UPDATES

ട്രെന്‍ഡിങ്ങ്

സുനില്‍ സി കുര്യന്‍: തലസ്ഥാനത്തെ എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവ്, പിന്നീട് കോണ്‍ഗ്രസില്‍, ഒടുവില്‍ സിഎംപിയില്‍

സുനില്‍ മരിക്കുന്നത് വരെയും മനസുകൊണ്ട് ആ പഴയ എസ്എഫ്‌ഐക്കാരന്‍ തന്നെയായിരുന്നു

ഒരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാത്ത ഒരു കുടുംബത്തില്‍ നിന്നു വന്ന് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറിയ ചരിത്രമാണ് ഇന്നലെ അന്തരിച്ച സുനില്‍ സി കുര്യന്റേത്. കോട്ടയം സ്വദേശിയായ സുനില്‍ അച്ഛന്‍ എംസി കുര്യന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ഓഫീസറായി ട്രാന്‍സ്ഫറായി വന്നതോടെയാണ് തിരുവനന്തപുരത്ത് ചുവടുറപ്പിക്കുന്നത്. എസ്എംവി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ ചേര്‍ന്ന സുനില്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. പാളയം, ചാല ഏരിയ കമ്മിറ്റികള്‍ ഇല്ലാതിരുന്ന അക്കാലത്ത് തിരുവനന്തപുരം സിറ്റി കമ്മിറ്റി ജില്ലയിലെ പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു. ജില്ലയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം അംഗങ്ങളായിരുന്ന സിറ്റി കമ്മിറ്റിയിലാണ് സുനിലും അംഗത്വം നേടിയത്. തിരുവനന്തപുരത്തെ പാര്‍ട്ടി വൃത്തങ്ങളിലെ ഒരു അസ്വാഭാവിക സാന്നിധ്യമായിരുന്നു സുനില്‍ എന്നും. സമരങ്ങള്‍ക്ക് എസ്എംവി സ്‌കൂളില്‍ നിന്നും, സ്‌കൂള്‍ യൂണിഫോമില്‍ വരിവരിയായി കുട്ടികളെയും നയിച്ചു വരുന്ന എട്ടാം ക്ലാസുകാരനെ സുഹൃത്തുക്കള്‍ക്കെല്ലാം ഇന്നും ഓര്‍മ്മയുണ്ട്. രാത്രി വൈകിയും സമരപ്പന്തലില്‍ കാണും. പിന്നീട് സുനില്‍ എസ് എഫ് ഐ നേതാവായി, സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ആയി, സിപിഎം വിട്ടു, സിഎംപിയില്‍ ചേര്‍ന്നു, ശിശുക്ഷേമ സമിതി, റെഡ് ക്രോസ് എന്നിവയുടെ ഭാരവാഹി ആയി. മികച്ച സംഘാടകന്‍ ആയിരുന്നു.

ടിഎം ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്ന സുനിലിന്റെ സ്‌കൂള്‍ കാലത്താണ്‌ സ്വകാര്യ പോളിടെക്‌നിക്കിനെതിരായ സമരം നടക്കുന്നത്. മത്തായി ചാക്കോ, സി പി ജോണ്‍, ശിവന്‍കുട്ടി, സുരേഷ് കുറുപ്പ്, എ വിജയരാഘവന്‍ തുടങ്ങിയവരെല്ലാം എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹികളായിരുന്ന കാലഘട്ടമാണ് അത്. പ്രായത്തില്‍ കവിഞ്ഞ പക്വതയും ഉയരവും വണ്ണവുമെല്ലാം ഉള്ളതിനാല്‍ തന്നെ ഏത് കൂട്ടത്തില്‍ നിന്നാലും ശ്രദ്ധയാകര്‍ഷിക്കാന്‍ സുനിലിന് സാധിച്ചു. അന്നത്തെ കാലം ഓര്‍ത്തെടുക്കുന്ന ആളുകള്‍ പറയുന്നത് അനുസരിച്ച് എസ്എംവി സ്‌കൂളില്‍ നിന്നും ഒരു സൈക്കിളില്‍ ഇന്നത്തെ ട്രിഡ ബില്‍ഡിംഗ് ആയ രാമനിലയത്തിലെ എസ്എഫ്‌ഐ ഓഫീസില്‍ എത്തുകയും പിറ്റേന്നത്തെ സമരങ്ങളെക്കുറിച്ച് മനസിലാക്കി പോകുകയും ചെയ്തിരുന്ന ഒരു എട്ടാം ക്ലാസുകാരനായിരുന്നു സുനില്‍.

പിന്നീട് ഘട്ടംഘട്ടമായി സുനില്‍ എസ്എഫ്‌ഐയില്‍ വളര്‍ന്നു. സുനിലിന്റെ പ്രീഡിഗ്രി കാലത്തായിരുന്നു പ്രീഡിഗ്രി ബോര്‍ഡിനെതിരായ സമരം. സുനിലിന്റെ വിദ്യാര്‍ത്ഥി കാലഘട്ടം കേരളത്തിലെ പ്രധാനപ്പെട്ട സമരങ്ങളുടെയും കാലഘട്ടമായിരുന്നു. സമരങ്ങളുടെ മുന്നില്‍ തന്നെ സുനിലുമുണ്ടായിരുന്നു. നേരത്തെ പറഞ്ഞതുപോലെ എല്ലാവരുടെയും ശ്രദ്ധയാകര്‍ശിക്കാന്‍ സാധിച്ച സുനില്‍ സിറ്റി കമ്മിറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളേജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയായിരിക്കെ ചെയര്‍മാനും അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിക്കെ യൂണിവേഴ്‌സിറ്റി കൗണ്‍സിലറായി യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയര്‍മാനുമായി. എസ്എഫ്‌ഐയുടെ സിറ്റി കമ്മിറ്റി സെക്രട്ടറിയായിരിക്കെ തന്നെ ജില്ലാ ജോയിന്റ് സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായി.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിനപ്പുറം തലസ്ഥാന നഗരത്തിലെ സമരങ്ങളുടെ നായകന്‍ എന്ന മുഖമായിരുന്നു സുനില്‍ സി കുര്യനുണ്ടായിരുന്നത്. സുനില്‍ അംഗീകരിക്കപ്പെട്ടതും വിദ്യാര്‍ത്ഥി സമരങ്ങളുടെ നായകന്‍ എന്ന നിലയിലാണ്. യൂണിവേഴ്‌സിറ്റി യൂണിയന്‍ സുനിലിന് കീഴിലായിരുന്നപ്പോഴാണ് ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട സാഹിത്യകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമെല്ലാം കേരള യൂണിവേഴ്‌സിറ്റിയിലെത്തിയത്. എംടി വാസുദേവന്‍ നായര്‍, ഒ വി വിജയന്‍, സക്കറിയ, സേതു, ആനന്ദ്, മാധവിക്കുട്ടി അടക്കമുള്ള ആളുകള്‍ അക്കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയന്റെ പരിപാടികളുമായി സഹകരിച്ചു. നിഖില്‍ ചക്രവര്‍ത്തിയെ പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരും ജാനു ബറുവ, എം എസ് സത്യ, മൃണാള്‍ സെന്‍ അടക്കമുള്ള ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രധാനപ്പെട്ട ആളുകളും യൂണിയന്‍ പരിപാടികളുമായി അക്കാലത്ത് സഹകരിച്ചിട്ടുണ്ട്.

സുനില്‍ സി കുര്യന്‍ യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയര്‍മാനായിരിക്കുന്ന കാലത്താണ് യൂണിവേഴ്‌സിറ്റി കോളേജിന്റെ 125-ാം വാര്‍ഷികം നടക്കുന്നത്. യൂണിവേഴ്‌സിറ്റി കോളേജിന്റെ ചെയര്‍മാനെന്ന നിലയ്ക്കും യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനെന്ന നിലയ്ക്കും കേരള യൂണിവേഴ്‌സിറ്റിയുടെ പ്രധാന പരിപാടികളെല്ലാം യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ചാണ് സുനില്‍ സംഘടിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ 125-ാം വാര്‍ഷിക സമയത്ത് കോളേജ് വലിയൊരു സാംസ്‌കാരിക കേന്ദ്രമായിരുന്നു. പിന്നീട് സംഘടനയ്ക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയുടെ പേരില്‍ സുനില്‍ എസ്എഫ്‌ഐയില്‍ നിന്നും പുറത്തായെങ്കിലും സിപിഎമ്മിലെ അംഗത്വം തുടര്‍ന്നു.

ഒരുതവണ തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. സുശീല ഗോപാലന്‍ സാമൂഹിക ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ കാലത്ത് സുനിലിനെ ശിശുക്ഷേമ സമിതിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. അതുവരെയും തീര്‍ത്തും അപ്രസക്തമായിരുന്ന ശിശുക്ഷേമ സമിതിയെ വളരെ നല്ല രീതിയില്‍ തന്നെ കൊണ്ടുപോകാന്‍ സുനില്‍ സി കുര്യന് സാധിച്ചു. അതേസമയം ആരോപണങ്ങളും അദ്ദേഹത്തിന് പിന്നാലെയുണ്ടായിരുന്നു. ഇതിന്റെ ഫലമായി ഒടുവില്‍ സിപിഎമ്മില്‍ നിന്നും പുറത്തായി.

സിപിഎമ്മില്‍ നിന്നും പുറത്തായി വിവിധ സംഘടനകളില്‍ ചേര്‍ന്നെങ്കിലും ഒന്നിലും സജീവപ്രവര്‍ത്തകനായില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്നെങ്കിലും അതിലുണ്ടായ കുറച്ചു കാലം ഒരു ഘടകത്തിലും അംഗമായിരുന്നില്ല. കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ രൂപീകരണ യോഗത്തില്‍ പങ്കെടുത്തെങ്കിലും അതില്‍ അംഗത്വം എടുത്തില്ല. ഒടുവില്‍ സി പി ജോണുമായുള്ള വ്യക്തിബന്ധമാണ് സുനിലിനെ സിഎംപിയിലെത്തിച്ചത്. സിഎംപിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും അപ്പോഴും സജീവ പ്രവര്‍ത്തകന്‍ ആയിരുന്നില്ല.

സിപിഎമ്മില്‍ നിന്നും പുറത്തായതിന് ശേഷം ഒരു സമര സഖാവ് എന്ന നിലയില്‍ സുനിലിനെ നഗരത്തിലോ വേറെ എവിടെയെങ്കിലുമോ കാണാന്‍ സാധിച്ചിട്ടില്ല. സുനില്‍ മരിക്കുന്നത് വരെയും മനസുകൊണ്ട് ആ പഴയ എസ്എഫ്‌ഐക്കാരന്‍ തന്നെയായിരുന്നു. പഴയ വിദ്യാര്‍ത്ഥി നേതാക്കന്മാരുമായുള്ള വ്യക്തിബന്ധം എല്ലാക്കാലത്തും സൂക്ഷിച്ചിരുന്നു. സമീപകാലത്തേത് പോലെ സംഘടനയ്ക്കകത്ത് ഉയര്‍ന്നുവരുന്ന പല വിഷയങ്ങളിലും അദ്ദേഹം ആശങ്കപ്പെട്ടിരുന്നു. അത് അടുത്ത സുഹൃത്തുക്കളുമായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. അടുത്ത സുഹൃത്തായ റൂബിന്‍ ഡിക്രൂസ് ‘തിരുവനന്തപുരം രാഷ്ട്രീയത്തില്‍ വഴിതെറ്റി വന്ന ആ എട്ടാം ക്ലാസുകാരന്റെ അങ്കലാപ്പ് ഒരിക്കലും മാറിയില്ല’ എന്ന് തന്റെ ഫേസ്ബുക്ക് പേജില്‍ സുനിലിനെ കുറിച്ച് എഴുതിയത് അതിനാലാണ്.

ശിശുക്ഷേമ സമിതിയുടെ തുടര്‍ച്ചയായാണ് സുനില്‍ റെഡ് ക്രോസിലെത്തിയത്. റെഡ് ക്രോസിലായിരുന്നപ്പോഴും ധാരാളം സാമ്പത്തിക ക്രമക്കേടുകള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു. സ്റ്റാമ്പ് തിരിമറിയും മറ്റും അന്ന് മാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ തന്നെ വാര്‍ത്തയാകുകയും ചെയ്തു. അതിന്റെ കേസ് ഇപ്പോഴും സുപ്രിംകോടതിയില്‍ തുടരുകയാണ്. എന്തായാലും എസ്എഫ്‌ഐയില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നതിന് ശേഷം സുനില്‍ ശരിയായ ട്രാക്കിലായിരുന്നില്ലെന്നാണ് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ തന്നെ പറയുന്നത്. തിരുവനന്തപുരം നഗരത്തിനകത്ത് മാത്രമായിരുന്നു സുനിലിന്റെ പ്രവര്‍ത്തനങ്ങളും സമരങ്ങളും അരങ്ങേറിയതെങ്കിലും നഗരത്തിനുള്ളില്‍ എസ്എഫ്‌ഐയെ ശക്തിപ്പെടുത്തുന്നതില്‍ സുനില്‍ മുഖ്യ പങ്ക് തന്നെ വഹിച്ചു.

എസ്എഫ്‌ഐയുടെ ഒരു സംസ്ഥാന നേതാവിന് ലഭിക്കുന്നതിനേക്കാള്‍ പ്രാധാന്യം അന്ന് മാധ്യമങ്ങളെല്ലാം സുനിലിന് നല്‍കിയിരുന്നു. എസ്എഫ്‌ഐയുടെ ജില്ലാ പ്രസിഡന്റോ സെക്രട്ടറിയോ ഒന്നുമായിരുന്നില്ലെങ്കിലും മാധ്യമങ്ങളെല്ലാം സുനില്‍ സി കുര്യനെ കണ്ടിരുന്നത് സംസ്ഥാന നേതാവായിട്ടായിരുന്നു. സിറ്റി കമ്മിറ്റി സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ ചുമതലകള്‍ വഹിച്ചിരുന്നെങ്കിലും അതിനെല്ലാമപ്പുറം നഗരത്തില്‍ എസ്എഫ്‌ഐ എന്ന് പറഞ്ഞാല്‍ അന്ന് സുനില്‍ സി കുര്യനായിരുന്നു. 1993 മുതല്‍ 96 വരെയുള്ള കാലഘട്ടത്തില്‍ എസ്എഫ്‌ഐയ്ക്ക് പകരം വയ്ക്കാനാളില്ലാത്ത നേതാവായിരുന്നു സുനില്‍ സി കുര്യന്‍ എന്ന് തന്നെ പറയാം.

read more:സവര്‍ണ്ണ തമ്പുരാക്കന്മാര്‍ എഴുതിപ്പിടിപ്പിച്ച നാടക ചരിത്രത്തില്‍നിന്ന് അയ്മുവിന്റെ പേര് നിര്‍ദ്ദയം വെട്ടിമാറ്റിയതെന്തുകൊണ്ട്?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍