം പറയും. പിന്നെ പി ആര്‍ ഡീടെ ചെലവില്‍ സ്വന്തമായി അറുബോറന്‍ നിയമസഭാപ്രസംഗങ്ങള്‍ പുസ്തകമാക്കിയ ആളും. ഇമേജ് വളരെ മോശമായിരുന്നു. എന്നിട്ടും കൊല്ലത്തൊക്കെ മഴയത്തും നായനാരു മരിച്ചപ്പോ ആളുകള്‍ നിന്നു കരഞ്ഞു. അതാണ്. വായന ഇരുട്ടാണ്. അക്ഷരങ്ങള്‍ കറുപ്പാണ്, പകല്‍ വെളിച്ചത്തില്‍ ആളുകള്‍ ദു:ഖിച്ചുപോവും. എന്നാലുണ്ടോ വായിക്കാതിരിക്കുന്നു?

 

 

അവിടെയൊരു ലൈബ്രേറിയനുണ്ടായിരുന്നു. വായനശാലകളെല്ലാം അയാളുടേതാണ്. അയാള്‍ക്ക് എല്ലാ പുസ്തകവും ആദ്യം വായിക്കാം. ആദ്യത്തെ സാഹിത്യനിരൂപണവും അയാളുടേതാണ്. ചില പെമ്പിള്ളേരെയൊക്കെ പുസ്തകം തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നതും കാണാം. നമ്മളെയൊന്നും ഗൌനിക്കാറേയില്ല. വായിക്കും മുമ്പ് ഏതുപുസ്തകവും മൌനത്തിലാണല്ലോ. അതുപോലെതന്നെയാണ് ഈ ലൈബ്രേറിയനും. അയാള്‍ക്ക് മിണ്ടാന്‍ അയാളുടെ പുസ്തകം തുറക്കേണ്ടതുണ്ട്. ഗുഡ് ബുക്ക് എന്ന് പറഞ്ഞത് എത്ര സത്യമാണല്ലേ. ഗുഡ് ബുക്കില്‍ ഉള്ളവരോടേ നമ്മള്‍ മിണ്ടൂ. ഗുഡ് ബുക്കേ എല്ലാവര്‍ക്കും വേണ്ടൂ. പാവം ആരും വായിക്കാത്ത പാവം പുസ്തകങ്ങള്‍. അവരൊക്കെ മഞ്ഞച്ച് പോവും. പൊടിഞ്ഞുതീരും. ഇരട്ടവാലികള്‍, വെള്ളിമീനുകള്‍ തുരന്നുതീര്‍ക്കും; അങ്ങനെതീരുന്നു. ദോഷം പറയരുതല്ലോ അവര്‍ക്ക് ഗ്രാംഷിയും ഗാന്ധിയും സേതുങ്ങും ഒരേയാളാണ്; ഭരണകൂടവും വിപ്ലവവും വരെ അങ്ങനെ തുരന്നുതീര്‍ന്നു. ആടുതിന്നുതീര്‍ത്ത ശബ്ദങ്ങളെക്കുറിച്ച് ബഷീര്‍ എഴുതിയിട്ടുണ്ടല്ലോ. ബഷീറിന്റെ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചത് അവിടെനിന്നാണ്.

 

ആ ലൈബ്രേറിയനെക്കുറിച്ച് എനിക്ക് ഒരു ചുക്കുമറിയില്ലാരുന്നു. സ്വര്‍ഗമെന്നാല്‍ ഒരു വായനശാലയാണെന്നും ആ വായനശാലയിലെ ലൈബ്രേറിയനാണ് ദൈവമെന്നും ബോര്‍ഹസ് എഴുതിയത് വായിച്ചത് പിന്നീടാണ് സി വി ബാലകൃഷ്ണന്റെ ലൈബ്രേറിയന്‍ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍. പുസ്തകം വായിക്കുന്നവരെയൊക്കെ കമ്മ്യൂണിസ്റ്റാക്കുന്ന പഴയ ഒരു കാലത്തെക്കുറിച്ച് കേട്ടിരുന്നു. സര്‍വ്വോപരി കമ്മ്യൂണിസ്റ്റുമാണെന്ന് പോലീസുകാര്‍ കേസിലെഴുതുന്നത് തകഴിയുടെ ആത്മകഥയിലുമുണ്ടല്ലോ. ആ ധാരണയും ദേശാഭിമാനി എന്ന പേരും, ഈ ദൈവത്തെ ഒരു കമ്മ്യൂണിസ്റ്റുകാരനാക്കിച്ചിന്തിപ്പിച്ചു. നല്ല ചുകപ്പന്‍ ബോര്‍ഡില്‍ വെള്ള അക്ഷരം കൊണ്ടാണ് ദേശാഭിമാനി എന്നെഴുതിയിരുന്നതുപോലും. പക്ഷെ എനിക്കാണ് തെറ്റിയതെന്ന് പിന്നീട് മനസിലായി. അധികം വൈകിയില്ല. നായനാരുടെ മുഖ്യമന്ത്രിപദം തീരാറായി. തെക്കുംഭാഗത്തേക്ക് പാലം വേണമെന്ന് പറഞ്ഞ് സമരങ്ങള്‍ തുടങ്ങി. കായല്‍പ്പരപ്പില്‍ നമ്മുടെ ലൈബ്രേറിയനുള്‍പ്പെടെ കുറേ സാംസ്‌ക്കാരികപ്രവര്‍ത്തകര്‍ നിരാഹാരമനുഷ്ഠിച്ചു. ഉദ്ഘാടനം ഒരു കോണ്‍ഗ്രസുകാരന്‍. അതുവഴി ബോട്ടില്‍ക്കേറി സ്‌ക്കൂളിപ്പോയ ഞാനിതുകണ്ടു. അയാളതാ ഖദറിട്ട് നില്‍ക്കുന്നു. വൈകുന്നേരമായപ്പോ മനസിലായി. വീട്ടിലൊക്കെ ചോദിച്ചു. അയാള്‍ പണ്ടേ കോണ്‍ഗ്രസാണ്. വായനശാല കമ്മ്യൂണിസ്റ്റുകാരുടേതാണ്. ഒരു കുഴപ്പവുമില്ല.

 

കുഴപ്പമുണ്ടെന്ന് തോന്നിയത് പിന്നീടാണ്. ജോലിയൊക്കെ കിട്ടി കണ്ണൂരുവന്നപ്പോ നാടുമൊത്തം വായനശാലയും സഹകരണസംഘങ്ങളും. ഈ നാടിന് ഭയങ്കരസാംസ്‌ക്കാരികതയാണല്ലോ എന്ന് അന്തം വിടാനിരുന്നതേയുള്ളൂ. പക്ഷെ വേണ്ടെന്നുവെച്ചു. പേരില്‍ മാത്രമാണ് വായനശാല പലതും. തുറക്കുന്നത് വല്ലപ്പോഴുമാണ്. പത്രം മാത്രമേ എപ്പോഴുമുണ്ടാവൂ. ലൈബ്രേറിയന്മാര്‍ അങ്ങനെ കോണ്‍ഗ്രസുകാരൊന്നുമാവില്ല. അതിനൊന്നും സമ്മതിക്കില്ല. കോണ്‍ഗ്രസുകാര്‍ വായിക്കാനും മെനക്കെടില്ല. റബ്ബറിന്റെയും അടയ്‌ക്കേടേം വിലയറിയാന്‍ പത്രം നോക്കും അത്രതന്നെ. ഭരണകൂടവും വിപ്ലവവും ഉണ്ടോ എന്നാരും ചോദിക്കാനുമില്ല. എന്നാലും അത്രം മോശം പറയാനുമില്ല. ആലക്കോടൊരു ജോര്‍ജ് കാല്‍നടയായും ബസ് കേറിയും പുസ്തകം നല്‍കി സ്വന്തം ചെലവില്‍ ഒരു ലൈബ്രററി നടത്തുന്നു. ഇരിക്കൂറില്‍ ഒരു ചായക്കടക്കാരന്‍ ഷുക്കൂര്‍ മാസാമാസം സാഹിത്യകാരെയും സഹൃദയരെയും വിളിച്ച് സാഹിത്യ ചര്‍ച്ച നടത്തുന്നു. കൂവേരിയിലൊരാള്‍, മുകുന്ദേട്ടന്‍ എല്ലാ പത്രങ്ങളും എത്രയോ കൊല്ലമായി , പുസ്തകങ്ങളുമതേ, സൂക്ഷിച്ചുവെച്ച് റഫറന്‍സ് സൌകര്യമൊരുക്കുന്നു. എല്ലായിടത്തും പ്രതീക്ഷയുണ്ട്.

 

ഇതിനൊക്കെ മുന്നേ, പഠിച്ചോണ്ടിരുന്നപ്പോ നാട്ടിലെത്തന്നെ പല ലൈബ്രററികളും കാണുമ്പോ മെമ്പര്‍ഷിപ്പ് എടുക്കണമെന്ന് തോന്നീട്ടുണ്ട്. പക്ഷെ ആദ്യത്തെ ലൈബ്രററി ആദ്യത്തെ പ്രേമം പോലെ സുന്ദരമായിത്തീരുന്നു. (നശിച്ചും പോവുന്നു!) എപ്പോഴേക്കുമായി. അവിടുന്നാണ് ആദ്യമായി നീഷേയെ വായിച്ചത്. മലയാളത്തില്‍. കെ പി അപ്പന്‍ കാഫ്‌കേ എന്നും കമ്യൂ എന്നുമൊക്കെ തലങ്ങും വിലങ്ങും വീശുന്നത് കണ്ടത്. ആ എഴുത്തിന്റെ സൌന്ദര്യം, ഇങ്ങനെയൊക്കെ ഇരുട്ടഴിച്ച് രാത്രിയെപ്പോലെ മുല്ലപ്പൂക്കളെ കാട്ടിത്തന്നത്. അപ്പോഴേക്കും സാംസ്‌ക്കാരിക വിമര്‍ശകനായിക്കഴിഞ്ഞ സുകുമാര്‍ അഴീക്കോടിനെ കെ പി അപ്പന്‍ പൊളിച്ചടുക്കുന്നത്, എല്ലാം തുറന്നുപറഞ്ഞാല്‍ തമാശയാണെന്ന് പരിഹസിക്കുന്നത്. നഷ്ടപ്പെട്ട തലമുറയും ഉന്മാദികളുമെല്ലാം എന്നോടൊപ്പം സഞ്ചരിക്കാന്‍ തുടങ്ങി. എല്ലാത്തിനുമുപരി പുസ്തക അലമാരിക്കുമുന്നില്‍നിന്ന് എന്നെങ്കിലും ഫോട്ടോയെടുക്കണമെന്ന് പൂതി തോന്നിയത് അന്നാണ്. വീട്ടില്‍ ഇഷ്ടികയടുക്കി, പലക തട്ടുതട്ടായി നിരത്തിവെച്ച് കയറുകൊണ്ടുകെട്ടി സാങ്കല്പികലൈബ്രറിയുണ്ടാക്കി, ബാലരമയും, എങ്ങാണ്ടുന്നോ ക്വിസ് മത്സരങ്ങള്‍ക്ക് സമ്മാനം കിട്ടിയതോ, ദേശാഭിമാനിയില്‍നിന്ന് അടിച്ചുമാറ്റിയതോ (!), പഴയ പാഠപുസ്തകങ്ങളോ ഒക്കെ ചെരിച്ചടുക്കിവെച്ച് നിന്നിട്ട് എങ്ങനുണ്ട് എന്ന് അമ്മയോട് ചമഞ്ഞുചോദിച്ചത്. കൊല്ലത്തെ പബ്ലിക് ലൈബ്രറി, എലിപ്പത്തായം സിനിമയൊക്കെ പിടിച്ച രവീന്ദ്രനാഥന്‍ നായരുടെയൊക്കെ ശ്രമഫലമായിട്ട്, നല്ല മികച്ച ലൈബ്രറി എന്നൊരു ഇല്യൂഷന്‍ എനിക്ക് തന്നിരുന്നു. മെമ്പര്‍ഷിപ്പ് എടുക്കാന്‍ തോന്നിയിരുന്നു. പക്ഷെ വള്ളവും വണ്ടിയുമൊക്കെ കേറിപ്പോയി വായനയുടെ ദാഹം തീരേണ്ടതില്ലായിരുന്നു. ഇവിടെത്തന്നെ ദൈവമുണ്ടായിരുന്നു. എലി വയനാട്ടില്‍നിന്ന് എപ്പോഴും വരണമെന്നില്ലല്ലോ.

 

 

പിന്നെ തൃശൂരാണ്. പബ്ലിക് ലൈബ്രററിയില്‍ത്തന്നെ മെമ്പര്‍ഷിപ്പെടുത്തു. നാട്ടിലെപ്പുഴകളിലും കായലിലും, എന്തിനു കടലില്‍പ്പോലും ഒരുപാട് വെള്ളമുണ്ടായിരുന്നു. അവയെല്ലാം ഒഴുകിപ്പോയി. അതിനിടയില്‍ ആന്റണി മാറി ഉമ്മന്‍ ചാണ്ടിവന്നു. തെക്കുംഭാഗത്തേക്ക് പാലം വന്നു. നമ്മടെ ലൈബ്രേറിയന് പി എസ് സിയില്‍ ക്ലര്‍ക്കായി ജോലികിട്ടി. പാലത്തിലൂടെ അപ്പുറത്തേക്ക് നടന്നുപോയി ആളുകള്‍ വി എസിനു വോട്ടു ചെയ്തു. ഞാനപ്പോള്‍ തൃശൂരിലാണ്. കഥകള്‍ മാത്രം വായിക്കുന്നൊരാളായി. വലുതൊന്നും വായിക്കാനുള്ള മനസുറപ്പില്ലാത്തയാള്‍. നിരാശാകാമുകന്‍. പ്രിയ എ എസ്, നഷ്ടബാല്യത്തെ ഭാഷയിലൂടെ കൂടെക്കൊണ്ടുവന്നു. സംസാരിക്കുകയും വീട്ടില്‍നിന്നിറങ്ങിയോടാന്‍ തുടങ്ങുന്ന ഫ്രിഡ്ജും, വാഷിങ്ങ് മെഷീനും, ചാണകപ്പൊടിയുണ്ടാക്കുന്ന ഫാക്ടറിയും കൌതുകപ്പെടുത്തി അയ്യടാ എന്നു തോന്നിപ്പിച്ചു. വിക്ടര്‍ ലീനസും കിഷോറും രാജലക്ഷ്മിയും സെമസ്റ്ററുകളിലെ പരാജയഭീതിക്കൊപ്പം അലട്ടിനിന്നു. കോളേജിലെ എസ് എഫ് ഐക്കാരെ തീരെ സഹിക്കാന്‍ പറ്റാതായി. ഹോസ്റ്റലില്‍നിന്ന് താമസം മാറി. പിന്നെയും ലൈനുണ്ടായി. അതും പൊട്ടി. സീരിയസായി വായിക്കാന്‍ ശ്രമിച്ചു. സാധനങ്ങള്‍ പൊതിഞ്ഞോണ്ടുപോന്ന കടലാസുനോക്കി മാന്‍മാര്‍ക്ക് കുട എന്നാദ്യമായി വായിച്ചു വിടി ഭട്ടതിരിപ്പാട് കണ്ണീരണിഞ്ഞപോലെ ഇടയ്ക്കിടെ ചില വായനകളില്‍നിന്നും ആരൊക്കെയോ നനയിച്ചു, കുടപിടിപ്പിച്ചു, ആ മഴയത്ത് നടത്തി ചാപ്ലിനെപ്പോലെ വിഡ്ഡിയാക്കി. മുണ്ടൂരുനിന്നൊരു അശോകന്‍ കല്ലട ബാറിനും മയൂര ബാറിനുമിടയില്‍ വെച്ച് , രണ്ട് ബിവറേജുകള്‍കൂടിയുണ്ട് താനൊരു നോവലെഴുതുന്നുണ്ടെന്ന് പറഞ്ഞു. നേരം വെളുത്തു എന്ന പേരില്‍ ഏഴുഭാഷയില്‍ എഴുതുന്നു എന്നും പറഞ്ഞു. അയാള്‍ക്ക് ഞാന്‍ കുടിക്കാന്‍ കാശുകൊടുത്തു. ഒരിക്കല്‍ കൂടെക്കുടിച്ചു. ഓര്‍മ്മയില്‍ അയാള്‍ പുസ്തകം എഴുതിത്തീര്‍ത്തിട്ടുണ്ടാവില്ല എന്നു തോന്നുന്നു.

 

പുസ്തകം സ്വന്തമാക്കണം, വായന രണ്ടാമതേ വരൂ. അതിനുവേണ്ടി എന്തു ക്രൈമും ചെയ്യും. പുസ്തകം അതിന്റെ മണത്തിനുവേണ്ടി സ്വന്തമാക്കുന്നവരുണ്ട്. അത് അടിച്ചുമാറ്റുന്നവരുണ്ട്. വീണ്ടും വീണ്ടും വായിക്കുന്നവരുണ്ട്. സ്‌കൂളിലാണെങ്കില്‍ പുസ്തകത്തിന്റെ പേജ് നമ്പര്‍ അടച്ചുനീര്‍ത്തി വീണ്ടും അടച്ചുനീര്‍ത്തി റണ്‍സ് എണ്ണി ബുക്ക് ക്രിക്കറ്റ് കളിക്കുന്നവരുണ്ട്. പുസ്തകം ഒരേ ഓര്‍മ്മയല്ല. ഒരുപാടോര്‍മ്മകളാണ്. ഓര്‍മ്മയില്‍ പുതിയ പുസ്തകങ്ങളെപ്പകര്‍ത്തിയെഴുതി പണ്ട് ദേവന്‍ എം ടിയെ ആക്ഷേപിച്ചില്ലേ. അതൊന്നുമല്ല. എം ടി കുട്ടിക്കാലത്ത് രമണനെപ്പകര്‍ത്തിയെഴുതിയില്ലേ. ഇനി അതുപോലത്തെ പ്രാന്തന്മാര്‍ ഉണ്ടാവില്ലെന്നു വിചാരിക്കുമ്പോള്‍ ‘ഏക് പ്രാന്ത് ദൂസരേ പ്രാന്ത് സേ വിഭിന്ന് ഹേ’ എന്നുപറഞ്ഞു വി കെ എന്‍ പൊട്ടിച്ചിരിക്കുന്നു. ‘ഞാനാരാ നാണ്വായരേ’ എന്ന് മുകുന്ദന്‍ വ്യസനിക്കുന്നു. സ്വര്‍ഗത്തില്‍ ഇതെല്ലാം പതിവാണെന്ന് ന്യൂ അറൈവല്‍സ് നോക്കി ബോര്‍ഹസ് പറയുന്നു. പുതിയ ലൈബ്രേറിയന്മാര്‍ പുസ്തകത്തില്‍ വരയ്ക്കരുതെന്നും ഫൈനിടുമെന്നും ഓര്‍മ്മിപ്പിക്കും. സി സി ടിവിക്യാമറകളിലൂടെ സര്‍വ്വം വീക്ഷിക്കും. ഇടുപ്പില്‍ത്താഴ്ത്തി ഒരു പുസ്തകത്തെയും കടത്തിക്കൊണ്ടുപോവാനാവുന്നില്ല. വായിച്ചുപോയ ഒരു പുസ്തകത്തെ കണ്ണുവെച്ച് വിളിച്ചിറക്കിക്കൊണ്ടുപോവാന്‍ കഴിയാതാവുമോ? ബുദ്ധി കൂടി പ്രാന്താവുകയോ, പുസ്തകം വായിച്ചു പ്രാന്താവുകയോ എന്നൊക്കെയുള്ള നിരക്ഷര/സാക്ഷര അവമതിപ്പുകള്‍ ഇല്ലാതായിരിക്കുന്നു. ബുക്ക്സ്റ്റാള്‍ജിയ എന്ന രസികന്‍ പുസ്തകം പി കെ രാജശേഖരന്‍ എഴുതിയില്ലെങ്കിലാണത്ഭുതം. അദ്ദേഹത്തിന്റെ നോവല്‍ പഠനം അന്ധനായ ദൈവമെന്ന പേരിലാണ്. ഇപ്പോള്‍ ദൈവത്തിനു സി സി ക്യാമറയുണ്ട്. എങ്കിലും പുതിയ നൊസ്റ്റാള്‍ജിയകള്‍ വരുമായിരിക്കും. ഒരു നൊസ്റ്റാള്‍ജിയയുമില്ലാതെ ജീവിക്കാന്‍ വയ്യെന്നായിട്ടുണ്ട്. നോവലുകളൊക്കെ വായിച്ച് ഉറങ്ങിപ്പോവാന്‍ മാത്രം ശ്രമിച്ചിരുന്ന ചില പാവം മനുഷ്യരെ അറിയാം. അവര്‍ ഉറക്കഗുളികകളിലേക്ക് മാറാതിരിക്കട്ടെ. പാതിനിര്‍ത്തിയാലും ഓരോ നോവലും അവര്‍ക്കും പൂര്‍ത്തിയാക്കാനറിയാമായിരുന്നു. പകുതിപോലും വായിക്കേണ്ട ഒരു പുസ്തകത്തെയും. വായിച്ചാല്‍ മതി. വായിക്കാനെടുത്താലും മതി. അത്രയേ വേണ്ടൂ. എങ്കില്‍ വായിച്ചോളും.

 

(പ്രിയന്‍ അലക്‌സ് പയ്യന്നൂരില്‍ വെറ്ററിനറി സര്‍ജനായി ജോലിചെയ്യുന്നു)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍