UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നവോത്ഥാനമൂല്യ സംരക്ഷണ സമിതിയിൽ മുസ്ലിം, ക്രിസ്ത്യൻ സംഘടനകളും; ഈ മാസം ജില്ലാക്കമ്മറ്റികൾ രൂപീകരിക്കും; മാര്‍ച്ചില്‍ ജില്ലാതല ബഹുജന കൂട്ടായ്മ

നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിനു മുമ്പോട്ടു കൊണ്ടുപോകുന്നതിനുമായി ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിന്റെ പശ്ചാത്തലത്തിൽ രൂപീകരിക്കപ്പെട്ട നവോത്ഥാന മൂല്യസംരക്ഷണ സമിതിയെ വിപുലീകരിച്ചു. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളെ അണിനിരത്തി സർക്കാർ നടത്തിയ വനിതാമതിൽ പരിപാടിക്കെതിരെ ‘വർഗീയമതിൽ’ എന്നു തുടങ്ങിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഹൈന്ദവേതര സംഘടനകൾ കൂടി ഉൾപ്പെട്ടതാണ് കേരളത്തിന്റെ നവോത്ഥാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിമർശിക്കുകയുണ്ടായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കൂട്ടായ്മ വിപുലീകരിക്കാനുള്ള ആലോചന വന്നത്.

മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളിലെ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ് നവോത്ഥാനമൂല്യ സംരക്ഷണ സമിതി വിപുലീകരിച്ചിരിക്കുന്നത്. വിപുലീകരിച്ച സമിതിയുടെ ആദ്യ യോഗം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന് ഫെബ്രുവരിയില്‍ ജില്ലാ കമ്മിറ്റികള്‍ രൂപീകരിക്കാനും മാര്‍ച്ചില്‍ ജില്ലാതലത്തില്‍ വിപുലമായ ബഹുജനസംഗമങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

യോഗത്തില്‍ സമിതി ചെയര്‍മാന്‍ വെള്ളാപ്പള്ളി നടേശന്‍ അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പുന്നല ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

യോഗത്തിൽ പങ്കെടുത്തവർ‌

ബിഷപ്പ് ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, റൈറ്റ് റവ. ധര്‍മ്മരാജ് റസാലം, ഫാ. യുജീന്‍ പെരേര, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. കെ. ശാന്തകുമാരി, ഷാജി ജോര്‍ജ്ജ്, ഡോ. ഫസല്‍ ഗഫൂര്‍, പി.രാമഭദ്രന്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞിമൗലവി, ഡോ. ഹുസൈന്‍ മടവൂര്‍, ഒ.അബ്ദുറഹിമാന്‍, ടി.പി. കുഞ്ഞുമോന്‍, പി.ആര്‍. ദേവദാസ്, കുഞ്ഞിമുഹമ്മദ് പറപ്പൂര്‍, ഡോ. ഐ.പി. അബ്ദുള്‍ സലാം, എം. അഹമ്മദ്കുട്ടി മദനി, അഡ്വ. കെ.പി. മുഹമ്മദ്, പി. അബ്ദുള്‍ ഹക്കിം ഫൈസി, പി.കെ. സജീവ്, പി.ആര്‍. ദേവദാസ്, സി.പി. സുഗതന്‍, എ. നസീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തീരുമാനങ്ങള്‍

ജില്ലാതല കമ്മിറ്റികള്‍ ഫെബ്രുവരി 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ രൂപീകരിക്കും.

ഫെബ്രുവരി 12: തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ്, പാലക്കാട്.
ഫെബ്രുവരി 13: കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍.
ഫെബ്രുവരി 14: പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്.
ഫെബ്രുവരി 15: കോട്ടയം, വയനാട്.
ഫെബ്രുവരി 16: ആലപ്പുഴ.

ജില്ലാതലത്തിലുള്ള ബഹുജനകൂട്ടായ്മ മാര്‍ച്ച് 10 മുതല്‍ 15 വരെ തീയതികളില്‍ നടക്കും.

മാര്‍ച്ച് 10: തിരുവനന്തപുരം, പാലക്കാട്.
മാര്‍ച്ച് 11: ആലപ്പുഴ, മലപ്പുറം.
മാര്‍ച്ച് 12: കൊല്ലം, ഇടുക്കി, വയനാട്.
മാര്‍ച്ച് 13: പത്തനംതിട്ട, തൃശ്ശൂര്‍, കണ്ണൂര്‍.
മാര്‍ച്ച് 14: കോട്ടയം, കാസര്‍ഗോഡ്.
മാര്‍ച്ച് 15: എറണാകുളം, കോഴിക്കോട്.

എല്ലാ ജില്ലകളിലും വൈകിട്ട് 4 മണിക്കായിരിക്കും ബഹുജന കൂട്ടായ്മ.

ജില്ലാതലത്തിലെ ബഹുജനകൂട്ടായ്മകള്‍ വിപുലമായ പങ്കാളിത്തം കൊണ്ട് വിജയിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. മതനിരപേക്ഷ കേരളത്തിന്റെ പൂര്‍ണ്ണ പരിച്ഛേദമായിരിക്കണം ജില്ലകളില്‍ ദൃശ്യമാകേണ്ടത്. കേരളത്തിലെ ജനങ്ങളുടെ ഐക്യവും സാഹോദര്യവും തകര്‍ക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്ന പ്രഖ്യാപനമായി ജില്ലാസംഗമങ്ങള്‍ മാറണം.

ജനങ്ങളുടെ ഐക്യത്തിന് വിള്ളലുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ജനങ്ങളെ പ്രത്യേക അറകളിലാക്കി നിര്‍ത്താനാണ് ശ്രമം. സാമൂഹിക മാറ്റത്തില്‍ നവോത്ഥാനം വഹിച്ച പങ്ക് വലുതാണ്. ഈ മുന്നേറ്റത്തില്‍ എല്ലാവരും പങ്കുവഹിച്ചിട്ടുണ്ട്. ജാതിഭേദമോ മതവൈരമോ ഇല്ലാത്ത സമൂഹമായിരുന്നു നമ്മുടേത്. ഈ സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കില്ല എന്ന ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകുമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍