UPDATES

പേടിയുണ്ട് മൈ ലോര്‍ഡ്; ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ ഒരു സംസ്ഥാനത്താണ് നിരന്തരം ആക്രമിക്കപ്പെടുന്നത് എന്നോര്‍ക്കണം

ലൈംഗിക ന്യൂനപക്ഷങ്ങള്‍ പേടിച്ച് ജീവിക്കേണ്ടതില്ല എന്നാണ് ഇന്നലെ സുപ്രിംകോടതി നിരീക്ഷിച്ചിരിക്കുന്നത്

ലൈംഗിക ന്യൂനപക്ഷങ്ങള്‍ പേടിച്ച് ജീവിക്കേണ്ടതില്ല എന്നാണ് ഇന്നലെ സുപ്രിംകോടതി നിരീക്ഷിച്ചിരിക്കുന്നത്. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐപിസി 377-ാം വകുപ്പിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് സുപ്രധാനമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ (എല്‍ജിബിടി) എന്നീ വിഭാഗത്തില്‍പ്പെട്ടവരെയാണ് ലൈംഗിക ന്യൂനപക്ഷമായി കണക്കാക്കുന്നത്. എല്‍ജിബിടി വിഭാഗങ്ങളില്‍ ഇന്ന് പൊതുസമൂഹത്തില്‍ ഏറ്റവുമധികം  ഐഡന്റിറ്റി വ്യക്തമാക്കി ജീവിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ച് പ്രത്യേകിച്ചും ഈ നിരീക്ഷണം എത്രമാത്രം സുപ്രധാനമാകുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

1862-ല്‍ ഇന്ത്യ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭാഗമായിരിക്കുമ്പോഴാണ് ഐപിസി സെക്ഷന്‍ 377 പ്രാബല്യത്തില്‍ വന്നത്. സ്ത്രീയുമായോ പുരുഷനുമായോ മൃഗങ്ങളുമായോ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാണെന്നാണ് ഈ വകുപ്പ് പറയുന്നത്. 2009ല്‍ ഈ വകുപ്പിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതിയാണ് ആദ്യമായി ഈ വകുപ്പിനെതിരെ ഒരു വിധി പ്രഖ്യാപിച്ചത്. പൗരന്റെ മൗലിക അവകാശത്തെയും സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണ് ഈ വകുപ്പെന്നായിരുന്നു ഹൈക്കോടതിയുടെ വിലയിരുത്തല്‍. എന്നാല്‍ പിന്നീട് സുപ്രീം കോടതി ഈ വിധി മരവിപ്പിച്ചു. അതാണ് ഇന്നലെ വീണ്ടും പുന:പരിശോധിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരിക്കുന്നതും സുപ്രധാനമായ നിരീക്ഷണം ഇക്കാര്യത്തില്‍ നടത്തിയതും.

ഈ സാഹചര്യത്തില്‍ രാജ്യത്ത് ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയ സംസ്ഥാനമാണ് കേരളം എന്നതും നാം പരിഗണിക്കേണ്ടതുണ്ട്. എന്നാല്‍ അത് ഇപ്പോഴും കടലാസില്‍ മാത്രമിരിക്കുന്ന ഒരു പോളിസിയാണെന്ന് പറയേണ്ടി വരും എന്നതാണ് ഓരോ ദിവസവും അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ തെളിയിക്കുന്നത്.

വീണ്ടും ട്രാന്‍സ്‌ജെന്‍ഡറിന് നേരെ മര്‍ദ്ദനം: കോട്ടയ്ക്കലില്‍ നടുറോഡില്‍ വച്ച് വസ്ത്രം വലിച്ചുകീറി, നിലത്തിട്ട് ചവിട്ടി

ഇന്നലത്തെ സുപ്രിംകോടതി തീരുമാനം വന്നതിനോട് അടുപ്പിച്ചുള്ള ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലുണ്ടായ മൂന്ന് സംഭവങ്ങള്‍ പരിശോധിച്ചാല്‍ അത് വ്യക്തമാകും. മലപ്പുറത്ത് കോട്ടയ്ക്കലില്‍ ഭക്ഷണം കഴിക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ഞായറാഴ്ച രാത്രി എട്ടരയോടെ ആക്രമിക്കപ്പെട്ടതാണ് ഇതില്‍ ഒടുവിലത്തേത്. കോട്ടയ്ക്കല്‍ സ്വദേശിയായ ലയ എന്ന ട്രാന്‍സ്‌ജെന്‍ഡറിനെ നാട്ടുകാരായ രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിച്ചതിനൊപ്പം ലിംഗ പരിശോധന നടത്താനായി വസ്ത്രം വലിച്ചുകീറുകയും ചെയ്തു. ആണായി ജീവിക്കാമെങ്കില്‍ ഇവിടെ ജീവിച്ചാല്‍ മതിയെന്നാണ് കോട്ടയ്ക്കലില്‍ ലയ നേരിടുന്ന ഭീഷണി.

കോട്ടയ്ക്കലില്‍ നാട്ടുകാരായിരുന്നെങ്കില്‍ കൊച്ചിയിലും കോഴിക്കോട്ടെ മിഠായി തെരുവിലും പോലീസിനായിരുന്നു ഇവരെ കണ്ടപ്പോള്‍ ഹാലിളകിയത്. വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ച് മണിക്കും ഇടയിലാണ് കൊച്ചി പോലീസ് ലോഡ്ജില്‍ നിന്നും നാല് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 16 പേരെ അറസ്റ്റ് ചെയ്തത്. ലൈംഗിക തൊഴില്‍ ആരോപിച്ചായിരുന്നു ഇവരുടെ അറസ്റ്റ്. ഇതില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതില്‍ ഇന്നലെ കോടതി പരിഗണിച്ച 377-ാം വകുപ്പും ഉള്‍പ്പെടുന്നു. വാടകയ്ക്ക് താമസിക്കാന്‍ ഒരു വീട് പോലും കിട്ടാത്ത സാഹചര്യത്തിലാണ് ഇവര്‍ ലോഡ്ജുകളില്‍ അഭയം തേടുന്നതെന്ന് പോലും മനസിലാക്കാന്‍ നമ്മുടെ പോലീസിന് സാധിച്ചില്ല. മാധ്യമങ്ങളാകട്ടെ, ഓണ്‍ലൈനിലൂടെ സെക്‌സ് റാക്കറ്റ് നടത്തുന്ന വന്‍ സംഘത്തെ പിടികൂടിയ പോലീസിന്റെ വീരഗാഥ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ജനങ്ങളിലെത്തിക്കുകയും ചെയ്തു. ‘എന്റെ തൊപ്പി തെറിച്ചാലും വേണ്ടീല്ല. ഈ നഗരത്തിലെ വൃത്തികേട് ഞാന്‍ അവസാനിപ്പിക്കും’ എന്നാണ് ഉത്തരവാദിത്വപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റിലായ ട്രാന്‍സ്‌ജെന്‍ഡര്‍മാരോട് പറഞ്ഞത്. 2017 കഴിഞ്ഞ ജൂലായില്‍ മോഷണശ്രമം തടയാന്‍ ശ്രമിച്ച ട്രാന്‍സ്‌ജെന്‍ഡറുകളെ മോഷണക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തതും ഇതേ കൊച്ചി പോലീസാണ്.

എന്താണ് ട്രാന്‍സ് ജെന്‍ഡര്‍? 5 മിത്തുകള്‍

സമാനമായ അനുഭവം തന്നെയാണ് അടുത്തിടെ മുഖം മിനുക്കിയ കോഴിക്കോട് മിഠായി തെരുവില്‍ കഴിഞ്ഞമാസം 28ന് രണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് പോലീസില്‍ നിന്നുമുണ്ടായത്. സാക്ഷരതാ മിഷന്റെ കലോത്സവത്തോടനുബന്ധിച്ചുള്ള ഡാന്‍സ് പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി രാത്രിതാമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് സുസ്മി, ജസ്മി എന്നിവര്‍ പോലീസിന്റെ ആക്രമണത്തിന് ഇരയായത്. ആക്രമണത്തില്‍ ഇവരുടെ എല്ലിന് ക്ഷതമേല്‍ക്കുകയും ചെയ്തു. നീയൊന്നും ഇവിടെ ജീവിക്കരുത്, അതിന് അനുവദിക്കില്ലെന്നായിരുന്നു പോലീസ് ഇവരോടും പറഞ്ഞത്. ട്രാന്‍സ്‌ജെന്‍ഡറാണെന്ന ധാരണയില്‍ ആക്ടിവിസ്റ്റ് ദിയ സന തിരുവനന്തപുരത്ത് വച്ച് ആക്രമിക്കപ്പെട്ടതും അടുത്തിടെയാണ്. ട്രാന്‍സ്‌ജെന്‍ഡറായതിനാല്‍ നാവികസേനയില്‍ നിന്നും പുറത്താക്കാന്‍ നടന്ന ശ്രമങ്ങളും എറണാകുളം ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ച സംഭവവും മുതല്‍ കേരളത്തില്‍ ഗൗരിയെന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കൊല്ലപ്പെട്ടതു വരെയുള്ള സംഭവങ്ങള്‍ കോടതിയ്ക്ക് മുന്നിലുണ്ട്.

2015ല്‍ കേരളം ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കിയതിന് മുമ്പ് തന്നെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും പൊതുവെ അംഗീകാരം നല്‍കിയ പ്രദേശമാണ് കോഴിക്കോട് നഗരവും മിഠായിത്തെരുവും. എന്നാല്‍ മുഖംമിനുക്കിയ മിഠായി തെരുവിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഇപ്പോള്‍ മാലിന്യങ്ങളാണെന്ന ചിന്തയാണ് പോലീസിന്റെ ഈ നടപടിയില്‍ പ്രതിഫലിച്ചത്. കൊച്ചിയിലാണെങ്കിലും കോഴിക്കോടാണെങ്കിലും തിരുവനന്തപുരത്താണെങ്കിലും നഗരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് താമസിക്കാന്‍ പൊതുവെ ലോഡ്ജുകള്‍ തന്നെയാണ് ആശ്രയം. ഈ ലോഡ്ജുകളാകട്ടെ ഇവരില്‍ നിന്നും വാടകയായി ഈടാക്കുന്നത് പലപ്പോഴും ഇരട്ടിയും ഇരട്ടിയിലേറെയും ആയിരിക്കും. എന്നിരുന്നാലും നഗരപ്രദേശങ്ങളില്‍ പൊതുസമൂഹത്തിനിടയില്‍ ഇവര്‍ കുറേച്ചെങ്കിലും അംഗീകരിക്കപ്പെടുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലെ അവസ്ഥ അതല്ല. നഗരങ്ങളില്‍ ഇവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മാധ്യമങ്ങളിലൂടെയും ആക്ടിവിസ്റ്റുകളിലൂടെയും പുറത്തുവരുന്നെങ്കിലുമുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ അപമാനവും ഭയവും മൂലം മൂടിവയ്ക്കപ്പെടുകയാണ് പതിവ്. കോട്ടയ്ക്കലില്‍ ലയ നേരിട്ട ആക്രമണം അഴിമുഖത്തിന് പുറത്തുവിടാന്‍ സാധിച്ചത് ചില സുഹൃത്തുക്കളുടെ ഇടപെടല്‍ മൂലമാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അവഹേളനവും ആക്രമണങ്ങളും നേരിട്ടാണ് ഇവര്‍ ജീവിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിനാല്‍ തന്നെ ജോലിയൊന്നും ലഭിക്കാത്തതിനാല്‍ സ്വന്തം വീടുകള്‍ വിട്ട് മറ്റെങ്ങോട്ടും പോകാനാകാത്ത അവസ്ഥയിലാണ് ഇവര്‍.

സഹതാപമല്ല വേണ്ടത്; പുറത്താക്കിയ ഇടങ്ങള്‍ തിരിച്ചു നല്‍കുക

സ്‌ത്രൈണ സ്വഭാവമുള്ള പുരുഷന്മരെയോ പുരുഷ സ്വഭാവമുള്ള സ്ത്രീകളെയോ അധിക്ഷേപിക്കുകയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് നാട്ടിന്‍പുറങ്ങളില്‍ പതിവാണ്. ഇവര്‍ ഇങ്ങനെയാണ് കൈകാര്യം ചെയ്യപ്പെടേണ്ടതെന്ന മനോഭാവമാണ് നാട്ടിന്‍പുറ സമൂഹത്തിന്. ലൈംഗിക ഉപയോഗത്തിന് വേണ്ടി നടക്കുന്ന അക്രമങ്ങളാണ് അവര്‍ പ്രധാനമായും നേരിടുന്നത്. രാത്രിയില്‍ ലൈംഗിക ആവശ്യത്തിനായി സമീപിക്കുകയും പകല്‍ തങ്ങളെ കാണുമ്പോള്‍ കാര്‍ക്കിച്ച് തുപ്പുകയും ചെയ്യുന്നവരാണ് നാട്ടിന്‍പുറങ്ങളിലുള്ളതെന്ന് ലയ പറയുന്നു. ‘ഒരു ട്രാന്‍സ്‌ജെന്‍ഡറെ റോഡില്‍ വച്ച് കണ്ടാല്‍ അവരെ ഒന്ന് ലൈംഗികമായി സമീപിക്കാമെന്നാണ് പല പുരുഷന്മാരും ചിന്തിക്കുന്നത്. എന്നാല്‍ ഒരു പുരുഷനെ കാണുമ്പോള്‍ ഞങ്ങള്‍ അങ്ങനെ ചിന്തിക്കുന്നില്ല. എന്നിട്ടും തെറ്റുകാരായി ഈ സമൂഹം കാണുന്നത് ഞങ്ങളെയാണ്‘- ലയ പറയുന്നു. പെണ്ണുമ്മ, കൂസന്‍, ഒമ്പത് എന്നീ പേരുകളാണ് തങ്ങളെ നാട്ടിന്‍പുറങ്ങളില്‍ വിളിച്ചിരുന്നതെന്ന് ലയ പറയുന്നു. എന്നാല്‍ ദിലീപ് നായകനായ ചാന്തുപൊട്ട് സിനിമ റിലീസ് ചെയ്തതോടെ ആ പേര് അതിലേക്ക് മാറി. ആ സിനിമായാണ് ഗ്രാമങ്ങള്‍ക്ക് ഞങ്ങളെ ആദ്യമായി പരിചയപ്പെടുത്തിക്കൊടുത്തത്. എന്നാല്‍ അന്നുവരെയുണ്ടായിരുന്ന അവഹേളനവും മോശം സമീപനവും കൂടുതല്‍ രൂക്ഷമാകാനാണ് ആ സിനിമ സഹായിച്ചത്. ട്രാന്‍സ്‌ജെന്‍ഡറുകളെ തിരിച്ചറിയാനാകാതിരുന്ന സ്ത്രീകള്‍ പോലും അതോടെ തങ്ങളെ ചാന്തുപൊട്ട് എന്ന് വിളിക്കാന്‍ തുടങ്ങിയതായും ലയ പറയുന്നു. പുതിയ തലമുറയിലെ യുവാക്കള്‍ക്ക് ഞങ്ങളോടുള്ളത് കുറച്ചുകൂടി സൗഹൃദപരമായ സമീപനമാണ്. പലപ്പോഴും ഞങ്ങള്‍ക്കൊപ്പം നടക്കാനും കൂട്ടുകൂടാനും അവര്‍ തയ്യാറാകുന്നുണ്ടെങ്കിലും അത് ലൈംഗിക ആവശ്യത്തിനാണെന്നാണ് നാട്ടിന്‍പുറങ്ങളിലെ മുതിര്‍ന്നവര്‍ പ്രചരിപ്പിക്കുന്നത്. അതോടെ അവരും പിന്‍വാങ്ങുമെന്ന അവസ്ഥയാണ് പലപ്പോഴുമുള്ളത്.

ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി കൊണ്ടൊന്നും യാതൊരു കാര്യമില്ലെന്നാണ് ട്രാന്‍സ്‌ജെന്‍ഡറും അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ശ്യാമ എസ് പ്രഭ പറയുന്നു. തിരുവനന്തപുരത്ത് എബിവിപി മഹാസമ്മേളനം നടക്കുമ്പോള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയതിന്റെ പേരില്‍ പൊതുസ്ഥലത്ത് വച്ച് ആക്രമിക്കപ്പെട്ട വ്യക്തിയാണ് ശ്യാമ. “നീയൊക്കെ ചാകേണ്ടവരാണെന്നും ഇവിടെ ജീവിക്കാന്‍ പാടില്ലെന്നുമുള്ള മനോഭാവമാണ് ഇപ്പോഴും പൊതുസമൂഹത്തിന്. അതിന് അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പോലീസിന്റെ മനോഭാവവും മറ്റൊന്നല്ലെന്നാണ് അടുത്തിടെ കോഴിക്കോട് മിഠായി തെരുവിലും കൊച്ചിയിലും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് നേരിടേണ്ടി വന്നെ അനുഭവം. അത് ആരെങ്കിലും പറഞ്ഞു ചെയ്യിക്കുന്നതാണോയെന്നാണ് ഇനി അറിയാനുള്ളത്. സുപ്രിംകോടതിയുടെ ഇപ്പോഴത്തെ ഉത്തരവുകൊണ്ട് ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. 2014ല്‍ ഇതിനേക്കാള്‍ സുപ്രധാനമായ വിധിയാണ് സുപ്രിംകോടതി പറഞ്ഞത്. അതിന്റെയൊക്കെ പൂര്‍ണമായ ലംഘനമാണ് പോലീസില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇപ്പോഴുമുണ്ടാകുന്നത്”. നഗരത്തില്‍ താരതമ്യേന തങ്ങള്‍ സുരക്ഷിതരാണെന്നും ശ്യാമ പറയുന്നു. പഴയ തലമുറയുടെ സമീപനം തന്നെയാണ് പ്രശ്‌നം. കുടുംബത്തിന് നാണക്കേടാണെന്നും മറ്റുമുള്ള കാഴ്ചപ്പാടാണ് ഗ്രാമങ്ങളിലെ മുതിര്‍ന്നവര്‍ക്കുള്ളത്. അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുകയെന്നത് അത്ര എളുപ്പമല്ല. പകരം യുവാക്കളിലൂടെയും കുട്ടികളിലൂടെയുമാണ് ഈ സമീപനത്തെ മാറ്റിയെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശ്യാമ പറയുന്നു.

“സെക്‌സ് നിങ്ങളുടെ കാലിന്റെ ഇടയിലാണ്, ജെന്‍ഡര്‍ തലയിലും”- കാമി സിഡ്: പാകിസ്ഥാനിലെ ഒരേയൊരു ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍

ഗ്രാമങ്ങളില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളുകളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചും അവര്‍ ഈ സമൂഹത്തില്‍ അകറ്റിനിര്‍ത്തപ്പെടേണ്ടവരല്ലെന്നും എല്ലാ മനുഷ്യരെയും പോലെ സാധാരണ മനുഷ്യര്‍ തന്നെയാണെന്നുമുള്ള ബോധവല്‍ക്കരണം നടത്താനാണ് ശ്യാമ ഉള്‍പ്പെടുന്ന സംഘടന ഇപ്പോള്‍ ശ്രമിച്ചുവരുന്നത്. ഗ്രാമത്തിലുള്ളവര്‍ നിഷ്‌കളങ്കരാണ്. അതിനാല്‍ തങ്ങളെക്കാള്‍ അറിവുള്ളവര്‍ പറയുന്ന കാര്യങ്ങളെ ശ്രദ്ധാപൂര്‍വം കേള്‍ക്കാനും അത് മനസിലാക്കാനും അവര്‍ ശ്രമിക്കും. നിലവില്‍ ട്രാന്‍സ്‌ജെന്‍ഡര്‍മാരും എല്ലാ പൗരന്മാരുടെയും അവകാശങ്ങള്‍ തന്നെയുള്ളവരാണെന്ന പ്രചരണം കേരളത്തില്‍ നടക്കുന്നുണ്ടെങ്കിലും ഗ്രാമങ്ങളില്‍ ഈ ബോധവല്‍ക്കരണം നടക്കുന്നില്ല. മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്ന ഭിന്നലിംഗക്കാര്‍ എന്ന പ്രയോഗവും സാധാരണക്കാരില്‍ തെറ്റായ ചിന്താഗതിയ്ക്ക് കാരണമാകുന്നുണ്ട്. ഇവരുടെ ലിംഗത്തിന് എന്തോ കുഴപ്പമുണ്ടെന്ന ചിന്തയാണ് ഈ പ്രയോഗത്തില്‍ നിന്നുണ്ടാകുന്നത്. അതിനാലാണ് ഈ പ്രയോഗം അവസാനിപ്പിക്കണമെന്ന ആവശ്യം ഞങ്ങള്‍ മുന്നോട്ട് വച്ചതെന്നും ശ്യാമ പറയുന്നു.

സാക്ഷരതാ മിഷന്റെ പാഠപുസ്തക ശില്‍പ്പശാലയില്‍ ശ്യാമയും പങ്കെടുത്തിരുന്നു. പാഠപുസ്തകങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡറുകളെക്കുറിച്ചും അവരുടെ പ്രശ്‌നങ്ങളും വിവരിക്കുന്ന അധ്യായങ്ങളും ഉണ്ടാകണമെന്ന ആവശ്യമാണ് ശ്യാമ മുന്നോട്ട് വച്ചിരിക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഉള്‍പ്പെടുത്തേണ്ടതാണ് ലിംഗ നീതിയെക്കുറിച്ചുള്ള വിദ്യാഭ്യാസവും. അതിനാല്‍ ഈ വിഷയവും പാഠപുസ്തകത്തില്‍ വേണമെന്നാണ് ശ്യാമ ആവശ്യപ്പെട്ടത്. അതിന് അംഗീകാരം ലഭിക്കുകയും മൂന്ന് അധ്യായങ്ങള്‍ മാറ്റിയെഴുതാന്‍ ശ്യാമയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. ഇത്തരത്തില്‍ പുതിയ നീക്കങ്ങളിലൂടെ നഗരങ്ങളിലേത് പോലെ നാട്ടിന്‍പുറങ്ങളിലും വളര്‍ന്നുവരുന്ന തലമുറയിലും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചാല്‍ മാത്രമേ ഇന്നത്തെ സുപ്രിംകോടതിയുടെ പ്രഖ്യാപനം പൂര്‍ണ അര്‍ത്ഥത്തില്‍ ഇവിടെ പ്രാവര്‍ത്തികമാകുകയുള്ളൂ. അല്ലങ്കിലും ഇവിടെ ഇനിയും ഗൗരിമാരും ലയമാരും ആവര്‍ത്തിക്കപ്പെടും.

ട്രാന്‍സ്ജെന്‍ഡര്‍ മുക്ത കൊച്ചിയാക്കുമെന്ന് പോലീസ്; ഇതാണോ ട്രാന്‍സ് നയം? സര്‍ക്കാര്‍ പറയണം

ട്രാന്‍സ്ജന്‍ഡറാണെങ്കില്‍ കയറിപ്പിടിക്കാമോ? കയറിപ്പിടിച്ചയാള്‍ക്ക് യുവതിയുടെ അടി

ട്രാന്‍സ്ജന്‍ഡറുകള്‍ മരിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? രണ്ടു ദിവസത്തിനുള്ളില്‍ രണ്ടിടത്ത് ആക്രമണം; ഒന്ന് കേരള പോലീസ്, മറ്റൊന്ന് സദാചാര പോലീസ്

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

വിമത ജീവിതത്തിന്റെ കീഴാള നിറങ്ങളെ കുറിച്ച് ചിലത്

ഗൗരി: കേരളത്തില്‍ കൊല്ലപ്പെട്ട ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍; അന്വേഷിക്കാന്‍ പൊലീസിനും താത്പര്യമില്ല, ഇടപെടാന്‍ സമൂഹത്തിനും

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ബ്രൈഡല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ ജീവിതം; അല്ല, പോരാട്ടം

അറസ്റ്റിന് പിന്നാലെ ആത്മഹത്യാശ്രമവും ചുമത്തി പോലീസ്; കള്ളക്കളിയെന്ന് ട്രാന്‍സ്ജന്‍ഡേഴ്‌സ്

എന്നാണ് ഈ ജനാധിപത്യ രാജ്യത്ത് ഞങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ സാധിക്കുക? ശീതള്‍ ശ്യാം സംസാരിക്കുന്നു

ട്രാന്‍സ്ജെന്‍ഡര്‍ ഒരു ഭീകരജീവിയല്ല

സദാചാര മലയാളിയോടുതന്നെ; ചൂരലിനടിക്കേണ്ട ‘മറ്റേ പരിപാടി’ക്കാരല്ല ട്രാന്‍സ്ജെന്‍ഡേര്‍സ്

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍