UPDATES

ട്രെന്‍ഡിങ്ങ്

കുട്ടികളെക്കൊണ്ട് ബിജെപിയുടെ താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; അംഗന്‍വാടി അടച്ചു പൂട്ടി

അംഗന്‍വാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും പ്രദേശവാസികളിലും ബിജെപി പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്നും ഇതൊരിക്കലും അശ്രദ്ധയായി കണക്കാക്കാനാകില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

ബിജെപിയുടെ തെരഞ്ഞെടുപ്പു ചിഹ്നം പതിച്ച പ്ലക്കാര്‍ഡുകളുമായി അംഗനവാടി വിദ്യാര്‍ത്ഥികളെ റിപ്പബ്ലിക് ദിന റാലിയില്‍ പങ്കെടുപ്പിച്ച വിഷയത്തില്‍ അധികൃതരുടെ നടപടി. താമരശ്ശേരി തേറ്റാമ്പുറം മലര്‍വാടി അംഗനവാടിയിലെ വിദ്യാര്‍ത്ഥികളുടെ റിപ്പബ്ലിക് ദിന റാലിയ്ക്കിടെയാണ് ദേശീയ പുഷ്പമെന്ന പേരില്‍ ബിജെപിയുടെ ചിഹ്നമായ കാവി നിറത്തിലുള്ള താമര പ്ലക്കാര്‍ഡുകളില്‍ പ്രദര്‍ശിപ്പിച്ചത്. രക്ഷിതാക്കള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിഷയം അധികൃതര്‍ അന്വേഷിക്കുകയായിരുന്നു. അംഗന്‍വാടി അടച്ചുപൂട്ടുകയും, അധ്യാപികയും ആയയും അടക്കമുള്ളവരെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും പുറത്താക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ മൃഗം, രാഷ്ട്രപിതാവ് എന്നീ ചിത്രങ്ങളും റാലിയില്‍ പങ്കെടുത്ത കുട്ടികള്‍ക്കു നല്‍കിയിരുന്നെങ്കിലും, അവ പെട്ടന്നു ശ്രദ്ധിക്കാത്ത തരത്തിലുള്ള ഓരോ പ്ലക്കാര്‍ഡുകള്‍ മാത്രമായിരുന്നു. കാവി നിറത്തിലുള്ള താമരയുടെ ചിത്രത്തിന് അമിത പ്രാധാന്യം കൊടുത്തതു ശ്രദ്ധയില്‍പ്പെട്ടതോടെ, കുട്ടികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പു പ്രചരണ റാലിക്ക് സമാനമായ സാഹചര്യം സൃഷ്ടക്കാനുള്ള ശ്രമം നടന്നതായി പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകരും രക്ഷിതാക്കളും ആരോപിക്കുകയായിരുന്നു. ദേശീയ പുഷ്പമാണെങ്കില്‍ കാവി നിറത്തിലുള്ളത് എന്തിനു നല്‍കി എന്നായിരുന്നു രക്ഷിതാക്കളുടെ ചോദ്യം.

പതാക ഉയര്‍ത്തിയതിനു ശേഷം താന്‍ തിരികെ പോന്നിരുന്നുവെന്നും രക്ഷിതാക്കളിലാരോ കുട്ടികളുടെ കൈയില്‍ പ്ലക്കാര്‍ഡുകള്‍ കൊടുത്തതായിരിക്കാം എന്നുമായിരുന്നു അധ്യാപികയുടെ വിശദീകരണം. കഴിഞ്ഞ വര്‍ഷങ്ങളിലും ഇതേ പ്ലക്കാര്‍ഡുകള്‍ തന്നെയാണ് ഉപയോഗിച്ചിരുന്നതെന്നും അംഗന്‍വാടിയുമായി ബന്ധപ്പെട്ടവര്‍ അവകാശപ്പെട്ടിരുന്നു. പോക്കറ്റ് റോഡില്‍ വച്ചു നടന്ന അമ്പതു പേരുടെ ചെറിയ ജാഥയായിരുന്നതിനാല്‍ അധികമാരും ശ്രദ്ധിക്കാതെ പോകുകയും, തുടര്‍ന്ന് പ്രദേശത്തെ ബിജെപി നേതാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം വഴി കുട്ടികളുടെ രക്ഷിതാക്കള്‍ വിവരമറിഞ്ഞ് പ്രതിഷേധിക്കുകയുമായിരുന്നു. ഇനി കുട്ടികളെ അംഗനവാടിയില്‍ വിടുന്ന കാര്യം പുനഃപരിശോധിക്കണമെന്നും രക്ഷിതാക്കളില്‍ ഒരു വിഭാഗം തീരുമാനമെടുത്തിരുന്നു.

Also Read: താമരശ്ശേരിയില്‍ അംഗന്‍വാടി കുട്ടികളെക്കൊണ്ട് കാവിനിറമുള്ള താമര ചിത്രം പിടിപ്പിച്ച് റിപ്പബ്ലിക് ദിന റാലി; രക്ഷിതാക്കള്‍ പ്രതിഷേധത്തില്‍

രക്ഷിതാക്കള്‍ നല്‍കിയ പരാതിയിന്മേലുള്ള നടപടിയായാണ് കൊടുവള്ളി ബ്ലോക്ക് ശിശുവികസന പദ്ധതി ഓഫീസര്‍ അംഗനവാടി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് അധ്യാപികയേയും ആയയേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റിപ്പബ്ലിക്ക് ദിന റാലിക്കു ശേഷം തിങ്കളാഴ്ച പരാതിയുമായി രക്ഷിതാക്കള്‍ അംഗന്‍വാടിയിലും എത്തിയിരുന്നു. രക്ഷിതാക്കളില്‍ ചിലരുടെ അജ്ഞത മൂലം സംഭവിച്ച വീഴ്ചയായിരിക്കാമെന്ന് വാര്‍ഡ് മെംബര്‍ സംഭവത്തെക്കുറിച്ച് പറഞ്ഞിരുന്നെങ്കിലും, നിഷ്‌കളങ്കമായൊരു തെറ്റായി ഇതിനെ കാണാനാകില്ലെന്നായിരുന്നു രക്ഷിതാക്കളുടെയും പ്രദേശവാസികളുടെയും പക്ഷം.

ബിജെപിക്ക് സ്വാധീനമുള്ള പ്രദേശമാണ് തേറ്റാമ്പുറം. അംഗന്‍വാടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരിലും പ്രദേശവാസികളിലും ബിജെപി പ്രവര്‍ത്തകര്‍ ധാരാളമുണ്ടെന്നും ബിജെപി സ്വാധീനമേഖലയിലുണ്ടായ ഇത്തരമൊരു സംഭവം ഒരിക്കലും അശ്രദ്ധയായി കണക്കാക്കാനാകില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു. അംഗന്‍വാടിയുടെ പരിസരത്തുള്ളതും ബിജെപി അനുഭാവികളുടെ വീടുകളാണ്. പ്രദേശത്തെ പതിനെട്ടാം വാര്‍ഡില്‍ തെരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യവുമായിരുന്നു. കുട്ടികളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിച്ച്, ദേശീയ പുഷ്പമെന്ന് ചൂണ്ടിക്കാട്ടി കാവി നിറമുള്ള താമരയുടെ ചിത്രം നല്‍കിയതും ബിജെപി പ്രവര്‍ത്തകരാണെന്ന് തേറ്റാമ്പുറത്തെ സാമൂഹ്യപ്രവര്‍ത്തകരടക്കമുള്ളവര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍