UPDATES

ട്രെന്‍ഡിങ്ങ്

കോടികളുടെ ഭൂമിക്കച്ചവടം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്കും ലൈംഗിക പീഡനം; മെത്രാന്മാര്‍ക്കും വൈദികര്‍ക്കുമെതിരേ സിനഡിനു വിശ്വാസികളുടെ പരാതി

അതീവ ഗൗരവമേറിയ പരാതികളാണ് സിറോ മലബാര്‍ സഭയിലെ ഉന്നതന്മാര്‍ക്കെതിരേ വിശ്വാസികള്‍ ഉയര്‍ത്തിയിരിക്കുന്നത്

കത്തോലിക്ക സഭയിലെ അതിരൂപ/രൂപത അധ്യക്ഷന്മാരും വൈദികരും പ്രതികളാകുന്ന ഭൂമി കുഭംകോണം, സാമ്പത്തിക തിരിമറി, ലൈംഗിക പീഡനങ്ങള്‍ എന്നിവയില്‍ നപടി സ്വീകരിക്കണമെന്നാവശ്യവുമായി സിറോ മലബാര്‍ സിനഡിനു മുന്നില്‍ സഭ വിശ്വാസികളുടെ പരാതി. അതീവ ഗൗരവമേറിയ പരാതികളാണ് സിറോ മലബാര്‍ സഭയിലെ ഉന്നതന്മാര്‍ക്കെതിരേ വിശ്വാസികള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ശതകോടികളുടെ ഭൂമി കുംഭകോണങ്ങളാണ് മേജര്‍ ആര്‍ച്ച് ബിഷപ്പ് വരെ പ്രതിയായി നടന്നിട്ടുള്ളതെന്നാണ് വിശ്വാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോസഫ് ആലഞ്ചേരിയുടെ അറിവോടെ ഭൂമിമാഫിയ സംഘങ്ങളുമായി ചേര്‍ന്ന് നടത്തിയ ഭൂമിക്കച്ചവടത്തില്‍ 400 കോടിയുടെ നഷ്ടമാണ് അതിരൂപതയ്ക്ക് ഉണ്ടായതെന്നാണ് സിറോ മലബാര്‍ സഭ വിശ്വാസികള്‍ വെളിപ്പെടുത്തുന്നത്. തൃശൂര്‍, കാഞ്ഞരിപ്പള്ളി, മാനന്തവാടി, പാല, ചങ്ങനാശ്ശേരി എന്നീ അതിരൂപ/രൂപത മെത്രാന്മാര്‍ക്കെതിരേയും ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. മാനന്തവാടി ബിഷപ്പ് ജോസ് പെരുന്നേടത്തിനെതിരേ 500 ഏക്കര്‍ ഭൂമിയുടെ വില്‍പ്പനയില്‍ നടത്തിയ ക്രമക്കേട് ആരോപിക്കുമ്പോള്‍, ദരിദ്രര്‍ക്ക് വീട് വച്ച് നല്‍കാന്‍ വേണ്ടി സമാഹരിച്ച സ്വാന്തനം ട്രസ്റ്റിന്റെ ഭൂമി വില്‍പ്പന നടത്തി സാമ്പത്തികലാഭം ഉണ്ടാക്കിയ പരാതിയാണ് തൃശൂര്‍ അതിരൂപത ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെതിരേയുള്ളത്. അണക്കരയിലെ ജോസഫ് തൂങ്കുഴി എന്ന 87 വയസ്സുള്ള വൃദ്ധ വൈദികന്‍ തന്റെ പേരിലുള്ള തൂങ്കുഴി മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിഷയവും. ഡോക്ടര്‍ തോമസ് അറയ്ക്കലിന്റെ ഭാര്യയും വിധവയുമായ മോണിക്ക തോമസ് കാഞ്ഞിരപ്പള്ളി രൂപത തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്ന വിഷയവുമാണ് കാഞ്ഞിരപ്പള്ളി മെത്രാന്‍ മാത്യു അറയ്ക്കലിനെതിരേയുള്ള പരാതികള്‍.

ഭൂമി കുംഭകോണവും തിരിമറികളും സാമ്പത്തിക ക്രമക്കേടുകള്‍ക്കുമൊപ്പം തന്നെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും എതിരേ വിശ്വാസികള്‍ ചൂണ്ടാക്കിണിക്കുന്ന മറ്റൊരു പ്രധാന പരാതി ലൈംഗിക ചൂഷണങ്ങളാണ്. നിരവധി പരാതികളാണ് ഈ വിധത്തില്‍ ഉള്ളത്. ബലാത്സംഗക്കേസിലും ലൈംഗിക ചൂഷണങ്ങളിലും പെടുന്ന വൈദികരെയും മെത്രാന്മാരേയും സംരക്ഷിക്കുന്ന രീതിയാണ് സിറോ മലബാര്‍ സഭയില്‍ തുടര്‍ന്നുപോരുന്നതെന്നാണ് വിശ്വാസികളുടെ ആക്ഷേപം. ഏറെ വിവാദമായ ഫ്രാങ്കോ മുളയ്ക്കല്‍ കേസില്‍, പ്രതിയായ ഫ്രാങ്കോയ്‌ക്കൊപ്പമാണ് സഭയിലെ ഉന്നതന്മാരെല്ലാം നില്‍ക്കുന്നതെന്നാണ് വിശ്വാസികളുടെ പരാതി. മാര്‍പാപ്പയുടെ ആശയങ്ങള്‍പോലും തള്ളിക്കളഞ്ഞ് ഇരയായ കന്യാസ്ത്രീയെ പ്രതിയാക്കുന്ന നിലപാടാണ് സഭ എടുത്തത്തെന്നാണ് വിശ്വാസികള്‍ വേദനയോടെ പറയുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാ. റോബിന്‍ വടക്കാഞ്ചേരിയെ സംരക്ഷുകയായിരുന്നു മാനന്തവാടി രൂപത ചെയ്തത്. പാലായിലെ സെന്‍ വിന്‍സന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഫാദര്‍ ഫിലിപ്പ് നെച്ചിക്കാട്ടില്‍ സിഎംഐ പ്രായപൂര്‍ത്തിയാകാത്ത തന്റെ വിദ്യാര്‍ത്ഥിയെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ വ്യക്തിയായിട്ടും സമാനമായ കുറ്റകൃത്യങ്ങളില്‍ ഇതിനുമുമ്പ് രണ്ടുപ്രാവശ്യം പിടിക്കപ്പെട്ട ആളായിട്ടും അദ്ദേഹത്തിന് ക്രിമിനല്‍ സ്വഭാവമുണ്ടെന്നു വ്യക്തമായിട്ടും ഒരു നടപടിയും ഫാ. ഫിലിപ്പ് നെച്ചിക്കാട്ടിലിനെതിരേ എടുത്തില്ലെന്നു മാത്രമല്ല, അദ്ദേഹത്തെ സിഎംഐ സഭയുടെ വൈസ് പ്രൊവിന്‍ഷ്യാള്‍ ആയി നിയമിക്കുന്നതിലും ആരും തെറ്റു കണ്ടില്ലെന്നതും സഭയുടെ ധാര്‍മികതയ്‌ക്കെതിരേയുള്ള ചോദ്യമായി വിശ്വാസികള്‍ ഉയര്‍ത്തുന്നു.

ഇത്തരം ക്രിമിനല്‍ കുറ്റങ്ങള്‍ നിരന്തരമായി നടന്നു വരുന്നതിനെതിരെ ശബ്ദിക്കാതിരിക്കുന്നതും കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതിലും നിന്ന് സഭ ഇനിയെങ്കിലും മാറണമെന്നാണ് വിശ്വാസികളുടെ ആവശ്യം. കോടിക്കണക്കിന് സഭാംഗങ്ങളുടെ പ്രതിനിധികളായി നിന്നുകൊണ്ടാണ് സാധാരണ വിശ്വാസികളായ തങ്ങള്‍ തെറ്റുകള്‍ തിരുത്താന്‍ ആവശ്യമായ ഫലപ്രദമായ നടപടികളും ക്രിയാത്മകമായ തീരുമാനങ്ങളും ഈ സിനഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപ്പെടുന്നതെന്നും പരാതിക്കാര്‍ പറയുന്നു.

സിനഡിന് സമര്‍പ്പിക്കുന്ന പരാതി പൂര്‍ണരൂപത്തില്‍

എറണാകുളം-അങ്കമാലി അതിരൂപത മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയിലെ അംഗങ്ങളും വിശ്വാസികളുമായ ഞങ്ങള്‍ ആദരണീയ സിനഡിനു മുന്നില്‍ അടിയന്തര പരിഗണനയും ഫലപ്രദമായ നടപടികളും പ്രതീക്ഷിച്ച് സമര്‍പ്പിക്കുന്ന ആശങ്കകളും നിര്‍ദേശങ്ങളും.

ബഹുമാനപ്പെട്ട കര്‍ദിനാള്‍, ആര്‍ച്ച് ബിഷപ്പുമാരെ, ബിഷപ്പുമാരെ.

സീറോ മലബാര്‍സഭയിലെ സാധാരണ വിശ്വാസികള്‍ ആയ ഞങ്ങള്‍ വലിയ ആശങ്കയിലും ആകാംക്ഷയിലും അതിലുപരി ധാര്‍മിക പ്രതിസന്ധിയിലുമാണ്. ഈ സിനഡില്‍ ഉള്ള അത്യധികമായ ബഹുമാനവും വിശ്വാസ്യതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇതിനു കാരണമായ സംഭവങ്ങളുടെ പരമ്പര ഞങ്ങള്‍ അറിയിക്കട്ടെ. ഭാരത സമൂഹത്തിന്റെ ധാര്‍മിക മനസാക്ഷി കത്തോലിക്കാസഭയെ ചുറ്റിപ്പറ്റിയാണ് ഉണ്ടായിട്ടുള്ളത്. അത് അങ്ങനെതന്നെ ആയിരിക്കുകയും വേണം. എന്നാല്‍ അടുത്തകാലത്തായി ഉയര്‍ന്നുവരുന്ന വിവാദങ്ങള്‍ സഭയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്നു. വളര്‍ന്നുവരുന്ന യുവതലമുറയുടെ വിശ്വാസത്തിന് വെല്ലുവിളിയുയര്‍ത്തുന്നു.

ഇന്ത്യയിലും വിദേശത്തുമുള്ള രൂപതകളില്‍ നിന്നും ഉയര്‍ന്നുവരുന്ന ഭൂമി കുംഭകോണ വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. ഞങ്ങള്‍ വലിയ ആശയക്കുഴപ്പത്തിലാണ്. അതിലേക്ക് ഞങ്ങളെ നയിച്ച സംഭവങ്ങള്‍ താഴെ ചൂണ്ടിക്കാണിക്കട്ടെ.

ഭൂമി കുംഭകോണങ്ങളും സാമ്പത്തിക തിരിമറികളും.

1) എറണാകുളം-അങ്കമാലി അതിരൂപതയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഭൂമാഫിയ സംഘങ്ങളുമായി ചേര്‍ന്ന് നടത്തിയ ഭൂമി കുംഭകോണം. കണക്കാക്കപ്പെടുന്ന ആകെ നഷ്ടം ഏതാണ്ട് 400 കോടി രൂപ.

2) ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പുമായി ചേര്‍ന്ന് റോമില്‍ പ്രൊക്യൂറാ (procura) വാങ്ങിയതില്‍ കോടികളുടെ തിരിമറി നടന്നു എന്നാണ് ആരോപണം.

3) ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം കപ്പല്‍ ജോയി എന്ന വിളിപ്പേരുള്ള ജോയി അറക്കല്‍ എന്നയാള്‍ക്ക് 500 ഏക്കര്‍ സ്ഥലം നിസ്സാരവിലയ്ക്ക് വിറ്റു. കാനണ്‍ നിയമങ്ങള്‍ പ്രകാരം ഉള്ള നിബന്ധനകള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ ആയിരുന്നു വില്‍പന.

4) ദരിദ്രര്‍ക്ക് വീടുവച്ച് നല്‍കാന്‍ സമാഹരിച്ച സാന്ത്വനം ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിസ്സാരവിലയ്ക്ക് വിറ്റു. വിറ്റ തുക ഇതുവരെ സാന്ത്വനം ട്രസ്റ്റിന്റെ അകൗണ്ടില്‍ ലഭിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

5) അണക്കരയിലെ ജോസഫ് തൂങ്കുഴി എന്ന 87 വയസ്സുള്ള വൃദ്ധ വൈദികന്‍ തന്റെ പേരിലുള്ള തൂങ്കുഴി മറിയാമ്മ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ഭൂമി അനധികൃതമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് എതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്.

6) ഡോക്ടര്‍ തോമസ് അറയ്ക്കലിന്റെ ഭാര്യയും വിധവയുമായ ശ്രീമതി മോണിക്ക തോമസ് കാഞ്ഞിരപ്പള്ളി രൂപത തന്റെ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നു. ഒരു ജീവിതകാലം മുഴുവന്‍ ജര്‍മ്മനിയില്‍ ജോലി ചെയ്ത് സമ്പാദിച്ചതാണത്രേ രൂപത തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്.

7) പാലാ രൂപതയുടെ കീഴിലെ ചേര്‍പ്പുങ്കല്‍ എന്ന സ്ഥലത്ത് ഉയരുന്ന മെഗാ മെഡിസിറ്റി എന്ന പദ്ധതിയുടെ പേരില്‍ കോടികളുടെ അഴിമതികളാണ് പുറത്തുവരുന്നത്. പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് നേരിട്ട് ഇടപാടുകള്‍ ഉണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

8) ചങ്ങനാശ്ശേരി രൂപത സ്വന്തം പേരില്‍ ടിവി ചാനല്‍ തുടങ്ങുന്നു എന്ന് കാണിച്ച് വലിയ തുക സമാഹരിച്ചിരുന്നു. എന്നാല്‍ സമാഹരിച്ച തുകയുടെ കണക്കുകളും പദ്ധതിയുടെ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല.

9) ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ ഫാദര്‍ തോമസ് പീലിയാനിക്കലിനെ ചങ്ങനാശ്ശേരി അതിരൂപത സംരക്ഷിക്കാന്‍ ശ്രമിച്ചു.

ലൈംഗിക അപവാദങ്ങളും ധാര്‍മിക പ്രശ്‌നങ്ങളും.

10) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കി എന്ന കുറ്റത്തിന് പോലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഫാദര്‍ റോബിന്‍ വടക്കുംചേരി എന്ന വൈദികനെ മാനന്തവാടി രൂപത സംരക്ഷിക്കാന്‍ ശ്രമിച്ചു. മാനന്തവാടിയിലെ ദ്വാരകയില്‍ ഉള്ള വയനാട് സോഷ്യല്‍ സര്‍വീസ് സെന്റര്‍ ഓഫീസില്‍നിന്നാണ് ഫാദര്‍ റോബിന് കാനഡയ്ക്ക് പോകുവാനുള്ള ടിക്കറ്റ് എടുത്തു കൊടുത്തത്. ബിഷപ്പ് മാര്‍ പൊരുന്നേടം തന്നെ ഏറ്റവും അടുത്ത സുഹൃത്തായ ഫാദര്‍ പ്രേരകമാണ് ഫാദര്‍ റോബിന്‍ നിയമ ലംഘനത്തിനുള്ള മാര്‍ഗം തുറന്നു കൊടുക്കാന്‍ ശ്രമിച്ചത്. ലൈംഗിക കുറ്റകൃത്യം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതിലുള്ള ഉത്തരവാദിത്തം ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം ഏറ്റെടുക്കണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടണം.

11) മാനന്തവാടിയിലെ ചുണ്ടക്കര ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്ന ഫാദര്‍ ജിനോ മേക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി നടത്തിയ നിയമവിരുദ്ധ ബന്ധങ്ങള്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം മുമ്പാകെ വര്‍ഷങ്ങള്‍ക്കു മുമ്പേ റിപ്പോര്‍ട്ട് ചെയ്തതാണ്. എന്നാല്‍ അദ്ദേഹത്തെയും ബിഷപ്പ് സംരക്ഷിച്ചു.

12) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസില്‍ സീറോമലബാര്‍ സഭയിലെ ബിഷപ്പുമാര്‍ എല്ലാം പ്രതിക്കൊപ്പം നിന്നു. പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ പ്രതിയാക്കാനാണ് സഭ ശ്രമിച്ചത്. ഇങ്ങനെയൊരു നിലപാടെടുക്കാന്‍ ബൈബിളും സഭാ നിയമങ്ങളും കൂട്ടു നില്‍ക്കുന്നില്ല എന്നത് നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിപ്പിടിച്ച ധാര്‍മിക നിലപാടുകള്‍ക്ക് വിരുദ്ധമായി നമ്മള്‍ നിന്നു. പാവപ്പെട്ടവരുടെയും പീഡിപ്പിക്കപ്പെട്ടവരുടെയും പക്ഷം ചേരേണ്ട സഭ മറുപക്ഷം ചേര്‍ന്നു.

13) പാലായിലെ സെന്‍ വിന്‍സന്റ് സ്‌കൂളിലെ പ്രിന്‍സിപ്പലായ ഫാദര്‍ ഫിലിപ്പ് നെച്ചിക്കാട്ടില്‍ സിഎംഐ പ്രായപൂര്‍ത്തിയാകാത്ത തന്റെ വിദ്യാര്‍ത്ഥിയുമായി പുലര്‍ത്തിയ അരുതാത്തബന്ധം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നു. സമാനമായ കുറ്റകൃത്യങ്ങളില്‍ ഇതിനുമുമ്പ് രണ്ടുപ്രാവശ്യം പിടിക്കപ്പെട്ട ആളാണ് ഇദ്ദേഹം. ക്രിമിനല്‍ സ്വഭാവമുള്ള ആളാണെന്ന് അറിഞ്ഞിട്ടും അദ്ദേഹത്തിന് സിഎംഐ സഭയുടെ വൈസ് പ്രൊവിന്‍ഷ്യാള്‍ ആകാന്‍ സാധിച്ചു. സഭയുടെ ധാര്‍മിക അധഃപതനവും കുറ്റകൃത്യം ചെയ്യുന്ന വൈദികര്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ എടുക്കാനുള്ള കഴിവില്ലായ്മയും തുറന്നുകാട്ടുന്നതാണ് ഇത്.

14) മുകളില്‍ പറഞ്ഞ കേസുകള്‍ കാരണം ധാര്‍മിക ശക്തി നഷ്ടപ്പെട്ട സഭ ഇന്ന് രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ കീഴ്‌പ്പെടുന്ന കാഴ്ചയാണ് കാണുന്നത്. ദ്രോഹകരമായ മദ്യനയത്തിനും വികലമായ വിദ്യാഭ്യാസ നയത്തിനുമെതിരെ ശബ്ദിക്കാന്‍ സഭയ്ക്ക് കഴിവില്ലാതെ പോയിരിക്കുന്നു.

പ്രിയ ആര്‍ച്ച് ബിഷപ്പുമാരെ, ബിഷപ്പുമാരെ ഞങ്ങള്‍ ഈ സഭയെ സ്‌നേഹിക്കുന്നു. ശക്തമായ വിശ്വാസത്താലും ധാര്‍മികമൂല്യങ്ങളാലും സഭ ഈ സമൂഹത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. തെറ്റു ചെയ്യുന്ന ബിഷപ്പുമാരും വൈദികരും സഭാ നിയമങ്ങളും നാടിനെ നിയമങ്ങളനുസരിച്ച് മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അങ്ങനെ ഒരിക്കല്‍ കൂടി ഈ സഭ സമൂഹത്തിന്റെ ധാര്‍മിക ശബ്ദമായി മാറണം.

ഞങ്ങള്‍ സാധാരണ വിശ്വാസികള്‍, കോടിക്കണക്കിന് സഭാംഗങ്ങളുടെ പ്രതിനിധികള്‍, തെറ്റുകള്‍ തിരുത്താന്‍ ആവശ്യമായ ഫലപ്രദമായ നടപടികളും ക്രിയാത്മകമായ തീരുമാനങ്ങളും ഈ സിനഡിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് താഴ്മയായി ആവശ്യപ്പെടുന്നു.

നമ്മള്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളാണെന്ന് ലോകത്തിനുമുമ്പില്‍ വീണ്ടും ഉദ്‌ഘോഷിക്കപ്പെടണം.

യേശുക്രിസ്തുവില്‍ പ്രാര്‍ത്ഥനയോടും വിശ്വസ്തതയോടും വിധേയത്വത്തോടും കൂടെ.

പരാതിയില്‍ ഒപ്പ് രേഖപ്പെടുത്തേണ്ടവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക-  http://chng.it/FFJqDZ4H

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍