UPDATES

ട്രെന്‍ഡിങ്ങ്

മധുവിന്റെ കൊലപാതകത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കാത്തിരിക്കുന്നത് ഇന്ത്യ കണ്ട ഏറ്റവും വലിയ ആദിവാസി കുടിയൊഴിപ്പിക്കല്‍

മധുവിനെ തല്ലിക്കൊന്ന സമൂഹം നിയമത്തിന്റെ സഹായത്തോടെ ആദിവാസികളെ കാട്ടില്‍ നിന്നും ആട്ടിയോടിക്കുന്നു

അട്ടപ്പാടി മുക്കാലിക്കടുത്ത് കടുകുമണ്ണ ആദിവാസി ഊരിലെ മധു എന്ന യുവാവ് ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. മധുവിന്റെ മരണത്തിന് ശേഷം ആദിവാസികളുടെ ദാരുണമായ ജീവിതം ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയത്. അതേസമയം മധുവിന് ശേഷവും ആദിവാസി ജീവിതങ്ങളില്‍ കാര്യമായ യാതൊരു മാറ്റവുമില്ലെന്ന് മാത്രമല്ല കാട് അവര്‍ക്ക് നഷ്ടമാകുന്ന വിധത്തിലുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാരും സുപ്രിംകോടതിയും അടുത്തകാലത്ത് സ്വീകരിച്ചതും. സമീപ കാലത്തെ ചില വാര്‍ത്തകള്‍ മാത്രം പരിശോധിച്ചാല്‍ സര്‍ക്കാരാണെങ്കിലും പരിസ്ഥിതി പ്രവര്‍ത്തകരാണെങ്കിലും ആദിവാസികളെ മനുഷ്യരായി പോലും പരിഗണിക്കുന്നില്ലെന്ന് മനസിലാക്കാം.

മോഷണക്കുറ്റം ആരോപിക്കപ്പെട്ടാണ് 2018 ഫെബ്രുവരി 22ന് പകല്‍ 27 വയസ്സായ മധുവിനെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിക്കുകയും പോലീസിന് കൈമാറുകയും ചെയ്തത്. പോലീസ് വാഹനത്തില്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴി മധു മരണപ്പെട്ടു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളായിരുന്നു. ഇയാളെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ അക്രമികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഇതോടെ സമൂഹത്തില്‍ വന്‍ പ്രതിഷേധം ഉയരുകയും ചെയ്തു. 12 പേര്‍ക്കെതിരെയാണ് മധുവിന്റെ മരണത്തില്‍ കേസെടുത്തത്.

നിലമ്പൂരില്‍ കാട്ടുനായ്ക്കര്‍ വിഭാഗക്കാരനായ വിദ്യാര്‍ഥി പനി ബാധിച്ചു മരിച്ച വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മുണ്ടേരി അപ്പന്‍കാപ്പ് കോളനിയിലെ സുന്ദരന്‍ ശാന്ത ദമ്പതികളുടെ മകന്‍ സതീഷ് (16) ആണ് മരിച്ചത്. ഇന്ദിരാഗാന്ധി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സതീഷിന് സ്‌കൂള്‍ അധികൃതര്‍ മതിയായ ചികിത്സ നല്‍കിയില്ലെന്നാണ് ബന്ധുക്കള്‍ ആരോപിച്ചത്. 14ാം തീയതി സ്‌കൂളില്‍നിന്ന് മൈസൂരുവിലേക്ക് പോയ പഠനയാത്ര പോയ സംഘത്തില്‍ സതീഷുമുണ്ടായിരുന്നു. യാത്രക്കിടെ പനി കൂടിയപ്പോള്‍ മൈസൂരുവിലെ ഡോക്ടറെ കാണിച്ചതായിട്ടാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ 16ന് പുലര്‍ച്ചെ തിരിച്ചെത്തിയതോടെ പനി കൂടി. ആദ്യം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ശനിയാഴ്ച രാത്രി 11 മണിയേടെ വിദ്യാര്‍ഥി മരിച്ചു. അട്ടപ്പാടിയില്‍ വര്‍ധിച്ചു വരുന്ന ശിശുമരണ നിരക്കും പട്ടിണി മരണങ്ങളും ഇനിയും അധികൃതര്‍ കണ്ട മട്ടില്ല. വിശന്നപ്പോള്‍ മോഷ്ടിച്ചതിനാണ് മധുവിനെ ആള്‍ക്കൂട്ടം വിചാരണ നടത്തിയതും തല്ലിക്കൊന്നതെന്നും ഓര്‍ക്കണം. അതോടൊപ്പം തന്നെ പരിഗണിക്കേണ്ട മറ്റൊരു വിഷയമാണ് ആദിവാസികള്‍ നേരിടുന്ന ലൈംഗിക ചൂഷണങ്ങളും. പ്രായപൂര്‍ത്തിയാകാത്തവരും അവിവാഹിതരുമായ അമ്മമാരുടെ എണ്ണത്തില്‍ ഇന്നും കാര്യമായ മാറ്റമൊന്നുമില്ല.

ആദിവാസികളുടെ ജീവിത ദുരിതം ദിനംപ്രതി വര്‍ധിച്ചുവരുന്നതിനിടെയിലാണ് അവരെ കാട്ടില്‍ നിന്നും പുറത്താക്കണമെന്ന കോടതി വിധിയും വരുന്നത്. ഫെബ്രുവരി 20ലെ കോടതി വിധി അനുസരിച്ച് രാജ്യത്തെ പത്ത് ലക്ഷത്തിലധികം ആദിവാസികള്‍ക്കാണ് തങ്ങളുടെ ആവാസ സ്ഥലത്തിന് പുറത്തുകടക്കേണ്ടി വരുന്നത്. വനാവകാശ നിയമം അനുസരിച്ചുള്ള ക്ലയിമുകള്‍ തള്ളിപ്പോയ എല്ലാ ആദിവാസികളെയും അതാത് സംസ്ഥാന സര്‍ക്കാരുകള്‍ കുടിയൊഴിപ്പിക്കണമെന്ന വിവിധ പരിസ്ഥിതി സംഘടനകളുടെ കേസുകളാണ് അവര്‍ക്ക് തിരിച്ചടിയായത്. 2019 ജൂലൈ 24ന് മുമ്പായി ഇവരെ പുറത്താക്കണമെന്നും കോടതി ഉത്തരവ് ആവശ്യപ്പെടുന്നു. 17 സംസ്ഥാനങ്ങള്‍ക്കൊപ്പം നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് കേരളത്തിലെ 894 കുടുംബങ്ങളാണ് കാട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നത്.

read more:വനാവകാശം കാറ്റിൽ പറക്കുമ്പോൾ 10 ലക്ഷം ആദിവാസി കുടുംബങ്ങള്‍ വനത്തിനു പുറത്തേക്ക്; കോർപ്പറേറ്റ് അട്ടിമറിക്ക് കുട പിടിച്ച് കേന്ദ്ര സർക്കാരും പരിസ്ഥിതി സംഘടനകളും

കാടുകള്‍ കാടിന്റെ മക്കള്‍ക്കുള്ളതാണെന്ന വാദം ഏറെ നാളായി ഉയരുമ്പോഴാണ് അവരെ അവിടെ നിന്നും പുറത്താക്കുന്ന കോടതി വിധി വരുന്നത്. മത്സ്യത്തൊഴിലാളികളെ കടല്‍ത്തീരത്തു നിന്നും ഒഴിപ്പിക്കുന്നതിന് തുല്യമാണ് ഇത്. സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കുടിയൊഴിപ്പിക്കലിനാണ് നാം സാക്ഷിയാകാനിരിക്കുന്നത്. ഇവരെ എവിടേക്കായിരിക്കും മാറ്റി പാര്‍പ്പിക്കുക എന്ന ചോദ്യം പ്രസക്തമാണ്? അവര്‍ക്ക് ജീവിക്കാനുള്ള വിഭവങ്ങള്‍ ലഭ്യമാകുന്നിടത്തു നിന്നും നഗരങ്ങളിലോ മറ്റേതെങ്കിലും പ്രദേശത്തോ പുതിയ കോളനികള്‍ രൂപീകരിക്കാനാണ് ഇത്തരം നീക്കങ്ങള്‍ സഹായിക്കുകയുള്ളൂ. ആദിവാസികള്‍ വിഭവങ്ങള്‍ ശേഖരിക്കുന്നത് മലകള്‍, പുഴയുടെ ചില ഭാഗങ്ങള്‍ എന്നിങ്ങനെ കാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ്. ഇത് പല ആദിവാസി വിഭാഗങ്ങള്‍ക്കും പല രീതിയില്‍ ആയിരിക്കും. പ്രാക്തന ഗോത്ര വിഭാഗങ്ങള്‍ (കാടര്‍, കാട്ടുനായ്ക്കര്‍, കുറുമ്പര്‍, ചോലനായകര്‍ മുതലായവര്‍) വനവിഭവങ്ങളെ ആശ്രയിച്ചു പോരുന്നവരാണ്. കാടാണ് അവരുടെ വിഭവ ഉപജീവന മാര്‍ഗ്ഗം. വിഭവങ്ങള്‍ ലഭ്യമല്ലാതെ വരുന്നതോടെ ഇവര്‍ക്കിടയിലെ പട്ടിണിയും വര്‍ധിക്കും. ഇത് കൂടുതല്‍ മധുമാരെ സൃഷ്ടിക്കാന്‍ മാത്രമാണ് സഹായിക്കുകയെന്ന് ഓര്‍ക്കേണ്ടതുണ്ട്.

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍