UPDATES

34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്ത റോയ് ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ഈ വീട്ടിലാണ്

മരണം കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്ന്; ആനുകൂല്യങ്ങൾക്കായുള്ള നിയമപോരാട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല

34 വര്‍ഷം കെഎസ്ആര്‍ടിസിയില്‍ ജോലിചെയ്തു, മൂന്നുവര്‍ഷം മുമ്പ് വിരമിച്ചത് സ്‌റ്റേഷന്‍ മാസ്റ്ററായി. ഹൃദ്രോഗം വന്ന് ചികിത്സക്കു പണമില്ലാത്തതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയ പുതുവൈപ്പ് സ്വദേശി വലിയപറമ്പില്‍ റോയ് (59) മരിക്കുമ്പോള്‍ സമ്പാദ്യം രണ്ട് മുറിയും അടുക്കളയുമുള്ള പണിതീരാത്ത വീടും ബാധ്യതകളും മാത്രം. കെഎസ്ആർടിസിയിൽ പെൻഷനും ആനുകൂല്യങ്ങളും കിട്ടാതെ മരണത്തിന് കീഴടങ്ങിയവരുടെ കൂട്ടത്തിൽ ഇനി റോയിയുമുണ്ടാകും.

എറണാകുളം ബോട്ട്‌ജെട്ടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ സ്‌റ്റേഷന്‍ മാസ്റ്ററായി ജോലി ചെയ്ത് കോര്‍പറേഷനില്‍ നിന്ന് വിരമിക്കുമ്പോള്‍ കിട്ടേണ്ടിയിരുന്ന ആനുകൂല്യങ്ങള്‍ റോയ്ക്ക് ലഭിച്ചില്ല. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ റോയ് മുട്ടാത്ത വാതിലുകള്‍ ഉണ്ടായിരുന്നില്ല. ഒടുവിലാണ് നിയമ പോരാട്ടത്തിനിറങ്ങിയത്. പക്ഷെ മരിക്കുന്നതിന് മുമ്പ് അത് നേടിയെടുക്കാനും സാധിച്ചില്ല.

“അച്ഛന് ആറു മാസമായി പെൻഷൻ മുടങ്ങിയിട്ട്. ജോലിയിൽ നിന്ന് പിരിഞ്ഞ് പോയപ്പോൾ കിട്ടേണ്ട തുകയോ കിട്ടിയില്ല. പെൻഷനെങ്കിലും മുടക്കാതിരിക്കാമായിരുന്നു. രോഗിയായ അച്ഛന്റെ ചികിത്സക്കും വീട്ടു ചിലവിനും അമ്മ തൂപ്പു ജോലിയെടുത്ത് കൊണ്ടുവരുന്ന തുക തികയുമായിരുന്നില്ല ” റോയിയുടെ മൂത്ത മകൾ ബിന്ധ്യ പറഞ്ഞു.

ഹൃദ്രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് പ്രാഥമിക ചികിത്സ നടത്തിയെങ്കിലും തുടര്‍ ചികിത്സക്കുള്ള പണമില്ലാതെ റോയിയുടെ ചികിത്സ മുടങ്ങുകയായിരുന്നു. എത്രയും വേഗം ശസ്ത്രക്രിയയ്ക്കു വിധേയമായില്ലെങ്കില്‍ ജീവന്‍ നഷ്ടമായേക്കാമെന്ന് പറഞ്ഞപ്പോള്‍ നിസഹായനായി കേട്ട് നില്‍ക്കാനെ റോയിക്കു കഴിഞ്ഞുള്ളു. ഒന്നര ലക്ഷം രൂപയിലേറെ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്താന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആയുര്‍വേദ ചികിത്സ നടത്തുകയായിരുന്നു. പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ആയുര്‍വേദവും നിര്‍ത്തി. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് റോയിയുടെ മരണത്തിന് കാരണമായത്.
തിങ്കളാഴ്ച നെഞ്ചു വേദന അനുവഭപ്പെട്ടതിനെ തുടര്‍ന്ന് റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

തങ്കമ്മയില്‍ അവസാനിക്കുമോ ഇത്? കെഎസ്ആര്‍ടിസി പെന്‍ഷന്‍ ബാധ്യത; ആത്മഹത്യ ചെയ്തത് 32 പേര്‍

അസുഖത്തെ തുടർന്ന് റോയി ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടിൽ തന്നെ ആയിരുന്നു. ഭാര്യ വീട്ടുജോലിയെടുത്തു കൊണ്ടു വരുന്ന പണം കൊണ്ട് കുടുംബ ചിലവിനും രണ്ട് പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും തികയില്ലായിരുന്നു. റോയി സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങളും പെന്‍ഷന്‍ തുകയും അടക്കം പത്തുലക്ഷം രൂപയിലേറെ കെഎസ്ആര്‍ടിസിയില്‍ നിന്ന് കിട്ടാനുണ്ടെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

കെഎസ്ആര്‍ടിസിയില്‍ തുടക്കത്തില്‍ ദിവസക്കൂലിക്കാരനായ കണ്ടക്ടറായാണ് റോയി സര്‍വീസില്‍ കയറിയത്. പിന്നീട് 2002 ല്‍ സ്ഥിര ജോലിക്കാരനായി മാറി. മൂന്നര വര്‍ഷം മുമ്പാണ് വിരമിക്കുന്നത്. റോയിയുടെ മരണവാര്‍ത്തയറിഞ്ഞ് വീട്ടില്‍ എത്തിയ സഹപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ അമ്പരിപ്പിക്കുന്നതായിരുന്നു റോയിയുടെ വീട്ടിലെ അവസ്ഥ. റോയിയുടെ ഭാര്യ ബിന്ദുവിന്റെ ആരോഗ്യ സ്ഥിതിയും വളരെ മോശമാണ്. നട്ടെല്ലു സംബന്ധമായ രോഗവും തൈറോയിഡ് സംബന്ധമായ രോഗം പിടിപെട്ട അവസ്ഥയിലാണവര്‍. ഓടു മേഞ്ഞ രണ്ടു മുറിയും അടുക്കളയും ഉള്ള ചെറിയ വീട്.

കെ എസ് ആർ ടി സി യിൽ വർഷങ്ങളോളം ജോലി ചെയ്ത് വിരമിച്ച ശേഷം അർഹിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കാതെ മരണത്തിന് കീഴടങ്ങിയവരുടെ പട്ടികയിൽ ഇനി പുതുവൈപ്പിൻ സ്വദേശിയായ റോയിയും.

റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൂത്താട്ടുകുളം പാലക്കുഴ വാളായികുന്ന് തട്ടുംപുറത്ത് മാധവന്റെ ഭാര്യ 63-കാരിയായ തങ്കമ്മ ജീവനോടുക്കിയിട്ട് ഒരു മാസമായതേയുള്ളൂ. ജീവിക്കാന്‍ ഒരു വഴിയും കാണാതെ വന്നപ്പോഴായിരുന്നു ഇത്. അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നിഷേധിച്ചും പെന്‍ഷന്‍ പോലും ലഭിക്കാതെയും വരുമ്പോള്‍ ജീവനൊടുക്കുകയും ചികിത്സ കിട്ടാതെ മരണത്തിനു കീഴടങ്ങുകയും ഒക്കെ ചെയ്യുന്ന നിരവധി പേരാണ് കേരളത്തിലുള്ളത്.

ഏത് മുന്നണി ഭരിച്ചാലും കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അവസ്ഥയില്‍ മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് കണക്കുകള്‍. കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച 26 പേരാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, പെന്‍ഷന്‍ കിട്ടാതെ വന്നതോടെ ആത്മഹത്യ ചെയ്തത്. എന്നാല്‍ എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് സര്‍ക്കാരും പെന്‍ഷന്‍കാര്‍ക്കായി ഒന്നും ചെയ്തില്ല. തങ്കമ്മയുള്‍പ്പെടെ ഒന്നരവര്‍ഷത്തിനിടയില്‍ ആറ് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ റോയിയെപ്പോലുള്ളവരുടെ മരണവും. ഇത്രയൊക്കെയായിട്ടും കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് മാനുഷികമായി ഈ വിഷയത്തിലിടപെടാന്‍ സര്‍ക്കാര്‍ ഇതേവരെ തയ്യാറായിട്ടുമില്ല.

സര്‍ക്കാരേ, പെന്‍ഷന്‍ കാശ് കിട്ടീട്ട് സുഖിക്കാനല്ല, ജീവിക്കാനാണ്; ഈ കെഎസ്ആര്‍ടിസി മുന്‍ ജീവനക്കാര്‍ എന്തു ചെയ്യണം?

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍