UPDATES

രഹന ഫാത്തിമ സംസാരിക്കുന്നു; ശബരിമലയില്‍ ബിജെപിയുടെ ‘ബി ടീം’ ആരാണെന്ന് ഇപ്പോള്‍ ആളുകള്‍ക്ക് മനസിലായിട്ടുണ്ടാവും

ശബരിമല കയറാൻ ശ്രമിച്ച എല്ലാ സ്ത്രീകളെക്കുറിച്ചും പോലീസിന്റെ സംശയം ഈ പെണ്ണുങ്ങളുടെ പിന്നിൽ ആരൊക്കെയോ ഉണ്ട് എന്നാണ്

കൊട്ടാരക്കര സബ് ജയിലിലെ വനിതാ തടവുകാർ രഹന ഫാത്തിമയെ കുറിച്ച് കേട്ടിരുന്നു. ജയിലിൽ വരുത്തുന്ന കേരള കൗമുദി പത്രത്തിലൂടെയും പിന്നെ ഇടക്കിടെ വീണു കിട്ടുന്ന ടിവി കാഴ്ചകളിലൂടെയും അവരില്‍ മിക്കവരുടെയും മനസ്സിലുണ്ടായിരുന്ന ചിത്രം ശബരിമല നശിപ്പിക്കാൻ പോയ തീവ്രവാദിയായൊരു പെണ്ണ് എന്നായിരുന്നു. എന്നാൽ നേരിട്ട് കണ്ട് അടുത്തറിഞ്ഞപ്പോൾ തങ്ങളുടെ ധാരണ തെറ്റായിരുന്നു എന്നവർക്ക് ബോധ്യം വന്നുവെന്ന് രഹന ഫാത്തിമ പറയുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന കേസിൽ പോലീസ് അറസ്റ്റ് ചെയ്ത രഹന 18 ദിവസത്തെ റിമാൻഡ് തടവിന് ശേഷം ഡിസംബർ പതിനഞ്ചാം തീയതി വൈകുന്നേരമാണ് ജയിൽ മോചിതയായത്. കുടുംബത്തോടും കുട്ടികളോടും ഒപ്പം എത്തിച്ചേർന്നതിന്റെ സന്തോഷങ്ങൾക്കിടയിൽ കുറച്ചു നേരം രഹന ഫാത്തിമ അഴിമുഖത്തോട് സംസാരിക്കുന്നു.

“ശരീരത്തിന്റെ രാഷ്ട്രീയം സംസാരിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. ശരീരമെന്ന ടൂൾ ഉപയോഗിച്ച് ഞാൻ എങ്ങനെ സമൂഹത്തോട് സംവദിക്കുന്നു എന്നത് പലപ്പോഴും ആളുകൾ ഉൾക്കൊള്ളുന്നില്ല. കുറേയാളുകളെ നേരിട്ട് അത് പറഞ്ഞു മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപ്പെടാറുമുണ്ട്. ഇത്ര വലിയ സംഘർഷങ്ങൾക്കിടയിലും ശബരിമല കയറാൻ ശ്രമിച്ച രഹന ഫാത്തിമ ഒരു ക്യാമറക്കോ മൈക്കിനോ മുന്നിൽ നിന്ന് ആളുകളോട് സംസാരിക്കേണ്ടി വരുമ്പോൾ പതറിപ്പോവാറുള്ള ഒരു പെണ്ണാണ്. എന്റെ ആക്ടിവിസം എന്താണെന്നും എന്തിനു വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നതെന്നും മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താനും പലപ്പോഴും എനിക്ക് കഴിയാറില്ല. ഫെമിനിസ്റ്റ് – പുരോഗമന രാഷ്ട്രീയം പറയുന്നവർക്ക് പോലും എന്താണ് എന്റെ ബോഡി പൊളിറ്റിക്സ് എന്ന് ഉൾക്കൊള്ളാൻ പറ്റാത്തത് ചിലപ്പോൾ അതുകൊണ്ടാവാം. നേരെ മറിച്ച് എന്റെ കൂടെ അടുത്തിടപഴകുന്ന ആളുകൾക്ക് ഞാൻ പറഞ്ഞും പറയാതെയും എന്താണ് രഹന ഫാത്തിമ എന്ന് മനസ്സിലാവാറുണ്ട്. ജയിലിൽ കഴിഞ്ഞ 18 ദിവസങ്ങൾ കൊണ്ട് അവിടുത്തെ തടവുകാരായ സ്ത്രീകൾക്ക് എന്നെക്കുറിച്ചുള്ള ധാരണ അപ്പാടെ മാറിയിരുന്നു. എന്റെ തുടയും ഇരുമുടിക്കെട്ടും കൊണ്ട് ഞാൻ ശബരിമല തകർക്കാൻ പോവുകയായിരുന്നു എന്ന് വിശ്വസിച്ചിരുന്ന ആ സ്ത്രീകൾ ഞാൻ തിരിച്ചു പോരുമ്പോൾ എന്നോട് പറഞ്ഞത്, ‘നീ നിനക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്ക്, ബിക്കിനി ഇടാൻ തോന്നിയാൽ അതും ഇടണം, ആരാണ് ചോദിക്കാൻ വരുന്നതെന്ന് നമുക്ക് നോക്കാല്ലോ’ എന്നാണ്. അതുപോലെ അവർക്ക് എന്നെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണയായിരുന്നു ഇരുമുടിക്കെട്ടിലെ ‘സാനിറ്ററി നാപ്കിൻ’. യാതൊരു അടിസ്ഥാനവുമില്ലാത്ത ഒരു കള്ളക്കഥ എത്ര ആഴത്തിലാണ് ആളുകളുടെ ഉള്ളിൽ പതിഞ്ഞതെന്ന് നോക്കു. ഒരു സ്ത്രീയെക്കുറിച്ചും അവളുടെ സദാചാരത്തെക്കുറിച്ചും ഒരു തെളിവുമില്ലാത്ത പച്ചക്കള്ളം മാധ്യമങ്ങൾ എഴുതി വിട്ടാൽ അതിവിടുത്തെ ജനങ്ങൾ കണ്ണും പൂട്ടി വിശ്വസിക്കും. സാനിറ്ററി നാപ്കിൻ കഥ എഴുതി വിട്ടവരുടെ അറിവിലേക്കായി ഞാൻ ഒരു കാര്യം പറയാം. കഴിഞ്ഞ ഒരു വർഷമായി ഞാൻ മെൻസ്ട്രുവൽ കപ്പാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് എന്റെ വീട്ടിൽ വന്ന് തപ്പിയാലും സാനിറ്ററി പാഡ് കിട്ടാൻ വഴിയില്ല.

ജയിലിൽ എന്റെ ഒപ്പമുണ്ടായിരുന്ന സ്ത്രീകളിൽ എൺപത് ശതമാനവും മനഃപൂർവം തെറ്റു ചെയ്യാതെ പല വിധ കാരണങ്ങൾ കൊണ്ട് അതിൽ പെട്ടുപോയവരായിരുന്നു. ഒരുപക്ഷെ അതുകൊണ്ടാവാം അവർക്ക് എന്നെ പെട്ടന്ന് മനസ്സിലാക്കാൻ സാധിച്ചത്. ഒരു സ്ത്രീ ഏതെങ്കിലും ക്രൈമിന്റെ ഭാഗമാണോ എന്ന് സംശയം തോന്നുമ്പോൾ മുതൽ പൊതുജനം കാത്തിരിക്കുന്നത് വിളമ്പിക്കൊടുക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഞാൻ കോടതിയിൽ പൊട്ടിക്കരഞ്ഞു, ജയിലിൽ കിടന്ന് കരയുന്നു, ജയിൽ ഭക്ഷണം കഴിക്കാതെ കൊണ്ടുപോയി കളയുന്നു, ആരോടും മിണ്ടാതെ കടുത്ത വിഷാദത്തിലാണ്. എന്നിങ്ങനെ പല വാർത്തകളും ഞാൻ അറിഞ്ഞിരുന്നു. ജയിൽ എന്താണ്, അവിടുത്തെ ജീവിതം എങ്ങനെയാണ് ഇതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമില്ലാത്തവരാണ് ഇതൊക്കെ എഴുതിപിടിപ്പിക്കുന്നത് എന്നതാണ് ഏറ്റവും വലിയ രസം.

ഒക്ടോബർ 19-നാണ് ഞാൻ ശബരിമലയിലേക്ക് പോയത്. അന്നു വൈകുന്നേരമാണ് ബി രാധാകൃഷ്ണ മേനോൻ എന്ന വ്യക്തി എനിക്കെതിരെ പരാതികൊടുക്കുന്നത്. മുസ്ലിം നാമധാരിയായ ഞാൻ മതസ്പർദ്ധതയും കലാപവും ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പരാതി. പോലീസ് എന്നെ മലകയറാൻ സഹായിച്ചതുകൊണ്ട് പോലീസിനും ഗൂഡലോചനയിൽ പങ്കുള്ളതായി അതിൽ ആരോപിച്ചിരുന്നു. ഒക്ടോബർ 20-ന് പോലീസ് എന്റെ മൊഴി രേഖപ്പെടുത്തി. എന്നാൽ 505/2 എന്ന വകുപ്പ് ചേർത്ത് ഫയൽ ചെയ്ത കേസ് നിലനിൽക്കില്ല എന്ന് അവർക്കു തന്നെ തോന്നി. കാരണം പോലീസിനെ അറിയിച്ചും അവരുടെ സഹായത്തോടെയുമാണ് ഞാൻ മല കയറിയത്. അങ്ങനെ കേസ് ദുർബലമാകും എന്ന് തോന്നിയപ്പോഴാണ് അവർ എന്റെ ഫേസ്ബുക്ക് പേജ് പരിശോധിക്കുന്നതും അതിൽ ഞാൻ കറുത്ത വസ്ത്രവും രുദ്രാക്ഷവും ധരിച്ച് കാലു മടക്കിയിരിക്കുന്ന ഫോട്ടോയും, ഞാൻ ഷെയർ ചെയ്ത അയ്യപ്പനും ഒരു പെൺകുട്ടിയും കൂടെയുള്ള കാർട്ടൂണും കാണുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് മതവികാരം വ്രണപ്പെടുത്തി എന്ന് കാണിച്ച് 295എ എന്ന വകുപ്പ് കൂടി എഴുതിച്ചേർക്കുന്നത്.

എനിക്കെതിരെ കേസെടുത്തപ്പോൾ മുതൽ എഫ്ഐആറിന്റെ കോപ്പി ഞാൻ പോലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. പക്ഷെ അവർ അതെനിക്ക് തന്നില്ല. അറസ്റ്റിലാവുന്നതിന്റെ രണ്ടു ദിവസം മുൻപ് ഞാൻ പത്തനംതിട്ട സിഐ സുനിൽ കുമാറിനെ വിളിച്ചിരുന്നു. എഫ്ഐആറിന്റെ കോപ്പി എനിക്ക് തരില്ല എന്ന് സുനിൽ കുമാർ തീർത്തു പറഞ്ഞു. പ്രതിക്കും എഫ്ഐആറിന്റെ കോപ്പി നൽകണമെന്ന സുപ്രീം കോടതി ഉത്തരവിനെക്കുറിച്ചു പറഞ്ഞപ്പോൾ അദ്ദേഹം അങ്ങനെ ഒരു ഉത്തരവിനെ പറ്റി കേട്ടിട്ടുപോലുമില്ല എന്നാണ് പ്രതികരിച്ചത്. ഒരു കേസ് രജിസ്റ്റർ ചെയ്ത് എഫ്ഐആര്‍ ഇട്ടു കഴിഞ്ഞാൽ മൂന്ന് ദിവസത്തിനുള്ളിൽ അത് വെബ്സൈറ്റിൽ ചേർക്കണമെന്നാണ് നിയമം. എന്നാൽ എന്റെ എഫ്ഐആറിന്റെ കോപ്പി വെബ്സൈറ്റിലും ലഭ്യമായിരുന്നില്ല. അതേപ്പറ്റി ചോദിച്ചപ്പോഴും ധാർഷ്ട്യത്തോടെയായിരുന്നു സിഐ സംസാരിച്ചത്. എന്നെ പൂട്ടാൻ വേണ്ടതെല്ലാം അവർ ചെയ്തു കഴിഞ്ഞു എന്ന ധ്വനി അയാളുടെ സംസാരത്തിലുടനീളം ഉണ്ടായിരുന്നു. നവംബർ 27-നു വളരെ നാടകീയമായാണ് എന്നെ അറസ്റ്റ് ചെയ്യുന്നതും. പോലീസ് മഫ്ടിയിൽ എന്റെ ഓഫീസിൽ എത്തുന്നു. എന്നെ റിലീവ് ചെയ്തു തരാൻ എന്റെ ഓഫിസറോട് പറഞ്ഞതിന് ശേഷം അറസ്റ്റ് ചെയ്യുന്നു. ഓഫിസിൽ എനിക്ക് ഭക്ഷണവുമായി വന്ന മനോജിനോട് എന്താണ് സംഭവിച്ചതെന്ന് സംസാരിക്കാൻ പോലും എന്നെ അനുവദിച്ചില്ല. ഞാൻ അറസ്റ്റിലായ വിവരം ആരെയും അറിയിക്കരുതെന്ന് മനോജിനോട് പറഞ്ഞ പോലീസുകാർ തന്നെ പത്തനംതിട്ടയിലേക്ക് പോവുന്ന വഴി വാഹനത്തിലിരുന്ന് എന്റെ ഒപ്പം സെൽഫി എടുത്ത് അത് മാധ്യമങ്ങൾക്ക് അയച്ചു കൊടുത്തു. ആലപ്പുഴ തൊട്ട് ചാനൽ വാഹനങ്ങൾ ഞങ്ങളുടെ പിറകെ ഉണ്ടായിരുന്നു. പോലീസിന് വേണ്ടിയിരുന്നതും അതാണ്. ഇതൊരു വലിയ സീൻ ആക്കി ജനങ്ങളുടെ മുന്നിൽ കാണിക്കുക. സുപ്രീം കോടതി വിധിയുടെ ഉറപ്പിൽ സംഘപരിവാർ ഭീഷണികളെ വകവയ്ക്കാതെ ഒരു പെണ്ണ് ശബരിമലകയറാൻ എത്തിയാൽ അവളെ കാത്തിരിക്കുന്നത് ഇതൊക്കെയാണ് എന്നാണ് പോലീസ് എന്നിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തിയത്. ശബരിമലയിൽ ബിജെപിയുടെ ബി ടീം ആരാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഇപ്പോൾ ആളുകൾക്ക് മനസ്സിലായിട്ടുണ്ടാവും.

എന്നെ സംബന്ധിച്ച എല്ലാ ആരോപണങ്ങൾക്കും പോലീസിനുണ്ടായ ഏറ്റവും വലിയ തെളിവ് എന്റെ ഫോണാണ്. അതവർ വാങ്ങി വച്ചു. എന്നിട്ട് മനോജ് പത്തനംതിട്ടയിൽ എത്തിയപ്പോൾ മനോജിന്റെ ഫോണും അവർ വാങ്ങി. ഈ രണ്ടു ഫോണും ഇതുവരെ തിരികെ തന്നിട്ടില്ല. എന്നോട് പോലീസ് ആദ്യം മുതലേ ചോദിച്ചു കൊണ്ടിരിക്കുന്നത് ഒരേ ചോദ്യമാണ്. ‘ഇതിന്റെ പിന്നിൽ ആരാണ്. അതായത് ഏതെങ്കിലും വ്യക്തികളുടെയോ ഗ്രൂപ്പിന്റേയോ പിന്തുണയില്ലാതെ ഒരു സ്ത്രീയും ശബരിമല കയറാൻ എത്തില്ല എന്നാണ് പോലീസിന്റെ പക്ഷം. ഇത് എന്റെ കാര്യത്തിൽ മാത്രമല്ല. മല കയറാൻ ശ്രമിച്ച എല്ലാ സ്ത്രീകളെക്കുറിച്ചും പോലീസിന്റെ സംശയം ഇതാണ്. ഈ പെണ്ണുങ്ങളുടെ പിന്നിൽ ആരൊക്കെയോ ഉണ്ട്. അവർക്ക് ശബരിമലയുടെ പേരിൽ ഗൂഢ ലക്ഷ്യങ്ങളുണ്ട് എന്നാണ് പോലീസിന്റെ ഭാഷ്യം. അതിനു വേണ്ടിയാണ് ശബരിമല കയറാൻ ശ്രമിച്ച എല്ലാ സ്ത്രീകളുടെയും ജീവിതം ഇഴകീറി പോലീസ് പരിശോധിക്കുന്നത്.

എഫ്ഐആറിന്റെ കോപ്പി പോലും ഇല്ലാതെയാണ് എന്റെ വക്കീൽ മുൻകൂർ ജാമ്യത്തിന് വേണ്ടി വാദിച്ചത്. അതുകൊണ്ടാണ് ആ ജാമ്യാപേക്ഷ പോലും തള്ളിപ്പോയത്. പോലീസ് എനിക്ക് നിഷേധിച്ച എഫ്ഐആര്‍, പ്രതിക്കും എഫ്ഐആറിന്റെ കോപ്പിക്കുള്ള അവകാശം ഉണ്ടെന്നു പറഞ്ഞു തന്നത് മജിസ്ട്രേറ്റ് ആയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറും ഈ കേസിൽ പ്രത്യേക താത്പര്യം കാണിച്ചിരുന്നു . ആദ്യത്തെ കസ്റ്റഡിയപേക്ഷ തള്ളിക്കളഞ്ഞിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറുടെ പ്രത്യേകതാത്പര്യപ്രകാരമാണ് കസ്റ്റഡിയപേക്ഷ ജില്ലാ കോടതിയിൽ കൊടുക്കുന്നത്. നേരിട്ടുകൊണ്ടുപോയി കൊടുക്കുകയാണുണ്ടായത്. സാധാരണ രീതിയില്‍ അത് ചെയ്യാറില്ല. ജാമ്യം കിട്ടാതിരിക്കാന്‍ തീവ്രമായി വാദിച്ചു. രണ്ടാമതും ഞങ്ങൾ ജാമ്യാപേക്ഷ കൊടുത്തു. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ഒരാൾക്ക് കീഴ്ക്കോടതി 60 ദിവസത്തിനുള്ളിൽ ജാമ്യം കൊടുക്കാൻ പാടില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. പക്ഷെ യഥാർത്ഥ ഉത്തരവ് വളച്ചൊടിച്ചാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചത്. അത് ജഡ്ജിയെപ്പോലും പ്രതിരോധത്തിലാക്കി.

മക്കളെ പിരിഞ്ഞിരുന്നതായിരുന്നു ഈ ദിവസങ്ങളിൽ വിഷമിപ്പിച്ച ഒരു കാര്യം. പക്ഷെ അവർ ഈ കാര്യത്തിൽ വളരെ പക്വത കാണിച്ചു. ജയിലിൽ കാണാൻ വന്നപ്പോഴൊക്കെ മോൻ എന്നെയാണ് ആശ്വസിപ്പിച്ചത്. അവന്റെ സ്കൂളിൽ ടീച്ചർമാരും മറ്റു കുട്ടികളുമൊക്കെ അമ്മ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യാൻ പോയത് എന്ന് ചോദിച്ചു, അവരോടൊക്കെ തന്റെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന ഉറച്ച ബോധ്യത്തോടെ സംസാരിക്കാൻ അവനു സാധിച്ചു. എന്റെ മോന് 11 വയസ്സും മോൾക്ക് 7 വയസ്സുമാണ് പ്രായം. ഞാൻ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും അവരെ ഒപ്പം കൂട്ടാറുണ്ട്. അതുകൊണ്ടാവാം ആരും ഒന്നും പറഞ്ഞു കൊടുക്കാതെ ഇത്ര ചെറിയ പ്രായത്തിൽ തന്നെ ശരിയേത്, തെറ്റേത് എന്നുൾക്കൊള്ളാൻ അവർക്കു സാധിക്കുന്നത്. എന്റെ 7 വയസ്സുള്ള മോളെ റേപ്പ് ചെയ്യുമെന്നും കുടുംബത്തെ മുഴുവൻ കൊല്ലുമെന്നും വരെ ഭീഷണിയുള്ള കമന്റുകൾ ഫേസ്ബുക്കിൽ വന്നിരുന്നു. അതെല്ലാം കാണിച്ചു തെളിവ് സഹിതം പോലീസിൽ പരാതിയും കൊടുത്തിരുന്നു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റിന്റെ മാത്രം അടിസ്ഥാനത്തിൽ പെട്ടെന്ന് അന്വേഷിക്കാൻ സാധിക്കില്ല എന്നു പറഞ്ഞ പോലീസാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഈ രീതിയിൽ എന്നെ അറസ്റ്റ് ചെയ്തത്.

സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കാൻ ഓരോരുത്തർക്കും ഓരോ വഴികളാണ്. എഴുതിയും പ്രസംഗിച്ചും വരച്ചും പാടിയും ഒക്കെ പലരും പ്രതികരിക്കാറുണ്ട്. എനിക്ക് പ്രതികരിക്കാനുള്ള ഉപാധിയാണ് എന്റെ ശരീരം. ഒരു സ്ത്രീ ശരീരം എത്രകണ്ട് സമൂഹത്തെ അസ്വസ്ഥമാക്കുകയും വിറളിപിടിപ്പിക്കുകയും ചെയ്യും എന്ന് എനിക്കും അറിയാം. ശരീരത്തിന്റയും അതിൽ നടക്കുന്ന ജൈവിക പ്രക്രിയകളുടെയും പേരിലാണ് സ്ത്രീകളുടെ ജീവിതം സമൂഹം നിയന്ത്രിക്കുന്നത്. ആ നിയന്ത്രണം കൈവശം വച്ചിരിക്കുന്നവർക്കാണ് പുരുഷന്റെ തുട കണ്ടാൽ തോന്നാത്ത അസ്വസ്ഥയും വ്രണപ്പെടലും സ്ത്രീയുടെ തുട കണ്ടാൽ മാത്രം തോന്നുന്നത്.

സുപ്രീം കോടതിയെ വെല്ലുവിളിച്ച് അക്രമം നടത്തിയ കെ സുരേന്ദ്രന് ജനനായക പട്ടം ഒരുക്കുന്ന സമൂഹത്തിനു മുന്നില്‍ തന്നെയാണ് രഹന ഫാത്തിമ ജയിലില്‍ കിടക്കുന്നത്

PROFILE: ശബരിമലയില്‍ നിന്ന് തിരിച്ചു പോരേണ്ടി വന്ന രഹന ഫാത്തിമ ആരാണ്?

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍