UPDATES

വീട് നിര്‍മാണത്തിന് സിപിഎം അനുവദിക്കുന്നില്ലെന്ന് മുന്‍ സൈനികന്‍; പ്രശ്നം നെല്‍വയല്‍ നികത്തിയതെന്ന് പഞ്ചായത്ത്; വിഷയത്തില്‍ ഇടപെട്ട് പ്രതിരോധ മന്ത്രി

“സിപിഎം പ്രവര്‍ത്തകരായിരുന്ന എന്റെ അച്ഛനും ഞങ്ങളുടെ കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിടുകയും കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തിരുന്നു”

ദീഷ്‌ണ സി.

ദീഷ്‌ണ സി.

33 വര്‍ഷം സൈനിക സേവനം നടത്തിയ ജവാന് ജന്മനാട്ടില്‍ വീട് വയ്ക്കാന്‍ അനുമതി ലഭിക്കുന്നില്ലെന്നു പരാതി. ഔദ്യോഗിക ജീവിതത്തില്‍ നിന്നും പിരിഞ്ഞ ശേഷം നാട്ടില്‍ തിരിച്ചെത്തിയ സുബേദാര്‍ മേജര്‍ പി.എം വിശ്വനാഥനാണ് നാട്ടിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വീട് വെക്കുവാനുള്ള പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന് പരാതിപ്പെടുന്നത്. എന്നാല്‍ നെല്‍വയല്‍ അടക്കമുള്ളവ മണ്ണിട്ട് നികത്തുന്നതും അനുവദിച്ചതില്‍ കൂടുതല്‍ സ്ഥലം നികത്തുന്നതുമാണ് തടഞ്ഞതെന്നുമാണ് പരാതിക്കാരായ സിപിഎമ്മും നിര്‍മാണം തടഞ്ഞ പഞ്ചായത്തും വ്യക്തമാക്കുന്നത്.

കോഴിക്കോട് മേപ്പയ്യൂരില്‍ അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂര്‍ സ്വദേശിയായ വിശ്വനാഥന്‍ 2015 സെപ്തംമ്പറിലാണ് ആര്‍മിയില്‍ നിന്നും വിരമിക്കുന്നത്. സ്വന്തമായി വാങ്ങിയ പത്തുസെന്റ് നെല്‍വയല്‍ ഉള്‍പ്പെടുന്ന ഭൂമി നികത്താനും വീടുവെക്കാനും സര്‍വീസിലിരിക്കുന്ന കാലത്തുതന്നെ ജില്ല കളക്ടര്‍ക്കും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്കും അപേക്ഷ നല്‍കിയിരുന്ന വിശ്വനാഥന്, പത്തുസെന്റ് നെല്‍വയല്‍ മണ്ണിട്ട് നികത്താനുള്ള അനുമതി ആര്‍ഡിഒയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ റിട്ടയര്‍മെന്റിന് ശേഷം നാട്ടിലെത്തിയപ്പോള്‍ തന്റെ വീട് നിര്‍മാണം തടഞ്ഞു വെച്ചിരിക്കുകയാണെന്നും നിരന്തര ഭീഷണികളും അപഹാസ്യങ്ങളും വഴി തന്നെയും കുടുംബത്തെയും കരിവാരിത്തേക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും വിശ്വനാഥന്‍ പരാതിപ്പെടുന്നു. സ്വന്തമായി മറ്റു കെട്ടിടങ്ങള്‍ ഒന്നും ഇല്ലാത്തതിനാലും മക്കളുടെ വിദ്യാഭ്യാസ ചെലവിനൊപ്പം വീട്ടുവാടക കൂടെ താങ്ങാന്‍ സാമ്പത്തിക പ്രയാസം ഉള്ളതിനാലും വയലിനോട് ചേര്‍ന്ന ഓലപ്പുരയിലാണ് ഈ മുന്‍ സുബേദാര്‍ മേജറും ഭാര്യയും താമസിക്കുന്നത്. വെള്ളമോ വൈദ്യുതിയോ ലഭ്യമല്ലാത്ത, അടച്ചുറപ്പില്ലാത്ത വീട്ടിലെ താമസം സുരക്ഷിതമല്ല എന്നതിനാല്‍ തന്റെ രണ്ടു മക്കളെയും ഇദ്ദേഹം നാട്ടിലേക്ക് കൊണ്ടു വരാറുമില്ല.

ബന്ധുവും സിപിഎം ബ്രാഞ്ച് അംഗവുമായ വ്യക്തിയുടെ മുന്‍വൈരാഗ്യങ്ങളും രാഷ്ട്രീയ പകപോക്കലുമാണ് തനിക്ക് ഇന്ന് ഈ ദുരിതം വരുത്തിവച്ചതെന്ന് വിശ്വനാഥന്‍ പരാതിപ്പെടുന്നു. ബന്ധപ്പെട്ട അധികാരികളെയെല്ലാം പരാതി അറിയിച്ചിരുന്നുവെങ്കിലും വിശ്വനാഥന് പിന്തുണയുമായി ആരും മുന്നോട്ട് വന്നിരുന്നില്ല.
തുടര്‍ന്ന് വിരമിച്ച സൈനികരുടെ സംഘടനയായ എക്‌സ് സര്‍വീസ് മെന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ വിശ്വനാഥന്റെ കാര്യം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കുകയുണ്ടായി. കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രിയുടെ നിര്‍ദേശ പ്രകാരം സോള്‍ജിയര്‍ ബോഡിയിലെ രണ്ട് ഉദ്യോഗസ്ഥര്‍ മേപ്പയ്യൂര്‍ എത്തി വിശ്വനാഥന്റെ പരാതിക്ക് പിന്നിലെ കാരണങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തു. ഇനി കാര്യങ്ങള്‍ തനിക്ക് അനുകൂലമായി വരുമെന്ന പ്രതീക്ഷയിലാണ് മുന്‍ സൈനികന്‍.

അച്ഛന്‍ മീന്‍ വില്‍ക്കുന്നു, അമ്മ തൊഴിലുറപ്പിന്; സൈന്യം തക്കാളിപ്പെട്ടിയില്‍ എത്തിച്ച ജവാന്റെ കുടുംബം ജീവിക്കുന്നത് ഇങ്ങനെ

താന്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വിശ്വനാഥന്‍ പറയുന്നു;

“അച്ഛനില്‍ നിന്നും പാരമ്പര്യമായി കൈമാറിക്കിട്ടിയ ഭൂമിയോടൊപ്പം ഞാന്‍ സ്വന്തമായി വാങ്ങിയ പത്തുസെന്റ് സ്ഥലവും കൂടെച്ചേര്‍ന്നതാണ് വീട് നിര്‍മിക്കാന്‍ നിശ്ചയിച്ച നെല്‍വയല്‍ ഉള്‍പ്പെടെയുള്ള സ്ഥലം. മൊത്തം 43 സെന്റ് വരും. 2014ല്‍ ആണ് വീട് നിര്‍മാണവുമായി ബന്ധപ്പെട്ട അനുമതിക്കായുള്ള അപേക്ഷകള്‍ ജില്ലാ കളക്ടര്‍ക്കും ആര്‍ഡിഓയ്ക്കും നല്‍കുന്നത്. എന്നാല്‍, ആദ്യ കാലങ്ങളില്‍ ഇരുവരുടെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് റിട്ടയര്‍മെന്റിന് ശേഷം നാട്ടില്‍ വന്ന് അന്വേഷിച്ചപ്പോള്‍ ആണ് കൃഷി ഓഫീസര്‍ കണ്‍വീനര്‍ ആയിരിക്കുന്ന, വില്ലേജ് ഓഫീസര്‍ പഞ്ചായത്ത് സെക്രട്ടറിയും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ മെമ്പര്‍മാരും ആയുള്ള പ്രാദേശിക നിരീക്ഷണ സമിതിയുടെ അനുമതിയുടെയും പിന്തുണയുടെയും ആവശ്യകത ഞാന്‍ അറിയുന്നത്.

ഇതിനിടയിലാണ്, സിപിഎം ബ്രാഞ്ച് അംഗവും എന്റെ അകന്ന ബന്ധു കൂടെയായ ശശി വഴി പഞ്ചായത്ത് പ്രസിഡന്റിനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് നീങ്ങിയപ്പോള്‍ പത്തുസെന്റ് ഭൂമിയില്‍ വീടുവെക്കാനുള്ള അനുമതി ആര്‍ഡിഒയില്‍ നിന്നും ലഭിച്ചു. പ്രാദേശിക നിരീക്ഷണ സമിതിയുടെ അംഗീകാരം അപ്പോഴും എനിക്ക് ലഭിച്ചിരുന്നില്ല. ആര്‍ഡിഒയുടെ അനുമതി മുന്‍നിര്‍ത്തി വയലിന്റെ ഒരു ഭാഗം മണ്ണിട്ട് നികത്തുകയും വീട് പണി ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുന്‍പ് എന്നെ സഹായിച്ച ശശി തന്നെ സിപിഎം പ്രവര്‍ത്തകരുമായി കടന്നുവരികയും പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നത്. എന്റെ ഭൂമിയില്‍ ഞാന്‍ വീട് നിര്‍മിക്കുന്നതിനെതിരേ അവര്‍ പല ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഇതൊരു പാര്‍ട്ടി ഗ്രാമമായതിനാലും ശശിയെപ്പോലൊരു മുഖ്യധാര പ്രവര്‍ത്തകന് സിപിഎമ്മിന്റെ തന്നെ പ്രതിനിധിയായ പഞ്ചായത്ത് സെക്രട്ടറിയേയും വില്ലേജ് ഓഫീസറെയും സ്വാധീനിക്കാന്‍ കഴിവുള്ളതിനാലും ഇരുവരും ചേര്‍ന്ന് എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്‌റ്റോപ്പ് മെമ്മോ അയച്ചു. അതിനു ശേഷം ഇന്നുവരെ വീടുപണി പുനരാരംഭിക്കാന്‍ സാധിച്ചിട്ടില്ല. എന്റെ സ്വപ്‌നം തകര്‍ക്കുന്ന സ്‌റ്റോപ്പ് മെമ്മോ.

സിപിഎമ്മിന്റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ് എനിക്കിന്ന് പണികള്‍ നിര്‍ത്തിവെക്കേണ്ടി വന്നത്. വലിയ സാമ്പത്തിക നഷ്ടമാണ് അതുവഴി ഉണ്ടായത്. വലിയ അളവില്‍ വാങ്ങിയിരുന്ന സിമന്റും കമ്പിയും ഉപയോഗശൂന്യമായി. സിമന്റ് കട്ട പിടിക്കുകയും കമ്പികളെല്ലാം തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു. പത്തു ലക്ഷം രൂപയുടെ നഷ്ടമാണ് അതുവഴി മാത്രം ഉണ്ടായത്.

എന്ത് കാരണത്തിന്റെ പേരിലാണ് എന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ വീടുവെക്കാനുള്ള അനുവാദം നിഷേധിക്കപ്പെട്ടതെന്ന് ഇനിയും മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസിലിരിക്കുമ്പോഴും മനസില്‍ ഉണ്ടായിരുന്നത് നാട്ടില്‍ എത്തി സ്വന്തമായൊരു വീട് ഉണ്ടാക്കി അവിടെ കുടുംബമായി കഴിയുന്നതായിരുന്നു. ഇപ്പോള്‍ റിട്ടയര്‍മെന്റിന് ശേഷം ഒരു വര്‍ഷം പിന്നിട്ടിട്ടും ചോര്‍ന്നൊലിക്കുന്ന ഓല വീട്ടില്‍ കഴിയേണ്ടി വരുന്നത് ഞങ്ങളുടെ നിര്‍ഭാഗ്യം മാത്രം. സുബേദാര്‍ മേജര്‍ പദവിയിലിരിക്കുമ്പോഴാണ് ഞാന്‍ വിരമിക്കുന്നത്. നാട്ടിലെ ഡിവൈഎസ്പി പോലീസ് ഉദ്യോഗസ്ഥന്റെ റാങ്കിന് മേലെ വരും ആ സുബേദാര്‍ മേജറുടെ റാങ്ക്. ഒരുപാട് സൈനികരുടെ മേലുദ്യോഗസ്ഥനായി 33 വര്‍ഷം രാജ്യസേവനം നടത്തിയ ഒരു വ്യക്തിക്ക്, അയാളുടെ വിരമിക്കലിനുശേഷം കാറ്റും വെളിച്ചവും കടക്കാത്ത ഇരുണ്ട മുറിയില്‍ കഴിച്ചു കൂട്ടേണ്ടി വരുമ്പോള്‍ ആരെയാണ് പഴിക്കേണ്ടത്? എന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് വീട് പണിയാന്‍ ഏത് പാര്‍ട്ടിയുടെ അനുമതിക്കായാണ് ഞാന്‍ അപേക്ഷിക്കേണ്ടത്? പ്രവര്‍ത്തനാനുമതി നിഷേധിക്കപ്പെട്ടു എന്നല്ലാതെ എന്തു കാരണങ്ങള്‍ക്ക് പുറത്താണെന്ന് ആരും വ്യക്തമാക്കുന്നുമില്ല.

സിപിഎം ഉന്നയിക്കുന്ന ആരോപണം വയല്‍ നികത്തുന്നതോടെ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകും എന്നതാണ്. ഞാന്‍ വീട് പണിയാനുപയോഗിച്ച നെല്‍വയലിന് ഇരുവശത്തും വീടുകളുണ്ട്. അവരും വയല്‍ നികത്തിയാണ് വീട് പണിതത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ തന്നെയാണ് അതിന്റെ ഉടമസ്ഥര്‍. അന്നൊന്നും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാനോ കുടിവെള്ള ക്ഷാമം ആരോപിക്കാനോ ഒരു സിപിഎം പ്രവര്‍ത്തകനും ഉണ്ടായിരുന്നില്ല. ഞാന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് മാത്രമാണ് പാര്‍ട്ടിയുടെ നീക്കങ്ങള്‍ എന്ന് മനസിലാക്കാന്‍ ഇതിലേറെ തെളിവുകളുടെ ആവശ്യമെന്ത്?

പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ട ശശി എന്ന സിപിഎം പ്രവര്‍ത്തകന് എന്നോടുള്ള മുന്‍വൈരാഗ്യമാണ് എല്ലാത്തിനും കാരണമെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവര്‍ എന്നോട് കടമായി ആവശ്യപ്പെട്ട ഒരുലക്ഷം രൂപ ഞാന്‍ നല്‍കിയിരുന്നില്ല. എനിക്ക് സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടായിരുന്നതിനാലായിരുന്നു പണം കൊടുക്കാന്‍ കഴിയാതിരുന്നത്. സിപിഎം പ്രവര്‍ത്തകരായിരുന്ന എന്റെ അച്ഛനും ഞങ്ങളുടെ കുടുംബവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി വിടുകയും കോണ്‍ഗ്രസ്സില്‍ ചേരുകയും ചെയ്തിരുന്നു. ഈ കാരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ശശിയുടെയും പാര്‍ട്ടിയുടെയും നീക്കങ്ങള്‍. എനിക്ക് രാഷ്ട്രീയ പിടിപാടുകള്‍ ഇല്ലാത്തയാളാണ്. ഇതിനെല്ലാം പുറമെ, മറ്റു പഞ്ചായത്തുകളില്‍ എനിക്ക് ഭൂമിയുണ്ടെന്നും അവയെല്ലാം അനധികൃതമായി നികത്തിയിരുന്നുവെന്നും കാണിച്ച് അവര്‍ വിജിലന്‍സില്‍ പരാതിയും നല്‍കി. പക്ഷെ അന്വേഷണ വിധേയമായി എനിക്കെതിരെ നടപടികള്‍ ഉണ്ടാവുകയോ, അന്വേഷണ റിപ്പോര്‍ട്ടില്‍ ഞാന്‍ കുറ്റക്കാരനാണെന്ന് തെളിയുകയോ ചെയ്തിട്ടില്ല.

ഇപ്പോള്‍ കാരണമില്ലാതെയാണ് ഏഴു മാസമായി ഇരുട്ട് മുറിയില്‍ കഴിയുന്നത്. വീടുപണി നിര്‍ത്തിവപ്പിച്ചു എന്നതിന് പുറമെ നാട്ടില്‍ ജീവിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണുള്ളത്. ആളുകള്‍ കണ്ടാല്‍ കൂവാനും ചീത്ത വിളിക്കാനും തുടങ്ങിയിരിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ അല്ലാതെ മറ്റൊരു സമയത്തും വീടിന് പുറത്തിറങ്ങാന്‍ സാധിക്കാറില്ല. അത്രയും അപമാനകരമായ വാക്കുകളും പെരുമാറ്റവുമാണ് ചുറ്റുപാടില്‍ നിന്നും ഉണ്ടാകുന്നത്. സിപിഎം എന്ന പാര്‍ട്ടി എനിക്കെതിരെ ജനങ്ങളില്‍ ഉണ്ടാക്കിയെടുത്ത വികാരം അത്ര ഹീനമാണ്. എന്റെ മക്കള്‍ ബാംഗ്ലൂരിലും കൊച്ചിയിലുമാണ് പഠിക്കുന്നത്. അച്ഛന്റെയും അമ്മയുടെയും വിഷമാവസ്ഥ പഠിത്തത്തെ ബാധിക്കുമെന്നതിനാല്‍ അവരെ ഒന്നും അറിയിച്ചിട്ടില്ല എന്നു മാത്രമല്ല, ഇങ്ങോട്ട് വരാന്‍ സമ്മതിക്കാറുമില്ല.

ജീവിതം അത്രയധികം പരിതാപകരമായ അവസ്ഥയിലാണ് ഞങ്ങള്‍ പരാതികള്‍ നല്‍കിത്തുടങ്ങിയത്. എക്‌സ് സര്‍വിസ് മെന്‍ എന്ന സംഘടന പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചതും രണ്ടു സൈനിക ഉദ്യോഗസ്ഥര്‍ ഇവിടെ വന്ന് കാര്യങ്ങള്‍ അന്വേഷിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറുമെന്നും അറിയിച്ചിരുന്നു.

പാകിസ്താനിലോ ചൈനയിലോ, പൗരത്വവും വിസയും ലഭ്യമാക്കിത്തരുവാനുള്ള സഹായം തഹസീല്‍ദാരോട് ഞാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന ഷെഡിന് നമ്പര്‍ അനുവദിച്ച് തരാന്‍ പോലും നിഷേധം പ്രകടിപ്പിച്ച അദ്ദേഹത്തോട് മറ്റൊന്നും എനിക്ക് ആവശ്യപ്പെടാനില്ല.

33 വര്‍ഷം രാജ്യസേവനം നടത്തിയ ഒരു സൈനികനാണ് ഞാന്‍. ഇത്ര അപമാനം സഹിക്കാന്‍ മാത്രം പൊതുസമൂഹത്തോട് ഞാന്‍ ചെയ്ത തെറ്റെന്താണെന്ന് അറിയേണ്ടതുണ്ട്. എന്റെ നിസ്സഹായതയും നിരപരാധിത്വവും ജനങ്ങളെ അറിയിച്ചു കൊടുക്കേണ്ടതുമുണ്ട്. 28 സംസ്ഥാനങ്ങളില്‍ ഞാന്‍ ജോലി ചെയ്തു. ജീവിതത്തിന്റെ ബാക്കി കാലം ജന്മനാട്ടില്‍ ജീവിക്കാന്‍ അനുമതി ലഭിക്കാതിരിക്കാന്‍ മാത്രം എന്ത് രാജ്യദ്രോഹ പ്രവര്‍ത്തനമാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് എനിക്കും സമൂഹത്തിനും മനസ്സിലാക്കി കൊടുക്കേണ്ട ബാധ്യത എനിക്ക് തന്നെയാണ്.

പരാതികള്‍ നല്‍കാനാണ് തീരുമാനം. പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധമന്ത്രി, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി എന്നിവര്‍ക്കെല്ലാം അടുത്ത ദിവസങ്ങളില്‍ തന്നെ പരാതി നല്‍കും. സിപിഎമ്മിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഞാന്‍ നീതി ലഭിക്കും വരെ പരാതിയുമായി മുന്നോട്ട് നീങ്ങും”; വിശ്വനാഥന്‍ പറയുന്നു.

“ആളുകളുടെ മുഖത്ത് നോക്കാനും സംസാരിക്കാനും സാധിക്കാത്ത ഒരവസ്ഥയിലാണ് ഞങ്ങള്‍ ഇപ്പോള്‍. ആര്‍മിയിലെ കഷ്ടതകളില്‍ നിന്നെല്ലാം, നാട്ടിലെത്തി ഒരു വീട് പണിത് സന്തോഷത്തോടെ ജീവിക്കുന്നത് മാത്രമായിരുന്നു പ്രതീക്ഷയോടെ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ സംഭവിച്ചത് വിപരീതവും. ജന്മനാട്ടില്‍ ജീവിക്കാനും വീടുവെയ്ക്കാനുമുള്ള അനുമതി ലഭിക്കില്ല എന്നറിഞ്ഞിരുന്നെങ്കില്‍ ഞങ്ങള്‍ അധിക വാടക നല്‍കി ബാംഗ്ലൂരിലോ മറ്റോ തന്നെ നില്‍ക്കുമായിരുന്നു.

ഈ ഓലപ്പുരയില്‍ ജീവിക്കുന്നതിനുള്ള വിഷമതകള്‍ ഏറെയാണ്. ഇഴജന്തുക്കള്‍ക്ക് കടന്നുവരാന്‍ കഴിയാവുന്ന, അടച്ചുറപ്പില്ലാത്തതും ചോരുന്നതുമായ ഈ വീട്ടില്‍ എത്രകാലം തള്ളി നീക്കണം എന്നതില്‍ ആശങ്കയാണ്. ഈ അവസ്ഥ മക്കള്‍ അറിയരുത് എന്നതിനാല്‍ തന്നെ അവരെ ഇവിടേക്ക് വരാന്‍ അനുവദിക്കാറില്ല. മക്കളുടെ പഠനവും വാടക ചിലവുകളുമെല്ലാം ഒരുമിച്ച് താങ്ങാന്‍ പ്രയാസമുള്ളതിനാലാണ് വാടക വീട് പോലും നോക്കാതെ വെള്ളവും വെളിച്ചവും ലഭ്യമല്ലാത്ത ഈ മുറിയില്‍ കഴിഞ്ഞു കൂടുന്നത്.

രാജ്യത്തിന് വേണ്ടി 33 വര്‍ഷം സേവനം നല്‍കിയ ഒരു സൈനികന്റെ കുടുംബത്തിനാണ് ജീവിക്കാനുള്ള അനുമതി നിഷേധിക്കപ്പെട്ടിരിക്കുന്നത് എന്ന് അധികാരികള്‍ മനസിലാക്കണം. ഞങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ അന്തസ്സോടെ തന്നെ ഇറങ്ങി നടക്കണം.‘ വിശ്വനാഥന്റെ ഭാര്യ പ്രജിത പരാതിപ്പെടുന്നു.

ആദ്യം അനാദരവ് മൃതദേഹത്തോട്; ഇപ്പോള്‍ അവഗണന കുടുംബത്തോട്; മരണപ്പെട്ട സൈനികന്റെ ഭാര്യയ്ക്ക് പറയാനുള്ളത്

എന്നാല്‍ ജവാന്റെ അനധികൃത ഭൂമി കയ്യേറ്റത്തെക്കുറിച്ചും പാര്‍ട്ടിയുടെ തണ്ണീര്‍ത്തട സംരക്ഷണ അജണ്ടയെക്കുറിച്ചുമാണ് സിപിഎം ബ്രാഞ്ച് മെമ്പറായ ശശി അഭിപ്രായപ്പെടുന്നത്.

“നെല്‍വയല്‍ നികത്തുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മുന്‍നിര്‍ത്തിയാണ് സിപിഎം, വിശ്വനാഥന്‍ എന്ന വ്യക്തിയുടെ അനധികൃത കയ്യേറ്റവും നിയമം ലംഘിച്ചുള്ള വീട് നിര്‍മാണവും ചൂണ്ടിക്കാണിച്ചത്. അദ്ദേഹം മകന്റെ പേരില്‍ വാങ്ങിയ പതിനഞ്ച് സെന്റ് ഭൂമിയുടെ തെളിവുകള്‍ ലഭിക്കാത്ത പക്ഷമാണ് കെട്ടിട നിര്‍മാണത്തിനും മറ്റുമുള്ള അപേക്ഷ പഞ്ചായത്ത് തള്ളിയത്. മാത്രമല്ല, പേരാമ്പ്രയില്‍ അളിയന്റെ പേരില്‍ 35 സെന്റ് ഭൂമി വാങ്ങുകയും അനധികൃതമായി മണ്ണിട്ടു നികത്തലും മറ്റും നടത്തിയതിനാല്‍ അവിടുത്തെ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവുകയും ചെയ്തിരുന്നതാണ്. കെട്ടിട നിര്‍മാണത്തിന് ഗ്രാമപഞ്ചായത്തിന്റെ അനുമതി ലഭിച്ചില്ല എന്നു മാത്രമല്ല, ഭൂമിയെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. നിയമവശങ്ങളെല്ലാം തള്ളിക്കളഞ്ഞത് കൊണ്ട് അദ്ദേഹം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക മാത്രമേ സിപിഎം ചെയ്തിട്ടുള്ളു. പത്തുസെന്റ് സ്ഥലം മണ്ണിട്ടുനികത്താന്‍ മാത്രമാണ് ആര്‍ഡിഓ അനുമതി നല്‍കിയത്. പക്ഷെ, റോഡിനോട് ചേര്‍ന്ന് മുപ്പത് സെന്റോളം സ്ഥലത്ത് അവര്‍ നികത്തിയിട്ടുണ്ട്. ഇതിനെല്ലാം പുറമെ കെട്ടിടം നികത്താനുള്ള അനുമതി ലഭിച്ചിട്ടുമില്ല.

വലിയൊരു ജലസ്രോതസ്സാണ് അദ്ദേഹം നശിപ്പിക്കാനൊരുങ്ങുന്നത്. മുന്‍പൊന്നും ജലക്ഷാമം ഉണ്ടായിരുന്നില്ല എന്നതിനാലാണ് നെല്‍വയല്‍ നികത്തലിന് പാര്‍ട്ടി കരിങ്കൊടി കാണിക്കാതിരുന്നത്. ഇപ്പോള്‍ ജലക്ഷാമം രൂക്ഷമാണ്. ശേഷിക്കുന്ന തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കേണ്ട ചുമതല പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കുണ്ട്. പണം കടം വാങ്ങിയെന്നും അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്‌തെന്നും തുടങ്ങി എന്റെ നേര്‍ക്കുള്ള ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്നും കൂട്ടിച്ചേര്‍ക്കുന്നു.’ ശശി പ്രതികരിച്ചു.

വിശ്വനാഥന്റെ ആരോപണങ്ങളെ നിഷേധിക്കുകയാണ് അരിക്കുളം പഞ്ചായത്ത് അധികൃതരും. “ആര്‍ഡിഒ അനുവദിച്ച പത്തുസെന്റില്‍ കൂടുതല്‍ മണ്ണിട്ട് നികത്തി എന്ന് ബോധ്യപ്പെട്ടതിനാലും, നെല്‍വയലിന്റെ നികത്തേണ്ട ഭാഗങ്ങള്‍ വില്ലേജ് ഓഫീസില്‍ നിന്നും കൃത്യമായി മാര്‍ക്ക് ചെയ്ത് കിട്ടിയിരുന്നില്ല എന്നതിനാലുമാണ് വീട് നിര്‍മാണത്തിനുള്ള സ്‌റ്റോപ്പ് മെമ്മോ പഞ്ചായത്ത് കൈമാറിയത്. കര്‍ഷക തൊഴിലാളി സംഘടന ഉള്‍പ്പെടെയുള്ള തൊഴിലാളി യൂണിയനുകളുടെയും പ്രദേശത്തെ പരിസരവാസികളുടെയും പരാതിയും ഇതിനകം ലഭിച്ചിരുന്നു. ജലസമ്പുഷ്ടമായ പ്രദേശത്ത് മണ്ണിട്ടു നികത്തുന്നത് ജലക്ഷാമം രൂക്ഷമാക്കുമെന്നും പ്രസ്തുത വ്യക്തി മറ്റു പഞ്ചായത്തുകളില്‍ വാങ്ങിയ സ്ഥലങ്ങളില്‍ സമാനമായി നികത്തിയിരുന്നു എന്നും ബോധ്യപ്പെട്ടതിനാലാണ് പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നിഷേധിച്ചത്. മെമ്മോയുടെ പകര്‍പ്പ് ജില്ലാ കളക്ടര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. മറ്റൊരു ഉത്തരവ് ലഭിക്കുന്ന വരെ മെമ്മോ പ്രകാരം പ്രവര്‍ത്തനാനുമതി അനുവദിക്കുന്നതല്ല’; അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാധ അഴിമുഖത്തോട് വിശദീകരിക്കുന്നു.

ദീഷ്‌ണ സി.

ദീഷ്‌ണ സി.

മാധ്യമ വിദ്യാര്‍ത്ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍