UPDATES

മകള്‍ മല കയറിയതിന് മാപ്പ് പറഞ്ഞിട്ടില്ല; ആര്‍ എസ് എസ് -ബി ജെ പി പ്രചരണത്തിനെതിരെ ബിന്ദുവിന്റെ അമ്മ

തന്റെ കുടുംബത്തെ ഉൾപ്പെടെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയ ആളുകൾക്കെതിരെ നിയമ നടപടികൾക്ക് ഒരുങ്ങുകയാണ് ബിന്ദു

ശബരിമല ദർശനത്തിനു ശ്രമിച്ചതിന്റെ പേരിൽ ആർ എസ് എസ്, ബി ജെ പി പ്രവർത്തകരിൽ നിന്നും ഭീഷണി നേരിട്ട് പലായനം ചെയ്യേണ്ടി വന്ന ദളിത് യുവതി ബിന്ദുവിന്റെ മാതാപിതാക്കളെ ഉപയോഗിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി പരാതി ഉയരുന്നു. ശബരിമലയ്ക്ക് മകൾ പോയത് തെറ്റായിപോയെന്നും ആ തെറ്റിന് മാപ്പിരന്ന് ബിന്ദുവിന്റെ മാതാപിതാക്കൾ നാമജപവും ഭജനയും നടത്തിയെന്നും ബിന്ദുവിന്റെ അമ്മ പരിഹാരമായി മല ചവിട്ടാൻ പോകുന്നുമെന്നുള്ള വാർത്ത പ്രമുഖ പത്രങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത പൂർണ്ണമായും കെട്ടിച്ചാമച്ചതാണെന്നും സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളാണ് ഇതിനു പിന്നിൽ എന്നും ബിന്ദു ആരോപിക്കുന്നു.

“ഞാൻ പ്രാർത്ഥിക്കാൻ ചെന്നില്ലെന്നു പറഞ്ഞ് എന്റെ കൊച്ചിന് ഇനി ഒരു കുഴപ്പം ഉണ്ടാവേണ്ടെന്നു കരുതിയാ അവര് വിളിച്ചപ്പോ ഞാനും അച്ഛനും കൂടെ ചെന്നത്.” ബിന്ദുവിന്റെ അമ്മ തങ്കമ്മ വാസു അഴിമുഖത്തോട് പറഞ്ഞു. “വീട്ടിലേക്ക് ജാഥയും ബഹളോം നടത്തിയ ആൾക്കാരാ പോലീസുകാര് വന്നേപ്പിന്നെ നമുക്കിത് എങ്ങനേലും ആർക്കും ആർക്കും ദോഷം വരാത്ത രീതിയിൽ പറഞ്ഞവസാനിപ്പിക്കണം എന്നും പറഞ്ഞോണ്ട് വന്നേ. വീട്ടിൽ വച്ച് നാമജപോം ഭജനേം ഒന്നും പറ്റില്ലെന്ന് പോലീസുകാര് പറഞ്ഞപ്പോഴാ അവര് പിന്നെ വന്ന് എന്നേം ബിന്ദുവിന്റെ അച്ഛനേം ഇവിടുന്ന് കുറച്ച് അകലെയുള്ള ഗോപിനാഥൻ നായരുടെ വീട്ടിലേക്കു വിളിച്ചോണ്ട് പോയത്. അവിടെ ചെന്നപ്പോ അമ്മയൊന്നു പ്രാർത്ഥിച്ചാൽ മതി നമുക്ക് എല്ലാത്തിനും പരിഹാരമാവുംന്ന് അവിടെ ഉണ്ടായിരുന്നവര് പറഞ്ഞു. എന്നിട്ട് എന്നോട് വിളക്ക് കത്തിക്കാൻ പറഞ്ഞു. എന്റെ കണ്ണിനു കാഴ്ചക്കുറവ് ഉള്ളതാ, വിളക്ക് കത്തിക്കാൻ തിരിയൊന്നും കാണാൻ പറ്റില്ലെന്ന് പറഞ്ഞപ്പോ അവിടെ ഉണ്ടായിരുന്നവർ ആരോ എന്റെ കൈ പിടിച്ചു വിളക്ക് കത്തിപ്പിച്ചു. എന്നിട്ട് ഞങ്ങടെ ഫോട്ടോകളും എടുത്തു. തിരിച്ചു പോരാൻ നേരത്ത് ഞങ്ങളോട് ശബരിമലയ്ക്ക് ചെല്ലണന്ന് പറഞ്ഞു. എനിക്കും അച്ഛനും വയ്യാത്തതാ ഞങ്ങൾക്ക് വരാൻ പറ്റില്ലെന്ന് പറഞ്ഞപ്പോ നവംബർ അഞ്ചാം തീയതിക്ക് മുൻപ് പറഞ്ഞാൽ മതിന്നും അവര് തന്നെ കൊണ്ടുപോയ്ക്കോളാം എന്ന് പറഞ്ഞു. എത്രാം തീയതി ആയാലും ഞങ്ങളിപ്പോ ശബരിമലയ്ക്കൊന്നും ഇല്ലെന്ന് പറഞ്ഞ് ഞാനും അച്ഛനും തിരിച്ചു പൊന്നു. ഇത്രേം ആണ് നടന്നത് അതിനാണ് ഞങ്ങള് കുടുംബക്കാരൊക്കെ ബിന്ദുവിന് എതിരാണെന്നും ഞാനും അച്ഛനും മാപ്പ് പറഞ്ഞെന്നും ഞങ്ങള് മലയ്ക്ക് പോവാൻ പോണു എന്നൊക്കെ പറഞ്ഞു അവര് വാർത്തകൾ ഉണ്ടാക്കുന്നെ. എന്റെ മോള് തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ പിന്നെയെന്തിനാ മാപ്പ് പറയുന്നേ. ഞങ്ങളുടെ വീട്ടിലെ എല്ലാവരും അവളുടെ കൂടെ തന്നെയാണ് ഈ പ്രശ്നത്തിൽ. ആദ്യമൊക്കെ ഞങ്ങൾക്കും പേടിയുണ്ടായിരുന്നു. ഇപ്പോ മുഖ്യമന്ത്രി തന്നെ എല്ലാം പറഞ്ഞപ്പോൾ നല്ല ധൈര്യം ഉണ്ട്”.

കുടുംബത്തിന്റെ എല്ലാ പിന്തുണയും ബിന്ദുവിനുണ്ടെന്നും മറിച്ചുള്ള വാർത്തകൾ കള്ളമാണെന്നും ബിന്ദുവിന്റെ അമ്മ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ കുറിച്ച് ബിന്ദു വിശദീകരിക്കുന്നത് ഇങ്ങനെ;

“ഞാൻ ശബരിമലയ്ക്ക് പോയ വാർത്ത പുറത്തുവന്നതിനു ശേഷം രണ്ടു തവണ ബി ജെ പി പ്രവർത്തകർ വീട്ടിലേക്കു അക്രമാസക്തമായ ജാഥ നടത്തി. പോലീസ് ഇടപെട്ട് ആ ജാഥ തടയുകയും വീടിനു കാവൽ ഏർപ്പെടുത്തുകയും ചെയ്തു കഴിഞ്ഞപ്പോഴാണ് അനുനയ ശ്രമം എന്ന രീതിയിൽ കുറച്ചു പേർ വീട്ടിൽ വന്നത്. ഞങ്ങളുടെ പ്രദേശത്തു താമസിക്കുന്ന ഗോപിനാഥൻ നായർ എന്ന ആളാണ് വീട്ടുകാരോട് സംസാരിച്ചത്. ‘നമുക്ക് ഇത് എങ്ങനെ എങ്കിലും ഒതുക്കി തീർക്കണമെന്നും ഇല്ലെങ്കിൽ മോൾക്ക് പ്രശ്നങ്ങൾ ഉണ്ടാവും എന്നും’ അവർ അമ്മയോടും പപ്പയോടും പറഞ്ഞു. എല്ലാവരുമായി സഹകരിച്ചു പോവാൻ വീട്ടിൽ വച്ചൊരു നാമജപവും ഭജനയും നടത്തണമെന്നും അതിൽ പങ്കെടുക്കാൻ പത്തു പന്ത്രണ്ടു പേരെ അവർ കൊണ്ടുവന്നോളാം എന്നും പപ്പയും അമ്മയും കൂടെ നിന്നാൽ മാത്രം മതിയെന്നും പറഞ്ഞാണ് അവർ പോയത്. മുൻപ് ജാഥ നടത്തി ഭയപ്പെടുത്തിയവർ തന്നെ ഇതുപോലെ ഒരു നീക്കം നടത്തിയതും, എന്നെക്കുറിച്ച് വരുന്ന വാർത്തകളും, പോലീസ് അടിക്കടി വീട്ടിൽ വരുന്നതും ഒക്കെയായി വയസായ എന്റെ പപ്പയും അമ്മയും ആകെ പരിഭ്രമത്തിൽ ആയിരുന്നു. അതുകൊണ്ട് അവർ ഈ നാമ ജപം നടത്താൻ ബി ജെ പി ക്കാർ വരുന്ന വിവരം വീടിന്റെ സുരക്ഷാ ചുമതലയുള്ള കറുകച്ചാൽ എ എസ് ഐ യെ അറിയിച്ചു. എന്റെ വീട്ടിലോ വീടിന്റെ ഇരുന്നൂറ് മീറ്റർ പ്രദേശത്തോ വച്ച് അങ്ങനെ ഒരു നാമജപവും ഭജനയും നടത്താൻ അനുവാദം തരില്ലെന്ന് എ എസ് ഐ യും എസ് ഐ യും തീർത്തു പറഞ്ഞു. ഈ വിവരം ഗോപിനാഥൻ നായരെയും അവരുടെ കൂടെ വന്നവരെയും അറിയിക്കാൻ തന്നെ അച്ഛനും അമ്മയ്ക്കും ഭയമായിരുന്നു. ഒടുവിൽ ഒരു ബന്ധു വഴി അവരെ വിവരം ധരിപ്പിച്ചു. വീട്ടിൽ വച്ചു നാമജപവും ഭജനയും നടത്താൻ സാധിക്കില്ല എന്നറിഞ്ഞപ്പോൾ അവർ പിന്നെ സമീപിച്ചത് സാമുദായികമായി ഞങ്ങളുടെ ആളുകൾ ആരാധന നടത്തുന്ന ഞങ്ങളുടെ പ്രദേശത്തു തന്നെയുള്ള അഖില ഭാരത സാംബവ മഹാസഭയുടെ ക്ഷേത്രം ഭാരവാഹികളെയാണ്. എന്നാൽ അവരും ക്ഷേത്രത്തിൽ വച്ചു ഈ കാര്യത്തിന് നാമജപമൊന്നും നടത്താൻ പറ്റില്ലെന്ന് പറഞ്ഞു. പിന്നെ ബി ജെ പിക്കാർ പോയത് ഞങ്ങളുടെ വീടിനടുത്തുള്ള രണ്ടു നായർ വീടുകളിലേക്കാണ്. ഞാനുമായും എന്റെ കുടുംബവുമായും പണ്ടു മുതലേ നല്ല അടുപ്പമുള്ള അവരും നാമജപത്തിനു അനുമതി കൊടുത്തില്ല. അവസാനം മറ്റു നിവൃത്തിയില്ലാതെ ഗോപിനാഥൻ നായരുടെ വീട്ടിൽ വച്ചു തന്നെ നാമ ജപം നടത്താൻ അവർ തീരുമാനിച്ചു. അന്നേ ദിവസം വൈകുന്നേരം എന്റെ വീട്ടിൽ വന്ന് അമ്മയുടെ മകൾക്ക് ഒരു പ്രശ്നങ്ങളും ഉണ്ടാവാതിരിക്കാൻ നമ്മൾ നടത്തുന്ന ഒരു പ്രാർത്ഥനയാണ്, അമ്മയും അച്ഛനും എന്തായാലും വരണം എന്ന് പറഞ്ഞ് എന്റെ മാതാപിതാക്കളെ നിർബന്ധിച്ചു ഗോപിനാഥൻ നായരുടെ വീട്ടിൽ കൊണ്ടുപോയി. എന്റെ ചേട്ടനെയും അവർ ചെല്ലാൻ നിർബന്ധിച്ചെങ്കിലും അദ്ദേഹം പോവാൻ കൂട്ടാക്കിയില്ല. വരില്ല എന്ന് പറഞ്ഞ് അവരെ കൂടുതൽ പ്രകോപിപ്പിക്കാൻ പ പ്പയ്ക്കും അമ്മയ്ക്കും ഭയമായിരുന്നു. അങ്ങിനെ ചെയ്താൽ അവർ എന്റെ ജീവൻ തന്നെ അപകടത്തിൽ ആക്കും എന്ന് അവർ കരുതി. ഗോപിനാഥൻ നായരുടെ വീട്ടിൽ എത്തിയ എന്റെ അമ്മയെക്കൊണ്ട് അവർ വിളക്ക് കത്തിപ്പിച്ചു. അവിടെ വച്ച് അമ്മയ്ക്ക് ഒരു സെറ്റും മുണ്ടും കൊടുക്കുകയും അതിന്റെ ഒക്കെ ഫോട്ടോകൾ എടുക്കുകയും ചെയ്തു. ആ ചിത്രങ്ങൾ ഉപയോഗിച്ചാണ് ഞാൻ ശബരിമല യ്ക്ക് പോയതിൽ എന്റെ അച്ഛനും അമ്മയും മാപ്പപേക്ഷിച്ചു, പരിഹാരമായി ഞങ്ങളുടെ വീട്ടിൽ നാമജപം നടത്തി എന്ന പ്രചരണം ബി ജെ പി നടത്തുന്നത്. ഗോപിനാഥൻ നായരുടെ വീട്ടിൽ നിന്ന് ഇറങ്ങുന്ന നേരത്ത് അവർ അച്ഛനോടും അമ്മയോടും ശബരിമലയ്ക്ക് പോകണമെന്നും അവർ തന്നെ കൊണ്ടുപോയ്ക്കോളാം എന്നും പറഞ്ഞു. അച്ഛന് നടക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടും അമ്മയ്ക്ക് കാഴ്ച തകരാർ ഉള്ളതുകൊണ്ടും ശബരിമലയ്ക്ക് പോവാൻ താത്പര്യമില്ലെന്ന് പറഞ്ഞിട്ടാണ് അമ്മ പോന്നത്. ഈ വിവരങ്ങൾ അറിഞ്ഞ എന്റെ ചേട്ടൻ അച്ഛനെയും അമ്മയെയും ശബരിമലയ്ക്ക് കൊണ്ടുപോവാൻ ആരും ശ്രമിക്കേണ്ടെന്നും അവർക്ക് താത്പര്യം ഉണ്ടെങ്കിൽ അവരുടെ ആരോഗ്യം ശരിയാവുന്ന സമയത്ത് മകനായ താൻ കൊണ്ടുപോയ്ക്കോളാം എന്നും അവരെ അറിയിച്ചു. അതിനു ശേഷമാണ് ബി ജെ പി, ആർ എസ് എസ് പ്രവർത്തകർ ചേർന്ന് അച്ഛന്റെയും അമ്മയുടെയും ചിത്രങ്ങൾ ഉപയോഗിച്ച് എനിക്കെതിരെ പ്രചാരണം നടത്തുന്നത്. ഈ വിവരം അറിഞ്ഞ എന്റെ കുടുംബം വളരെ വിഷമത്തിലാണ്. എന്റെ പപ്പയോ അമ്മയോ ചേട്ടനോ ഞാൻ ശബരിമലയ്ക്ക് പോയത് തെറ്റാണെന്ന് കരുതുന്നവരല്ല. എനിക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ നിയമപരമായി നേരിടാൻ എന്റെ ഒപ്പം ഏതറ്റം വരെ പോവാനും ഒപ്പം ഉണ്ടാവുമെന്ന് എന്റെ ചേട്ടൻ എനിക്ക് ഉറപ്പ് തന്നിട്ടുള്ളതാണ്.”

ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നാണ് ബിന്ദുവിന്റെ കുടുംബം ആവശ്യപ്പെടുന്നത്. ശബരിമല ദർശനത്തിനു പോയതിന്റെ പേരിൽ ജോലി ചെയ്തിരുന്ന സ്കൂളിലും താമസ സ്ഥലത്തും ഉൾപ്പെടെ സുരക്ഷാ ഭീഷണി നേരിട്ട ബിന്ദു തനിക്ക് സ്വാഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരാൻ കോടതിയും ഗവണ്മെന്റും സഹായിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ.

മല കയറാൻ ശ്രമിച്ചതിന് ഒരു ദളിത് സ്ത്രീ ഗുണ്ടകളെ പേടിച്ച് ഓടുകയാണ് ഈ കേരളത്തിൽ

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

ശബരിമലയിൽ നൈഷ്ഠിക ബ്രഹ്മചാരിയല്ല പ്രതിഷ്ട ; തെളിവുകളുണ്ടെന്ന് എഴുത്തുകാരി ലക്ഷ്മി രാജീവ്

‘വീട് സംഘപരിവാറുകാര്‍ വളഞ്ഞിരിക്കുന്നു; അങ്ങോട്ട് ചെന്നാല്‍ കൊല്ലുമെന്നാണ് ഭീഷണി’; മല കയറിയ യുവതികള്‍ വേട്ടയാടപ്പെടുകയാണ്

“വിശ്വാസികളുടെ ശക്തി പിണറായി കാണാനിരിക്കുന്നതേയുള്ളൂ”; രണ്ടാം ഘട്ട പ്രതിഷേധ ഒരുക്കങ്ങളുമായി ശബരിമല കര്‍മസമിതി

ജിഷ ജോര്‍ജ്ജ്

ജിഷ ജോര്‍ജ്ജ്

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍