UPDATES

40 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇവിടൊരു നദിയുണ്ടായിരുന്നു; വരട്ടാറിനെ ജനങ്ങള്‍ തിരിച്ചു പിടിച്ചതിങ്ങനെയാണ്

പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു

പൂര്‍ണമായും മരിച്ച ഒരു നദി പുനര്‍ജനിച്ചു. നാല്‍പ്പത് വര്‍ഷക്കാലത്തോളം വരണ്ടുണങ്ങി കരഭൂമിയായി മാറിയ വരട്ടാറില്‍ വീണ്ടും നീരൊഴുകി. അസാധ്യമാണെന്ന് കരുതിയും, പറഞ്ഞും പലരും പലതവണ തള്ളിക്കളഞ്ഞ വരട്ടാറില്‍ വെള്ളമൊഴുകുമ്പോള്‍ അതിന് പിന്നിലുള്ളത് ഒന്നുമാത്രം, കുറേ മനുഷ്യരുടെ ഇച്ഛാശക്തി. നിരന്തര പ്രയത്‌നവും ഇച്ഛാശക്തിയും കൊണ്ട് അസാധ്യമായതെന്തും സാധ്യമാക്കാമെന്നതിന് തെളിവാണ് ഇന്നത്തെ വരട്ടാര്‍. ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് ഒരു നദിയെ തിരികെ കൊണ്ടുവരാന്‍ പരിശ്രമിച്ചപ്പോള്‍ അത് വിജയമായി. 12 കിലോമീറ്റര്‍ നീളത്തില്‍ ഒരു പുഴയെ അവര്‍ വെട്ടിയെടുത്തു, ചാല് കീറി. അങ്ങനെ പമ്പ വീണ്ടും വരട്ടാറിലൂടെ ഒഴുകി.

വരട്ടാര്‍ പുനരുജ്ജീവന പദ്ധതിയുമായി തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും മുന്നോട്ട് പോവുമ്പോഴും വരട്ടാര്‍ വീണ്ടും ഉണ്ടാവുമോ എന്ന കാര്യം എല്ലാവര്‍ക്കും സംശയമായിരുന്നു. കാരണം, വരട്ടാറിനെ ജീവിപ്പിക്കാന്‍ എളുപ്പമായിരുന്നില്ല. ഒരിക്കല്‍ ആ പുഴയൊഴുകിയിരുന്നു എന്ന് പറയുന്നതല്ലാതെ വെള്ളമൊഴുകിയ ഒരു ചാല് പോലും അവശേഷിക്കുന്നില്ലായിരുന്നു. പ്രായമായവരുടെ ഓര്‍മ്മകളില്‍ മാത്രം ശേഷിക്കുന്ന ഒന്നായിരുന്നു അത്. വരട്ടാര്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സ്ഥലം പൂര്‍ണമായും കരഭൂമിയായി മാറിക്കഴിഞ്ഞിരുന്നു. പുറമ്പോക്ക് ഭൂമിയായി കരുതപ്പെട്ട് പോന്ന ആ ഭൂമി ഇരുവശവും താമസിക്കുന്നവര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. വാഴയും തെങ്ങും മാവും പ്ലാവും റബ്ബറും ഇടതൂര്‍ന്ന് വളര്‍ന്നു. വരട്ടാര്‍ പുനരുജ്ജീവനത്തിന് തുടക്കമിട്ടുകൊണ്ട് ആറിന്റെ കരയിലൂടെ മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന ‘വരട്ടേ… ആറ്’ പുഴനടത്തം പോലും പലരുടേയും സ്വകാര്യ ഭൂമിയിലൂടെയായിരുന്നു.

മന്ത്രിമാരായ തോമസ് ഐസക്കും മാത്യു ടി. തോമസും കഴിഞ്ഞ മെയ് 29-ന് പുഴനടത്തത്തോടൊപ്പം വരട്ടാറിനെ വീണ്ടെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചു. പക്ഷെ എങ്ങനെ? ഇതായിരുന്നു പുഴയുടെ പുനരുജ്ജീവനത്തിന് വര്‍ഷങ്ങളായി പരിശ്രമിക്കുന്നവരുടെ മുന്നിലുള്ള ചോദ്യം. ഒന്ന്, പുഴ പോയിട്ട് ചാല് പോലുമില്ല. രണ്ട്, സര്‍ക്കാര്‍ ഫണ്ടില്ല. മൂന്ന്, കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണം, ചപ്പാത്തുകള്‍ പൊളിക്കണം. നാല്, പദ്ധതി നടപ്പാക്കാന്‍ ജനകീയ കമ്മിറ്റി ഇല്ല. ആകെയുള്ളത് പുഴയെ തിരികെ എത്തിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരും അവരുടെ മനസ്സും മാത്രം. പക്ഷെ പദ്ധതി പ്രഖ്യാപിച്ച അന്നു മുതല്‍ പിന്നീട് അവര്‍ വിശ്രമിച്ചിട്ടില്ല. കമ്മറ്റികളോ ഭാരവാഹിത്വങ്ങളോ ഇല്ലാതെ അവര്‍ നേരിട്ടിറങ്ങാന്‍ തീരുമാനിച്ചു. പമ്പയാറില്‍ നിന്ന് വരട്ടാറിലേക്ക് തുറക്കുന്ന നദീമുഖത്ത്, ആദിപമ്പയില്‍ ചാലുകീറുക എന്നതായിരുന്നു ആദ്യ ശ്രമം. ജെ.സി.ബി. അടക്കമുള്ള യന്ത്രങ്ങള്‍ ഇറക്കി. പക്ഷെ മണിക്കൂറിന് കണക്ക് പറയുന്ന യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള പണം എങ്ങനെ കണ്ടെത്തുമെന്നതായിരുന്നു ആദ്യത്തെ പ്രശ്‌നം. പക്ഷെ അത് നടന്നു. അഞ്ച് രൂപ മുതല്‍ ഏഴ് ലക്ഷം രൂപ വരെ ഓരോ ഘട്ടത്തിലായി വരട്ടാറിനായി രൂപീകരിച്ച അക്കൗണ്ടിലേക്കെത്തി.

Also Readആയിരത്തോളം പേര്‍, 40 ദിവസം, 12 കിലോമീറ്റര്‍; ഒരു നാട് തങ്ങളുടെ പുഴയെ തിരിച്ചു പിടിച്ച കഥ

ജനകീയ മുന്നേറ്റത്തിന്റെ ശക്തിയില്‍ ഭൂമി കയ്യേറിയിരുന്നവര്‍ സ്വയം, ഒരു സമ്മര്‍ദ്ദവും കൂടാതെ അത് തിരികെ വരട്ടാറിനായി വിട്ടു നല്‍കി എന്നതാണ് മറ്റൊരു പ്രത്യേകത. പുഴ വരേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ ജനത അതിന് തയ്യാറാവുകയായിരുന്നു. പിന്നീട് പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തിയ രണ്ട് ചപ്പാത്തുകളും പൊളിഞ്ഞു. പക്ഷെ ഇതിനൊന്നും നേതൃത്വം നല്‍കാന്‍ ഒരു കമ്മറ്റിയോ നേതാവോ ഉണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് ‘വരട്ടാര്‍’ എന്ന് പേരുള്ള ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് മാത്രം. അതിലൂടെ അതത് പ്രദേശങ്ങളിലെ ജനങ്ങള്‍ വരവ്, ചെലവ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. അങ്ങനെ പൂര്‍ണമായും ജനങ്ങളുടെ കൂട്ടായ്മയില്‍ ഒരു നദി തിരികെ ജീവിതത്തിലേക്ക് വന്നു.

പദ്ധതിക്ക് നേതൃത്വം നല്‍കിയവരില്‍ ഒരാളായ ബീന പറയുന്നു – ‘വരട്ടാര്‍ യത്‌നം വിജയിക്കാനുള്ള ഒരു കാരണം പദ്ധതി തുടങ്ങുന്നതിന് മുമ്പ് നടത്തിയ മാസ് മൊബിലൈസേഷനാണ്. മുമ്പ് പലതവണ ഇതിനായി പരിശ്രമങ്ങള്‍ ഉണ്ടായിട്ടും ഒന്നും പൂര്‍ത്തീകരണത്തിലേക്ക് എത്തിയിരുന്നില്ല. നിയമസഭാ കമ്മിറ്റി വരട്ടാറിന്റെ കാര്യം പഠിച്ചിട്ടുണ്ട്, മനുഷ്യാവകാശ കമ്മീഷനില്‍ നിന്ന് നിര്‍ദ്ദേശങ്ങളുണ്ടായിട്ടുണ്ട്, പത്രങ്ങളുടെ കാമ്പയിന്‍ ഉണ്ടായിട്ടുണ്ട്, തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോഴൊക്കെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട പിന്തുണ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ ഹരിതകേരളം എന്ന പ്ലാറ്റ്‌ഫോം ഉണ്ടായി. പിന്നീട് ജനങ്ങളെ അതിനായി ഒരുക്കുക എന്നതായിരുന്നു പ്രധാനം. അതിനുള്ള കാമ്പയിന്‍ വിജയമായി. പദ്ധതി നടക്കും എന്ന പ്രതീക്ഷ ജനങ്ങളിലേക്കെത്തി. മന്ത്രിമാരെല്ലാം അതിന് വേണ്ട പിന്തുണ നല്‍കുകയും ചെയ്തു.

നൂറ് കണക്കിന് ചെറിയ നദികളുണ്ട്. ഇവയെല്ലാം സര്‍ക്കാര്‍ ഫണ്ടി കിട്ടിയിട്ട് പുനരുജ്ജീവിപ്പിക്കുക എന്നത് സാധ്യമായ കാര്യമല്ല. ഇനി സാധിച്ചാലും അത് സുസ്ഥിരമായ ഒന്നാവുകയുമില്ല. ജനങ്ങളുടെ ഉടമസ്ഥാവകാശം ഉണ്ടാവുമ്പോഴാണ് അതുണ്ടാവുന്നത്. ഇവിടെ ആളുകള്‍ വേദനിച്ച്, മുന്‍കയ്യെടുത്ത് ചെയ്തത് കൊണ്ട് അത് സംരക്ഷിക്കാനും അവര്‍ക്ക് ഉത്തരവാദിത്തമുണ്ടാവും. നദി ഇല്ലാതായതിന്റെ ദോഷവശങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ ശരിക്കും അനുഭവിച്ചു. ഇത്രയും ദൂരം പുഴ വെട്ടിയെടുത്തിട്ടും 28 ലക്ഷം രൂപയാണ് ആകെ ചെലവ് വന്നത്. ഒരുപക്ഷേ കരാര്‍ നല്‍കിയാല്‍ കോടികളിലേക്കെത്തേണ്ട പദ്ധതിയാണ്. ആളുകള്‍ തന്നെ പണമുണ്ടാക്കുന്നു, അവര്‍ തന്നെ ചെയ്യുന്നു. അതുകൊണ്ട് പ്രവര്‍ത്തനങ്ങളെല്ലാം സുതാര്യമായിരുന്നു. പണമില്ലെങ്കില്‍ ആദ്യഘട്ടം നിന്നുപോകും എന്ന സ്ഥിതിയായിരുന്നു. ആ ധാരണ ആളുകള്‍ക്കുണ്ടായിരുന്നതുകൊണ്ട് എങ്ങനേയും മുന്നോട്ട് കൊണ്ടുപോവാന്‍ അവര്‍ പരിശ്രമിച്ചു. കാരണം കഴിഞ്ഞ വരള്‍ച്ചാ കാലം അവര്‍ക്ക് നല്‍കിയത് അതിനും മാത്രം ദുരനുഭവങ്ങളാണ്. അതുകൊണ്ട് വരട്ടാര്‍ വരുന്നത് അവരുടെ ആവശ്യമായിരുന്നു.

പിന്നെ എടുത്തുപറയേണ്ടത്, ഇതില്‍ മത, രാഷ്ട്രീയ ഭേദമന്യെ എല്ലാവരും ഒന്നിച്ച് നിന്നു, സഹകരിച്ചു എന്നതാണ്. മിക്കപ്പോഴും ജനങ്ങളുടെ മുന്നേറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുണ്ടാവില്ല, സര്‍ക്കാരിന്റെ പദ്ധതികള്‍ക്ക് ജനങ്ങളുമുണ്ടാവില്ല. അല്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരത്തിലും അഭിപ്രായ വ്യത്യാസങ്ങളിലും ഇത്തരം പദ്ധതികള്‍ പെട്ടുപോവാറുണ്ട്. ഇവിടെ അഞ്ച് തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ് വരട്ടാര്‍ വരുന്നത്. ഈ അഞ്ചിടത്തും നാല് രാഷ്ട്രീയ പാര്‍ട്ടികളാണ് ഭരിക്കുന്നത്. രണ്ടിടത്ത് കോണ്‍ഗ്രസും മറ്റിടങ്ങളില്‍ സിപിഎം, ബിജെപി, കേരള കോണ്‍ഗ്രസുമാണ്. കേരളത്തിന്റെ സാഹചര്യത്തില്‍ ഇത്രയും പാര്‍ട്ടികളെ യോജിപ്പിച്ച് കൊണ്ടുപോകുന്നത് സാധാരണഗതിയില്‍ വലിയ പ്രശ്‌നമായിരിക്കും. പക്ഷെ ഇവിടെ എല്ലാവരും ഒന്നിച്ചുനിന്നു. അങ്ങനെ എല്ലാ അര്‍ഥത്തിലും കേരളത്തിന് ഒരു മാതൃകയാക്കാവുന്ന പദ്ധതിയാണിത്.

പുഴ ഇല്ലാതായി, ഇല്ലാതായ ആ പുഴയെ ഞങ്ങള്‍ കൊണ്ടുവന്നു. അതും വ്യത്യസ്തമായ, വളരെ സെന്‍സിറ്റീവ് ആയ രാഷ്ട്രീയ സാഹചര്യത്തിലാണ് അത് ചെയ്തത്. മറ്റൊരുകാര്യം ഇതിന് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍മാറ്റ് ഇല്ലായിരുന്നു എന്നതാണ്. സാധാരണ ഇത്തരം പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ താഴെ നിന്ന് മുകള്‍ത്തട്ട് വരെ കമ്മിറ്റികള്‍ രൂപീകരിക്കും, അതിന് ഭാരവാഹികളുണ്ടാവും. ഈ മുന്നേറ്റം സ്വാഭാവികമായി ഉണ്ടായിവന്നതാണ്.’

മനുഷ്യന്റെ ഇടപെടല്‍ മൂലം ഒരു നദി മരിക്കുന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു മധ്യതിരുവിതാംകൂറിലെ വരട്ടാറെന്ന നദിയുടെ കഥ. മണിമലയാറിനെയും പമ്പയെയും പരസ്പരം ബന്ധിപ്പിച്ചിരുന്ന പ്രകൃതിദത്തമായ നദീ ബന്ധനമായിരുന്നു വരട്ടാര്‍ എന്ന നദി. വരട്ടാറിന്റെ പുനരുദ്ധാരണത്തിനുളള മുറവിളി തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടെങ്കിലുമായിട്ടുണ്ട്. അതെല്ലാം സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വേണ്ടിയുള്ളതായിരുന്നു. മാധ്യമങ്ങളിലൂടെ പമ്പാ പരിരക്ഷണ സമിതി, വരട്ടാര്‍ സംരക്ഷണ സമിതി തുടങ്ങിയ സംഘടനകള്‍ നിരന്തരം ഈ വിഷയങ്ങള്‍ പൊതുജനമധ്യത്തിലെത്തിച്ചു. പമ്പാ ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെട്ടെങ്കിലും ആ പദ്ധതി നിലച്ചതോടെ വരട്ടാറിന്റെ ഗതി വീണ്ടും വരണ്ടു.

2014 ഫെബ്രുവരി 13-ന് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന എന്‍ രാജീവ് ആരംഭിച്ചതോടെയാണ് വരട്ടാറില്‍ ആദ്യമായി ക്രീയാത്മക ഇടപെടലുണ്ടാകുന്നത്. ഇതിന് സഹായകമായി അന്നത്തെ പത്തനംതിട്ട ജില്ലാ കലക്ടര്‍ പ്രണബ് ജ്യോതിനാഥ്, പത്തനംതിട്ട ജില്ലയിലെ കോയിപ്രം, കുറ്റൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകളെക്കൂടി ഉള്‍പ്പെടുത്തി സമാനമായ പ്രവര്‍ത്തി ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് മൂന്ന് പഞ്ചായത്തുകളുമായി ചേര്‍ന്ന് 39 ലക്ഷം രൂപയുടെ പ്രവര്‍ത്തിയാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ചെയ്തത്. വരട്ടാറിനായി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരവിപേരൂര്‍, കോയിപ്രം, കുറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ മറ്റ് വകുപ്പുകള്‍ തയ്യാറാകാതിരുന്നത് വിനയായി. തിരുവന്‍വണ്ടൂര്‍ പഞ്ചായത്തും ചെങ്ങന്നൂര്‍ നഗരസഭയും അന്ന് ഇതിനോട് സഹകരിച്ചുമില്ല.

വരട്ടാര്‍ പുനരുജ്ജീവനത്തിന് വര്‍ഷങ്ങളായി പരിശ്രമിക്കുകയും ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുടെ നേതൃനിരയിലുള്ളവരുമായ അഡ്വ. എന്‍. രാജീവും ഹരീഷും സംസാരിക്കുന്നു- ‘എന്നാല്‍ തൊഴിലുറപ്പിന്റെ ഭാഗമായി യന്ത്രമിറക്കാന്‍ അന്ന് അനുമതി ലഭിച്ചില്ല. എങ്കിലും അന്ന് നടത്തിയ പ്രവര്‍ത്തികളുടെ ഫലമായി ഇടവപ്പാതിക്കും തുലാവര്‍ഷത്തിലും വരട്ടാറില്‍ പകുതി ഭാഗം വരെ വെള്ളം കയറിയിറങ്ങി. ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തിന് പ്രധാനമന്ത്രിയുടെ പൊതുഭരണ അവാര്‍ഡ് ലഭിച്ചതിനുള്ള അനുമോദന സമ്മേളനത്തിനെത്തിയ തോമസ് ഐസക്കിനോട് പഞ്ചായത്ത് ഭരണ സമിതി വരട്ടാറിന്റെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. അന്നത്തെ സര്‍ക്കാര്‍ സംവിധാനം ചില രാഷ്ട്രീയമായ എതിര്‍പ്പുകളുടെ പേരില്‍ വകുപ്പുകളുടെ ഏകോപനത്തിന് മുന്‍കൈയ്യെടുക്കാതിരുന്നതോടെ ആദ്യഘട്ട ശ്രമം പരാജയപ്പെട്ടു. തോമസ് ഐസക് ധനകാര്യമന്ത്രിയായി സ്ഥാനമേറ്റതോടെ വിഷയം വീണ്ടും സര്‍ക്കാരിന്റെ ശ്രദ്ധയില്‍ക്കൊണ്ടു വന്നു. ആദ്യം ഹരിത കേരള മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ടി.എന്‍ സീമ പ്രദേശം സന്ദര്‍ശിച്ചു.

പിന്നീട് 2017 മെയ് ഒന്നിന് ഇരവിപേരൂരില്‍ ഒരു പരിപാടിക്കെത്തിയ മന്ത്രിയെ വരട്ടാറിന്റെ ദുരവസ്ഥ കാണാന്‍ പഞ്ചായത്ത് അധികൃതര്‍ ക്ഷണിച്ചു. തുടര്‍ന്ന് മാധ്യമങ്ങളുമായി സംസാരിച്ച മന്ത്രി വരട്ടാറിന്റെ പുനരുദ്ധാരണം ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുമെന്ന് ഉറപ്പ് നല്‍കി. ആദ്യഘട്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് മെയ് 20-ന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു. പിന്നീടാണ് പുഴ നടത്തം ഉണ്ടാകുന്നത്. ജൂണ്‍ ഏഴിന് ആദി പമ്പയില്‍ പായല്‍ നീക്കുന്ന ജോലികളുമായാണ് പ്രവര്‍ത്തികള്‍ തുടങ്ങിയത്. ജൂണ്‍ എട്ടിന് തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന് വരട്ടാറിന്റെ ഇപ്പോഴത്തെ നിലയില്‍ത്തന്നെ ചാല് കീറാന്‍ മന്ത്രിതല യോഗത്തില്‍ നിര്‍ദ്ദേശം വന്നു. മഴക്കാലത്ത് തന്നെ പരമാവധി വെള്ളം ഒഴുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഇതിനായി വിഭവസമാഹരണം പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കാനും അതിനായി അക്കൗണ്ട് തുടങ്ങാനും തീരുമാനിച്ചു.

ജൂണ്‍ 22-ന് തിരുവന്‍വണ്ടൂര്‍-കുറ്റൂര്‍ മേഖലയിലെ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആദ്യ ദിവസത്തെ യന്ത്രങ്ങളുടെ കൂലി എങ്ങനെ കൊടുക്കുമെന്ന സംശയമായിരുന്നു. മന്ത്രി മാത്യു ടി. തോമസ് ആ ദിവസത്തെ കൂലി, 16,500 രൂപ നല്‍കി.

ജൂലൈ നാലിന് നാല് മേഖലകളില്‍ വരട്ടാര്‍ നാട്ടുകൂട്ടങ്ങള്‍ ചേര്‍ന്ന് പദ്ധതി വിപുലമാക്കി. തുടക്കത്തില്‍ രണ്ട് യന്ത്രങ്ങളായിരുന്ന പണികള്‍ 15 യന്ത്രങ്ങളുമായാണ് അവസാനഘട്ടത്തിലെത്തിയത്. കൈയ്യേറിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഒഴിപ്പിച്ചു കൊണ്ടാണ് പണികള്‍ മുന്നേറിയത്. ആളുകള്‍ ഒരു മടിയുമില്ലാതെ പുറമ്പോക്ക് വിട്ടുനല്‍കി എന്നതാണ് അഭിനന്ദനാര്‍ഹമായ കാര്യം. കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം കിട്ടാത്തത് മുതല്‍ കിണറുകള്‍ മലിനമാകുന്നത് വരെയുള്ള പരിസ്ഥിതി പ്രശ്‌നങ്ങളാണ് വരട്ടാറിന്റെ തീരത്തെ ജനങ്ങള്‍ അനുഭവിച്ചിരുന്നത്. അതാണ് ഈ തീരുമാനത്തിലേക്ക് അവരെ എത്തിച്ചത്. ജൂണ്‍ ഏഴിന് വഞ്ഞിപ്പോട്ടില്‍ക്കടവില്‍ ആദിപമ്പയില്‍ നിന്നാണ് പ്രവര്‍ത്തികള്‍ തുടങ്ങിയത്. 14 ലക്ഷത്തോളം രൂപ കടത്തിലാണ് പ്രവര്‍ത്തികള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്.

പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. വെട്ടിയെടുത്ത നദിയില്‍ വള്ളംകളി നടത്തിയാണ് ജനങ്ങള്‍ തങ്ങളുടെ വിജയം ആഘോഷിച്ചത്. കാടും പടര്‍പ്പും കൃഷിഭൂമിയുമായി മാറിയ വരട്ടാറില്‍ അന്ന് ഏഴ് ചുണ്ടന്‍ വള്ളങ്ങള്‍ നിരന്നു. ഒരു നാടിന്റെയൊന്നാകെ ഉത്സവമായി അത് മാറി.

 

 

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍