UPDATES

ട്രെന്‍ഡിങ്ങ്

റെഡ് ക്രോസിലെ അഴിമതിയെക്കുറിച്ച് പോസ്റ്റിട്ടതിന് യുവാവിന് കോണ്‍ഗ്രസ് നേതാവ് ചെമ്പഴന്തി അനിലിന്റെ കേട്ടാലറയ്ക്കുന്ന തെറിവിളിയും ഭീഷണിയും/ഓഡിയോ

സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അരുണ്‍ അറിയിച്ചു. ഇത്തരമൊരു പരാതി ലഭിച്ചതായി ഏറ്റുമാനൂര്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്.

ഫേസ്ബുക്കില്‍ അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പോസ്റ്റ് ചെയ്തതിന് റെഡ് ക്രോസ് ചെയര്‍മാന്‍ ചെമ്പഴന്തി അനില്‍ അക്കൗണ്ടിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പരാതി. റെഡ്‌ക്രോസ് കോട്ടയം ബ്രാഞ്ചിലെ അക്കൗണ്ടന്റായ അരുണ്‍ കുമാര്‍ പി എന്‍ ആണ് പരാതിക്കാരന്‍.

കഴിഞ്ഞ പതിനഞ്ചിനാണ് റെഡ്‌ക്രോസിലെ അഴിമതികളെക്കുറിച്ച് അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. അഴിമതിക്കേസില്‍ ചെമ്പഴന്തി അനിലും സുനില്‍ സി കുര്യനും അറസ്റ്റിലായതിന്റെയും റിമാന്‍ഡിലായതിന്റെയുമെല്ലാം വാര്‍ത്തകളാണ് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചത്. അതോടൊപ്പം ഇവരെ റെഡ്‌ക്രോസില്‍ നിന്നും പുറത്താക്കിയതാണെന്നും എന്നാല്‍ ഇപ്പോഴും റെഡ്‌ക്രോസിന്റെ ആളുകളാണെന്ന് പറഞ്ഞ് പലതും ചെയ്യുന്നുണ്ടെന്നും ആരോപിക്കുന്നു. കഴിഞ്ഞ മാര്‍ച്ച് 27ന് സുനില്‍ സി കുര്യനെയും ചെമ്പഴന്തി അനിലിനെയും റെഡ്‌ക്രോസ് ഭരണ സമിതിയില്‍ നിന്നും പുറത്താക്കിയിരുന്നു. 2017 ജൂലൈ 26നാണ് അനിലിനെയും സുനിലിനെയും സംസ്ഥാന ശിശുക്ഷേമ സമിതിയിലെ രേഖകള്‍ വ്യാജമായി ചമച്ചതിന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി അന്ന് ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയും ചെയ്തു. 2010-14 കാലഘട്ടത്തില്‍ ഇരുവരും മിനിറ്റ്‌സ് തിരുത്തിയെന്നും കോഴവാങ്ങി 868 പേരെ അംഗങ്ങളാക്കിയെന്നുമായിരുന്നു കേസ്. ഈ കേസിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും ഭരണസമിതിയില്‍ നിന്നും റെഡ്‌ക്രോസ് പുറത്താക്കിയത്. എന്നാല്‍ ഇക്കഴിഞ്ഞ 13ന് ചെമ്പഴന്തി അനില്‍ റെഡ്‌ക്രോസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതായി വാര്‍ത്ത വന്നിരുന്നു. സുനില്‍ സി കുര്യന്‍ കഴിഞ്ഞമാസം 21ന് അന്തരിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ‘ഈവാര്‍ത്ത പഴയതാണ്. ഈ ആളുകള്‍ തന്നെ ആണ് റെഡ്‌ക്രോസിലും അഴിമതി നടത്തിയത് ഇവരെ റെഡ്‌ക്രോസില്‍ നിന്നും പുറത്താക്കിയതാണ്. എന്നാല്‍ ഇവര്‍ ഇപ്പോളും റെഡ് കോസിന്റെ ആളുകള്‍ എന്ന് പറഞ്ഞു പല കാര്യങ്ങളും ചെയ്യുന്നത് നിയമ വിരുദ്ധമാണ് എന്ന് എല്ലാവരേയും അറിയിക്കുന്നു’ എന്ന പോസ്റ്റിനൊപ്പം പഴയ വാര്‍ത്തകളും ഷെയര്‍ ചെയ്തത്. പഴയ വാര്‍ത്തകളുടെ ഒട്ടനവധി ലിങ്കുകളാണ് ഇദ്ദേഹം ഷെയര്‍ ചെയ്തത്.

ചെമ്പഴന്തി അനിലും കൂട്ടരും ചേര്‍ന്ന് സമാന്തര സമിതിയാണ് രൂപീകരിച്ചതെന്ന് അരുണ്‍ കുമാര്‍ അഴിമുഖം പ്രതിനിധിയോട് പറഞ്ഞത്. ഇതേത്തുടര്‍ന്ന് 16ന് തിരുവനന്തപുരം കരമന സ്വദേശിയായ ഭാസ്‌കരന്‍ എന്നയാളും പിന്നീട് അനില്‍ നേരിട്ടും തന്നെ ഫോണില്‍ വിളിച്ചതായും അരുണ്‍ അറിയിച്ചു. രണ്ടുപേരും ഫോണില്‍ വിളിച്ച് കേട്ടാല്‍ അറയ്ക്കുന്ന തെറിയാണ് ഇയാളെ വിളിക്കുന്നത്. ‘ഇനി നീ എനിക്കെതിരെ ഒരു പോസ്റ്റ് പോലും ഇടരുത്. ഞാന്‍ അഴിമതിക്കാരനായിരിക്കും ഒരിക്കല്‍ പോലും ഇനി നീ അങ്ങനെ ചെയ്യരുത്’ എന്നിങ്ങനെയാണ് അനില്‍ പറയുന്നത്. ശാന്തമായി തുടങ്ങിയ ഫോണ്‍ കോള്‍ പിന്നീട് അസഭ്യത്തിലേക്കും വധഭീഷണിയിലേക്കും നീങ്ങുകയായിരുന്നു. അമ്മയ്ക്ക് വിളിയുള്‍പ്പെടെയാണ് കോണ്‍ഗ്രസ് നേതാവ് കൂടിയായ അനില്‍ അരുണിനെ വിളിക്കുന്നത്.

സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അരുണ്‍ അറിയിച്ചു. ഇത്തരമൊരു പരാതി ലഭിച്ചതായി ഏറ്റുമാനൂര്‍ പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണ്‍വിളിയുടെ വോയിസ് ക്ലിപ് ഉള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഈ ക്ലിപ്പ് അരുണ്‍ അഴിമുഖത്തിനും കൈമാറിയിട്ടുണ്ട്. ഭാസ്‌കരനും അനിലും തന്നെ വിളിച്ച് അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്. അഴിമതിക്കേസില്‍ പുറത്താക്കിയപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാത്തതിനാല്‍ റെഡ്‌ക്രോസ് കോട്ടയം ഘടകത്തോടും തന്നോടും അനിലിന് വൈരാഗ്യമുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തന്നെ ഇവര്‍ അപകടപ്പെടുത്തുമെന്ന് താന്‍ ഭയപ്പെടുന്നതായും അതിനാല്‍ തന്റെ ജീവനും സ്വത്തിനും സംരക്ഷണം വേണമെന്നുമാണ് ആവശ്യപ്പെടുന്നത്.

അതേസമയം ഇത്തരമൊരു പരാതി നല്‍കിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് ചെമ്പഴന്തി അനില്‍ ഞങ്ങളോട് പ്രതികരിച്ചു. പോലീസില്‍ നിന്നും തനിക്ക് വിളിയൊന്നും വന്നില്ലെന്ന് പറഞ്ഞ ഇദ്ദേഹം അരുണിന്റെ പരാതിയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍